Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ പരാജയപ്പെടുത്താൻ ഹമാസിന്റെ പദ്ധതി

വിശദീകരണമോ മുഖവുരകളോ ഇല്ലാതെ, തൂഫാൻ അൽ-അഖ്‌സ പോരാട്ടത്തിന്റെ തുടക്കം മുതൽ ഞാൻ എത്തിച്ചേർന്നതിന്റെ സംഗ്രഹമാണിത്. കഴിഞ്ഞ ഒരു ലേഖനത്തിൽ, ഗാസയിലെ ഇസ്രായേലിന്റെ പദ്ധതി ഞാൻ അവതരിപ്പിച്ചിരുന്നുവല്ലോ.ഇസ്രയേലിനെതിരായ വിജയം പൂർത്തിയാക്കാനുള്ള ഹമാസിന്റെ പദ്ധതിയാണ് ഈ ലേഖനത്തിൽ ഞാൻ അവതരിപ്പിക്കുന്നത്

ഒന്ന്: 2023 ഒക്ടോബർ 7-ന് ഇസ്രായേലിനെതിരായ ഹമാസിന്റെ വിജയം ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെടുകയും ലോകം മുഴുവൻ അംഗീകരിക്കുകയും ചെയ്തു, ആർക്കും അതിനെ മായ്‌ക്കാൻ സാധിക്കില്ല. ആദ്യ ദിനം തന്നെ ഹമാസ് വിജയിച്ചു കഴിഞ്ഞതാണ്. എന്നാൽ ഇപ്പോൾ ഗസ്സയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധം പൂർത്തിയാക്കപ്പെടുകയാണ്.

രണ്ട്:“തയ്യാറാകൂ” എന്ന രക്ഷിതാവിന്റെ കൽപ്പന പാലിക്കുന്നത് വരെ ഹമാസ് യുദ്ധത്തിൽ പ്രവേശിച്ചില്ല, അവർ തങ്ങളുടെ ആളുകളെയും ആയുധങ്ങളെയും തയ്യാറാക്കി വിജയത്തിനുള്ള മാർഗങ്ങൾ ഭദ്രമാക്കാൻ പരമാവധി ശ്രമിച്ചു.അല്ലാഹു അവരെ പരാജയപ്പെടുത്തുകയില്ലെന്ന ഉറപ്പ് അവർക്ക് ഉണ്ടായിരുന്നു. 2014 ൽ ഇസ്രായേലുമായുള്ള ഏറ്റുമുട്ടൽ അമ്പത് ദിവസം നീണ്ടുനിന്നു, അതിനാൽ കൂടുതൽ നീണ്ട ഒരു യുദ്ധത്തിന് അവർ തയ്യാറെടുത്തു.

മൂന്ന്‌: സൈനിക ഏറ്റുമുട്ടലുകളിൽ യുദ്ധത്തെ കുറിച്ച ആദർശപാഠങ്ങൾ പ്രധാനമാണെന്ന ഹമാസിന്റെ വിശ്വാസം ശ്രദ്ധേയമാണ്. വിജയം ദൈവത്തിൽനിന്നാണെന്ന് മനസ്സിലാക്കുന്ന ദൈവിക അധ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് അതിന്റെ ആദർശം. എത്ര എത്ര ചെറിയ സംഘങ്ങളാണ് വൻ സംഘങ്ങളെ ദൈവഹിതത്താൽ പരാജയപ്പെടുത്തിയിട്ടുള്ളത്. 2009 മുതൽ 2014 വരെയുള്ള മുൻ യുദ്ധങ്ങളിൽ, ഗസ്സക്ക് മേൽ ആധിപത്യമുറപ്പിക്കാൻ ഇസ്രായേലിന് കഴിയാതെ വന്നത് ദൈവസഹായം കൊണ്ടാണെന്നാണ് ഹമാസ് വിശ്വസിക്കുന്നത്. അതൊരു വിജയമാണ്.

ഇസ്രായേൽ സൈനികനെ സംബന്ധിച്ചിടത്തോളം, കൊള്ള, അനീതി, മോഷണം, തന്റെ കയ്യിലുള്ള ആയുധത്തിന്റെ ശക്തി, അവൻ ഒളിച്ചിരിക്കുന്ന കവചിത വാഹനം, അവന്റെ പിന്നിൽ നിൽക്കുന്ന പാശ്ചാത്യ ശക്തികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് അവന്റ വിശ്വാസവും ദർശനവുമൊക്കെ. ഹമാസ് പോരാളി രക്തസാക്ഷിത്വം കൊതിക്കുമ്പോൾ ഇസ്രയേൽ സൈനികൻ ജീവിക്കാൻ ആഗ്രഹിക്കുന്നു.

നാല്‌: ഹമാസ് പ്രസ്ഥാനത്തിന് പഠന കേന്ദ്രങ്ങളും വിപുലമായ ഇന്റലിജൻസ് സംവിധാനങ്ങളുമുണ്ട്, ഇതാണ് ഒക്ടോബർ 7-ലെ ഇടപെടൽ വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി ഇസ്രായേൽ ആന്തരിക ശൈഥില്യത്തിൻ്റെയും അന്ത:ഛിദ്രതയുടെയും അവസ്ഥയിലാണ് മുന്നോട്ട് പോകുന്നതെന്നും ഒക്ടോബർ 7 സംഭവം ഈ സാഹചര്യത്തെ കൂടുതൽ തീവ്രതരമാക്കുകയും വഷളാക്കുകയും യുദ്ധത്തിന്റെ ഘട്ടമായിട്ടു പോലും അത് അത്യന്തം സ്ഫോടനാത്മകമായ സ്ഥിതിയിലേക്ക് എത്തുകയുമാണ് ചെയതിരിക്കുന്നത് എന്ന് ഹമാസ് മനസ്സിലാക്കുന്നു. പ്രത്യേകിച്ചും നെതന്യാഹു രാജിവച്ച് വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനങ്ങൾക്ക് ശേഷം,ഇസ്രായേലി സമൂഹത്തിലെ യഥാർത്ഥ ശിഥിലീകരണം യുദ്ധം അവസാനിച്ചതിന് തൊട്ടുപിന്നാലെ ആരംഭിക്കും, അത് അവസാനിപ്പിക്കാൻ നെതന്യാഹു ആഗ്രഹിക്കുന്നില്ല, കാരണം അതിന്റെ അവസാനം തൻ്റെ അന്ത്യമാണ് എന്നയാൾ കരുതുന്നു.

അഞ്ച്: ഹമാസ് സ്വന്തം മണ്ണിൽ യുദ്ധം ചെയ്യുകയും അവരുടെ മതം, മുഴുവൻ ഉമ്മത്തിൻ്റെയും അഭിമാനവും അന്തസ്സും, മുസ്ലീങ്ങളുടെ വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണം എന്നിവക്കായി പ്രതിരോധം തീർക്കുകയാണ് ചെയ്യുന്നത്, അതേസമയം സയണിസ്റ്റ് സംഘങ്ങൾ അധിനിവേശ ഭൂമിയിൽ ആ ക്രമണം നടത്തുകയാണ് ചെയ്യുന്നത്. പോരാട്ടത്തിന്റെ അടിസ്ഥാന ഭാവം സൈനികരുടെ സ്വഭാവ സംസ്കാരങ്ങൾ നിർണ്ണയിക്കുന്നു. അധിനിവേശ ശക്തി എല്ലായ്‌പ്പോഴും പരാജയപ്പെടും, ഇസ്രായേലും അതിനെ സഹായിക്കുന്നവരും തോൽക്കുകയെന്നത് കാവ്യനീതിയാണ്. അവരുടെ പക്കൽ സർവ മാരകായുധങ്ങളും കൈവശമുണ്ടെങ്കിലും. എന്നാൽ സ്വന്തം മണ്ണിനെയും മതത്തെയും സംരക്ഷിക്കുന്നവൻ വിജയമോ രക്തസാക്ഷിത്വമോ വരെ പോരാടുന്നു.

ആറ്: ഈ യുദ്ധത്തിൽ ഗാസയിലെ ജനങ്ങൾ അഭൂതപൂർവമായ രീതിയിൽ ചെറുത്തുനിൽപ് പ്രസ്ഥാനത്തിന് ചുറ്റും അണിനിരക്കുന്നു, അവരെല്ലാം ദൈവത്തിലേക്ക് തിരിയുന്നു.അഭൂതപൂർവമായ കാരുണ്യവും സമാധാനവും സംതൃപ്തിയും ദൈവം അവർക്ക് ചൊരിഞ്ഞു നൽകുന്നു, ലോകമെമ്പാടുമുള്ള മുസ്‌ലിംകളല്ലാത്ത സഹോദരങ്ങൾ ഇതിൽ അത്ഭുതപ്പെടുന്നു. ഗസ്സയിലെ ഹീനമായ സയണിസ്റ്റ് കൊടൂരതകളെ പ്രതിരോധിക്കുന്നതിൽ പ്രതിഫലിച്ച ക്ഷമ, സംതൃപ്തി, ഉറപ്പ്, രണ്ടാം നഖ്ബയെന്ന പശ്ചാത്യ തന്ത്രത്തിന് മുന്നിൽ ശക്തവും സ്ഥിരതയുള്ളതുമായ ഉറച്ചു നിൽക്കൽ എന്നിവ അവരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. സയണിസ്റ്റുകൾ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം നാളുകളിലൂടെയാണ് കടന്നു പോകുന്നത്. ഒപ്പം എട്ടാം ദശകത്തിന്റെ ശാപം ഭയത്തോടെ കാത്തിരിക്കുയും ചെയ്യുന്നു

ഏഴ്: തങ്ങളെ കുടിയിറക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗാസയിലെ ജനങ്ങൾ തിരിച്ചറിഞ്ഞു, എന്നാൽ തങ്ങളുടെ രാജ്യത്തിന് പുറത്തുള്ള അഭയകേന്ദ്രങ്ങളിലും കൂടാരങ്ങളിലും സഹായത്തിനായി കാത്തിരുന്ന് അപമാനിതരായി ജീവിക്കുന്നതിനു പകരം അന്തസ്സോടെ രക്തസാക്ഷിത്വം കൊതിച്ച് തങ്ങളുടെ വീടുകളിൽ തന്നെ മരിച്ചു വീഴാൻ അവർ തീരുമാനിച്ചു. ഗസ്സക്കാരുടെ ഈ ആത്മബലം ചെറുത്തുനിൽപ് പ്രസ്ഥാനത്തിന് വലിയ കരുത്തും ആക്രമണത്തെ നേരിടാനുള്ള മനോബലവും നൽകി. അവരെ അഭയാർഥികളാക്കാൻ കഴിയാതെ ഇസ്രായേലികൾ ഭ്രാന്തമായ വന്യതക്കടിമകളായി.

എട്ട്: ഈ യുദ്ധം ലോകത്തെ – അഭൂതപൂർവമായ വിധത്തിൽ – ഫലസ്തീനിന്റെയും ഗാസയിലെ ജനങ്ങളുടെയും കാര്യങ്ങളിൽ ഐക്യദാർഡ്യമുളളതാക്കി മാറ്റി. അതേസമയം ഇസ്രായേലിന് ലോകത്തിലെ സയണിസ്റ്റുകളല്ലാത്ത ജൂതന്മാരിൽ നിന്ന് പോലും എല്ലാ പിന്തുണയും നഷ്ടപ്പെടുത്തി. ഇത് ലോകമെമ്പാടുമുള്ള പ്രകടനങ്ങളിൽ വ്യക്തമാണ്. പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലുമൊക്കെ, എല്ലാ പ്രതിബന്ധങ്ങളെയും ചെറുത്ത് തോൽപിച്ചാണീ പ്രകടനങ്ങൾ നടക്കുന്നത്. ഇത് ഫലസ്തീൻ ചെറുത്തുനിൽപ്പിന് വലിയ പിന്തുണയാണ് നൽകുന്നത്. കാരണം അത് കവർന്നെടുക്കപ്പെട്ട ജൻമദേശത്തിന് വേണ്ടിയുള്ള പോരാട്ടമാണ്.ലോകത്തെവിടെയും മൊബൈൽ ഫോൺ കൈവശം വച്ചിരിക്കുന്ന എല്ലാവരുടെയും പ്രധാന ആശങ്ക ഫലസ്തീൻ ആയി മാറിയിരിക്കുന്നു.

ഒമ്പത്: സയണിസ്റ്റ് പ്രചാരണത്തിന്റെ ചതുപ്പിലേക്ക് പാശ്ചാത്യ മാധ്യമങ്ങളുടെ പതനം സംഭവിച്ചതിലൂടെ ഫലസ്തീന് അനുകൂലമായി കാര്യങ്ങൾ മാറി. നുണകൾ തുറന്നുകാട്ടി ഫലസ്തീനോട് അന്താരാഷ്ട്ര അനുഭാവം പ്രകടമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയയിലെ ഉള്ളടക്ക ദാദാക്കളുടെ പിന്തുണ ഫലസ്തീന് വലിയ പ്രതിരോധമായി മാറി.

വിശ്വസനീയത ഒട്ടുമേയില്ലാത്ത സയണിസ്റ്റ് രാഷ്ട്രത്തോട് ഒട്ടിനിന്ന് മുന്നോട്ട് പോകുന്ന പശ്ചാത്യ മാധ്യമ സംവിധാനത്തെയും സയണിസ്റ്റ് നുണകളെയും അവർ പൊളിച്ചടുക്കി. ഗസ്സയിലെ ജനങ്ങൾക്കും ചെറുത്തുനിൽപ് പ്രസ്ഥാനത്തിനും അന്താരാഷ്ട്ര പിന്തുണ സൃഷ്ടിക്കുന്നതിലും കാര്യമായ ചെലവില്ലാതെ അവർ പ്രധാന പങ്ക് വഹിച്ചു. അതേസമയം സയണിസ്റ്റുകൾ ദശലക്ഷങ്ങൾ തങ്ങളുടെ ദുശിച്ച മാധ്യമ ശൃംഖലകളുടെ മേധാവിത്തമുറപ്പു വരുത്താൻ നിക്ഷേപിച്ചു കൊണ്ടിരിന്നപ്പോഴാണിത് സംഭവിച്ചുകൊണ്ടിരുന്നത്.
ലോകത്തെവിടെയും മൊബൈൽ ഫോൺ കൈവശമുള്ള എല്ലാവരുടെയും പ്രധാന ആശങ്ക ഫലസ്തീൻ ആയി മാറിയിരിക്കുന്നു, കൂടാതെ ചെറുത്തുനിൽപ്പിന്റെ അതിശയകരമായ ചിത്രങ്ങൾ അനീതിയുടെയോ പീഡനത്തിന്റെയോ നുകത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഒരു പ്രചോദനവും വിമോചനത്തിനുള്ള ആഗ്രഹവുമായി മാറിയിരിക്കുന്നു.

പത്ത്: ഹമാസ് ഇതുവരെ തങ്ങളുടെ പക്കലുള്ള എല്ലാ ആയുധങ്ങളും സന്നാഹങ്ങളും പുറത്തെടുത്തിട്ടില്ല. അവർ നെതന്യാഹുവിനെ മുട്ടുമടക്കിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, അവർക്കതിന് സാധിക്കുകയും ചെയ്യും. ഹമാസ് സൈനികമായും രാഷ്ട്രീയമായും മാധ്യമപരമായും മികച്ച വിജയത്തോടെയും ഇസ്രായേൽ അസ്തിത്വത്തിന് വിനാശകരമായ വിധത്തിലും യുദ്ധത്തെ കൈകാര്യം ചെയ്യുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നു.

അമേരിക്കയുടെ എല്ലാ കൂറ്റൻ ബോംബുകളും മാരകമായ മിസൈലുകളും ഉപയോഗിച്ച് ഇസ്രായേൽ ഗാസയിൽ – രാവും പകലും – ബോംബെറിയുന്നുവെങ്കിൽ, ഒരു മാസത്തിലേറെയായി, ഒരു ലക്ഷത്തിലധികം ഇസ്രായേലി സൈനികർ അവരുടെ കവചിത വാഹനങ്ങളുമായി അതിർത്തിയിൽ നിൽക്കുന്നു. ഒരു ഇഞ്ച് മുന്നോട്ട് പോകാൻ അഞ്ച് ദിവസം അവർക്ക് വേണ്ടി വരുന്നു. അവർ നേരിടുന്ന കടുത്ത ചെറുത്തുനിൽപ്പിന്റെയും നേരിടുന്ന സൈനികവും ഭൗതികവുമായ നഷ്ടങ്ങളുടെ വെളിച്ചത്തിൽ ഗാസയുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാൻ അവർക്ക് എത്ര സമയം ആവശ്യമായി വരും?

പതിനൊന്ന്: വിജയം ക്ഷമയോടൊപ്പമാണെന്നും പോരാട്ടത്തിൽ അവർ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നും ഹമാസ് ഉറച്ചു വിശ്വസിക്കുന്നു. യുദ്ധങ്ങൾ ഇച്ഛാശക്തിയുടെ പോരാട്ടമാണ്, ഇസ്രായേലികളുടെ ക്ഷമ ഇതിനകം തന്നെ നശിച്ചു തുടങ്ങിയിരിക്കുന്നു, അവർ കഴിഞ്ഞുകൂടുന്നത് ആഴത്തിലുള്ള ആഭ്യന്തര പ്രതിസന്ധിയിലാണ്. നെതന്യാഹു തന്റെ മന്ത്രിമാരുമായി മല്ലിടുകയാണ്, ജനങ്ങൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നു, ധനമന്ത്രി മുമ്പില്ലാത്ത സാമ്പത്തിക നഷ്ടങ്ങളെ കുറിച്ച് സംസാരിക്കുന്നു, ഇസ്രായേൽ സൈന്യം പിന്തിരിഞ്ഞോടുന്നു. ഗസ്സയിൽ അതിന്റെ സൈനികർ വലിയ അളവിൽ കൊല്ലപ്പെടുന്നു. ഇസ്രായേൽ ജനത ഒരു മാസമായി അഭയകേന്ദ്രങ്ങളിൽ താമസിക്കുന്നു, ജീവിതം മൊത്തത്തിൽ സ്തംഭിച്ചിരിക്കുന്നു, ലോക ജനത ഇസ്രായേലിനെതിരെ തെരുവുകളിൽ പ്രതിഷേധിക്കുന്നു, അവർ ഇസ്രായേലിനെ മാത്രമല്ല വെറുക്കുന്നത്, യഹൂദരെ കൂടിയാണ്. ഫലസ്തീൻ പ്രശ്നവും ഹമാസും ഓരോ ദിവസവും പുതിയ ഇടം നേടുന്നു, അറബ് കപടവിശ്വാസികളുടെ കുപ്രചരണങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം – ശരിക്കും – ഇത്തവണ മാറുകയാണ്.

അവസാനമായി: ഹമാസ് നഗര യുദ്ധം നന്നായി പഠിച്ചു. ഫലൂജ യുദ്ധം എട്ട് മാസത്തിലധികം നീണ്ടു, മൊസൂൾ യുദ്ധം ഒമ്പത് മാസവും, മറ്റ് നഗര യുദ്ധങ്ങളും വർഷങ്ങളോളം നീണ്ടു, പക്ഷേ ഗാസയിൽ ഇസ്രായേൽ പ്രേതങ്ങളുമായി പോരാടുന്നു. ഹമാസ് പോരാളി എവിടെ നിന്നാണ് വരുന്നതെന്നോ അവരെ നേരിടുന്ന തെങ്ങനെയെന്നോ അവർക്ക് തിട്ടമില്ല.

ഹമാസിന്റെ തുരങ്കങ്ങൾ ഗാസയ്ക്കുള്ളിൽ അഞ്ഞൂറിലധികം കിലോമീറ്ററുകൾ നീണ്ടു കിടക്കുന്നു. ഇസ്രായേൽ സൈനികർക്കായി അവർ പ്രതീക്ഷിക്കാത്തത് പോരാളികൾ ഒരുക്കിയിട്ടുണ്ട്. യുദ്ധം നീട്ടാൻ ഇസ്രായേലികൾ തീരുമാനിച്ചാൽ, ഹമാസ് തയ്യാറാണ്, അവർ പരാജയപ്പെടും.യുദ്ധം നിസ്സംശയം വേദനാജനകവും പ്രയാസപ്പെടുത്തുന്നതുമാണ്. നഷ്ടങ്ങൾ ഭാരമുള്ളതാണ്.എന്നാൽ വിശ്വാസം ഹൃദയത്തിൽ നിറയുകയും ദൃഢബോധ്യം ആത്മാവിനെ മൂടുകയും ചെയ്യുമ്പോൾ, അതിനെ ഗാസയിലെ ജനങ്ങളുടെ മുഖത്തും വാക്കുകളിലും നിങ്ങൾ കണ്ടെത്തുന്ന തണുപ്പും സമാധാനവുമാക്കി മാറ്റുന്നു.ഈ ദിവസങ്ങളിൽ പ്രത്യേകമായി ഖുർആൻ വായിക്കുകയും അതിലെ വാക്യങ്ങൾ വിചിന്തനം ചെയ്യുകയും ചെയ്താൽ മതി, ഗാസയിലെ ജനങ്ങളും പോരാളികളും, ദൈവമാർഗത്തിൽ നിലയുറപ്പിച്ചവരും, പീഡിതരും ആ മനോഹര ചൈതന്യത്തിന്റെ വികാരം നമുക്ക് പകർന്നു തരും. യുദ്ധം ഇപ്പോഴും തുടരുകയാണ്, ദൈവത്തിന്റെ വിജയം ചുറ്റിലുമുണ്ട്. വിശ്വാസികളുടെ മേൽ ദൈവ ശത്രുക്കളെ ഒരു കാരണമാക്കാൻ ദൈവം അനുവദിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുക.

 

വിവർത്തനം: അബൂ നിദ ദോഹ

Related Articles