Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക ഇന്നു പറയുന്നത് നാളെ വിഴുങ്ങാനുള്ളതാണ്

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ പ്രഖ്യാപനം ഉണ്ടാക്കിയിരിക്കുന്ന കോലാഹലം നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെന്നിഫര്‍ സാകിയുടെ പ്രസ്താവനയിലൂടെ പരോക്ഷമായി അതിനെ നിഷേധിക്കാന്‍ അമേരിക്കന്‍ ഭരണകൂടം നിര്‍ബന്ധിതരാവുകയും ചെയ്തു. ‘അസദ് ഒരിക്കലും സമാധാന ശ്രമത്തിന്റെ ഭാഗമാവില്ല, അദ്ദേഹത്തിന്റെ പ്രതിനിധികള്‍ മാത്രമാണ് അതിലുണ്ടാവുക’ എന്നാണ് അവര്‍ പറഞ്ഞത്.

അമേരിക്കന്‍ ഭരണകൂടത്തിന്റെയും അതിന്റെ വിദേശകാര്യ വക്താവിന്റെയും കാര്യത്തില്‍ ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്. സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ നടക്കുന്ന ഏതൊരു ചര്‍ച്ചയും നടക്കുക സിറിയന്‍ പ്രസിഡന്റിന്റെയും ഭരണകൂടത്തിന്റെയും പ്രതിനിധികളുമായിട്ടായിരിക്കുക എന്നത് സ്വാഭാവികം മാത്രമാണ്. ജനീവ സമ്മേളനത്തിന്റെ രണ്ടാം എഡിഷനില്‍ സിറിയന്‍ പ്രസിഡന്റാണോ പങ്കെടുത്തത്, അതല്ല തന്റെ വിദേശകാര്യമന്ത്രി വലീദ് മുഅല്ലിമിനെ പറഞ്ഞയക്കുകയാണോ അസദ് ചെയ്തത്? ഇറാന്‍ ആണവ വിഷയത്തില്‍ ഇറാന്‍ വിപ്ലവത്തിന്റെ പരമോന്നത നേതാവ് അലി ഖാംനഇയുമായിട്ടല്ലല്ലോ, വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ളരീഫുമായിട്ടല്ലേ കെറി ചര്‍ച്ച നടത്തിയത്?

ഇതിലെ അമേരിക്കയുടെ മലക്കം മറിച്ചില്‍ വളരെ വ്യക്തമാണ്. പ്രയോഗത്തിലും ഉള്ളടക്കത്തിലും മലക്കം മറിയേണ്ടി വന്നിരിക്കുന്നു. സിറിയന്‍ വിഷയത്തില്‍ തങ്ങളുടെ സഖ്യങ്ങളുടെ കാര്യത്തില്‍ നീക്കുപോക്കിനും ഇതുവരെ സ്വീകരിച്ചിരുന്ന മുന്‍ഗണനാ ക്രമങ്ങളെല്ലാം തെറ്റിക്കാനും അവര്‍ തയ്യാറായിരിക്കുന്നു. അസദിനെ സിറിയയിലെ നിയമസാധുതയുള്ള പ്രസിഡന്റായി അംഗീകരിച്ച് ചര്‍ച്ച നടത്തുക മാത്രമാണ് നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ഏക മാര്‍ഗമെന്നാണവര്‍ പറയുന്നത്. ഐസിസിനെയും ജബ്ഹത്തുന്നുസ്‌റയെയും അഹ്‌റാറുശ്ശാമിനെയും നേരിടുന്നതിന് ഒരു സൈന്യത്തെ രൂപീകരിക്കുന്നതിലും തുര്‍ക്കിയെ കരയുദ്ധത്തില്‍ ഇറക്കുന്നതിലും പരാജയപ്പെട്ട അമേരിക്ക മുഖ്യകളിക്കാരനായി അസദിനെ കളത്തിലിറക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, പ്രത്യേകിച്ചും ഫ്രാന്‍സും ബ്രിട്ടനും കെറിയുടെ പ്രസ്താവനയില്‍ കടുത്ത രോഷം പ്രകടിപ്പിച്ചു. അസദുമായി ചര്‍ച്ച നടത്തുന്നതല്ല അവരുടെ മുഖ്യ പ്രശ്‌നം. തങ്ങളോടൊന്നും മുന്‍കൂട്ടി ആലോചിക്കാതെ പെട്ടന്നത് പ്രഖ്യാപിച്ചു കളഞ്ഞതാണ് അവരുടെ പ്രശ്‌നം. സിറിയന്‍ പ്രതിപക്ഷത്തിനും അവരെ സാമ്പത്തികമായും രാഷ്ട്രീയമായും സഹായിച്ചിരുന്ന അറബ് രാഷ്ട്രങ്ങളെയുമാണിത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സിറിയന്‍ പ്രതിപക്ഷത്തിനും അവരെ പിന്തുണക്കുന്നവര്‍ക്കും പിന്നില്‍ അമേരിക്കയുടെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പ്രതിനിധികളും തത്തുല്യ പദവി അലങ്കരിക്കുന്ന സിറിയന്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കും. ഭീകരതക്കെതിരെ ആകാശത്തും ഭൂമിയിലും പോരാടാനുള്ള സഖ്യവും അതില്‍ രൂപപ്പെടും. വഞ്ചിക്കപ്പെട്ട ഭര്‍ത്താവിനെ പോലെയാവാനാണ് സിറിയന്‍ പ്രതിപക്ഷത്തെ പിന്തുണക്കുന്ന അറബികളുടെ വിധി.

സിറിയന്‍ ഭരണകൂടത്തെ താഴെയിറിക്കുക എന്ന മുന്‍ഗണനാ ക്രമത്തില്‍ നിന്ന് അമേരിക്ക ഇസ്‌ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുക എന്നതിലേക്ക് വ്യതിചലിച്ചിരിക്കുകയാണ്. അപ്രകാരം മിഡിലീസ്റ്റിലെ തങ്ങളുടെ സഖ്യങ്ങളുടെ കാര്യത്തിലെ നിലപാടിലും മാറ്റം വരുത്തിയിരിക്കുന്നു. പ്രദേശത്തെ വന്‍രാഷ്ടമായി ഇറാനെ കിരീടമണിയിക്കുന്നതിന്റെയും വക്കിലെത്തിരിക്കുന്നു. ഇനിയങ്ങോട്ട അവരുടെ വിദേശകാര്യം കേന്ദ്രീകരിക്കുന്നതും ഇറാനിലായിരിക്കും.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സി.ഐ.എ ഭീകരരാഷ്ട്രങ്ങളുടെയും സംഘടനകളുടെയും പട്ടികയില്‍ നിന്ന് ഇറാനെയും ഹിസ്ബുല്ലയെയും ഒഴിവാക്കിയത് നാം പറഞ്ഞ കാര്യങ്ങളെ ശക്തിപ്പെടുത്തുന്ന ഒന്നാണ്. 2015 വര്‍ഷത്തില്‍ അമേരിക്കക്ക് ഭീഷണി ഉയര്‍ത്തുന്നവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ലിസ്റ്റാണത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇറാനും ഇരുപത് വര്‍ഷമായി ഹിസ്ബുല്ലയും ആ ലിസ്റ്റിലുണ്ട്. പ്രസിഡന്റ് അസദിനെ ആയുധവും പണവും നല്‍കി ഇറാനല്ലാതെ മറ്റാര് സഹായിക്കും? ഖലമൂനിലും ദര്‍അയിലും ഖുനൈതറിയിലും അദ്ദേഹത്തിന്റെ സൈന്യത്തോടൊപ്പം ആര് യുദ്ധം ചെയ്യും? ദമസ്‌കസിനെ പതനത്തില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തിയ ഹിസ്ബുല്ലയല്ലാതെ മറ്റേത് സൈന്യമാണ് അതിനുള്ളത്?

അമേരിക്ക സിറിയന്‍ പ്രതിപക്ഷത്തെ കയ്യൊഴിഞ്ഞ് തുച്ഛമായ വിലക്കവരെ വിറ്റിരിക്കുകയാണ്. ഒപ്പം യൂറോപ്യന്‍ രാഷ്ട്രങ്ങളും. ജനീവ സമ്മേളനവും സിറിയന്‍ ജനതയുടെ സൗഹൃദ വേദിയും എവിടെപ്പോയി? ദേശീയ പ്രതിപക്ഷ സഖ്യത്തെ സിറിയന്‍ ജനതയുടെ പ്രതിനിധിയായി അംഗീരിച്ചതു കൊണ്ടും താല്‍ക്കാലിക ഭരണകൂടത്തിന് പൂര്‍ണ നിയമസാധുത നല്‍കിയതു കൊണ്ടും അറബ് ലീഗിലും ഐക്യരാഷ്ട്രസഭയിലും സിറിയയുടെ സ്ഥാനങ്ങള്‍ അവര്‍ക്ക് നല്‍കിയതു കൊണ്ടും എന്ത് പരിഹാരമാണുള്ളത്?

സിറിയന്‍ പ്രതിപക്ഷത്തെ കൈവെടിഞ്ഞിരിക്കുന്നത് അമേരിക്കയെ സംബന്ധിച്ച് പുതുമയുള്ളതോ ആക്‌സമികമോ ആയ ഒന്നല്ല. വിയറ്റ്‌നാമില്‍ തങ്ങളുടെ സഖ്യങ്ങളെ കൈവെടിഞ്ഞവരല്ലേ അമേരിക്ക? സോവിയറ്റ് യൂണിയനോട് പ്രതികാരം ചെയ്യാനും പരാജയപ്പെടുത്താനും അഫ്ഗാന്‍ പോരാളികളെ ഉപയോഗപ്പെടുത്തി, ശേഷം അഫ്ഗാന്‍ പോരാളികളെ കയ്യൊഴിയുകയല്ലേ അമേരിക്ക ചെയ്തത്? ഹമീദ് കര്‍സായിയെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ തള്ളി ‘ഭീകരരായ’ താലിബാനുമായി ചര്‍ച്ചയിലേര്‍പ്പെടുകയും അവര്‍ക്ക് ദോഹയില്‍ എംബസി തുറന്നു കൊടുക്കുകയുമല്ലേ അമേരിക്ക ചെയ്തിട്ടുള്ളത? ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുമെന്നും കുടിയേറ്റം അവസാനിപ്പിക്കുമെന്നുമെല്ലാം പറഞ്ഞ് മോഹിപ്പിച്ച് എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചവരല്ലേ അവര്‍? പ്രതിരോധ പ്രസ്ഥാനമായിരുന്ന പി.എല്‍.ഒ യെ പാര്‍ശ്വവല്‍കരിക്കപ്പെട്ട യാചക ഭരണകൂടമാക്കി മാറ്റിയതും അവര്‍ തന്നെയല്ലേ?

നേരിട്ട് അസദുമായി ചര്‍ച്ച നടത്തുന്നതിന് പകരം ജോണ്‍ കെറി അദ്ദേഹത്തിന്റെ പ്രതിനിധിയുമായി ചര്‍ച്ച നടത്തുന്നതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. ഉത്തര കൊറിയ, ക്യൂബ, ചൈന, താലിബാന്‍ തുടങ്ങിയവരുമായിട്ടെല്ലാം അത്തരത്തിലാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. അള്‍ജീരിയന്‍ ലിബറേഷന്‍ ഫ്രണ്ടുമായി ഫ്രാന്‍സും, ഐറിഷ് റിപബ്ലിക്കന്‍ ആര്‍മിയുമായും ആഫ്രിക്കയിലെയും ഏഷ്യയിലെയും വിമോചന പ്രസ്ഥാനങ്ങളുമായും ബ്രിട്ടനും ചര്‍ച്ചാ സംഭാഷണങ്ങള്‍ നടത്തിയതും അത്തരത്തില്‍ തന്നെയായിരുന്നു. അമേരിക്ക ഇന്നു പറുന്നത് നാളെ വിഴുങ്ങുകയാണ്. അത് മനസ്സിലാക്കാത്ത, അവരുടെ വാഗ്ദാനങ്ങളില്‍ പ്രത്യാശ വെച്ചുപുലര്‍ത്തുന്നവരോട് പറയാന്‍ ആശ്വാസ വാക്കുകളൊന്നുമില്ല. എല്ലാ അറബ് അയല്‍ക്കാരും ഇത് കേട്ടിരുന്നെങ്കില്‍ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

മൊഴിമാറ്റം: നസീഫ്‌

Related Articles