Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ നരനായാട്ട് ലോകത്തിന് സ്വാഭാവികതയാവുന്നതെങ്ങനെ?

തങ്ങളുടെ സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, കൂടുതൽ ഫലസ്തീനികളെ കൊല്ലണമെന്നാണ് ഇസ്രായേലിന്റെ പുതിയ തീരുമാനം. “ഭീകരവാദം” തടയുന്നതിനുള്ള “മുൻകൂട്ടിയുള്ള ആക്രമണങ്ങൾ” എന്ന ഓമനപ്പേരിലാണ് ഇസ്രായേൽ ഉദ്യോഗസ്ഥർ ഈ കൊലപാതകങ്ങളെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.

ഏപ്രിൽ രണ്ടിന് അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിൽ മൂന്ന് ഫലസ്തീൻ പുരുഷന്മാരെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് ശേഷം, പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, ലൈസൻസുള്ള തോക്കുകളുള്ള ഇസ്രായേലി സിവിലിയന്മാരോട് അവ പരസ്യമായി കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. മിക്ക മുതിർന്ന ഇസ്രായേലി സിവിലിയന്മാരും നിർബന്ധിത സൈനിക സേവന സമയത്ത് അത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പരിശീലനം നേടിയവരുമാണ്. ഇസ്രായേൽ അധിനിവേശ അധികാരികളുടെ അഭിപ്രായത്തിൽ, മൂന്ന് ഫലസ്തീനികൾ “ഭീകരാക്രമണം നടത്താൻ പോകുന്ന” തീവ്രവാദികളായിരുന്നു.

അതേ അധിനിവേശ ഫലസ്തീൻ നഗരത്തിൽ മൂന്ന് ഫലസ്തീനികൾ വെടിയേറ്റ് കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഈ കൊലപാതകങ്ങൾ അരങ്ങേറിയത്. അവരിൽ ഒരാൾ ഒരു കുട്ടിയായിരുന്നു. “ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന” ഫലസ്തീൻ “ഭീകരവാദികളെ” “തടയാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പിന്നീട് അധിനിവേശ അധികാരികൾ ഇതിന് ന്യായം പറഞ്ഞത്.

ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന്റെ മറവിൽ ഫലസ്തീനികളെ കൊന്നൊടുക്കുന്ന പ്രവണതക്കെതിരെ ലോക നേതാക്കളോ അന്താരാഷ്ട്ര സംഘടനകളോ ഒരിക്കലും അപലപിച്ചിട്ടില്ല. ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, ഇസ്രയേലിന്റെ സ്വന്തം ബി’സെലെം എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശ ഗ്രൂപ്പുകൾ ഇത്തരം സംഭവങ്ങൾ അന്വേഷിക്കുകയും പല അവസരങ്ങളിൽ ഇസ്രായേൽ അധിനിവേശ സുരക്ഷാ സേന ഫലസ്തീനികളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയെന്നും കണ്ടെത്തിയിരുന്നു. എങ്കിലും ഇതിനെതിരെ പ്രതികരിക്കാൻ ഈ കൂട്ടരൊന്നും തയ്യാറായിട്ടില്ല.

മാത്രമല്ല, ഫലസ്തീനികൾ “ഭീകരർ” ആണെന്ന ഇസ്രായേൽ മിഥ്യാധാരണ അംഗീകരിച്ച അന്താരാഷ്ട്ര സമൂഹം അത്തരം കൊലപാതകങ്ങളെ സാധാരണവൽക്കരിക്കുകയാണ് ചെയ്യുന്നത്. അവരുടെ ഭൂമിയിലെ സൈനിക അധിനിവേശത്തിനെതിരായ അവരുടെ ന്യായമായ ചെറുത്തുനിൽപ്പാണ് അവരെ യാതൊരു നിയമ നടപടിയും കൂടാതെ ഇസ്രായേൽലിന് കൊല്ലാൻ മതിയായ കാരണമെന്നും പലരും ധരിച്ചു വെച്ചിട്ടുണ്ട്. അത്തരം ലോകനേതാക്കൾ അധിനിവേശ രാഷ്ട്രത്തെ അതിന്റെ “[പലസ്തീൻ] ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ” പിന്തുണയ്ക്കുന്നിടത്തോളം കാര്യങ്ങൾ വഷളായിക്കഴിഞ്ഞു.

ഇസ്രയേലിന്റെ നരേഷൻ പാശ്ചാത്യ മാധ്യമങ്ങൾ ഒട്ടും ചോദ്യം ചെയ്യാതെ തന്നെ അംഗീകരിക്കുന്ന ഒരു പൊതു പ്രവണതയും നിലവിലുണ്ട്, ഈ വാർത്തകൾ യാഥാർഥ്യത്തിൽ നിന്നും എത്രയോ അകലെയാണ് കിടക്കുന്നത്. ഉദാഹരണത്തിന്, ന്യൂയോർക്ക് ടൈംസ് ഏപ്രിൽ രണ്ടിന് കൊല്ലപ്പെട്ട മൂന്ന് ഫലസ്തീനികളെ “യോദ്ധാക്കൾ” എന്ന് വിശേഷിപ്പിച്ചു, ഇസ്രായേൽ സൈന്യം ഉപയോഗിച്ച അതേ പദപ്രയോഗം. അതിന്റെ റിപ്പോർട്ടിന്റെ ആദ്യ ഖണ്ഡികയിൽ അടിസ്ഥാനരഹിതമായ വിശദാംശങ്ങളും പരാമർശിക്കുകയുണ്ടായി, കൊല്ലപ്പെട്ട ഫലസ്തീനികൾ യഥാർത്ഥത്തിൽ ഇസ്രായേലിന്റെ “ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ” കൊല്ലപ്പെട്ട “ഭീകരവാദികളാണ്” എന്ന ധാരണയാണ് ഇത് നൽകുന്നത്.

ഇസ്രായേലികന്റ അവകാശവാദങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് ബിബിസിയും ഇതേ എഡിറ്റോറിയൽ ലൈനിനെ പിന്തുടർന്നു. ന്യൂയോർക്ക് ടൈംസും ബിബിസിയും ഒരു ഇസ്ലാമിക് ജിഹാദ് പ്രസ്താവന പരാമർശിക്കുകയുണ്ടായി, ഇരകളെ പ്രസ്ഥാനത്തിന്റെ അംഗങ്ങളായി തിരിച്ചറിയുകയും അങ്ങനെ അവർ “ഭീകരവാദികൾ” ആണെന്ന ശക്തമായി സൂചന നൽകുകയും ചെയ്തു.

ഇസ്രായേലികൾക്കെതിരായ ഏതെങ്കിലും ആക്രമണത്തിന് ശേഷം ഫലസ്തീനികളെ തോന്നിയപോലെ കൊന്നു തള്ളുകയും പ്രകോപനമരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നത് ഇസ്റായേലി ഉദ്യോഗസ്ഥർ തന്നെയാണ്. കൊല്ലപ്പെട്ടവരെ കുറിച്ച് ചോദിക്കുമ്പോൾ ഇവരെ തങ്ങൾ ലക്ഷ്യമിട്ടവരും ഇതുവരെ നിരീക്ഷണത്തിലായിരുന്നുവെന്നുമാണ് മറുപടികൾ. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് വിചിത്രമായ രൂപത്തിലാണ്. ഉദാഹരണത്തിന് ടൈം ഇസ്രായേലിലെ ഈ റിപ്പോർട്ട് കാണുക – ” ഇത് പുതിയതല്ല, ഇത് മുമ്പും സംഭവിച്ചിട്ടുണ്ട് ” എന്ന രൂപത്തിലാണ്.

കൊലപാതകമായ അറബ് ഭീകരതയുടെ തരംഗമാണ് ഇസ്രായേൽ അഭിമുഖീകരിക്കുന്നതെന്നാണ് ടെൽ അവീവിൽ നിരവധി ഇസ്രായേലികളുടെ മരണത്തെത്തുടർന്ന് ബെന്നറ്റ് അവകാശപ്പെട്ടത്. “സുരക്ഷാ സേന പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾ സ്ഥിരോത്സാഹത്തോടെയും ഉത്സാഹത്തോടെയും ഉരുക്കുമുഷ്ടിയോടെയും തീവ്രവാദത്തെ നേരിടും.” എന്നാൽ “അറബ്” തീവ്രവാദമാകുമ്പോൾ മാത്രമാണ് ഈ ഉശിര് കാണുന്നത്.അനധികൃത കുടിയേറ്റക്കാരുടെ “ജൂത” ഭീകരത അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഒരു ഫലസ്തീനിയുടെ രാഷ്ട്രീയ വിഭാഗത്തിലോ അതിന്റെ സായുധ വിഭാഗത്തിലോ ഉള്ള അംഗത്വം അവൻ ഒരു “ഭീകരവാദി” ആണെന്നതിന്റെ തെളിവല്ല. സൈനിക അധിനിവേശത്തെ ചെറുക്കാനുള്ള അവകാശം അന്താരാഷ്ട്ര നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്; ഇസ്രായേലിന്റെ ക്രൂരമായ അധിനിവേശവും ഒരു അപവാദമല്ല. അന്താരാഷ്ട്ര സഹതാപവും പിന്തുണയും നേടിയെടുക്കാനും അതിന്റെ ഭരണകൂട അക്രമത്തെയും അതെ, ഫലസ്തീൻ സിവിലിയൻമാർക്കെതിരായ ഭീകരതയെയും ന്യായീകരിക്കാനും ഇസ്രായേൽ ഉപയോഗിക്കുന്ന സൗകര്യപ്രദമായ ഒരു അപവാദമാണ് “തീവ്രവാദം”. അതേസമയം, ഇസ്രയേലികൾക്ക് തീവ്ര വലതുപക്ഷ പാർട്ടികളിലും സംഘടനകളിലും ചേരാനും ഫലസ്തീനികൾക്കെതിരെ ഭയാനകമായ കുറ്റകൃത്യങ്ങൾ ചെയ്യാനും സ്വാതന്ത്ര്യമുണ്ട്, ബെന്നറ്റിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും പാശ്ചാത്യ രാജ്യങ്ങളിലെ സഖ്യകക്ഷികളും മറ്റും പ്രശംസിക്കുകയും ചെയ്യുന്നു.

വെടിവെച്ച് കൊല്ലുക എന്ന ഇസ്രയേൽ നയത്തിന്റെ ഇരകൾ ഇസ്രായേലികളെ ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്നു എന്നതിന് തെളിവ് നട്ടുപിടിപ്പിക്കുന്നതിന് ഇസ്രായേലിന് ഒരു വിചിത്ര രൂപമുണ്ട്. ഇതിനായി ഇരകളുടെ കാറിൽ സൈനിക നിലവാരത്തിലുള്ള ആയുധമുണ്ടെന്ന് ഇസ്രായേലി സൈനികരും- ജഡ്ജിമാരും ജൂറിയും ആരാച്ചാർമാരും അവകാശപ്പെടും. എന്നാൽ ഇവിടെ എനിക്ക് ഒരു സംശയമുണ്ട്. പിന്നെ ആ കാർ എവിടെ? ഔദ്യോഗിക വിവരണം നുണകളുടെ കൂട്ടമാണെന്ന് തെളിയിക്കാൻ സാധ്യതയുള്ള ഏത് അന്വേഷണത്തെയും തുരങ്കം വയ്ക്കുന്നതിനാണ് ഇസ്രായേൽ സൈന്യം ഇത് മറച്ചുവെച്ചത്.

ഇസ്രായേലി കുടിയേറ്റക്കാർ – അവരിൽ ഓരോരുത്തരും യുദ്ധക്കുറ്റങ്ങൾ എന്ന് തരംതിരിക്കപ്പെടുന്ന നിയമവിരുദ്ധ കുടിയേറ്റങ്ങളിൽ താമസിക്കുന്നു – ഇസ്രായേൽ സുരക്ഷാ സേനയുടെ സംരക്ഷണത്തിൽ പരസ്യമായി ആയുധങ്ങളും വഹിക്കുന്നു. ഫലസ്തീനികളെ ആക്രമിക്കാനും മുറിവേൽപ്പിക്കാനും കൊല്ലാനും അവർ ആയുധങ്ങൾ ഉപയോഗിക്കുന്നു. പലസ്തീൻ സുരക്ഷാ സേനയിലെ അംഗങ്ങൾക്ക് മിലിട്ടറി-ഗ്രേഡ് ആയുധങ്ങളുണ്ട്, അവ ഉപയോഗിക്കാൻ ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയായ യുഎസിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. കല്ല്യാണങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും ഫലസ്തീൻ അനുകൂല അതോറിറ്റിയുടെയും ഫത്താഹ് മാർച്ചുകളിലും ആയിരക്കണക്കിന് വെടിയുണ്ടകൾ ആകാശത്ത് എറിയുമ്പോൾ ഇസ്രായേലികൾ കണ്ണടയ്ക്കുന്നത് എന്തുകൊണ്ട്? ആ വെടിയുണ്ടകൾ എവിടെയെങ്കിലും ഏതെങ്കിലും നിലത്ത് വീണു ജീവൻ അപായത്തിലായാൽ എന്തായിരിനക്കും സ്ഥിതി. എന്തുകൊണ്ട് ഇത് ” തീവ്രവാദമാകുന്നില്ല? ഇസ്രായേലുമായുള്ള പിഎയുടെ സുരക്ഷാ സഹകരണം, അധിനിവേശത്തിനായുള്ള അതിന്റെ ഉപയോഗത്തെ അതിജീവിക്കുന്ന ദിവസം വരെ ഇസ്രായേലി പ്രതികാരത്തിൽ നിന്ന് അതിനെ ഒഴിവാക്കുന്നു. വൈകാതെ ആ ദിവസം വന്നു ചേരും.

ഏപ്രിൽ 8 ന് ജെനിനിൽ മറ്റൊരു ഇസ്രായേൽ റെയ്ഡിന് ശേഷം, അതേ ഇസ്രായേലി “ഭീകര” വിവരണം കംപ്ലയിന്റ് മീഡിയയിലൂടെ പുറത്തു വന്നു. കൊലപാതകത്തെ ബെന്നറ്റ് വിശേഷിപ്പിച്ചത് “വിജയകരമായ ഒരു മുൻകൂർ സ്‌ട്രൈക്ക് എന്നാണ്. തീവ്രവാദത്തെ ഉന്മൂലനം ചെയ്യുന്നതിനായി ഐ.ഡി എഫ് [ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്], ഷിൻ ബെറ്റ് [ആഭ്യന്തര സുരക്ഷാ ഏജൻസി] കൂടാതെ എല്ലാ സുരക്ഷാ സേനകൾക്കും ഞങ്ങൾ പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നു. ഉണ്ട്, ചെയ്യും. ഈ യുദ്ധത്തിൽ നിയന്ത്രണങ്ങൾ പാടില്ല.

ഒരിക്കൽ താൻ നൽകിയ ആജ്ഞക്കനുസരിച്ച് അധിനിവേശ സൈന്യം “ഭീകര ആക്രമണങ്ങൾ” പരാജയപ്പെടുത്തുക, അതിനെതിരെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നിവക്കായി പ്രവർത്തിക്കുകയാണെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞത് . ടെൽ അവീവിൽ മൂന്ന് ഇസ്രായേലികൾ കൂടി കൊല്ലപ്പെട്ടതിനെ തുടർന്ന് 200 ഫലസ്തീനികളെ സൈന്യം തടഞ്ഞുവച്ചു. “വേണ്ടിവന്നാൽ, ആയിരങ്ങളെ അറസ്റ്റ് ചെയ്യാൻ മടിയില്ലെന്നും സുരക്ഷയാണ് ഇവിടെ പ്രധാനമെന്നും ഗാന്റ്സ് പറഞ്ഞു.

ഫലസ്തീൻ സുരക്ഷ അർത്ഥമാക്കുന്നത് ഒന്നുമല്ല, ഇസ്രായേലിനെ സംരക്ഷിക്കാനാണ് പിഎ സുരക്ഷാ സേവനങ്ങൾ നിലവിലുളളത് അല്ലാതെ ഫലസ്തീനികളെ കാക്കാനല്ല. ഐഡിഎഫും ഇസ്രായേലി പോലീസും കുടിയേറ്റക്കാരും അക്രമാസക്തരാകുമ്പോൾ അതിന്റെ ഉദ്യോഗസ്ഥരെ കാണാനില്ല. ഇസ്രായേലികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും മറ്റെല്ലാറ്റിനേക്കാളും മുൻഗണന ലഭിക്കുന്നു; അധിനിവേശക്കാർക്ക് അവരുടെ ഇരകളേക്കാൾ മുൻഗണന നൽകുന്നു, അടിച്ചമർത്തപ്പെട്ട് അധിനിവേശ ഭരണത്തിൻ കീഴിൽ ജീവിക്കുന്ന ഫലസ്തീനികളെയാണ് കാണാൻ കഴിയുന്നത്.

ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ പൗരന്മാർ നടത്തുന്ന ആക്രമണത്തിന് എതിരെ ഇസ്രായേൽ സുരക്ഷാ സേന ശക്തമായി പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി യെയർ ലാപിഡ് എപ്പോഴാണ് മുന്നറിയിപ്പ് നൽകുന്നത്? നമ്മൾ ശ്വാസം അടക്കി പിടിച്ച് കഴിയേണ്ടവരല്ല.. വർണ്ണവിവേചനം വിളയുന്ന ഇസ്രായേലിന് എങ്ങനെയാണ് വംശീയ സമത്വത്തിൽ വിശ്വസിക്കാനാകുക.

അന്താരാഷ്ട്ര സമൂഹം ചെയ്യുന്നതുപോലെ, ജെനിനിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ തീവ്രവാദികളാണെന്ന് നമ്മൾ അംഗീകരിക്കുകയാണെങ്കിൽ, ആരാണ് അവരെ കൊല്ലണമെന്ന് തീരുമാനിച്ചത്? എന്തുകൊണ്ടാണ് ഇസ്രായേൽ അധിനിവേശ സൈന്യം പാരാമെഡിക്കുകളെ സഹായിക്കുന്നതിൽ നിന്ന് തടഞ്ഞത്, അങ്ങനെ അവർക്ക് കുറഞ്ഞത് ചികിത്സയ്ക്കും ന്യായമായ വിചാരണയ്ക്കും അവസരമുണ്ടായിരുന്നു. എന്നാൽ ആ പട്ടാളക്കാർ അവരെ രക്തം വാർന്നു മരിക്കാൻ മാത്രമാണ് അനുവദിച്ചത്.

ഇത് ഇസ്രായേലി “സുരക്ഷാ” സേനയുടെ ഒരു സാധാരണ പ്രവർത്തനരീതിയാണ്. ഇരകൾ ആർക്കും ഭീഷണി ഉയർത്തുന്നില്ലെങ്കിലും, അവർ ആദ്യം വെടിവയ്ക്കുകയും പിന്നീട് അവരെ മരണത്തിലേക്ക് വെടിവെച്ചിടടുകയും ചെയ്യുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഏപ്രിൽ 10 ന് രണ്ട് ഫലസ്തീൻ സ്ത്രീകൾ കൊല്ലപ്പെട്ടു. മരിച്ച സ്ത്രീകളിൽ ഒരാളായ ഘദാ സ്ബീതന് 47 വയസ്സായിരുന്നു, ഭാഗിക കാഴ്ചയും വ്യക്തമായും നിരായുധനുമായിരുന്നു. എന്തുകൊണ്ടാണ് അവൾ മരിക്കാൻ യോഗ്യയാണെന്ന് ഇസ്രായേൽ സൈനികർ തീരുമാനിച്ചത്, അവളെ വെടിവച്ച് രക്തം വാർന്നു മരിക്കാൻ വിട്ടുകൊടുത്തതെന്തിനായിരുന്നു ?

നിയന്ത്രണാതീതമായ ഒരു തെമ്മാടി രാഷ്ട്രമാണ് ഇസ്രായേൽ എന്നതിന് വേണ്ടുവോളം തെളിവുകൾ ഉണ്ടായിരുന്നിട്ടും, അതിന്റെ “സുരക്ഷ”, “സ്വയം പ്രതിരോധ” ആഖ്യാനങ്ങൾക്ക് പാശ്ചാത്യർ മുഖവിലയ്ക്കെടുക്കുന്നതെന്തിനാണ് ? ഇവർ ഫലസ്തീനിനോട് ഒട്ടും മനുഷ്യപ്പറ്റ് കാണിക്കുന്നില്ല എന്ന് മാത്രമല്ല ആയുധങ്ങളും പണവുമൊഴുക്കി സ്ഥിതിഗതികളെ ഏറെ വഷളാക്കുകയും ചെയ്യുന്നു. മാനുഷികമായ ഒരു പരിഗണന പോലും അവർക്ക് ലഭിക്കുന്നില്ല. പ്രതിരോധം നിയമാനുസൃതമായ അവകാശമാണ്. അതൊരു വസ്തുതയുയാണ്. ഫലസ്തീൻ “ഭീകരവാദം”, ഫലസ്തീൻ സിവിലിയന്മാരെ കൊലപ്പെടുത്തൽ എന്നിവയെ കുറിച്ചുള്ള ഇസ്രായേൽ അവകാശവാദങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിക്കുന്നതിനു പിന്നിലെ യുക്തി വളരെ ലളിതമാണ്. പടിഞ്ഞാറിന്റെ രാഷ്ട്രീയ ലോകത്ത് വർദ്ധിച്ചുവരുന്ന തീവ്ര വലതുപക്ഷക്കാരായ ഇസ്രായേലി വോട്ടർമാരെ തൃപ്തിപ്പെടുത്തുകയെന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇതിനു വേണ്ടി മാത്രമായി നാം എത്രനാൾ ഈ ക്രൂരതയെ അംഗീകരിക്കണം? തികച്ചും ന്യായമായ ഒരു ചോദ്യമാണിത്; എങ്കിലും ഇതിനൊന്നും ന്യായവും നിയമാനുസൃതവുമായ ഉത്തരം ലഭിക്കാൻ ഒരു വഴിയുമില്ല

വിവ: മുജ്തബ മുഹമ്മദ്‌

Related Articles