Current Date

Search
Close this search box.
Search
Close this search box.

‘ഇന്ത്യ’ക്ക് രാഷ്ട്രീയ സന്ദേശമായ അഞ്ച് സംസ്ഥാന തെരെഞ്ഞടുപ്പുകൾ

അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പു ഫലം വന്നതോടെ 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് സംബന്ധിച്ചും അതിനായി രൂപവത്കരിക്കപ്പെട്ട പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാവിയെപ്പറ്റിയുമുള്ള ചർച്ചകൾ ഉയർന്നു വരികയാണ്. ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുന്ന സമയത്തെ നിയമസഭാ തെരെഞ്ഞെടുപ്പുകൾ തീർച്ചയായും അതിനെ സ്വാധീനിക്കാൻ സാധ്യയുള്ളതുമാണ്.

എന്താണ് ഈ സംസ്ഥാനങ്ങളിൽ സംഭവിച്ചത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാൻ, ഛത്തിസ്ഗഢ്, ബിജെ.പി ഭരിച്ചിരുന്ന മധ്യപ്രദേശ്, ഭാരതീയ രാഷ്ട്രീയ സമിതി ഭരിച്ചിരുന്ന തെലങ്കാന, മിസോ നാഷണൽ ഫ്രണ്ട് ഭരിച്ചിരുന്ന മിസോറാം എന്നിങ്ങനെ 5 സംസ്ഥാനങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബി.ജെ.പി മധ്യപ്രദേശ് നില നിർത്തുകയും രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. കോൺഗ്രസാകട്ടെ തെലങ്കാന പിടിച്ചെടുത്തു. മിസോറാമിൽ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി  മുൻ കോൺഗ്രസ് നേതാവായിരുന്ന ലാൽഡുഹോമയുടെ നേതൃത്വത്തിലുള്ള സോറം പിപ്പിൾസ് മൂവ്മെൻ്റ് (ZPM) എന്ന പ്രാദേശിക രാഷ്ട്രീയ പാർട്ടി അധികാരം പിടിച്ചെടുത്തു.

ഒറ്റ നോട്ടത്തിൽ ബി.ജെ.പിക്ക് തിളക്കമാർന്ന ജയം തന്നെയാണ് ലഭിച്ചതെന്ന് മനസ്സിലാക്കാനാകും. കോൺഗ്രസിന് തിരിച്ചടി ലഭിച്ചു. എന്നാൽ തെലങ്കാനയിൽ ഏതാണ്ട് മരിച്ചു എന്നു കരുതിയ കോൺഗ്രസ് ശവക്കുഴിയിൽ നിന്ന് എഴുന്നേറ്റ വന്നു എന്ന വണ്ണം നേടിയ വിജയം അത്ര ചെറുതായി കാണേണ്ട കാര്യവുമല്ല.

രാജ്യത്തെ മോദി പ്രഭാവം എത്രമാത്രം ശക്തമാണ് എന്നതു കൂടി മാറ്റുരച്ച് നോക്കുന്ന ഒന്നാണ് ഈ തെരെഞ്ഞെടുപ്പ്. ആകെ തെരെഞ്ഞെടുപ്പ് നടന്നത് 678 സീറ്റുകളാണ്. രാജസ്ഥാനിലെ 199 സീറ്റുകളിൽ 115 ഉം (41.69% വോട്ട്) മധ്യപ്രദേശിലെ 230 സീറ്റുകളിൽ 163 ഉം (48.55% വോട്ട്) ഛത്തിസ്ഗഡിലെ 35ഉം (42.23% വോട്ട്) തെലങ്കാനയിലെ 119 സീറ്റുകളിൽ 8 സീറ്റും (13.9%  വോട്ടും ) മിസോറാമിലെ 40 സീറ്റുകളിൽ 2 ഉം (5.06% വോട്ട്) ആണ് ബി.ജെ.പി കരസ്ഥമാക്കിയത്, അതായത് ആകെ 342 സീറ്റുകൾ. കോൺഗ്രസിനാകട്ടെ, രാജസ്ഥാനിൽ 69  സീറ്റും (39.53% വോട്ട്) മധ്യപ്രദേശിൽ 66 ഉം (40.04% വോട്ട്) ഛത്തിസ്ഗഡിൽ 35 ഉം  (46.27% വോട്ട്) തെലങ്കാനയിൽ 64 ഉം (39.40%  വോട്ട് ) മിസോറാമിലെ 40 സീറ്റുകളിൽ 2 ഉം (20.82% വോട്ട്) ആണ് കരസ്ഥമാക്കാൻ കഴിഞ്ഞത്. അതായത് ആകെ 235 സീറ്റുകൾ. 

ബി.ആർ.സും മിസോറാമിലെ രണ്ട് പ്രാദേശിക പാർട്ടികളും ഒഴികെ മറ്റ് ദേശീയ-പ്രാദേശിക പാർട്ടികൾക്കൊന്നും കാര്യമായ സ്വാധീനം നേടാനായില്ല. തെലങ്കാനയിൽ കോൺഗ്രസ് സഖ്യത്തിലായിരുന്ന സി.പി.ഐ ഒരു സീറ്റിൽ വിജയിച്ചു. രാജസ്ഥാനിൽ നിലവിലുള്ള രണ്ട് സീറ്റും സിപിഐ(എം) ന് നഷ്ടപ്പെട്ടു. ഒരിടത്തും ഒരു ശതമാനം പോലും വോട്ട് നേടാനായില്ല. 2018 ൽ 434,210 വോട്ട് രാജസ്ഥാനിൽ നേടിയ സിപിഎം ഇക്കുറി 382,378 വോട്ടുകളിലേക്ക് ചുരുങ്ങി. മധ്യപ്രദേശിൽ രണ്ട് സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ട ബി.എസ്പി യ്ക്ക് രാജസ്ഥാനിലെ 6 സീറ്റുകൾ എന്നത് രണ്ടായി കുറഞ്ഞു. മിസോറാം മാറ്റി നിർത്തിയാൽ ചെറുകക്ഷികളിൽ ഒവൈസിയുടെ എ.ഐ.എം.എ.എം മാത്രം കഴിഞ്ഞ തവണ വിജയിച്ച 7 സീറ്റുകൾ അതേപടി നിലനിർത്തി ഹൈദരാബാദിലെ തങ്ങളുടെ ശക്തിയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് ഉറപ്പിച്ചു.

ഈ തെരെഞ്ഞെടുപ്പ് രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതാണ്. ആകെ വോട്ടിൻ്റെ എണ്ണം പരിശോധിച്ചാൽ ബി.ജെ.പി 48168987 വോട്ടുകളും കോൺഗ്രസ് 49224020 വോട്ടുകളുമാണ് നേടിയത്. ബി.ജെ.പി നേടിയതിനേക്കാൾ 1055033 വോട്ട് കൂടുതൽ കോൺഗ്രസിന് ലഭിച്ചു എന്നർത്ഥം. കോൺഗ്രസിനെ സംബന്ധിച്ച് ആകെ തകർന്നു എന്ന സന്ദേശമല്ല ഈ തെരെഞ്ഞെടുപ്പ് നൽകുന്നത്. പക്ഷേ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലെ രാഷ്ട്രീയ തന്ത്രത്തിൽ കോൺഗ്രസ് അമ്പേ പരാജയപ്പെടുന്നു. നേതൃത്വത്തിന്റെ ഭാവനാ ശൂന്യതയാണ് ഇതിനു കാരണം. (മുകളിൽ പറഞ്ഞ എല്ലാ ഡേറ്റകളും തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ നിന്ന് സ്വരൂപിച്ചതാണ്)

ഓരോ സംസ്ഥാനത്തെയും പരാജയ കാരണം വിലയിരുത്തിയാൽ അത് മനസ്സിലാകും. മധ്യപ്രദേശ് കോൺഗ്രസ് നേടും എന്നുറപ്പിച്ച സംസ്ഥാനമായിരുന്നു. ബി.ജെ.പി സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ഗ്രൂപ്പിസവും ഒക്കെ ബി.ജെ.പിക്ക് പ്രതികൂല ഘടകമാണ്. അതോടെ ബി.ജെ.പി സ്ഥിരം തുറുപ്പ് ചീട്ടായ രാമക്ഷേത്രവും തീവ്രഹിന്ദുത്വയുമായി കളം പിടിച്ചു. കോൺഗ്രസിലും സമാനമായ ഗ്രൂപ്പിസം ഏകീകരിച്ച സ്ട്രാറ്റജിയിലൂടെ മുന്നോട്ട് പോകുന്നതിന് തടസ്സമായിരുന്നു. കമൽനാഥിന്റെ നേതൃത്വത്തിൽ മൃദു ഹിന്ദുത്വയായിരുന്നു കോൺഗ്രസ് എടുത്തിട്ടത്. ദിഗ്വിജയ് സിംഗിനെപ്പോലെ ശക്തമായ മതേതര നിലപാടുള്ള നേതാക്കൾക്ക് യാതൊരു സ്വാധീനവും ചെലുത്താനുള്ള അവസരം നൽകിയില്ല. 

ബി.ജെ.പിയാകട്ടെ സമാന്തരമായി മോദി സർക്കാരിന്റെ വെൽഫെയർ സ്കീമുകളും മറ്റും താഴെ തട്ടിൽ പ്രചരിപ്പിച്ചു. കോൺഗ്രസിന് അടിത്തട്ടിലെ പ്രവർത്തനം ശക്തിപ്പെടുത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ ആരംഭത്തിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത് ബി.എസ്.പി അടക്കമുള്ളവരുടെ പിന്തുണയായിരുന്നു. ഇത്തവണ സമാനമായി അവരെ ചേർത്തു നിർത്താൻ കഴിഞ്ഞില്ല. ഇന്ത്യാ മുന്നണിയിലെ സമാജ്‍വാദി പാർട്ടി, ജെ.ഡി.യു, ഇടത് പാട്ടികൾ എന്നിവരെ സമ്പൂർണമായി അവഗണിച്ചു. ഇതെല്ലാം പരാജയ കാരണമായി.

രാജസ്ഥാനിൽ കോൺഗ്രസ് നേരത്തേ തന്നെ പരാജയം മണത്തതാണ്. എന്നാൽ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും ഉയർത്തിക്കാട്ടാനാകാതെ പ്രതിസന്ധിയിലായിരുന്നു ബി.ജെ.പി. അതോടെ കോൺഗ്രസിന്റെ സാധ്യത തെളിഞ്ഞതാണ്. പക്ഷേ ഇവിടെ മോദിയെയാണ് ബി.ജെ.പി ഐക്കണാക്കിയത്. കോൺഗ്രസാകട്ടെ ദേശീയ വിഷയങ്ങളൊന്നും എടുത്തിട്ടില്ല. എന്നു മാത്രമല്ല അശോക് ഗെഹ്ലോട്ടിൻ്റെ ഭരണ നേട്ടങ്ങൾ മാത്രമാണ് പ്രചരണായുധമാക്കിയത്. സച്ചിൻ പൈലറ്റ്-ഗെഹ്ലോട്ട് ശീത മത്സരം തെരെഞ്ഞെടുപ്പിലെ എല്ലാ ഘട്ടത്തിലും പ്രകടമായിരുന്നു. 

രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള ചെറുകക്ഷികളുണ്ട്. പ്രത്യേകിച്ച് ട്രൈബൽ മേഖലയിൽ ശക്തമായ സ്ഥാധീനമുള്ള ബി.എ.പി, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി , രാഷ്ട്രീയ ലോക്ദൾ തുടങ്ങിയ പാർട്ടികൾ. ഇവരെല്ലാം കോൺഗ്രസുമായി നല്ല ബന്ധമുള്ള പാർട്ടികളാണ്. അവരെ പരിഗണിക്കാൻ കോൺഗ്രസ് തയ്യാറായില്ല. ഇവർക്കെല്ലാം നിയമസഭയിലേക്ക് ഏതാനും സീറ്റുകൾ നേടാനായി. നേരത്തേ രണ്ട് സീറ്റുണ്ടായിരുന്ന സിപിഐ (എം) അടക്കമുള്ള ഇടതു പാർട്ടികൾക്കും ചില സ്വാധീന മേഖലകളുണ്ടായിരുന്നു. ഇന്ത്യാ സഖ്യം സംസ്ഥാനത്ത് ആവശ്യമില്ല എന്ന നിലപാട് കോൺഗ്രസ് എടുത്തതോടെ ഇവരെല്ലാം വേറിട്ട് മത്സരിക്കേണ്ട നിലയെത്തി.  

ഛത്തിസ്ഗഡിലാകട്ടെ കോണഗ്രസിന്റെ സ്ട്രാറ്റജി അമ്പേ പാളി. ഒ.ബി.സി നേതാവും ജനപ്രിയ മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗലിന് തൻ്റെ ജനപ്രീതിയിൽ ജയിച്ചു കയറാം എന്നതായിരുന്നു ചിന്ത. അതേ സമയം ഭരണ വിരുദ്ധ വികാരം മനസ്സിലാക്കാനായില്ല. ബി.ജെ.പി ആകട്ടെ പിന്നാക്ക സമുദായങ്ങളെ തങ്ങളുടെ പിന്നിൽ നിർത്തി രൂപീകരിച്ച സോഷ്യൽ എഞ്ചിനീയറിംഗ് വിജയ ഫോർമുലയാക്കി മാറ്റി. ഇടതു പാർട്ടികൾക്ക് സ്വാധീനമുള്ള ചില മേഖലകളിൽ കോൺഗ്രസും അവരും തമ്മിൽ ധാരണയില്ലാതായത് കോൺഗ്രസിന്റെ തെറ്റായ തെരെഞ്ഞെടുപ്പ് മാനേജ്മെൻ്റുകൊണ്ടാണ്.

ഈ മുന്ന് സംസ്ഥാനങ്ങളിലും വലിയ സ്വാധീനം ചെലുത്തേണ്ടത് ഒ.ബി.സി സമുദായങ്ങളാണ്. ഗോഹ്ലോട്ടും ഭൂപേഷും ആകട്ടെ ഒബി.സിയിൽ നിന്നുയർന്നു വന്ന നേതാക്കളുമാണ്. കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന ജാതി സെൻസസ് ഇവിടെ മുഖ്യ ചർച്ചയാക്കാൻ ഇവർക്കായില്ല. തീവ്ര ഹിന്ദുത്വ പ്രചരണവുമായി ബി.ജെ.പി വന്നതിനെ മൃദു ഹിന്ദുത്വയുമായി പ്രതിരോധിക്കാനിറങ്ങി എന്ന വലിയ അപകടമാണ് കോൺഗ്രസ് ചെയ്തത്. 

തെലങ്കാനയിൽ വ്യത്യസ്തമായ രീതിയാണ് കോൺഗ്രസ് സ്വീകരിച്ചത്. ഏതാണ്ട് ശവക്കുഴിയിലായി എന്ന് കരുതിയ സ്ഥിതിയിലായിരുന്നു ഏതാനും മാസം മുമ്പ് വരെ ഇവിടെ കോൺഗ്രസ്. സംസ്ഥാനം രൂപീകൃതമായ കാലം മുതൽ സർവ്വ ശക്തിയോടെ വാഴുന്ന ചന്ദ്രശേഖര റാവു എന്ന അതികായൻ്റെ നേതൃത്വത്തിലെ ടി.ആർ.എസ് (ഇപ്പോൾ ബി.ആർ.എസ്) തന്നെ മൂന്നാം വട്ടവും അനായാസം അധികാരത്തിലേറും എന്ന നിലയിൽ നിന്നാണ് ഫിനിക്സ് പക്ഷിയെ പോലെ കോൺഗ്രസ് ഉയർത്തെഴുന്നേറ്റത്. 

ഒരു ഘട്ടത്തിൽ ബി.ആർ.എസിന് ബദൽ ജി.ജെ.പി എന്ന നിലയിലേക്ക് ബി.ജെ.പി എമർജ് ചെയ്തിരുന്നു. കോൺഗ്രസ് ഉണർന്നതോടെ അത് പിറകിലേക്ക് പോയി. കർണാടകയിൽ കോൺഗ്രസ് പുലർത്തിയ അതേ സ്ട്രാറ്റജി തെലങ്കാനയിലും പുലർത്തി. ഇത് രാഷ്ട്രീയമായ മേൽകൈ കോൺഗ്രസിന് സമ്മാനിച്ചു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര വിലിയ ചലനങ്ങളുണ്ടാക്കിയരുന്നു ഇവിടെ. അതിനെ കാപ്പിറ്റലൈസ് ചെയ്യാനുള്ള തന്ത്രങ്ങളാണ് രേവന്ത് റെഡി എന്ന യുവ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയത്. സോഷ്യൽ ഗ്രൂപ്പുകളെയും ഇടതു പാർട്ടികൾ അടക്കമുള്ള ചെറുപാർട്ടികളെയും കൂടെ നിർത്താൻ ശ്രമിച്ചു. അതിൽ വിജയം കണ്ടു. ജാതിസെൻസസ്, ആനുപാതിക പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളുന്നയിച്ചു. ഇതെല്ലാം കോൺഗ്രസിന് അനുകൂലമായ സോഷ്യൽ ഇഞ്ചിനിയറിംഗ് രൂപപ്പെടുത്തി. ഭരണ വിരുദ്ധ വികാരവും കോൺഗ്രസിന് അനുകൂലമായി. 

വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പൊതു ട്രൻഡാണ് മിസോറാമിൽ കണ്ടത്. പ്രാദേശിക പാർട്ടികളായ സോറം പീപ്പിൾസ് മൂവ്മെന്റും മിസോ നാഷണൽ ഫ്രണ്ടും തമ്മിലായിരുന്നു ഇവിടെ മത്സരം . ത്രകോണ മത്സര സ്വഭാവത്തിൽ കോൺഗ്രസും ഉണ്ടായിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച ലാൽദുഹോമ 2017ൽ രൂപം നൽകിയ പാർട്ടിയാണ് സോറം പിപ്പിൾസ് മൂവ്മെൻ്റ്. അവർ ആദ്യമായി മിസോറാമിൽ അധികാരം നേടി. 20 ശതമാനം വോട്ട് ലഭിച്ചിട്ടും കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ഇവിടെ വിജിയിക്കാനായത്. 5 ശതമാനം വോട്ട് മാത്രം നേടിയ ബി.ജെ.പി 2 സീറ്റ് നേടിയെടുത്തു. 

മിസോറാമിലെ ഫലം വന്നയുടൻ സോറം പിപ്പിൾസ് പാർട്ടിയെ അഭിനന്ദിച്ച് മോദി രംഗത്തെത്തിയത് നിലവിൽ ബി.ജെ.പി മെച്ചപ്പെട്ട ബന്ധം പുലർത്തിയരുന്ന ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിനെ ഉപേക്ഷിച്ച് പുതിയ ഭരണ കക്ഷിയുമായി സൗഹൃദം പൂലർത്തുന്ന സൂചനയാണ്.  എങ്ങനെയാണ് കുറഞ്ഞ വോട്ട്കൊണ്ട് കൂടുതൽ സീറ്റുകൾ ബി.ജെ.പി നേടിയെടുക്കുന്നത് എന്നത് ഇതിലൂടെ വായിച്ചെടുക്കാനാവും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളോട് ഇന്ത്യാ സഖ്യം എന്ത് സമീപനമാണ് പുലർത്തേണ്ടത് എന്നതും ഇതിലൂടെ വായിക്കാനാകും.

ഈ തെരെഞ്ഞെടുപ്പ് രാജ്യത്തെ മതേതര പാർട്ടികൾക്ക് കൃത്യമായ മെസ്സേജാണ്. ബി.ജെ.പി പരാജയപ്പെടുത്താനാവാത്ത ശക്തിയൊന്നുമല്ല ഇപ്പോഴും. തെരെഞ്ഞെടുപ്പ് അജണ്ട നിർണ്ണയിക്കുന്നതിൽ അവർ കാട്ടുന്ന തന്ത്രമാണ് അവരെ വിജയത്തിലേക്ക് എത്തിക്കുന്നത്. കർണാടകയിലും തെലങ്കാനയിലും പുലർത്തിയ ഇൻക്ലൂസിവ്നെസ് എന്നത് ദേശ വ്യാപകമായി പുലർത്തിയാൽ ഇന്ത്യാ മുന്നണിക്ക് സാധ്യത വലുതാണ് എന്നതും ഈ തരെഞ്ഞെടുപ്പ് ഫലത്തിലൂടെ വായിച്ചെടുക്കാനാകും.

രാജ്യത്ത് നിന്ന് മുസ്ലിങ്ങൾ പുറം തള്ളപ്പെടുന്നു എന്നത് ഈ തെരെഞ്ഞെടുപ്പിലും വ്യക്തമാണ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 16 മുസ്ലിം പ്രതിനിധികൾ മാത്രമാണ് വിജയിച്ചത്. രാജസ്ഥാനിൽ 6 (5 കോൺഗ്രസ് 1 സ്വതന്ത്രൻ) മധ്യപ്രദേശിൽ 2 (കോൺഗ്രസ്) ഛത്തിസ്ഗഡിൽ 1 (കോൺഗ്രസ്) തെലങ്കാനയി 7 (എല്ലാവരും എ.ഐ.എം.ഐ.എം) എന്നിങ്ങനെയാണ് നില. എല്ലാവരും പ്രതിപക്ഷ അംഗങ്ങളാണ്. തെലങ്കാനയിൽ ഭരണകക്ഷിയായി മാറിയ കോൺഗ്രസും മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബി.ആർ.സും മത്സരിപ്പിച്ച എല്ലാ മുസ്ലിം സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. ഇത് നല്ല സൂചനയല്ല. മുസ്ലിങ്ങൾക്ക് രാഷ്ട്രീയ സംവരണം എന്ന ആവശ്യം ശക്തിപ്പെടുത്തേണ്ട സന്ദർഭവുമാണ്.

തെരെഞ്ഞെടുപ്പു ഫലം നിരാശയുണ്ടാക്കേണ്ട ഒന്നാണ് എന്ന് തോന്നുന്നില്ല. പക്ഷേ ഇതിന്റെ മെസ്സേജ് കൃത്യമായി വായിക്കാൻ ഒന്നമതായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തയ്യാറാവണം. ഇന്ത്യ മുന്നണി ഒരു സങ്കൽപത്തിനപ്പുറം കൃത്യമായ രാഷ്ട്രീയമുള്ള സഖ്യമായി മാറണം. എങ്കിൽ 2024 ൽ തന്നെ ശുഭസൂചകമായ വാർത്ത വരും. അതാണ് അഞ്ച് സംസ്ഥാന തെരെഞ്ഞെടുപ്പുകൾ നൽകുന്ന സൂചന.

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

 

Related Articles