Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ: യുദ്ധാനന്തര ജീവിതത്തിന്റെ ഭാവി വർത്തമാനങ്ങൾ

ഗസ്സയിൽ തുടരുന്ന അതിക്രമങ്ങൾ എത്രയും വേ​ഗം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതേസമയം ഇസ്രായേൽ ശക്തികൾ പരമാവധി യുദ്ധം കടുപ്പിച്ച് പ്രദേശത്തെ ഒന്നാകെ തകർത്തു കൊണ്ടിരിക്കുകയുമാണല്ലോ. ഒരുപക്ഷേ, അധികം താമസിയാതെ സമാധാനത്തിന്റെ പ്രഭാതം അവിടെ പുലരാം. വെടിയൊച്ചകൾ ഇല്ലാത്ത പകലിൽ തകർന്നുപോയ കെട്ടിടങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും ലോകമൊന്നായി നിന്ന് പുനർ നിർമ്മിച്ചെടുത്തേക്കാം. പക്ഷെ, തകർന്നുപോയ മനസ്സുകളെ എങ്ങനെയാണ് പുതുക്കി പണിയുക?

വിശ്വാസത്തിന്റെ ബലം
പ്രതിസന്ധികളെ തരണം ചെയ്ത് മാനസിക പ്രതിരോധശേഷി വീണ്ടെടുക്കാൻ മനുഷ്യനെ സഹായിക്കുന്നത് വിശ്വാസമാണ്. ഈ കൊടും കുരുതിയെ അതിജീവിച്ച മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും? ഹൃദയം പിളർന്ന ജീവനറ്റ മനുഷ്യരെ നേരിൽ കണ്ട കുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കും? ഉമ്മയെയും ഉപ്പയെയും കൂടെപ്പിറപ്പുകളെയും കളിക്കൂട്ടുകാരെയും നഷ്ടപ്പെട്ടുപോയ ബാല്യങ്ങൾ ഇനി എവിടെ പോകും?

ചുറ്റും തകർച്ചയും രോദനങ്ങളും  കണ്ടും കേട്ടും ജീവിക്കുന്ന യുവതലമുറയുടെ ഗതി എന്താവും? താങ്ങും തണലുമായിരുന്ന ഇണയെ നഷ്ടപ്പെട്ട വിധവകൾ, നിവൃത്തിയില്ലാതെ വഴിയരികിൽ പ്രസവമെടുക്കേണ്ടി വന്ന ഉമ്മമാർ, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നാഥൻ തന്ന കണ്മണിയെ നഷ്ടപ്പെട്ടവർ, കൈനീട്ടാൻ ഒരാളില്ലാതെ ബുദ്ധിമുട്ടിയവർ അങ്ങനെ നീളുന്നു പ്രതിസന്ധികളുടെ നീണ്ട നിര. ഇവർ ഇനി ആരെയാണ് രക്ഷക്കായി പ്രതീക്ഷിക്കുക? ഉണങ്ങാത്ത മുറിവുകൾ ബാക്കിവച്ച ഹൃദയങ്ങൾ എന്നാണ് ഇനി സുഖം പ്രാപിക്കുക?. തകർന്ന പട്ടണങ്ങൾ പുനർ നിർമ്മിക്കുന്ന പോലെ ഹൃദയങ്ങളുടെ മുറിവ് ഉണക്കാനാകുമോ?

വിശ്വാസവും പിന്തുണയും
ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ വിശ്വാസം മനുഷ്യനെ സഹായിക്കുന്നു എന്നത് പരമമായ സത്യമാണ്. പ്രയാസങ്ങളെ മറികടക്കാനുള്ള മാനസിക കരുത്ത് മനുഷ്യൻ നേടുന്നത് ആ വിശ്വാസത്തിന്റെ ഫലമായാണ്. ഗസ്സയിലെ ജനങ്ങളിൽ നാം കാണുന്ന സ്ഥൈര്യവും വീര്യവും അതാണ് ചൂണ്ടിക്കാണിക്കുന്നത്. അചഞ്ചലമായ വിശ്വാസം മനുഷ്യനെ എന്തിനെയും നേരിടാൻ പ്രാപ്തനാക്കുന്നു. എങ്കിലും അവരും അല്ലാഹുവിന്റെ സൃഷ്ടി മാത്രമാണെന്നും ചുറ്റുമുള്ള പ്രതിസന്ധികളും വികാരവിചാരങ്ങളുമെല്ലാം അവന്റെ സൃഷ്ടി തന്നെയാണെന്നും അവന്റെ അപാരമായ കഴിവുകൊണ്ട് മാത്രമാണ് ഇതെല്ലാം മറികടക്കാൻ സാധ്യമാകുന്നതെന്നും അടിയുറച്ച് വിശ്വസിക്കേണ്ടതുണ്ട്. രോഗിയായ യഅ്ഖൂബ് നബി അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു ക്ഷമിച്ചുവെങ്കിലും നഷ്ടങ്ങളുടെയും ഒറ്റപ്പെടലിന്റെയും വികാരങ്ങൾ അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ( യൂസഫ് 84 )

യുദ്ധത്തെ അതിജീവിച്ചവർക്കിടയിൽ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ കാണുന്നുവെന്നാണ് പറയപ്പെടുന്നത്. സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണത് . അവരാരും പ്രവാചകരോ ആത്മീയ സിദ്ധി ഉള്ളവരോ അല്ലല്ലോ. നിരാശയും ഭീകരതയും അവരുടെ ജീവിതത്തിന്റെ നിറം കെടുത്തി കളഞ്ഞിരിക്കുന്നു. അവരെ ഒരുമിച്ച് നിന്ന് ചേർത്തു പിടിക്കാനും മാനസിക സംഘർഷങ്ങളിൽ നിന്ന് കരകയറ്റാനും നിലവിലെ മാനസിക നിലക്ക് സ്വയം കഴിഞ്ഞെന്നു വരില്ല. സുരക്ഷിതമായ വീടും ആരോഗ്യകരമായ ചുറ്റുപാടുമാണ് അവരുടെ പ്രാഥമിക ആവശ്യം. തങ്ങളുടെ മാനസികാരോഗ്യത്തിന്റെ ഏറ്റവും ആദ്യത്തെ പടിയുമാണ് അത്.

തകർന്നു പോയ മനുഷ്യർക്ക് താങ്ങാവാൻ യുദ്ധം അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ട കാര്യമില്ല. യുദ്ധബാധിതരെ അടിയന്തിര ചികിത്സകൾ നൽകി മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. മാനസിക സ്ഥിരതക്ക് ഏറ്റവും ആവശ്യമായത് ഹൃദയ ശാന്തിയും ശുഭപ്രതീക്ഷയുമാണ്. കാര്യങ്ങൾ പൂർവ്വ സ്ഥിതിയിലാകുമെന്ന പ്രതീക്ഷ നൽകി കൊണ്ടേയിരിക്കുക . അവർ കടന്നുപോകുന്ന തകർച്ചയുടെ ദുരിതകാലത്തിൽ അൽപ്പമെങ്കിലും ആശ്വാസമാവുക എന്നതാണ് നമുക്ക് ചെയ്യാനാവുന്നതിന്റെ ഏറ്റവും ചെറിയ പടി.
ഗസ്സയിൽ യുവ സംഘങ്ങൾ നടത്തുന്ന വിനോദ പരിപാടികളുടെ പ്രസക്തി ഇവിടെ വളരെ വലുതാണ്. വിദ്യാലയങ്ങൾ പോലുള്ള കെട്ടിടങ്ങളിൽ രാപ്പാർക്കുന്ന കുട്ടികൾ ഒരുമിച്ച് കളിക്കുകയും പാട്ടുപാടുകയും കഥ പറയുകയും ചിത്രം വരക്കുകയും ചെയ്യുന്നുണ്ട്. അവർ കടന്നുപോകുന്ന വേദനയുടെ കൊടും ദിനങ്ങളിൽ ചെറിയ ഒരു ആശ്വാസമെങ്കിലും അവർക്ക് അത് നൽകുന്നുണ്ടാവാം . ഒരല്പ സമയത്തേക്ക് എങ്കിലും വേദനകളിൽ നിന്നും മാറി നിൽക്കാൻ അവസരമാണ് അത് നൽകുന്നത്.

ഈ അതിക്രമം അവസാനിച്ച ശേഷം ആഗോളതലത്തിൽ വിദഗ്ധരായ മനശാസ്ത്ര സംഘത്തെ യുദ്ധ ബാധിത പ്രദേശങ്ങളിലേക്ക് അയക്കേണ്ടത് നിർബന്ധമാണ് .

ദുരിതാശ്വാസക്യാമ്പുകളിലും മറ്റു കെട്ടിടങ്ങളിലും അഭയം തേടിയെത്തുന്ന മനുഷ്യർ അങ്ങേയറ്റം മാനസികമായി തളർന്നിരിക്കുന്നവരാണ് . മാനസികാരോഗ്യം ലക്ഷ്യം വെച്ച് അവിടെ സംഘടിപ്പിക്കപ്പെടുന്ന മിക്ക കലാപരിപാടികളും മിക്കപ്പോഴും പൂർണ്ണമായി ലക്ഷ്യം കണ്ടെന്നു വരില്ല . ഭാവിയെ കുറിച്ചുള്ള ആശങ്കയും നഷ്ടപ്പെട്ടതിന്റെ വേദനയും അവരെ കാർന്നുതിന്നു കൊണ്ടേയിരിക്കും . അതിനാൽ പൂർണ്ണമായ മാനസിക ചികിത്സയും പിന്തുണയും അവർക്ക് ലഭിക്കേണ്ടത് യുദ്ധം പൂർണമായും അവസാനിച്ചതിനുശേഷമാണ്.

സംഘടിത പിന്തുണ
യുദ്ധം അവസാനിച്ചത് കൊണ്ട് മാത്രം മുറിവുകൾ ഭേദപ്പെടുന്നില്ല. യുദ്ധത്തേക്കാൾ യുദ്ധത്തിന് ശേഷമുള്ള ജീവിതമാണ് ചിലർക്ക് ഭീകരമായത്. തൊഴിൽ രഹിതരായ യുദ്ധബാധിതരെ തൊഴിൽ നൽകി മാനസികാരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന പോലെ, ഫലസ്തീനിലെ വിശിഷ്യാ, ഗസ്സയിലെ ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തനരഹിതമായതിനാൽ പുറത്തുനിന്നുള്ള സഹായങ്ങൾ അത്യാവശ്യമാണ് . യുദ്ധാനന്തര കാലഘട്ടത്തിൽ പുതിയ ജീവിതം തുടങ്ങാനും നഷ്ടപ്പെട്ടതെല്ലാം കെട്ടിപ്പടുക്കാനും മനുഷ്യന് സാമൂഹിക സംരക്ഷണവും പിന്തുണയുമാണ് ആവശ്യം.

ജനകീയ പിന്തുണ
യുദ്ധബാധിതരെ സഹായിക്കുന്നതിൽ വലിയ പങ്ക് പൊതുജനങ്ങൾക്കുണ്ട്. ഫലസ്തീൻ ജനതയുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം റെഡ് ക്രസൻ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ നൽകുന്ന ഹോട്ട്‌ലൈൻ സേവനം നല്ല ഒരു ചുവടുവെപ്പാണ്. പരിക്കേറ്റവർക്കും അവരുടെ കുടുംബത്തിനും മാനസിക പിന്തുണ നൽകാൻ ഈ ഓൺലൈൻ പ്ലാറ്റ്ഫോം സജ്ജമാണ്.  എന്നിരുന്നാലും, ആയിരക്കണക്കിനു ജനങ്ങളുള്ള ഗസ്സയില്‍ ഈ സേവനവും അപര്യാപ്തമാണ്. അതിനാൽ, യുദ്ധം അവസാനിച്ചതിന് ശേഷം അടിയന്തിരമായി മറ്റ് മെഡിക്കൽ ടീമുകൾക്കൊപ്പം സൈക്യാട്രിസ്റ്റുകൾ, തെറാപ്പിസ്റ്റുകൾ, സൈക്യാട്രിക് നഴ്‌സുമാർ എന്നിവരടങ്ങുന്ന സ്പെഷ്യലൈസ്ഡ് സൈക്യാട്രിക് മെഡിക്കൽ ടീമുകളെ അയക്കണമെന്നുള്ള പൊതുജനാഭിപ്രായം ശക്തമാണ് . യുദ്ധാനന്തരo, ഗസ്സയിലെ ജനങ്ങൾക്ക് പ്രത്യേക മാനസിക പിന്തുണ നൽകാൻ അറബ് രാജ്യങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ട്. സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിലൂടെയും മറ്റും യുദ്ധത്തെ നേരിൽ കാണുന്ന ആഗോള ജനതയും ഫലസ്തീൻ ജനതക്ക് പിന്തുണയുമായി എത്തേണ്ടതുണ്ട് . കൂടാതെ ആഗോളതലത്തിൽ മതപണ്ഡിതരും , സമാധാനത്തിന്റെ വക്താക്കളും ഓൺലൈൻ സംവിധാനങ്ങളിലൂടെയും മറ്റും യുദ്ധബാധിതരായ മനുഷ്യരുടെ മാനസികാരോഗ്യ സംരക്ഷണത്തിനു വേണ്ടി പ്രയത്നിക്കേണ്ടതും അത്യാവശ്യമാണ് .

ഓൺലൈനിൽ നടത്തുന്ന വ്യക്തിഗത മനഃശാസ്ത്ര സെഷനുകളിലൂടെയും കാര്യമായ ഫലങ്ങൾ കൈവരിക്കാൻ കഴിയും. വ്യക്തിപരമായ ശ്രമങ്ങൾ എത്ര ചെറുതാണെങ്കിലും അവ കുറച്ചുകാണരുത്. കാരണം, അവ ഇരകളുടെ എണ്ണം പരമാവധി കുറക്കുന്നതിനും മാനസികാരോഗ്യ സ്ഥാപനങ്ങൾക്കുള്ള അമിതഭാരം ലഘൂകരിക്കുന്നതിനും സഹായിച്ചേക്കാം.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

Related Articles