Current Date

Search
Close this search box.
Search
Close this search box.

ദേവീന്ദർ സിങും ഭരണകൂടത്തിന്റെ വേട്ടപ്പട്ടികളും

കേവലം 12 ലക്ഷം രൂപയ്ക്കു വേണ്ടി മൂന്ന് ഭീകരവാദികളെ ‘കടത്തുന്നതിനിടെ’ ജമ്മുകശ്മീർ പോലീസിലെ ഡി.എസ്.പി ദേവീന്ദർ സിങ് പിടിയിലായ സംഭവം എന്നിൽ വലിയ അത്ഭുതമൊന്നും ഉളവാക്കുന്നില്ല. മറിച്ച് വ്യവസ്ഥിതി അദ്ദേഹത്തെ വളരെ കാലം ‘വെച്ചുപൊറുപ്പിച്ചു’ എന്നത് മാത്രമല്ല, അദ്ദേഹത്തിന് ബഹുമതി നൽകുകയും ചെയ്തു എന്നതാണ് യഥാർഥത്തിൽ വളരെയധികം ആശങ്കയേറ്റുന്ന കാര്യം. അടുത്തു തന്നെ ദേവീന്ദർ സിങിന് എസ്.പിയായി സ്ഥാനകയറ്റം ലഭിക്കാനിരുന്നതായിരുന്നു.

മോശം ഓഫീസർമാർ “സൗകര്യപ്രദമായ” ഫലങ്ങൾ ഉണ്ടാക്കുന്നിടത്തോളം കാലം, വ്യവസ്ഥിതി അവർക്ക് ബഹുമതികൾ നൽകുകയും അവരുടെ ജോലിയുടെ ക്രെഡിറ്റ് സ്വന്തമാക്കുകയും ചെയ്യുന്നു എന്നതാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ദുരന്തം. അതേ മോശം ഓഫീസർമാർ “അസൗകര്യകരമായ” ഫലങ്ങൾ ഉണ്ടാക്കാൻ തുടങ്ങുന്ന ആ നിമിഷം തന്നെ, അവസരവാദ വ്യവസ്ഥിതി അവരെ കൈയ്യൊഴിയുകയും എല്ലാ വിധ ഉത്തരവാദിത്തങ്ങളിൽ നിന്നും സ്വന്തം ഊരിപ്പോരുകയും ചെയ്യും.

Also read: ‘ഈ സര്‍ക്കാരിനു മുന്‍പില്‍ മുട്ടുമടക്കില്ല’

ദേവീന്ദർ ഇതിനു മുൻപും പ്രശ്നത്തിലകപ്പെടാൻ പോയിരുന്നു. 2001ൽ, കസ്റ്റഡി മരണങ്ങൾക്കെതിരെയുള്ള വൻ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് ബഡ്ഗാമിനു പുറത്തേക്ക് അദ്ദേഹത്തെ സ്ഥലംമാറ്റിയിരുന്നു. 2015ൽ, അദ്ദേഹത്തിന്റെയും സ്പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പിന്റെ (എസ്.ഓ.ജി) മറ്റൊരു ഡി.ജി.പിയുടെയും പേരുകൾ ഒരു എഫ്.ഐ.ആറിൽ വന്നിരുന്നു. സാധാരണക്കാരുടെ കൈയ്യിൽ നിന്നും പണം പിടിച്ചുപറിക്കുകയും, അവരുടെ മേൽ വ്യാജകേസുകൾ കെട്ടിച്ചമക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം. പക്ഷേ, യാതൊരു വിധ നടപടികളും ഉണ്ടായില്ല.

2013ൽ തൂക്കിലേറ്റപ്പെടുന്നതിനു മുൻപ്, തീഹാർ ജയിലിൽ നിന്നും തന്റെ അഭിഭാഷകന് അയച്ച ഒരു കത്തിൽ, ഒരാളെ ഡൽഹിയിൽ എത്തിക്കാനും അയാൾക്കു വേണ്ട താമസസൗകര്യം ഏർപ്പെടുത്താനും ദേവീന്ദർ സിങ് തന്നോട് ഉത്തരവിട്ടിരുന്നതായി അഫ്സൽ ഗുരു അവകാശപ്പെട്ടിരുന്നു. ആ വ്യക്തി പിന്നീട് പാർലമെന്റ് ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെടുകയാണ് ഉണ്ടായത്. ദേവീന്ദർ കൽപ്പിച്ച പ്രകാരം അയാളെ ഡൽഹിയിൽ എത്തിച്ചതിനു ശേഷം, തിരിച്ച് ശ്രീനഗറിൽ എത്തിയപ്പോഴാണ് അഫ്സൽ ഗുരു അറസ്റ്റ് ചെയ്യപ്പെടുന്നത്. അഫ്സൽ ഗുരുവിനെ കുടുക്കിയത് ദേവീന്ദർ ആണെന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കശ്മീരിലെ ഏതാനും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

വ്യക്തമായ കാരണങ്ങളാൽ തന്നെ യാതൊന്നും സംഭവിച്ചില്ല- വ്യവസ്ഥിതിക്ക് സ്വയം സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അതിലുപരി, ഒരു രാഷ്ട്രത്തിന്റെ ‘പൊതുമനസാക്ഷിയെ’ തൃപ്തിപ്പെടുത്താനും, ‘സൗകര്യപ്രദമായ’ ഫലങ്ങൾ ഉണ്ടാക്കിയെടുക്കാനും വേണ്ടി ജീവിതങ്ങൾ ഇല്ലാതാക്കുന്നത് ആര് ശ്രദ്ധിക്കാനാണ്? അഫ്സൽ ഗുരുവിന്റെ ആരോപണങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ, പോലീസ് രേഖകളിൽ അതിനെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങൾക്ക് പോലീസിൽ വിശ്വസമില്ല, അതുകൊണ്ടു തന്നെ അവരിൽ ഒരാൾക്കെതിരെ പരാതി നൽകാൻ ജനങ്ങൾ തയ്യാറാകുന്നുമില്ല.

‘സൗകര്യപ്രദമായ’ ഫലങ്ങൾ പ്രദാനം ചെയ്യുന്ന മോശം ഓഫീസർമാർക്ക് വ്യവസ്ഥിതി ബഹുമതി നൽകുന്നത് ഇതാദ്യമായൊന്നുമല്ല. മുൻ മധ്യപ്രദേശ് അഡീഷണൽ എസ്.പി ധർമേന്ദ്ര ചൗധരി, പഞ്ചാബ് പോലീസ് എസ്.ഐ ഗുർമീത്ത് സിങ്, ജാർഖണ്ഡ് പോലീസ് എസ്.ഐ ലളിത് കുമാർ എന്നീ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യാജ ഏറ്റുമുട്ടൽ, കൊലപാതകം, അഴിമതി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവർക്കു നൽകപ്പെട്ടിരുന്ന ഗാലന്ററി മെഡലുകൾ 2017 ഒക്ടോബറിൽ തിരിച്ചുവാങ്ങിയിരുന്നു.

2010ൽ, അഡ്വക്കറ്റ് കെ.എൻ റാവു ആന്ധ്രാപ്രദേശ് ഹൈക്കോടതിക്കു മുമ്പാകെ ഒരു പൊതു താൽപര്യ ഹരജി സമർപ്പിക്കുകയുണ്ടായി. സംസ്ഥാനത്തെ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥൻമാർ – ശിവ ശങ്കർ, ശ്രീറാം തിവാരി, നളിൻ പ്രഭാത്- കരിംനഗറിലെ കയ്യൂർ ഫോറസ്റ്റിൽ വെച്ച് 1999 ഡിസംബർ 2ന് നക്സൽ നേതാക്കളുമായി നടന്നെന്ന് പറയപ്പെടുന്ന ഏറ്റുമുട്ടലിൽ പങ്കെടുത്തിട്ടില്ലെന്നും, ആയതിനാൽ നള്ള അഡി റെഡ്ഢി, സലീം നരേഷ, സന്തോഷ് റെഡ്ഢി എന്നീ മൂന്നു മുതിർന്ന നക്സൽ നേതാക്കളുടെ മരണത്തിൽ കലാശിച്ച പ്രസ്തുത ഏറ്റുമുട്ടലിന്റെ ക്രെഡിറ്റ് അവർക്കു അവകാശപ്പെടാൻ കഴിയില്ലെന്നും ചൂണ്ടികാണിച്ചായിരുന്നു ഹരജി. ബാംഗ്ലൂരിലെ താവളത്തിൽ വെച്ചാണ് മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തതെന്നും, കരീംനഗറിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുവന്ന് വ്യാജ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നെന്നും പൗരാവകാശ സംഘടനകൾ ആരോപിച്ചിരുന്നു.

യാതൊരു അന്വേഷണവും നടത്താതെ ആ മൂന്നു ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് ഗാലന്ററി മെഡലുകൾ നൽകാനുള്ള തീരുമാനവുമായി മുന്നോട്ടു പോയ കേന്ദ്ര സർക്കാറിന്റെ നടപടിയോട് ജസ്റ്റിസ് ജി. രഘു റാം, ജസ്റ്റിസ് ജി.വി സീതാപതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Also read: ഡല്‍ഹിയിലെ തലയോട്ടി നഗരം

ചില ഐ.പി.എസ് ഉദ്യോഗസ്ഥർ തന്നെ പരാതി ബോധിപ്പിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പക്ഷേ, ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്ത് തങ്ങൾ ഉണ്ടായിരുന്നെന്നും, സുരക്ഷാ കാരണങ്ങളാലാണ് തങ്ങളുടെ പേരുകൾ രേഖകളിൽ ചേർക്കാതിരുന്നതെന്നും പ്രസ്തുത ഉദ്യോഗസ്ഥൻമാർ അവകാശപ്പെട്ടതിനെ തുടർന്ന് 2007-ൽ അന്വേഷണം അവസാനിപ്പിക്കപ്പെട്ടു! ഇതെന്ത് യുക്തി? മെഡലുകൾ ലഭിക്കുന്നതോടെ അവരുടെ പേരുകൾ പൊതുജനം അറിയില്ലെ? അതെന്താ അപ്പോഴുള്ള നക്സൽ ഭീഷണി ഇപ്പോൾ ഇല്ലാത്തത്?

സഹജീവികളോട് ക്രൂരവും മോശവുമായ രീതികളിൽ പെരുമാറുന്ന അവതാർ സിങിനെ പോലെയുള്ള പോലീസുകാരും സൈനികരും ഉണ്ട്. അവരുടെ ചെയ്തികൾ ഏതൊരു സാധാരണക്കാന്റെ ഉള്ളിലും വെറുപ്പും വിരക്തിയും നിറക്കാൻ ഉതകുന്നതു തന്നെയാണ്. അതേസമയം, ഏതാനും ചിലർ മോശമായതു കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന വാദങ്ങൾ, യഥാർഥത്തിൽ വ്യവസ്ഥിതിയുടെ ദുരുദ്ദേശങ്ങളുടെ നേർക്കുള്ള കണ്ണടക്കലാണ്. അത്തരം ഉദ്യോഗസ്ഥരുടെ ‘ദുഷ്ടതകൾ’ തങ്ങളുടെ താൽക്കാലിക ലാഭങ്ങൾക്കു വേണ്ടി ഭരണകൂടം ഉപയോഗപ്പെടുത്തുന്നതു കൊണ്ടാണ് അത്തരം ആളുകൾ നമുക്കിടയിൽ വളരുന്നത്. തങ്ങൾക്കാവശ്യമില്ലെന്ന് തോന്നുമ്പോൾ ഭരണകൂടം അത്തരക്കാരെ കൈയ്യൊഴിയും എന്നതിന്റെ പുതിയൊരു ഉദാഹരണം മാത്രമാണ് ദേവിന്ദർ സിങ്.

റിട്ടയേഡ് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ലേഖകൻ. കേരളത്തിന്റെ ഡി.ജി.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം സി.ആർ.പി.എഫ്, ബി.എസ്.എഫ് എ.ഡി.ജി ആയിരുന്നു.

 

വിവ. മുഹമ്മദ് ഇർഷാദ്

Related Articles