Current Date

Search
Close this search box.
Search
Close this search box.

ചുരുളഴി’ക്കാ’ത്ത ഗോദ്ര: നാം അറിഞ്ഞതും അറിയാനുള്ളതും

വി.എച്ച്‍.പി പോലെയുള്ള ഹിന്ദുത്വ സംഘടനകളുടെ വർഷങ്ങളായുള്ള പ്രവർത്തനങ്ങളുടെ ഫലമായി ഗുജറാത്ത്‌ വളരെ നേരത്തെ തന്നെ വർഗീയവൽക്കരിക്കപ്പെട്ടിരുന്നു. പൊളിറ്റിക്കൽ സയന്റിസ്റ്റായ ക്രിസ്റ്റോഫ് ജഫർലോട്ട് തന്റെ  പഠനത്തിൽ, ഗുജറാത്തിലെ പോലീസും  നേരത്തെ തന്നെ വർഗീയവൽക്കരിക്കപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. 2001 ൽ ഗുജറാത്ത്‌ മുഖ്യമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിയുടെ ആദ്യ  ലക്ഷ്യം  പോലീസ് സേന ആയിരുന്നു. സംസ്ഥാനത്തെ 65 ഐ പി എസ് ഓഫീസൃമാരിൽ (2002 ൽ സ്റ്റേറ്റ് കണക്കാക്കിയത് പ്രകാരം) ഒരാൾ മാത്രമാണ് മുസ്‌ലിമായി ഉണ്ടായിരുന്നത്. മറ്റുള്ളവരെ എല്ലാം പരിശീലന ചുമതലകൾ, റെയിൽവേ നിരീക്ഷണം, ഡെസ്ക് ജോലി മുതലായവയിലേക്ക് മാറ്റിയിരുന്നു. അതേ സമയം തന്നെ പ്രധാന പട്ടണങ്ങളിൽ ഉണ്ടായിരുന്ന ഗുജറാത്ത്‌ ഹോം ഗാർഡുകളിൽ നിരവധി സംഘ്പരിവാർ അനുയായികളെ മോദി റിക്രൂട്ട് ചെയ്തു. 1998 ൽ കേശുഭായ് പട്ടേലിന്റെ ഭരണകാലം മുതൽ, ഇത്തരത്തിൽ ന്യൂനപക്ഷങ്ങളെ അധികാരശ്രേണിയിൽ നിന്ന് മാറ്റി നിർത്തുന്ന ഒരു സ്ഥിതിവിശേഷം ഗുജറാത്തിൽ നിലനിന്നിരുന്നു. ഇതിന്റെ ഫലം കണ്ടത് ഗോദ്ര ദുരന്തത്തിലും പിന്നീട് നടന്ന ഗുജറാത്ത് മുസ്‌ലിം വംശഹത്യയിലും ആണ്.

ഗോധ്ര ടൗൺ ജില്ലാ ആസ്ഥാനമായ പഞ്ച്മഹൽ ജില്ലയിലെ ഡിവൈ.എസ്.പി, ഡിസ്ട്രിക്ട് കളക്ടർ എന്നിവർ ട്രിബൂണലിനു നൽകിയ മൊഴിയിൽ നിന്നും ദുരന്തത്തിനു ശേഷം റാപിഡ് ആക്ഷൻ ഫോഴ്സിനെ (RAF) ബന്ധപ്പെട്ടിരുന്നു എങ്കിലും അപ്പോഴോ കർഫ്യുവിന്റെ സമയത്തോ മതിയായ സഹായങ്ങൾ അവർ നൽകിയിരുന്നില്ല എന്ന് തെളിഞ്ഞിരുന്നു. മാത്രമല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് അഗ്നിശമന സേനയുടെ സ്റ്റേഷനിലേക്ക് അഞ്ചു മിനിറ്റ് മാത്രം ദൂരം ഉണ്ടായിരിക്കെ അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തിച്ചേരാൻ വൈകിയിരുന്നു. ആ ദിവസം, ഗോദ്രയിൽ 111 റെയിൽവേ പോലീസ് ഉദ്യോഗസ്ഥരിൽ രണ്ടോ മൂന്നോ പേർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്33.

ഗോദ്രയിലെ ഇരകൾ

ഹിന്ദുത്വരുടെ വാദം പോലെ കൊല്ലപ്പെട്ടവർ എല്ലാവരും കർസേവകരോ വി.എ‍ച്.പി പ്രവർത്തകരോ ആയിരുന്നില്ല. കാലങ്ങളായുള്ള നിരന്തര വിദ്വേഷ പ്രചരണത്തിലൂടെ സംഘപരിവാർ സാധാരണ ഹിന്ദുക്കൾക്കിടയിൽ ഒരു അടിത്തറ ഉണ്ടാക്കിയിരുന്നു. പള്ളികളും ദർഗകളും ആയുധപ്പുരകൾ ആണെന്നും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഏത് സമയവും ഹിന്ദുക്കളെ ആക്രമിക്കാമെന്നും രാമക്ഷേത്ര നിർമാണത്തോടെ മാത്രമേ ഈ ശക്തികളെ ഇല്ലാതാക്കാൻ കഴിയൂ എന്നിങ്ങനെ അവർ വെറുപ്പും ഭയവും പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. യാഗത്തിനു മുമ്പ് വി.എച്.പി ഒരു ക്യാമ്പയി‍ൻ നടത്തിയിരുന്നു.

തുടർച്ചയായി അറുപത്തഞ്ചു ദിവസം ജയ് ശ്രീ രാം ജപിക്കുന്നവർ അയോദ്ധ്യയിലേക്ക് മഹായാഗത്തിന് പോകാൻ യോഗ്യത നേടും എന്നതായിരുന്നു ക്യാമ്പയി‍ന്റെ പ്രചരണം. അതിനായി അവർ എൻറോൾമെന്റ് ഫോമുകൾ വിതരണം ചെയ്തു. ഇതിൽ നിന്ന് ബജ്റങ്ദളിൽ ചേരാൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് തൃശൂലവും തലപ്പാവും രാം സേവക് കാർഡുകളും നൽകിയിരുന്നു. ഇങ്ങനെ രണ്ടായിരത്തോളം ഹിന്ദുക്കൾ യാഗത്തിന് പോകുന്നതിനായി യോഗ്യത നേടിയിരുന്നു. ഇത്തരത്തിൽ അയോദ്ധ്യയിലേക്ക് പോയവരാണ് ഗോദ്രയിൽ കൊല്ലപ്പെട്ടവരിൽ അധികവും. അവരിൽ ഭൂരിഭാഗവും സ്ത്രീകൾ ആയിരുന്നു. അവരെ സംബന്ധിച്ചു തങ്ങളുടെ സുഹൃത്തുക്കൾക്കും അയൽവാസികൾക്കുമൊപ്പമുള്ള ഒരു തീർത്ഥാടന യാത്രയായിരുന്നു അത്. യാത്രയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്‌തത് വി.എച്.പി തന്നെ ആയിരുന്നു34.

കൊല്ലപ്പെട്ട 59 പേരിൽ ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഇവരിൽ മുപ്പത്തെട്ട് പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി ഉള്ളവരുടെ വിവരങ്ങൾ ഇന്നും അവ്യക്തമാണ്. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ മുസ്‌ലിമായിരുന്നു. ട്രെയിനിൽ ഉണ്ടായിരുന്ന കർസേവകരിൽ ഒരു ചെറിയ വിഭാഗം ഒഴികെ ബാക്കി ഉള്ളവർ മുഴുവൻ ചെറുപ്പക്കാരായിരുന്നു. യാത്രാ മദ്ധ്യേ ഓരോ സ്റ്റേഷനിലും ഇറങ്ങി അവർ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി നൃത്തം ചെയ്തിരുന്നു എന്ന് കാണാം. അത്കൊണ്ട് തന്നെ സ്വാഭാവികമായും അവർ വാതിലിനോടടുത്തും നടുവിലുമൊക്കെ നിൽക്കാനാണ് സാധ്യത. അപകടം നടന്ന സമയം കർസേവകരിൽ ഭൂരിഭാഗവും ഇരു വാതിലുകളിലൂടെയും രക്ഷപെട്ടിട്ടുണ്ടാവും എന്നും (ഇങ്ങനെ രക്ഷപെട്ട 43 പേരിൽ 5 പേരെ മാത്രമാണ് നിസാര പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കേണ്ടി വന്നത്) കൊല്ലപ്പെട്ട പുരുഷന്മാർ ആ സമയം തങ്ങളുടെ കുടുംബത്തോടൊപ്പം നിന്നിരുന്നവർ ആവാം എന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘങ്ങൾ എത്തിച്ചേർന്നത്35.

ദുരന്തം നടന്ന ഉടൻ അവിടെ എത്തി ചേർന്ന ഒരു  മുതിർന്ന ആർ.പി.എഫ് ഉദ്യോഗസ്ഥന്റെ  മൊഴി പ്രകാരം അവർ എത്തുമ്പോൾ ട്രെയിനിന്റെ ഷട്ടറുകൾ എല്ലാം അടച്ച നിലയിൽ ആയിരുന്നു എന്നാണ്. അതിനാൽ ഷട്ടറുകളും വാതിലും തുറക്കാൻ യാത്രക്കാരോട് ഒച്ച വെച്ചു എന്നും ട്രാക്കിന്റെ സൈഡിൽ നിന്നും ജനാല പൊളിച്ചു നോക്കുമ്പോൾ ആളുകൾ ശക്തമായ പുക ശ്വസിച്ചു ബോധ രഹിതരായി കിടക്കുന്നത് കണ്ടു എന്നുമാണ്.

സംഭവം നടന്ന് പത്തോ പതിനഞ്ചോ മിനിറ്റുകൾക്കുള്ളിൽ ദുരന്ത സ്ഥലത്ത് എത്തിയ ജില്ലാ പോലീസ് സൂപ്രണ്ട് (പഞ്ച്മഹൽ ഡിസ്ട്രിക്ട് ), രാജു ബിഷൻകുമാർ ഭാർഗവിൻ്റെ മൊഴി ആ സമയം ട്രെയിനിലെ മറ്റു യാത്രക്കാർ എല്ലാവരും പുറത്തുണ്ടായിരുന്നു എന്നാണ്. വി.എച്‍.പി കർസേവകർ ട്രാക്കിലിരുന്നു കൊണ്ട് മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ടായിരുന്നു. അവർക്ക് കോച്ചിനുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനേക്കാൾ താല്പര്യം മുസ്‌ലിങ്ങൾക്ക് പിന്നാലെ പോകുന്നതിനോടായിരുന്നു. തങ്ങളുടെ ആളുകൾ കോച്ചിനുള്ളിൽ കുടുങ്ങിയിട്ടുണ്ട് എന്ന കാര്യം അവർ തങ്ങളോട് പറഞ്ഞിരുന്നില്ല എന്നും എസ്.പി വെളിപ്പെടുത്തിയിരുന്നു. ആർ.പി.എഫ് കോൺസ്റ്റബിളിന്റെ മൊഴിയും ഇത് ശെരി വെക്കുന്നു36.

ഗോദ്ര ദുരന്തത്തിന് ശേഷം കമ്മ്യൂണലിസം കോമ്പാറ്റ് സിഗ്നൽ ഫാലിയയിലെ സ്ത്രീകളുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. തങ്ങളുടെ പുരുഷന്മാരെ അകാരണമായി അറസ്റ്റ് ചെയ്തത് കൂടാതെ ഭരണകൂടം തങ്ങളെ വേട്ടയാടുന്ന വിവരവും അവർ പങ്കു വെച്ചു. “ദുരന്തത്തിന് ശേഷം എല്ലാ രാത്രിയും  പോലീസ് ഞങ്ങളുടെ വീടുകളിൽ കയറിയിറങ്ങുന്നു. അവർ ഞങ്ങളുടെ ചെറുപ്പക്കാരെ ഭീഷണിപ്പെടുത്തുകയും അവരുടെ ഇഷ്ടത്തിനനുസരിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഞങ്ങളോട്  മോശമായി പെരുമാറുന്നു. എല്ലാ ദിവസവും പന്ത്രണ്ട് മണിക്കൂർ ഞങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും. പരാതിപ്പെടാൻ വൈദ്യുതി ബോർഡിനെ വിളിക്കുമ്പോൾ, “നിങ്ങൾക്ക് അതിന് അർഹതയുണ്ടോ എന്നാണ് ചോദിക്കുന്നത്. ഞങ്ങളുടെ ജലവിതരണം  ദിവസം ഒരു മണിക്കൂർ മാത്രമാക്കി ചുരുക്കി. ഞങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്ന് വ്യക്തമാണ്..” അവർ പറഞ്ഞു37.

വെറുപ്പിന്റെ ഗുജറാത്ത്‌, മോദിയുടെയും

ഗോദ്ര ദുരന്തം സംഭവിച്ചില്ലായിരുന്നു എങ്കിൽ ഒരുപക്ഷെ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാന മന്ത്രി ആവുമായിരുന്നില്ല എന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. 2001-ലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതേ വർഷം നടന്ന മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഗുജറാത്തിൽ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. 2001 ഒക്ടോബറിൽ ആരോഗ്യനില മോശമായി എന്ന് ആരോപിച്ചു അന്ന് മുഖ്യമന്ത്രി ആയിരുന്ന കേശുഭായ് പട്ടേലിനെ മാറ്റി പകരം മോദിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചു. ബി.ജെ.പി യുടെ ജന പിന്തുണ വർധിപ്പിക്കേണ്ടതും വരുന്ന അസംബ്ലി ഇലക്ഷനിൽ വിജയിക്കേണ്ടതും നരേന്ദ്ര മോദിയുടെ ആവിശ്യമായിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് ഗോദ്ര ദുരന്തം സംഭവിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം തന്നെ നടന്നത് ആസൂത്രിതമായ തീവ്രവാദ ആക്രമണം ആണെന്ന് മോദി പ്രസ്ഥാവിച്ചു.

ദുരന്തമുണ്ടായ അന്നേ ദിവസം തന്നെ അയോധ്യയിൽ നിന്നും പൂജ കഴിഞ്ഞു മടങ്ങിയ കർസേവകരെ ഗോദ്രയിലെ മുസ്‌ലിംകൾ ജീവനോടെ ചുട്ടു കൊന്നു എന്ന് വി.എച്ച്.പി അഹമ്മദാബാദിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കത്തി കരിഞ്ഞ മൃതദേഹങ്ങളുമായി പിറ്റേ ദിവസം രാവിലെ അഹമ്മദാബാദിൽ വി.എച്.പി പ്രവർത്തകർ റാലി നടത്തി. അതിനു ശേഷമാണ് ഭരണകൂടത്തിന്റെ അനുമതിയോടെ ഗുജറാത്തിൽ രണ്ടായിരത്തോളം മുസ്‌ലിംകളെ ഹിന്ദുത്വ ഭീകരവാദികൾ കൂട്ടക്കൊല ചെയ്തത്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് മാത്രമേ കൈ മാറാൻ പാടുള്ളു എന്ന നിയമം ലംഘിച്ചു കൊണ്ട് നരേന്ദ്ര മോദിയുടെ നിർബന്ധ പ്രകാരമാണ് വി.എച്.പി നേതാവായ ജയ്ദീപ് പട്ടേലിനു ഗോദ്ര ദുരന്തത്തിലെ മൃതദേഹങ്ങൾ കൈ മാറിയത് എന്ന് ഡിസ്ട്രിക്ട് കളക്ടർ ജയന്തി രവി സി.സി ട്രിബൂണലിനു മുമ്പിൽ വെളിപ്പെടുത്തിയിരുന്നു. ആദ്യം മൃതദേഹങ്ങൾ കത്തിയ ട്രെയിനിൽ തന്നെ അഹമ്മദാബാദിലേക്ക് കൊണ്ടു പോകാനാണ് മോദി തീരുമാനിച്ചിരുന്നത്. ക്രമസമാധാനപരമായ കാരണങ്ങളാൽ അതിനെ ജില്ലാ ഭരണകൂടം ശക്തമായി എതിർത്തതിനെ തുടർന്നാണ് മൃതദേഹങ്ങൾ മറ്റൊരു വാഹനത്തിൽ അഹമ്മദാബാദിലെ സോള സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്38.

2017 ൽ ദ വയർ നു നൽകിയ അഭിമുഖത്തിൽ മുൻ ബി.ജെ.പി നേതാവും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായിരുന്ന സുരേഷ് മെഹ്ത, ഗോദ്ര ദുരന്തം നടന്ന അന്നേ ദിവസം രാവിലെ മോദിയും ഗോദ്രയിലെ ബി.ജെ.പി എം.പി ഭൂപേന്ദ്ര സിംഗ് സോളംഗിയും ആരോഗ്യമന്ത്രി അശോക് ഭട്ടും മോദിയുടെ ഓഫീസിൽ ഒരു അടിയന്തിര യോഗം ചേർന്നിരുന്നു എന്നും തന്നെ അവിടെ കണ്ട മോദി അസ്വസ്ഥനാവുകയും തന്നോട് പുറത്ത് കാത്തു നിൽക്കാൻ ആവിശ്യപ്പെടുകയും ചെയ്തു എന്നും അതിനു മണിക്കൂറുകൾക്ക് ശേഷമാണ് ഗോദ്ര ദുരന്തത്തെ കുറിച്ചുള്ള വിവരങ്ങൾ അവിടെയുള്ള ബി.ജെ.പി പ്രവർത്തകർ മുഖേന തനിക് ലഭിച്ചത് എന്നും  വെളിപ്പെടുത്തുകയുണ്ടായി39.

അത്പോലെ തന്നെ പുൽവാമയുടെ പശ്ചാത്തലത്തിൽ സാധ്വി പ്രാചി നടത്തിയ വിവാദമായ പ്രസംഗത്തിൽ നരേന്ദ്ര മോദിയോട് ഗോദ്ര കൂട്ടക്കൊല പോലെ ഒന്ന് പാകിസ്ഥാനിലും സൃഷ്ടിക്കൂ എന്ന് പറഞ്ഞതും 2016 ൽ പട്ടേൽ സമുദായ നേതാക്കളായ രാഹുല്‍ ദേശായ്, ലാല്‍ഭായ് പട്ടേല്‍ എന്നിവർ ഗോദ്രയിൽ കർസേവകരെ ചുട്ടുകൊന്നത് ബി.ജെ.പി ആണെന്നും അത് നടന്നില്ലായിരുന്നു എങ്കിൽ മോദി രണ്ടാമതും മുഖ്യമന്ത്രി ആകുമായിരുന്നില്ല എന്നും വെളിപ്പെടുത്തിയത് ഇതുമായി ചേർത്ത് വായിക്കേണ്ടതാണ്40. ഗോദ്ര ദുരന്തവും ഗുജറാത്ത്‌ മുസ്‌ലിം വംശഹത്യയും ഗോദ്ര, പോസ്റ്റ്‌ ഗോദ്ര വയലൻസ് എന്നിങ്ങനെയാണ് രേഖപെടുത്താറുള്ളത്. എന്നാൽ ഇവ രണ്ടും ഗുജറാത്ത്‌ മുസ്‌ലിം വംശഹത്യ എന്ന് തന്നെ വായിക്കപ്പെടേണ്ടതാണ്. മുസ്‌ലിംകളെ വംശീയ ഉന്മൂലനം ചെയ്യുന്നതിനായി  നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ നടത്തിയ ആസൂത്രണത്തിന്റെ ഉത്പന്നമാണ് ഗോദ്ര കൂട്ടക്കൊലയും. 

ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുക എന്നത് ആര്യൻ വംശീയവാദികളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നമാണ്. അതിന് മുമ്പിൽ അവർ നേരിടുന്ന പ്രധാന തടസം മനുഷ്യർ ദൈവത്തിന്റെ മാത്രം അടിമകൾ ആണെന്ന് വിശ്വസിക്കുന്ന, വർണ വിവേചന  സംസ്കാരത്തെ പിഴുതെറിയുന്ന, തുല്ല്യ നീതിയിൽ അധിഷ്ടിതമായ മുസ്‌ലിം സമുദായമാണ്. അതിനാൽ ആ സമുദായത്തെ അപരവത്കരിച്ചു ശത്രു സ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ടു മാത്രമേ വംശീയ വാദികൾക്ക് തങ്ങളുടെ ലക്ഷ്യത്തിൽ എത്താൻ കഴിയൂ. ചരിത്രത്തിൽ കൈ കടത്തുന്നതും വെട്ടി മാറ്റുന്നതും  തുന്നി ചേർക്കുന്നതും ചരിത്രമുറങ്ങുന്നവയിൽ അന്യായമായി അവകാശ വാദം ഉന്നയിക്കുന്നതുമൊക്കെ അതിന്റെ ഭാഗമാണ്. സ്വന്തമായി ഒരു നല്ല ചരിത്രം അവകാശപെടാനില്ലാത്തവർ മറ്റെന്തു ചെയ്യാൻ..? ബാബരി മസ്ജിദിനു മേൽ അവകാശം ഉന്നയിച്ചത് മുതൽ രാമക്ഷേത്ര നിർമാണം വരെയുള്ള കാലയളവ് മാത്രം നോക്കിയാൽ സംഘ്പരിവാറിന്റെ കുടിലമായ അജണ്ടകൾ നമുക്ക് വ്യക്തമാകും.

തിരഞ്ഞെടുപ്പുകൾ വിജയിക്കാൻ ‘ഭീകരതയെ’ പരമാവധി ഉപയോഗപ്പെടുത്തുക എന്നതും ബി.ജെ.പിയുടെ തന്ത്രമാണ്. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോഴും സംഘ്പരിവാർ സർക്കാർ പ്രതിരോധത്തിലാകുമ്പോഴും ഭീകരാക്രമണങ്ങൾ ഇന്ത്യയിൽ പതിവാണ്. ശവപ്പെട്ടി കുംഭകോണത്തിൽ വാജ്പേയ്‌ സർക്കാർ നിലം പതിക്കുമെന്ന അവസ്ഥ ഉണ്ടായപ്പോൾ സംഭവിച്ച പാർലമെന്റ് ആക്രമണം, 2004-2009 വർഷങ്ങളിലെ ഇലക്ഷന് മുന്നോടിയായി രാജ്യത്തുടനീളം ആർ.എസ്.എസ് ഭീകരർ നടത്തിയ വിവിധ സ്ഫോടനങ്ങൾ, രണ്ടാം മോദി സർക്കാറിനെ അധികാരത്തിലേറ്റിയ ഇലക്ഷന് തൊട്ട് മുമ്പ് സംഭവിച്ച പുൽവാമ തുടങ്ങി എത്രയോ ഉദാഹരണങ്ങൾ ഇങ്ങനെ കാണാവുന്നതാണ്. ബാബരി ധ്വംസനത്തിലൂടെ ഇന്ത്യയിൽ വേരുറപ്പിച്ച സംഘ്പരിവാർ ഭീകരർ അതിന്റെ തുടർച്ചയെന്നോണം ഗുജറാത്തിൽ അതേ നാണയം ഉപയോഗപ്പെടുത്തികൊണ്ട് ഗോദ്രയിലൂടെ തന്ത്രപരമായി അധികാരശ്രേണിയിൽ ഇടം പിടിക്കുന്നത് നമുക്ക് കാണാം.

സംഝോത, മാലേഗാവ്, മക്കാ മസ്ജിദ്, അജ്മീർ, നന്ദേഡ് തുടങ്ങി ഹിന്ദുത്വ ഭീകരർ നടത്തിയ നിരവധി സ്ഫോടനങ്ങളിൽ എന്ന പോലെ തന്നെ ഗോദ്രയിലും സാക്ഷികളും തെളിവുകളും വ്യാജങ്ങളാണെന്ന് വെളിപ്പെട്ടിട്ടും  പ്രതി ചേർക്കപ്പെട്ട  നിരപരാധികളായ മുസ്‌ലിംകൾ ഇന്നും ജയിലറകൾക്കുള്ളിലാണ്. എന്നാൽ കൃത്യമായ തെളിവുകൾ ഉണ്ടായിരിക്കെ കൂട്ട ബലാത്സംഗത്തിലൂടെയും ജീവനോടെ ചുട്ടെരിച്ചും അറുത്തു കഷ്ണങ്ങൾ ആക്കി ശൂലത്തിൽ കുത്തി നിർത്തിയും സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെടെ രണ്ടായിരത്തോളം മുസ്‌ലിംകളെ വംശീയ ഉന്മൂലനത്തിന് വിധേയരക്കിയ നടത്തിയ സംഘ്പരിവാർ ഭീകരർ സ്വതന്ത്രരായി വിലസുന്നു. 

ഗോദ്ര ഉൾപ്പെടുന്ന ഗുജറാത്ത്‌ മുസ്‌ലിം വംശഹത്യയുടെ ചരിത്രം ഓർക്കുമ്പോൾ  മറക്കാൻ പാടില്ലാത്ത കുറച്ചു മനുഷ്യർ ഉണ്ട്. സഞ്ജീവ് ഭട്ട്, ആർ.ബി ശ്രീകുമാർ, ഷക്കീൽ അഹമ്മദ്‌, ടീസ്റ്റ സെറ്റൽവാദ്, ആശിഷ് ഖേതൻ, മല്ലിക സാരഭായ്, അഡ്വ. മുകുൽ സിൻഹ തുടങ്ങിയവരാണവർ. അത്പോലെ നിരവധി ഇസ്‌ലാമിക് എൻ.ജി.ഒ കൾ, സിറ്റിസൻ ഫോർ ജസ്റ്റിസ്‌ ആൻഡ് പീസ്, സബ് രംഗ്, ജൻ സംഘർശ് സമിതി, ആക്ട് നൗ ഫോർ ഹാർമണി ആൻഡ് ഡെമോക്രസി, ജൻ വികാസ് തുടങ്ങിയ സംഘടനകളും. നിരാലംബരായ ഒരു കൂട്ടം മനുഷ്യരുടെ നീതിക്കായി ഹിന്ദുത്വ ഭീകരർക്കെതിരെ അവർ നടത്തിയ പോരാട്ടത്തോടൊപ്പം അതിന്റെ പേരിൽ അവർ വേട്ടയാടപ്പെട്ടതും ഓർമിക്കപ്പെടുക തന്നെ വേണം.

ഇനിയും എന്തിനാണ് ഇതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നുള്ള ചോദ്യങ്ങളാണ് ചുറ്റും. അവസാന നിരപരാധിക്കും നീതി ലഭിക്കും വരെ ഈ മുറിവുകൾ ഉണങ്ങില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൗരൻമാരെ കൊന്ന് തള്ളിയ, സ്ഫോടനങ്ങൾ നടത്തിയ  ഭീകരവാദികൾ രാജ്യം ഭരിക്കുമ്പോൾ നീതി എന്നത് ഒരു മുസ്‌ലിമിന് സ്വപ്നം മാത്രമാണ്. എങ്കിലും അനീതിക്കെതിരെ പൊരുതിക്കൊണ്ടേയിരിക്കുക. മറവിക്ക് വിട്ടു കൊടുക്കാതിരിക്കുക. അതിന് നമ്മളല്ലാതെ മറ്റാരുമില്ലെന്ന് ഓർത്തുകൊണ്ടേയിരിക്കുക.

(അവസാനിച്ചു)

ആദ്യ ഭാഗം വായിക്കാൻ
രണ്ടാം ഭാഗം വായിക്കാൻ
മൂന്നാം ഭാഗം വായിക്കാൻ
References:
32. Gujarat 2002: What Justice for the Victims?, The Supreme Court, the SIT, the Police and the State Judiciary’-Christophe Jaffrelot (2.1 A Neutralised and ‘Communalised’ Police Force)
http://www.telegraphindia.com/archive/1020327/front_pa.htm#head7
33. CRIME AGAINST HUMANITY VOLUME II page no:20
34. Dateline godhra chapter 5 page no.36-37
https://www.telegraphindia.com/india/families-rip-vhp-godhra-claim-were-they-all-kar-sevaks/cid/833182
35. CRIME AGAINST HUMANITY VOLUME II page no:13-14
36. dateline godhra :page no. 13
37. Communalism combat (March-April  2002 Year 8 ) page no:14
38. https://m.timesofindia.com/india/modi-said-bring-godhra-bodies-toahmedabad/articleshow/823413.cms
https://timesofindia.indiatimes.com/city/ahmedabad/modi-wanted-godhra-bodies-to-come-to-abad/articleshow/823338.cms
39. https://www.mediaoneonline.com/national/2018/06/03/42455-Suresh-Mehta-on-modi-and-Godhra-riots
40. https://www.manoramanews.com/news/india/2019/02/19/sadvi-prachi-asks-modi-to-orchestrate-godhra-like-carnage-in-pakistan.html

Related Articles