Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ യുദ്ധത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തുന്ന അൽ സീസി

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി ഗസ്സയിലെ ഫലസ്തീനികൾക്കെതിരായ യുദ്ധത്തെ തനിക്ക് അനുകൂലമായ  സാഹചര്യം ആയിട്ടാണ് സമീപിക്കുന്നത്. കാരണം, അടുത്ത മാസം നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും സുരക്ഷാപരവുമായ അടിച്ചമർത്തലുകളെ അത് മറച്ചു വെക്കുന്നു.  2030 വരെ മൂന്നാം തവണയും അധികാരത്തിൽ തുടരാം എന്നാണ് സീസി പ്രതീക്ഷിക്കുന്നത് .

ഗസ്സയിലെ സംഭവ വികാസങ്ങൾ കാര്യമായി ശ്രദ്ധിക്കപ്പെടുമ്പോൾ, ഈജിപ്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ലംഘനങ്ങൾ, സത്യസന്ധതയുടെ അഭാവം, സാമ്പത്തിക തകർച്ച എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇടിവ് സംഭവിക്കുന്നു .  മീഡിയകളാവട്ടെ സീനായ് മേഘല സംഘർഷത്തിലേക്ക് വഴുതി വീഴുവാതിരിക്കാനുള്ള സീസിയുടെ ജാഗ്രതയെ പറ്റിയും അതുകൊണ്ട് തന്നെ ഈജിപ്തിന്റെ ദേശീയ സുരക്ഷ സംരക്ഷിക്കപ്പെടാൻ സൈനിക പാശ്ചാത്തലത്തലമുള്ള അയാൾ തന്നെ അധികാരത്തിൽ വരേണ്ടതുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ നിരന്തരം പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.

ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് രൂപപ്പെട്ട സാഹചര്യം അൽ സീസിക്ക് ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി അഹമദ് അൽ ത്വൻതാവി ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ ശിക്ഷാ നടപടികൾ വേഗത്തിലാക്കാനുള്ള അവസരമായി മാറിയിരിക്കുകയാണ്. മുൻ പാർലമെൻ്റ് അംഗം കൂടിയായ ഇദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് സംഘത്തിലെ 21 പേർ മതിയായ അനുമതി ഇല്ലാതെ ഇലക്ഷനുമായി ബന്ധപ്പെട്ട രേഖകൾ കൈവശം വെച്ചതിനാണ് നിയമനടപടികൾ നേരിടുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് മുതൽ പത്തു വർഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട് .

മുൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയും, സ്ട്രോങ്ങ് പാർട്ടി നേതാവുമായ അബ്ദൽ മുഅ്നിം അബു അൽ-ഫുത്തൂഹ് അടക്കമുള്ളവർക്ക് അടിയന്തര സുപ്രീം സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനൽ കോടതി വിധിച്ച 15 വർഷത്തെ തടവു ശിക്ഷ സീസി ശരിവെക്കുകയുണ്ടായി. ഇനി ചോദ്യം ചെയ്യാനുള്ള സാധ്യതകളൊന്നുമില്ലാത്ത ഈ വിധി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾക്കു വിരുദ്ധമാണ്. അൽ ജസീറ അഭിമുഖത്തിൽ പ്രസിഡൻ്റ് അൽ- സീസിക്കെതിരിൽ പരാമർശം നടത്തിയതിനു പിന്നാലെ അറസ്റ്റിലായ ഇദ്ദേഹം വ്യാജ വാർത്ത പ്രചരിപ്പിച്ചു, തീവ്രവാദ സംഘടനയിൽ അംഗമായി മുതലായ കുറ്റങ്ങൾ ചുമത്തപ്പെട്ട് 2018 മുതൽ  ജയിലിലാണ്.

ഈ മാസം ആദ്യത്തിൽ നിയമ വിരുദ്ധ സംഘത്തിൽ അംഗമായി, ഭരണഘടനാ സംവിധാനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി, പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യം ഹനിച്ചു മുതലായ രാഷ്ട്രീയ സ്വഭാവമുള്ള കുറ്റങ്ങൾ ആരോപിക്കപ്പെട്ട രണ്ടു തടവുകാർക്ക് വധ ശിക്ഷ നൽകുവാനുള്ള നിയമോപദേശം തേടിക്കൊണ്ട് ഈജിപ്ഷ്യൻ കോടതി ഗ്രാൻ്റ് മുഫ്തിയെ സമീപിക്കുകയുണ്ടായി. അതുകൂടാതെ അലക്സാണ്ട്രിയയിലെ ബുർജ് അൽ- അറബ് ജയിലിൽ ഒരു രാഷ്ട്രീയ തടവുകാരൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. മനുഷ്യാവകാശ സംഘടനകൾ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഈ വർഷം ഇത്തരത്തിൽ 32 രാഷ്ട്രീയ തടവുകാർ ഈജിപ്തിലെ ജയിലുകളിൽ മരണപ്പെട്ടിട്ടുണ്ട്.

വധ ശിക്ഷകൾക്കും ജയിലുകളിലെ ദുരൂഹ സാഹചര്യത്തിലുള്ള മരണങ്ങൾക്കും പുറമെ രാജ്യത്ത് നിർബന്ധിത തിരോധാനങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു. മതിയായ സുരക്ഷാ അനുമതികൾ ഇല്ലാതെ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ സംഘടിപ്പിച്ചതിനും നിരവധി പേരെ തടവിലാക്കുന്നുണ്ട്.

2018 നവംബറിൽ ജയിലിലായ മനുഷ്യാവകാശ അഭിഭാഷക ഹുദ അബ്ദൽ മുഅ്നിം അഞ്ചു വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയതിനു ശേഷം വീണ്ടും തടവിലാക്കപ്പെട്ടു. മാധ്യമ പ്രവർത്തകനായ തൗഫീഖ് ഖനേമിൻ്റെ വിചാരണ കൂടാതെയുള്ള തടവ് ഈജിപ്ഷ്യൻ നിയമപ്രകാരമുള്ള രണ്ടു വർഷത്തെ പരമാവധി പരിധി അവസാനിച്ചതിനു ശേഷവും നീട്ടി.

ഭരണകൂട അടിച്ചമർത്തലുകൾ സ്വതന്ത്ര മാധ്യമ സ്ഥാപനമായ അൽ മസ്ർ വെബ്സൈറ്റിനു നേരെയും നീളുകയുണ്ടായി. ലൈസൻസ് ഇല്ലാതെ മാധ്യമ പ്രവർത്തനം നടത്തി, വ്യാജ വാർത്ത പ്രസിദ്ധീകരിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് ആറു മാസത്തേക്കാണ് വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടത്. ഈജിപ്‍ഷ്യൻ നിയമ നിർമ്മാണ വൃത്തങ്ങൾ സാമ്പത്തികമായ നേട്ടങ്ങൾക്ക് പകരമായി സിനായ് മരുഭൂമിയിലേക്ക് നീങ്ങാൻ ഫല‍സ്തീനികൾക്ക് അനുവാദം നൽകാൻ താൽപര്യം പ്രകടിപ്പിക്കുന്നു എന്ന വാർത്ത കൊടുത്തതിന് പിന്നാലെയായിരുന്നു ഇത്.

രാഷ്ട്രീയവും സുരക്ഷയുടെ പേരിലുമുള്ള അടിച്ചമർത്തലുകൾക്കു സമാന്തരമായി, രാജ്യത്തെ ജനങ്ങളുടെ ദുരിതം സാമ്പത്തികമായും വർദ്ധിപ്പിക്കുന്ന കടുത്ത നടപടികൾ അടിച്ചേൽപ്പിക്കുന്നതിൽ ഗസ്സ യുദ്ധത്തെ ചൂഷണം ചെയ്യുന്നതിൽ ഈജിപ്‌ഷ്യൻ ഭരണകൂടം വിജയിച്ചിട്ടുണ്ട്. ഇസ്രായേലിൽ നിന്നുള്ള ഗ്യാസ് ഇറക്കുമതി നിലച്ചതിനാൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ഇതിൽ പ്രധാനമാണ്.

ഇന്ധന വില വർദ്ധനവിൻ്റെ കൂടെ തന്നെ വെള്ളത്തിൻ്റെയും പഞ്ചസാര പോലുള്ള അവശ്യ സാധനങ്ങളുടെയും വില വർദ്ധിച്ചിട്ടുണ്ട്. ഇരുമ്പ്, സിമൻ്റ്, നിർമ്മാണ വസ്തുക്കൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ വിലയിൽ വലിയ തോതിലുള്ള വർധനവാണ് സംഭവിച്ചിട്ടുള്ളത്. പ്രാദേശിക കറൻസിയുടെ മൂല്യം ഇടിഞ്ഞിട്ടുമുണ്ട്.

സീസിയുമായി ബന്ധപ്പെട്ട ഓഫീഷ്യലുകൾ ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ അഭിപ്രായ ഭിന്നതകൾ മാറ്റി വെച്ച് ഒരു നേതൃത്വത്തിന് കീഴിൽ ഐക്യപ്പെടേണ്ടതുണ്ട് എന്ന വൈകാരിക പോപുലിസ്റ്റ് വ്യവഹാരങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുമ്പോൾ, മറ്റൊരു വശത്ത് ഇതേ നേതൃത്വം തന്നെ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ സംഘടിപ്പിച്ചതിന് യുവാക്കളേയും കുട്ടികളെപ്പോലും അറസ്റ്റ് ചെയ്യുകയും, പ്രതിപക്ഷ സ്ഥാനാർഥികളെയും കൂട്ടാളികളെയും ജയിലിലടയ്ക്കുകയും പ്രതിപക്ഷ നേതാക്കളുടെ തടവുശിക്ഷകൾ ശരിവെക്കുകയും ചെയ്യുന്ന തിരക്കിലാണ് .

പേരു വിവരങ്ങൾ പുറത്തു വിടരുത് എന്ന് അഭ്യർത്ഥിച്ച ഒരു രാഷ്ട്രീയ കാര്യ വിദഗ്ദ്ധൻ പറഞ്ഞതു പ്രകാരം ഗസ്സയിലെ യുദ്ധം കൊണ്ട് അൽ സീസിയുടെ ഏറ്റവും വലിയ നേട്ടം വലിയ വെല്ലുവിളികൾ ഇല്ലാതെ വീണ്ടും അധികാരത്തിൽ എത്താൻ കഴിയും എന്നതാണ്. ഗസ്സയെ അപേക്ഷിച്ച് ഈജിപ്ത് താരതമ്യേന ശാന്തമായതിനാൽ എല്ലാവരും ഈജിപ്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേരെ കണ്ണടക്കുകയാണ്. “ഇവിടെ നിരവധി പുതിയ തടവുകാരും, ജയിലുകളിൽ അവകാശ ലംഘനങ്ങളും സംഭവിക്കുന്നുണ്ട്, പക്ഷെ ആരും തന്നെ ഇതൊന്നും അറിയുന്നു പോലുമില്ല”, അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപകമായ തോതിൽ അറസ്റ്റുകൾ, നിർബന്ധിത തിരോധാനങ്ങൾ, ഭരണകൂട മർദ്ദനങ്ങൾ, കടുത്ത സാമ്പത്തിക നടപടികൾ, എല്ലാത്തിനും ഉപരിയായി ഇന്ധന വില വർധനവ് ഇവക്കെല്ലാമുള്ള മറ ആയിട്ടാണ് ഭരണകൂടം ഗസ്സയിലെ യുദ്ധത്തെ ഉപയോഗിക്കുന്നത് .

ഈജിപ്ഷ്യൻ ഭരണകൂടം ഈ യുദ്ധത്തെ രാഷ്ട്രീയമായി ചൂഷണം ചെയ്യുന്നത്, തങ്ങളുടെ അടുപ്പക്കാരായ മാധ്യമങ്ങളിലൂടെ ഭരണകൂടം നിർമിക്കുന്ന പ്രൊപ്പഗണ്ടകളിൽ പ്രകടമാണ്. അവർ പറയുന്നത് പ്രകാരം മേഘലയിലെ അസ്തിത്വ പ്രതിസന്ധി കാരണം റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സീസിക്ക് പിന്നിൽ അണിനിരക്കുന്നത് അനിവാര്യതയാണ്. മാത്രവുമല്ല അൽ – സീസിക്കെതിരെ പുറത്തുനിന്നുള്ള ഗൂഢാലോചനകൾ ഉണ്ടാവുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെ വരുത്തിത്തീർക്കുന്നു.

രാജ്യത്ത് സംഭവിച്ച ഈ ഒരു പരിവർത്തനം നോവലിസ്റ്റായ ശാദി ലോയിസ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ പ്രകടമാണ്: “ഓപ്പറേഷൻ അൽ- അഖ്സ ഫ്ലഡ് സംഭവിക്കുന്നതിന് ദിവസങ്ങൾക്ക് മുന്നെ, സുരക്ഷാ അതോറിറ്റിക്ക് രാജ്യത്തിന് മുകളിലുള്ള പിടുത്തം അയഞ്ഞിരുന്നു. മത്രൂവിൽ  സീസി ഭരണകൂടത്തോട് കൂറ് പുലർത്തിയിരുന്ന ഒരു പാർട്ടി അയാൾക്കെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി, അതിൻ്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. ജനക്കൂട്ടം അയാളുടെ ചിത്രങ്ങൾ ചവിട്ടി മെതിക്കുന്നതും ഞങ്ങൾ കണ്ടു, പക്ഷേ ഗസ്സയിൽ സംഭവിച്ച അസാധ്യം എന്ന് തോന്നിപ്പിക്കുന്ന സംഭവ വികാസങ്ങൾ കൈറോവിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്നും ശ്രദ്ധ തിരിക്കാൻ പര്യാപ്തമായിരുന്നു .”

ഗസ്സയിലെ ഇസ്രായേൽ യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അവിടുത്തെ സർക്കാരിൻ്റെ ഭാവിയെപ്പറ്റിയും പ്രാദേശിക – അന്തർദേശീയ കക്ഷികളുമായി ധാരണയിലെത്തിയാൽ ഈജിപ്ഷ്യൻ ഭരണകൂടം സാമ്പത്തിക നേട്ടങ്ങളും വ്യാപകമായ തോതിൽ സഹായങ്ങളും നേടിയെടുക്കാൻ സാധ്യതയുണ്ട്. അങ്ങനെ ഫലസ്തീനികളുടെ ദൗർഭാഗ്യം ഈജിപ്തിലെ ജനങ്ങൾക്കോ, കുറഞ്ഞ പക്ഷം അൽ – സീസിക്കും അയാളുടെ ഭരണകൂടത്തിനുമെങ്കിലും മഹാഭാഗ്യമായി മാറും.

 

വിവ: അൻസാറുൽ ഇസ്‍‍ലാം

അവലംബം : മിഡിൽ ഈസ്റ്റ് മോണിറ്റർ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles