Current Date

Search
Close this search box.
Search
Close this search box.

ബോസ്നിയ മുതൽ ഉക്രൈൻ വരെ

1992 മാർച്ച് 5ന് വെടിയൊച്ചകളും ബോംബേറും കേട്ടായിരുന്നു ഐഡ രാവിലെ എഴുന്നേറ്റത്. വിർബാന്യ പാലത്തിൽ പ്രതിഷേധിച്ച് കൊണ്ടിരുന്ന രണ്ട് സ്ത്രീകൾക്ക് നേരെ വെടിയുതിർത്ത സെർബിയൻ പോലീസ് പ്രശസ്തമായ ഹോളിഡേ ഹോട്ടലിന് നേരെ വെടിയുതിർക്കാനും മടിച്ചില്ല. തന്റെ വൈദ്യപഠന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇഷ്ടനഗരമായ സർജാവോയിൽ നിന്ന് ജർമ്മനിയിലേക്ക് രക്ഷപ്പെടുകയെല്ലാതെ മറ്റൊരു മാർഗവും ഐഡക്ക് മുന്നിലുണ്ടായിരുന്നില്ല. അപ്പോഴേക്കും സെർബിയൻ അധിനിവേശം തുടങ്ങിക്കഴിഞ്ഞിരുന്നു. 1992 ഫെബ്രുവരി മുതൽ 1996വരെ നീണ്ടുനിന്ന സെർജാവോ ഉപരോധത്തിൽ ഐഡ അനുഭവിച്ച ആഘാതം ഇന്ന് ഉക്രൈനിലും ആവർത്തിച്ച് കൊണ്ടിരിക്കുകയാണ്.

ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം സെർജാവോയിലെ തുർക്കിഷ് എംബസ്സിയിൽ ഉദ്യോഗസ്ഥയായി ജോലി നോക്കുമ്പോൾ യുദ്ധം വരുത്തിതീർത്ത പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് എനിക്ക് വ്യക്തമായി കാണാം. യുദ്ധത്തിന്റെ മുറിപ്പാടുകൾ അവശേഷിക്കാത്ത കെട്ടിടങ്ങൾ സെർജാവോയിൽ കണ്ടുപിടിക്കുക പ്രയാസമാണ്. രക്തകലുഷിതമായ യുദ്ധം നഗരത്തെ ഒന്നടങ്കം തച്ചുടച്ചിട്ടും അഞ്ച് വർഷങ്ങളാണ് സെർജാവോ എനിക്ക് ആതിഥേയത്വം അരുളിയത്. റിപ്ലബിക്ക് ഓഫ് യുഗസ്ലോവിയയുടെ കലാനഗരമായി പ്രതിഷ്ഠിക്കപ്പെട്ടത് കൊണ്ടാവാം അവിടെ ഇപ്പോഴും ക്രിയാത്മകത നിഴലിച്ച് നിൽക്കുന്നത്.

ഒരു മാധ്യമപ്രവർത്തക എന്നനിലയിൽ അവിടുത്തെ ഊർജരാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടുതന്നെ നിലവിൽ ഉക്രൈനിൽ തുടരുന്ന യുദ്ധം എണ്ണരാഷ്ട്രീയത്തെയും ഊർജ്ജ വിലയേയും എങ്ങനെ ബാധിക്കുമെന്ന വസ്തുതയെ കണ്ടില്ലെന്ന് നടിക്കാനാകില്ല. യുദ്ധ ബാധിത പ്രദേശത്തെ സാധാരണക്കാരുടെ ജീവിതം ക്ലേശപൂർണ്ണമാണെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ.

പൗരന്മാരോട് കുടിയൊഴിയാൻ ആവിശ്യപ്പെടുമ്പോഴും ഇരുപത്തൊന്നാം നൂറ്റാണ്ടിലും നഗരങ്ങൾ ബോംബുകളുപയോഗിച്ച് നശിപ്പിക്കപ്പെടുന്നുവെന്നത് എത്ര അവിശ്യസിനീയമാണ്. സെർജാവോ ഉപരോധത്തിന്റെ മുപ്പത് വർഷങ്ങൾക്കിപ്പുറം ഉക്രൈൻ നഗരങ്ങൾ അതേ വിധി അനുഭവിക്കുന്നത് എത്ര പരിതാപകരമാണ്. യുദ്ധാനന്തരം ബോസ്നിയൻ ജനത ഒരു തലമുറ മുമ്പ് നഗര പുനസ്ഥാപനം നടത്തിയത് പോലെ ഉക്രൈൻ ജനതയും തങ്ങളുടെ നഗരത്തെ പുനർനിർമ്മിക്കേണ്ടിവരുമെന്നതിൽ സംശയമില്ല.

പൗരന്മാർ അനുഭവിക്കുന്ന യാതനകൾക്കിടെയിലും ഉക്രൈനിലെ ബോംബേറും യുദ്ധം എണ്ണവിലയെ ബാധിക്കുന്നതിനെ കുറിച്ചുള്ള ചാനൽ ചർച്ചകളും കാണാനായിരിക്കും നമ്മൾ അതീവ തത്പരരാകുക. ഓരോ മനുഷ്യജീവനും ഇതൾ പറിക്കുന്ന ലാഘവത്തോടെ എടുത്ത് കളയുന്ന മിസൈലും വെടിയുണ്ടകളും റഷ്യൻ ഗാസ് നികുതി ഉപയോഗിച്ച് വിലക്കുവാങ്ങിയതാണ്. പ്രതിദിനം 660 മില്യൺ യൂറോ ആണത്രേ ഇതിന്റെ ഏകദേശ തുക. ഉക്രൈനിലെ അതി ഭീകരമായ അന്തരീക്ഷത്തിന്റെ നേർക്കാഴ്ചയാണിത്. യൂറോപ്യൻ കാലാവസ്ഥ സംഘടനയുടെ സി.ഇ.ഒാ സമീപകാലത്ത് ട്വീറ്റ് ചെയ്തത് കാണുക; നിലവിലുള്ള ക്രയവിക്രയങ്ങൾ നമ്മുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഔരോ ദിവസവും പുടിൻ എഴുന്നൂറ് മില്യൺ ഡോളർ രക്തചൊരിച്ചിലിനായി ചെലവഴിക്കുന്ന പുടിന്റെ നയത്തോടെ നമ്മുടെ സാമ്പത്തിക സ്ഥിതി മുമ്പെങ്ങുമില്ലാത്ത വിധം ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്.

റഷ്യൻ ഗ്യാസ് ഇറക്കുമതി അനുവദിക്കുന്നതോടെ, ഉക്രൈൻ കുഞ്ഞുങ്ങളെ കൊന്നൊടുക്കാനുള്ള സാമ്പത്തിക സഹായം നൽകുകയാണ് യൂറോപ്പ് ചെയ്യുന്നത്. റഷ്യ ഇതിനോടകം 177 ബില്യൺ ക്യുബിക് മീറ്റർ നാച്ചുറൽ ഗ്യാസ് യൂറോപ്യർക്ക് വിറ്റുകഴിഞ്ഞിരിക്കുന്നുവെന്നാണ് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്. കച്ചവട ഇടപാടുകളത്രയും പൈപ് ലൈൻ മുഖേനയാണത്രേ നടന്നിരിക്കുന്നത്. ഇതോടെ ഊർജ്ജത്തിന്റേയും ഫോസ്സിൽ ഇന്ധനത്തിന്റേയും പേരിലുള്ള യുദ്ധമാണിതെന്ന് വ്യക്തമായിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തിനും റഷ്യൻ പ്രസിഡണ്ട് വ്ളാദ്മിർ പുടിനും എതിരെയുള്ള പോരാട്ടത്തിൽ ഏറെ പ്രധാനം റഷ്യൻ ഫോസ്സിൽ ഇന്ധനത്തിൽ നിന്ന് ലോകം പിന്മാറേണ്ടതിന്റെ വ്യക്തമായ സന്ദേശം കൂടി യുദ്ധം മനുഷ്യരാശിക്ക് കൈമാറുന്നുണ്ട്.

യുദ്ധങ്ങളെന്നും ഊർജ്ജ ബന്ധിത സാമ്പത്തിക സ്ഥിതിയെ മോശമായി പുനക്രമീകരിച്ചിട്ടേയുള്ളൂ. യുദ്ധാനന്തരം ബോസ്നിയൻ ജനത കൽക്കരി ഉപയോഗിക്കാൻ നിർബന്ധിപ്പിക്കപ്പെട്ടത് തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണവും. ബോസ്നിയൻ യുദ്ധശേഷം ഉടലെടുത്ത സാമ്പത്തിക മാന്ദ്യം കാരണം ബോസ്നിയ-ഹെർസെഗോവിനയിലെ രാഷ്ട്ര ഉടമസ്ഥതയിലുണ്ടായിരുന്ന എലക്ട്രോപ്രിവിഡയുടെ തൂസ്ലയിലെ തെർമ്മൽ പവർ പ്ലാന്റിന്റെ രണ്ട് യൂനിറ്റുകൾ നിർബന്ധപൂർവ്വം അടച്ചിടുകയുണ്ടായി. കഴിഞ്ഞ വർഷമാണ് സർക്കാർ വേണ്ട രീതിയിൽ പരിഗണന നൽകുന്നില്ലെന്നതിന്റെ പേരിൽ കൽക്കരി ഖനിതൊഴിലാളികൾ പ്രക്ഷോഭത്തിലേർപ്പെട്ടത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ അവർക്ക് അർഹമായ വേതനം ലഭിച്ചിരുന്നില്ല. സുസ്ഥിരമായ ഊർജ്ജ സംഭരണി ലഭ്യമാകാത്ത ഭാവി ഉക്രൈൻ ജനതയെ വേട്ടയാടുന്ന കാലം അതിവിദൂരമല്ല. മൂന്ന് ദശകങ്ങൾക്ക് മുമ്പ് ബൽക്കാൻ ജനത കഷ്ടപ്പെട്ടത് പോലെ സമാനമായ വിധി ഉക്രൈനെ അകാലത്തിൽ പിടികൂടുമെന്ന് നിസ്സംശയം പറയാം.

വിവ- ആമിർ ഷെഫിൻ

Related Articles