Current Date

Search
Close this search box.
Search
Close this search box.

ഗോദ്ര; അന്വേഷണ കമ്മീഷനുകൾ, കണ്ടെത്തലുകൾ

 2002 മാർച്ച്‌ 6 ന് ഗുജറാത്ത്‌ ഹൈകോടതിയിൽ നിന്നും ജഡ്ജ് ആയി വിരമിച്ച കെ.ജി ഷായുടെ നേതൃത്വത്തിലുള്ള കമ്മീഷനെ കേസ് അന്വേഷിക്കുന്നതിനായി ഗുജറാത്ത്‌ സർക്കാർ ഏല്പിച്ചു. എന്നാൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ഷായെ അന്വേഷണം ഏല്പിച്ചതിൽ മനുഷ്യാവകാശ സംഘടനകളിൽ നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് ഗുജറാത്ത്‌ സർക്കാർ, സുപ്രീം കോടതി ജഡ്ജി ആയി വിരമിച്ച ജി.ടി നാനാവതിയെ ചേർത്ത് കൊണ്ടു നാനാവതി-ഷാ എന്ന രണ്ടംഗ കമ്മീഷനു രൂപം നൽകുകയും അന്വേഷണ ചുമതല നൽകുകയും ചെയ്തു¹⁹.

ഗുജറാത്ത്‌ മുസ്‌ലിം വംശഹത്യക്ക് ശേഷം തെഹൽക്ക നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഹിന്ദുത്വ അനുഭാവിയായി വേഷം മാറിയ റിപ്പോർട്ടർ ആഷിഷ് ഖേതൻ പ്രതികളായ സംഘ്പരിവാർ നേതാക്കളുമായി സംസാരിച്ചത് തന്റെ ലാപ്ടോപിൽ ഒളിപ്പിച്ചു വെച്ച ക്യാമറയിലൂടെ പകർത്തിയിരുന്നു. വംശഹത്യയിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെയും ഭരണകൂടത്തിന്റെയും അനിഷേധ്യമായ പങ്ക് പുറത്തു കൊണ്ടു വന്നത് തെഹൽക്കയായിരുന്നു²⁰.

അന്ന് ഗുജറാത്തിലെ അഡ്വക്കേറ്റ് ജനറൽ ആയിരുന്ന അരവിന്ദ് പാണ്ഡ്യയുമായി അത്തരത്തിൽ ആശിഷ് ഖേതൻ നടത്തിയ സംഭാഷണത്തിൽ ജസ്റ്റിസ്‌ ഷാ നമ്മുടെ ആളാണെന്നും നാനാവതി പണത്തിനു വേണ്ടി നിൽക്കുന്ന ആളാണെന്നും അത്കൊണ്ട് തന്നെ അവരുടെ അന്വേഷണത്തിൽ ഹിന്ദു ലീഡേഴ്‌സ് ഭയക്കേണ്ടതില്ലെന്നും വിധി തങ്ങൾക്ക് അനുകൂലമായിരിക്കും എന്നും പാണ്ഡ്യ പറയുന്നുണ്ട്²¹.

2008 മാർച്ചിൽ കമ്മിറ്റി അതിന്റെ ആദ്യ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഷാ മരണപ്പെട്ടു. പിന്നീട് ഗുജറാത്ത്‌ ഹൈ കോടതി 2008 ഏപ്രിൽ 6 ന് റിട്ടയേർഡ് ജഡ്ജി അക്ഷയ് കുമാർ മെഹ്ത്തയെ കമ്മിറ്റിയിലേക്ക് നിയമിച്ചു. ഇതേ അക്ഷയ് മെഹ്തയാണ് ഗുജറാത്ത്‌ വംശഹത്യ കേസിൽ മോദിയുടെ പ്രത്യേക താല്പര്യ പ്രകാരം ജഡ്ജി ആയി നിയമിതനാവുകയും നരോദപാട്ട്യ കൂട്ടക്കൊലയിലെ മുഖ്യ പ്രതി ബാബു ബജ്റംഗിക്ക് 2002 ഒക്ടോബർ 19 നു യാതൊരു കാരണവും കൂടാതെ ജാമ്യം അനുവദിക്കുകയും ചെയ്തത്. ഇതേ നാനാവതി-മെഹ്ത്ത കമ്മീഷനു തന്നെ ആയിരുന്നു ഗുജറാത്ത്‌ മുസ്‌ലിം വംശഹത്യയുടെ അന്വേഷണ ചുമതലയും²².

ഗുജറാത്ത്‌ ഫോറെൻസിക് വിഭാഗത്തിന്റെ കണ്ടെത്തലുകൾ
ദുരന്തത്തിന് രണ്ടു മാസങ്ങൾക്ക് ശേഷം മെയ്‌ 3 നാണു ഗുജറാത്ത് ഫോറെൻസിക് വിഭാഗം അവിടം സന്ദർശിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി നരേന്ദ്ര മോദി, മറ്റു ബിജെപി- ബജ്‍റമഗ്ദൾ-വി.എച്.പി പ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ ഫോറെൻസിക് പരിശോധനയ്ക്കും തെളിവെടുപ്പിനും മുമ്പ് കമ്പാർട്ട്മെന്റിനുള്ളിൽ പ്രവേശിച്ചിരുന്നു എന്നത് സംശയാസ്പദമാണ്. പോലീസിന്റെ കണ്ടെത്തലുകൾക്ക് വിപരീതമായിരുന്നു ഗുജറാത്ത്‌ ഫോറെൻസിക് സയൻസ് ലബോറട്ടറിയുടെ കണ്ടെത്തലുകൾ.

പുറത്ത് നിന്നു തീ പന്തങ്ങൾ എറിഞ്ഞു എന്ന പോലീസ് ഭാഷ്യത്തെ ശാസ്ത്രീയമായി സാധൂകരിക്കാൻ കഴിയുമായിരുന്നില്ല. എഫ്.എസ്.എൽ  അസിസ്റ്റന്റ് ഡയറക്ടർ മോഹിന്ദർ സിംഗ് ധാവിയയുടെ റിപ്പോർട്ട്‌ ഗോദ്ര ദുരന്തത്തിൽ തീയുടെ ഉത്ഭവം ബോഗിക്കുള്ളിൽ നിന്നുമാണ് എന്നായിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ പ്രകാരം സീറ്റ്‌ നമ്പർ 72 നു സമീപത്തു നിന്നാണ് തീ കൊളുത്തിയിട്ടുള്ളത്. വലിയ വായുള്ള ഒരു കണ്ടെയ്നറിൽ നിന്ന് ഏകദേശം 60 ലിറ്ററോളം വരുന്ന ഇന്ധനം ബോഗിയുടെ അകത്തു തറയിൽ ഒഴിക്കുകയും തീ കൊളുത്തുകയും അവിടെ നിന്നും തീ ബോഗിയുടെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു എന്നുമാണ്.

സിഗ്നൽ ഫാലിയയിൽ ട്രെയിൻ നിന്നയിടത്തിൽ തറ നിരപ്പിൽ നിന്നും പതിനഞ്ച് അടിയോളം ഉയരത്തിലാണ് ട്രാക്ക്. മാത്രമല്ല അവിടം ഒരു ചരിവുമാണ്. തറയിൽ നിന്നും ഏഴ് അടി ഉയരത്തിലുള്ള ജനാല വഴി പുറത്ത് നിന്ന് കത്തുന്ന കുപ്പിയോ ഇന്ധനമോ തീ പന്തമോ അകത്തേക്ക് എറിയുക അസാധ്യമാണ്. ട്രാക്കിനടുത്തുള്ള മൂന്നടി പൊക്കമുള്ള ചെറിയ കുന്നിൽ നിന്നും എറിഞ്ഞാൽ പോലും 10-15% ദ്രാവകം മാത്രമേ അകത്തു കടക്കൂ എന്നും അവർ കണ്ടെത്തി.

ബാക്കി ഇന്ധനം ജനാലയിൽ തട്ടി താഴേക്കു ഒഴുകുകയും ട്രെയിനു പുറത്ത് തീ പിടിക്കുകയും ചെയ്യും. മാത്രമല്ല  അപ്പോൾ ട്രാക്കിന് തീ പിടിക്കുകയും സമീപമുള്ള പുൽവർഗങ്ങൾ കത്തുകയും ചെയ്യും. എന്നാൽ ഇവിടെ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല23.

ഗോദ്രയിൽ ട്രെയിനിന് ഉൾവശത്ത് നിന്നും പുറത്തേക്കാണ് തീ കത്തിയിരുന്നത്. ഉൾവശം കത്തുമ്പോൾ സ്വാഭാവികമായും ജനാല വഴി തീ പുറത്തേക്ക് പടരും. അങ്ങനെ വായുവിന്റെ ദിശ അനുസരിച്ചു ജനാലയുടെ സമീപമുള്ള ഭാഗങ്ങളിലേക് തീ പടരുകയാണ് ഇവിടെ സംഭവിച്ചത്. മറ്റിടങ്ങളിൽ ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല. ഗോദ്ര ദുരന്തത്തിന്റെ അന്നും ശേഷവുമുള്ള ചിത്രങ്ങളിൽ ഇത് വ്യക്തമാണ്. അതോടൊപ്പം കോച്ചിലെ തീ അണയ്ക്കുന്ന ആളുകൾ ട്രെയിനിനോട് അടുത്ത് നിന്നാണ് അത് ചെയ്യുന്നതായി കാണുന്നത്. അതിൽ നിന്നും ട്രെയിനിന്റെ പുറം ഭാഗം കത്തിയിരുന്നില്ല എന്നു മനസിലാക്കാം..

പക്ഷേ ഗഞ്ചി മുസ്‌ലിംകളാണ് ട്രെയിൻ കത്തിച്ചത് എന്ന പോലീസിന്റെ വാദത്തെ സാധൂകരിക്കുന്ന റിപ്പോർട്ട്‌ ആയിരുന്നു ഫോറെൻസിക് വിഭാഗവും സമർപ്പിക്കേണ്ടിയിരുന്നത്. അതിന്റെ ഫലമായാണ് യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ടും, പെട്രോളിന്റെയോ മണ്ണെണ്ണയുടെയോ ഗന്ധം ഉണ്ടായിരുന്നില്ല എന്ന സാക്ഷി മൊഴികൾ ഉണ്ടായിരുന്നിട്ടും, പെട്രോളിന്റെ അംശമോ മണമോ ലഭിക്കാതിരുന്നിട്ടും 60 ലിറ്റർ പെട്രോൾ ഉപയോഗിച്ചാണ് ബോഗി കത്തിച്ചത് എന്ന്  അവർ റിപ്പോർട്ട്‌ നൽകിയത്. അത്കൊണ്ട് തന്നെ അതുവരെയും, മുസ്‌ലിംകൾ പുറത്തു നിന്ന് മണ്ണെണ്ണ നിറച്ച കുപ്പികളും പന്തങ്ങളും കത്തിച്ചു അകത്തേക്കെറിഞ്ഞു കൊണ്ടു തീ വെച്ചു എന്ന് കണ്ടെത്തിയ പോലീസ്, സിഗ്നൽ ഫാലിയയിൽ ട്രെയിൻ നിന്ന സമയം പ്രതികൾ S6 നും S7 നും ഇടയിലുള്ള വെസ്റ്റിബ്യൂൽ വഴി S6 കോച്ചിലേക്ക്  കടക്കുകയും കൈവശം ഉണ്ടായിരുന്ന 60 ലിറ്റർ പെട്രോൾ ട്രെയിനിന്റെ തറയിൽ ഒഴിക്കുകയും ശേഷം അവിടെ തീ കൊളുത്തുകയും ചെയ്തു എന്ന് കഥ മാറ്റി എഴുതി.

കൺസെൺഡ് സിറ്റിസൺ ട്രിബൂണലിന്റെ കണ്ടെത്തലുകൾ 

റിട്ടയേർഡ് ജഡ്ജിമാരായ വി.ആർ കൃഷ്ണയ്യരുടെയും  പി.ബി സാവന്തിന്റെയും ഹോസ്ബറ്റ് സുരേഷിന്റെയും നേതൃത്വത്തിലുള്ള കൺസെൺഡ് സിറ്റിസൺ ട്രിബൂണലിന്റെ കണ്ടെത്തലുകൾ ഇപ്രകാരമായിരുന്നു.

“7-5-2002 ന് ഞങ്ങൾ കോച്ചും ട്രെയിൻ കത്തിച്ച സ്ഥലവും പരിശോധിച്ചു. തീവണ്ടി നിർത്തിയ സ്ഥലം ഉയർന്ന ബണ്ടാണ്. തറനിരപ്പിൽ നിന്ന്, ബണ്ടിന്റെ ഉയരം ഏകദേശം 12-15 അടിയായിരിക്കും, അത് ഒരു ചരിവാണ്. മുകളിൽ, ട്രാക്കിന്റെ ഇരുവശത്തുമായി രണ്ടായിരം പേർക്ക് ഒത്തുകൂടാൻ മതിയായ ഇടമില്ല. ആ സ്ഥലത്ത് ഇത്രയധികം ആളുകൾ തടിച്ചുകൂടിയിരുന്നെങ്കിൽ, S6 കോച്ചിനേക്കാൾ  വലിയൊരു വിസ്തൃതിയിലേക്ക് ജനക്കൂട്ടം വ്യാപിക്കും. സർക്കാറിന്റെ വാദങ്ങൾ ശരിയാണെങ്കിൽ, ആൾക്കൂട്ടത്തിന് മറ്റ് കോച്ചുകളും കോച്ച് S6 പോലെ എളുപ്പമുള്ള ടാർഗെറ്റ് ആകുമായിരുന്നു. ബണ്ടിന്റെ ഉയരവും ട്രെയിനിന്റെ ഉയരവും കണക്കിലെടുത്താൽ, തീവണ്ടിക്ക് നേരെ തീപന്തുകൾ എറിഞ്ഞതാണെങ്കിൽ, കോച്ചിന്റെ പുറത്ത് കരിഞ്ഞതിന്റെ ലക്ഷണങ്ങൾ കാണിക്കണം. എന്നാൽ ജാലകങ്ങൾക്ക് താഴെ അത്തരം അടയാളങ്ങളൊന്നും ഇല്ലെന്ന് ഞങ്ങൾ കണ്ടെത്തി; കരിഞ്ഞ അടയാളങ്ങൾ ജനലുകൾക്ക് ചുറ്റുമായി മാത്രമേ ഉണ്ടായിരുന്നുള്ളു. കോച്ചിനുള്ളിൽ തീ പടർന്നപ്പോൾ ജനാലകൾ വഴി പുറത്തേക്ക് ചാടിയ തീജ്വാലകൾ കമ്പാർട്ട്മെന്റിന്റെ പുറത്ത്, വിൻഡോ ലെവലിന് മുകളിലായി കാണുന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. അതിനാൽ, നഗ്നനേത്രങ്ങൾ കൊണ്ടു നോക്കിയാൽ പോലും, തീ പടർന്നത് അകത്തുനിന്നാണെന്നും പുറത്തുനിന്നുള്ളതല്ലെന്നും വ്യക്തമാണ്.. “.

ഇതോടൊപ്പം ഗോദ്രയിൽ ബി.ജെ.പി സർക്കാർ മുതലെടുപ്പ് നടത്തിയതും മുസ്‌ലിം സമുദായത്തെ വേട്ടയാടിയതും പോലീസ് വാദങ്ങളുടെ പൊള്ളത്തരങ്ങളും ഗുജറാത്ത്‌  മുസ്‌ലിം വംശഹത്യയിൽ മോദി സർക്കാരിന്റെ പങ്കിനെ കുറിച്ചുമെല്ലാം അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു²⁴.

ജസ്റ്റിസ് ബാനർജി കമ്മിഷൻ

2004 ൽ യു.പി.എ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ അന്ന് റെയിൽവേ മന്ത്രി ആയിരുന്ന ലാലു പ്രസാദ് യാദവ് മുൻ സുപ്രീം കോടതി ജഡ്ജി ആയിരുന്ന ഉമേഷ്‌ ചന്ദ്ര ബാനർജിയുടെ (യു.സി ബാനർജി) നേതൃത്വത്തിലുള്ള കമ്മീഷനെ അന്വേഷണത്തിനു ചുമതലപെടുത്തി. ബാനർജിയുടെ നേതൃത്വത്തിൽ അഞ്ചു പേരടങ്ങിയ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചു. മുമ്പ് തീ പിടിച്ചതിനെ തുടർന്ന് റെയിൽവേ യാർഡിൽ ഉപേക്ഷിച്ച അഞ്ചു തീവണ്ടികൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അവയിൽ ഒന്നിൽ ഉണ്ടായിരുന്ന തീ പടർന്നതിന്റെയും പുകയുടെയും പാറ്റേൺ S6 ൽ കണ്ടെത്തിയതിന് സമാനമായിരുന്നു. തെളിവുകൾ പുനപരിശോധിച്ചു കൊണ്ടു 2006 ൽ ബാനർജി കമ്മീഷൻ റിപ്പോർട്ട്‌ സമർപ്പിച്ചു. കമ്മീഷന്റെ കണ്ടെത്തലുകൾ ഇപ്രകാരമായിരുന്നു.

“S6 കോച്ചിൽ ഉണ്ടായ തീ കമ്പാർട്ട്മെന്റിനു അകത്തു നടുവിൽ നിന്നുമാണ് ഉണ്ടായിരിക്കുന്നത്. വണ്ടിയുടെ മധ്യഭാഗത്ത് നിന്ന്, ഭക്ഷണം ചൂടാക്കുകയോ ചായ ഉണ്ടാക്കുകയോ ചെയ്യുന്ന പാചക സ്റ്റൗവിൽ (അത് കത്തുന്ന സമയം) ആരെങ്കിലും തട്ടിയപ്പോഴായിരിക്കാം അത് ആരംഭിച്ചത്”. കത്തി നശിച്ച സാധനങ്ങൾക്കിടയിൽ നിന്നും ചാക്കിൽ സൂക്ഷിച്ച അരിയുടെയും പയറിന്റെയും നെയ്യുടെയും മറ്റു സാധനങ്ങളുടെയും അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. മാത്രമല്ല ദൈർഘ്യമേറിയ ട്രെയിൻ യാത്രകളിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്യുന്നത് അക്കാലത്തു യാഥാസ്ഥിതിക ഹിന്ദുക്കൾക്കിടയിൽ സാധാരണയായിരുന്നു താനും.

ഗോദ്രയിൽ ഉണ്ടായിരുന്ന മുസ്‌ലിംകൾ തീ അണക്കുന്നതിനും മറ്റും സഹായിച്ചത് റിപ്പോർട്ടിൽ പ്രസ്ഥാവിച്ചിരുന്നു. കർസേവകരുടെ തിരിച്ചുവരവിനെ കുറിച്ച് ആർക്കും വിവരങ്ങൾ ഒന്നും ലഭ്യമല്ലാതിരിക്കെ എങ്ങനെയാണ് ആക്രമിക്കാൻ മുസ്‌ലിംകൾ കൃത്യമായി ഗൂഢാലോചന നടത്തുക എന്നും റിപ്പോർട്ട് ചോദിച്ചു. അതോടൊപ്പം S7 കോച്ചിന് കേടുപാടുകൾ സംഭവിച്ചിട്ടും, അത് നിർണായക തെളിവ് ആയിരുന്നിട്ടും, അതുമായി യാത്ര തുടർന്നതിനും തെളിവുകൾ സംരക്ഷിക്കാതിരുന്നതിനും റെയിൽവേ അഡ്മിനിസ്ട്രേഷനെ കമ്മീഷൻ വിമർശിക്കുകയും ചെയ്തു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, രാവിലെ 07.48 ഓടെ ട്രെയിൻ പ്ലാറ്റ്‍ഫോമിൽ നിന്ന് പുറപ്പെട്ടതിനു ശേഷം ചില കോച്ചുകളിലെ വാക്വം തകരാർ കാരണം നിർത്തിയതായും എട്ട് മണിയോടെ യാത്ര വീണ്ടും ആരംഭിച്ചതായും കമ്മിറ്റി കണ്ടെത്തി. സർവേ ഓഫ് ഇന്ത്യയുടെ മാപ്പിംഗ് ഓഫ് ഡിസ്റ്റൻസ് പ്രകാരം, ആ സമയത്തെ ട്രെയിനിന്റെ വേഗത കണക്കിലെടുക്കുമ്പോൾ എഞ്ചിൻ, 468/19 ആം നമ്പർ പോസ്റ്റിനടുത്തും 468/45 ഗാർഡ്സ് കോച്ചിലും എത്താൻ ഏകദേശം 5 മിനിറ്റ് സമയമെടുക്കുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ സമയത്താണ് പുക ശ്രദ്ധയിൽപ്പെട്ടതെന്ന് മാത്രമല്ല അപ്പോൾ തന്നെ ജി.ആർ.പി, ആർ.പി.എഫ്, വഡോദര കൺട്രോൾ റൂം എന്നിവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് ഈ കുറഞ്ഞ സമയത്ത് ഒരു ബാഹ്യ ഇടപെടലിനു സാധ്യത ഇല്ല എന്നും റിപ്പോർട്ടിൽ പറയുന്നു²⁵.

അതോടൊപ്പം അഗ്നിശമന സേനയുടെ കെടുകാര്യസ്ഥതയെയും കമ്മീഷൻ വിമർശിക്കുന്നുണ്ട്. ദുരന്ത സ്ഥലം വളരെ അടുത്തായിരുന്നിട്ടും അഗ്നിശമന സേന എത്താൻ വൈകിയതിനെയും തീ അണയ്ക്കാൻ കൊണ്ടു വന്ന മോട്ടോർ പമ്പുകളിൽ ചിലത് പ്രവർത്തന രഹിതമായിരുന്നതിനെയും കമ്മീഷൻ രൂക്ഷമായി വിമർശിക്കുന്നു. വളരെ വേഗം ശമിപ്പിക്കാവുന്ന തീ അണയ്ക്കാൻ കൂടുതൽ സമയം എടുത്തതിനാലാണ് മരണ സംഖ്യ ഉയർന്നതെന്നും കമ്മീഷൻ നിരീക്ഷിക്കുന്നു.

എന്നാൽ ഈ റിപ്പോർട്ട്‌ ബി.ജെ.പി സർക്കാർ തള്ളുകയാണുണ്ടായത്. മാത്രമല്ല ദുരന്തം നടന്ന ദിവസം, പെൺകുട്ടിയെ കർസേവകർ ട്രെയിനിലേക് വലിച്ചു കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഗോദ്ര പ്ലാറ്റ്‌ഫോമിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഹിന്ദുക്കളിൽ ഒരാളെ ഗുജറാത്ത് ഹൈക്കോടതിയിൽ ജസ്റ്റിസ് ബാനർജിയുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാർ നിയോഗിക്കുകയും ചെയ്തു. തുടർന്ന് ഗുജറാത്ത്‌ ഹൈകോടതി ബാനർജി കമ്മീഷന്റെ രൂപീകരണത്തെ തന്നെ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും അസാധുവും എന്ന് പ്രഖ്യാപിച്ചു²⁶.

ജൻ സംഘർഷ് മഞ്ച് – അഡ്വ. മുകുൽ സിൻഹ

അഡ്വ.മുകുൽ സിൻഹയുടെ നേതൃത്വത്തിൽ ജൻ സംഘർഷ് മഞ്ച്  ഗോദ്ര ദുരന്തം വിശദമായി അന്വേഷിച്ചിരുന്നു. ഗുജറാത്ത്‌ സർക്കാറിന്റെ വസ്തുതാ വിരുദ്ധമായ കണ്ടെത്തലുകളെയും പോലീസ് ചമച്ച വ്യാജങ്ങളെയും ഇഴ കീറി വിമർശിച്ച് കൊണ്ട് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും അവസാനിക്കുന്നത് ഗോദ്ര ദുരന്തത്തിന്റെ ആസൂത്രകർ മുസ്‌ലിംകളല്ല എന്നും ഇന്ധനം ഉപയോഗിച്ചാണ് കത്തിച്ചത് എന്നതിന് തെളിവില്ല എന്നും അടിവരയിട്ടു കൊണ്ടാണ്. മാത്രമല്ല പെട്രോൾ പോലെയുള്ള ഓയിൽ കൊണ്ടുള്ള തീ ആണെങ്കിൽ അത് വെള്ളം ഉപയോഗിച്ച് അണക്കാൻ പ്രയാസം ആണെന്നും അത്കൊണ്ട് ഗോദ്രയിലേത് പെട്രോളോ മണ്ണെണ്ണയോ ഉപയോഗിച്ചുള്ളതല്ല എന്നും റെയിൽവേ പോലീസ് ഫോഴ്‌സ് ഇൻസ്‌പെക്ടറും അഗ്നിശമന വിദഗ്ധനുമായ നവാബ് സിംഗ് ചൗധരിയെ ഉദ്ധരിച്ചു കൊണ്ടു റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു²⁷.

ഇത്തരത്തിൽ ബി.ജെ.പി സർക്കാർ ഒഴികെ, ഗോദ്ര ദുരന്തം അന്വേഷിച്ച സ്വതന്ത്ര്യ ഏജൻസികൾ ഉൾപ്പെടെ എല്ലാവരുടെയും  കണ്ടെത്തലുകൾ ഗോദ്ര ദുരന്തം മുസ്‌ലിംകൾ ആസൂത്രണം ചെയ്തതല്ല എന്നും ട്രെയിനിലെ തീയുടെ ഉത്ഭവം അതിനകത്തു നിന്ന് തന്നെയാണ് എന്നുമായിരുന്നു. എന്നാൽ നരേന്ദ്ര മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഈ റിപ്പോർട്ടുകൾ ഒക്കെ അസാധുവാക്കപ്പെട്ടു. പകരം സംഘ്പരിവാർ സർക്കാരിന് അനുകൂലമായ നാനാവതി-മെഹ്ത്ത കമ്മീഷന്റെ ‘കണ്ടെത്തലുകളും’ നിഗമനങ്ങളും മാത്രം അംഗീകരിക്കപ്പെട്ടു.

ഗോദ്ര തക് -ദി ടെറർ ട്രയൽ

സെൻട്രൽ സയൻസ് ഫോറെൻസിക് ലബോറട്ടറി മുൻ ഡയറക്ടറും ഇന്റർപ്പോൾ അംഗവുമായ ഡോ.വി എൻ സെഗാൽ,അഡ്വ മുകുൽ സിൻഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ  സുബ്രദീപ് ചക്രവർത്തി 2003 ൽ നിർമിച്ച ഡോക്യൂമെന്ററി ആണ് ഗോദ്ര തക്. ഗുജറാത്തിൽ നിന്ന് അയോധ്യയിലേക്കും തിരിച്ചുമുള്ള ആദ്യ ബാച്ച് കർസേവകരുടെ മുഴുവൻ വഴിയും പിന്തുടർന്നു കൊണ്ട്  യാത്രാമധ്യേ കർസേവകർ അഴിച്ചുവിട്ട ഭീകരതയും 2002 ഫെബ്രുവരി 27ന്  ഗോദ്ര റെയിൽവേ സ്റ്റേഷനില് നടന്ന സംഭവങ്ങളും മറ്റും രേഖപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനം ഗുജറാത്തിൽ നിരോധിക്കുകയുണ്ടായി.ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഇതിന്റെ പ്രദർശനം വിഎച്പി പ്രവർത്തകർ തടസപ്പെടുത്തുകയും ചെയ്തു.²⁸

നാനാവതി-മെഹ്ത്ത കമ്മീഷൻ റിപ്പോർട്ട്‌ – 2008

രണ്ടു ഭാഗങ്ങളായാണ് കമ്മിഷൻ റിപ്പോർട്ട്‌ തയ്യാറാക്കിയത്. ആദ്യ ഭാഗം എന്ന നിലയിൽ 2008 സെപ്റ്റംബറിൽ, ഗോദ്ര  ദുരന്തത്തിന്റെ  അന്വേഷണ റിപ്പോർട്ട്‌  കമ്മീഷൻ സമർപ്പിച്ചു. ഗുജറാത്ത്‌ പോലീസിന്റെ കണ്ടെത്തൽ അതേ പടി ആവർത്തിച്ചു കൊണ്ടു ഗോദ്ര ദുരന്തം ആസൂത്രിതമാണെന്നും അപകടമല്ലെന്നും  റിപ്പോർട്ടിൽ അവർ ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയോ അദ്ദേഹത്തിന്റെ കൗൺസിലിലെ ഏതെങ്കിലും മന്ത്രിമാരോ പോലീസ് ഉദ്യോഗസ്ഥരോ എന്തെങ്കിലും പങ്കു വഹിച്ചതായി  തെളിവുകളൊന്നുമില്ലെന്ന് സ്ഥാപിച്ചു കൊണ്ട് അവർക്ക് ക്ലീൻ ചിറ്റ് നല്കി. പോലീസിന്റെ ഗൂഢാലോചന സിദ്ധാന്തം പകർത്തി വെച്ചു കൊണ്ട്, മുസ്‌ലിംകളുടെ പ്രവൃത്തി ഭീകരത പടർത്തുന്നതാണെന്നും സംസ്ഥാനത്തു അരാജകത്വം സൃഷ്ടിക്കുന്നതാണെന്നും അതിൽ കൂട്ടിച്ചേർത്തു. സോഫിയ ബാനു ഷൈഖിനെ കർസേവകൻ ട്രെയിനിലേക്ക് വലിച്ചു കൊണ്ട് പോയതിനെ നാനാവതി-മെഹ്ത്ത കമ്മീഷൻ തള്ളിക്കളഞ്ഞു. തട്ടിക്കൊണ്ടുപോകൽ ശ്രമം  വളരെയധികം ഭയം സൃഷ്ടിക്കുന്ന തരത്തിലുള്ളതല്ല എന്നും ഒരു രാം സേവക് ഗഞ്ചി മുസ്‌ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ് എന്നും കമ്മീഷൻ ആരോപിച്ചു. മുസ്‌ലിംകൾ കൂട്ടമായി ആക്രമിച്ചു എന്ന നിലയിലുള്ള കമ്മീഷന്റെ കണ്ടെത്തലുകളിൽ പലതും ഫോറെൻസിക് വിഭാഗത്തിന്റെ റിപ്പോർട്ടുകൾക്ക് വിപരീതമായിരുന്നു²⁹.

മാത്രമല്ല, ഈ അന്വേഷണ റിപ്പോർട്ട്‌ വലിയ തോതിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. സ്വാഭാവിക നീതിയെ തടസ്സപ്പെടുത്തിയതിനും, ഗൂഢാലോചന സിദ്ധാന്തത്തെ വളരെ വേഗത്തിൽ പിന്തുണച്ചതിനും, സംഭവത്തിൽ ഗവൺമെന്റ് പങ്കാളിത്തത്തിന്റെ തെളിവുകൾ അവഗണിച്ചതിനും പൊളിറ്റിക്കൽ സയന്റിസ്റ്റ് ക്രിസ്റ്റോഫ് ജഫർലോട്ടിനെപോലെയുള്ള വിദഗ്ധർ കമ്മിഷനെ നിശിതമായി വിമർശിക്കുകയുണ്ടായി³⁰.

നാനാവതി കമ്മിഷൻ അന്തിമ റിപ്പോർട്ട്‌ -2014

അന്വേഷണം പരമാവധി വൈകിപ്പിച്ചു കൊണ്ടു പന്ത്രണ്ട് വർഷത്തോളം എടുത്ത് 2014 ലാണ് രണ്ടാം ഭാഗം എന്ന നിലയിൽ ഗുജറാത്ത്‌ മുസ്‌ലിം വംശഹത്യയിൽ കമ്മീഷൻ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. പക്ഷേ, റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കപ്പെടാൻ പിന്നെയും അഞ്ചുവർഷം കൂടി എടുത്തു. ഒടുവിൽ 2019 ൽ റിപ്പോർട്ട് പുറത്തു വന്നപ്പോൾ  തെളിവുകളെയും യഥാർത്ഥ സാക്ഷി മൊഴികളെയും തള്ളിക്കളഞ്ഞുകൊണ്ട് ഇടക്കാല റിപ്പോർട്ട്‌ പോലെ  നരേന്ദ്ര മോദി, ബി.ജെ.പി, ബജ്‍റംഗ്ദൾ, വി.എച്.പി, ആർ.എസ്.എസ് തുടങ്ങിയവർക്ക് ക്ലീൻ ചിറ്റ് നൽകപ്പെട്ടു. ഗോദ്രയിലും ഗുജറാത്ത്‌ മുസ്‌ലിം വംശഹത്യയിലും മോദി സർക്കാരിന്റെ പങ്ക് വെളിപ്പെടുത്തിയ സഞ്ജീവ് ഭട്ട്, രാഹുൽ ശർമ, ആർ.ബി ശ്രീകുമാർ തുടങ്ങിയ ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെയും ഇരകൾക്കൊപ്പം നിന്ന സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റിൽവാദിനെതിരെയും വ്യാജ കേസുകൾ ചുമത്തി³¹.

(തുടരും)

ആദ്യ ഭാഗം വായിക്കാൻ

References:
19.https://saafbaat.com/gujarat-genocide/nanavati-commission, [Shah Commission: Terms of Reference (2002)]
Jaffrelot, Christophe (25 February 2012). “Gujarat 2002: What Justice for the Victims?”. Economic & Political Weekly. XLVII (8): 77–80.
https://www.epw.in/journal/2012/08/special-articles/gujarat-2002-what-justice-victims.html
20.https://cjp.org.in/modis-role-in-gujarat-carnage-exposed-through-tehelkas-sting-operation/
21.https://saafbaat.com/gujarat-genocide/nanavati-commission (Tehelka Sting)
https://www.news18.com/news/india/gujarat-blackout-275362.html
22.https://www.rediff.com/news/2008/apr/10best.htm
23.https://www.outlookindia.com/website/story/report-of-forensic-science-laboratory-state-of-gujarat/218028
24.CRIME AGAINST HUMANITY VOLUME II Godhra( page no:12-22)
25.Excerpts from the Justice U C Banerjee Committee report 
https://www.dnaindia.com/india/report-excerpts-from-the-justice-u-c-banerjee-committee-report-1016092
Godhra fire was an accident, says committee
https://www.dnaindia.com/india/report-godhra-fire-was-an-accident-says-committee-1016133
26.https://web.archive.org/web/20061104020147/http://www.hindu.com/2006/10/14/stories/2006101405431200.htm
https://m.timesofindia.com/india/banerjee-panel-illegal-gujarat-hc/articleshow/1457456.cms
https://thewire.in/communalism/godhra-where-the-fall-of-indias-democracy-began
27.https://www.scribd.com/doc/6306148/On-the-Right-Track-to-Godhra
28.Godhra: Who’s afraid of facing facts?, https://sabrangindia.in/article/godhra-whos-afraid-facing-facts/
Docu-maker faces VHP’s wrath
https://timesofindia.indiatimes.com/city/mumbai/docu-maker-faces-vhps-wrath/articleshow/251072.cms
Godhra tak part 1.https://youtu.be/96jIdg0Q1qw?si=iEHJlgqyLFk2ZmPJ
Part 2. https://youtu.be/tm3oZATUjgY?si=8DiSrpNP3CUlp3gD
Part 3. https://youtu.be/EVtEPFdMuEE?si=gnotNpUxFZcEr-BP
29. https://www.deccanherald.com/national/west/modi-govt-gets-clean-chit-in-2002-gujarat-riots-784531.html
https://www.indiatoday.in/latest-headlines/storygodhra-carnage-a-conspiracy-nanavati-report-30580-2008-09-26
30.https://sabrangindia.in/article/discriminatory-justice
https://www.epw.in/journal/2012/08/special-articles/gujarat-2002-what-justice-victims.html (2.2.1 What Commission of Inquiry)
31. Ibid, https://sabrangindia.in/article/reward-and-punishment/

Related Articles