Current Date

Search
Close this search box.
Search
Close this search box.

ബിർസ മുണ്ട; ചരിത്രത്തെ വക്രീകരിക്കുന്ന ഹിന്ദുത്വ ഇടപെടലുകൾ

ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ ഉലിഹാതു ഗ്രാമത്തിൽ രണ്ട് ബാസ്‌ക്കറ്റ്‌ ബോൾ കോർട്ടുകളുടെ വലിപ്പത്തിലുള്ള കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദേവാലയത്തെ ചുറ്റിപ്പറ്റിയാണ് ബിർസ മുണ്ടയുടെ ജന്മസ്മാരകമുള്ളത്.  ശ്രീകോവിലിനുള്ളിൽ മുണ്ടയുടെ പ്രതിമയും സ്മാരകശിലയും സംഭാവനപ്പെട്ടിയും ഉണ്ട്.

നവംബർ 16 ന് രാവിലെ, സ്മാരകത്തിൻ്റെ മുറ്റത്തെ മാർബിൾ ടൈൽ ചെയ്ത തറയിൽ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജമന്തി മാലകളുടെ കൂമ്പാരങ്ങൾ വാടിക്കിടക്കുന്നത് കാണാം. അതിൻ്റെ ചുവരുകൾ സൊഹ്രായ് കലകൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ആദിവാസി നേതാവിൻ്റെ 148ാം ജന്മവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിക്കാനുള്ള പ്രാദേശിക ഭരണകൂടത്തിൻ്റെ ശ്രമങ്ങളുടെ ബാക്കിപത്രമായിരുന്നു ആ പൂക്കളും കലകളും. അവശേഷിച്ച മാലിന്യം വൃത്തിയാക്കാൻ തൊഴിലാളികളെ അയക്കുമെന്ന് ഭരണകൂടം പറഞ്ഞെങ്കിലും രാവിലെ ആരും എത്തിയില്ല.

എന്നാൽ സ്മാരകം സ്വന്തമായി പരിപാലിക്കാനാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് ഗ്രാമത്തിലെ ഒരുപാട് ആളുകൾ പറഞ്ഞു. “ഓരോ വർഷവും ആദരാഞ്ജലികൾ അർപ്പിക്കാൻ രാഷ്ട്രീയക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, സ്മാരകം ഞങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് അപഹരിക്കപ്പെടുമെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു”. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഗ്രാമീണൻ പറഞ്ഞു.

1970-80 കളിൽ ഉലിഹാതുവിലെ ബിർസ ജയന്തി ആഘോഷം വളരെ ശാന്തമായിരുന്നു. ഗ്രാമവാസികൾ സ്മാരകത്തിന് ചുറ്റും ഒത്തുകൂടി പാട്ടും നൃത്തവും കഥപറച്ചിലുമായി ആഘോഷിക്കാറായിരുന്നു പതിവ്.  എന്നാൽ ഈയിടെയായി സംസ്ഥാനത്തുനിന്നും കേന്ദ്രത്തിൽ നിന്നുമുള്ള പ്രധാന രാഷ്ട്രീയക്കാർ ഈ അവസരത്തിൽ ഉലിഹാതു സന്ദർശിക്കാൻ തുടങ്ങി. അത്തരം ദിവസങ്ങളിൽ ഭരണകൂടം സ്മാരകത്തിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഉയർന്ന സുരക്ഷ നടപ്പാക്കേണ്ടതിനാൽ ഗ്രാമവാസികളെ അവരുടെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് തടയുകയും ചെയ്യുന്നു.

“ഞങ്ങളോട് ഒരു ബഹുമാനവുമില്ല”, ഗ്രാമവാസി പറഞ്ഞു. “രാഷ്ട്രീയക്കാരെ ഉലിഹാതു സന്ദർശിക്കാൻ അനുവദിക്കുന്നത് നിർത്തണമെന്ന് തോന്നുന്നു, അതുവഴി ഞങ്ങൾക്ക് മുമ്പ് നടത്തിയിരുന്ന രീതിയിൽ ബിർസ ജയന്തി ആഘോഷിക്കാം”.

കേവലം ആഘോഷത്തിൻ്റെ കാര്യം മാത്രമല്ല, അതിൻ്റെ പേരുപോലും ഗൗരവമായ അസംതൃപ്തിയുണ്ടാക്കുന്നു.  2021 ൽ കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെത്തുടർന്ന് ബിർസ ജയന്തിയെ കേന്ദ്രസർക്കാർ ജൻജാതിയ ഗൗരവ് ദിവസ് എന്ന് പുനർനാമകരണം ചെയ്തു. ആദിവാസികളുടെ അഭിമാന ദിനം എന്നാണ്  അതിനർത്ഥം. ആദിവാസി വീരപുരുഷന്മാരുടെ പൈതൃകത്തെ ആദരിക്കുന്നതിനും സമുദായങ്ങൾക്ക് അവർ അർഹിക്കുന്ന ബഹുമാനം നൽകുന്നതിനും വേണ്ടിയാണിതെന്നാണ് അവകാശപ്പെടുന്നത്.

എന്നാൽ പഴയ പേര് തന്നെയാണ് കൂടുതൽ അനുയോജ്യമെന്ന് മുതിർന്ന ആദിവാസി ആക്ടിവിസ്റ്റ് ദയാമണി ബർല വാദിക്കുന്നു. “എല്ലാത്തിനുമുപരി അദ്ദേഹത്തിൻ്റെ പേരിൽ ആ ദിവസം ആഘോഷിക്കപ്പെടുന്നതിലൂടെ രാജ്യത്തുടനീളമുള്ള ആളുകൾക്ക് ബിർസയുടെ പ്രവർത്തനവും വിപ്ലവവും പ്രത്യയശാസ്ത്രവും ഓർമ്മിക്കാൻ കഴിയും. എന്നാൽ അതെല്ലാം മാറ്റിനിർത്തി”, അവർ പറഞ്ഞു.

വിപ്ലവത്തിന് ഉപയോഗിക്കുന്ന മുണ്ടാരി പദമായ ‘ഉൽഗുല’ൻ്റെ പേരിലും ഈ ദിനത്തിന് പേരിടാമായിരുന്നെന്ന് ബർല നിർദ്ദേശിച്ചു. “എന്തുകൊണ്ടാണ് ഇതിനെ ഉൽഗുലൻ ദിവസ് എന്ന് വിളിക്കാത്തത്”?  അവർ ചോദിച്ചു. “കാരണം നിങ്ങൾ ബിർസയുടെ യഥാർത്ഥ മൂല്യങ്ങൾ ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്നില്ല”.

2022 നവംബറിൽ പ്രസിഡൻ്റ് ദ്രൗപതി മുർമു ഉലിഹാതു സന്ദർശിച്ചപ്പോൾ, മുണ്ടയുടെ അനന്തരവൻ ബുദ്ധ്റാം മുണ്ടയും കുടുംബാംഗങ്ങളും മുർമുവിന് അവർ എഴുതിയ ഒരു കൂട്ടായ കത്ത് കൈമാറിയിരുന്നു.  ഈ ദിവസത്തിൻ്റെ പേര് ബിർസ മുണ്ട ആദിവാസി ദിവസ് അല്ലെങ്കിൽ ബിർസ മുണ്ട തദ്ദേശീയ ദിനം എന്നാക്കണമെന്ന് അവർ അതിൽ ആവശ്യപ്പെട്ടു. “ബിർസയുടെ പേര് ഓർമ്മിക്കണമെന്നും ആദിവാസികൾക്ക് പ്രാതിനിധ്യം ലഭിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു”, ബുദ്ധ്റാം വിശദീകരിച്ചു. ഇതുവരെയും  അവരുടെ അപേക്ഷക്ക് മറുപടിയൊന്നും കിട്ടിയിട്ടില്ല.

ആഘോഷത്തെക്കുറിച്ചും അതിൻ്റെ പേരിനെക്കുറിച്ചുമുള്ള തർക്കം യഥാർത്ഥത്തിൽ മുണ്ടയുടെ പൈതൃകത്തെക്കുറിച്ചുള്ള ഒരു വലിയ സംഘട്ടനത്തെയാണ് സൂചിപ്പിക്കുന്നത്.

1890 കളിൽ ബിർസ മുണ്ട അദ്ദേഹത്തിൻ്റെ ഇരുപതാമത്തെ വയസ്സിൽ ഉൽഗുലാൻ എന്നറിയപ്പെടുന്ന ഛോട്ടാനാഗ്പൂർ മേഖലയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനും അതുമായി ബന്ധപ്പെട്ടവർക്കും എതിരായ സായുധ പോരാട്ടത്തിൽ ആദിവാസികളെ നയിച്ചു. ആദിവാസികളുടെ പരമാധികാരം ഉറപ്പുവരുത്തുക, അടിച്ചമർത്തുന്ന ഭൂതൊഴിൽ നയങ്ങൾ അവസാനിപ്പിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യങ്ങൾ. ബ്രിട്ടീഷുകാർ വിപ്ലവം അടിച്ചമർത്തിയിരുന്നുവെങ്കിലും, ആ സമൂഹത്തിൻ്റെ ചരിത്രത്തിൻ്റെ ഏറെ പ്രശംസനീയമായ ഭാഗമായി അത് തുടരുന്നു.

ഇത് മുണ്ടയെ രാജ്യത്തെ ഏറ്റവും ആദരണീയനായ ആദിവാസി ഐക്കണാക്കി മാറ്റി. പാർലമെൻ്റ് മന്ദിരത്തിൽ തൂക്കിയിരിക്കുന്ന ഏക ആദിവാസി ഛായാചിത്രം അദ്ദേഹത്തിൻ്റേതാണ്. പാർലമെൻ്റ് സമുച്ചയത്തിൽ അദ്ദേഹത്തിൻ്റെ പ്രതിമയും നിലവിലുണ്ട്. രാജസ്ഥാൻ മുതൽ അസം വരെയും, കേരളം വരെയും രാജ്യത്തെ ഒട്ടുമിക്ക ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലും അദ്ദേഹത്തിൻ്റെ പ്രതിമകൾ കാണപ്പെടുന്നു.

“വലിയ ദേശീയ ഐക്കണുകളുമായി താരതമ്യം ചെയ്താൽ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നു ബിർസ, പക്ഷേ രാജ്യത്തുടനീളമുള്ള ആളുകളുടെ ഹൃദയങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്”, ബുദ്ധ്റാം പറഞ്ഞു.  “അവരെപ്പോലെ ഒരു സാധാരണ ഗ്രാമീണനായിരുന്നത് കാരണം ജനങ്ങൾക്ക് അദ്ദേഹത്തോട് ഒരു പ്രത്യേക ആത്മബന്ധം തോന്നുന്നു”.

ഛോട്ടാനാഗ്പൂരിലെ ആദിവാസി സമൂഹങ്ങൾ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ജാർഖണ്ഡ് സംസ്ഥാനം 2000 ത്തിൽ അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ രൂപീകരിച്ചപ്പോൾ മുണ്ടയുടെ പ്രാധാന്യം കൂടുതൽ ഊട്ടിയുറപ്പിക്കപ്പെട്ടു.

എന്നാൽ ആദിവാസി ചരിത്രകാരനായ ജോസഫ് ബാര തൻ്റെ ‘ബിർസ മുണ്ടയും രാഷ്ട്രവും’ എന്ന പ്രബന്ധത്തിൽ എഴുതിയത് മുണ്ടയെന്ന ചരിത്രപുരുഷൻ “ചില സമയങ്ങളിൽ വളരെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്” എന്നാണ്. പ്രത്യേകിച്ചും, ആദിവാസികൾ മുണ്ടയെ ഒരു ദേശീയ നായകനായും സ്വാതന്ത്ര്യ സമര സേനാനിയായും ഉയർത്തിപ്പിടിക്കുന്നുവെങ്കിലും, അദ്ദേഹത്തെ “ദരിദ്രരുടെ കാർഷിക അവകാശങ്ങൾ നേടിയെടുക്കാൻ ഇറങ്ങിത്തിരിച്ച ഒരു സാധാരണ പോരാളി” മാത്രമായിട്ടാണ് ചില പണ്ഡിതന്മാർ കാണുന്നതെന്ന് ബാര അഭിപ്രായപ്പെട്ടു. 

കൂടാതെ, കൊളോണിയൽ ക്രിസ്ത്യാനിറ്റിയെ നിരസിക്കുകയും പകരം ഹിന്ദുമതം സ്വീകരിക്കുകയും ചെയ്ത നേതാവായി മുണ്ടയെ ഉയർത്തിക്കാട്ടാൻ സംഘ്പരിവാർ സമീപവർഷങ്ങളിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആദിവാസികൾ ‘പിന്നാക്ക ഹിന്ദുക്കൾ’ ആണെന്ന് വാദിച്ച് അവരെ മുഖ്യധാരയിലേക്കും ഹിന്ദു ഫോൾഡിലേക്കും കൊണ്ടുവരാനുള്ള ഒരു വലിയ തന്ത്രത്തിൻ്റെ ഭാഗമായിട്ടാണ് ഈ അവകാശവാദം അവർ ഉന്നയിച്ചത്. ജി.എസ് ഘുരെയെപ്പോലുള്ള ഉയർന്ന ജാതി സാമൂഹ്യശാസ്ത്രജ്ഞർ മുന്നോട്ടുവച്ച സിദ്ധാന്തമാണിത്.

വിർജീനിയസ് സാക്സയെപ്പോലുള്ള ആദിവാസി അക്കാദമിക വിദഗ്ധർ ഈ ആശയത്തെ എതിർത്തു. ആദിവാസികളിലൊരു വിഭാഗം ഹിന്ദുത്വയിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആദിവാസികൾ ഹിന്ദുക്കളല്ലെന്നും അവർക്ക് പ്രത്യേക സാമൂഹിക-മത പാരമ്പര്യമുണ്ടെന്നും വർഷങ്ങളായി പലരും വാദിക്കുന്നുണ്ട്. ആദിവാസിയായ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞത്, “ആദിവാസികൾ പ്രകൃതിയെ ആരാധിക്കുന്നവരാണ്, അവരുടെ സംസ്കാരവും മതപരമായ ആചാരങ്ങളും ജീവിത രീതികളും ഹിന്ദുക്കളിൽനിന്നും തികച്ചും വ്യത്യസ്തമാണ്” എന്നാണ്. ഝാർഖണ്ഡിലെയും അയൽ സംസ്ഥാനങ്ങളിലെയും ആദിവാസി കമ്മ്യൂണിറ്റികൾ അവരുടെ പൂർവ്വിക തദ്ദേശീയ വിശ്വാസമായ സർന മതത്തിന് പ്രത്യേക ഗണനകോഡ് ഉണ്ടാക്കുന്നതിലൂടെ സെൻസസിൽ ഒരു തനതായ മതമായി അംഗീകരിക്കപ്പെടുന്നതിന് വേണ്ടി പോരാടുകയാണ്.

ഈ ചർച്ച ഇന്നും തുടരുന്നു.  സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വലതുപക്ഷ ഗ്രൂപ്പുകൾ ആദിവാസികളെ ജൻജാതി; ഗോത്രം, വനവാസികൾ എന്നർത്ഥമാക്കുന്ന വനവാസി എന്നീ പദങ്ങൾ ഉപയോഗിച്ചാണ് പരാമർശിച്ചിട്ടുള്ളത്.  സാമൂഹ്യപ്രവർത്തകരും പണ്ഡിതന്മാരും ഇവിടുത്തെ യഥാർത്ഥ നിവാസികൾ ആദിവാസികളാണെന്ന വസ്തുത അവർ ഇല്ലാതാക്കുന്നു എന്നുന്നയിച്ച് ഈ പദങ്ങളുടെ ഉപയോഗത്തെ വിമർശിച്ചിട്ടുണ്ട്.

വിവ: ഹിറ പുത്തലത്ത്

Related Articles