Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ‘സുരക്ഷിത ഇടം’ ഇപ്പോള്‍ ശ്മശാന ഭൂമിയാണ്

ഗസ്സയിലെ ചില സ്ഥലങ്ങള്‍ സുരക്ഷിതമാണെന്ന ധാരണ കള്ളമാണ്. ഇത് വളരെ അപകടം പിടിച്ച ഒരു നുണയായിരുന്നു, കാരണം ഇത് ധാരാളം ആളുകളെ വീട് വിട്ട് അങ്ങോട്ട് പോകാന്‍ നിര്‍ബന്ധിതരാക്കി. 1.8 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനകം തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഇവരെല്ലാം മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുകയാണ് ചെയ്യുന്നത്.

നിരന്തരമായ ബോംബാക്രമണത്തിന്റെ ഭീകരതയില്‍ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. അപ്പോഴും യുദ്ധം ഉടന്‍ അവസാനിക്കുമെന്ന ചെറിയ പ്രതീക്ഷ ആളുകള്‍ മുറുകെ പിടിക്കുന്നു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍, ഇസ്രായേല്‍ കരയാക്രമണം ആരംഭിക്കുകയും നഗരത്തില്‍ ബോംബാക്രമണം ശക്തമാക്കുകയും ചെയ്തതിന് ശേഷം ആളുകളുടെ ഭയം വര്‍ധിച്ചു. നവംബര്‍ അവസാനത്തോടെയുള്ള ഹ്രസ്വമായ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍, അപ്പോഴാണ് യുദ്ധം പെട്ടെന്ന് പുനരാരംഭിച്ചത്. വെടിനിര്‍ത്തലിന് പിന്നാലെ ഖാന്‍ യൂനിസില്‍ തീവ്രമായ ബോംബാക്രമണമാണ് ഉണ്ടായത്. ഖാന്‍ യൂനിസില്‍ എല്ലായിടത്തും ആളുകള്‍ മരിച്ചുവീണു. എല്ലായിടത്തും രക്തസാക്ഷികള്‍ ഉണ്ടായി. അന്തരീക്ഷത്തിലെങ്ങും മിസൈലുകള്‍, ആംബുലന്‍സിന്റെ ശബ്ദം നിലച്ച സമയമുണ്ടായില്ല. നഗരത്തിന് പെട്ടെന്ന് തീപിടിച്ചതുപോലെ.

കിഴക്കന്‍ മേഖലയിലെ ആളുകളോട് ഉടന്‍ വീടുവിട്ടുപോകാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടു. അതിനര്‍ത്ഥം ഇതിനകം നിറഞ്ഞുകവിഞ്ഞ സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കും താമസം മാറുക എന്നതാണ്. താമസിക്കാന്‍ ഒരിടവും കിട്ടാത്ത ആളുകള്‍ ഇതിനകം തെരുവിലാണ് കഴിയുന്നത്.

പേടിസ്വപ്നം

യുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങളില്‍, ഖാന്‍ യൂനിസിനെ ഇസ്രായേല്‍ ഒരു സുരക്ഷിത മേഖലയായാണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇവിടെയുള്ള എല്ലാവരും അവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്ന ഒരു പേടിസ്വപ്നത്തിലൂടെയാണ് കടന്നുപോകുന്നത്.

‘കുറച്ചു ദിവസമെങ്കിലും യുദ്ധവിമാനങ്ങളുടെയും ഡ്രോണുകളുടെയും ശബ്ദം കേള്‍ക്കാതെ ശ്വസിക്കാനും ഉറങ്ങാനും കഴിയുമെന്നാണ് വെടിനിര്‍ത്തലിന്റെ തുടക്കത്തില്‍ ഞങ്ങള്‍ക്ക് തോന്നിയത്,” ഖാന്‍ യൂനിസിന് കിഴക്ക് അല്‍ ഖരാറയില്‍ നിന്നുള്ള മറിയം അല്‍ സെയ്ദ് പറഞ്ഞു.

‘എന്റെ മൂന്ന് മക്കള്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിഞ്ഞു, ഭയം കൂടാതെ തെരുവിലേക്കിറങ്ങാന്‍ തുടങ്ങി. എന്നാല്‍ യുദ്ധവിരാമത്തിനുശേഷം ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനിസ് നഗരത്തിന് നേരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍, എനിക്ക് നല്ല പേടി തോന്നി. ഞാന്‍ ഏത് നിമിഷവും മരിക്കുമെന്നാണ് വെടിനിര്‍ത്തലിന് ശേഷമുള്ള ആദ്യ ദിവസം രാവിലെ എനിക്ക് തോന്നിയത്. ഞാന്‍ മക്കളെ കെട്ടിപ്പിടിച്ചു ഒരു മുറിയില്‍ ഇരുന്നു. ഞങ്ങള്‍ വീടുവിട്ട് പോകണമെന്നാണ് ഇസ്രായേല്‍ സൈന്യം ആവശ്യപ്പെടുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നത് ഞാന്‍ കേട്ടു.

ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഇക്കാര്യം സംസാരിച്ചു, നമ്മള്‍ എങ്ങോട്ട് പോകാനാണ്? ഞമ്മള്‍ ഇന്ന് രാത്രി ഈ വീട്ടില്‍ തന്നെ ഉറങ്ങാം നാളെ രാവിലെ വേറെ എവിടെയെങ്കിലും പോകാന്‍ നോക്കാം. ‘അത് വളരെ ബുദ്ധിമുട്ടേറിയ ഒരു രാത്രിയായിരുന്നു,” മറിയം അല്‍ സെയ്ദ് പറഞ്ഞു.

‘ഞങ്ങള്‍ക്ക് ചുറ്റും അരങ്ങേറിയ ബോംബാക്രമണം ഒരു നിമിഷം പോലും ഇടവേളയുണ്ടായിരുന്നില്ല. ഫലസ്തീന്‍ പോരാളികളുമായി സൈന്യം ഏറ്റുമുട്ടുന്നതിന്റെ ശബ്ദം ഞാന്‍ കേട്ടു. ഖാന്‍ യൂനിസ് നഗരത്തിലേക്ക് ഇസ്രായേല്‍ സൈന്യം ടാങ്കുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി.

രാത്രിയുടെ മണിക്കൂറുകള്‍ മന്ദഗതിയില്‍ കടന്നുപോകുന്നതുവരെ ഞാന്‍ എന്റെ കുട്ടികളെ ആശ്വസിപ്പിക്കാനും ബോംബാക്രമണത്തിന്റെ ശബ്ദത്തില്‍ നിന്ന് അവരെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തി. രാവിലെയായപ്പോള്‍,ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള തന്റെ ബന്ധുവിന്റെയുടുത്ത് എന്റെ ഭര്‍ത്താവ് ഒരു സ്ഥലം കണ്ടെത്തി. പോകാന്‍ തയ്യാറാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. അങ്ങിനെ ഞങ്ങള്‍ അവിടേക്ക് ലക്ഷ്യമാക്കി പുറപ്പെട്ടു. ഞങ്ങള്‍ പുറപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രായേല്‍ ടാങ്കുകള്‍ ഖാന്‍ യൂനിസ് നഗരത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയെന്ന് ഞങ്ങള്‍ മനസ്സിലാക്കി.

ഖാന്‍ യൂനിസിന് കിഴക്കുള്ള പ്രദേശങ്ങള്‍ ഒഴിപ്പിക്കാനുള്ള ഉത്തരവിന് പിന്നാലെ കൂടുതല്‍ ഉത്തരവുകള്‍ വന്നു. വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഖാന്‍ യൂനിസ് നഗരത്തിലെ ആളുകളോട് അവരുടെ വീടുകള്‍ വിട്ടുപോകാന്‍ ഇസ്രായേല്‍ ഉത്തരവിട്ടു. ഖാന്‍ യൂനിസ് വിട്ടുപോകുന്നവര്‍ തങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന സാധനങ്ങള്‍ തോളില്‍ ചുമക്കേണ്ടി വന്നു. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. ശുദ്ധജലം തീരെ കുറവായതിനാല്‍ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും വര്‍ധിച്ചു.

ഗസ്സയിലെ ഏറ്റവും പുതിയ ഹൗസിംഗ് കേന്ദ്രങ്ങളിലൊന്നായ ഹമദ് സിറ്റിയിലെ താമസക്കാരോടും ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ ഉത്തരവിട്ടു. ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ക്ക് പിന്നാലെ ഇസ്രായേല്‍ ആ പ്രദേശത്ത് ബോംബാക്രമണം നടത്തി.

ആറ് ടവറുകള്‍ തകര്‍ന്ന് നിലംപതിക്കുന്ന ദൃശ്യം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ഹമദ് സിറ്റിയില്‍ താമസിച്ചിരുന്ന യാസര്‍ ഫാരിസ് പറഞ്ഞു. ‘ബോംബ് സ്ഫോടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നഗരത്തില്‍ അധികം ആളുകള്‍ അവശേഷിച്ചിരുന്നില്ല. ഞങ്ങള്‍ എല്ലാവരും എങ്ങോട്ടെങ്കിലും അഭയം തേടി പുറപ്പെട്ടു. യാസര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ചിലര്‍ ഖാന്‍ യൂനിസിന്റെ പടിഞ്ഞാറുള്ള അല്‍-മവാസിയിലേക്ക് പോയി. അവര്‍ അവിടെ ഒരു ടെന്റ് പണിതു.

‘ബോംബാക്രമണത്തില്‍ ഞങ്ങള്‍ കൊല്ലപ്പെട്ടില്ലെങ്കില്‍, അതിശൈത്യം, വിശപ്പ്, ദാഹം എന്നിവയാല്‍ ഞങ്ങള്‍ മരിക്കും, ഞങ്ങള്‍ക്ക് മറ്റെവിടെയും അഭയം ഇല്ല. ഇത്രയും വൃത്തികെട്ടതും അക്രമാസക്തവുമായ ഒരു യുദ്ധത്തെ നേരിടാന്‍ ഗസ്സയ്ക്ക് കഴിയില്ല. മാറ്റിപ്പാര്‍പ്പിച്ച ആയിരക്കണക്കിന് ആളുകള്‍ ഈ സ്‌കൂളിലുണ്ട്’ അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യു.എ) നടത്തുന്ന സ്‌കൂളിലാണ് യാസര്‍ ഫാരിസും കുടുംബവും അഭയം തേടിയത്.

‘ഞങ്ങള്‍ക്ക് ഉറങ്ങാനോ വിശ്രമിക്കാനോ കഴിയില്ല. എന്നാല്‍ ഈ ദാരുണമായ സാഹചര്യം അംഗീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഒരിടത്തും സുരക്ഷിതമല്ലെങ്കിലും കുട്ടികളുടെ സുരക്ഷയ്ക്കായി ഞങ്ങള്‍ എന്തും ചെയ്യും. ‘സുരക്ഷിത തെക്ക്’ ഇന്ന് നമ്മുടെ ശ്മശാനമായി മാറിയിരിക്കുന്നു.’

 

വിവ: പി.കെ സഹീര്‍ അഹ്‌മദ്

അവലംബം: electronicintifada.net

Related Articles