Current Date

Search
Close this search box.
Search
Close this search box.

2022 ഉം ഫലസ്തീനിന്റെ അടയാളപ്പെടുത്തലുകളും

മറ്റൊരു നിർണായക വർഷം കൂടി ഫലസ്തീനിന് ആഗതമായിരിക്കുന്നു. ഇസ്രായേലിന്റെ സൈനിക അധിനിവേശത്തിന്റെയും വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കും 2022ഉം സാക്ഷിയായിട്ടുണ്ടെങ്കിലും അത് ഫലസ്തീൻ പോരാട്ടത്തിന് അന്തർദേശീയ, ദേശീയ, പ്രാദേശികമായ പുതിയ സാഹചര്യങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട് എന്നത് തീർച്ചയാണ്.

പലസ്തീൻ, യുദ്ധം, അറബികൾ
ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-ഉക്രെയ്ൻ യുദ്ധം ഫലസ്തീനികൾ ഉൾപ്പെടെയുള്ള പല രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും ഏതെങ്കിലും പക്ഷത്ത് ചേരാനോ അല്ലെങ്കിൽ ഒരു നിലപാട് പ്രഖ്യാപിക്കാനോ ഉള്ള സമ്മർദ്ദം ശക്തമായിരുന്നു. പലസ്തീൻ അതോറിറ്റിയും (പിഎ) വിവിധ ഫലസ്തീനിയൻ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ നിഷ്പക്ഷതയിൽ ഉറച്ചുനിന്നെങ്കിലും, മിഡിൽ ഈസ്റ്റിലെ യുഎസ് നേതൃത്വത്തിലുള്ള രാഷ്ട്രീയ മാതൃകയിൽ നിന്നുള്ള റഷ്യയുടെ വ്യതിചലനം ഫലസ്തീനുകൾക്ക് പര്യവേക്ഷണം ചെയ്യാൻ പുതിയ മാർജിൻ തുറക്കുകയായിരുന്നു.

മെയ് 4 ന്, ഹമാസ് നേതാക്കളുടെ പ്രതിനിധി സംഘം മോസ്കോയിൽ റഷ്യൻ ഉദ്യോഗസ്ഥരുരെ കണ്ടുമുട്ടിയിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം, പിഎ നേതാവ് മഹ്മൂദ് അബ്ബാസ് കസാക്കിസ്ഥാനിലെ അസ്താനയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായി ഒരു കൂടിക്കാഴ്ച നടത്തി വാഷിംഗ്ടണിനെ വെല്ലുവിളിച്ചു. അബ്ബാസിനോട് അമേരിക്കയുടെ രോഷം ഉണ്ടായിരുന്നിട്ടും, മിഡിൽ ഈസ്റ്റിലെയും ലോകമെമ്പാടുമുള്ള സൂക്ഷ്മമായ ഭൗമരാഷ്ട്രീയ സന്തുലിതാവസ്ഥ കണക്കിലെടുത്ത്, ഫലസ്തീൻ നേതൃത്വത്തിനെതിരെ പ്രതികാരം ചെയ്യാൻ വാഷിംഗ്ടണിന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.

നവംബർ 29-ന് കെയ്‌റോയിൽ വെച്ച് പാൻ-അറബ് സംഘടനയായ അറബ് ലീഗ് നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയതുപോലെ, ആഗോള സംഘർഷം സൃഷ്ടിച്ച പുതിയ രാഷ്ട്രീയ ഇടങ്ങൾ ഫലസ്തീനെ സംബന്ധിച്ച അറബ് നിലപാടിന് കൂടുതൽ യോജിപ്പുണ്ടാക്കി. അറബ് ലീഗ് സെക്രട്ടറി ജനറലായ അഹമ്മദ് അബുൽ ഗയ്ത്, ന്യായമായ സമാധാനത്തിനായുള്ള അറബ് അന്വേഷണത്തിൽ ഊന്നിപ്പറയുകയും കഴിഞ്ഞ മാസത്തെ ‘അൽജിയേഴ്സ് പ്രഖ്യാപനത്തെ’ പ്രശംസിക്കുകയും ചെയ്തു. ഒക്‌ടോബർ 12-14 തീയതികളിൽ അൾജീരിയയിൽ പലസ്‌തീനിയൻ രാഷ്‌ട്രീയ ഗ്രൂപ്പുകൾ യോഗം ചേരുകയും, പ്രസിഡൻഷ്യൽ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിലൂടെ ഭിന്നത അവസാനിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കി അനുരഞ്ജന കരാറിൽ ഒപ്പുവെക്കുകയും ചെയ്യുകയുണ്ടായി.

ഫലസ്തീനിയൻ അഭയാർത്ഥി ഏജൻസിയായ UNRWA-യ്ക്ക് ധനസഹായം നൽകുന്നതിലൂടെയും ഐക്യരാഷ്ട്രസഭയിൽ ഫലസ്തീനിനെ പിന്തുണയ്ക്കുന്നതിലൂടെയും സാമ്പത്തികമായും രാഷ്ട്രീയമായും ഫലസ്തീനികൾക്കുള്ള പിന്തുണയിൽ അറബ് ഗവൺമെന്റുകളുടെ പുത്തനുണർവ്വിനും സാക്ഷിയായ വർഷം കൂടിയായിരുന്നു ഇത്.

ഒക്‌ടോബർ 3-ന്, യുഎന്നിലെ അറബ് പ്രതിനിധികൾ ഇസ്രായേലിന്റെ അമിത ആണവായുധപ്രയോഗം ഒഴിവാക്കികൊണ്ടുള്ള A/C 1/77 L.2 റെസല്യൂഷൻ അവതരിപ്പിക്കുകയും ഇസ്രായേലിന്റെ എല്ലാ ആണവ സൗകര്യങ്ങളും സമഗ്രമായ International Atomic Energy Agencyക്ക് കീഴിൽ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു. ഒക്‌ടോബർ 28-ന് ഐക്യരാഷ്ട്ര പൊതുസഭ ഈ പ്രമേയം അംഗീകരിച്ചു.

‘ഏറ്റവും മാരകമായ വർഷം’
ഇസ്രയേലിന്റെ സൈനിക അധിനിവേശത്തിനും ഫലസ്തീനിയൻ അവകാശ ലംഘനങ്ങൾക്കും തടയിടാൻ യുഎൻ യഥാർത്ഥ നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിലും, അന്താരാഷ്ട്ര അജണ്ടയിൽ പലസ്തീൻ കേന്ദ്രീകൃതമായ നിരവധി യുഎൻ സംരംഭങ്ങളും പ്രമേയങ്ങളും പ്രകടമായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ, ‘യുഎൻ വിദഗ്‌ധർ’ “അധിനിവേശ വെസ്റ്റ്‌ബാങ്കിൽ ഫലസ്തീനിയൻ സിവിൽ സമൂഹത്തിനെതിരായി വർധിച്ചുവരുന്ന ഇസ്രായേൽ ആക്രമണങ്ങളെ” അപലപിക്കുകയും ഈ നടപടികൾ മനുഷ്യാവകാശലംഘനവും നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ, 1967 മുതൽ അധിനിവേശം ചെയ്യപ്പെട്ട ഫലസ്തീൻ പ്രദേശത്തെ മനുഷ്യാവകാശസ്ഥിതിയെ ക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടറായ ഫ്രാൻസ്ക അൽബനീസ് UNGA-യ്ക്ക് ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയത്തിനുള്ള അനിഷേധ്യമായ അവകാശം സാക്ഷാത്കരിക്കേണ്ടതുണ്ടെന്ന് വാദിക്കുകകയും ഇസ്രായേൽ കുടിയേറ്റ-കൊളോണിയലിസത്തെയും വർണ്ണവിവേചന ഭരണകൂടത്തിനെതിരെയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.

1948-ൽ ലക്ഷക്കണക്കിന് ഫലസ്തീനികളെ അവരുടെ ദേശങ്ങളിൽ നിന്ന് നിർബന്ധിതമായി പുറത്താക്കിയതിന്റെ സ്മരണയ്ക്കായി നവംബർ 30-ന്, ‘നക്ബ ദിനം’ ആചരിക്കുന്നതിനുള്ള പ്രമേയവും യുഎൻഎ അംഗീകരിച്ചു.

എന്നിരുന്നാലും, ഈ പ്രസ്താവനകളൊന്നും ഫലസ്തീനികളോടുള്ള ഇസ്രായേലിന്റെ അക്രമ മനോഭാവത്തെ മാറ്റിമറിച്ചിട്ടില്ല. 2005-ൽ യുഎനിന്റെ നിരീക്ഷണം തുടങ്ങിയതിനുശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ ‘ഏറ്റവും മാരകമായ വർഷം’ 2022 ആയിരിക്കുമെന്ന് ഒക്ടോബർ 29-ന് യുഎൻ മിഡ് ഈസ്റ്റ് പ്രതിനിധി ടോർ വെന്നസ്‌ലാൻഡ് പറഞ്ഞത് ചേർത്തുവായിക്കേണ്ടതാണ്.

ഇസ്രായേൽ അക്രമവും ‘ലയൻസ് ഡെനും’
അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലും 2022-ൽ 47 കുട്ടികൾ ഉൾപ്പെടെ 200-ലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ വധിച്ചത്. അവയിൽ ചിലത് മാത്രമാണ് മുഖ്യധാരാ മാധ്യമങ്ങളിൽ പ്രധാനവാർത്തയായത്. എന്നിരുന്നാലും, മെയ് 11 ന് ജെനിനിലെ ദാരുണമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രശസ്ത ഫലസ്തീനിയൻ അമേരിക്കൻ പത്രപ്രവർത്തക ഷിറീൻ അബു അഖ്ല കൊല്ലപ്പെട്ടതിനെ തുടർന്ന് ലോകം ശക്തമായ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. നിഷ്പക്ഷമായ അന്വേഷണത്തിനുള്ള വ്യാപകമായ ആഹ്വാനങ്ങൾക്കൊടുവിൽ അബു അഖ്ലയുടെ കൊലപാതകത്തിൽ ക്രിമിനൽ അന്വേഷണം ആരംഭിക്കാൻ എഫ്ബിഐ(Federal Bueau of investigation) യെ നിർബന്ധിതരാക്കി.

ഇസ്രായേലിന്റെ ഈ കൊലവിളിക്ക് പ്രേരകമാവുന്നത് പ്രാഥമികമായി വടക്കൻ വെസ്റ്റ് ബാങ്കിലെ സായുധ ചെറുത്തുനിൽപ്പിന്റെ ഉയർച്ചയും രണ്ടാമത് ഇസ്രായേലിന്റെ അരാജക രാഷ്ട്രീയ രംഗവുമാണ്.

ജെനിൻ, നാബ്ലസ് അടക്കമുള്ള വെസ്റ്റ്ബാങ്ക് പട്ടണങ്ങളിലും അഭയാർത്ഥി ക്യാമ്പുകളിലുമുള്ള ഇസ്രായേലിന്റെ നിരന്തരമായ ആക്രമണങ്ങളുടെ ഫലമായി ‘ലയൺസ് ഡെൻ’ എന്നറിയപ്പെടുന്ന ഒരു പുതിയ ഫലസ്തീനിയൻ സായുധ സംഘം രൂപീകരിക്കപ്പെട്ടു. മറ്റ് ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമായി, നാബ്ലസ് കേന്ദ്രീകൃതമായ ഈ പ്രസ്ഥാനം വിഭാഗീയതയില്ലാത്തതായിരുന്നു. അത് അവരുടെ രാഷ്ട്രീയ, പ്രത്യയശാസ്ത്രപരമായ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ ഫലസ്തീനികൾക്കിടയിലും ദേശീയ ഐക്യത്തിനുള്ള പുതിയ ഇടങ്ങൾ സൃഷ്ടിക്കുകയാണ്.

‘ലയൺസ്‌ ഡെനി’നെതിരെ ഇസ്രായേൽ സർക്കാർ പെട്ടെന്ന് തന്നെ തിരിച്ചടിച്ചു. ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ഒക്ടോബർ 13-ന് ലയൺസ്‌ ഡെനിന്റെ അഭ്യർത്ഥനയെ നിസാരവൽകരിക്കുകയും , “അവസാനം, ഞങ്ങൾ തീവ്രവാദികളുടെ മേൽ കൈവെക്കും” എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. “അവരിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് ഞങ്ങൾ ആലോചിക്കുകയും, അവരെ ഇല്ലാതാക്കുകയും ചെയ്യും” ഗാന്റ്സ് പറഞ്ഞു.

ഒക്‌ടോബർ 19-ന്, മാലെ അദുമിമിലെ അനധികൃത ജൂത വാസസ്ഥലത്തിനടുത്തുണ്ടായ ഏറ്റുമുട്ടലിൽ ഫലസ്തീനിയൻ പോരാളി ഒഡയ് തമീമിയുടെ മരണം, പലസ്തീനിയൻ യുവ തലമുറയിലെ ചെറുത്തുനിൽപ്പിന്റെ ധീരതയെ കൂടുതൽ ഊന്നിപ്പറയുന്നതാണ്. കൂടാതെ, ഡിസംബർ 2-ന് ഹുവാര പട്ടണത്തിൽ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത അമ്മാർ മുഫ്‌ലെയുടെ വധവും അധിനിവേശ ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്ന സായുധ കലാപം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന ഇസ്രായേൽ നയത്തെയാണ് വ്യക്തമാക്കുന്നത്.

ടെൽ അവീവിന്റെ രാഷ്ട്രീയ പ്രതിസന്ധിയുമായി ഇസ്രായേൽ അക്രമത്തിന് നേരിട്ട് ബന്ധമുണ്ട്. 2021 ജൂണിൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിൽ നടന്ന വിവിധ ഇസ്രയേലി രാഷ്ട്രീയ ശക്തികൾക്കിടയിലെ സഖ്യത്തിലൂടെ ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കിയെങ്കിലും, ഇസ്രായേലിന്റെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

ജൂൺ 20-ന് ബെന്നറ്റ് തന്റെ സ്ഥാനം രാജിവെക്കുകയും നേതൃത്വം തന്റെ സഖ്യകക്ഷിയായ യെയർ ലാപിഡിന് വിട്ടുകൊടുക്കുകയും ചെയ്തു. മൂന്ന് വർഷത്തിനിടയിലെ അഞ്ചാമത്തെ തിരഞ്ഞെടുപ്പാണ് നവംബർ ഒന്നിന് നടന്നത്. ഇതിൽ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യം മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. അക്രമാസക്തമായ പ്രവർത്തനത്തിനും ഫലസ്തീനികൾക്കെതിരായ പ്രസ്താവനകൾക്കും പേരുകേട്ട ബെസാലെൽ സ്മോട്രിച്ച്, ഇറ്റാമർ ബെൻ-ഗ്വിർ തുടങ്ങിയ കുപ്രസിദ്ധ വ്യക്തിത്വങ്ങളെ ഇതിനകം തന്നെ ഇസ്രായേൽ പരിചയപെടുത്തിയിട്ടുണ്ട്.

ബെൻ-ഗ്വിറുമായി നേരിട്ട് പ്രവർത്തിക്കില്ലെന്ന് നവംബർ 2-ന് വാഷിംഗ്ടൺ സൂചിപ്പിച്ചിരുന്നുവെങ്കിലും, ഇസ്രായേലിലെ യുഎസ് അംബാസഡർ തോമസ് നൈഡ്സ്, “ഇസ്രായേലും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ആരും മുറിവേൽപ്പിക്കുന്നില്ല” എന്ന പ്രഖ്യാപനം പ്രസ്തുത നിലപാടിൽ നിന്നുള്ള മാറ്റത്തിന്റെ സൂചനയാണ്.

വെസ്റ്റ്ബാങ്കിലെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ബെന്നറ്റ്-ലാപ്പിഡ് ഗവൺമെന്റിന്റെ തീവ്രവാദ സ്വഭാവത്തിന്റെ പ്രതിഫലനമാണെന്ന് മനസിലാക്കണം. ഫലസ്തീൻ ചെറുത്തുനിൽപ്പിനെതിരെ അതിന്റെ കാഠിന്യം പ്രകടിപ്പിക്കാൻ ശ്രമിച്ചതിനാൽ, വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള വ്യാപകമായ ഏറ്റുമുട്ടലിലൂടെ പുതിയ സർക്കാർ കൂടുതൽ അക്രമാസക്തമാകുമെന്ന് തന്നെ പ്രതീക്ഷിക്കണം.

ആഗസ്ത് 5-ന് ഉപരോധിത ഗാസ മുനമ്പിൽ നടന്ന ഹ്രസ്വവും എന്നാൽ മാരകവുമായ ഇസ്രായേൽ യുദ്ധത്തിൽ യുഎൻ കണക്കുകൾ പ്രകാരം 46 ഫലസ്തീനികൾ കൊല്ലപ്പെടുകയും 360 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭാവിയിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്ന് വ്യതിചലനം സൃഷ്ടിക്കുകയോ അല്ലെങ്കിൽ തന്റെ വലതുപക്ഷ പങ്കാളികളെ വരിയിൽ നിർത്തുകയോ ചെയ്യണമെങ്കിൽ നെതന്യാഹുവും ഗാസയ്‌ക്കെതിരെയുള്ള യുദ്ധനീക്കങ്ങൾക്ക് നേതൃത്വം നൽകാൻ സാധ്യതയേറെയാണ്.

കൾച്ചർ ഓഫ് ഹോപ്പ്
ഇസ്രായേൽ അധിനിവേശത്തെ തുടർന്നുള്ള അക്രമത്തിന്റെയും ഒറ്റപ്പെടലിന്റെയും ഉപരോധത്തിന്റെയും ബുദ്ധിമുട്ടുകൾക്കിടയിലും, ഫലസ്തീനിയൻ കലാകാരന്മാരും ചലച്ചിത്രപ്രവർത്തകരും അത്‌ലറ്റുകളുംബുദ്ധിജീവികളും അധ്യാപകരും ചേർന്ന് കൊണ്ട് തങ്ങളുടെ സംസ്‌കാരം ഫലസ്തീനിനപ്പുറം മിഡിൽ ഈസ്റ്റിലും ലോകതലത്തിലുമായി വ്യാപകപ്രചരണം ശ്രദ്ധേയമാണ്.

കഴിഞ്ഞ മെയ് മാസത്തിൽ, ഗ്രീസിലെ ഹെറാക്ലിയോണിൽ നടന്ന ഭാരോദ്വഹന ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെങ്കലവും നേടുന്ന ആദ്യത്തെ ഫലസ്തീനിയൻ അത്‌ലറ്റായി, ഗാസ മുനമ്പിൽ നിന്നുള്ള 20-കാരനായ വൈറ്റ്ലിഫ്റ്റർ മുഹമ്മദ് ഹമാദ മാറിയത്‌ ലോകശ്രദ്ധ നേടിയിരുന്നു. സെപ്റ്റംബറിൽ, ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കയക്കാൻ ലക്ഷ്യമിടുന്ന നാസയുടെ പരിപാടിയായ ആർട്ടെമിസ് ദൗത്യങ്ങളുടെ നേതാക്കളിലൊരാളായി പലസ്തീനിയൻ-അമേരിക്കൻ സിസ്റ്റം എഞ്ചിനീയർ നുജൗദ് ഫഹൂം മെറൻസിയെ നിയമിച്ചിരുന്നു.

പലസ്തീനുമായുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യം വളർത്തിയെടുക്കുന്നതിലൂടെ പലസ്തീൻ പ്രതിരോധവും സാംസ്കാരിക നേട്ടങ്ങളും നിരന്തരം വർധിക്കുന്നത് ശ്രദ്ധേയമാണ്. അമേരിക്കൻ ഫ്രണ്ട്‌സ് സർവീസ് കമ്മിറ്റി (AFSC) ബഹുരാഷ്ട്ര കമ്പനിയായ ജനറൽ മിൽസ് എന്നിവ ജൂണിൽ ഇസ്രായേലിൽ നിന്ന് പൂർണമായും പിൻവാങ്ങുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. വിവിധ കമ്പനികളും സർവ്വകലാശാലകളും പള്ളികളും ഉൾപ്പെടുന്ന പലസ്തീന്റെ നേതൃത്വത്തിലുള്ള ബഹിഷ്‌കരണ പ്രസ്ഥാനത്തിന് ലഭിച്ച നിരവധി നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണിത്.

നവംബർ 30-ന് ആരംഭിച്ച ഖത്തർ ലോകകപ്പിൽ അറബ്, അന്താരാഷ്‌ട്ര ഫുട്ബോൾ ആരാധകർ പ്രകടിപ്പിച്ച ഐക്യദാർഢ്യം അതിപ്രധാനവും അനിഷേധ്യവുമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക മാമാങ്കത്തിന് പലസ്തീൻ ദേശീയ ഫുട്ബോൾ ടീം യോഗ്യത നേടിയിട്ടില്ലെങ്കിലും, മറ്റെല്ലാ അന്താരാഷ്ട്ര പതാകകളെക്കാൾ ഏറ്റവും കൂടുതൽ ദൃശ്യമായതും ശ്രദ്ധേയമായതും പലസ്തീന്റെ പതാകയായിരുന്നു. ലോകനേതാക്കൾ, വിശിഷ്ട വ്യക്തികൾ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ആരാധകരിലൂടെ പ്രശസ്തമായ പലസ്തീനിയൻ കുഫിയക്കും വലിയ ജനസ്വാധീനവും പ്രാധാന്യവും ലഭിക്കുകയുണ്ടായി.

2022 ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ദുരന്തത്തിന്റെയും പ്രതീക്ഷയുടെയും മറ്റൊരു വർഷമായിരുന്നു. നിരവധി ചെറിയ വിജയങ്ങളാൽ പ്രചോദനം നേടിയ ഈ പ്രതീക്ഷയാണ് ഫലസ്തീൻ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം സാധ്യമാക്കുന്നത്. 2023 പലസ്ഥീന് ഒരു മികച്ച വർഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles