Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ വിഷയം പ്രമേയമായ, ഒ.ടി.ടിയില്‍ ലഭ്യമായ ഒന്‍പത് സിനിമകള്‍

ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശവും അതിനെതുടര്‍ന്ന് ഫലസ്തീന്‍ ജനത നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ക്യാമറയില്‍ പതിപ്പിച്ച് സിനിമകളാക്കിയ നിരവധി ചിത്രങ്ങളുണ്ട്. അവയില്‍ ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ തെരഞ്ഞെടുത്ത 9 സിനിമകള്‍ പരിചയപ്പെടുത്തുകയാണിവിടെ.

 

1. ഫര്‍ഹ

1948ല്‍ ഫലസ്തീനികളെ സ്വന്തം ജന്മനാട്ടില്‍ നിന്നും ഇസ്രായേല്‍ പുറത്താക്കിയ നഖ്ബയുടെ സമയത്ത് ജീവിച്ച ഫലസ്തീന്‍ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം. 2021ല്‍ പുറത്തിറങ്ങി അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ‘ഫര്‍ഹ’ ഡാറിന്‍ ജെ സലാം ആണ് സംവിധാനം ചെയ്തത്. റാദിയ എന്ന പേരിലുള്ള പെണ്‍കുട്ടി തന്റെ കുട്ടിക്കാലത്ത് നേരിട്ട യഥാര്‍ത്ഥ സംഭവങ്ങള്‍ സംവിധായകനോട് വിവരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചിത്രം നിര്‍മിച്ചത്.

2. ദി പ്രസന്റ്

2020ല്‍ നബുല്‍സിയും ഹിന്ദ് ശൂഫാനിയുടെ രചിച്ച് ഫറ നബുല്‍സി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ‘ദി പ്രസന്റ്’. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ ജീവിക്കുന്ന ഒരഛനും മകളും വിവാഹ വാര്‍ഷിക സമ്മാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണിത്.

3. 3000 നൈറ്റ്‌സ്

2015ല്‍ മായി മസ്രി സംവിധാനം ചെയ്ത അന്താരാഷ്ട്ര തലത്തില്‍ നിര്‍മിക്കപ്പെട്ട സിനിമയാണ് ‘3000 നൈറ്റ്‌സ്’. ഫലസ്തീനി സ്‌കൂള്‍ അധ്യാപിക ഗര്‍ഭിണിയാരിക്കെ ജയിലിലടക്കപ്പെടുകയും ജയിലില്‍ വെച്ച് ഒരാണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം.

4. ഐയ്‌സ് ഓഫ് എ തീഫ്

2014ല്‍ നജ്‌വ നജ്ജാര്‍ സംവിധാനം ചെയ്ത ഈ ചിത്രം 2002ല്‍ സില്‍വാദില്‍ നടന്ന രണ്ടാം ഫലസ്തീന്‍ സംഘര്‍ത്തിലെ ഒരു യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ടതാണ്. സംഘര്‍ഷത്തില്‍ പരുക്ക് പുറ്റിയ താരിഖ് എന്ന യുവാവിനെ പരിചരിക്കാനെത്തുന്ന കന്യാസ്ത്രീയും വൈദികനും തന്നെ രക്ഷപ്പെടാന്‍ സഹായിക്കുന്നതാണ് കഥാപ്രമേയം.

5. സാള്‍ട് ഓഫ് ദിസ് സീ

2008ല്‍ ആന്‍മേരി ജെയ്‌സിര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഫലസ്തീന്‍-അമേരിക്കന്‍ കവി സുഹൈര്‍ ഹമ്മാദ് സൊറായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1948ലെ അറബ്-ഇസ്രായേല്‍ യുദ്ധ സമയത്ത് ഇസ്രായേല്‍ കൈയടക്കിയ തന്റെ കുടുംബ വീടും പണവും തിരിച്ചുചോദിക്കാന്‍ വേണ്ടി ഫലസ്തീനിലെത്തുന്ന അവരുടെ സംഭവവികാസങ്ങളാണ് സിനിമയില്‍.

6. ഒമര്‍

2013ല്‍ ഹാനി അബു അസദ് സംവിധാനം ചെയ്ത ചിത്രമായ ഒമര്‍ ബേക്കറി കട നടത്തുന്ന ഒരു യുവാവ് സ്വാതന്ത്ര പോരാളിയായ കഥയാണ് പ്രമേയം. ഇസ്രായേല്‍ നിര്‍മിച്ച അതിര്‍ത്തി വേലിക്കപ്പുറത്ത് താമസിക്കുന്ന തന്റെ പെണ്‍സുഹൃത്തിനെ സ്ഥിരമായി കാണാന്‍ അതിര്‍ത്തിവേലി കടന്നു പോകുന്ന ഉമറിന്റെ കഥയാണ് പ്രമേയം.

7. ബോണ്‍ ഇന്‍ ഗസ്സ

2014ലെ ഗസ്സ യുദ്ധം പ്രമേയമാക്കി ഹെര്‍നാന്‍ സിന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി. 10 ഫലസ്തീന്‍ കുട്ടികളുടെ ജീവിതത്തെ ഈ യുദ്ധം എങ്ങിനെയാണ് മാറ്റിമറിച്ചത് എന്നാണ് കഥാവൃത്തം.

8. ലൈക് ട്വന്റി ഇംപോസിബിള്‍

2003ല്‍ ആന്‍മേരി ജെയ്‌സിര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം. രണ്ടാം ഇന്‍തിഫാദ സമയത്ത് ഒരു ഫലസ്തീന്‍ സിനിമ സംഘം ഇസ്രായേല്‍ ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഈ ചിത്രം അധിനിവിഷ്ട ഫലസ്തീനില്‍ വെച്ചാണ് ചിത്രീകരിച്ചത്.

9. ചില്‍ഡ്രന്‍ ഓഫ് ഷാത്വില

ഫലസ്തീനില്‍ നിന്നും 15 വര്‍ഷം മുന്‍പ് തങ്ങളുടെ മുത്തഛന്റെ കൂടെ ബെയ്‌റൂതിലെ ഷാത്വില അഭയാര്‍ത്ഥി ക്യാംപിലെത്തിയ രണ്ട് കുട്ടികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യുദ്ധം മൂലമുണ്ടായ നഷ്ടപ്പെടലിന്റെ കഥകളാണ് സിനിമയില്‍.

 

തയാറാക്കിയത്: പി.കെ സഹീര്‍ അഹ്‌മദ്

Related Articles