Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ നിഷേധിച്ച എൻറെ വീട്ടിലെ രണ്ട് മാസം

ഞാൻ സഞ്ചരിക്കുന്ന ബസ് റഫാ അതിർത്തിയും കടന്ന് ഉപരോധിത മേഖലയായ ഗാസാ മുനമ്പിലേക്ക് കടന്നപ്പോൾ എന്റെ കവിളിലൂടെ കണ്ണുനീർ ഒഴുകുകയായിരുന്നു. അതി കഠിന വേനൽച്ചൂടിൽ സീനായ് മരുഭൂമിയിലൂടെ രണ്ടര ദിവസത്തെ ക്ലേശകരമായ യാത്രയ്ക്കും കാത്തിരിപ്പിനും ശേഷമാണ് ഞാൻ എൻറെ വീട്ടിലെത്തുന്നത്.

സഹോദരങ്ങളും ബന്ധുക്കളും കുടുംബത്തിലെ മറ്റുള്ളവരും ചേർന്ന് എന്നെ സ്വാഗതം ചെയ്തു.

എന്റെ 23 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായിട്ടാണ് ഞാൻ എന്റെ കുടുംബത്തെ കാണുന്നത്. ഇത് വരെ, ഞങ്ങളുടെ ബന്ധം വാട്ട്‌സ്ആപ്പ് വോയ്‌സ് സന്ദേശങ്ങളിലൂടെയും സ്‌കൈപ്പ് കോളുകളുടെയും മാത്രമായിരുന്നു. അതു തന്നെ ഗാസയിൽ ഇസ്രായേലിന്റെ പതിവ് സൈനിക ആക്രമണങ്ങളിലോ മറ്റോ ഉണ്ടാവുന്ന പ്രത്യേക അവസരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രവാസികളായി ജീവിക്കുന്ന പല പലസ്തീനികളെയും പോലെ, എനിക്കും എന്റെ ജന്മദേശം സന്ദർശിക്കാനുള്ള സൗഭാഗ്യം ഒരിക്കലും ഉണ്ടായിട്ടില്ല. പലസ്തീനിലെ ക്രൂരമായ ഇസ്രായേലി സൈനിക അധിനിവേശവും ഗാസയുടെ പ്രത്യേക പശ്ചാത്തലവും അനധികൃതമായ ഇസ്രായേലി ഉപരോധവും കാരണം ജൻമനാട്ടിലേക്ക് മടങ്ങിവരാനുള്ള അവകാശം തന്നെ നിഷേധിക്കുകയായിരുന്നു.

എന്നിരുന്നാലും, പ്രവാസ ലോകത്ത് ജീവിക്കുന്ന പല പലസ്തീനികളെയും പോലെ, അകലത്താണങ്കിലും എന്റെ ഹൃദയം ജൻമ ഭൂമിയോടുള്ള ഇഷ്ടം വളർത്തി നിലനിർത്തിയിരുന്നുവെന്നും തിരിച്ചുവരാനുള്ള ആഗ്രഹം എന്റെ ആക്ടിവിസത്തിന്റെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നുവെന്നും എനിക്ക് തോന്നിയിട്ടുണ്ട്.

എൻറെ കുട്ടിക്കാലവും ഞാൻ വളർന്നതും അമേരിക്കയിലെ സിയാറ്റിൽ എന്ന നഗരത്തിലാണ്. എന്റെയും സഹോദരങ്ങളുടെയും മനസ്സിൽ ഞങ്ങളുടെ പിതാവിൻറെ കുട്ടിക്കാലത്തെ കഥകൾ പറഞ്ഞ് തന്ന് അവ ആഴത്തിൽ ആഴ്ന്നിറങ്ങാൻ പിതാവ് നല്ലപോലെ ശ്രദ്ധിച്ചിരുന്നു. എന്റെ മുത്തശ്ശി സറഫയുടെ പാരമ്പര്യവും അവരുടെ പേരും എനിക്ക് പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. ഇതെല്ലാമാണല്ലോ ഒരു ഫലസ്തീനി എന്നതിന്റെ സങ്കീർണ്ണമായ യാഥാർത്ഥ്യം.

എന്റെ കുടുംബത്തിന്റെ കഥയും മറ്റു പല പലസ്തീൻ കുടുംബങ്ങളുടെയും കഥകൾ പോലത്തന്നെയാണ്. അതായത്, നാടുകടത്തലിന്റെയും പ്രവാസത്തിന്റെയും വേർപിരിയലിന്റെയും പോരാട്ടത്തിന്റെയും കഥ എന്ന് പറയാം.

1948-ൽ മുത്തശ്ശി സറഫയെ ഗാസയിൽ നിന്ന് 30 കിലോമീറ്റർ (20 മൈൽ) വടക്കുള്ള ബെയ്റ്റ് ദരാസിലെ വീട്ടിൽ നിന്നും മുഴുവൻ കുടുംബത്തോടപ്പം ബലമായി പുറത്താക്കിയത് അൽ നഖ്ബ എന്ന വംശീയ ഉന്മൂലനത്തിൻറെ ഭാഗമായിട്ടായിരുന്നു. മറ്റ് പലസ്തീനിയൻ ഗ്രാമങ്ങളെയും പട്ടണങ്ങളെയും നഗരങ്ങളെയും നശിപ്പിച്ചത് പോലെ സയണിസ്റ്റ് മിലിഷ്യകൾ ഞങ്ങളുടെ പട്ടണത്തെയും ആക്രമിച്ച് നിലംപരിശാക്കി. ഇന്നിപ്പോൾ അവിടെ ആകെ അവശേഷിക്കുന്നത് പൂർവ്വികർ താമസിച്ചിരുന്ന വീടുകളുടെയും അവരുടെ കൃഷിയിടങ്ങളുടെയും അവശിഷ്ടങ്ങളും ബെയ്ത്ത് ദരാസിൽ അന്നുണ്ടായിരുന്ന മസ്ജിദിന്റെ അവശേഷിക്കുന്ന രണ്ട് തൂണുകളും മാത്രമാണ്.

ആറ് വയസ്സ് മാത്രമുള്ളപ്പോഴാണ് ഞാനും കുടുംബവും ഗാസയിലെ ബുറൈജ് ക്യാമ്പിൽ അഭയം തേടുന്നത്. അവിടെയാണ് ഞാൻ വളർന്നത്. എന്റെ മുത്തച്ഛനുമായി ഞൻ ഏറെ സ്നേഹത്തിലായി. അങ്ങനെ അയൽവാസികളായ നുസെറത്ത് ക്യാമ്പിലുള്ളവരും ഞങ്ങളും ഒരു കുടുംബമായാണ് വളർന്നത് എന്ന് പറയാം.

ഈ നാടുകടത്തലിന്റെ ഫലമായി, മുത്തശ്ശിയും കുടുംബവും കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. അവർക്കും സഹോദരങ്ങൾക്കും കുടുംബത്തെ സഹായിക്കാൻ ചെറുപ്പം മുതലെ ജോലി ചെയ്യാൻ നിർബന്ധിതരാവുകയും, അങ്ങനെ സ്കൂളിൽ പോകാൻ കഴിയാതെ വരികയും ചെയ്തു. മുത്തശ്ശി നിരക്ഷരയായി ജീവിക്കുകയും മരിക്കുകയുമാണ് ചെയ്തത്. എൻറെ മുത്തശ്ശി നല്ല ബുദ്ധിയും കഴിവുമുള്ള വ്യക്തിയായിരുന്നുവെന്ന്ന് പിതാവ് എപ്പോഴും പറയാറുണ്ടായിരുന്നു.

മുത്തശ്ശി മരിക്കുന്നത് അവർക്ക് ഏകദേശം 33 വയസ്സുള്ളപ്പോഴാണ്. ഞാനവരുടെ ഖബറിടം സന്ദർശിച്ചിട്ടുണ്ട്. അവരുടെ പെട്ടെന്നുള്ള മരണം മുത്തച്ഛനെയും പിതാവിനെയും സഹോദരങ്ങളെയും ഏറെ ഉലച്ചിട്ടുണ്ട്. അവരുടെ മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോയതിനറെ ചിത്രം എന്റെ മനസ്സിൽ മായതെ ഇപ്പോഴും കിടപ്പുണ്ട്. ഇസ്രായേലികൾ കർഫ്യൂ ഏർപ്പെടുത്തി ആളുകളെ പുറത്തിറങ്ങാൻ സമ്മതിക്കാതെ അവരുടെ വീടുകളിൽ ഒതുക്കിയും ഒത്തുചേരലുകൾ നിരോധിച്ചുമെല്ലാമായിരുന്നു അവരുടെ ക്രൂരത. വീടുവിട്ടിറങ്ങുന്നതിനും പ്രിയപ്പെട്ടവരെ മറമാടുന്നതിനും ഇസ്രായേൽ സൈന്യത്തിന്റെ അനുമതി ആവശ്യമായിരുന്ന സമയം കൂടിയായിരുന്നു അന്ന്.

ചിതറിയതും ജീർണിച്ചതുമായ ശവകുടീരങ്ങൾക്കിടയിലൂടെ നടന്ന് ഞാൻ മുത്തശ്ശിയുടെ ഖബറരികിൽ നിന്ന് ചുവടുകൾ പിന്നിടുമ്പോൾ, മുത്തശ്ശിയെ മറമാടിയ ദിവസം വലിയ ജനക്കൂട്ടത്തെ ചിതറിയോടിക്കാൻ ഇസ്രായേലി സൈനികർ വെടിയുതിർത്ത സംഭവം എന്റെ പിതാവ് പറഞ്ഞ് തന്നത് ഞാൻ ഓർത്തു പോയി. അന്ന് രണ്ട് കുട്ടികളുടെ കാലുകൾക്കാണ് വെടിയേറ്റത്. പ്രിയപ്പെട്ട ഒരാളെ സമാധാനത്തോടെ മറമാടാനുള്ള അവകാശം പോലും ഫലസ്തീനികൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന് സാരം.

ഞാൻ ഗാസയിൽ താമസിക്കുന്ന സമയത്ത്, പിതാവിന്റെ അഭയാർത്ഥി ക്യാമ്പായ നുസെറത്തും സന്ദർശിക്കുമായിരുന്നു.

പിതാവ് സഹോദരങ്ങളോടൊപ്പം ഫുട്ബോൾ കളിച്ചിരുന്ന തെരുവിലൂടെയും ബാല്യകാലം ചെലവഴിച്ച വീട് നിലനിന്നിരുന്ന സ്ഥലത്തിലൂടെയും ഞാൻ നടന്നിട്ടുണ്ട്. 2014-ൽ ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ മിസൈൽ ഉപയോഗിച്ച് തകർത്ത സ്ഥലമാണത്. ഇപ്പോൾ അവിടെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടം കാണാം.

ആദ്യ ഇൻതിഫാദയുടെ കാലത്ത് കുട്ടിയായിരിക്കെ, ഇസ്രായേൽ സൈനികരുടെ കൈകളാൽ ക്രൂരമായി മർദ്ദിക്കപ്പെടുകയും പിതാവിൻറെ സുഹൃത്തുക്കളിൽ ചിലർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലി അധിനിവേശത്തെയും കോളനിവൽക്കരണത്തെയും എതിർക്കുന്നവരുടെയും പ്രതിരോധം നടത്തുന്ന ഫലസ്തീനികളുടെയും അസ്ഥികൾ തകർക്കാൻ ( break the bones ) അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന യിത്സാക് റാബിൻ സൈന്യത്തിന് അനുമതി നൽകിയിരിക്കുകയായിരുന്നല്ലോ.

ഞാൻ പിതാവ് പഠിച്ച സ്കൂളായ നുസെറത്ത് എലിമെന്ററി സ്കൂൾ ഫോർ ബോയ്സ് സന്ദർശിച്ചിട്ടുണ്ട്.

ഇസ്രായേൽ സൈനികർ പതിവായി സ്കൂളിൽ അതിക്രമിച്ച് കയറാൻ ഉപയോഗിച്ചിരുന്ന പ്രവേശന കവാടം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേൽ പട്ടാളക്കാർ സ്കൂളിന്റെ മുറ്റത്തേക്ക് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതിനെക്കുറിച്ചും അവിടുത്തെ മുതിർന്ന കുട്ടികൾ ചെറിയ കുട്ടികളെ അതിൽനിന്ന് രക്ഷപ്പെടുത്താനായി ക്യാനിസ്റ്ററുകളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവയെ സൈനികരുടെ ദിശയിലേക്ക് തിരികെ വലിച്ചെറിയുന്ന അതി സാഹസികത പിതാവ് പറഞ്ഞത് ഇപ്പോഴും ഓർമയിലുണ്ട്.

എന്റെ കുടുംബത്തിൻറെ സന്തോഷകരമായ ഓർമ്മകളുള്ള സ്ഥലങ്ങളും ഞാൻ സന്ദർശിച്ചിട്ടുണ്ട്. പ്രിയപ്പെട്ട അമ്മായി സോമയും കസിൻ യാസനും എന്നെ പ്രശസ്തമായ ഗാസ ബീച്ചിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അന്നവിടെ പലസ്തീൻ പതാകകൾ കൊണ്ട് അലങ്കരിച്ച ഒരു കൊച്ചു കൂടാരത്തിലുന്നതും സൂര്യൻ അസ്തമിക്കുമ്പോൾ ഫ്രഷ് മാമ്പഴ ജ്യൂസ് കുടിച്ചതും യുവ ദമ്പതികൾ അവരുടെ കുട്ടികളുമായി സല്ലപിക്കുന്നതും വെള്ളിയാഴ്ച ദിവസത്തെ ആസ്വദിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.

എന്റെ പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ഇതേ കടൽത്തീരത്ത് നടന്ന എന്റെ മുത്തശ്ശിമാരെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫാമിലി ഫോട്ടോ ആൽബങ്ങളിൽ മങ്ങിയതും തെളിച്ചമില്ലാത്തതുമായ കുറച്ച് ഫോട്ടോഗ്രാഫുകളിൽ ഇത്തരം സന്തോഷകരമായ നിമിഷങ്ങൾ കാണാവുന്നതാണ്. എല്ലാ വെള്ളിയാഴ്ചകളിലും അവർ തങ്ങളുടെ കഴുത വണ്ടിയിൽ കയറി ചന്തയിൽ നിന്ന് ഒരു തണ്ണിമത്തൻ വാങ്ങുകയും മനോഹരമായ ഈ മെഡിറ്ററേനിയൻ സൂര്യനോടപ്പം ഒരു ദിവസം മുഴുവൻ ചെലവഴിക്കുകയും ചെയ്യുമായിരുന്നുവത്രെ.

ആ കടൽത്തീരത്തിന് വളരെയധികം വേദനയും ദുഖവും ഉണ്ടായിരുന്നെങ്കിലും, വർഷങ്ങൾക്ക് മുമ്പ് എന്റെ മുത്തശ്ശിമാർക്കുണ്ടായിരുന്നതുപോലെ, ഈ കടൽതീരം ഗാസയിലെ ജനങ്ങൾക്ക് ഇപ്പോഴും സന്തോഷം നൽകുന്നുണ്ടന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

എന്റെ കസിൻ ലാമീസിനും അവളുടെ തമീം എന്ന ആൺകുട്ടിക്കുമൊപ്പം ഞാൻ കുറെയധികം സമയം ചെലവഴിച്ചു. തമീമിന് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. എങ്കിലും അവന്ന് ഒരു വലിയ വ്യക്തിത്വമുണ്ടായിരുന്നു. ലാമീസിന്റെ മനോഹരമായ അപ്പാർട്ട്‌മെന്റിൽ, ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചു, നിരവധി കപ്പ് കാപ്പി കുടിച്ച് കുടുംബ ഫോട്ടോ ആൽബങ്ങളിലൂടെ കടന്നുപോയി.

എന്റെ സുഹൃത്തായ ഗൈദയോടൊപ്പം ഗാസ നഗരത്തിനകത്തും ചുറ്റുപാടുമുള്ള ജബാലിയ, ഷൂജിയ, മറ്റ് അയൽപക്കങ്ങളിലെ തെരുവുകളിലൂടെയെല്ലാം നടന്നു കാണുകയാണ് ഞാനിപ്പോൾ. ഞങ്ങൾ പരമ്പരാഗത പാലസ്തീനിയൻ എംബ്രോയ്ഡറി ഷോപ്പ് സന്ദർശിച്ചു, ഫലാഫെൽ കഴിച്ചു, തിരക്കേറിയ ഇടവഴികളിൽ പരസ്പരം ട്രാക്ക് ചെയ്യാൻ പ്രയാസപ്പെട്ടുകൊണ്ട് കുറെയേറ സഞ്ചരിച്ചു. പലഹാരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വിൽക്കുന്ന കച്ചവടക്കാരും അവരുടെ കുടുംബ ഫാമുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കഴുതപ്പുറത്ത് കൊണ്ട് വന്ന് തെരുവുകളിൽ വിൽക്കുന്ന കുട്ടികളും അവിടെ സജീവമായിരുന്നു.

ഗാസയിൽ രണ്ടുമാസം ചെലവഴിച്ച ശേഷം, കുടുംബവുമായി അതിശക്തമായ ബന്ധം വളർത്തിയാണ് ഞാൻ അവിടുന്ന് തിരിച്ചത് . കുട്ടിക്കാലം മുതലേ ഞാൻ പറഞ്ഞു കേട്ട കഥകളിൽ നിന്നല്ലാം ഒരുപാട് മനോഹരമായ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കിയും സ്ഥലങ്ങളെയും ആളുകളെയും അനുഭവിച്ചും മനസ്സിലാക്കിയുമായിരുന്നു തിരുച്ചു പോരൽ.

ഞാൻ സിയാറ്റിലിലേക്ക് മടങ്ങിയതിന്റെ പിറ്റേന്ന്, ഗാസയിൽ ക്രൂരമായ ബോംബാക്രമണം നടക്കുന്നുവെന്നും ഒട്ടേറ ഫലസ്തീനികൾ കൊല്ലപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളള ഏറെ തളർത്തിയ വാർത്ത കേട്ടാണ് ഞാൻ ഉണർന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 17 കുട്ടികളുൾപ്പെടെ 49 ഫലസ്തീനികളുടെ ജീവൻ അപഹരിച്ച ഇസ്രായേൽ സൈന്യം ഗാസയിൽ മറ്റൊരു ക്രൂരമായ ആക്രമണത്തിന് തുടക്കം കുറിക്കുകയായിരുന്നു.

പരിഭ്രാന്തിയോടെ ഞാൻ എന്റെ കസിൻസിനും സുഹൃത്തുക്കൾക്കും മെസ്സേജ് ചെയ്യാൻ തുടങ്ങി. ഭാഗ്യവശാൽ, എല്ലാവരും സുരക്ഷിതരായിരുന്നു.

ഗാസയിലെ ബോംബിട്ട അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, മാധ്യമ ഓഫീസുകൾ, അഭയാർത്ഥി ക്യാമ്പുകൾ, ശ്മശാനങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങളിൽ യുഎസ്-ഇസ്രായേൽ സുരക്ഷാ സഹകരണത്തിന്റെ അവിഹിത സ്വാധീനം ഞാൻ നേരിൽ കണ്ടതാണ്. ഇതെല്ലാം ഒരു ഫലസ്തീനി എന്ന നിലയിൽ മാത്രമല്ല, ഈ നാശത്തിനെല്ലാം നേരിട്ട് സംഭാവന നൽകുന്ന അമേരിക്കയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിലും എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

എന്റെ ജൻമ നാട്ടിലേക്കുള്ള യാത്ര, ഇസ്രായേൽ ഉപരോധത്തിലും അധിനിവേശത്തിലും കീഴിലായി ജീവിക്കുക എന്നതിന്റെ അർത്ഥം മനസ്സിലാക്കാൻ കൂടി എന്നെ സഹായിച്ചു. മാത്രമല്ല, ഫലസ്തീൻ ലക്ഷ്യത്തോടുള്ള എന്റെ പ്രതിബദ്ധതയ്ക്ക് പുതിയ ഊർജം നൽകുകയും എന്റെ ജനത്തിലും രാജ്യത്തിലും അഭിമാനം വളർത്തുകയും ചെയ്യുന്നതായിരുന്നു.

ഗാസയും മുഴുവൻ ഫലസ്തീനും സ്വതന്ത്രമാകുമെന്നും എനിക്കും എന്റെ എല്ലാ കുടുംബത്തിനും ബൈത്ത് ദരാസിലെ ഞങ്ങളുടെ പൂർവ്വിക ഭൂമിയിലേക്ക് മടങ്ങാനും സാധിക്കുന്ന ഒരു ദിവസത്തെയാണ് ഞാൻ സ്വപ്നം കാണുന്നത്. ആ പുണ്യദിനത്തിൽ, നാം ഫലസ്തീനികൾ, നമ്മിൽ നിന്ന് ക്രൂരമായി മോഷ്ടിക്കപ്പെട്ടവ കൂട്ടായി പുനർനിർമ്മിക്കാൻ തുടങ്ങുകയും ഭാവി തലമുറകൾക്ക് ഫലസ്തീനിനെ സുഖകരവും സമാധാനപരവുമായ ഭവനമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷയർപ്പിക്കാം.

വിവ- ആബൂ ഫിദ

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles