Current Date

Search
Close this search box.
Search
Close this search box.

ഈ വംശഹത്യക്ക് അടിത്തറ പാകിയത് പടിഞ്ഞാറൻ വംശീയതയാണ്

അന്താരാഷ്ട്ര കോടതിയിൽ തങ്ങൾക്കെതിരെ സൗത്ത് ആഫ്രിക്ക കൊടുത്ത വംശഹത്യ കുറ്റ കേസിൽ ഒപ്പം നിൽക്കാൻ പടിഞ്ഞാറൻ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രായേൽ. ഗസ്സയിൽ  ഇനിയും അത്യാഹിതങ്ങൾ സംഭവിക്കാതിരിക്കാൻ ഇസ്രായേലിന്റെ സൈനിക ആക്രമണത്തിനെതിരെ അടിയന്തര നിരോധന ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് കോടതിയോട് പ്രിട്ടോറിയ ആവശ്യമുന്നയിച്ചിരിക്കുന്നത്. 

ഇതുവരേക്കും 23000 ത്തോളം ഫലസ്തീനികളെ ഇസ്രായേൽ കൊന്നു കളഞ്ഞിരിക്കുന്നു. അതിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ഇത് കൂടാതെ കെട്ടിടാവശിഷ്ട്ടങ്ങളിൽ കുടുങ്ങി കിടക്കുന്ന വേറെയും ആയിരങ്ങളുണ്ടാവുമെന്ന് കരുതപ്പെടുന്നു. ഗുരുതര പരിക്ക് പറ്റിയവരുടെ എണ്ണം പതിനായിരങ്ങൾ കടന്നിട്ടുണ്ട്. ഇപ്രകാരം മൂന്ന് മാസമായി തുടരുന്ന ബോംബിങ്ങിലൂടെ ഭൂരിപക്ഷം ജനങ്ങൾക്കും വീട് നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. 

ഫലസ്തീനികളോട് രക്ഷപ്പെട്ടു പോവാൻ വേണ്ടി ഇസ്രായേൽ തന്നെ നിർദേശിക്കുന്ന ‘സുരക്ഷിത മേഖല’ കൾ ലക്ഷ്യമാക്കി തുടരെ തുടരെ തീവ്ര ആക്രമണം അഴിച്ചു വിടുന്ന ഇസ്രായേലിനെയാണ് കാണാൻ കഴിയുന്നത്.  ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങൾ ഏതാണ്ട് പൂർണമായും നശിപ്പിച്ച ഇസ്രായേൽ മുനമ്പിലേക്ക് വരുന്ന സഹായങ്ങൾ തടയുകയും ചെയ്യുന്നു. ഭക്ഷണക്ഷാമവും രോഗങ്ങളും ഗസ്സയിലെ മരണ നിരക്ക് കുത്തനെ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 

84 പേജുള്ള കുറ്റപത്രത്തിലൂടെ ഇസ്രായേലിന്റെ തുടർച്ചയായ ബോംബാക്രമണവും ഉപരോധവും 1948 ലെ വംശഹത്യ കൺവെൻഷന്റെ ലംഘനമാണെന്നാണ് സൗത്ത് ആഫ്രിക്ക ഉന്നയിക്കുന്നത്. 1948 ലെ കൺവെൻഷൻ വംശഹത്യയെ “ഏതെങ്കിലും ദേശ-വംശ-വർഗ്ഗ-മത വിഭാഗത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കാൻ ഉദ്ദേശിച്ചു ചെയ്ത കുറ്റങ്ങൾ” എന്നാണ് നിർവചിച്ചിരിക്കുന്നത്. 

ഇസ്രായേലിനു സമാനമായി പടിഞ്ഞാറൻ രാഷ്ട്രങ്ങളും ഇസ്രായേലിനെതിരെ വന്നേക്കാവുന്ന കോടതി വിധിയെ ഭയപ്പെടുന്നുവെന്നതിനാൽ അവരുടെ പിന്തുണ ലഭിക്കുമെന്ന് ഇസ്രായേലിന് പ്രതീക്ഷയുണ്ട്. ഗസ്സയിലെ ജനങ്ങൾക്കെതിരെയുള്ള ഇസ്രായേലിന്റെ വെറിക്കൂത്തിന് ആയുധങ്ങൾ നൽകിക്കൊണ്ട് പടിഞ്ഞാറ് പൊതുവിലും അമേരിക്കയും ബ്രിട്ടനും സവിശേഷമായും ശക്തമായി പിന്തുണച്ചിട്ടുണ്ടെന്നതിനാൽ കൂട്ട് പ്രതികളായി അവരും പങ്ക് ചേർക്കപ്പെട്ടേക്കാവുന്നതാണ്. 

ആക്സിഓസ് വെബ്സൈറ്റിനു ചോർന്നു കിട്ടിയ ഇസ്രായേൽ വിദേശ കാര്യ മന്ത്രാലയത്തിന്റെ കേബിൾ സന്ദേശം അനുസരിച്ചു കേസിൽ എതിർവാദം ഉയർത്തുന്നത് ദുഷ്കരമായതിനാൽ കോടതിയുടെ നീതിയെ ചൊല്ലി നയതന്ത്രപരവും രാഷ്ട്രീയപരവുമായി സമ്മർദ്ദം ചെലുത്തുന്നതിലൂടെ വിജയം കൈവരിക്കാം എന്നാണ് ഇസ്രായേലിന്റെ പ്രതീക്ഷ. സൗത്ത് ആഫ്രിക്ക സമർപ്പിച്ച കേസിന്റെ വിശദ വിവരങ്ങൾ “അയോഗ്യവും വിപരീത ഫലമുളവാക്കുന്നതും യാതൊരു അടിസ്ഥാനവുമില്ലാത്തതും” ആണെന്ന് പറഞ്ഞു കൊണ്ട് കേസിനെ തള്ളിക്കളയാനാണ് ബൈഡൻ ഭരണകൂടം ശ്രമിച്ചത്. 

ഗസ്സയിലെ വാർത്തകൾ ധാരാളമായി ലഭിച്ച പടിഞ്ഞാറൻ ശ്രോതാക്കൾക്ക് ഇത് പരിഹാസ്യമായിട്ടാണ് അനുഭവപ്പെടുക. എന്നാൽ, റിപ്പോർട്ടിങ് തടയാൻ വേണ്ടി ഇസ്രായേൽ മുമ്പെങ്ങും സംഭവിക്കാത്ത അളവിൽ ഫലസ്തീനി മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കുന്നതിന് കനത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിന് പുറമെ, പടിഞ്ഞാറൻ മാധ്യമങ്ങൾ ഇസ്രായേലിന്റെ കടുത്ത സെൻസർഷിപ്പിനു സ്വമനസ്സാലെയും രഹസ്യമായും കീഴടങ്ങുകയും ചെയ്യുന്നു. 

വംശഹത്യ പ്രചോദനം

ചോർത്തപ്പെട്ട കേബിൾ സന്ദേശം പ്രകാരം ഇസ്രായേൽ വംശഹത്യ നടത്തുന്നു എന്ന തീരുമാനത്തിലേക്ക് എത്തുന്നതിൽ നിന്നും ന്യായാധിപന്മാരെ തടയുക എന്നതാണ് അവരുടെ ‘അടവുനയ ലക്ഷ്യം’ (strategic goal). എന്നാൽ ഇടക്കാല വെടി നിർത്തലിനു വേണ്ടി ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്നും ഹേഗ് കോടതിയെ തടയലാണ് ഇസ്രായേലിന്റെ വലിയ ആവശ്യം. 

ഗസ്സയിലെ തങ്ങളുടെ ആക്രമണങ്ങൾ വംശഹത്യ എന്ന നിലയിലേക്ക് എത്തിയിട്ടില്ല എന്നായിരിക്കും ഇസ്രായേലിന്റെ വാദം എന്ന് ഏക്സിഓസ് റിപ്പോർട് ചെയ്യുന്നു. വംശഹത്യ ആവണമെങ്കിൽ “ജനതയെ ഉന്മൂലനം ചെയ്യുക  എന്ന ഉദ്ദേശത്തോടെ അവരുടെ അതിജീവനം അസാധ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കുക” എന്ന അവസ്ഥയിൽ എത്തണമെന്നതാവും അവരുടെ വാദം. ഗസ്സയിലേക്ക് ഹ്യുമാനിറ്റേറിയൻ സഹായങ്ങൾ അധികരിപ്പിക്കാനും സിവിലിയൻ മരണ നിരക്ക്  കുറക്കാനും തങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ന്യായാധിപന്മാരെ  വിശ്വസിപ്പിക്കാനും ഇസ്രായേൽ ശ്രമിക്കും. എന്നാൽ സൗത്ത് ആഫ്രിക്ക സമാഹരിച്ചിട്ടുള്ള തെളിവുകൾക്ക് മുന്നിൽ അവരുടെ എല്ലാ വാദങ്ങളും നിഷ്പ്രഭമാവും. 

ഇസ്രായേൽ വംശഹത്യ ഉദ്ദേശിക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന ഇസ്രായേലി നേതാക്കളുടെ പ്രസ്താവനകൾ സൗത്ത് ആഫ്രിക്കയുടെ ലീഗൽ ബ്രീഫിന്റെ ഭാഗമാണ്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും മന്ത്രിസഭയിലെ മുതിർന്ന വ്യക്തികളുടെയും പ്രസിഡന്റ് ഇസാക് ഹെർസോഗിന്റെയും നിരവധി സൈനിക കമാണ്ടർമാരുടെയും മുൻ സൈനിക കമാണ്ടർമാരുടെയും പ്രസ്താവനകൾ ഒൻപത് പേജുകളിലായി ബ്രീഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

യുദ്ധ സമിതി മന്ത്രിയായ ബെന്നി ഗാന്റ്സിന്റെ ഉപദേശകനായ ജിയോറ ഏയ്‌ലൻറ് ഇസ്രായേലിന്റെ ലക്ഷ്യമായി പറഞ്ഞത് “ജീവിതം സാധ്യമാവാത്ത അവസ്ഥ ഗസ്സയിൽ സൃഷ്ടിക്കുക” എന്നാണ്. ഒരു സൈനിക വക്താവ് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നത് ഗസ്സയിൽ ‘കഴിയുന്നത്ര നാശം’ വരുത്തുകയാണ് ലക്ഷ്യം എന്നായിരുന്നു. എല്ലാ ഫലസ്തീനി പൗരന്മാരും നിയമാനുസൃതം തന്നെ സൈനിക ഇരകളാണെന്നായിരുന്നു പ്രസിഡന്റ്‌ ഹെർസോഗ് പ്രസ്താവിച്ചത്. അതേസമയം നെതന്യാഹു ഫലസ്തീനികളെ ബൈബിളിലെ ശത്രുവായ അമാലേക്കുകളോട് സമീകരിക്കുകയാണ് ചെയ്തത്.  പഴയ നിയമത്തിൽ ദൈവം ഇസ്രായേലികളോട് അമാലേക്കുകളിലെ “പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നു കൊണ്ട്” അവരെ നശിപ്പിക്കാൻ ഉത്തരവിടുന്നുണ്ട്.  

വംശഹത്യ കൺവെൻഷനിലെ ഒരു വകുപ്പ് പ്രകാരം വംശഹത്യക്ക് പ്രേരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഇസ്രായേലിന്റെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരും സൈനിക കമാണ്ടർമാരുമെല്ലാം ഈ വകുപ്പ് ലംഘിക്കുന്നുണ്ട്. ഒരു കൂട്ടം ഇസ്രായേലി അകാദമീഷ്യരും വക്കീലുമാരും മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും ചേർന്ന് ഇസ്രായേലി അറ്റോർണി ജനറൽക്ക് അയച്ച ഒരു കത്ത് ഈ കാര്യം ശരി വെച്ചിട്ടുണ്ട്. ഇസ്രായേലിൽ വംശഹത്യ പ്രേരണ ഒരു ദൈനംദിന കാര്യമായി മാറുന്നതായി അവർ കത്തിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. കത്തിൽ ഇങ്ങനെ കൂടെ പറയുന്നുണ്ട്: “ഉന്മൂലനം, നശീകരണം, പുറന്തള്ളൽ തുടങ്ങിയ വ്യവഹാരങ്ങൾ പ്രാപിച്ച സാധാരണത്വം സൈനികരുടെ പെരുമാറ്റ രീതിയെ സ്വാധീനിക്കാൻ തക്കമുള്ളതാണ്”.  

കേവല പ്രേരണ മാത്രമല്ല

ഫലസ്തീനികളുടെ പൈശാചികവൽകരണം മാത്രമല്ല പ്രശ്നം. ‘ഹമാസിനെ ഇല്ലാതാക്കാനുള്ള യുദ്ധം’ എന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്ന ആക്രമണങ്ങൾ തന്നെയും വംശഹത്യയുടെ നിർവചനത്തിലേക്ക് എത്തിയിട്ടുണ്ട്. ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിന് തൊട്ടുടനെ ഇസ്രായേൽ ആരംഭം കുറിച്ച നരനായാട്ടിനും മുമ്പ് തന്നെ ‘ജനതയുടെ അതിജീവനം സാധ്യമല്ലാത്ത സാഹചര്യം’ എന്ന അവസ്ഥയിലേക്ക് ഗസ്സ എത്തിയിരുന്നു. പ്രതിരോധ ആക്രമണത്തിൽ 1140 ഓളം ഇസ്രായേലികളും മറ്റു ചില രാജ്യക്കാരും കൊല്ലപ്പെട്ടിട്ടുമുണ്ട്. 

അങ്ങോട്ടും ഇങ്ങോട്ടുമായി ആ മുനമ്പിൽ സംഭവിച്ചത് വിശകലനം ചെയ്യുമ്പോൾ പലപ്പോഴും ചരിത്ര പശ്ചാത്തലം വിട്ടു കളയാറുണ്ട്. ഇസ്രായേലിന്റെ ഗസ്സ ഉപരോധം ആ മുനമ്പിനെ ‘വാസയോഗ്യമല്ലാതാക്കുക’ എന്ന ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് ഐക്യരാഷ്ട്ര സംഘടന ഏകദേശം ഒരു ദശകം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇസ്രായേൽ കൃത്യമായും “ജനതയുടെ അതിജീവനം സാധ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കുകയായിരുന്നു”. 

ഇപ്പോഴത്തെ വിപുലമായ ആക്രമണത്തിന് മുമ്പ് തന്നെ 2.3 ദശലക്ഷം ജനങ്ങൾ അധിവസിക്കുന്ന ഗസ്സയിലേക്കുള്ള വെള്ളത്തിന് ഇസ്രായേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ നേരിട്ടുള്ള ഒരു പരിണതിയാണ് അമിതോപയോഗം കാരണമായി ഗസ്സക്ക് അടിയിലെ ജലഭൃതത്തിലേക്ക് കടന്നു കൂടിയ കടൽ വെള്ളം. ഇത് കാരണം ഗസ്സയിലെ കുടി വെള്ളം മനുഷ്യോപയോഗത്തിന് പറ്റാത്തതായി മാറിയിരിക്കുന്നു.  

സമാനമായ രീതിയിലുള്ള ഭക്ഷണ ക്ഷാമവുമുണ്ട്. 2008 മുതൽ ഗസ്സയിലേക്കു കൊണ്ടു പോവുന്ന ഭക്ഷണ സാമഗ്രികൾക്ക് മേൽ ഇസ്രായേൽ സൈന്യം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെന്ന ഒരു രഹസ്യ രേഖ 2012 ലാണ് പരസ്യമാവുന്നത്. ഇസ്രായേലി മനുഷ്യാവകാശ സംഘടനകളാണ് ആ രേഖ പുറത്തെത്തിച്ചത്. ഇതിന്റെ ഫലമായി ഗസ്സ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. ഓരോ പത്താമത്തെ കുഞ്ഞും പോഷകാഹാരക്കുറവ് കാരണം മുരടിച്ചു പോവുന്നുമുണ്ട്. ആ ജനതയെ പട്ടിണികാല അടിസ്ഥാനത്തിലുള്ള പഥ്യത്തിന് (starvation diet) നിർബന്ധിതരാക്കുന്ന ദീർഘകാല ക്ഷാമം സൃഷ്ടിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. 

‘പുല്ലരിയുക’ എന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്ന ഗസ്സക്കെതിരിലുള്ള കഴിഞ്ഞ പതിനഞ്ചു വർഷത്തെ യുദ്ധം ഗസ്സയിലെ മിക്ക വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. ഇപ്രകാരം ഗസ്സ ഞെങ്ങിഞെരുങ്ങുകയും വൃത്തിഹീനവുമായ അവസ്ഥയിലേക്ക് പതിക്കുകയും ചെയ്‍തിട്ടുണ്ട്. അത് പോലെ തന്നെ ഗസ്സയുടെ ഒരേ ഒരു പവർ സ്റ്റേഷനിൽ ഇസ്രായേൽ തുടർച്ചയായി ബോംബിട്ടതിനാലും മറ്റു സ്രോതസ്സുകളിൽ നിന്നുള്ള ഊർജം തടയുന്നതിനാലും ദിവസത്തിൽ ഏതാനും മണിക്കൂർ മാത്രമേ ഗസ്സയിൽ വൈദ്യുതി ലഭ്യമാവുന്നുള്ളൂ. 

ഗസ്സ മുനമ്പിലേക്ക് വരുന്ന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങൾ പോലും ഇസ്രായേൽ തടയുന്നുണ്ട്. ഇത് കാരണം പലപ്പോഴും ഗുരുതര രോഗങ്ങളുടെ ചികിത്സ ദുഷ്‌കരമാവുകയോ അസാധ്യമാവുകയോ ചെയ്യുന്ന അവസ്ഥ സംജാതമാവുന്നു. ഗസ്സക്ക് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കു കൈമാറ്റത്തിനും ഇസ്രായേൽ നിയന്ത്രണമെർപ്പെടുത്തിയതിനാൽ ജനസംഖ്യയുടെ പകുതിയും തൊഴിൽരഹിതരായിട്ടുള്ള ഗസ്സയുടെ സമ്പദ്ഘടന ഇതിനകം തന്നെ തകർച്ചയിലാണ്. 

വർഷങ്ങൾക്ക് മുമ്പ് 2016 ൽ ഇസ്രായേലി സൈനിക ഇന്റലിജൻസ് മേധാവി ഹെർസി ഹലേവി ഗസ്സയിൽ ഇസ്രായേൽ പണിതെടുക്കുന്ന ദുരന്തം അവർക്ക് തന്നെ തിരിച്ചടിയാവുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒക്ടോബർ 7 ന് അത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ നയങ്ങൾ ത്വരിതപ്പെടുകയും തീവ്രതയേറുകയും ചെയ്ത മൂന്നു മാസങ്ങളാണ് കഴിഞ്ഞു പോയത്. ഹമാസിന്റെ തിരിച്ചടിയിലൂടെ ഇസ്രായേലിന് ലഭിച്ചത് ക്രൂരതകൾ അധികരിപ്പിക്കാനുള്ള ലൈസൻസാണ്. 

‘വാസയോഗ്യമല്ലാത്ത’ ഗസ്സ 

ഇത് കൊണ്ടൊക്കെയാണ് ‘വാസയോഗ്യമല്ലാത്ത’ എന്ന അവസ്ഥയിലേക്ക് ഗസ്സ പതിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് ഐക്യരാഷ്ട്ര സംഘടന മാനുഷിക വിഭാഗം തലവൻ മാർട്ടിൻ ഗ്രിഫിത്സ് മുൻ കഴിഞ്ഞ ആഴ്ച്ചയിൽ പ്രഖ്യാപിച്ചത്. “ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന അളവിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ ജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ് എന്നും എല്ലാ ഭാഗത്തും ഭക്ഷണ ക്ഷാമമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. ജനസംഖ്യയുടെ വലിയ അളവ് ആളുകൾക്കും വീടില്ലാതാവുകയും മിക്ക ആശുപത്രികളും പ്രവർത്തന രഹിതമാവുകയും  ചെയ്ത സന്ദർഭത്തിൽ പകർച്ച വ്യാധികൾ പടരുന്നുമുണ്ട്.

ഇസ്രായേലിന്റെ ‘പൂർണ ഉപരോധം’ ഗസ്സയിലേക്ക് പുറത്ത് നിന്നും വരുന്ന സഹായങ്ങൾ അനുവദിക്കുന്നില്ല. റോഡുകൾ തകർക്കുകയും വിനിമയ സംവിധാനങ്ങൾ തടയുകയും ചെയ്ത ഇസ്രായേൽ ഐക്യരാഷ്ട്ര സംഘടനയുടെ ട്രക്കുകൾ ലക്ഷ്യമാക്കി വെടിയുതിർക്കുകയും വളണ്ടിയർമാരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഗ്രാഫിത്സ് അറിയിക്കുന്നുണ്ട്. ആഴ്ചാവസാനങ്ങളിൽ ഇസ്രായേൽ ചുമത്തുന്ന യുക്തിരഹിതമായ നിബന്ധനകൾ ഗസ്സയിലെ ജനങ്ങൾക്ക് എത്തുന്ന സഹായങ്ങൾ തടയപ്പെടാൻ കാരണമാവുന്ന രീതിയിലുള്ളതാണെന്ന് നിരീക്ഷണം പങ്കു വെച്ചത് ഈജിപ്ത് അതിർത്തി സന്ദർശിച്ചു മടങ്ങിയ രണ്ട് അമേരിക്കൻ സെനറ്റ് അംഗങ്ങളാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ “ജനതയുടെ അതിജീവനം സാധ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നതിൽ” ഇസ്രായേൽ വിജയിച്ചിരിക്കുന്നു. 

രണ്ടാം ലോക യുദ്ധത്തിനും നാസികളുടെ ഹോളോകാസ്റ്റിനും തൊട്ടുടനെ സംഭവിച്ച 1948 ജനീവ കൺവെൻഷൻ വംശഹത്യ നടത്തുന്നവരെ ശിക്ഷിക്കാൻ മാത്രമുള്ളതായിരുന്നില്ല. വംശഹത്യയുടെ തുടക്ക ഘട്ടത്തിൽ തന്നെ അത് തിരിച്ചറിഞ്ഞു അന്താരാഷ്ട്ര കോടതി വിധികളിലൂടെ അതിനെ നിർത്തി വെപ്പിക്കലും കൺവെൻഷന്റെ സ്ഥാപിത ലക്ഷ്യമാണ്. 

പലരും ആലോചിക്കുന്നത് പോലെ ഇസ്രായേൽ ഫലസ്തീനികളെ ഉന്മൂലനം ചെയ്തു കഴിഞ്ഞാലുള്ള നടപടിക്ക് വേണ്ടിയുള്ളതല്ല സൗത്ത് ആഫ്രികയുടെ കേസ്. മറിച്ച് ഇനിയും വൈകുന്നതിന് മുമ്പായി ഫലസ്തീനികളെ ഇല്ലാതാക്കുന്നതിൽ നിന്നും ഇസ്രായേലിനെ തടയാനുള്ളതാണ്. 

ഇസ്രായേൽ അനുകൂലികളുടെ വിചിത്രമായ മറ്റൊരു ലോജിക് ഉണ്ട്. ഫലസ്തീനികളുടെ ഉന്മൂലനമല്ലത്രെ യഥാർത്ഥ ലക്ഷ്യം. മറിച്ചു അവരെ നാടു വിട്ടു പോവാൻ പ്രേരിപ്പിക്കലാണ് പോലും. ഇസ്രായേലി നേതാക്കൾ ഈ അനുമാനം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബോംബിങ്ങിനും വീട് നഷ്ടപ്പെട്ടതിനും പട്ടിണിക്കും രോഗങ്ങൾക്കും ശേഷം “ഇനി ലക്ഷക്കണക്കിന് ആളുകൾ നാട് വിട്ട് പോവും” എന്നാണ് ദേശീയ സുരക്ഷ മന്ത്രി ഇതാമാർ ബെൻ-ഗ്വിർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്. ഈ വിട്ട് പോവലിനെ ‘സ്വമേധയാ’ ഉള്ളതും കൂട്ടമായി ഉള്ളതുമായ കുടിയേറിപ്പോവൽ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഗുണാത്മകമായും മന്ത്രി അവതരിപ്പിക്കുന്നുണ്ട്.  എന്നാൽ അത് തന്നെയും മാനവികതക്ക് എതിരെയുള്ള കുറ്റകൃത്യമാണ്.

അങ്ങനെയായിരിക്കുമ്പോഴും, ഈജിപ്ത് അവരുടെ അതിർത്തി ഫലസ്തീനികൾക്ക് തുറന്നു കൊടുക്കുമോ എന്നതിനെ അനുസരിച്ചാണ് അതും നില കൊള്ളുന്നത്. ഇസ്രായേലിന്റെ ഭീഷണിക്ക് വഴങ്ങി കൈറോ അതിർത്തി തുറന്നില്ലെങ്കിൽ ബോംബുകളും പട്ടിണിയും രോഗങ്ങളുമായിരിക്കും ഫലസ്തീനി ജനതയുടെ ഭാഗധേയം തീരുമാനിക്കുക. 

ഇസ്രായേലിന്റെ ബോംബാക്രമണവും ഉപരോധവും കേവല പുറന്തള്ളലിലേക്കാണോ അതോ വംശീയ ഉന്മൂലനത്തിലേക്കാണോ നയിക്കുന്നതെന്ന് ആലോചിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി കാത്തിരിപ്പ് സമീപനം കൈകൊള്ളാൻ പാടുള്ളതല്ല. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ എല്ലാ പ്രസക്തിയും ഇല്ലാതാക്കുന്നതിലേക്കാവും അത്തരമൊരു സമീപനം കൊണ്ടെത്തിക്കുക. 

ലക്ഷ്മണ രേഖ 

ഇസ്രായേലും പാശ്ചാത്യ സഖ്യകക്ഷികളും കോടതിയിൽ പരാജയപ്പെടുകയും ദക്ഷിണാഫ്രിക്കയുടെ കേസ് അംഗീകരിക്കുകയും ചെയ്താൽ ഇസ്രായേലിന് മാത്രമല്ല നിയമപരമായ പരിണതികൾ നേരിടേണ്ടി വരുക. വംശഹത്യ അംഗീകരിച്ച വിധി വന്നാൽ മറ്റു രാഷ്ട്രങ്ങൾക്ക് മേലും ബാധ്യതകൾ ഉണ്ടാവും. ഇസ്രായേലിന് വേണ്ട ആയുധങ്ങളും നയതന്ത്ര സംരക്ഷണവും നൽകാതിരിക്കലും വംശഹത്യ അവസാനിപ്പിക്കാത്ത പക്ഷം ഇസ്രായേലിനെ ശിക്ഷിക്കാനും മറ്റു രാഷ്ട്രങ്ങൾ ബാധ്യസ്ഥരാവുന്നതായിരിക്കും. 

ഇസ്രായേൽ ആക്രമണം നിർത്തി വെക്കാൻ പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവ് ഒരു ലക്ഷ്മണ രേഖയായിരിക്കും. ഉത്തരവ് വന്നാൽ പിന്നെ അത് പാലിക്കാത്തവരും വംശഹത്യയിൽ കൂട്ട് പ്രതികളായി പങ്കു ചേർക്കപ്പെടുന്നതാണ്. അത് പടിഞ്ഞാറിനെ കടുത്ത നിയമ ബന്ധനത്തിൽ അകപ്പെടുത്തും. അവർ ഗസ്സ വംശഹത്യക്ക് നേരെ കേവലമായി കണ്ണടക്കുക മാത്രമായിരുന്നില്ലല്ലോ. സജീവമായി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രഹസ്യമായി പങ്കാളികളാവുകയുമായിരുന്നു അവർ. 

പ്രധാനമന്ത്രി റിഷി സുനകും പ്രതിപക്ഷ നേതാവ് കൈരളി സ്റ്റാർമറും അടക്കമുള്ള ബ്രിട്ടീഷ് നേതാക്കൾ ദൃഢചിത്തരായി വെടിനിർത്തലിനെ എതിർത്തിക്കുകയും ഗസ്സൻ ജനതയെ പട്ടിണിയിലേക്കും മാരക രോഗങ്ങളിലേക്കും തള്ളി വിട്ട ‘പൂർണ ഉപരോധം’ എന്ന ഇസ്രായേലിന്റെ വംശഹത്യ നയത്തെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിന് ആയുധങ്ങൾ നൽകരുതെന്ന എല്ലാ ആവശ്യങ്ങളോടും ബ്രിട്ടീഷ് ഗവണ്മെന്റും അമേരിക്കൻ ഗവണ്മെന്റും മുഖം തിരിക്കുകയാണ് ചെയ്തത്. എന്നു മാത്രമല്ല ആയുധ വിതരണം വേഗത്തിലാവാൻ വേണ്ടി ബൈഡൻ അമേരിക്കൻ കോൺഗ്രസ്സിനെ പോലും മറി കടക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അമേരിക്ക ഇസ്രായേലിന് നൽകിയ ആയുധങ്ങളിൽ സിവിലിയന്മാർക്ക് ഭീകര നഷ്ട്ടങ്ങൾ വരുത്തുന്ന ‘തരാതരം നോക്കാത്ത “ഡംബ്” ബോംബുകൾ’ പോലും ഉൾപ്പെടുന്നുണ്ട്. 

നിരന്തരമായി വംശഹത്യ മുറവിളികൾ നടത്തുന്ന ബ്രിട്ടന്റെ ഇസ്രായേൽ അംബാസിഡറെ ബ്രിട്ടീഷ് മാധ്യമങ്ങൾ തന്നെ വാർത്തയാക്കാറുണ്ട്. ഗസ്സയിലെ സ്‌കൂളുകളും പള്ളികളും വീടുകളും മുഴുവനായി നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതിനെ കുറിച്ചു അവരോട് ചോദിച്ച ഒരു അവതാരകനോട് “നിങ്ങളുടെ പക്കൽ മറ്റൊരു പരിഹാരമുണ്ടോ?” എന്നായിരുന്നു ആ സ്ത്രീയുടെ മറുപടി. പ്രത്യക്ഷമായി തന്നെ വംശഹത്യ പ്രേരണ നടത്തുന്ന ഇസ്രായേലി വക്താക്കൾക്ക് അമേരിക്കൻ മാധ്യമങ്ങളും ബ്രിട്ടീഷ് മാധ്യമങ്ങളും സമയം കൊടുക്കുകയാണ് ചെയ്യുന്നത്. 

ഒരു വിധി വന്നാൽ ഇതെല്ലാം തത്ക്ഷണം അവസാനിപ്പിക്കേണ്ടി വരും. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നും വംശഹത്യക്ക് പ്രേരിപ്പിക്കുന്നവരെയും അതിന് വേണ്ട വേദി കൊടുക്കുന്നവരെയും അറസ്റ്റ് ചെയ്യാൻ പോലീസും വിചാരണ ചെയ്യാൻ കോടതികളും നിർബന്ധിതരാവും. ഇസ്രായേലിന് ആയുധങ്ങൾ നിഷേധിക്കാനും അവർക്കും വംശഹത്യയിൽ പങ്കാളിയാവുന്ന മറ്റു രാഷ്ട്രങ്ങൾക്കെതിരിലും സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും എല്ലാ രാഷ്ട്രങ്ങളും ബാധ്യസ്ഥരാവും. പടിഞ്ഞാറൻ രാഷ്ട്രങ്ങളിലേക്ക് സഞ്ചരിച്ചാൽ ഇസ്രായേലി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യപ്പെടുമെന്ന അവസ്ഥ പോലും വന്നേക്കാവുന്നതാണ്. 

ഇരട്ടത്താപ്പ് 

തീർച്ചയായും ഇതൊന്നും സംഭവിക്കാൻ പോവുന്നില്ല. പടിഞ്ഞാറിന് ഇസ്രായേലിനെ കൈയൊഴിയാൻ പറ്റുകയില്ല. എണ്ണ സമ്പന്നമായ മിഡിൽ ഈസ്റ്റിലെ അവരുടെ ശക്തിയാണ് ഇസ്രായേൽ. വംശഹത്യ വിധിക്ക് വേണ്ടി യു.എൻ സെക്യൂരിറ്റി കൗൺസിൽ വഴിയുള്ള എല്ലാ പരിശ്രമങ്ങളും ബൈഡൻ ഗവണ്മെന്റ് തടയുക തന്നെ ചെയ്യും. അതേസമയം ഒട്ടും നാണമില്ലാതെയാണ് ഇരട്ടത്താപ്പ് കാണിക്കുന്നതെന്ന് ബ്രിട്ടനും കാനഡയും ജർമനിയും ഡെന്മാർക്കും ഫ്രാൻസും നെതർലാൻഡും വ്യക്തമാക്കി കഴിഞ്ഞതാണ്. 

റോഹിങ്ക്യൻ വംശജരെ മ്യാന്മർ വംശഹത്യ നടത്തുന്നു എന്ന് പറഞ്ഞു കൊണ്ട് ഇവർ അന്താരാഷ്ട്ര കോടതിയിൽ വാദമുന്നയിച്ചത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. റോഹിങ്ക്യൻ ജനത “പട്ടിണിക്കും, വീട്ടിൽ നിന്നും വ്യവസ്ഥാപിതമായി പുറന്തള്ളപ്പെടുന്നതിനും, ആവശ്യത്തിനും കുറഞ്ഞ അളവിലേക്ക് അത്യാവശ്യ മെഡിക്കൽ  സേവനങ്ങൾ കുറഞ്ഞു പോവുന്നതിനും” ഇരയാക്കപ്പെടുന്നു എന്നതായിരുന്നു അവരുടെ പ്രധാന വാദം. ഗസ്സയിൽ ഇസ്രായേൽ വരുത്തിത്തീർത്ത അവസ്ഥ ഇതിനേക്കാൾ പരിതാപകരമായിരുന്നിട്ട് പോലും ഇതേ കോടതിയിൽ സൗത്ത് ആഫ്രിക്ക കൊടുത്ത കേസിനെ ഇവരാരും പിന്തുണക്കുന്നില്ല.  

കോടതിയുടെ വംശഹത്യ വിധി പടിഞ്ഞാറിന് അരോചാകരമായിരിക്കും എന്നതാണ് വസ്തുത. അന്താരാഷ്ട്ര കോടതി വിധികൾ തങ്ങൾക്കും ബാധകമാണ് എന്ന അവകാശവാദത്തിനും അത്തരമൊരു വിധി കടുത്ത വെല്ലുവിളിയായിരിക്കും ഉയർത്തുക. 

അന്താരാഷ്ട്ര നിയമങ്ങൾക്ക് ഗസ്സയിൽ തുരങ്കം വെക്കാൻ വേണ്ടി ഒരു ദശകത്തിലധികമായി തുടരുന്ന ശ്രമത്തിൽ മുൻപന്തിയിലായിരുന്നു ഇസ്രായേൽ. ഇപ്പോൾ വംശഹത്യ തുടർന്ന് കൊണ്ട് തടുക്കാൻ കഴിയുമോ എന്ന് ലോകത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു അവർ. ഒരു ഘട്ടത്തിൽ നാസി ഹോളോകാസ്റ്റിനെ തടയാൻ വേണ്ടി സ്ഥാപിച്ച അതേ അന്താരാഷ്ട്ര സുരക്ഷകവചങ്ങളെയാണ് അവരിപ്പോൾ ദുർബലപ്പെടുത്തുന്നത് എന്നത് മറ്റൊരു അസംബന്ധം. 

പടിഞ്ഞാറ് ഇസ്രായേലിനെയാണോ കോടതിയെയാണോ തള്ളിക്കളയുക? രണ്ടാം ലോക യുദ്ധാനന്തര പൊതു സമ്മതത്തിന്റെ ആവിഷ്കാരമാണ് അന്താരാഷ്ട്ര കോടതി. ഇറാഖിലും അഫ്ഗാനിസ്ഥാനിലും പടിഞ്ഞാറ് നടത്തിയ യുദ്ധ കുറ്റങ്ങളെ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ട ഈ അന്താരാഷ്ട്ര നിയമ വ്യവസ്ഥ ഇപ്പോൾ പൂർണ തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ്‌. അത്തരമൊരു തകർച്ചയിൽ ഇസ്രായേലിനെക്കാൾ സന്തോഷിക്കുന്ന മാറ്റാരുമുണ്ടാവില്ല.

 

വിവ: ഇർശാദ് പേരാമ്പ്ര

അവലംബം: മിഡിൽ ഈസ്റ്റ് ഐ

Related Articles