Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനിലെ ഖനനം ചെയ്യാത്ത പ്രകൃതിവിഭവങ്ങൾ- സമ്പൂർണ അവലോകനം

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി കണക്കാക്കുന്ന അഫ്ഗാനിലെ ഭൂമിക്കടിയിൽ കുറഞ്ഞത് 1 ട്രില്യൺ ഡോളർ ഉപയോഗിക്കാത്ത ധാതു വിഭവങ്ങൾ ഉണ്ടെന്നാണ് അഫ്ഗാനിസ്ഥാൻ ഖനി-പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. 38 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണേഷ്യൻ രാജ്യത്ത് 2.2 ദശലക്ഷം ടൺ ഇരുമ്പയിരും 1.3 ബില്യൺ ദശലക്ഷം മാർബിൾ കല്ലും 1.4 ദശലക്ഷം അപൂർവ ധാതു ലവണങ്ങളുമുണ്ട്.

വൻകിട ഖനനത്തിലൂടെ ഇതെല്ലാം ഒരു പ്രധാന വരുമാന സ്രോതസ്സായി മാറ്റുന്നതിന് കുറഞ്ഞത് ഏഴ് മുതൽ 10 വർഷം വരെ ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷയില്ലായ്മ, ദുർബലമായ നിയമസംവിധാനം, അഴിമതി എന്നിവ ഖനന മേഖലയുടെ വികസനത്തെ ഗണ്യമായി ബാധിച്ചു.

എന്തെല്ലാമാണ് ഭൂമിക്കടിയിൽ ഒളിഞ്ഞുകിടക്കുന്നത് ?

160-1970 കാലഘട്ടത്തിൽ യു.എസ്.എസ്.ആറും യൂറോപ്യൻ സഖ്യവും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭവങ്ങളെക്കുറിച്ച് വിപുലമായ സർവേകൾ നടത്തി. എന്നിരുന്നാലും, പതിറ്റാണ്ടുകളുടെ യുദ്ധം മൂലം മിക്ക വിഭവങ്ങളും മണ്ണിനടിയിലേക്ക് മൂടപ്പെട്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

2010ൽ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലുടനീളമുള്ള 24 പ്രത്യേക മേഖലകൾ തരംതിരിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേയും (USGS) അഫ്ഗാനിസ്ഥാൻ ജിയോളജിക്കൽ സർവേയും (AGS) രാജ്യത്ത് ഏറ്റവും സമഗ്രമായ ഭൂമിശാസ്ത്ര സർവേ നടത്തി. അത്പ്രകാരമുള്ള മേഖലകൾ മാപ്പിൽ കളർ കോഡ് ചെയ്തിരിക്കുന്നതാണ് താഴെ.

അവയിൽ ഇവ ഉൾപ്പെടുന്നു: വിലയേറിയ ലോഹ നിക്ഷേപം (പച്ച), നിർമ്മാണ വസ്തുക്കളുടെ നിക്ഷേപം (മഞ്ഞ), വ്യാവസായിക ധാതുക്കൾ (പർപ്പിൾ), എണ്ണയും വാതകവും (ചുവപ്പ്) എന്നിങ്ങനെയുള്ള പ്രദേശങ്ങളാണിത്.

 

 

 

വിലയേറിയ ലോഹങ്ങൾ

അഫ്ഗാനിസ്ഥാനിലെ വിലയേറിയ ലോഹങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ഇരുമ്പാണ്. മൊത്തം ഇരുമ്പയിര് കരുതൽ 2.2 ബില്യൺ മെട്രിക് ടൺ ആണ്. വേർതിരിച്ചെടുക്കാവുന്ന ഇരുമ്പുള്ള ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാൻ ഉണ്ട്. കാബൂളിന് 130 കിലോമീറ്റർ പടിഞ്ഞാറ് ബമ്‌യാൻ പ്രവിശ്യയിലാണ് ഹാജിഗാക്ക് ഇരുമ്പ് ഖനി സ്ഥിതി ചെയ്യുന്നത്.

63-69 ശതമാനം ഇരുമ്പ് നിക്ഷേപവുമായി (1.7 ബില്യൺ ടൺ) രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പയിര് നിക്ഷേപം ഇവിടെയാണ്. കൃത്യമായി പറഞ്ഞാൽ പാരിസിലെ ഈഫൽ ടവറിന്റെ രണ്ട് ലക്ഷം പകർപ്പുകൾ നിർമിക്കാനാവശ്യമായ ഇരുമ്പ് ഇവിടെയുണ്ട്. 1889ൽ 7300 ടൺ ഇരുമ്പ് ഉപയോഗിച്ചാണ് 324 മീറ്റർ ഉയരത്തിലുള്ള ഈഫൽ ഗോപുരം നിർമിച്ചത്.

ബദാക്ഷൻ, കാണ്ഡഹാർ പ്രവിശ്യകളിലായി 183 ദശലക്ഷം ടൺ അലുമിനിയം നിക്ഷേപം രാജ്യത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇരുമ്പിന് പിറകെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ ലോഹമാണ് ഭാരം കുറഞ്ഞ ലോഹം കൂടിയായ അലൂമിനിയം.

അഫ്ഗാനിസ്ഥാനിൽ രണ്ട് പ്രധാന സ്വർണ്ണ ബെൽറ്റുകളിലായി 2,698 കിലോഗ്രാം സ്വർണ്ണ നിക്ഷേപമുണ്ട്: തെക്കുപടിഞ്ഞാറൻ ബദാക്ഷൻ മുതൽ തഖർ വരെയും, ഗസ്‌നി മുതൽ തെക്കുപടിഞ്ഞാറ് സാബൂൾ വരെയുമാണിത്. ഇത് കുറഞ്ഞത് എട്ട് ഗ്രാം തൂക്കമുള്ള മൂന്ന് ലക്ഷം സ്വർണ്ണ പൗണ്ട് നാണയങ്ങളുടെ അളവ് വരും.

 

 

കെട്ടിട നിർമാണ സാമഗ്രികൾ

ലോകത്തിൽ ഏറ്റവും കൂടുതൽ പർവതനിരകളുള്ള എട്ടാമത്തെ രാജ്യമാണ് അഫ്ഗാൻ. അതിനാൽ തന്നെ പല ഭാഗത്തേക്കും പ്രവേശനം ഇപ്പോഴും സാധ്യമല്ല. ഹിന്ദു കുഷ് ഹിമാലയങ്ങൾ ഭൂപ്രദേശത്തിന്റെ വടക്കുകിഴക്കായി വ്യാപിച്ചുകിടക്കുകയാണ്.

കെട്ടിട നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മാർബിൾ, ചുണ്ണാമ്പുകല്ല്, ചരൽക്കല്ല് എന്നിവയുൾപ്പെടെ വിവിധ ധാതുക്കളും കല്ലുകളുമെല്ലാം ഇവിടെ അടങ്ങിയിരിക്കുന്നു. വാസ്തുവിദ്യയിലും ശിൽപത്തിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം കല്ലാണ് മാർബിൾ. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന നംഗർഹാർ പ്രവിശ്യ പിങ്ക് ഓണിക്‌സ് മാർബിളിന് പേരുകേട്ടതാണ്.

നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പാറയുടെ അവശിഷ്ടങ്ങളാണ് ചുണ്ണാമ്പുകല്ലും ചരൽക്കല്ലും. സിമന്റിന്റെ ഒരു പ്രധാന ഘടകമാണ് ചുണ്ണാമ്പുകല്ല്, ടൂത്ത് പേസ്റ്റ്, പെയിന്റ് തുടങ്ങിയ ഗാർഹിക ഉൽപന്നങ്ങളിലും ഇത് പ്രധാന ഘടകമാണ്. പ്രധാനമായും ബദാക്ഷൻ, ഹെറാത്ത്, ബഹ്‌ലാൻ പ്രവിശ്യകളിലായി അഫ്ഗാനിസ്ഥാനിൽ കുറഞ്ഞത് 500 ദശലക്ഷം ടൺ ചുണ്ണാമ്പുകല്ല് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.

വ്യാവസായിക ധാതുക്കൾ

ഇന്ദ്രനീലം, മരതകം, മാണിക്യം എന്നിവയുടെ ലോകത്തിലെ പ്രധാന സ്രോതസ്സുകളിൽ ഒന്നാണ് അഫ്ഗാനിസ്ഥാൻ. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് മിക്ക രത്‌നക്കല്ലുകളും കാണപ്പെടുന്നത്.

ലിഥിയം (ബാറ്ററികളിൽ ഉപയോഗിക്കുന്നത്), യുറേനിയം (ന്യൂക്ലിയർ ഇന്ധനത്തിനായി ഉപയോഗിക്കുന്നത്) എന്നിവയും മറ്റ് പലതും ഉൾപ്പെടെ 1.4 ദശലക്ഷം ടൺ അപൂർവ ധാതുക്കൾ അഫ്ഗാൻ മണ്ണിലുണ്ട്. ഭൂമിയിലെ അപൂർവ ധാതുക്കളുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്ന് ഹെൽമണ്ട് പ്രവിശ്യയിലെ ഖന്നിഷിനിൽ കാണാം.

സാധാരണയായി എണ്ണ, വാതക വ്യവസായം എന്നിവയുടെ ഡ്രില്ലിംഗിനായി ഉപയോഗിക്കുന്ന നിറമില്ലാത്ത ധാതുവായ ബാരൈറ്റിന്റെ 152 ദശലക്ഷം ടൺ രാജ്യത്തുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

 

കയറ്റുമതിയും വ്യാപാര പങ്കാളികളും

ഒബ്സർവേറ്ററി ഓഫ് ഇക്കണോമിക് കോംപ്ലക്സിറ്റി (ഒ.ഇ.സി) അനുസരിച്ച്, 2019ൽ അഫ്ഗാനിസ്ഥാന്റെ മൊത്തം കയറ്റുമതി 2.24 ബില്യൺ ഡോളറിലെത്തി.

കയറ്റുമതിയിലെ ആദ്യ മൂന്ന് വിഭാഗങ്ങൾ

1. വിലയേറിയ ലോഹങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ: 45 ശതമാനം (1 ബില്യൺ ഡോളർ)

2. പഴങ്ങളും ഡ്രൈ ഫ്രൂട്‌സും, സിട്രസ് പഴത്തിന്റെ തൊലി: 24 ശതമാനം (538 ദശലക്ഷം ഡോളർ)

3. പച്ചക്കറികൾ, ചില വേരുകൾ, കിഴങ്ങുകൾ: 8 ശതമാനം (177 ദശലക്ഷം ഡോളർ)

2019ൽ, അഫ്ഗാനിസ്ഥാന്റെ 90 ശതമാനത്തിലധികം ഉൽപ്പന്നങ്ങളും പ്രധാനമായും മൂന്ന് രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തത്. 45 ശതമാനം യു.എ.ഇ.യിലേക്കും 24 ശതമാനം അയൽരാജ്യമായ പാകിസ്താനിലേക്കും 22 ശതമാനം ഇന്ത്യയിലേക്കുമാണ് കയറ്റിയയച്ചത്.

2021 ഓഗസ്റ്റ് 15ന് താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം, പാശ്ചാത്യ രാജ്യങ്ങൾ അഫ്ഗാനിലേക്കുള്ള അവരുടെ ധനസഹായം നൽകുന്നത് കർശനമായി നിയന്ത്രിച്ചിരുന്നു. രാജ്യത്തുടനീളം ദീർഘകാല ഖനന മേഖല പാട്ടമായി കൈവശമുള്ള ചൈനയിൽ നിന്നുള്ള ധനസഹായത്തെ പ്രാഥമികമായി ആശ്രയിക്കും.

രാജ്യത്തുടനീളം നിരവധി ദീർഘകാല ഖനന മേഖലയുടെ പാട്ടങ്ങളായി കൈവശമുള്ള ചൈനയിൽ നിന്നുള്ള ധനസഹായത്തെയാണ് സംഘം പ്രധാനമായും ആശ്രയിക്കുന്നതെന്ന് സെപ്റ്റംബർ 2ന് താലിബാൻ പറഞ്ഞിരുന്നു.

 

 

 

 

 

അവലംബം: അൽജസീറ
വിവ: സഹീർ വാഴക്കാട്

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles