Current Date

Search
Close this search box.
Search
Close this search box.

ഇത് ഹമാസിനെതിരായ യുദ്ധമല്ല

ഫലസ്തീനികൾക്ക് എതിരായ ഗസ്സയിലെ യുദ്ധം യു.എസ് ഇസ്രായേൽ സംയുക്ത പ്രവർത്തനമാണെന്ന ഉറപ്പിച്ച് പറയുന്നുണ്ട് കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങൾ. ഡിസംബർ 8 വെള്ളിയാഴ്ച, ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതിനുള്ള ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ പ്രമേയം വിറ്റോ ചെയ്യുന്നതിൽ ബൈഡൻ ഭരണകൂടം ലോക രാജ്യങ്ങൾക്കിടയിൽ ഒറ്റയ്ക്ക് നിന്നപ്പോൾ, ഇസ്രായേലിന് 13,000 ടാങ്ക് റൗണ്ടുകളുടെ ‘അടിയന്തര’ വിൽപനക്ക് അംഗീകാരം നൽകാൻ അമേരിക്കൻ കോൺഗ്രസിനെ കബളിപ്പിക്കുന്ന തിരക്കിലായിരുന്നു സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ1

ഗസ്സയിലെ 2.2 മില്ല്യൺ നിവാസികളുടെ ഗതിയെക്കുറിച്ച് വൈറ്റ് ഹൗസിന് അഗാധമായ ആശങ്കയുണ്ടെന്ന് ലോകത്ത് പ്രചരിപ്പിക്കാനായി ആഴ്ചകളായി, മിഡിൽ ഈസ്റ്റിൽ ഉടനീളം ബ്ലിങ്കെൻ പറന്ന് നടക്കുകയും നിരവധി ടെലിവിഷൻ നെറ്റ്‌വർക്കുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. “ഒരുപാട് ഫലസ്തീനികൾ കൊല്ലപ്പെട്ടു കഴിഞ്ഞു; ഇക്കഴിഞ്ഞ ആഴ്‌ചകളിൽ ആളുകൾ വളരെയധികം കഷ്ടപ്പെടുകയും ചെയ്തു, അവർക്ക് ദോഷം ചെയ്യുന്നത് തടയാൻ സാധ്യമായതെല്ലാം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്”, ബ്ലിങ്കൻ നവംബർ 10 ന് പ്രഖ്യാപിച്ചു. ഒരു മാസത്തിനുശേഷം, മരണസംഖ്യ കുതിച്ചുയരുകയും വെടിനിർത്തലിനായുള്ള ആഹ്വാനങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ, സിവിലിയന്മാരെ സംരക്ഷിക്കാൻ ഇസ്രായേൽ പുതിയ നടപടികൾ നടപ്പിലാക്കുകയാണെന്നും, വ്യാപകമായ നരഹത്യ നിയന്ത്രിക്കാൻ ഇസ്രായേലിനെ പ്രോത്സാഹിപ്പിക്കുന്നതിന് യു.എസ് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ബ്ലിങ്കെൻ ഉറപ്പുനൽകി. വെള്ളിയാഴ്‌ചയിലെ സംഭവ വികാസങ്ങൾ ആ ചർവിത ചർവണങ്ങളെയൊക്കെയും രക്തക്കുളമാക്കി മാറ്റുന്നതാണ് കണ്ടത്.

കഴിഞ്ഞ രണ്ട് മാസമായി, ബെഞ്ചമിൻ നെതന്യാഹു യു.എസ് വാർത്താ ചാനലുകളിൽ ഉൾപ്പെടെയായി, “ഞങ്ങളുടെ യുദ്ധം നിങ്ങളുടെ യുദ്ധമാണ്” എന്ന് വാദിച്ചു. തിരിഞ്ഞുനോക്കുമ്പോൾ, ഇത് വൈറ്റ് ഹൗസിനോടുള്ള അപേക്ഷയായിരുന്നില്ല. നെതന്യാഹു ഒരു വസ്തുത പ്രസ്താവിക്കുക ആയിരുന്നു. ഇസ്രയേലിലേക്ക് ഹമാസിന്റെ നേതൃത്വത്തിൽ നടത്തിയ മാരകമായ റെയ്ഡുകൾക്ക് തൊട്ടുപിന്നാലെ, ഒക്ടോബർ 7 ന് പ്രസിഡന്റ് ജോ ബൈഡൻ തന്റെ ‘മഹാനായ വിശിഷ്ട സുഹൃത്ത്‍’ നെതന്യാഹുവിനോട് സംസാരിച്ച നിമിഷം മുതൽ, യു.എസ് ഇസ്രായേലിന് കൂടുതൽ ആയുധങ്ങളും രഹസ്യാന്വേഷണ പിന്തുണയും നൽകുക മാത്രമല്ല, ഫലസ്തീൻ പ്രദേശമായ ഗസ്സയെ കരിഞ്ഞുണങ്ങിയ ഭൂമിയാക്കി ഉന്മൂലനം ചെയ്യാനുള്ള സൈനിക നീക്കത്തിന് നിർണായക രാഷ്ട്രീയ പിന്തുണയും വാഗ്ദാനം നൽകുകയുണ്ടായി. ഭരണനിർവ്വഹണ ഉദ്യോഗസ്ഥരുടെ എല്ലാ പ്രവർത്തനങ്ങളും മരണവും നാശവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നിരിക്കെ അവരുടെ വായിൽ നിന്നും ആശങ്കയുടേയും ജാഗ്രതയുടേയും വാക്കുകൾ പുറത്ത് വരുന്നു എന്നത് പ്രസക്തമല്ല.

ബൈഡൻ ഭരണകൂടത്തിൽ നിന്നുള്ള പ്രചാരണം ചില സമയങ്ങളിൽ വളരെ തീവ്രമായിരുന്നു, ഇസ്രായേൽ സൈന്യം പോലും അത് ഒന്നോ രണ്ടോ അടി കുറയ്ക്കാൻ നിർദ്ദേശിചിട്ടുണ്ട്2. “തീവ്രവാദികൾ കുട്ടികളുടെ തലവെട്ടുന്ന” ചിത്രങ്ങൾ കണ്ടതായി ബൈഡൻ തെറ്റായി അവകാശപ്പെടുകയും3, തുടർന്ന് ആ സ്ഥിരീകരിക്കാത്ത4 ആരോപണം – തന്റെ ഉപദേശകരുടെ എതിർപ്പുകൾ നിലനിൽക്കെ തന്നെ- ബോധപൂർവം വസ്തുതയാണെന്ന് പ്രക്ഷേപണം ചെയ്യുകയും ഫലസ്തീനിലെ സാധാരണക്കരുടെ മരണസംഖ്യയെ പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്യുകയുണ്ടായി. ഇതൊന്നും യാദൃശ്ചികമല്ല, പ്രസിഡന്റിന്റെ പെരുപ്പിച്ചുകാട്ടുന്നതോ അബദ്ധം പറ്റുന്നതോ ആയ പ്രവണതകളും ഇതിന് കാരണമായി കണക്കാക്കാനാവില്ല.

ഇസ്രായേലിന്റെ ഏറ്റവും മോശമായ കുറ്റകൃത്യങ്ങളെയും അധിക്ഷേപങ്ങളെയും പിന്തുണയ്‌ക്കുകയും സുഗമമാക്കുകയും ചെയ്യുന്ന ബൈഡന്റെ 50 വർഷ കാലത്തെ ചരിത്രത്തെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങൾ ചില നിഗമനങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നുണ്ട്: ഇസ്രായേലിൻ്റെ ഗസ്സയെ നശിപ്പിക്കുന്നത് – 7,000ത്തിലധികം കുട്ടികൾ നിലവിൽ മരിച്ചു കഴിഞ്ഞു – തുടരണമെന്ന് ബൈഡൻ ആഗ്രഹിക്കുന്നു.

 

ഇസ്രായേലിന്റെ അരാജക ഗെയിം ഷോ

ഒക്‌ടോബർ 7ന് ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന്റെ ഐതിഹാസിക സ്വഭാവം ഒരു തരത്തിലും – ധാർമ്മികമായോ നിയമപരമായോ – ഗസ്സയിലെ സാധാരണ ജനങ്ങളോട് ഇസ്രായേൽ ചെയ്യുന്നതിനെ ന്യായീകരിക്കുന്നില്ല, അവരിൽ 18,000 ലധികം പേർ 60 ദിവസത്തിനിടെ മരിച്ചു കാഴിഞ്ഞു. ഔദ്യോഗിക തലത്തിൽ കുട്ടികളെ കൊല്ലുന്നത് ഒന്നുകൊണ്ടും ന്യായീകരിക്കാൻ പറ്റുകയില്ല. ഇസ്രായേലി രാഷ്ട്രം ഏർപ്പെട്ടിരിക്കുന്ന കാര്യങ്ങൾ എല്ലാ തരത്തിലുമുള്ള ആനുപാതികതയുടെയും നിയമസാധുതയുടെയും അടിസ്ഥാന തത്വങ്ങളെ ലംഘിച്ചു കഴിഞ്ഞിരിക്കുന്നു. 

ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ ഹമാസിന്റെയും ഒക്‌ടോബർ 7 ലെ ഓപ്പറേഷനിൽ പങ്കെടുത്ത മറ്റ് ഗ്രൂപ്പുകളുടെയും കുറ്റകൃത്യങ്ങളെ ചെറുതാക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും ബൈഡനും മറ്റ് യു.എസ്. ഉദ്യോഗസ്ഥരും ‘സ്വയം പ്രതിരോധത്തിനുള്ള’ ഇസ്രായേലിന്റെ അവകാശത്തെക്കുറിച്ച് വളച്ചൊടിച്ച നിർമിത ന്യായങ്ങൾ പുറത്തെടുത്ത് പ്രതിരോധിക്കുന്നത് തുടരുകയാണ്.

യു.എസും ഇസ്രായേലും പ്രമോട്ട് ചെയ്‌തതു പോലെ ഒക്‌ടോബർ 7ന് മുമ്പുള്ള 75 വർഷത്തെ ചരിത്രത്തിലേക്ക് നോക്കുന്ന ആ യുക്തി നമ്മളും പ്രയോഗിക്കുകയാണെങ്കിൽ, ആ കാലയളവിലുടനീളം ആയിരക്കണക്കിന് ഇസ്രായേലി കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നതിനും അവിടത്തെ ആശുപത്രികളും സ്കൂളുകളും ആസൂത്രിതമായി ആക്രമിക്കുന്നതിനും ഫലസ്തീനികൾ “ന്യായീകരിക്കപ്പെടുമായിരുന്നില്ല”, മറിച്ച് അയൽപക്കങ്ങൾ മുഴുവനും തകർത്തു തരിപ്പണമാക്കി, ഇസ്റായേലി പൗരന്മാർ ഒരിക്കൽ വീട് എന്ന് വിളിച്ചിരുന്ന കെട്ടിടങ്ങളെ കോൺക്രീറ്റ് ശവകുടീരങ്ങളാക്കി മാറ്റുന്നതിന് അവർ ‘സ്വയം പ്രതിരോധം’ തീർക്കുക്കുമായിരുന്നു.

അഥവാ, ഈ ന്യായീകരണം ഇസ്രായേലിന് മാത്രമേ പ്രാവർത്തികമാകൂ, കാരണം ഫലസ്തീനികൾക്ക് ഇസ്രായേലിനും അതിന്റെ ജനങ്ങൾക്കും മേൽ അത്തരം ഒരു നാശം വിതക്കാൻ കഴിയില്ല. അതിന് ഏറ്റവും ആധുനികവും മാരകവുമായ സൈനിക ഹാർഡ്‌വെയർ നൽകാൻ ഒരു സൈന്യമോ നാവികസേനയോ വ്യോമസേനയോ ശക്തമായ ദേശരാഷ്ട്രങ്ങളോ ഇല്ല. നൂറുകണക്കിന് ആണവായുധങ്ങൾ അതിനില്ല. ഗസ്സയെയും അതിലെ ജനങ്ങളെയും ചുട്ടുകൊല്ലാൻ ഇസ്രായേലിന് കഴിയും, കാരണം യു.എസ് രാഷ്ട്രീയമായും സൈനികമായും അതിന് സൗകര്യമൊരുക്കുകയാണ്.

പലസ്തീൻ സിവിലിയന്മാരെ സംരക്ഷിക്കുന്ന വിഷയത്തിൽ തങ്ങളുടെ ആത്മാർഥത ബ്ലിങ്കനും മറ്റ് യു.എസ് ഉദ്യോഗസ്ഥരും എല്ലാ വിധേനയും വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും, സംഭവ ലോകത്ത് വെളിപ്പെടുന്നത് ഗസ്സയിലെ  ജനസംഖ്യയെ സദാ ചുരുക്കിക്കൊണ്ടിരിക്കുന്ന ഒരു കൊലപാതക കൂട്ടിനെ കുറിച്ച വസ്തുതകളാണ് . ഡിസംബർ 1 ന്, ഇസ്രായേൽ ഗസ്സയെ നൂറുകണക്കിന് മണ്ഡലങ്ങളായി അക്കമിട്ട്  തിരിച്ച ഒരു ഇന്ററാക്ടീവ് മാപ്പ് പുറത്തിറക്കുകയുണ്ടായി. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ അറബിക് വെബ്‌സൈറ്റിൽ, ഗസ്സയിലെ നിവാസികളോട് മാപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യാനും ഇസ്രായേൽ ബോംബുകളാലോ ഗ്രൗണ്ട് ഓപ്പറേഷനുകളാലോ കൊല്ലപ്പെടാതിരിക്കാൻ മറ്റൊരു മേഖലയിലേക്ക് എപ്പോൾ ഒഴിഞ്ഞുമാറണമെന്ന് അറിയാൻ ഐഡിഎഫ് ചാനലുകൾ നിരീക്ഷിക്കാനും ആഹ്വാനം ചെയ്തു. 

ഇത് ഒരു ഇസ്രായേൽ നിർമിത ഡിസ്റ്റോപ്പിയൻ നെറ്റ്ഫ്ലിക്സ് ഷോയിൽ കുറഞ്ഞ മറ്റൊന്നുമല്ല. അതിലെ തെറ്റായ ഊഹം നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും അംഗഭംഗം വരുത്തുകയോ കൊലപ്പെടുത്തുകയോ വരെ ചെയ്യാം, അതിൽ പങ്കെടുക്കുന്നവർക്ക് വേണ്ടെന്ന് വെച്ച് ഒഴിവാകാൻ സാധിക്കുകയുമില്ല. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, ആരോഗ്യ സംരക്ഷണം അല്ലെങ്കിൽ പാർപ്പിടം എന്നിവ പരിമിതമായി മാത്രം ലഭിക്കുന്ന, – ഇന്റർനെറ്റ് കണക്ഷനുകൾ ആവർത്തിച്ച് അടച്ചുപൂടപ്പെട്ട – കുടുങ്ങിപ്പോയ ഒരു ജനതയോട് അവരെ ഭയപ്പെടുത്തുന്ന സൈനിക സേനയിൽ നിന്ന് ഒരു അതിജീവന മാപ്പ് ഡൗൺലോഡ് ചെയ്യാൻ ഓൺലൈനിൽ പോകണമെന്ന് പറയുന്നത് വിചിത്രമാണ്.

സാധാരണക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്ന് യു.എസ് ഇസ്രായേലിനോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കുന്ന ബ്ലിങ്കന്റെ വൺ മാൻ പരേഡിലുടനീളം, ഗസ്സയിലെ നിവാസികളോട് ഒഴിയാൻ പറഞ്ഞ പ്രദേശങ്ങളിൽ തന്നെ ഇസ്രായേൽ ആവർത്തിച്ച്5 ആക്രമണം നടത്തി. ചില സന്ദർഭങ്ങളിൽ, ആക്രമണത്തിന് 10 മിനിറ്റ് മുമ്പ് ഐ.ഡി.എഫ് ആളുകൾക്ക് എസ്.എം.എസ് സന്ദേശങ്ങൾ അയച്ചു കൊടുത്തു. അത്തരത്തിലുള്ള ഒരു സന്ദേശം6 ഇങ്ങനെയായിരുന്നു: “ഭീകര സംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിങ്ങളുടെ വസതിയിൽ നിർണ്ണായകമായ ഐ.ഡി.എഫ് സൈനിക ആക്രമണം ആരംഭിക്കും”. അതിജീവനത്തിനുള്ള അടിസ്ഥാനതത്ത്വങ്ങളൊന്നുമില്ലാതെ, തെക്കൻ പ്രദേശത്തെ എക്കാലത്തെയും ചെറിയ ഖണ്ഡങ്ങക്കിടയിൽ പരക്കം പായുന്ന മനുഷ്യ പിൻബോളുകൾ പോലെയാണ് ഫലസ്തീനികളെ പരിഗണിക്കുന്നത് എന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറയുകയുണ്ടയി7. വർധിച്ചുവരുന്ന പലസ്തീനിയൻ മൃതദേഹങ്ങളുടെ കൂമ്പാരം സാധാരണക്കാരുടെ മരണങ്ങൾ കുറയ്ക്കുക എന്ന ഇസ്രായേലിന്റെ പ്രഖ്യാപിത ഉദ്ദേശ്യവും അതിൻ്റെ പ്രവർത്തനവും തമ്മിലുള്ള അന്തരം ആയിട്ടാണ് ബ്ലിങ്കെൻ ആരോപിക്കുന്നത്8. “ഉദ്ദേശ്യം അവിടെയുണ്ടെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പ്രസ്താവിച്ചു9. “എന്നാൽ ഫലങ്ങൾ എല്ലായിപ്പോഴും പ്രകടമാകുന്നില്ല”.

ഡിസംബർ 6 ന് ഇസ്രായേൽ വ്യാപകമായി സിവിലിയന്മാരെ കൊലപ്പെടുത്തുന്നതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെട്ടപ്പോൾ, ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പ്രത്യക്ഷത്തിൽ തന്നെ പ്രകോപിതനായി. “നിരപരാധികളെ കൊല്ലുക എന്നത് ഇസ്രായേലി പ്രതിരോധ സേനയുടെ തന്ത്രമല്ല. അതു സംഭവിക്കുന്നുണ്ട്. അത് ഞാൻ സമ്മതിക്കുന്നു. ഓരോന്നും ഓരോ ദുരന്തമാണ്”, അദ്ദേഹം പറഞ്ഞു10. “എന്നാൽ, ഇസ്രായേലികൾ എല്ലാ ദിവസവും രാവിലെ ഇരുന്നുകൊണ്ട് ‘ഹേയ്, ഇന്ന് നമുക്ക് എത്ര സാധാരണക്കാരെ കൊല്ലാൻ കഴിയും?’ ‘നമുക്ക് ഒരു സ്‌കൂളിലോ ആശുപത്രിയിലോ പാർപ്പിട കെട്ടിടത്തിലോ ബോംബെറിഞ്ഞ് സാധാരണക്കാർക് ജീവഹാനി വരുത്താം’ എന്ന് പറയുന്നത് പോലെയല്ല ഇത്. അവർ അങ്ങനെ ചെയ്യുന്നില്ല”. 

സാധാരണക്കാർക്കും സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇസ്രായേൽ ആവർത്തിച്ച് ചെയ്യുന്നു എന്നത് തന്നെയാണ്  കിർബിയുടെ വമ്പ് കൊണ്ടുള്ള ഒരു പ്രശ്നം.  ഐ.ഡി.എഫിന്റെ ഉദ്ദേശ്യം എന്താണെന്നാണ് കിർബി വിശ്വസിക്കുന്നത് എന്നത് അപ്രസക്തമാണ്. ഗസ്സയിലെ ഫലസ്തീനികളെ കൂട്ടമായി വീർപ്പുമുട്ടിച്ച് കീഴ്പെടുത്തുകയോ കൊലപ്പെടുത്തുകയോ പലായനം ചെയ്യിക്കുകയോ ചെയ്യുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്ന് രണ്ട് മാസമായി നിരവധി ഇസ്രായേലി ഉദ്യോഗസ്ഥരും നിയമനിർമ്മാതാക്കളും പറഞ്ഞു കൊണ്ടിരുന്നതാണ്.

ഇസ്രായേലി മാധ്യമ സ്ഥാപനങ്ങളായ 972 ഉം ലോക്കൽ കോളും അടുത്തിടെ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ11 വെളിപ്പെടുത്തലുകളും കിർബിയുടെ അവകാശവാദങ്ങളെ ഇല്ലാതാക്കുന്നുണ്ട്. ഏഴ് ഇസ്രയേലി സൈനികരെയും, ഇന്റലിജൻസ് സ്രോതസ്സുകളുമായുള്ള അഭിമുഖത്തെയും അടിസ്ഥാനമാക്കിയുള്ള വിവരണത്തിൽ, ഹമാസിന്റെ ഒരു ഉന്നത കമാൻഡറെ കൊല്ലാൻ വേണ്ടി ആക്രമിക്കുന്ന കെട്ടിടങ്ങളിലെ സിവിലിയൻമാരുടെ എണ്ണം ഇസ്രായേൽ കൃത്യമായി അറിയുന്നതെങ്ങനെയെന്ന് വിശദമായി വിവരിക്കുന്നുണ്ട്.“ഒന്നും അബദ്ധം കാരണം സംഭവിക്കുന്നില്ല”. 

ഒരു ഇസ്രായേൽ സ്രോതസ്സ് പറയുന്നു. “ഗസ്സയിലെ ഒരു വീട്ടിൽ 3 വയസ്സുള്ള ഒരു പെൺകുട്ടി കൊല്ലപ്പെടുമ്പോൾ, അവൾ കൊല്ലപ്പെടുന്നത് വലിയ ഒരു കാര്യമായിരുന്നില്ല എന്നും, മറ്റൊരു ടാർഗെറ്റിനെ കൊല്ലാൻ നൽകേണ്ട വിലയാണത് എന്നും സൈന്യത്തിലെ ഒരാൾ തീരുമാനിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നും വ്യക്തമാണ്. ഞങ്ങൾ ഹമാസ് അല്ല. ഇവ യാദൃച്ഛികമായ റോക്കറ്റുകളുമല്ല. എല്ലാം ആസൂത്രിതമാണ്. ഓരോ വീട്ടിലും എത്രമാത്രം നാശനഷ്ടങ്ങളുണ്ടെന്ന് ഞങ്ങൾക്കറിയാം.”

ബ്ലിങ്കന്റെ എല്ലാ പ്രഖ്യാപനങ്ങളെയും നുണകളായി മാറ്റി കൊണ്ട് ഇസ്രായേൽ അതിന്റെ കൊലപാതക യന്ത്രത്തെ ഉയർത്തിക്കാട്ടുമ്പോൾ, വലിയ അളവിലുള്ള കൊലപാതകങ്ങളെ ന്യായീകരിക്കുന്ന ഒരു പ്രചരണ യുദ്ധം അത് തുടരുക കൂടിയാണ്. ഇസ്രായേലിന്റെ പ്രതിരോധമന്ത്രി ‘മനുഷ്യമൃഗങ്ങൾ’ എന്ന് വിളിച്ച ആളുകളുടെ മൊത്തക്കശാപ്പിനെ ന്യായീകരിക്കുന്നതിനുള്ള ഒരു നുണയും അതിനേക്കാൾ ഗുരുതരമല്ല. ഈ പ്രചാരണം അനുസരിച്ച്, അവിടെ ഫലസ്തീൻ കുട്ടികളില്ല, പലസ്തീൻ ആശുപത്രികളില്ല, പലസ്തീൻ സ്കൂളുകളുമില്ല. യു. എൻ ഹമസാണ്. പത്രപ്രവർത്തകർ ഹമാസാണ്.  ബെൽജിയം, സ്പെയിൻ, അയർലൻഡ് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാർ ഹമാസാണ്. വംശഹത്യാ ആഖ്യാനത്തിൽ നിന്ന് അൽപ്പം പോലും വിയോജിച്ചു നിൽകുന്ന എല്ലാം, എല്ലാവരും ഹമാസാണ്.

ഫലസ്തീനികളെ കുറിച്ച് തങ്ങൾ പറയുന്ന നുണകൾ എത്ര നികൃഷ്ടമാ

യാലും പല പാശ്ചാത്യ മാധ്യമ സ്ഥാപനങ്ങളും അത് അംഗീകരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാവുന്നേടത്തേക്ക് ഇസ്രായേൽ വളർന്നു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇസ്രയേലിന്റെ ആഖ്യാനം പരിശോധിക്കാതെ പ്രോത്സാഹിപ്പിച്ചതിന്റെ നീണ്ട ട്രാക്ക് റെക്കോർഡുള്ള വാർത്താ ഔട്ട്ലെറ്റുകൾ പോലും അവിശ്വസനീയതയിലേക്ക് നീങ്ങിയിട്ടുണ്ട്. അവർക്ക് മനഃസാക്ഷിക്ക് മാറ്റം വന്നതുകൊണ്ടല്ല അത്, മറിച്ച് ഇസ്രായേൽ പ്രചാരണം വളരെ പ്രഹസനമായതിനാൽ അത് അങ്ങനെയല്ലെന്ന് നടിക്കുന്നത് ലജ്ജാകരമാണ് എന്നത്കൊണ്ടാണ്. 

പലസ്തീനിയൻ പുരുഷന്മാരുടെ അടിവസ്ത്രം അഴിച്ചുമാറ്റിചിലപ്പോൾ കണ്ണുകെട്ടി ഇവരെല്ലാം കീഴടങ്ങുന്ന ഹമാസ് ഭീകരരാണെന്ന് അവകാശപ്പെടുന്ന ഒന്നിലധികം ചിത്രങ്ങളും വീഡിയോകളും ഇസ്രായേൽ സൈന്യം അടുത്ത ദിവസങ്ങളിൽ പുറത്ത് വിട്ടിരിന്നു.  ഈ അവകാശവാദങ്ങളെല്ലാം ന്സാരമായ സൂക്ഷ്മപരിശോധനയിൽ തന്നെ തകർന്നടിയുകയുണ്ടായി. അതിലെ ചിലരെ പത്രപ്രവർത്തകർ, കട ഉടമകൾ, യു.എൻ. ജീവനക്കാർ എന്നിങ്ങനെയായി തിരിച്ചറിയുകയാണ് ഉണ്ടായത്. പരിഹാസ്യമായ ഒരു പ്രത്യേക പ്രചാരണത്തിൽ, നഗ്നരായ പലസ്തീൻ ബന്ദികൾ അവരുടെ റൈഫിളുകൾ താഴെയിടുന്ന ഒരു വീഡിയോ ഐ.ഡി.എഫ് സൈനികർ ചിത്രീകരിച്ച് ഓൺലൈനിൽ വിതരണം ചെയ്തു.

തടവുകാരെ വസ്ത്രം അഴിപ്പിക്കുന്ന രീതിയെ സർക്കാർ വക്താവ് മാർക്ക് റെഗെവ് ന്യായീകരിക്കുക ഉണ്ടായി. “ഓർക്കുക, ഇത് മിഡിൽ ഈസ്റ്റാണ്, ഇവിടെ ചൂട് കൂടുതലാണ്. പ്രത്യേകിച്ച് വെയിലുള്ള പകൽ സമയത്ത്, നിങ്ങളുടെ ഷർട്ട് അഴിക്കാൻ ആവശ്യപ്പെടുന്നത് സുഖകരമായിരിക്കില്ല എന്ന് കരുതി ഇത് ലോകത്തിൻ്റെ അന്ത്യമൊന്നുമല്ല”, റെഗെവ് സ്കൈ ന്യൂസിനോട് പറഞ്ഞു12. “ആയുധങ്ങൾ ഒളിച്ചുവെക്കുന്ന ആളുകളെ, പ്രത്യേകിച്ച് സ്ഫോടകവസ്തുക്കൾ ധരിച്ച ചാവേർ ബോംബർമാരെ തിരയുകയാണ് ഞങ്ങൾ”. യുദ്ധത്തടവുകാരുടെ വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള ജനീവ കൺവെൻഷന്റെ തീരുമാനത്തെ ഇത്  വ്യക്തമായി ലംഘിച്ചതിനെ കുറിച്ച് റെഗേവ് ചോദ്യം ചെയ്യപ്പെട്ടു.

“എനിക്ക് അന്താരാഷ്ട്ര നിയമത്തിന്റെ അത്തരം നിലവാരം പരിചിതമല്ലെന്നും ഇസ്രായേലി ഗവൺമെൻ്റിൻ്റെ ഔദ്യോഗിക ചാനലുകളാണ് ആ വീഡിയോകൾ വിതരണം ചെയ്തതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും” അദ്ദേഹം പറഞ്ഞു.  “ഇവർ ഒരു യുദ്ധ മേഖലയിൽ അറസ്റ്റിലായ സൈനിക പ്രായമായ സൈനികരാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് പോരാളികൾ കൂട്ടമായി കീഴടങ്ങുന്നു എന്ന ഇസ്രായേൽ അവകാശവാദങ്ങൾ ഉണ്ടായിരുന്നിരിക്കെ, “അടുത്ത ദിവസങ്ങളിൽ ഗസ്സ മുനമ്പിൽ ഫോട്ടോ എടുത്ത കൈവിലങ്ങിട്ട നൂറുകണക്കിന് ഫലസ്തീൻ തടവുകാരിൽ ഏകദേശം 10 മുതൽ 15 ശതമാനം വരെ ഹമാസ് പ്രവർത്തകരോ സംഘടനയുടെ ഭാഗമായി തിരിച്ചറിയപ്പെട്ടവരോ ആണ്” എന്ന് ഇസ്രായേലി സുരക്ഷാ സ്രോതസ്സുകൾ പ്രകാരം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു13. വിവസ്ത്രരാക്കപ്പെട്ട തടവുകാരുടെ ഈ ചെറിയ സംഘം പോലും ഹമാസ് ഗറില്ലകളാണെന്ന് തെളിയിക്കാൻ ഇസ്‍റായേലിന് കഴിഞ്ഞട്ടില്ല.

ഇപ്രകാരം ഇവിടെ നമുക്കുള്ളത് ജനീവ കൺവെൻഷനുകളുടെ ലംഘനവും ഇസ്രായേലിൻ്റെ പ്രചാരണ സിനിമയിൽ ഹമാസ് പോരാളികളെ അവതരിപ്പിക്കാൻ ഫലസ്തീൻ സിവിലിയൻമാരെ തോക്കിന് മുനയിൽ നിർത്തുന്ന അധാർമിക ആവിഷ്കരണങ്ങളുമാണ്.

ഇസ്‍റായേലിൻ്റേത് ചെറുത്തുനിൽപ്പല്ല

ഭീകരമായ ഈ പ്രകടനങ്ങൾക്ക് യഥാർത്ഥത്തിൽ രണ്ട് വശങ്ങളില്ല എന്നത് ഇക്കഴിഞ്ഞ രണ്ട് മാസങ്ങളിൽ നിന്ന് അനിഷേധ്യമായി വ്യക്തമാവുന്നതാണ്. നിസ്സംശയം, ഒക്‌ടോബർ 7ന് ഇസ്രയേലിലെ സാധാരണക്കാർക്കെതിരെ ഭീകരത അഴിച്ചുവിട്ട കുറ്റവാളികൾ ഉത്തരവാദിത്തം വഹിക്കുക തന്നെ വേണം. എന്നാൽ നിലവിൽ നടക്കുന്ന കൂട്ടക്കൊല അതുമായി ബന്ധപ്പെട്ടതല്ല. മാധ്യമപ്രവർത്തകർ അങ്ങനെ നടിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്.

ഗസ്സയിലെ ജനങ്ങൾക്കെതിരെ ഇസ്രായേൽ ഭരണകൂടം നടത്തുന്ന ഭീകരപ്രവർത്തനങ്ങളുടെ ഒരു അപഗ്രഥനവും ഒക്ടോബർ 7 ലെ സംഭവങ്ങളിൽ നിന്ന് ആരംഭിക്കാൻ കഴിയുകയില്ല. നിലവിലെ സാഹചര്യത്തിന്റെ സത്യസന്ധമായ പരിശോധനയിൽ ഒക്ടോബർ 7 നെ കാണേണ്ടത് ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ 75 വർഷത്തെ യുദ്ധത്തിന്റെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗസ്സയെ ആദ്യം ഒരു തുറന്ന തടവറയായും ഇപ്പോൾ കൊല്ലുന്ന ഒരു കാരാഗൃഹമായും മാറ്റിയ പശ്ചാത്തലത്തലങ്ങളിലാണ്. 

യഹൂദവിരുദ്ധർ എന്ന് ലേബൽ ചെയ്യുമെന്ന ഭീഷണിയിൽ, നിസ്സംശയം തെറ്റാണെന്ന് പറയാവുന്ന യുദ്ധക്കുറ്റങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുകയും ഇസ്രായേലും അതിന്റെ സംരക്ഷകരും യുക്തിരഹിതമായ പ്രവർത്തനങ്ങൾ നിയമാനുസൃതമാണെന്ന് അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. “നിങ്ങൾ ഇന്ന് ഇസ്രായേലിനെ നോക്കൂ. തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളെ പതിവായി കുറ്റപ്പെടുത്തുന്ന തരത്തിൽ യുക്തിരഹിതമായ, ഭയങ്കരമായ ചിത്തഭ്രമത്തിൽ എത്തിയിരിക്കുന്ന ഒരു രാഷ്ട്രമാണത്,” പലസ്തീൻ അനലിസ്റ്റ് മൗയിൻ റബ്ബാനി അടുത്തിടെ ഇന്റർസെപ്റ്റിനോട് പറഞ്ഞു14. “അത് ഒരു തരത്തിലുള്ള എതിർപ്പിനും കഴിവില്ലാത്ത ഒരു രാഷ്ട്രമാണ്”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഫലസ്തീനികൾക്ക് ഒരു തരത്തിലുള്ള ചെറുത്തുനിൽപ്പിനും നിയമപരമായ അവകാശമില്ലെന്ന് ഇസ്രായേൽ അതിതീവ്രമായി അടിച്ചേൽപ്പിച്ചിരിക്കുകയാണ്. അവർ അക്രമരഹിതമായ പ്രകടനങ്ങൾ15 സംഘടിപ്പിച്ചപ്പോഴെല്ലാം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. 2018-2019 കാലഘട്ടത്തിൽ ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണിനിടെ നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയും 223 പേർ കൊല്ലപ്പെടുകയും 8,000 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അതായിരുന്നു കാര്യം. ആഴ്ചതോറുമുള്ള വെള്ളിയാഴ്ച പ്രകടനത്തിനിടെ ഡസൻ കണക്കിന് പ്രതിഷേധക്കാരെ കാൽമുട്ടിന് വെടിവെച്ചതിനെക്കുറിച്ച് ഇസ്രായേലി സ്നൈപ്പർമാർ പിന്നീട് വീരവാദം മുഴക്കിയിട്ടുണ്ട് 16

വർണ്ണവിവേചകരായ സൈനികർക്കെതിരെ ഫലസ്തീനികൾ പോരാടുമ്പോൾ അവർ കൊല്ലപ്പെടുകയോ സൈനിക കോടതികളിലേക്ക് അയക്കപ്പെടുകയോ ചെയ്യുന്നു. ടാങ്കുകൾക്ക് നേരെയോ സൈനികർക്ക് നേരെയോ കല്ലെറിയുന്ന കുട്ടികൾ  -അവർ അവിടെ വെടിവെച്ച് കൊലചെയ്യപ്പെട്ടില്ലെങ്കിൽ മാത്രം – തീവ്രവാദികൾ എന്ന് മുദ്രകുത്തപ്പെടുകയും അധിക്ഷേപത്തിനും അടിസ്ഥാന അവകാശങ്ങളുടെ ലംഘനത്തിനും വിധേയമാക്കപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഗുരുതരമായ അനീതികളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഏത് സാഹചര്യത്തിൽ നിന്നും അല്ലെങ്കിൽ ഏത് മാർഗത്തിൽ നിന്നും നിരാകരിക്കപ്പെട്ടാണ് ഫലസ്തീനികൾ അവരുടെ ജീവിതം നയിക്കുന്നത്.

ഈ ഗ്രൂപ്പുകൾ എന്തുകൊണ്ടാണ് നിലകൊള്ളുന്നതും, പിന്തുണ കിട്ടുന്നതും എന്ന ചോദ്യം ആദ്യം പരിഗണിക്കാതെ ഹമാസിന്റെയോ ഇസ്‌ലാമിക് ജിഹാദിന്റെയോ മറ്റേതെങ്കിലും സായുധ പ്രതിരോധ വിഭാഗങ്ങളുടെയോ കുറ്റകൃത്യങ്ങളെ കുറിച്ച് നിങ്ങൾക്ക് ചർച്ച ചെയ്യാൻ സാധിക്കില്ല. ഹമാസിനെ പിന്തുണയ്ക്കുന്നതിലും അതിലേക്കുള്ള പണമൊഴുക്ക് സുഗമമാക്കുന്നതിലും17 നെതന്യാഹുവിന്റെ സ്വന്തം പങ്ക് – കുറഞ്ഞത് 2012 വരെ നീളുന്ന – തീർച്ചയായും സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്. “പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഹമാസിനെ ശക്തിപ്പെടുത്തുന്നതിനും ഹമാസിന് പണം കൈമാറുന്നതിനും പിന്തുണ നൽകണം,” നെതന്യാഹു 2019 ൽ തന്റെ ലിക്കുഡ് സഖാക്കളോട് പറഞ്ഞു18.

എന്നാൽ വിശാലമായ ആലോചനയിൽ, ഹമാസിനെപ്പോലുള്ള ഒരു സംഘം ഫലസ്തീനികൾക്കിടയിൽ ജനപ്രീതി നേടിയത് എന്തുകൊണ്ടാണെന്നോ ഗസ്സയിലെ ആളുകൾ സായുധ സമരത്തിലേക്ക് തിരിയുന്നത് എന്തുകൊണ്ടാണെന്നോ ആത്മാർത്ഥമായ ഒരു പരിശോധന ശ്രദ്ധ കേന്ദ്രീകരിക്കേണ്ടുന്നത് എല്ലാതരം നിയമാനുസൃതമായ ചെറുത്തുനിൽപ്പുകളും തിരസ്കരിപ്പെടുമ്പോൾ അടിച്ചമർത്തപ്പെട്ടവർ എങ്ങനെ പീഡകനോട് പ്രതികരിക്കുന്നു എന്നതിലാണ്. അധിനിവേശത്തിന് കീഴിൽ ജീവിക്കുന്ന ആളുകളുടെ സ്വയം നിർണ്ണയാവകാശം സ്ഥാപിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അവകാശങ്ങളിലുമാണ് അതിൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. 

ഫലസ്തീനിലെ എല്ലാ ചെറുത്തുനിൽപ് പ്രവർത്തനങ്ങളും തീവ്രവാദത്തെ എങ്ങനെ രൂപപ്പെടുത്തുന്നു, ഗസ്സയിൽ യഥാർത്ഥത്തിൽ നിരപരാധികളില്ല എന്നൊക്കെയുള്ള വംശീയ തർക്കങ്ങളിലേക്ക് തരംതാഴ്ത്തപ്പെടാതെ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മറ്റ് ചരിത്രപരമായ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ പോരാട്ടം സ്ഥാപിക്കാൻ അത് ഫലസ്തീനികളെ അനുവദിക്കണം. ഒക്ടോബർ 13 ന് ഇസ്രായേൽ പ്രസിഡന്റ് അത്രയും പറഞ്ഞിരുന്നു, “പുറത്തുള്ള ഒരു രാജ്യം മുഴുവനുമാണ് ഉത്തരവാദി”. ഐസക് ഹെർസോഗ് പ്രഖ്യാപിച്ചു19, “സാധാരണക്കാരെ കുറിച്ച് അവർ ബോധവാന്മാരായിരുന്നില്ല, അതിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ള ഈ വാചാടോപം സത്യമല്ല. അത് തീർത്തും സത്യമല്ല. അവർക്ക് എഴുന്നേൽക്കാമായിരുന്നു. ഒരു അട്ടിമറിയിലൂടെ ഗസ്സ പിടിച്ചെടുത്ത ആ ദുഷ്ട ഭരണകൂടത്തിനെതിരെ അവർക്ക് പോരാടാമായിരുന്നു”.

ഹമാസിനെ അട്ടിമറിക്കുന്നതിലൂടെ ഗസ്സയിലെ ഫലസ്തീനികൾക്ക് അവരുടെ എല്ലാ കഷ്ടപ്പാടുകളും അവസാനിപ്പിക്കാം എന്ന ധാരണ ഹമാസ് കീഴടങ്ങി എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയച്ചാൽ ഗസ്സക്കെതിരായ യുദ്ധം അവസാനിക്കുമെന്ന പലപ്പോഴായി ആവർത്തിച്ച അവകാശവാദം പോലെ തന്നെ ചരിത്രബന്ധമില്ലാത്തതും വ്യാജവുമാണ്. “നോക്കൂ, ഇത് നാളെ അവസാനിക്കും,” ബ്ലിങ്കെൻ ഡിസംബർ 10 ന് പറഞ്ഞു20. “സാധാരണക്കാരുടെ പിന്നിൽ ഒളിക്കുന്നതിനുപകരം ഹമാസ് അവരുടെ വഴിവിട്ട് പുറത്തുവന്നാൽ, അത് അതിൻ്റെ ആയുധങ്ങൾ താഴെ വെച്ചാൽ, അത് കീഴടങ്ങിയാൽ”. ഇത് തീർച്ചയായും ഒരു പച്ചക്കള്ളമാണ്. ബ്ലിങ്കനും അദ്ദേഹത്തിൻ്റെ യു.എസ് വിദേശ നയ വൃത്തങ്ങളിലെ ഉന്നത ഉഭയകക്ഷികളും പ്രചരിപ്പിക്കുന്ന കള്ളം. കാരണം ഹമാസുണ്ടായാലും ഇല്ലെങ്കിലും ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ യുദ്ധം കൃത്യമായി തന്നെ നിലനിൽക്കും.

ഇസ്രായേലിന്റെ വർണ്ണവിവേചന ഭരണകൂടത്തിന് വർഷങ്ങളായുള്ള യു.എസ് പിന്തുണ ഗസ്സയിൽ ഇസ്രായേലിന്റെ നശീകരണം സുഗമമാക്കിയിട്ടുണ്ട്.  ഇത് ഹമാസിനെതിരായ ആക്രമണങ്ങളുടെ ഒരു പരമ്പരയല്ല, മറിച്ച് സാധാരണക്കാരെയും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീകര ബോംബിംഗുകളുടെ ഒരു ചാക്രിക പരമ്പരയാണ്. ബൈഡൻ ഭരണകൂടമോ ബൈഡൻ സ്വയം തന്നെയോ പുറമേന്നുള്ള ഒരു നിരീക്ഷകനോ നീതിയുക്തമായ മധ്യസ്ഥം പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തോ അല്ല.

ഇസ്രയേലിന്റെ തെറ്റായ ആഖ്യാനങ്ങൾക്കും അതിന്റെ രക്തരൂക്ഷിതമായ വംശീയ ദേശീയവാദ ഉന്മൂലന യുദ്ധങ്ങൾക്കും മീതെ ഫലസ്തീനികളുടെ ജീവനെ ബൈഡൻ വിലമതിച്ചിരുന്നെങ്കിൽ ഈ കൊലപാതകങ്ങളൊന്നും സംഭവിക്കുന്മായിരുന്നില്ല. ഇത് ഹമാസിനെതിരായ ഇസ്രായേൽ യുദ്ധമാണെന്ന നാട്യം നമ്മൾ അവസാനിപ്പിക്കണം. നമ്മൾ അതിനെ അതെന്താണോ അങ്ങനെ തന്നെ വിളിക്കണം, ഗസ്സയിലെ ജനങ്ങൾക്കെതിരായ ഒരു യു.എസ്-ഇസ്രായേൽ സംയുക്ത യുദ്ധമാണത്.

വിവ: ഹിശാം

 

References:

[1] https://www.nytimes.com/2023/12/09/world/middleeast/us-israel-tanks-ammunition.html

[2] https://www.timesofisrael.com/liveblog_entry/idf-appears-to-push-back-on-irresponsible-us-claim-hamas-refusing-to-release-raped-hostages/

[3] https://www.aljazeera.com/news/2023/10/12/white-house-walks-back-bidens-claim-he-saw-children-beheaded-by-hamas

[4] https://www.washingtonpost.com/politics/2023/11/26/biden-white-house-divisions-israel-gaza/

[5] https://abcnews.go.com/International/gaza-palestinians-residents-nowhere-safe-israel-war/story?id=105449623

[6] https://www.cbsnews.com/news/israel-hamas-war-gaza-evacuation-map-idf-resumes-airstrikes/

[7] https://www.aljazeera.com/gallery/2023/12/9/photos-israel-bombs-gaza-areas-it-called-safe-zones-for-palestinians

[8] https://abcnews.go.com/Politics/us-close-gap-israels-intent-resulting-gaza-death/story?id=105524365#:~:text=%22There’s%20a%20gap%20between%20the,weapons%2C%20if%20it%20surrendered.%22

[9] https://www.reuters.com/world/middle-east/blinken-palestinian-civilian-safety-imperative-envisions-durable-peace-2023-12-10/

[10] https://m.youtube.com/watch?v=_Ty4JjcsOIw

[11] https://www.972mag.com/mass-assassination-factory-israel-calculated-bombing-gaza/

[12] https://news.sky.com/story/israel-gaza-latest-us-steps-up-pressure-on-israel-with-visa-ban-as-un-tells-netanyahu-military-operation-has-to-stop-12978800?postid=6892292#liveblog-body

[13] https://www.haaretz.com/israel-news/2023-12-10/ty-article-live/israels-ground-offensive-in-gaza-deepens-as-arab-eu-leaders-push-for-a-cease-fire/0000018c-5187-df2f-adac-ffaf03700000?liveBlogItemId=1308272871&htm_source=site&htm_medium=button&htm_campaign=live_blog_item#1308272871

[14] https://theintercept.com/2023/12/02/intercepted-gaza-war-israel-hamas/

[15] https://www.btselem.org/publications/202112_unwilling_and_unable

[16] https://www.haaretz.com/israel-news/2020-03-06/ty-article-magazine/.highlight/42-knees-in-one-day-israeli-snipers-open-up-about-shooting-gaza-protesters/0000017f-f2da-d497-a1ff-f2dab2520000

[17] https://www.seattletimes.com/nation-world/buying-quiet-inside-the-israeli-plan-that-propped-up-hamas/

[18] https://www.haaretz.com/israel-news/2023-10-09/ty-article/.premium/another-concept-implodes-israel-cant-be-managed-by-a-criminal-defendant/0000018b-1382-d2fc-a59f-d39b5dbf0000

[19] https://news.yahoo.com/israeli-president-says-no-innocent-154330724.html

[20] https://abcnews.go.com/Politics/us-close-gap-israels-intent-resulting-gaza-death/story?id=105524365#:~:text=%22There’s%20a%20gap%20between%20the,weapons%2C%20if%20it%20surrendered.%22

 

Related Articles