Current Date

Search
Close this search box.
Search
Close this search box.

പ്രധാനമന്ത്രിയുടെ വാട്‌സ്ആപ്പ് മെസേജ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഈ തെരഞ്ഞെടുപ്പ് കാലത്ത് എല്ലായിടത്ത് നോക്കിയാലും നരേന്ദ്ര മോദി തന്നെയാണ്. ഓഫ്ലൈനിലും ഓണ്‍ലൈനിലും വമ്പിച്ച പ്രചാരണമാണ് നടക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റുകള്‍ നേടാന്‍ എന്‍.ഡി.എ സഖ്യത്തെ സഹായിച്ചാല്‍ അദ്ദേഹം അതിവേഗം തന്റെ സാമ്രാജ്യ മണ്ഡലത്തിലെത്തും. മോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ പ്രതികരണങ്ങള്‍ തേടാന്‍ ‘വികസിത് ഭാരത് സമ്പര്‍ക്കില്‍’ നിന്ന് എല്ലാവര്‍ക്കും ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസ് ‘പൊതു, സര്‍ക്കാര്‍ സേവനം’ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ രജിസ്റ്റര്‍ ചെയ്ത ഓഫീസ് വിലാസത്തോടൊപ്പമാണ് ഇത് അയക്കുന്നത്.

ഭാവിയിലേക്കുള്ള നിര്‍ദേശങ്ങള്‍ സഹിതം അദ്ദേഹത്തിന് മറുപടി നല്‍കാന്‍ ഞങ്ങള്‍ക്ക് കത്തയച്ച പ്രധാനമന്ത്രിയുടെ ഈ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഒരു മികച്ച തെരഞ്ഞെടുപ്പ പ്രചാരണ തന്ത്രമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് നടത്തുന്നത്. സര്‍ക്കാരിനകത്ത് പൊതു പങ്കാളിത്തത്തോടെയുള്ള ഭരണം കൊണ്ടുവരാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സിറ്റിസന്‍ പ്ലാറ്റ്ഫോമായ MyGov യില്‍ നിന്ന് ഈ കാമ്പെയ്ന്‍ ഉയര്‍ന്നുവന്നതാകാം. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള സെക്ഷന്‍ 8 കമ്പനിയായ ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ ഭാഗമാണ് MyGov.

ഈ പ്രചാരണ സന്ദേശങ്ങള്‍ വാട്സ്ആപ്പ് അക്കൗണ്ടുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും അയച്ചിട്ടുണ്ട്. എന്നാല്‍ MyGov-ല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരത്തിലുള്ള സന്ദേശമയയ്ക്കല്‍ കാമ്പെയ്നുകളില്‍ ആദ്യത്തേതല്ല ഈ വാട്സ്ആപ്പ് സന്ദേശങ്ങള്‍. അടുത്തിടെ നടന്ന ‘മേരാ പെഹ്ല വോട്ട് – ദേശ് കെ ലിയേ’ എന്ന കാമ്പെയ്നും നേതൃത്വം നല്‍കുന്നത് MyGov ആണ്. ഇത് പ്രധാനമന്ത്രി പ്രഖ്യാപിച്ചതും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകള്‍ ഏറ്റെടുക്കുന്നതുമായ ഒരു കാമ്പെയ്നാണിത്.

ഇന്ത്യയിലുള്ള പൗരന്മാര്‍ക്കും വോട്ടര്‍മാര്‍ക്കും അപ്പുറം, ഈ സന്ദേശങ്ങള്‍ വിദേശത്തേുള്ളവര്‍ക്കും ലഭിച്ചതായാണ് കരുതുന്നത്. ഇത് ഇന്ത്യയില്‍ ഇല്ലാത്ത ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും അഭിപ്രായം തേടുന്നതിന് അയച്ചതാണെന്ന് വേണമെങ്കില്‍ കരുതാം. എന്നാല്‍ രസകരമെന്നു പറയട്ടെ, ഈ സന്ദേശങ്ങള്‍ ഇന്ത്യയിലെ വോട്ടര്‍മാരല്ലാത്ത വിദേശികള്‍ക്കും ലഭിച്ചിട്ടുണ്ട്. അവരില്‍ പലരും ഇത്തരം സന്ദേശം ലഭിച്ചതായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിച്ച യു.എ.ഇ സ്വദേശികള്‍ തങ്ങളുടെ വിവരങ്ങള്‍ എങ്ങിനെ ഒരു വിദേശ സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നതില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സന്ദേശങ്ങള്‍ ലഭിച്ച് ഞെട്ടിപ്പോയ വിദേശ പൗരന്മാരാണ് ഇന്ത്യയിലെ സ്വകാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യയിലുള്ളവര്‍ ആരും ഈ നടപടി വലിയൊരു നിയമ ലംഘനമായി കാണുന്നില്ല, അവര്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയോ സര്‍ക്കാരിനെയോ അതിന്റെ രീതികളെയോ ചോദ്യം ചെയ്യാന്‍ തയ്യാറാകുന്നില്ല. തങ്ങളുടെ സ്വകാര്യ ഡാറ്റ ശേഖരിക്കാന്‍ ഏത് ഡാറ്റാബേസുകളാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന് ആളുകള്‍ ആശ്ചര്യപ്പെടുകയാണ് ചെയ്യുന്നത്.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, വോട്ടര്‍മാരുടെ വിവരങ്ങള്‍ ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നാണ് അവര്‍ക്ക് വരുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഡാറ്റ ബ്രോക്കര്‍മാര്‍, താഴെതട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഒരു സമ്പൂര്‍ണ സംവിധാനമാണത്. ഈ വിവരങ്ങള്‍ പലപ്പോഴും പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നു. പാര്‍ട്ടി ഡാറ്റ സര്‍ക്കാരിലേക്കും സര്‍ക്കാര്‍ ഡാറ്റ ബ്രോക്കര്‍മാരിലേക്കും പോകുന്നു. ഒന്നിലധികം വിവര സ്രോതസ്സുകളുള്ള ഇത്തരം രാഷ്ട്രീയ പ്രചാരണത്തിന് ഹൈബ്രിഡ് യന്ത്രങ്ങളുടെ ഉപയോഗത്തിനാണ് നമ്മള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

പുതിയ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് 2023 പ്രകാരം, ഒരു ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ്, തിരഞ്ഞെടുപ്പിന് മുമ്പായി സ്വകാര്യതയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്ക് നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കണം എന്നാണ്. കൂടാതെ എല്ലാവര്‍ക്കും വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്യും. പാര്‍ട്ടി പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളുമെന്ന് വേര്‍തിരിക്കാതെ ബിജെപിയുടെയും സര്‍ക്കാര്‍ മെഷിനറിയുടെയും സംയുക്ത ലയനം ഇപ്പോള്‍ കാണാം.

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ മിഷനില്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള പങ്ക് തന്ത്രപ്രധാനമാണ്. ജന്‍ധന്‍ ആധാര്‍ മൊബൈല്‍ (JAM) എന്ന അദ്ദേഹത്തിന്റെ നയം മൂലം ക്ഷേമ തുകയുടെ കൈമാറ്റത്തിലൂടെ അവര്‍ക്ക് പണം കൊണ്ടുവരുന്ന നേതാവായി മോദിയെ കാണുന്നത് ഇവര്‍ ഇതിന്റെ ഉപയോഗത്തിന്റെ വിജയമായി കാണുന്നു. സാമ്പത്തികവും സുരക്ഷാപരവുമായ കാരണങ്ങള്‍ക്കുള്ള KYC പുഷ്, രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിന് തന്ത്രപരമായി ഉപയോഗിക്കുന്നു.

മോദിയുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മെറ്റയ്ക്ക് ഒരു കത്തയച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. പ്രധാനമന്ത്രിയുടെ ഇത്തരം വാട്സ്ആപ്പ് സന്ദേശങ്ങളെക്കുറിച്ച് പ്രതികരണം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഓഫീസും വിസമ്മതിച്ചിരിക്കുകയാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക മുതല്‍ തെരഞ്ഞെടുപ്പുകളിലെ ഡാറ്റയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്ത്രപരമായി ഒഴിഞ്ഞു മാറുകയാണ്.

ഇന്ത്യയില്‍ ഇപ്പോള്‍ വാട്സ്ആപ്പും ഫെയ്സ്ബുക്കും വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിതരാക്കാന്‍ ഐ.ടി നിയന്ത്രണത്തിന് മേലുള്ള അധികാരം എങ്ങിനെ ഉപയോഗിക്കാമെന്ന് ബിജെപി കണ്ടെത്തി. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ പങ്ക് നമ്മുടെ ജനാധിപത്യത്തെ പുനര്‍രൂപകല്‍പ്പന ചെയ്യുന്നു.

സ്പാം, തെറ്റായ വിവരങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളുള്ള വാട്സ്ആപ്പ് ബി ജെ പി ഐ.ടി സെല്ലിന്റെ പ്രചാരണം തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്യത്തിന്റെ പൊതുഫണ്ട് ഉപയോഗിക്കുന്ന പ്രശ്‌നം വാട്സ്ആപ്പിനും സ്വകാര്യതയ്ക്കും അപ്പുറമാണ്.

ഈ തെരഞ്ഞെടുപ്പ് വര്‍ഷത്തിന്റെ മറ്റൊരു പ്രധാന സംഭവം സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ പങ്കാണ്. സര്‍ക്കാരും ബി.ജെ.പിയും രാജ്യത്തെ നിരവധി സ്വാധീനമുള്ളവരുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ട്. MyGov-ന്റെ പങ്കാളിത്വത്തോടെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രമോട്ട് ചെയ്യുന്നതിനായി ഇത്തരം ഇന്‍ഫ്‌ളുവേഴ്‌സിന്റെ പ്രീതി നേടുന്നതിനാണ് നാഷണല്‍ ക്രിയേറ്റര്‍ അവാര്‍ഡുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഇത്തരം സോഷ്യല്‍ മീഡിയ സ്വാധീനത്തിന്മേലുള്ള നിയന്ത്രണത്തിന്റെ അഭാവവും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയാത്തതും ഇക്കാര്യങ്ങളില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യക്ഷമായ പരിഹാരമൊന്നും കാണാത്തത് ഗുരുതരമായ ആശങ്കയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഏക സംവിധാനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉയര്‍ന്നു വരുന്ന ഈ വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ താല്‍പ്പര്യമില്ലാതെ മയക്കത്തിലാണ്. നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വലിയ താല്‍പ്പര്യമില്ല, അവര്‍ ബി ജെ പിയുടെ രീതികള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും അതില്‍ വളരെ ദുര്‍ബലമായി പരാജയപ്പെടുകയും ചെയ്യുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുന്നത് ശരിയാണെന്ന് പറഞ്ഞ് ഈ വിഷയങ്ങളില്‍ നടപടിയെടുക്കാതെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു മെസേജ് അയച്ച് കൈയൊഴികുയാണ് ചെയ്യുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കമ്മീഷന്‍ ഫലപ്രദമായി ഒഴിഞ്ഞുമാറുകയാണ്. ഡിജിറ്റല്‍ ടൂളുകളും ഭരണകൂട സംവിധാനങ്ങളും ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായി സ്വാധീനം ചെലുത്തുന്നതിനാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രമോ നീതിയുക്തമോ ആയിരിക്കില്ല എന്നുറപ്പാണ്.

 

അവലംബം: ദി വയര്‍

വിവ: പി.കെ സഹീര്‍ അഹ്‌മദ്

 

Related Articles