Current Date

Search
Close this search box.
Search
Close this search box.

ചുരുളഴി’ക്കാ’ത്ത ഗോദ്ര: നാം അറിഞ്ഞതും അറിയാനുള്ളതും

അയോധ്യയിൽ നിന്നും രാമക്ഷേത്ര പൂജ കഴിഞ്ഞു മടങ്ങിയ കർസേവകരുമായി എത്തിയ സബർമതി ട്രെയിനു തീ വെച്ചു 59 കർസേവകരെ കൊല ചെയ്തു എന്ന് ആരോപിച്ചാണ് രണ്ടായിരത്തോളം മുസ്‌ലിംകളെ സംഘ്പരിവാർ ഗുജറാത്തിൽ (2002 ഫെബ്രുവരി-മാർച്ച്‌) കൂട്ടക്കൊല ചെയ്തത്. ഇന്നും ഗുജറാത്ത്‌ മുസ്‌ലിം  വംശഹത്യയെ ന്യായീകരിക്കുവാനും മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്തു നിർത്തുവാനും അവർ ഗോദ്രയെ ആയുധമാക്കുന്നുണ്ട്.

എന്നാൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ, തെഹൽക്ക, ബ്രിട്ടീഷ് ഗവണ്മെന്റ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ ഗുജറാത്ത് മുസ്‌ലിം വംശഹത്യ ഗോദ്ര ദുരന്തത്തിനും മാസങ്ങൾക്ക് മുമ്പ് തന്നെ ആസൂത്രണം ചെയ്തിരുന്നു എന്ന് തെളിഞ്ഞിരുന്നു. വംശഹത്യയുടെ സമയത്ത് മുസ്‌ലിംകളെ വേർതിരിച്ചറിയുന്നതിനായി വോട്ടർ പട്ടികയും അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷനിൽ നിന്നും ലഭിച്ച മുസ്‌ലിം വീടുകളുടെയും സ്ഥാപനങ്ങളുടെയും പട്ടികയും അക്രമികൾ കൈവശം വെച്ചിരുന്നു. അതോടൊപ്പം ആക്രമിക്കപ്പെടേണ്ട വ്യക്തികൾ, സ്ഥലങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, മുസ്‌ലിംകൾക്ക് ഷെയർ ഉള്ള ബിസിനസ്‌ സ്ഥാപനങ്ങൾ തുടങ്ങിയവ സംബന്ധിച്ചു ഒരു കമ്പ്യൂട്ടറൈസ്ഡ് ലിസ്റ്റും അവരുടെ പക്കൽ ഉണ്ടായിരുന്നു¹. ഗോദ്ര കൂട്ടക്കൊല, മുസ്‌ലിം വംശഹത്യ നടപ്പിലാക്കാൻ സംഘ്പരിവാർ ഭീകരർ കണ്ടെത്തിയ ഒരു മറ മാത്രമായിരുന്നു.

പക്ഷെ, ‘ഗോദ്ര’ എന്ന കാരണം പൊടുന്നനെ എങ്ങനെ സംഭവിച്ചു ..? കൊല്ലപ്പെട്ടവരെല്ലാം കർസേവകർ ആയിരുന്നോ? എന്ത് കൊണ്ട് നാനാവതി കമ്മിഷൻ ഒഴികെ ഉള്ളവരുടെ കണ്ടെത്തലുകൾ അസാധുവാക്കി..? ഗോദ്ര ദുരന്തത്തിന്റെ 22ാം വർഷത്തിൽ ചില വസ്തുതകൾ പരിശോധിക്കകയാണിവിടെ.

കർസേവകർ അയോധ്യയിൽ നിന്നും മടങ്ങുന്നു

2002 ഫെബ്രുവരി 25 ന് അയോധ്യയിൽ നിന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ (വി.എച്.പി) രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പൂർണഹുതി മഹാ യജ്ഞം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന കർസേവകരുൾപ്പടെ, രണ്ടായിരത്തോളം ആളുകളുമായി സബർമതി ട്രെയിൻ അഹമ്മദാബാദിലേക് തിരിച്ചു. 1100 ആളുകൾ മാത്രം ആയിരുന്നു ട്രെയിനിന്റെ കപ്പാസിറ്റി.

വരുന്ന വഴിയിൽ എല്ലാ സ്റ്റേഷനുകളിലും ഇറങ്ങി കർസേവകർ “ജയ് ശ്രീ റാം” “ഞങ്ങൾ അവിടെ തന്നെ ക്ഷേത്രം പണിയും” , “മുസ്‌ലിംകൾ ഇന്ത്യ വിട്ടു പാകിസ്താനിലേക്ക് പോവുക”, “നിങ്ങൾ പാൽ ചോദിക്കൂ  ഞങ്ങൾ പായസം എത്തിക്കും..നിങ്ങൾ കശ്മീർ ചോദിക്കൂ ഞങ്ങൾ നിങ്ങളെ കീറിമുറിക്കും” എന്ന് തുടങ്ങിയ  വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കുകയും നൃത്തം ചവിട്ടുകയും വലിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.

“സർ, ഞങ്ങൾ വലിയ അപകടത്തിലാണ്”.

പറയുന്നത് അക്ബർബെയ്ഗ് സിറാജുദ്ദീൻ ഷാ എന്ന യുവാവാണ്.

“ഫൈസാബാദിൽ നിന്നാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. അവിടെ നിന്ന് ഇവിടെ  വരെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.  ഞങ്ങൾ ഭയത്തോടെയാണ് വന്നത്”.

പതിനെട്ടുകാരനായ ഷാ ഫെബ്രുവരി 26 ന് രാത്രി സബർമതി എക്‌സ്പ്രസ് ട്രെയിനിൽ ഭാര്യാപിതാവ് ഫത്തേ മുഹമ്മദിനും ഭാര്യയ്ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു. ട്രെയിനുള്ളിൽ കർസേവകർ നടത്തിയ അക്രമത്തെ അക്ബർബെയ്ഗ് വിവരിക്കുന്നത് ഇങ്ങനെ..

അവർ ചായക്കും പലഹാരത്തിനും പണം നൽകാതെ മുസ്‌ലിം കച്ചവടക്കാരെ തല്ലുകയും വൃത്തികെട്ട അധിക്ഷേപങ്ങൾ നടത്തുകയും അശ്ലീല മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു.  കർസേവകർ ട്രെയിനിലോ സ്റ്റേഷനിലോ  ഏതെങ്കിലും മുസ്‌ലിമിനെ കാണുമ്പോഴെല്ലാം നെറ്റിയിൽ ചുവന്ന തിലകം ചാർത്താനും ‘ജയ് ശ്രീ റാം’ എന്ന് വിളിക്കാനും നിർബന്ധിക്കുകയും ചെയ്തു. രാത്രിയിൽ,   ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ വിസമ്മതിച്ച ഒരു മുസ്‌ലിം സ്ത്രീയെയും ഭർത്താവിനെയും കർസേവകർ നിഷ്കരുണം മർദ്ദിച്ചു.  മാത്രമല്ല, അർദ്ധരാത്രിയിൽ ചങ്ങല വലിച്ച് കുട്ടികൾ ഉൾപ്പെടെയുള്ള ആ കുടുംബത്തെ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു.  (ഗുജറാത്ത് ടുഡേ ലേഖകൻ യൂനുസ് ഗാന്ധി മാർച്ച് 7 ന് നടത്തിയ അഭിമുഖം)

ത്രിശൂൽധാരികളായ ബജ്‌റംഗ്ദൾ പ്രവർത്തകർ, ഡസൻ കണക്കിന് നിസ്സഹായരായ  മുസ്‌ലിം യാത്രക്കാർക്ക് മേൽ ഭീകരമായ അക്രമണങ്ങളാണ് നടത്തിയത്. പ്ലാറ്റ്‌ഫോമിൽ കാത്തുനിന്ന ആളുകളെയും അവർ ലക്ഷ്യമാക്കിയിരുന്നു. ‘ജയ് ശ്രീ റാം’ എന്ന് വിളിക്കാൻ മുസ്‌ലിങ്ങളെ നിർബന്ധിക്കുന്നുണ്ടായിരുന്നു. അവരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കുറച്ച് പേർ സ്വയം ഹിന്ദുക്കളാണെന്ന് പോലും കള്ളം പറഞ്ഞു. തീവണ്ടിയിൽ വെച്ച് മുസ്‌ലിം എന്ന് തിരിച്ചറിയപ്പെടുന്നവരെ നിഷ്കരുണം ത്രിശൂലം കൊണ്ട് ആക്രമിക്കുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയും ചെയ്തു.  സ്ത്രീകളെയും നിരപരാധികളായ കുട്ടികളെയും അവർ വെറുതെ വിട്ടില്ല.

റിസേർവ് ചെയ്ത സീറ്റുകൾ ഉൾപ്പടെ പിടിച്ചെടുത്തിട്ടും ട്രെയിനിൽ ഭൂരിഭാഗവും കർസേവകർ ആയതിനാൽ തന്നെ മറ്റു യാത്രക്കാർ അവിടെ നിശബ്ദരാക്കപ്പെട്ടു. വരുന്ന വഴിയിൽ ദാഹോദ് സ്റ്റേഷനിൽ വെച്ചു മുസ്‌ലിം കച്ചവടക്കാരെ കർസേവകർ ഭീഷണിപ്പെടുത്തുകയും അവരുടെ മുതലുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. രുദൗലി,ദരിയബാദ് സ്റ്റേഷനുകൾക്ക് ഇടയിൽ വെച്ചു (ഫൈസബാദിനു അടുത്ത്) സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള മുസ്‌ലിം യാത്രക്കാരെ ഇവർ ഉപദ്രവിച്ചു.

ഇതിനെതിരെ പ്രതികരിച്ച ഒരു യുവാവിനെ പത്രംഗ , രോജഗോൺ സ്റ്റേഷനുകൾക്കു ഇടയിൽ ട്രെയിനിൽ നിന്നും പുറത്തേക്ക് വലിച്ചെറിയുകയുണ്ടായി. പരിക്കേറ്റ് രക്തത്തിൽ കുളിച്ച മുസ്‌ലിം സ്ത്രീകൾ ചിലർ രുദൗലി സ്റ്റേഷൻ എത്തിയപ്പോൾ ചാടി ഇറങ്ങി. അവിടെയും കർസേവകർ പ്ലാറ്റ്ഫോമിൽ തീവണ്ടി കാത്തു നിന്നിരുന്ന മുസ്‌ലിം സ്ത്രീകളെ ആക്രമിച്ചിരുന്നു. രുദൗലിയിൽ വെച്ചു മുസ്‌ലിംകളെ ജയ് ശ്രീ രാം മുഴക്കുവാൻ നിർബന്ധിക്കുകയും അവരുടെ താടിയിൽ പിടിച്ചു വലിക്കുകയും ശൂലം കൊണ്ടു കുത്തുകയും ചെയ്തിരുന്നു.

അപ്പോഴൊന്നും റെയിൽവേ അതോറിറ്റിയോ പോലീസോ ഇതിനെതിരെ ഒരു നടപടിയും എടുത്തിരുന്നില്ല.എന്നാൽ പ്രാദേശിക ഹിന്ദുക്കളും മുസ്‌ലിംകളും സംഭവത്തെ അപലപിക്കുകയും മുസ്‌ലിം മത നേതാക്കൾ സമാധാനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു².

ട്രെയിൻ ഗോദ്രയിൽ എത്തുന്നു

ഫെബ്രുവരി 27 രാവിലെ 7:42 ന് ട്രെയിൻ ഗോദ്ര സ്റ്റേഷനിൽ പ്ലാറ്റ്‍ഫോം നമ്പർ ഒന്നിൽ എത്തിച്ചേർന്നു. അവിടെ എത്തുമ്പോൾ അഞ്ചു മണിക്കൂറോളം ട്രെയിൻ ലേറ്റ് ആയിരുന്നു. പുലർച്ചെ 2.55 ആയിരുന്നു ട്രെയിൻ എത്തിച്ചേരാൻ ഷെഡ്യൂൾ ചെയ്തിരുന്ന സമയം. ഗോദ്രയിൽ 5 മിനിട്ട് ആണ് സാധാരണ അനുവദിക്കുന്ന സമയം. ഗോദ്രയിൽ എത്തിയപ്പോഴും അവിടെ കച്ചവടം ചെയ്തിരുന്ന മുസ്‌ലിംകളോട് കർസേവകർ മോശമായി പെരുമാറുകയും കച്ചവട സാധനങ്ങൾ യഥേഷ്ടം തട്ടിയെടുക്കുകയും സമാനമായ രീതിയിൽ പ്രശ്നങ്ങൾ ‘ഉണ്ടാക്കുകയും’ ചെയ്തു. ആ സമയം ബറോഡയിലേക്ക് പോകുവാൻ ഉമ്മയ്ക്കും സഹോദരിക്കും ഒപ്പം തീവണ്ടി (ഗോദ്ര -ബറോഡ മെമു) കാത്തു നിൽക്കുകയായിരുന്നു 17 കാരിയായ സോഫിയ ബാനു എം ശൈഖ്. കർസേവകരിൽ ഒരാൾ പിന്നിൽ നിന്നും സോഫിയയുടെ വാ പൊത്തുകയും ബലമായി ട്രെയിനിലേക്കു തള്ളി കൊണ്ടു പോവുകയും ചെയ്തു. പെൺകുട്ടി ബഹളം വെച്ചതോടെ ആ ശ്രമം ഉപേക്ഷിക്കുകയുണ്ടായി. പക്ഷെ അപ്പോഴേക്കും ആളുകൾ ഓടി കൂടുകയും കർസേവകരും അവിടെ ഉണ്ടായിരുന്ന മുസ്‌ലിംകളുമായി ചെറിയ തോതിൽ വഴക്ക് ഉണ്ടാവുകയും ചെയ്തു.

ഇതിനിടയിൽ റെയിൽവേ ബ്രിഡ്ജിനു മുകളിൽ നിന്നിരുന്ന ബോറ മുസ്‌ലിംകളെ കണ്ടപ്പോൾ “മുല്ലാ കോ മാരോ” എന്നലറിക്കൊണ്ട് കുറച്ചു കർസേവകർ അങ്ങോട്ടേക്ക് പാഞ്ഞു. അപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. അതിനാൽ അവർക്ക് പിന്തിരിയേണ്ടി വന്നു. കൂടാതെ പിപ്‌ലോദിലേക്ക് പോകുവാനുള്ള ഒരു യാത്രക്കാരൻ, കർസേവകരിൽ ചിലർ ട്രാക്കിൽ നിന്നും കല്ലുകൾ പെറുക്കുന്നത് കണ്ടു എന്നും മറ്റൊരാൾ, ഗോദ്രയിലെ കച്ചവടക്കാരെ ട്രെയിനിന്റെ അകത്തേക്ക് കയറ്റരുത് എന്ന് കർസേവകർ പരസ്പരം പറയുന്നത് കേട്ടു എന്നും മാധ്യമ പ്രവർത്തക ജ്യോതി പൻവാനിയുമായുള്ള അഭിമുഖത്തിൽ   വെളിപ്പെടുത്തിയിരുന്നു³.

ആദ്യത്തെ ചെയിൻ വലിക്കൽ

7.47 AM നു ഗോദ്ര സ്റ്റേഷനിൽ നിന്നും ട്രെയിൻ കുറച്ചു ദൂരം മുന്നോട്ട് എത്തിയപ്പോൾ പെട്ടെന്ന് ചെയിൻ വലിക്കുകയും ട്രെയിൻ നിൽക്കുകയും ചെയ്തു. അപ്പോഴും ട്രെയിൻ പ്ലാറ്റ്ഫോം പരിധിയിൽ തന്നെ ആയിരുന്നു. S6 കോച്ച് സ്റ്റേഷനിലെ പാർസൽ ഓഫീസിനു നേരെയാണ് നിന്നിരുന്നത്. സ്റ്റേഷനിൽ ഉണ്ടായ ബഹളത്തിൽ ട്രെയിനിൽ കയറാൻ കഴിയാതിരുന്ന കർസേവകരെ കയറ്റാൻ കൂടെ ഉള്ളവരാണ് ചെയിൻ വലിച്ചത്.

ഈ സമയത്ത് സ്റ്റേഷനിൽ നടന്ന ബഹളം അറിഞ്ഞ പ്രാദേശിക മുസ്‌ലിംകൾ   കുറച്ചു പേർ (ഏകദേശം പത്തോ പതിനഞ്ചോ ആളുകൾ) പാർസൽ ഓഫീസിന് സമീപം തടിച്ചുകൂടി. അവർ ഒരുമിച്ചു വന്നവരായിരുന്നില്ല. സ്റ്റേഷനിൽ നിന്നും മുസ്ലിം പെൺകുട്ടിയെ കർസേവകർ ട്രെയിനിൽ തട്ടിക്കൊണ്ടു പോയി എന്ന നിലയിൽ വാർത്ത പരന്നപ്പോൾ അതറിഞ്ഞു അപ്പോൾ തടിച്ചു കൂടിയവർ ആയിരുന്നു. അതിനാൽ ട്രെയിൻ നിന്നു എന്ന് കണ്ടപ്പോൾ അവരിൽ ചിലർ ട്രെയിനടുത്തേക്ക് ഓടി ക്യാബിനു സമീപം എത്തുകയും അതിൽ ചിലർ കല്ലെറിയുവാനും തുടങ്ങി. കല്ലേറ് തുടങ്ങിയപ്പോൾ കർസേവകർ ട്രെയിനിന്റെ വാതിലും ഷട്ടറുകളും പൂർണ്ണമായും അടക്കുകയുണ്ടായി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) കോൺസ്റ്റബിൾ മോഹൻ ജഗദീഷ് യാദവ് കമ്മീഷനു മുമ്പാകെ നൽകിയ മൊഴിയിൽ ജയ് ശ്രീറാം മുഴക്കി കൊണ്ടു ട്രെയിനിലെ രണ്ടു കോച്ചിൽ നിന്നും തിരിച്ചും കല്ലെറിഞ്ഞതായി പറയുന്നുണ്ട്. പ്രദേശ വാസികളായ സ്ത്രീകളുടെ മൊഴികളും ഇത് ശെരി വെക്കുന്നു. കല്ലേറ് തുടങ്ങിയ ഉടൻ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് എത്തി ആൾക്കൂട്ടം പിരിച്ചു വിട്ടിരുന്നു.

രണ്ടാമത്തെ ദുരൂഹമായ നിന്നുപോക്ക്

പാർസൽ ഓഫീസിനു സമീപം നിന്നതിനു ശേഷം  7.55 AM നു ട്രെയിൻ വീണ്ടും സ്റ്റാർട്ട് ചെയ്തു. എന്നാൽ ഒരു കിലോ മീറ്റർ മുന്നോട്ടു നീങ്ങി സിഗ്നൽ ഫാലിയ എന്ന സ്ഥലത്തിനടുത്ത് എത്തിയപ്പോൾ വീണ്ടും ട്രെയിൻ നിൽക്കുകയുണ്ടായി. രണ്ടാമത് ട്രെയിൻ നിന്നത് എങ്ങനെ എന്ന് വ്യക്തമല്ല. അതിന്റെ കാരണങ്ങളായി അനുമാനിക്കുന്നതിൽ ഒന്ന്, കോച്ചിനുള്ളിൽ നിന്നും വീണ്ടും ആരോ ചെയിൻ വലിച്ചതിനാൽ വാക്വം ഡ്രോപ്പ് ആയതു കൊണ്ടാണെന്നാണ്. ട്രെയിനിന്റെ ഗാർഡ് സത്യനാരായൺ പി വർമയും അസിസ്റ്റന്റ് ഡ്രൈവർ മുകേഷ് പച്ചോരിയും നൽകിയ മൊഴികൾ പ്രകാരം പാർസൽ ഓഫീസിനു സമീപം ആദ്യം ട്രെയിൻ നിന്ന സമയം സബർമതി എക്‌സ്‌പ്രസിന്റെ അഞ്ചു കോച്ചുകളിൽ നിന്നും ചെയിൻ വലിച്ചിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ഹരിമോഹൻ മീനയുടെ മൊഴിയും ഇത് ശെരി വെക്കുന്നതാണ്. അതിൽ  നാല് കോച്ചുകളിലെ (83101, 5343, 91263, 88238) എ.സി.പി (അലാറം ചെയിൻ പുള്ളിങ്) മാത്രമാണ് ശെരിയാക്കിയത്. അപ്പോൾ അഞ്ചാമത്തെ കോച്ചിന്റെ [90238 (S -10) എ.സി.പി കറക്റ്റ് ചെയ്തിരുന്നില്ല⁴.

അതിനാലാണ് മുന്നോട്ട് നീങ്ങിയ ട്രെയിൻ  വാക്വം ഡ്രോപ്പ് ആയി വീണ്ടും നിന്നു പോയത് എന്നാണ് മറ്റൊരു നിഗമനം. അതല്ല ഹോസ്പൈപ്പ് തകരാറിലയതിനാൽ ആണെന്നും പറയപ്പെടുന്നു. ഇതിൽ ചെയിൻ വലിച്ചു എന്നതാണ് കൂടുതൽ സാധ്യതയായി കണക്കാക്കുന്നത്. അത്പോലെ ,ട്രെയിൻ നിന്നതിനു ശേഷമാണോ തീ പിടിച്ചത് അതോ കോച്ചിന് തീ പിടിച്ചതിനു ശേഷം ചെയിൻ വലിച്ചു ട്രെയിൻ നിർത്തിയതാണോ എന്നതും ഇന്നും അവ്യക്തമായി തന്നെ തുടരുന്നു. രണ്ടാമതും ട്രെയിൻ നിന്ന സമയം S6 കോച്ച് ക്യാബിൻ A യ്ക്ക് സമീപം എത്തിയിരുന്നു. എൻജിൻ, പോസ്റ്റ്‌ നമ്പർ 468/19 ലും. സിഗ്നൽ ഫാലിയ ഗഞ്ചി മുസ്‌ലിംകൾ തിങ്ങി പാർക്കുന്ന ഒരു സ്ഥലം ആണ്. അവരിൽ ഗോദ്ര സ്റ്റേഷനിൽ കച്ചവടം നടത്തുന്നവരുമുണ്ട്.

8.20 നാണു ട്രെയിനുള്ളിൽ നിന്നും പുകച്ചുരുൾ കണ്ടു തുടങ്ങിയത്. ട്രെയിനിലെ S6 ബോഗിയ്ക് തീ പിടിക്കുകയും അതിൽ 26 സ്ത്രീകളും 12 കുട്ടികളും 20 പുരുഷന്മാരും ഉൾപ്പെടെ 59 പേർ കൊല്ലപ്പെടുകയും ചെയ്തു. 48 പേർക്ക് പരിക്കേറ്റു. രൂക്ഷമായ പുക ശ്വസിച്ചു ആളുകൾ ബോധരഹിതരായത് മരണസംഖ്യ ഉയരാൻ കാരണമായിരുന്നു.

പ്രതികരണങ്ങൾ

സംഭവത്തിന്‌ തൊട്ട് പിന്നാലെ അവിടെ എത്തിയ ജില്ലാ കളക്ടർ ശ്രീമതി ജയന്തി രവി അന്ന് രാത്രി 7.30 വരെയും ഇതൊരു അപകടം ആണെന്നും ആസൂത്രിതമായ ഒന്നും ഇല്ലെന്നും   ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും ആവർത്തിച്ചിരുന്നു. ഇതിനിടയിൽ വി.എച്.പിക്കാരായ കർസേവകർക്കും സിഗ്നൽ ഫാലിയയിലെ മുസ്‌ലിംകൾക്കുമിടയിൽ സംഘർഷം ഉടലെടുക്കുകയും അതോടെ പോലീസ് വെടി ഉതിർക്കുകയും ചെയ്തു. വെടിവെപ്പിൽ ഇർഫാൻ (17), ത്വയ്യിബ് (32) എന്നീ രണ്ടു മുസ്‌ലിംകൾ കൊല്ലപ്പെട്ടു⁵.

രാവിലെ 10:55 ഓടെ തന്നെ പ്രദേശത്തു കർഫ്യു പ്രഖ്യാപിച്ചു. അന്നേ ദിവസം ഉച്ചയ്ക്ക് പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയി പാർലമെന്റ്റിൽ പ്രഖ്യാപിച്ചതും ഗോദ്ര ദുരന്തം ‘അപകടം’ ആണ് എന്ന് തന്നെ ആയിരുന്നു. എന്നാൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ ആരോഗ്യ മന്ത്രി അശോക് ഭട്ടിനും മറ്റു സഹപ്രവർത്തകർക്കുമൊപ്പം ദുരന്ത മുഖം സന്ദർശിച്ച അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഗോദ്രയിൽ മുന്‍കൂട്ടി ആസൂത്രണം ചെയ്ത തീവ്രവാദ ആക്രമണമാണ് നടന്നതെന്ന് പ്രസ്ഥാവിച്ചു. (അന്ന് വൈകിട്ട് ഏഴോടെ തന്നെ സംഭവത്തിന്‌ പിന്നിൽ  ISI ആണെന്നും ആരോപിച്ചു). സ്ഥലത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോടൊന്നും ആശയ വിനിമയം നടത്താതെ ആണ് മോദി ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. മോദിക്ക് പിന്നാലെ അശോക് ഭട്ടും ഗോദ്രയിൽ ഉണ്ടായത് വർഗീയ സംഭവമാണ് എന്ന് ആരോപിച്ചിരുന്നു. 27 ന് ഉച്ചക്ക് ശേഷം, വി.എച്ച്.പി ബജ്റഗ്ദൾ തുടങ്ങിയ ഹിന്ദുത്വ സംഘടനകൾ അടുത്ത ദിവസം ബന്ദ് പ്രഖ്യാപിച്ചതിനു തൊട്ട് പിന്നാലെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചു⁶.

അന്ന് തന്നെ പലയിടത്തും മുസ്‌ലിംകൾക്കെതിരെ വ്യാപകമായി ആക്രമണമുണ്ടായി. സിഗ്നൽ ഫാലിയയിലെ ഒരു മുസ്‌ലിം പള്ളി തകർക്കാൻ ശ്രമിച്ച യാത്രക്കാരായ കർസേവകരെ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു പിരിച്ചു വിട്ടു. തീ പടർന്ന S5-S6 കോച്ചുകൾ ഒഴിവാക്കികൊണ്ട് ബാക്കി ഉള്ള യാത്രക്കാരുമായി 12:40 നു ട്രെയിൻ അഹമ്മദാബാദിലേക്ക് മടങ്ങി. യാത്രാ മദ്ധ്യേ വഡോദര സ്റ്റേഷനിൽ  വെച്ച് ഒരു കച്ചവടക്കാരൻ ഉൾപ്പെടെ രണ്ടോ മൂന്നോ പേരെ കർസേവകർ കുത്തിക്കൊലപ്പെടുത്തിയിരുന്നു⁷. അതേ ദിവസം കിദിയാദിൽ നിന്ന് സബർകാന്തയിലെ മൊഡാസയിലേക്ക് ടെമ്പോയിൽ യാത്ര ചെയ്ത മുസ്‌ലിം സമുദായത്തിൽ നിന്നുള്ള അറുപത്തഞ്ചു പേരെയും  പഞ്ച്മഹലിലെ ഖാൻപൂർ ചൗക്കിയിലെ ബാബലിയയിൽ വച്ച് ഹിന്ദുത്വ ഭീകരർ ജീവനോടെ ചുട്ടെരിച്ചു⁸.

കൂടാതെ ഫെബ്രുവരി 27,28 ദിവസങ്ങളിലായി മുസ്‌ലിംകളുടെ കച്ചവട സ്ഥാപനങ്ങൾ, പള്ളികൾ, ഫാക്ടറികൾ ഉൾപ്പടെയുള്ള സ്വത്ത്‌ വകകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഏകദേശം 20 കോടിയോളം രൂപയുടെ നഷ്ടം വരുത്തിയതായി കണക്കാക്കപ്പെടുന്നു. ഇതൊക്കെയും പിന്നീട് ഹിന്ദു-മുസ്‌ലിം  സംഘർഷം എന്ന നിലയിലാണ് രേഖപ്പെടുത്തിയത്.

അന്ന് വൈകിട്ട് 5:30 ഓടെ കർഫ്യൂവിന്റെ സമയത്ത് സിഗ്നൽ ഫാലിയ നിവാസികൾ ഉൾപ്പെടെയുള്ള ഗോദ്രയിലെ മുസ്‌ലിംകളുടെ നാൽപതോളം കടകളും മറ്റും ജില്ലാ ഭരണകൂടം  സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചു തകർത്തിരുന്നു. എന്തുകൊണ്ടാണ് ഈ സമയം തന്നെ, ഒരു സമുദായത്തിന് മാത്രം വലിയ സാമ്പത്തിക നഷ്ടം വരുത്തിയ ഇത്തരം പ്രവർത്തിക്ക് ഭരണകൂടം മുതിർന്നത് എന്ന് കൺസേൻഡ് സിറ്റിസൺ ട്രിബൂണൽ⁹ (സി.സി.ടി) സമർപ്പിച്ച റിപ്പോർട്ടിൽ ചോദിക്കുന്നുണ്ട്.

കർസേവകരുടെ അയോധ്യ യാത്ര

യാഗത്തിനായി 3 ബാച്ചുകളായിട്ടാണ് ഗുജറാത്തിൽ നിന്നും കർസേവകർ പുറപ്പെട്ടത്. ഗുജറാത്ത്  സ്റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോ (എസ്.ഐ.ബി) യു.പി പോലീസിന് നൽകിയ വിവരം അനുസരിച്ച്,

  1. ദിലീപ് ത്രിവേദിയുടെയും കും മലാബെൻ റാവലിന്റെയും നേതൃത്വത്തിൽ 2800 പേർ ഫെബ്രുവരി 22 ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ടു.
  2. വിജയ് പ്രമാണി, ഹരേഷ്ഭായ് ഭട്ട്, ഖേംരാജ്ഭായ് ദേശായി എന്നിവരുടെ നേതൃത്വത്തിൽ 1,900 പേർ ഫെബ്രുവരി 24 ന് വഡോദരയിൽ നിന്ന് പുറപ്പെട്ടു.
  3. ഫെബ്രുവരി 26 ന് നരേന്ദ്രഭായ് വ്യാസിന്റെ നേതൃത്വത്തിൽ 1,500 വി.എച്ച്.പി, ബജ്റംഗ്ദൾ, ദുർഗ്ഗ വാഹിനി പ്രവർത്തകർ അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ടു¹⁰.

കർസേവകരുമായി ഈ ട്രെയിനുകൾ എല്ലാം തന്നെ രാത്രി സമയങ്ങളിലാണ് ഗോദ്ര സ്റ്റേഷൻ കടന്നു പോയത്. അപ്പോഴൊന്നും ഗോദ്രയിൽ നിന്നും എന്തെങ്കിലും സുരക്ഷ പ്രശ്നങ്ങളോ ഭീഷണികളോ അവർ നേരിട്ടിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല അയോധ്യയിൽ നിന്നുള്ള ഇവരുടെ മടക്ക യാത്രയെ കുറിച് വി.എച്ച്.പിക്ക് അല്ലാതെ മറ്റാർക്കും അറിവുണ്ടായിരുന്നില്ല.

ഗുജറാത്ത് എസ്‌.ഐ‌.ബി അയോദ്ധ്യയിലേക്കുള്ള യാത്ര മാർഗേ കർസേവകർ നടത്തിയ വർഗീയ സംഘട്ടനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇവരുടെ മടക്ക യാത്രയെ സംബന്ധിച്ച വിവരങ്ങളോ യാത്ര മാർഗേയുള്ള കർസേവകരുടെ വിദ്വേഷ സംഘട്ടനങ്ങളെ കുറിച്ചോ യാതൊരു വിവരവും കേന്ദ്ര/ഉത്തർ പ്രദേശ് ഇന്റലിജൻസിൽ നിന്നും എസ്.ഐ.ബി യ്ക്ക് ലഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സെൻട്രൽ ഇന്റലിജൻസിൽ നിന്നും  ഒരു കത്ത് എസ്.ഐ.ബി യ്ക്ക് കിട്ടിയത് ഗോദ്ര ദുരന്തത്തിന്  ഒരു ദിവസത്തിന് ശേഷം 28-2-2002 നു ആണ്. 

ഗുജറാത്ത്‌ സർക്കാർ-പോലീസ് ഭാഷ്യം

ഫെബ്രുവരി 27 വൈകിട്ട് തന്നെ ഗുജറാത്തിലെ  പ്രാദേശിക മാധ്യമങ്ങൾ ഗോദ്ര ദുരന്തത്തിന് പിന്നിൽ സിഗ്നൽ ഫാലിയയിൽ താമസിക്കുന്ന ഗഞ്ചി മുസ്‌ലിംകളാണ് എന്ന് വാർത്ത പടർത്തി. അത് തന്നെ ആയിരുന്നു ഗുജറാത്ത്‌ പോലീസിന്റെയും കണ്ടെത്തൽ. ഗോദ്ര ദുരന്തത്തിന്റെ ആദ്യ ചാർജ് ഷീറ്റ് സമർപ്പിച്ചത് 2002 മെയ്‌ 22 ന് ഡി.വൈ.എസ്.പി കെ.സി ബാവ ആയിരുന്നു. ആദ്യം അമ്പതോളം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. എങ്കിലും ചാർജ് ഷീറ്റിൽ ആസൂത്രിതം എന്ന് ചേർത്തിരുന്നില്ല. പിന്നീട് അന്വേഷണത്തിന്റെ ഗതി മാറി.

 

എസ്.ഐ.ടി അന്വേഷണം ഏറ്റെടുക്കുന്നു

2002 മെയ്‌ 27 ന്, നരേന്ദ്ര മോദി സർക്കാർ സീനിയർ ഐ.പി.എസ് ഓഫീസർ രാകേഷ് അസ്‌താനയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ അന്വേഷണം ഏല്പിച്ചു. എ.സി.പി നോയൽ പാർമർ ആയിരുന്നു ഇൻവെസ്റ്റിഗേഷൻ ഓഫീസർ. പാർമർ തികഞ്ഞ ഹിന്ദുത്വ വാദിയായിരുന്നു. മോദിയുടെ പ്രസ്താവന ശെരിയാണെന്ന് വരുത്തി തീർക്കാൻ തീവ്രശ്രമം നടത്തുകയാണ് എസ്‌.ഐ.ടി ചെയ്തത്. അതിനായി ധാരാളം ആളുകളെ അറസ്റ്റ് ചെയ്തു. ഓരോ പുതിയ അറസ്റ്റിലും ഓരോ പുതിയ കുറ്റപത്രം സമർപ്പിക്കുമ്പോഴും ഗോദ്ര ദുരന്തത്തെ കുറിച് എസ്.ഐ.ടി മെനഞ്ഞ കഥകൾ മാറിക്കൊണ്ടേയിരുന്നു.

ഗോദ്ര ദുരന്തം ആസൂത്രിതമാണെന്നും സിഗ്നൽ ഫാലിയയിലെ ഏകദേശം രണ്ടായിരത്തോളം വരുന്ന മുസ്‌ലിംകൾ ട്രെയിനിലെ S6 ബോഗി വളയുകയും മണ്ണെണ്ണയിൽ മുക്കിയ/മണ്ണെണ്ണ നിറച്ച തുണി പന്തങ്ങളും കുപ്പികളും അകത്തേക്ക് കത്തിച്ചെറിഞ്ഞ് കൊണ്ട് കോച്ചിന് തീ വെക്കുകയും ചെയ്തു എന്ന് അവർ ആരോപിച്ചു. അതിന് ബലം നൽകുന്നതിന് പോലീസ് ഒമ്പത് വി.എച്ച്.പി പ്രവർത്തകരെ വ്യാജ സാക്ഷികളായി ചേർത്തു. രണ്ടായിരത്തോളം മുസ്‌ലിംകൾ കൂട്ടമായി ട്രെയിൻ കത്തിക്കുന്നത് തങ്ങൾ കണ്ടതായി അവർ സാക്ഷി പറഞ്ഞു. അവർ ഓരോരുത്തരും  നാല് മുസ്‌ലിംകളുടെ പേരുകൾ വീതം പറഞ്ഞു. ഇവരുടെ മൊഴി പ്രകാരമാണ് 36 പേരെ അറസ്റ്റ് ചെയ്തത്.

മണ്ണെണ്ണയിൽ നിന്നും പെട്രോളിലേക്ക്

ദുരന്തം നടന്ന ദിവസം സ്വാഭാവിക അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷന് സമീപമുള്ള രണ്ടു പെട്രോൾ പമ്പുകൾ പോലീസ് സീൽ ചെയ്തിരുന്നു. അതിൽ ഒന്ന് അസ്ഗറലി ഖുർബാൻ ഹുസൈൻ (കാലാഭായി) എന്ന ആളുടേതും മറ്റൊന്ന് എം.എച്ച് &എ പട്ടേലിന്റേതുമായിരുന്നു.

അന്ന് തന്നെ (27 മാർച്ച്‌) ഉച്ചയ്ക്ക് ഒരു മണിക്കും 3 മണിക്കും ഇടയിലും അടുത്ത ദിവസം വൈകുന്നേരം 5.45  നും 7.35 നും ഇടയിലുമായി S6 കോച്ചിന്റെ ഒമ്പത് ക്യൂബിക്കുകളിൽ നിന്നും ടോയ്‌ലെറ്റിൽ നിന്നും കത്തിയ വസ്തുക്കളുടെ സാമ്പിളുകളും   468/36ാം നമ്പർ ഇലക്ട്രിക് പോസ്റ്റിനു അമ്പത് അടി അകലെയുള്ള സിമന്റ്‌ ബെഞ്ചിൽ നിന്ന് കണ്ടെത്തി എന്ന് പറയപ്പെടുന്ന മൂന്നു ക്യാനുകളും  ഫോറെൻസിക്കിനു (FSL) അയച്ചിരുന്നു. അടുത്ത മാസം മാർച്ച്‌ 20 നു റിപ്പോർട്ട്‌ (FSL/EE/2002/c/287) വന്നപ്പോൾ അതിൽ, അയച്ച 48 സാമ്പിളുകളിൽ 25 സാമ്പിളുകളിലും പുറത്തു നിന്ന് ലഭിച്ച രണ്ടു ക്യാനുകളിലും പെട്രോളിന്റെ അംശം കണ്ടെത്തിയതായി രേഖപെടുത്തിയിരുന്നു¹¹. ഇതിൽ പ്രധാനപ്പെട്ട ഒരു വസ്തുത ഈ ക്യാനുകളിലെ പെട്രോൾ, ദുരന്തത്തിന് തൊട്ട് പിന്നാലെ പ്രതികാരമന്യേ കർസേവകർ ഗോദ്രയിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഒരു ഓട്ടോ ഗാരേജ് കത്തിക്കാൻ ഉപയോഗിച്ചതായിരുന്നു. അതിനടുത്ത് നിന്ന് തന്നെയായിരുന്നു അവ ലഭിച്ചതും. അത് പോലെ മുഖ്യമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന ആഭ്യന്തര മന്ത്രി ഗോർധൻ സദാഫിയ, വിശ്വഹിന്ദു പരിഷത്ത് നേതാവ് ഡോ. ജയ്ദീപ് പട്ടേൽ, മാധ്യമപ്രവർത്തകർ, വി.എച്ച്.പി പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ എഫ്‌.ഐ.ആർ ഫയൽ ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും മുമ്പ് കമ്പാർട്ടുമെന്റിനുള്ളിൽ പ്രവേശിച്ചിരുന്നു. അതിനാൽ തന്നെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളും തെളിവുകളും വിശ്വാസയോഗ്യമായിരുന്നില്ല. ജസ്റ്റിസ്‌ വി.ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എത്തുമ്പോഴേക്കും യാത്രയിൽ കർസേവകർ കൈവശം വെച്ചിരുന്ന പാചക സ്റ്റൗ പോലെയുള്ള പ്രധാന തെളിവുകൾ  ട്രെയിനുള്ളിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു¹².

കൂടാതെ ദുരന്തമുണ്ടായ ഉടൻ നടന്ന ആദ്യ ഘട്ട അന്വേഷണത്തിൽ കാലഭായിയുടെ പെട്രോൾ പമ്പിലെ ജീവനക്കാർ, അവിടെ നിന്ന് ആരും പെട്രോൾ ലൂസായി വാങ്ങിയിട്ടില്ല എന്ന് മൊഴി നൽകിയിരുന്നു (പിന്നീട് മൊഴി മാറ്റുകയുണ്ടായി). മാത്രമല്ല  കത്തിയ വസ്തുക്കളുടെയും, കാലാ ഭായിയുടെയും പട്ടേലിന്റെയും പെട്രോൾ പമ്പുകളിൽ നിന്നും ശേഖരിച്ച പെട്രോളിന്റെയും ഡീസലിന്റെയും സാമ്പിളുകളും  വീണ്ടും  ഫോറെൻസിക്കിന്‌ അയച്ചപ്പോൾ ട്രെയിനുള്ളിൽ നിന്നുള്ള സാമ്പിളുകളിൽ പെട്രോളിന്റെ അംശം ഉണ്ടായിരുന്നില്ല എന്നും  പമ്പുകളിൽ നിന്നുള്ള പെട്രോൾ സാമ്പിളുകൾ  ആദ്യം ട്രെയിനിൽ നിന്ന് കിട്ടിയ  (മാർച്ച്‌ 20) പെട്രോൾ ഹൈഡ്രോകാർബണുകളുമായി സാമ്യമില്ല എന്നുമാണ് എഫ്.എസ്.എൽ റിപ്പോർട്ട്‌ ചെയ്‍തത്.

അതിനാൽ ആദ്യം മണ്ണെണ്ണ ആണ് കത്തിക്കാൻ ഉപയോഗിച്ച ഇന്ധനം എന്ന് പോലീസ് രേഖപ്പെടുത്തി. അന്ന് മുതൽ ക്യാബിൻ A യ്ക്ക് സമീപത്തു നിന്നും ഓഫീസർ ബാവ മണ്ണെണ്ണ അടങ്ങിയ ക്യാനുകൾ കണ്ടെത്താൻ തുടങ്ങിയിരുന്നു. പിന്നീടാണ്  കത്തിക്കാൻ ഉപയോഗിച്ച ഇന്ധനം പെട്രോൾ ആണെന്നും  ട്രെയിനിന് അകത്ത് പെട്രോൾ ഒഴിച്ചു തീ വെക്കുകയാണുണ്ടായത് എന്നുമുള്ള ഗുജറാത്ത്‌ ഫോറെൻസിക് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്  മെയ്‌ 17 നു പുറത്തു വരുന്നത്. മാത്രമല്ല, ഓഫീസർ നോയൽ പാമറിനു കുറച്ചു കൂടി സ്ട്രോങ്ങ്‌ ആയ ഒരു സ്റ്റോറിയും ആവശ്യമായിരുന്നു. ശേഷം ഗൂഢാലോചനയോടൊപ്പം പുതിയ കണ്ടെത്തൽ കൂടി ചേർത്ത് കൊണ്ടുള്ള എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ട് ഇങ്ങനെ ആയിരുന്നു.

“ഗോദ്രയിലെ മതപണ്ഡിതനായ മൌലവി ഹുസൈൻ ഹാജി ഇബ്രാഹിം ഉമർജിയുടെ നേതൃത്വത്തിൽ അബ്ദുൽ റസാഖ് കുർകർ എന്ന ആളുടെ ഉടമസ്ഥതയിലുള്ള അമൻ ഗസ്റ്റ്‌ ഹൗസിലെ 8ാം നമ്പർ മുറിയിൽ വെച്ച് നടത്തിയ ഗൂഢാലോചന പ്രകാരമാണ് തീ വെപ്പ് നടന്നിട്ടുള്ളത്. അതിനായി തലേ ദിവസം രാത്രി  കാലാഭായിയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിൽ നിന്നും 20 ലിറ്റർ വീതമുള്ള ഏഴ് ക്യാനുകളിൽ (140ലിറ്റർ) പെട്രോൾ വാങ്ങി കുർകറിൻ്റെ വീട്ടിൽ സൂക്ഷിച്ചു. പിറ്റേന്ന് കുർകറിന്റെ നിർദേശ പ്രകാരം മൂന്ന് ആളുകൾ ട്രെയിനിൽ കടക്കുകയും ചെയിൻ വലിക്കുകയും ചെയ്തു. ശേഷം ക്യാനിൽ നിന്നും പെട്രോൾ ട്രെയിനിൽ ഒഴിക്കുകയും അവിടെ തീ കൊളുത്തുകയും ചെയ്തു”. മൗലവി ഉമർജി, കുർകർ എന്നിവരെ കൂടാതെ 7 പ്രമുഖരെ കൂടി പോലീസ് കേസിൽ പ്രതി ചേർത്തിരുന്നു. ഇതിൽ മൗലവി ഉമർജിയെ അറസ്റ്റ് ചെയ്യുന്നത് 6.2.2003 ലാണ്¹³.

ഗോദ്ര മുനിസിപ്പൽ ചെയർമാനും ബി.ജെ.പി യുടെ മുഖ്യ രാഷ്ട്രീയ എതിരാളിയുമായ മുഹമ്മദ്‌ ഹുസൈൻ കലോട്ട, മുനിസിപ്പൽ കൗൺസിലിലെ കോർപറേറ്റർമാരായ ബിലാൽ ഹാജി, ഫാറൂഖ് മുഹമ്മദ് ഭാന, സലിം ഷെയ്ഖ്, അബ്ദുൾ റഹ്മാൻ, അഭിഭാഷകരായ അമീൻ ഹുസൈൻ ഹാത്തില, ഹബീബ് കരിം ശൈഖ് എന്നിവരായിരുന്നു അവർ. കലോട്ടയെ പോലെ ഇവരൊക്കെയും ഓരോ തരത്തിൽ ബി.ജെ.പി സർക്കാറിന്റെ എതിരാളികളിൽ പെട്ടവർ ആയിരുന്നു.

ദുരന്തത്തിന് ആറു മാസങ്ങൾക്ക് ശേഷം പോലീസ് അൻവർ കലന്ദർ, ഇലിയാസ് മുല്ല എന്നീ രണ്ടു മുസ്‌ലിം ചെറുപ്പക്കാരെ ഹാജരാക്കി. തങ്ങളാണ് പുറത്ത് നിന്ന് അലാറം ഡിസ്ക് തിരിച്ചു ട്രെയിൻ നിർത്തിയത് എന്ന് അവർ കുറ്റസമ്മതം നടത്തി. എന്നാൽ പിന്നീട്, കസ്റ്റഡിയിൽ വെച്ചുള്ള ക്രൂരമായ പീഡനം മൂലം കുറ്റസമ്മതം നടത്തിയതാണെന്ന്  കലന്ദർ സമ്മതിക്കുകയുണ്ടായി. ഇതിൽ രസകരമായ മറ്റൊരു വസ്തുത 1995 മുതൽ റയിൽവേ, അലാറം ചെയിൻ പുള്ളിങ് സിസ്റ്റത്തിന്റെ (ACP) ദുരുപയോഗം തടയുന്നതിനായി അതിന്റെ ഘടനയിൽ മാറ്റം വരുത്തിയിരുന്നു.

2002 മുതൽ വിവിധ സംഘടനകളും കമ്മീഷനുകളും ഗോദ്ര ദുരന്തം അന്വേഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി റെയിൽവേ അധികൃതരോട് അഡ്വ. മുകുൽ സിൻഹയുടെ നേതൃത്വത്തിലുള്ള ജൻ സംഘർഷ് മഞ്ച് (ജെ.എസ്.എം) നടത്തിയ അന്വേഷണത്തിൽ സബർമതി എക്സ്പ്രസിന്റെ പതിനെട്ടു കോച്ചുകളിലും പരിഷ്കരിച്ച അലാറം ചെയിൻ സിസ്റ്റം ആണെന്ന് കണ്ടെത്തിയിരുന്നു¹⁴. അതിനാൽ ട്രെയിനിന്റെ വാക്വം ബ്രേക്കുകൾ പുറത്ത് നിന്ന് അലാറം ഡിസ്ക് തിരിക്കുന്നതിലൂടെ പ്രവർത്തനക്ഷമമാക്കാൻ കഴിയുമായിരുന്നില്ല. കോച്ചുകൾക്കുള്ളിൽ നിന്ന് മാത്രമേ എ.സി.പി പ്രവർത്തിപ്പിക്കുവാനും പുറത്ത് നിന്ന്  ശെരിയാക്കുവാനും സാധിക്കൂ. വ്യാജ കുറ്റ സമ്മതം നടപ്പിലാക്കുന്നതിനിടെ ഈ ഫാക്ട് ഗുജറാത്ത്‌ പോലീസ് വിട്ട് പോയിരുന്നു.

കേസിൻ്റെ നാൾവഴികൾ

സംഭവുമായി ബന്ധപ്പെട്ട് മൂന്നു ഒഫൻസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ രണ്ടെണ്ണം രജിസ്റ്റർ ചെയ്തത് ഗോദ്ര റെയിൽവേ പോലീസ് ആണ്. ഒന്നിൽ പരാതിക്കാരൻ എൻജിൻ ഡ്രൈവർ രാജേന്ദ്ര റാവു ജാദവും (CR 9/2002) മറ്റൊന്ന് ഗുജറാത്ത് റെയിൽവേ പോലീസ് എസ്.ഐ മൊഹോബത് സിംഗ് ജാലയുമായിരുന്നു(CR 10/2002). തീ വെപ്പിനോടനുബന്ധിച്ചു ഗോദ്രയിൽ നടന്നു എന്ന് പറയപ്പെടുന്ന സംഘർഷങ്ങളിൽ (CR 66/2002) ടൌൺ പോലീസും കേസ് എടുത്തു¹⁵.

ആകെ 123 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരുടെ മേലും  പ്രിവന്‍ഷന്‍ ഓഫ് ടെററിസം ഓര്‍ഡിനന്‍സ് (POTO) ചുമത്തപ്പെട്ടു. ആരോപണ വിധേയര്‍ക്കുമേല്‍ പോട്ടോ ചുമത്തിയത് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ച് പിന്നീട് പിന്‍വലിച്ചു എങ്കിലും  പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് (POTAA) പ്രാബല്യത്തിൽ വന്നതിനാൽ 2003 ഫെബ്രുവരി 18 ന് കുറ്റാരോപിതർക്ക് മേലെ വീണ്ടും പോട്ട ചുമത്തുകയുണ്ടായി. 94 പേരെ മാത്രമാണ് വിചാരണ ചെയ്തത്. പതിനേഴു പേർ ഒളിവിൽ പോയിരുന്നു. അഞ്ച് പേർ വിചാരണയ്ക്കിടെ മരണപ്പെട്ടു. ഏഴ് പേർ പ്രായപൂർത്തിയാകാത്തവരും  വിചാരണ ചെയ്യപ്പെടാത്തവരുമായിരുന്നു. 2004-ൽ യു.പി.എ സർക്കാർ കുറ്റാരോപിതർക്ക് മേലുള്ള പോട്ട പിൻവലിച്ചിരുന്നു. ഒമ്പത് വർഷത്തെ ജയിൽ വാസത്തിനു ശേഷം 2011 ഫെബ്രുവരിയിൽ 63 പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. ഗോദ്ര ദുരന്തത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് ഗുജറാത്ത്‌ സർക്കാർ കണ്ടെത്തിയ മൗലവി ഉമർജി ഇത്തരത്തിൽ നിരപരാധി എന്ന് കണ്ടു വിട്ടയക്കപ്പെട്ടവരിൽ ഒരാളാണ്¹⁶.

2017 ഒക്ടോബറിൽ ഗുജറാത്ത്‌ ഹൈ കോടതി സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന  പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുകയും ആദ്യം വധ ശിക്ഷ വിധിച്ച പതിനൊന്നു പേരുൾപ്പടെ 31 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു¹⁷. ശേഷം അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിനുള്ളിൽ സ്ഥാപിച്ച റെഗുലർ കോടതിയിലാണ് വിചാരണ നടന്നത്. 2023 ഏപ്രിൽ 21 ന്, ജീവപര്യന്തം തടവിന് ശിക്ഷിച്ചവരിൽ എട്ട് പേർക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, സുപ്രീം കോടതി ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു¹⁸.

(തുടരും)

References:
1.inquiry conducted by UK government.via caravan https://caravanmagazine.in/politics/uk-government-modi-gujarat-2002-riots-report-bbc-documentary
2.via cc and Annexure 2- Page 12, Volume II, CCT, Crimes Against Humanity—Gujarat 2002, para 1.1: also see annexure 7, Volume 1, CCT 
(Report in Jan Morcha, published from Faizabad on February 25, 2002, ഗോദ്ര കൂട്ടക്കൊലയ്ക്കു രണ്ടു ദിവസം മുമ്പ് അയോധ്യയിൽ നിന്നുള്ള സബർമതി എക്സ്പ്രസിന്റെ മടക്ക യാത്രയെ കുറിച്ച് പ്രസിദ്ധീകരിച്ചത്)
3. Dateline Godhra by Jyoti punwani: published by Nirbhay bano andholan (2002 April 1-7)
https://sabrangindia.in/reports/2002-dateline-godhra
4.On the right track to godhra – Setting right the ACP and departure of the train after first ACP
https://www.scribd.com/doc/6306148/On-the-Right-Track-to-Godhra
5. Dateline Godhra by Jyoti punwani page no:13
6. CRIME AGAINST HUMANITY VOLUME II page no:18
7. Communalism combat (March-April  2002 Year 8 )page no:13
8. CRIME AGAINST HUMANITY VOLUME I -Mapping the violence page no:19
9. The Concerned Citizens Tribunal (CCT) headed by the late Justice VR Krishna Iyer, Justice PB Sawant and Justice Hosbet Suresh carried out a detailed investigation into the Gujarat Muslim genocidal carnage (in May 2002) and released a three volume report on November 21-22, 2002.
10. List of date of conspiracy -CJP Page no:2
11. On the right track to godhra -The government’s version of the cause of fire kerosene or petrol??
12. CRIME AGAINST HUMANITY VOLUME II page no:16-(24.6)
13. https://timesofindia.indiatimes.com/city/ahmedabad/umarji-remanded-for-2-more-days/articleshow/37092627.cms
14. Deconstructing Godhra-How did the train stop near the ‘A’ cabin? https://sabrangindia.in/article/deconstructing-godhra
15. Dateline Godhra by Jyoti punwani page no:29
16. https://www.ndtv.com/india-news/godhra-verdict-31-convicted-63-acquitted-448265
17. https://www.indiatoday.in/india/story/godhra-train-burning-gujarat-riots-high-court-verdict-1060592-2017-10-09
18. https://www.indiatoday.in/law/story/godhra-train-carnage-sc-grants-bail-8-convicts-serving-life-imprisonment-2362903-2023-04-21

Related Articles