Current Date

Search
Close this search box.
Search
Close this search box.

ഒരു മുദ്രാവാക്യം കുഞ്ഞുങ്ങളെ കൊല്ലുന്നതിനേക്കാൾ വലിയ വാർത്തയാവുന്നതെങ്ങനെയാണ്?

ആഗോള തലത്തിൽ തന്നെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നായ ബി.ബി.സി നവംബർ 13-ന് പ്രസിദ്ധീകരിച്ച അവരുടെ പ്രധാന വിദേശ വാർത്ത ഒരു കഴമ്പുമില്ലാത്തതായിരുന്നു.

ഇസ്രായേൽ സൈനികർ വടക്കൻ ഗസ്സയിലെ അൽ-ശിഫ ആശുപത്രി വളയുകയും അത് ആക്രമിക്കാൻ തയ്യാറെടുക്കുകയും ചെയ്യുമ്പോൾ, മാസം തികയാത്ത ഡസൻ കണക്കിന് കുഞ്ഞുങ്ങളെയാണ് അവരുടെ ഇൻകുബേറ്ററുകളിൽ നിന്ന് നീക്കം ചെയ്തത്. കാരണം, അതിനു മുമ്പ് തന്നെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ആശുപത്രിയിൽ ലഭ്യമല്ലാതായിരുന്നു. ഏറെ പ്രയാസപ്പെടുത്തുന്ന ധാരാളം ദൃശ്യങ്ങളിൽ നിരവധി കുഞ്ഞുങ്ങൾ താൽകാലികമായ ഒരു പാളയത്തിൽ തണുത്ത് വിറച്ച് ചുരുണ്ടു കിടക്കുന്നത് കാണാൻ സാധിക്കും. അതിൽ തന്നെ പല കുഞ്ഞുങ്ങളും മരണപ്പെട്ടതുമായിരിക്കും.

ഇസ്രായേൽ സൈന്യം ബോംബെറിഞ്ഞ് വീടുകൾ തകർത്ത് തെക്കോട്ട് നീങ്ങാൻ ഉത്തരവിട്ടതിന് ശേഷവും ഗസ്സയിലെ പൗരൻമാർ ഒത്തുകൂടിയിരുന്നു. ഇസ്രായേൽ രോഷത്തിനും അക്രമത്തിനും ഇരയാക്കപ്പെട്ട ഇവരിലെ പലയാളുകൾക്കും ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരപരാധികളായ കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ഹൃദയഭേദകം. അത് ഏറെ രോഷം ജനിപ്പിക്കുന്നതുമാണ്. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനം നിഷേധിച്ചുകൊണ്ട് ഗസ്സയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നതിന്റെ അനന്തരഫലങ്ങളിലൊന്നാണ് ഇതെന്ന് ഐക്യരാഷ്ട്രസഭ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിട്ടും അതൊക്കെ ഇസ്രായേൽ അവഗണിക്കുകയായിരുന്നു.

എന്നാൽ, ഇവ്വിഷയങ്ങളൊക്കെ മാറ്റിവെച്ച് ബി.ബി.സിയുടെ ന്യൂസ് അറ്റ് സിക്സിലെ എഡിറ്റർമാർ, ഇസ്രായേൽ ഇന്ധനം തടഞ്ഞുവെച്ച് കൊല്ലുന്ന കുഞ്ഞുങ്ങളെക്കുറിച്ചല്ല, മറിച്ച് മറ്റൊരു കഥയുമായി വിദേശ കവറേജ് മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചത്. ഒരു പക്ഷേ വാർത്താമാധ്യമ ചരിത്രത്തിലെ തന്നെ ഏറ്റവും വികൃതമായ തീരുമാനങ്ങളിൽ ഒന്നായിരിക്കണം ഇത്.

ഒക്ടോബർ 7 ന് ഹമാസിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ട ഒരു ബ്രിട്ടീഷ് വംശജനായ ഇസ്രായേലുകാരൻ്റെ സഹോദരനെ മുന്നിൽ നിർത്തിയാണ് ബി.ബി.സി വാർത്തകൾ മെനഞ്ഞത്. എന്നാൽ, ആക്രമണം നടന്നിട്ട് അപ്പോഴേക്കും ഒരു മാസം പിന്നിട്ടിരുന്നു. കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ മുൻനിര വിദേശ വാർത്താ സ്ലോട്ടിൽ നിന്ന് മാറ്റിനിർത്തുന്നത് ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് ബി.ബി.സിക്ക് തന്നെ അറിയാമായിരുന്നു.

ഈ സ്റ്റോറിയുമായി മുന്നോട്ട് പോകാൻ ഒരു മെച്ചപ്പെട്ട ആംഗിൾ ബി.ബി.സിക്ക് ആവശ്യമായിരുന്നു. ബ്രിട്ടനിൽ തുടരുന്നത് സുരക്ഷിതമാണോ എന്ന് മരണപ്പെട്ടയാളുടെ സഹോദരൻ കൂടുതലായി ചിന്തിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് മറ്റ് പല ജൂതന്മാരും ഇതേ വികാരം തന്നെയായിരുന്നു പങ്കുവെച്ചിരുന്നത്. ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് തങ്ങൾ അരക്ഷിതരാണെന്ന ഇസ്രായേലികളുടെ ആശങ്കകൾ തുറന്നു കാണിക്കുന്ന പാശ്ചാത്യ കവറേജുകൾ ആഴ്ചകളോളം ഉണ്ടായിരുന്നിട്ടും, ഇസ്രായേലിലേക്ക് മാറുന്നതാണ് കൂടുതൽ സുരക്ഷിതം എന്ന് ബ്രിട്ടീഷ് ജൂതന്മാർ പറയുന്നത് വിരോധാഭാസമാണ്. തന്റെ സഹോദരൻ കൊല്ലപ്പെട്ട അതേ സ്ഥലത്ത് താൻ കൂടുതൽ സുരക്ഷിതനായിരിക്കുമെന്ന് ഈ ബ്രിട്ടീഷുകാരൻ ശരിക്കും കരുതിയിരുന്നോ? ബി.ബി.സിയുടെ റിപ്പോർട്ടർ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അയാളോട് ചോദിച്ചിരുന്നില്ല.

ആശങ്കകളുടെ മുൻഗണനാക്രമം

യഥാർഥത്തിൽ യു.കെ യിൽ അയാളെ ഭയപ്പെടുത്തുന്ന കാര്യമെന്താണ്? ഗസ്സക്കു വേണ്ടി ജനങ്ങൾ യു.കെയിൽ നടത്തിയ മാർച്ചുകൾ അസ്വസ്ഥമാക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം ബി.ബി.സിയോട് പറഞ്ഞതായി കാണാം. “പുഴ മുതൽ കടൽ വരെ, ഫലസ്തീൻ സ്വതന്ത്രമാകും” (From river to Sea Palestine will be free) പോലുള്ള മുദ്രാവാക്യങ്ങൾ ബ്രിട്ടീഷ് സമൂഹത്തിൽ ആഴത്തിൽ വേരൂന്നി വളരുന്നത് സെമിറ്റിക് വിരുദ്ധതയുടെ (antisemitism) തെളിവാണെന്ന് അയാൾ നിരീക്ഷിച്ചു. ഈ മുദ്രാവാക്യത്തിന് അവ്യക്തമായ വ്യാഖ്യാനങ്ങൾ നൽകി, യു.കെയിൽ ഒരു സെമിറ്റിക് വിരുദ്ധ പ്രശ്നമുണ്ടെന്ന് പല ബ്രിട്ടീഷ് ജൂതന്മാരും കരുതുന്നത് മാത്രമല്ല പ്രശ്നം. മറിച്ച് യു.കെ ഗവൺമെന്റിന്റെ ആശീർവാദത്തോടെ ഫലസ്തീൻ കുഞ്ഞുങ്ങളെ ഇസ്രായേൽ കൊന്നൊടുക്കുന്നതിനേക്കാൾ വാർത്താപ്രാധാന്യമുള്ള കാര്യമായി അതിനെ മാധ്യമ സ്ഥാപനങ്ങൾ ഏറ്റുപറയുകയും പരിഗണിക്കുകയും ചെയ്യുന്നുവെന്നതാണ് .

പാശ്ചാത്യ മാധ്യമ സ്ഥാപനങ്ങൾ തങ്ങളുടെ വാർത്താ മുൻഗണനകളെ തകിടം മറിച്ച് വംശീയമായ ആശങ്കകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ ഒരു മാതൃക മാത്രമാണിത്. യഥാർത്ഥത്തിൽ ഫലസ്തീനികളുടെയും അവരിലെ കുഞ്ഞുങ്ങളുടെയും മരണത്തേക്കാൾ അവർക്ക് യഹൂദരുടെ ഭയമാണ് ഏറെ പ്രാധാന്യമുള്ള കാര്യം. ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് അവർ നൽകുന്ന കപടമായ ന്യായീകരണം വിശ്വസിക്കാൻ പ്രയാസമുള്ളതാണ്. ഒക്‌ടോബർ 7-ന് 40 ഇസ്രായേലി കുഞ്ഞുങ്ങളെ ഹമാസ് തലയറുത്ത് കൊന്നുവെന്ന അവകാശവാദം ഇസ്രായേൽ പ്രചരിപ്പിച്ചു. തെളിവുകളൊന്നും തന്നെ ഇല്ലാതിരുന്നിട്ടും ഈ വാർത്ത ശരിയാണെന്ന രീതിയിൽ പരക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടു.

മാധ്യമങ്ങൾ ഒക്‌ടോബർ 7-ലെ സംഭവങ്ങൾ ആഴ്ചകളോളം പുനരവലോകനം ചെയ്തു. ഇരു വിഭാഗത്തിൻ്റെയും ദുരിതങ്ങളിൽ “സന്തുലിതാവസ്ഥ” നിലനിർത്താൻ പുതിയ കോണുകൾ കണ്ടെത്താനുള്ള തീവ്രമായ ശ്രമത്തിലായിരുന്നു അവർ. എന്നാൽ, അൽ-ശിഫ ഹോസ്പിറ്റലിലെ കുഞ്ഞുങ്ങളെ കുറിച്ചും ഫലസ്തീനികൾ നേരിടുന്ന ഏറ്റവും മോശമായ പീഡനങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ടുകളുടെ ചെലവിലാണ് ഇസ്രായേലിന് സംഭവിക്കുന്ന ആഘാതങ്ങളുടെ കവറേജുകൾ വരുന്നത്. ഉദാഹരണത്തിന്, നവംബർ 20 ന് ബി.ബി.സി ചാനലിൽ, ഗസ്സയിൽ ഫലസ്തീനികൾ അനുഭവിക്കുന്ന ദുരന്തങ്ങൾ സംപ്രേഷണം ചെയ്യുന്നതിനേക്കാൾ മൂന്നിരട്ടി സമയമാണ് ഇസ്രായേലി ബന്ദികളുടെ കുടുംബാംഗങ്ങൾ നേരിടുന്ന പ്രയാസത്തെക്കുറിച്ച് കാണിക്കാനായി നീക്കിവച്ചത്. എന്നാൽ ആ ദിവസം തന്നെയായിരുന്നു ഇസ്രായേൽ സൈന്യം ഇന്തോനേഷ്യൻ ആശുപത്രി ആക്രമിച്ചതും ഫലസ്തീനികൾക്ക് നേരെ കൂടുതൽ ബോംബുകൾ വർഷിച്ചതും.

വിചിത്രമെന്നു പറയട്ടെ, മാധ്യമസ്ഥാപനങ്ങൾ ബന്ദികൾ നേരിടുന്ന പ്രതിസന്ധികളെ പരിഗണിക്കുമ്പോൾ, അവർ അഭിമുഖീകരിക്കുന്ന അഗ്നിപരീക്ഷയെക്കാളേറെ ഭയാനകമായ ഒന്ന് ഫലസ്തീനികൾ നേരിട്ടു കൊണ്ടിരിക്കുന്നു, അതാകട്ടെ ഇതേ ഇസ്രായേൽ ബോംബിംങ്ങ് കാമ്പയിൻ മൂലമാണെന്ന വസ്തുതയെ അവർ സൂചിപ്പിക്കുന്നില്ല. ഇസ്രായേലും ഹമാസും തങ്ങളുടെ ബന്ദികളോട് കാണിക്കുന്ന സമീപനങ്ങൾ ചരിത്രത്തിൽ തന്നെ വളരെ വ്യത്യസ്തമാണ്. ഫലസ്തീൻ സ്ത്രീകളും കുട്ടികളും, പലപ്പോഴും അർദ്ധരാത്രിയിൽ മുഖംമൂടി ധരിച്ച സൈനികരാൽ പിടികൂടപ്പെടുന്നു. എന്നിട്ട് ഇസ്രായേലി ജയിലുകളിൽ അവരെ അടച്ചിടുന്നു. അവിടെ അവർക്ക് കുടുംബത്തെ കാണാൻ കഴിയുന്നത് പോലും വളരെ അപൂർവമായിട്ടാണ്. മാധ്യമങ്ങൾ അവരെ “തടവുകാർ” എന്ന് വിളിക്കുന്നുണ്ടെങ്കിലും, ഒന്നുകിൽ വിചാരണ കൂടാതെ ജയിലിൽ അടയ്ക്കപ്പെടുകയോ, അല്ലെങ്കിൽ സൈനിക കോടതികളിൽ 100 ​​ശതമാനം ശിക്ഷ ലഭിക്കുന്ന രൂപത്തിൽ വിചാരണ ചെയ്യപ്പെടുകയോ ചെയ്തവരാണവർ.

ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിൽ ജീവൻ വരെ പണയപ്പെടുത്താൻ തയ്യാറായ പാശ്ചാത്യ യുദ്ധ മാധ്യമ പ്രവർത്തകർ ഗസ്സയിൽ നിന്ന് പിൻമാറുകയും ഇസ്രായേൽ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നത് ഇസ്രായേൽ അവരോട് ഉത്തരവിട്ടതുകൊണ്ടല്ല. അവർക്ക് വേണമെങ്കിൽ അവിടെ തുടരാമായിരുന്നു. പക്ഷെ, ഫലസ്തീൻ വിഷയത്തിൽ അവരൊക്കെ വിമുഖത കാണിക്കുന്നു എന്നതാണ് വസ്തുത.

ഇസ്രായേലിന്റെ ബോംബിംഗ് കാമ്പയിൻ വളരെ ക്രൂരവും പലപ്പോഴും ഉന്നം പിഴക്കുന്നതും പ്രവചനാതീതവുമാണെന്ന് അവർക്കറിയാവുന്നതിനാൽ വാർത്താ ഏജൻസികൾ അവരെ അങ്ങോട്ടയക്കാൻ വിസമ്മതിക്കുന്നു. കാരണം, അവരുടെ റിപ്പോർട്ടർമാർക്ക് പരിക്കേൽക്കാനും കൊല്ലപ്പെടാനുമുള്ള സാധ്യത വളരെ വലുതാണ്. ആ വസ്തുത പോലും വാർത്തകളുടെ ഭാഗമാക്കേണ്ടതുണ്ട്. എന്നാൽ, അതിനുവേണ്ടി പാശ്ചാത്യ മാധ്യമ പ്രവർത്തനത്തിൻറെ അടിസ്ഥാനമായി വർത്തിക്കുന്ന ആഖ്യാന ചട്ടക്കൂട് തലകീഴായി മാറ്റേണ്ടി വരും.

ഈ എഡിറ്റോറിയൽ തീരുമാനങ്ങൾ അർത്ഥവത്താകുന്നത് പടിഞ്ഞാറിൽ ഒരു നിർമ്മിത രാഷ്ട്രീയ അന്തരീക്ഷം  ആധിപത്യം പുലർത്തുന്നതിനാലാണ്. ഇസ്രായേലും ഇസ്രായേലികളും, വർണ്ണവിവേചന ഭരണം നടപ്പിലാക്കുന്ന ഇസ്രായേലി പട്ടാളക്കാർ പോലും നിരപരാധികളായി പരിഗണിക്കപ്പെടുന്നു. അതേസമയം സാധാരണക്കാരായ ഫലസ്തീനികളും നിരപരാധികളായ കുഞ്ഞുങ്ങളും ഹമാസ് നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന ബുദ്ധിശൂന്യമായ ക്രൂരതയിൽ പങ്കാളികളായി ചിത്രീകരിക്കപ്പെടുന്നു.

പതിറ്റാണ്ടുകളായി തുടരുന്ന ക്രൂരമായ ഇസ്രായേൽ അധിനിവേശത്തിന്റെയും ഫലസ്തീൻ പ്രദേശത്തെ അനധികൃത ജൂത കുടിയേറ്റത്തിന്റെയും പതിനാറ് വർഷത്തെ മനുഷ്യത്വരഹിതമായ ഗസ്സ ഉപരോധത്തിന്റെയും ചരിത്രം മായ്ച്ചു കളയുന്നു എന്നതാണ് പാശ്ചാത്യ വാർത്താ കവറേജിൻറെ പ്രശ്നം. വാർത്തകളിൽ, അധിനിവേശകൻ്റെയും അതിന് ഇരയാക്കപ്പെടുന്നവൻ്റെയും വേട്ടക്കാരന്റെയും ഇരയുടെയും റോളുകൾ കീഴ്മേൽ മറിക്കപ്പെടുന്നു.

വിദ്വേഷ മുദ്രാവാക്യങ്ങളാണോ ഇത്?

ഇസ്രയേലിന്റെ വീണ്ടുവിചാരമില്ലാത്ത അധിക്ഷേപം, മാസം തികയാത്ത കുഞ്ഞുങ്ങളെ കൊലപ്പെടുത്തൽ തുടങ്ങിയവയെക്കാൾ വാർത്ത പ്രാധാന്യമുള്ളതായി കണക്കാക്കപ്പെട്ടിരുന്ന മുദ്രാവാക്യത്തെക്കുറിച്ച് നാം ആലോചിക്കേണ്ടതുണ്ട്. ഹോം സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുന്നതിന് തൊട്ടുമുമ്പ്, “പുഴ മുതൽ കടൽ വരെ, ഫലസ്തീൻ സ്വതന്ത്രമാകും” പോലെയുള്ള വിദ്വേഷ മുദ്രാവാക്യങ്ങൾ ക്രിമിനൽ കുറ്റമാക്കണമെന്നും പ്രകടനങ്ങളിൽ ഫലസ്തീൻ പതാക നിരോധിക്കണമെന്നും സർക്കാരിനോട് സുല്ല ബ്രാവർമാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവരുടെ അഭിപ്രായം വഞ്ചനയിൽ നിന്ന് വിട്ട് നിന്നിരുന്നു. ഗസ്സയിലെ ബോംബാക്രമണത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ തീവ്രവാദത്തിന് പിന്തുണ നൽകുന്നതായി പരിഗണിച്ച് നിയമവിരുദ്ധമാക്കുന്നത് സർക്കാർ ഗൗരവത്തോടെ പരിഗണിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇക്കഴിഞ്ഞ മാസമാണ്.

2006 ലെ തീവ്രവാദ നിയമത്തിന്റെ കരട് രൂപീകരണത്തിന് മേൽനോട്ടം വഹിച്ച കാർലൈൽ പ്രഭു, ഈ ആശയത്തിന് പിന്നിൽ തന്റെ വലിയ അധ്വാനം നൽകിയിരുന്നു. “പുഴ മുതൽ കടൽ വരെ” എന്ന മുദ്രാവാക്യം വിളിക്കുന്ന പ്രതിഷേധക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് അയാൾ വാദിച്ചു. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറിന് കീഴിൽ ഫലസ്തീനികളോടുള്ള ഐക്യദാർഢ്യത്തിന്റെ എല്ലാ അടയാളങ്ങളും അടിച്ചമർത്തുന്നതിന് പ്രത്യേക പിന്തുണയുണ്ടായിരുന്നു. “പുഴ മുതൽ കടൽ വരെ” എന്ന വാചകം ചേർത്തതിനാലാകാം, ഇസ്രയേലികൾക്കും ഫലസ്തീനികൾക്കും തുല്യത ആവശ്യപ്പെട്ടതിന് എം.പി ആൻഡി മക്ഡൊണാൾഡിനെ പാർലമെൻററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

പ്രത്യക്ഷത്തിൽ, ആ പദത്തെക്കുറിച്ചുള്ള ഏതൊരു പരാമർശവും ഏത് സന്ദർഭത്തിലും ഇസ്രായേലികളെയും ജൂതന്മാരെയും ഉന്മൂലനം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്. സംസാര സ്വാതന്ത്ര്യത്തിൻറെ അപ്പോസ്തലനായ എക്‌സിന്റെ (പഴയ ട്വിറ്റർ) ഉടമ എലോൺ മസ്‌ക് പോലും ഈ കള്ളക്കഥയിൽ വീണു. “പുഴ മുതൽ കടൽ വരെ” പോലുള്ള വാക്യങ്ങളെ അദ്ദേഹം ഗുരുതരമായ ഒരു കാര്യത്തെ മയപ്പെടുത്തി പറയുന്നതായാണ് വിശദീകരിച്ചത് (euphemism) , അവ “വംശഹത്യയെ സൂചിപ്പിക്കുന്നു” എന്നും അയാൾ കൂട്ടിച്ചേർത്തു. മുദ്രാവാക്യം ആവർത്തിക്കുന്ന ഉപയോക്താക്കളെ സസ്പെൻഡ് ചെയ്യുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ഇത്തരം ന്യായങ്ങൾ തികച്ചും അസംബന്ധവും പലപ്പോഴും പരസ്പര വിരുദ്ധവുമാണ്.

അപമാനവീകരണം

നല്ലതിനായാലും ചീത്തതിനായാലും ഒരൊറ്റ രാഷ്ട്രം രൂപീകൃതമാകണമെന്ന് വിഭാവന ചെയ്യുന്ന ഈ പ്രദേശത്തെ എല്ലാവരും ദശാബ്ദങ്ങളായി ഈ വാചകം സ്വീകരിച്ചുവരുന്നു എന്നതാണ് സത്യം. പ്രധാനപ്പെട്ട മറ്റൊരു മാധ്യമ വിരോധാഭാസത്തിലേക്ക് ഇത് നമ്മെ കൊണ്ടെത്തിക്കുന്നു. ഇസ്രയേലിന്റെ നടപടികളെ വംശഹത്യ എന്ന് വിളിക്കുന്നതിനെതിരെ മാധ്യമങ്ങളിൽ ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, പതിറ്റാണ്ടുകളായി ഇസ്രായേലിലെ ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയുടെ ഔദ്യോഗിക ചാർട്ടർ “കടലിനും ജോർദാൻ നദിക്കും ഇടയിലുള്ള” പ്രദേശത്തെ പരാമർശിക്കുന്നു.

ഗസ്സയിലെ പ്രതിഷേധക്കാരിൽ നിന്ന് വ്യത്യസ്തമായി, ലിക്കുഡ് പാർട്ടി ഇസ്രായേലിന്റെ നിലവിലെ ആക്രമണം കണക്കിലെടുത്ത് വംശഹത്യയുടെ ഉദ്ദേശ്യത്തെ “കടലിനും ജോർദാൻ നദിക്കുമിടയിൽ, ഇസ്രായേലിന്റെ പരമാധികാരം മാത്രമേ ഉണ്ടാകൂ” എന്ന് പ്രഖ്യാപിക്കുന്നത് കാണാം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ മന്ത്രിമാരും ഉപയോഗിക്കുന്ന മനുഷ്യത്വരഹിതമായ ഭാഷയുടെ അടിസ്ഥാനം ഇതാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇസ്രായേല്യരുടെ നശിപ്പിക്കപ്പെടേണ്ട ശത്രു എന്ന നിലക്ക് ഫലസ്തീനികളെ അവർ “മനുഷ്യ മൃഗങ്ങൾ” എന്നും “അമാലേക്” എന്നും വിളിക്കുന്നു,.

പ്രതിഷേധക്കാർ “പുഴ മുതൽ കടൽ വരെ” എന്ന് വിളിക്കുമ്പോൾ അവർ നിരസിക്കുന്നത് ഇസ്രായേലികളെയോ ജൂതന്മാരെയോ അല്ല, മറിച്ച് ഇസ്രായേലിന്റെ വർണ്ണവിവേചന സ്വഭാവത്തെയാണ്. ഇസ്രായേൽ ഗവൺമെന്റ് ഇതിനോടകം തന്നെ ചരിത്രപരമായ ഫലസ്തീൻ പ്രദേശത്ത് ഒരൊറ്റ രാഷ്ട്രം സൃഷ്ടിച്ചിട്ടുണ്ടെന്നും അതിൽ വ്യത്യസ്ത വംശീയ വിഭാഗങ്ങളെ വേർതിരിക്കുകയും വ്യത്യസ്ത അവകാശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് അവർ തിരിച്ചറിയുന്നു. “ഫലസ്തീനിലേക്ക്” സ്വാതന്ത്ര്യം വരണമെന്ന അവരുടെ ആവശ്യത്തിന് ഇസ്രായേലികൾക്ക് ഹാനികരമാണ് എന്ന് അർത്ഥമില്ല. ഫലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് പുറത്താക്കാൻ രൂപകൽപ്പന ചെയ്ത ഒരു യൂറോപ്യൻ കൊളോണിയൽ പ്രോജക്റ്റായി ജനിച്ച ഇസ്രായേൽ രാഷ്ട്രത്തെ മാറ്റിനിർത്തി ഒരു പ്രദേശത്ത് രണ്ട് വിഭാഗമാളുകൾക്കും തുല്യത ലഭിക്കുന്ന ഒരു ദർശനമാണ് ഇത് മുന്നോട്ട് വെക്കുന്നത്.

ഇസ്രായേൽ വംശീയ മേധാവിത്വത്തിന്റെ ആൾരൂപമായതിനാൽ, അവരുമായി സമാധാനം സ്ഥാപിക്കാനുള്ള സാധ്യതയില്ലെന്ന് ഈ മുദ്രാവാക്യം പറഞ്ഞുവെക്കുന്നു. പകരം, ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുടെ ഭരണത്തിന്റെ അവസാനത്തോടെ സംഭവിച്ചതുപോലെ അനധികൃത കുടിയേറ്റങ്ങൾ പൊളിച്ചുനീക്കപ്പെടുകയും വിവേചനപരമായ അവകാശങ്ങൾ റദ്ദാക്കപ്പെടുകയും ചെയ്യുന്ന ഒരു അപകോളനീകരണ പ്രക്രിയയെ അത് ആവശ്യപ്പെടുന്നു. ഇസ്രായേൽ സ്ഥാപിതമായ പ്രത്യയശാസ്ത്ര പരിസരവുമായി അപകോളനീകരണം പൊരുത്തപ്പെടുന്നില്ലെന്ന് അത് തിരിച്ചറിയുന്നു. ഗസ്സക്കു വേണ്ടിയുള്ള പ്രതിഷേധങ്ങൾ കേവലം വിദ്വേഷ പ്രചാരണ മാർച്ചുകളല്ല. മറിച്ച്, ഫലസ്തീനികളുടെ അപമാനവീകരണത്തിലും ഗസ്സയിലെ വംശഹത്യയിലും കലാശിച്ച പതിറ്റാണ്ടുകൾ നീണ്ട ഇസ്രായേൽ കോളനിവൽക്കരണത്തെ അവസാനിപ്പിക്കാനുള്ള മാർച്ചുകളാണത്.

വംശീയമായ ചാപ്പ കുത്തലുകൾ

വംശീയ ഉന്മൂലനവും വംശഹത്യയും നേരിടുന്ന ഫലസ്തീനികളോട് ഐക്യദാർഢ്യപ്പെടുന്നതിനെ ക്രിമിനൽ കുറ്റമാക്കാനുള്ള ശ്രമങ്ങൾ ഒരുതരം ആശയക്കുഴപ്പത്തിൽ നിന്ന് ഉരുത്തിരിയുന്നതാണ്. എന്നിരുന്നാലും, തെളിവുകൾ മറിച്ചാണ് സൂചിപ്പിക്കുന്നത്. ഇലോണ്‍ മസ്‌ക് തന്റെ ട്വീറ്റിൽ,  മുദ്രാവാക്യത്തെ മാത്രമല്ല, “അപകോളനീകരണത്തി”നായുള്ള ഏതൊരു ശ്രമത്തെയും തിരിച്ചറിയുന്നത് – അധിനിവേശ ഫലസ്തീൻ ഭൂമിയിൽ നിർമ്മിച്ച അനധികൃത ജൂത വാസസ്ഥലങ്ങൾ പൊളിച്ചുമാറ്റുന്നത് വരെ – വംശഹത്യയുടെ ലളിതരൂപം എന്ന നിലയിലാണ്. ബി.ബി.സി പോലുള്ള മാധ്യമങ്ങളും യു.കെ ഗവൺമെന്റും ലേബർ പാർട്ടിയും പങ്കുവയ്ക്കുന്ന ഈ മൂല്യനിർണ്ണയത്തിൽ നിന്ന്, ഫലസ്തീനികളുടെ അന്തസ്സും സ്വാതന്ത്ര്യവും ഇസ്രായേലികളുടെ അതിജീവനവും യോജിച്ചു പോവുകയില്ല എന്ന് മനസ്സിലാവുന്നു.

ഇതും ഒരു മാതൃകയുടെ ഭാഗമാണ്. ഒക്‌ടോബർ 7-ന് മുമ്പുതന്നെ, ബ്രിട്ടനിലെ രാഷ്ട്രീയ-മാധ്യമ വർഗം ഫലസ്തീനികളോടുള്ള ഐക്യദാർഢ്യത്തിനെതിരെ ഒരു കാമ്പയിൻ നടത്തി അതിനെ സെമിറ്റിക് വിരുദ്ധതയായി പ്രഖ്യാപിക്കുന്നത് കാണാം. ഇസ്രായേലിനെ ബഹിഷ്‌കരിക്കുക, ലിക്കുഡ് പാർട്ടിയിലെ ജൂത മേധാവിത്വം അവസാനിപ്പിക്കുക, റോക്കറ്റുകളും തോക്കുകളും ഉപയോഗിച്ച് ഇന്ന് ഗസ്സയിൽ  നടക്കുന്ന സംഭവങ്ങളെ മുൻകൂട്ടി തടയുക എന്നിവക്ക് വേണ്ടി പ്രവർത്തിച്ച അഹിംസയിലധിഷ്ഠിതമായ പ്രസ്ഥാനം സെമിറ്റിക് വിരുദ്ധർ എന്ന് ലേബൽ ചെയ്യപ്പെട്ടത് ഇതിൻറെ ഭാഗമാണ്. എല്ലാ പ്രമുഖ മനുഷ്യാവകാശ ഗ്രൂപ്പുകളും ഇപ്പോൾ അംഗീകരിക്കുന്നതുപോലെ, ഫലസ്തീനികളുടെ മേൽ അനധികൃതമായി ഭരണമേർപ്പെടുത്തിയ വർണ്ണവിവേചന രാഷ്ട്രമാണ് ഇസ്രായേൽ എന്ന് ചൂണ്ടിക്കാണിച്ചതു പോലും ജൂതവിരുദ്ധതയായി താറടിക്കപ്പെട്ടു. മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെയും യു.കെയിലെ ലക്ഷക്കണക്കിന് പലസ്തീനിയൻ ഐക്യദാർഢ്യ പ്രവർത്തകരെയും സെമിറ്റിക് വിരോധികളെന്ന് അധിക്ഷേപത്തോടെ അ കാമ്പയിൻ തരം താഴ്ന്ന നിലയിലാവുകയായിരുന്നു.

പതിവിലേറെ വ്യക്തമായി, ഈ സമീപകാല ചരിത്രവും നമ്മെ അസ്വസ്ഥമാക്കും. ഗസ്സയിലെ തന്നെ സംഭവങ്ങളുമായി ഇതിന് സമാന്തരമുണ്ട്. വർഷങ്ങളോളം, അവിടെയുള്ള ഫലസ്തീനികൾ തങ്ങളെ കൂട്ടിലടച്ച് പ്രതിഷേധിക്കാൻ അഹിംസാത്മക മാർഗങ്ങൾ പരീക്ഷിച്ചു. തങ്ങൾക്കു മേലുള്ള ഉപരോധമില്ലാതാക്കാൻ, അതിൻ്റെ പ്രതീകമായ വേലികൾക്കരികിൽ അവർ ഒത്തുച്ചേർന്നു. പക്ഷേ, ഇസ്രായേൽ സൈന്യം സ്‌നൈപ്പറുകൾ കൊണ്ടാണവരെ നേരിട്ടത്. എന്നിട്ടവരുടെ പ്രതിഷേധങ്ങളെ തീവ്രവാദം എന്ന് വിളിക്കുകയും ചെയ്തു. അതേ വേലിക്ക് മുകളിലൂടെ ബലൂണുകൾ അയച്ചു കൊണ്ട് അയൽ വയലുകൾക്കവർ തീ കൊളുത്തിയത്, ഇന്നു നമ്മൾ ഇസ്രായേൽ എന്നു വിളിക്കുന്നതിനെ സൃഷ്ടിക്കുന്നതിന് വേണ്ടി പതിറ്റാണ്ടുകൾക്കു മുമ്പ് ഫലസ്തീനികളെ തുടച്ചു നീക്കിയ അതേ പ്രദേശത്തേക്കാണ്.

ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഈ പ്രവൃത്തിയും ദൃശ്യപരതയ്‌ക്കായുള്ള ഈ അഭ്യർത്ഥനയും ഭീകരവാദമായി ആക്ഷേപിക്കപ്പെട്ടു. അപ്പോഴെല്ലാം, വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതോറിറ്റിയുടെ അന്താരാഷ്ട്ര നയതന്ത്രത്തിനായുള്ള ശ്രമങ്ങൾ ദയനീയമായി പരാജയപ്പെടുന്നത് ഗസ്സയിലെ ജനങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്നു. അനധികൃത കടന്നുകയറ്റം ഉൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾക്ക് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക് ഇസ്രായേലിനെ എത്തിക്കാനുള്ള ശ്രമങ്ങൾ അപലപിക്കപ്പെടുകയും ഇസ്രായേലിന് അസ്തിത്വ ഭീഷണി ഉയർത്തിയതായി കരുതപ്പെടുകയും ചെയ്തു.

നിർമിത വിഭജനങ്ങൾ

എക്കാലത്തേയും ആഴമേറിയതും അക്രമാസക്തവുമായ അധിനിവേശത്തിനെതിരെ ചെറുത്തു നിൽക്കാനുള്ള ഫലസ്തീനികളുടെ അഹിംസാത്മകമായ എല്ലാ മാർഗങ്ങളും തടഞ്ഞതു കൊണ്ട് മാത്രമാണ് ഗസ്സയിൽ നിന്ന് ഒക്‌ടോബർ 7-ന് അങ്ങനെയൊരു ചുവടുവെപ്പുണ്ടാവുന്നത്. ഇസ്രായേൽ തീർത്ത ജയിൽ പൊളിച്ചത് ധാരാളമാളുകളുടെ രക്തം ചിന്താൻ കാരണമായേക്കാം, നിരവധി ക്രൂരതകൾക്കും പീഡനങ്ങൾക്കും പലയാളുകളും പാത്രമായേക്കാം, എന്നിരുന്നാലും അത് പ്രവചിക്കാവുന്ന ഒന്നായിരുന്നു. ഫലസ്തീനികളെയും മനുഷ്യാവകാശ സംഘങ്ങളെയും ഐക്യദാർഢ്യ പ്രവർത്തകരെയും അവഗണിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത ഇസ്രായേലും പാശ്ചാത്യ രാഷ്ട്രീയ-മാധ്യമ വർഗങ്ങളുമാണ് അതിന്റെ മുഖ്യ ഉത്തരവാദികൾ.

ഇവിടെ വളരെ വൃത്തികെട്ട ഒരു ലക്ഷ്യമുണ്ട്. ഫലസ്തീനികളോടുള്ള ഏതൊരു ഐക്യദാർഢ്യത്തെയും വിദ്വേഷപ്രചാരണമായി ചിത്രീകരിച്ച് നിയമവിരുദ്ധമാക്കാനുള്ള കാമ്പയിൻ ധ്രുവീകരണത്തിന് വേണ്ടിയുള്ളതാണ്. കുഞ്ഞുങ്ങളെ കൊല്ലുന്നവർക്കൊപ്പം നിൽക്കണമെന്ന് അത് നമ്മോട് ആവശ്യപ്പെടുന്നു. ഇസ്രായേൽ പാശ്ചാത്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഫലസ്തീനികളെ പിന്തുണയ്ക്കുന്നവരെ ഒരു വശത്തും ജൂത പൊതുജനങ്ങളെ മറുവശത്തും നേർ വിപരീത ക്യാമ്പുകളിലേക്ക് മനഃപൂർവം തള്ളിവിടുന്നു. ഇതിലൂടെ ഓരോരുത്തർക്കും തങ്ങൾ ഇരയാക്കപ്പെട്ടവരായി തോന്നിയേക്കും.

ഒരു വശത്ത് നിരാശയും അധിക്ഷേപവും ദേഷ്യവും മറുവശത്ത് ഭയവും ക്ഷമയും ആളുകൾക്ക് തോന്നും. ഇത് യാദൃശ്ചികമല്ല. തങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതായി പാശ്ചാത്യ സ്ഥാപനങ്ങൾ അവകാശപ്പെടുന്ന ആന്തരിക വിഭജനങ്ങളും വിദ്വേഷവും അസ്ഥിരതയും ഉണ്ടാക്കാനുള്ള അവരുടെ ആഗ്രഹത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. പാശ്ചാത്യ ശക്തികളെയും സമ്പന്നമായ മിഡിൽ ഈസ്റ്റിനെയും സ്വാധീനിക്കാൻ കഴിയുന്ന സഖ്യകക്ഷിയായി ഇസ്രായേൽ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

മുദ്രാവാക്യങ്ങളല്ല പ്രശ്നം. ഭീകരമായ ബോംബ് വർഷത്തെയും ശിശുക്കളെ കൊല്ലുന്നതിനെയും എതിർക്കുന്ന ജാഥകളല്ല പ്രശ്നം. നമ്മുടെ മാനവികതയ്ക്ക് മേലുള്ള സങ്കുചിത താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പടിഞ്ഞാറൻ സമ്പ്രദായം പറയുന്ന അനന്തമായ നുണകൾക്കും വഞ്ചനകൾക്കും നമ്മൾ വഴങ്ങിക്കൊടുക്കുന്നതാണ് പ്രശ്നം.

വിവ: അമീൻ നാസിഹ്

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles