Current Date

Search
Close this search box.
Search
Close this search box.

നുണകളുടെ ഗോദ്ര; ആസൂത്രിത തിരക്കഥകൾ ‘സത്യ’ങ്ങളാവുന്ന വിധം

മണ്ണെണ്ണയാണ് കത്തിക്കാൻ ഉപയോഗിച്ച ഇന്ധനം എന്ന് റിപ്പോർട്ട് ചെയ്ത സമയം, ദുരന്തത്തിന് ഒരു മാസത്തിന് ശേഷം മാർച്ച് 29 നും ഏപ്രിൽ 5 നും ഇടയിൽ ഹാജി ബിലാൽ, അബ്ദുൾ മജീദ് ധാന്തിയ, കാസിം എന്നിവരിൽ നിന്ന് മൂന്ന് കണ്ടെയ്നറുകൾ പോലീസ് കണ്ടെടുത്തിരുന്നു. 2002 ഏപ്രിൽ 26 ന് എഫ്.എസ്.എൽ അസിസ്റ്റന്റ് ഡയറക്ടർ ഡി.ബി. തലതി  തനിക്ക് പരിശോധനയ്ക്കായി അയച്ച ഈ മൂന്ന് കണ്ടെയ്നറുകളിൽ മണ്ണെണ്ണയുടെ അംശം കണ്ടെത്തിയതായി റിപ്പോർട്ട് നൽകി. അങ്ങനെ മണ്ണെണ്ണ ഉപയോഗിച്ചാണ് ട്രെയിൻ കത്തിച്ചത് എന്ന വാദത്തിന് തെളിവ് ഉണ്ടാക്കിയിരുന്നു. പിന്നീട് അത് പെട്രോളിലേക്ക് മാറുകയായിരുന്നു.

2002 മെയ് 1 ന് എസ് 6 കോച്ചിനുള്ളിൽ നിന്ന് 370 കിലോയോളം കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ ശേഖരിച്ച് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. 2002 മെയ് 17 ന് അതിന്റെ റിസൾട്ട്‌ വരികയുണ്ടായി. ആ റിപ്പോർട്ട് (നമ്പർ 2002/c/594)  പ്രകാരം കോച്ചിനുള്ളിലെ അവശിഷ്ടങ്ങളിൽ പെട്രോളിന്റെ ഒരു അംശവും കണ്ടെത്തിയിരുന്നില്ല⁴¹.

പക്ഷേ പോലീസ് ഹാജരാക്കിയ കർസേവകർ ഉൾപ്പെടെയുള്ള സാക്ഷികൾ, ഇന്ധനം ഉപയോഗിച്ചാണ് തീ വെച്ചത് എന്ന് സാക്ഷി മൊഴി നൽകി കഴിഞ്ഞിരുന്നു. അത്കൊണ്ട്  തന്നെ പോലീസിന്റെ കഥയ്ക്ക് ബലം നൽകാനാണ് ട്രെയിൻ കത്തിക്കുന്നതിനായി പെട്രോൾ ആണ് ഉപയോഗിച്ചത് എന്നും അത് 60 ലിറ്ററോളം ഉപയോഗിച്ചിട്ടുണ്ടാവും എന്ന നിഗമനത്തിലേക്ക്  പിന്നീട് എഫ്.എസ്.എൽ എത്തുന്നത്

അടുത്ത വർഷം 2003 ഫെബ്രുവരിയിൽ ജാബിർ ബിൻ യാമിൻ ബെഹ്റ എന്നയാൾ കുറ്റസമ്മതം നടത്തിയതോടെ ആണ് പെട്രോൾ സിദ്ധാന്തം കൂടുതൽ ബലപ്പെട്ടത്. ബഹ്റയുടെ മൊഴി പ്രകാരം; “2002 ഫെബ്രുവരി 26ന്, ഏകദേശം രാത്രി 9 മണിക്ക്   കാലാഭായിയുടെ പമ്പിൽ നിന്ന് പെട്രോൾ കൊണ്ടുവരാൻ തനിക്കൊപ്പം വരാൻ ബഹ്റയോട് റസാഖ് കുർകറെ ആവശ്യപ്പെട്ടു.  ബെഹ്‌റയും മറ്റ് ചിലരും, 20 ലിറ്ററിൻ്റെ ഏഴ്  ക്യാനുകളുമായി ഒരു ടെമ്പോയിൽ അവിടേക്ക് പോയി. ക്യാനുകൾ നിറച്ച ശേഷം, അവ തിരികെ കൊണ്ടുവന്ന് അമൻ ഗസ്റ്റ് ഹൗസിന് പുറകിലുള്ള കുർകറെയുടെ മുറിയിൽ സൂക്ഷിച്ചു. ഈ പെട്രോൾ ഉപയോഗിച്ചാണ് പിറ്റേന്ന് എസ്-6 കോച്ചിന് തീകൊളുത്തിയത്. ഇവർ തങ്ങളുടെ കയ്യിൽ നിന്ന് പെട്രോൾ വാങ്ങി എന്ന് മുസ്‌ലിംകൾക്കെതിരെ സാക്ഷി പറഞ്ഞ കാലാഭായിയുടെ പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരായ പ്രഭാത്‌സിൻ പട്ടേലിന്റെയും രഞ്ജിത്‌സിൻഹ് പട്ടേലിന്റെയും മൊഴികൾ ബെഹ്‌റയുടെ കഥയ്ക്ക്  ബലം നൽകുന്നതായിരുന്നു.

തീ പിടുത്തം ഉണ്ടായതിനാൽ 2002 ഏപ്രിലിൽ സ്റ്റേഷന് സമീപമുള്ള  രണ്ടു പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചും  അന്വേഷണം നടന്നിരുന്നു. പക്ഷേ അപ്പോഴും ജീവനക്കാരെ ചോദ്യം ചെയ്തത്  കാലാഭായിയുടെ പമ്പിലേത് മാത്രമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ അന്ന്, അത്തരത്തിലുള്ള പെട്രോൾ വിൽപന ഒന്നും നടന്നിട്ടില്ലെന്നും ലൂസ് ആയി പെട്രോൾ വിൽക്കാറില്ലെന്നും പ്രഭാത്‌സിൻ പട്ടേലും രഞ്ജിത്‌സിൻഹ് പട്ടേലും പോലീസിന് മൊഴി നൽകിയിരുന്നു. അന്ന് അത് കുറ്റപത്രത്തിൽ ചേർത്തിരുന്നില്ല.

പിന്നീട് ഒരു വർഷത്തിനു ശേഷമാണ് 2002 ഫെബ്രുവരി 26 ന് രാത്രി 10 മണിക്ക് റസാഖ് കുർകർ തൻ്റെ ബൈക്കിൽ വന്നുവെന്നും ഒപ്പം ഒരു പച്ച നിറമുള്ള ടെമ്പോ വാൻ ഉണ്ടായിരുന്നു എന്നും സലിം  എന്നയാൾ (പാൻ വാല) 140 ലിറ്റർ പെട്രോളിന് പണം നൽകിയ ശേഷം രഞ്ജിത്ത്സിൻ പട്ടേൽ ക്യാനിൽ പെട്രോൾ നിറച്ചു കൊടുത്തു എന്നും മൊഴി മാറ്റി പറഞ്ഞത്⁴².

പിന്നീട് തെഹൽക നടത്തിയ സ്റ്റിങ് ഓപെറേഷനിൽ  പ്രതാപ് സിംഗ് പട്ടേൽ, പോലീസ് ഓഫീസർ നോയൽ പാമറുടെ നിർദ്ദേശ പ്രകാരമാണ് തങ്ങൾ അങ്ങനെ പറഞ്ഞത് എന്നും അതിനായി അദ്ദേഹം 50000 രൂപ വീതം നൽകിയെന്നും അതോടൊപ്പം അത് വാങ്ങാൻ വന്നവർ എന്ന രീതിയിൽ കോടതിയിൽ തിരിച്ചറിയുന്നതിനായി കുറച്ച് മുസ്ലിംകളെ കാണിച്ചു പഠിപ്പിച്ചു തന്നു എന്നും മാധ്യമ പ്രവർത്തകൻ ആശിഷ് ഖേതനോട് പറയുന്നത് അദ്ദേഹം തൻ്റെ ഒളി ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

തെളിവിനായി  പെട്രോളിന്റെ അംശം അടങ്ങിയ കണ്ടെയ്നറുകൾ  ഹാജരാക്കിയിരുന്നു. എന്നാൽ അത് കിട്ടിയത് എസ് 6 കോച്ചിന് സമീപത്ത് നിന്നായിരുന്നില്ല. ദുരന്തം നടന്ന ദിവസം  അതിൻ്റെ പ്രതികാരമായി രാവിലെ 11 മണിയോടെ കർസേവകർ കത്തിച്ച, മുസ്‌ലിം ഉടമസ്ഥതയിലുള്ള മല്ലാസ് ഓട്ടോ ഗാരേജിനടുത്ത് നിന്നായിരുന്നു. ഗാരേജും രണ്ടു ട്രക്കുകളും കത്തിക്കാൻ കർസേവകർ ഉപയോഗിച്ചതായിരുന്നു അവ⁴³.

പിന്നീട് ജാബിർ ബെഹ്റ തന്നെ ക്രൂരമായി ഉപദ്രവിച്ചും കുടുംബത്തെ  ഭീഷണിപ്പെടുത്തിയുമാണ് കുറ്റം സമ്മതിപ്പിച്ചത് എന്ന് വെളിപ്പെടുത്തിയിരുന്നു. ബെഹ്‌റയെ കൂടാതെ അൻവർ സത്താർ കലന്ദർ, ഇല്ലിയാസ് മുല്ല, ഹുസൈൻ, സലിം സാർഡ, ഷൌക്കത്ത് ഫാറൂഖ് പട്ടാലിയ തുടങ്ങി ഇത്തരത്തിൽ കുറ്റം സമ്മതിച്ചവരും സാക്ഷി പറഞ്ഞവരും പിന്നീട്, നോയൽ പാമറിന്റെ നേതൃത്വത്തിൽ പോലീസ് തങ്ങളെ കസ്റ്റഡിയിൽ വെച്ച് ജനനേന്ദ്രിയത്തിൽ ഷോക്ക് ഏല്പിച്ചതുൾപ്പടെ ക്രൂരമായി പീഡിപ്പിച്ചും  കുടുംബത്തെ ഉപദ്രവിക്കും എന്നും എൻകൌണ്ടറിൽ കൊല ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയും ഒഴിഞ്ഞ പേപറിൽ ഒപ്പിടീപ്പിച്ചുമൊക്കെയാണ് കുറ്റം സമ്മതിപ്പിച്ചത് എന്ന് വെളിപ്പെടുത്തിയിരുന്നു.

2007 ൽ തെഹല്‍ക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ, നോയൽ പാർമറും സംഘവും തങ്ങളെ നിയമവിരുദ്ധമായി തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തതെങ്ങനെയെന്ന് കലന്ദറും ഹുസൈനും വിവരിക്കുന്നുണ്ട്. എല്ലാ രാത്രിയിലും പോലീസുകാർ വന്ന്  കാലിൽ ഒരു മരത്തടി വെച്ചിട്ട് അതിന് മുകളിലൂടെ നടക്കുകയും പൊലീസ് കൈമാറിയ മൊഴി മനഃപാഠമാക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങൾക്ക് എഴുതി തന്നെ കുറിപ്പുകളിൽ നിന്ന് ഞങ്ങൾ എത്രമാത്രം മനഃപാഠമാക്കിയിട്ടുണ്ടെന്ന് പോലീസുകാർ വന്ന് ഞങ്ങളോട് ചോദിക്കുമായിരുന്നു..” ഇരുവരും പറഞ്ഞു. 2007 ൽ തെഹൽക്ക നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ വ്യക്തമായത് ഗുജറാത്ത് വംശഹത്യയുടെ നേർക്കാഴ്ചകൾ മാത്രം ആയിരുന്നില്ല. ഒപ്പം ഗോദ്രയുടെ ഉള്ളു കള്ളികൾ കൂടിയായിരുന്നു.

കാലാഭായിയുടെ പെട്രോൾ പമ്പ് ജീവനക്കാരെ പോലെ, മുസ്ലിംകൾ ട്രെയിൻ കത്തിക്കുന്നത് നേരിൽ കണ്ടവർ എന്ന പേരിൽ പോലീസ് ഹാജരാക്കിയ ഒമ്പത് വി.എച്‍..പി പ്രവർത്തകരിൽ രണ്ടു പേരായ മുരളിധർ മുൽച്ചന്ദനി, കാകുൽ പതക് എന്നിവർ ആ സമയം തങ്ങൾ വീട്ടിൽ ഉറങ്ങുകയായിരുന്നു എന്നും മറ്റുള്ള ഏഴ് പേരും ആ സമയം ഗോദ്രയിൽ ഉണ്ടായിരുന്നില്ല എന്നും പോലീസ് ആണ് അങ്ങനെ ഒരു കഥ മെനഞ്ഞതെന്നും വെളിപ്പെടുത്തിയത് ഇത്തരത്തിൽ ഒളിക്യാമറയിൽ പതിഞ്ഞിരുന്നു ⁴⁴.

ദുരന്തം നടന്നു അഞ്ചു മാസങ്ങൾക്ക് ശേഷം അജയ് കുമാർ കാനുഭായ് ബരിയ എന്നൊരു സാക്ഷിയെ പോലീസ് ഹാജരാക്കിയിരുന്നു. പ്രതികൾ S6 നും S7 നും ഇടയിലുള്ള വെസ്റ്റിബ്യൂളിലൂടെ S6 കോച്ചിലേക്ക് കടക്കുന്നത് കണ്ടു എന്നും പ്രതികളുടെ നിർദേശ പ്രകാരം ‘മണ്ണെണ്ണ’ നിറച്ച കണ്ടെയ്നർ ഒരു റിക്ഷയിൽ കയറ്റി വെച്ചത് താൻ ആണെന്നും ബരിയ സാക്ഷി പറഞ്ഞിരുന്നു. ബരിയയെ കാണാൻ തെഹൽക്ക ശ്രമിച്ചു എങ്കിലും അയാൾ പൂർണമായും നോയൽ പാമറുടെ നിരീക്ഷണത്തിലാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാൽ പകരം ബരിയയുടെ അമ്മയെയാണ് അവർ കണ്ടത്. ഭയം കൊണ്ടാണ് തന്റെ മകൻ പോലീസ് സാക്ഷിയായതെന്നും സംഭവസമയത്ത് ഇയാൾ വീട്ടിൽ ഉറക്കത്തിലായിരുന്നുവെന്നും പോലീസിന്റെ നിരന്തരമായ നിരീക്ഷണത്തിലാണ് ബരിയ ഇപ്പോൾ ജീവിക്കുന്നതെന്നും ബരിയയുടെ അമ്മ പറയുന്നതും തെഹൽക്കയുടെ അന്വേഷണലൂടെ ലഭിച്ച മറ്റൊരു വിവരമാണ്⁴⁵.

അറസ്റ്റ് ചെയ്ത പ്രതികളിൽ ആദ്യത്തെ പതിനഞ്ച് പേരെ ട്രെയിൻ കത്തുന്ന സ്പോട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത് എന്നാണ് പോലീസിന്റെ വാദം. എൻജിൻ ഡ്രൈവറുടെ മൊഴിയും അത് ശെരി വെക്കുന്നു. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപെടുത്തിയത് 27 ന് രാത്രി 9:30 നു അവരുടെ വീടുകളിൽ നിന്നുമായിരുന്നു. എൻജിൻ ഡ്രൈവറുടെ  മറ്റൊരു മൊഴി സിഗ്നൽ ഫാലിയയിൽ ഉള്ള മുസ്‌ലിംകളാണ് രണ്ടാമത് ചെയിൻ വലിച്ചത് എന്നായിരുന്നു. എന്നാൽ ഇതേ ഡ്രൈവറുടെ വ്യത്യസ്തമായ മൊഴികൾ ട്രെയിൻ നിന്നതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടാമത് ക്യാബിൻ A യ്ക്ക് സമീപം ട്രെയിൻ നിന്നപ്പോൾ വീണ്ടും ചെയിൻ വലിച്ചു എന്ന് മനസ്സിലാക്കി ട്രെയിനിന്റെ ചൂളം മുഴക്കി അലെർട് നൽകുകയും  ഗാർഡിനെ വാക്കി ടോക്കിയിലൂടെ അറിയിക്കുകയും ചെയ്തു എന്ന് ഡ്രൈവർ മൊഴി നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപെട്ടുള്ള തന്റെ നോട്ടിൽ രണ്ടാമത് എ.സി.പി യെ കുറിച്ച് അദ്ദേഹം സൂച്ചിപ്പിച്ചിരുന്നില്ല. മാത്രമല്ല രണ്ടാമത് ട്രെയിൻ നിന്ന സമയം എ.സി.പി ശെരിയാക്കുവാൻ അദ്ദേഹം ആരെയും ഏല്പിച്ചിരുന്നില്ല എന്ന് മറ്റൊരു മൊഴിയും നൽകിയിട്ടുണ്ട്. ആദ്യം ചെയിൻ വലിച്ചപ്പോൾ ട്രെയിൻ നിന്ന സമയം ഏഴ് മിനിറ്റ് ആണ്. എന്നാൽ ഡ്രൈവറുടെ മൊഴി പതിനാലു മിനിറ്റ് എന്നായിരുന്നു. പാർസൽ ഓഫീസിനു സമീപം ആദ്യം ട്രെയിൻ നിന്നപ്പോൾ തന്നെ തങ്ങൾ എല്ലാ കോച്ചിലെയും എ.സി.പി ശെരിയാക്കിയിരുന്നു എന്ന് മുമ്പ് നൽകിയ ഒരു വ്യാജമൊഴി സാധൂകരിക്കാനാണ് അയാൾ ഇത്തരത്തിൽ മൊഴി നൽകിയത്.  എന്നാൽ ഏഴ് മിനിറ്റിനുള്ളിൽ നാന്നൂറ് മീറ്ററോളം നീളമുള്ള ട്രെയിനിന്റെ അവസാന അഞ്ചു കോച്ചിലെ എ.സി.പി ശെരിയാക്കുകയും തിരികെ വന്നു എൻജിൻ സ്റ്റാർട്ടാക്കുകയും ചെയ്യുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചു സാധ്യമല്ല. ഇങ്ങനെ  വൈരുധ്യമേറിയതും സ്ഥിരതയില്ലാത്തതുമായ മൊഴികൾ ആണ് ഗോദ്ര ദുരന്തവുമായി ബന്ധപെട്ടു ഡ്രൈവർ നൽകിയിട്ടുള്ളത്⁴⁶.

ഗോദ്രയിലെ മുസ്‌ലിംകൾ ട്രെയിന് തീ വെക്കുന്നത് കണ്ടു എന്ന് സാക്ഷി പറഞ്ഞ വി.എച്.പി പ്രവർത്തകർ ആ സമയത്ത് സ്റ്റേഷനിൽ എത്തിയത് പൂജ കഴിഞ്ഞു മടങ്ങുന്ന കർസേവകർക്ക് സ്വീകരണം നൽകാനായിരുന്നു എന്നാണ് കോടതിയിൽ നൽകിയ മൊഴി. എന്നാൽ അങ്ങനെ ഒരു സ്വീകരണം സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല സാധാരണയിലും അഞ്ചു മണിക്കൂർ വൈകിയാണ് അന്ന് സബർമതി ഗോദ്രയിൽ എത്തിയത്. ട്രെയിൻ വൈകി എത്തുന്ന വിവരം സാക്ഷികൾ എങ്ങനെ അറിഞ്ഞു എന്നതിനും ഉത്തരമില്ലായിരുന്നു.

പ്രതികളിൽ സ്പോട്ടിൽ നിന്നും ആയുധവുമായി അറസ്റ്റ് ചെയ്തു എന്ന് പറയപ്പെടുന്ന 57 വയസുള്ള ഇനായത് ജുജാര (ഇറിഗേഷൻ ഡിപ്പാർട്മെന്റ്,ഗവണ്മെന്റ് സ്റ്റാഫ്‌) അന്നേ ദിവസം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1:30 വരെ തന്റെ ഓഫീസിൽ ഉണ്ടായിരുന്നതായി രേഖകളിൽ ഉണ്ട്. വിരമിക്കൽ അടുത്ത ജൂജാരയെ ഇതിനാൽ സസ്‌പെൻഡ് ചെയ്യുകയാണുണ്ടായത്.

പ്രതികളിൽ 5 പേരെ തിരിച്ചറിഞ്ഞതായി പറയുന്ന സാക്ഷി ദിലീപ് ഉജ്ജംഭായ് ദസരിയ സംഭവം നടന്ന ദിവസം 25 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്കൂളിലെ റെക്കോർഡുകളും ഇത് ശെരി വെക്കുന്നു. പ്രതി പട്ടികയിൽ ഉണ്ടായിരുന്ന   മൗലവി യാക്കൂബ് പഞ്ചാബി ഗോദ്രയിലെ ഒരു പള്ളിയുടെ ടെറസിൽ നിന്നുകൊണ്ട് ഗൂഢാലോചന നടത്തുന്നതായി കണ്ടു എന്നായിരുന്നു ഗുജറാത്ത്‌ പോലീസിന് വേണ്ടി സാക്ഷി സിഖന്ദർ സിദ്ധിഖിന്റെ മൊഴി. എന്നാൽ അന്നേ ദിവസം മൗലവി ഗോദ്രയിൽ ഉണ്ടായിരുന്നില്ല എന്നതിന് അദ്ദേഹത്തിന്റെ പാസ്പോർട്ടും വിസയും തെളിവുണ്ട്.

കുറ്റാരോപിതനായ (No: 54) ഇസ്ഹാഖ് മുഹമ്മദ്‌ മംദു അന്ധനാണ്. 1997 ൽ മംദുവിനു പൂർണ്ണമായും അന്ധത ബാധിച്ചു എന്നതിന് ജില്ല ഹോസ്പിറ്റലിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. അതിനാൽ സർക്കാരിന്റെ വികലാംഗർക്കുള്ള സഹായവും ലഭിക്കുന്നുണ്ടായിരുന്നു. പക്ഷെ ഗോദ്ര ദുരന്തത്തിൽ അദ്ദേഹത്തെയും പ്രതി ചേർക്കുകയുണ്ടായി. മറ്റെല്ലാവരെയും പോലെ അദ്ദേഹത്തിന്റെ ജാമ്യപേക്ഷയും തുടർച്ചയായി നിരസിക്കപ്പെട്ടു. ഇത്തരത്തിൽ കാൻസർ പോലെയുള്ള പല രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ  ഉൾപ്പെടെ പ്രതികളാവുകയും അവരിൽ ചിലർ കസ്റ്റഡിയിൽ വെച്ചും ജാമ്യം ലഭിച്ച ഉടനെയും മരണപെടുകയുമുണ്ടായി⁴⁷

അറസ്റ്റ്‌ ചെയ്തവരിൽ 16 വയസ്സിനു താഴെയുള്ള ഏഴ് കുട്ടികളും ഉണ്ടായിരുന്നു. ഹാറൂൺ ഇഖ്ബാൽ, ഫാറൂഖ് ഖരാദി, ഫിറോസ്ഖാൻ പത്താൻ (സിഗ്നൽ ഫാലിയയിലെ താമസക്കാർ);  ആസിഫ് കാദർ, അൽത്താഫ് ദിവാൻ, നസീർ പത്താൻ (വേജൽപൂർ റോഡ് നിവാസികൾ);  ദാഹോദിൽ നിന്നും ഗോദ്രയിലെ ബന്ധു വീട്ടിൽ നിൽക്കാൻ വന്ന ഹസൻഖാൻ പത്താൻ (9ാം ക്ലാസ്) എന്നിവരാണവർ. സംഭവം നടക്കുന്ന സമയം പ്രദേശത്തെ മറ്റു കുട്ടികളുമൊത്തു കളിക്കുകയായിരുന്നു ഹസൻ ഖാനും ഫിറോസും. ഇവർക്കൊക്കെ മേലും പോട്ട, കൊള്ളയടിക്കൽ, കൊലപാതകം , പൊതുമുതൽ നശിപ്പിക്കൽ മുതലായ കുറ്റങ്ങൾ  ചുമത്തപെട്ടു. മുഖ്യ പ്രതികളിൽ ഒരാളായി കണക്കാക്കുന്ന  ബിലാൽ ഹാജിയെ ട്രെയിൻ കത്തിക്കുന്ന സമയം സ്പോട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത് എന്നാണ് പോലീസിന്റെ രേഖകളിൽ. എന്നാൽ അഗ്നിശമന സേനയുടെ മൊഴി പ്രകാരം അവർ വൈകി എത്തിയത് അതേ സമയം തന്നെ ടൗണിൽ വെച്ചു ഇതേ ബിലാൽ ഹാജിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ അവരെ ആക്രമിച്ചത് കൊണ്ടാണെന്നാണ്. ഒരേ സമയം നടന്നു എന്ന് പറയപ്പെടുന്ന ഈ രണ്ടു കേസിലും ബിലാൽ ഹാജിയെ പ്രതി ചേർത്തിട്ടുണ്ട്.

എന്നാൽ കമ്മ്യൂണലിസം കോമ്പാറ്റ് നടത്തിയ അന്വേഷണത്തിൽ, ദുരന്തത്തെ കുറിച്ച് മുൻസിപ്പാലിറ്റി തൊഴിലാളികൾ മുഖേന അറിഞ്ഞു അവിടെ എത്തിയ ബിലാൽ ഹാജി തീയണക്കാൻ സഹായിക്കുകയായിരുന്നു എന്ന്  സാക്ഷി മൊഴികളുണ്ടായിരുന്നു. പഞ്ച്മഹൽ ഡി.എസ്.പി രാജു ഭാർഗവയ്ക്ക് ഇത് അറിയാമായിരുന്നു എന്നും സർക്കാറിന്റെ സമ്മർദ്ദം മൂലം അദ്ദേഹം നിശബ്ദത പാലിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു⁴⁸.

ഇങ്ങനെ ട്രെയിൻ കത്തിക്കൊണ്ടിരുന്നപ്പോൾ സ്പോട്ടിൽ നിന്നും അറസ്റ്റ് ചെയ്തു എന്ന് പറയപ്പെടുന്ന പ്രതികൾ തന്നെ അതേ സമയം ടൗണിൽ നടന്നു എന്ന് പറയപ്പെടുന്ന സംഘർഷങ്ങളിലും (CR 66/2002)പ്രതികളാണ്. ഒരേ സമയം രണ്ടിടങ്ങളിൽ ‘നടന്ന’ സംഭവങ്ങളിൽ ഒരേ പോലീസുകാർ തന്നെ ആയിരുന്നു സാക്ഷികളും. CR 66/2002 എന്ന ഒറ്റ കുറ്റകൃത്യത്തിൽ തന്നെ നാല് വ്യത്യസ്ത പ്രദേശങ്ങളിൽ നടന്ന നാല് വ്യത്യസ്ത കേസുകൾ ഉൾക്കൊള്ളുന്നുണ്ട്. ഇതിലൊക്കെയും കൊള്ളയടിക്കപ്പെട്ടതും തകർക്കപ്പെട്ടതും മുസ്‌ലിം സമുദായത്തിൽ പെട്ടവരുടെ മാത്രം കടകളും മറ്റു പ്രോപ്പർട്ടികളും ആയിരുന്നു. പോലീസിന്റെ റിപ്പോർട്ട്‌ പ്രകാരം നോക്കിയാൽ, ട്രെയിൻ കത്തിക്കാൻ നേതൃത്വം നൽകിയ ഉടനെ കലോട്ട, ബിലാൽ, സലിം ശൈഖ് തുടങ്ങിയവർ ഒരു സ്ഥലത്ത് ഹിന്ദുക്കളെ ആക്രമിക്കാൻ ഒരേ സമയം നാല് ആൾക്കൂട്ടങ്ങൾക്ക് കൂടി നേതൃത്വം നൽകുകയും അതേ സമയം തന്നെ ഗോദ്രയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ തങ്ങളുടെ  സമുദായത്തിൽ ഉള്ളവരുടെ തന്നെ സ്കൂളും പള്ളിയും ഷോറൂമും ഉൾപ്പെടെയുള്ള  സ്വത്ത് വകകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംകളുടെ സ്വത്തുക്കൾ വ്യാപകമായി നശിപ്പിക്കപ്പെട്ട ഈ സ്ഥലങ്ങൾ ഒക്കെയും ഗോദ്രയിലെ ഹിന്ദുക്കൾ താമസിക്കുന്ന മേഖലകൾ ആണെന്ന് ഇതോടൊപ്പം ചേർക്കുന്നു. എന്നാൽ ആർക്കാണോ നാശ നഷ്ടങ്ങൾ സംഭവിച്ചത് അവർ തന്നെ പ്രതികൾ ആയി അറസ്റ്റ് ചെയ്യപ്പെട്ടു⁴⁹. ഇത്തരത്തിൽ അറസ്റ്റും അത് സംബന്ധിച്ച മൊഴികളും രേഖകളും തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു.

മുഖ്യ പ്രതി എന്ന് അരോപിച്ചു അറസ്റ്റ് ചെയ്യുകയും പിന്നീട് 8 വർഷങ്ങൾക്ക് ശേഷം നിരപരാധി എന്ന് കണ്ടു വിട്ടയക്കുകയും ചെയ്ത  ഉമർജി ഗോദ്രയിലെ ഏറ്റവും ആദരണീയനായ വ്യക്തിയായിരുന്നു.  ഗുജറാത്ത്‌ മുസ്‌ലിം വംശഹത്യയ്ക്ക് ശേഷം അവിടെ മാസങ്ങളോളം  ദുരിതാശ്വാസ ക്യാമ്പ് നടത്താൻ ജില്ലാ ഭരണകൂടം അനുവദിച്ച ഏക പ്രാദേശിക മുസ്‌ലിം നേതാവായിരുന്നു അദ്ദേഹം.  സംഭവത്തിന് ശേഷം ഗോദ്ര സന്ദർശിച്ചപ്പോൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ദേവഗൗഡ, അന്നത്തെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് തുടങ്ങിയ പ്രമുഖരെ കാണാൻ പോയ സംഘത്തെ പ്രതിനിധീകരിച്ചത് അദ്ദേഹമായിരുന്നു.

2002 ഏപ്രിൽ 4 ന് പ്രധാനമന്ത്രി എ.ബി വാജ്‌പേയി മുഖ്യമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഗോദ്ര സന്ദർശിച്ചപ്പോൾ മൗലവി ഉമർജി അദ്ദേഹത്തിന് ഒരു മെമ്മോറാണ്ടം നൽകിയിരുന്നു. കൂടാതെ വംശഹത്യയിൽ  മോദി സർക്കാരിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ സമയം മെമ്മോറാണ്ടത്തിന്റെ  പകർപ്പ് മോദിക്ക് നൽകാൻ  വിസമ്മതിച്ചു കൊണ്ട് മോദിയെ അദ്ദേഹം അവഗണിക്കുകയും ചെയ്തു. മാത്രമല്ല ആ വർഷം ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി വ്യാപകമായി അദ്ദേഹം പ്രചരണം നടത്തിയിരുന്നു. ഇതൊക്കെ ആണ് അദ്ദേഹത്തെ മുഖ്യ പ്രതിപട്ടികയിലേക്ക് എത്തിച്ചത്⁵⁰.

മുസ്‌ലിംകൾ പാർസൽ ഓഫീസിനു സമീപം തടിച്ചു കൂടിയതും കല്ലെറിഞ്ഞതും സ്റ്റേഷനിൽ നിന്നും കർസേവകർ മുസ്‌ലിം പെൺകുട്ടിയെ  ട്രെയിനിൽ തട്ടിക്കൊണ്ടു പോയി എന്ന രീതിയിൽ വാർത്ത പരന്നതിനാലായിരുന്നു. അന്ന് എ ക്യാബിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ (എ.എസ്.എം) രാജേന്ദ്ര പ്രസാദ് മിസ്രിലാൽ മിന, പിന്നീട് ആഷിഷ് ഖേതനുമായി (തെഹൽക്ക സ്റ്റിംഗ് ഓപ്പറേഷൻ) നടത്തിയ സംഭാഷണത്തിൽ പാർസൽ ഓഫീസിനു സമീപം തടിച്ചു കൂടിയവരിൽ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നു എന്നും അവർ ട്രെയിനിന് അടുത്തേക്ക് ഓടുന്നത് കണ്ടപ്പോൾ താൻ കാര്യം തിരക്കുകയും തങ്ങളുടെ ആളെ ട്രെയിനിൽ തട്ടിക്കൊണ്ടു പോകുന്നു എന്നവർ പറഞ്ഞതായും പറയുന്നുണ്ട്. അത്പോലെ അവരുടെ കൈവശം ആയുധങ്ങളോ കത്തുന്ന വസ്തുക്കളോ ഉണ്ടായിരുന്നില്ല എന്നും അവർ കല്ലെറിയുകയാണുണ്ടായത് എന്നും അദ്ദേഹം പറയുന്നു. ദുരന്ത സമയത്ത് നൽകിയ സാക്ഷി മൊഴിയിൽ അവർ പത്തോ പതിനഞ്ചോ പേർ ഉണ്ടായിരുന്നു എന്നും അവർ ഒരുമിച്ച് വന്നവരല്ല എന്നും പലയിടത്തു നിന്നും അപ്പോൾ വന്നു കൂടിയവരായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ആർ.പി.എഫ് എത്തി ജനക്കൂട്ടം പിരിച്ചു വിട്ടിരുന്നു.

ആർ.പി.എഫ് കോൺസ്റ്റബിൾ മോഹൻ ജഗദീഷ് യാദവിന്റെ മൊഴിയിൽ ദുരന്തം നടന്ന ദിവസം ട്രെയിൻ വരുന്നതിനു മുമ്പ് ക്യാബിനും അദ്ദേഹത്തിന്റെ ഓഫീസിനും ഇടയിൽ സംശയാസ്പദമായി യാതൊന്നും ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ദുരന്ത സ്ഥലത്ത് എത്തിയ, പഞ്ചമഹൽ എസ.പി ഭാർഗവിന്റെ മൊഴി പ്രകാരം യാത്രക്കാർക്ക് പൊള്ളലേറ്റിരിക്കുന്നത് ശരീരത്തിന്റെ മുകൾ ഭാഗത്തേക്കാണ്. എസ്.ഐ.ടി യുടെയും എഫ്.എസ്.എല്ലിൻ്റെയും കണ്ടെത്തൽ അനുസരിച്ച് (കോച്ചിന്റെ തറയിൽ പെട്രോൾ ഒഴിച്ചിട്ടുണ്ടെങ്കിൽ) തീർച്ചയായും ആളുകളുടെ ശരീരത്തിന്റെ താഴ് ഭാഗങ്ങളിൽ ആണ് പൊള്ളലേൽക്കേണ്ടത്. അതോടൊപ്പം, അദ്ദേഹം പത്തോ പതിനഞ്ചോ മിനിറ്റുകൾക്കകം അവിടെ എത്തിയിട്ടുണ്ട്. പക്ഷേ കത്തുന്ന കോച്ചിനുള്ളിലോ അതിനു പരിസരത്തോ   മണ്ണെണ്ണയുടെയോ പെട്രോളിന്റെയോ ഗന്ധം ഉണ്ടായിരുന്നില്ല എന്നും മൊഴിയിലുണ്ട്. ട്രെയിനിന്റെ തറയിൽ തീയൊ ട്രെയിനുള്ളിൽ പെട്രോളിന്റെയോ മണ്ണെണ്ണയുടെയോ മണമോ ഉണ്ടായിരുന്നില്ല എന്ന രക്ഷപെട്ട യാത്രക്കാരുടെ മൊഴികളും ഇതു ശെരി വെക്കുന്നു⁵¹.

ഗോദ്രയിൽ  ഭാര്യമാരെയും അമ്മമാരെയും നഷ്ടപ്പെട്ട നാല് കുടുംബങ്ങൾ 2003 ഒക്‌ടോബർ 5ന് മുംബൈയിൽ ഒരു പത്ര സമ്മേളനം നടത്തിയിരുന്നു. വിദ്വേഷ രാഷ്ട്രീയത്തിൽ സംഘ്പരിവാർ പൈശാചികർ തങ്ങളെ കരുക്കളാക്കി മാറ്റുകയായിരുന്നു എന്നവർ രാജ്യത്തോട് വിളിച്ചു പറഞ്ഞു. ഗോദ്ര അന്വേഷണം ശെരിയായ രീതിയിൽ അല്ല എന്നും നിരപരാധികളെ കൊന്നൊടുക്കിയതിനെ ന്യായീകരിക്കാൻ ഗോദ്ര ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നു എന്നും അവർ ആരോപിച്ചു. നീതി ലഭിക്കണം എങ്കിൽ ഗോദ്ര കേസ് ഗുജറാത്തിനു പുറത്തു നടത്തണം എന്നും ഗോദ്ര ഇരകളുടെ പേരിൽ സംഘ്പരിവാർ സംഘം വൻ തുക പിരിച്ചെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ദുരന്തത്തെ കുറിച്ച് സത്യസന്ധമായി മൊഴി നൽകുന്നതിനെയും സംസ്ഥാനത്തിന് പുറത്തു കേസ് നടത്താൻ സിറ്റിസൺ ഫോർ ജസ്റ്റിസ്‌ ആൻഡ് പീസ് (CJP) ന്റെ സഹായം തേടാനുള്ള തീരുമാനത്തെയും വി.എച്.പിയുടെ പ്രാദേശിക അംഗങ്ങൾ എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും കേസുമായി ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർമാരെ വി.എച്.പി സ്വാധീനിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു⁵².

(തുടരും)

ആദ്യ ഭാഗം വായിക്കാൻ

രണ്ടാം ഭാഗം വായിക്കാൻ

References:
41. Deconstructing godhra via sabrang: The Gujarat government’s version of the cause of the fire
42.ibid
43. https://sabrangindia.in/article/deconstructing-godhra -switchover (last para.)
44.The Godhra Verdict: The Conspiracy Theory By Ashish Khetan-Tehelka
https://countercurrents.org/kheta270211.htm
45.ibid
on the right track to godhra by jan sangharsh manch- Retractions
46. ibid-The next stoppage the second chain pulling, Dateline godhra :page no 29-31
47. https://sabrangindia.in/article/discriminatory-justice
https://frontline.thehindu.com/the-nation/article30203511.ece
48. Communalism combat (March-April  2002 
Year 8 ) page no:15 epilogue
49. Dateline godhra :page no 29-31
50. https://www.thehindu.com/opinion/op-ed/He-died-a-broken-man/article12305701.ece
Dateline godhra – chapter 6 page no:54-57
https://sabrangindia.in/reports/2002-dateline-godhra
51. on the right track to godhra by jan sangharsh manch-what did the assistant station master see from ‘A’ cabin.
ibid -the case in the first charge sheet dated 22.05.2002
52. https://sabrangindia.in/article/godhra-revisited
https://www.rediff.com/news/2003/oct/05godh.htm
https://m.timesofindia.com/india/godhra-victims-vent-ire-on-parivar/articleshow/217041.cms

Related Articles