Current Date

Search
Close this search box.
Search
Close this search box.

‘സയണിസം’ തൊട്ടാൽ പൊള്ളുന്ന പുസ്തകം!

വിഖ്യാത ഫ്രഞ്ച് ധിഷണയും പഴയ കാല മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന റജാ ഗരോദിയുടെ പുസ്തകമാണ് ‘സയണിസം’. ഇസ്രായേലിൻ്റെ ഔദ്യോഗിക പ്രത്യയശാസ്ത്രമാണ് സയണിസം എന്ന ഭീകരവാദം. സയണിസത്തിൻ്റെ ഇരുണ്ട ഉള്ളറകൾ തുറന്നു കാട്ടുന്ന ഈ കൃതി പുറത്തിറങ്ങിയപ്പോൾ ഇസ്രായേൽ ഗരോദിയുടെ രക്തത്തിനു വേണ്ടി ദാഹിച്ചു! അക്ഷരങ്ങളിൽ അഗ്നിച്ചിറകുകൾ തീർക്കുന്ന ഗരോദി പക്ഷെ കുലുങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. ജൂത മതത്തെ വക്രീകരിച്ചാണ് സയണിസം ചുട്ടെടുത്തതെന്നും യഹൂദർക്കു മാത്രമായി ഒരു രാഷ്ട്രം എന്ന കപട മിത്തിൻ്റെ മറവിൽ രാഷ്ട്രീയ സയണിസം ഫലസ്തീൻ ജനതയോട് കാട്ടുന്നത് കൊടുംഭീകരതയാണെന്നും ഉച്ചത്തിൽ വിളിച്ചു പറയുന്നു ഈ രചനയിലൂടെ ഗരോദി. “പടിഞ്ഞാറിൻ്റെ വംശീയതക്കും തീവ്ര ദേശീയതക്കും എതിരായ നിരന്തര സമരമായിരുന്നു ഗരോദിയുടെ ജീവിതം” എന്നത്രെ ഗ്രന്ഥത്തിൻ്റെ ഇംഗ്ലീഷ് പതിപ്പിനുള്ള മുഖവുരയിൽ പീറ്റർ മാൻസ് ഫീൽഡിൻ്റെ വിലയിരുത്തൽ.

ജൂതായിസത്തിൻ്റെ ആത്മീയ നന്മകളെ അട്ടിമറിച്ച് തിയോഡോർ ഹെർസൽ ആണ് സയണിസം രൂപപ്പെടുത്തുന്നത്. 1882 ൽ വിയന്നയിൽ വെച്ചാണ് ഹെർസൽ തൻ്റെ സിദ്ധാന്തങ്ങൾക്ക് രൂപം നൽകിയത്. ‘യഹൂദരാഷ്ട്രം’  എന്ന കൃതിയിലൂടെ അതിന് വ്യവസ്ഥാപിതത്വം നൽകി. ജൂത മതത്തിൽ തീരെ വിശ്വാസമില്ലാത്ത വംശവെറിയന്മാരായ അധികാര മോഹികളാണ് ഹെർസലിൻ്റെ കൂടെ സയണിസത്തിന് അടിത്തറ പാകിയത്. “മത വീക്ഷണത്തിൻ്റെ കാര്യത്തിൽ ഹെർസൽ തന്നെ കടുത്ത അജ്ഞേയ വാദിയായിരുന്നു ” (പുറം: 21).

യഹൂദർ മാത്രം അധിവസിക്കുന്ന ഒരു രാഷ്ട്ര നിർമിതിക്ക് യഹൂദരല്ലാത്തവരെ ഉന്മൂലനം ചെയ്യാം എന്ന കാര്യത്തിൽ ഇസ്രായേൽ സൈന്യവും പൊലീസും കൊടും പാതകങ്ങൾക്ക് തഴക്കം നേടിയ ചാരസംഘം മൊസാദും ലേഹി, യൂണിറ്റ് 101, സ്റ്റേൺ ഗ്രൂപ്പ്, സ്റ്റേൺ ഗാംഗ് തുടങ്ങിയ നിരവധി സംഘടിത സായുധ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടാണ്. ജൂതരെ ക്രൂശിച്ച ഹിറ്റ്ലറെപ്പോലും നാണിപ്പിക്കുന്ന അതിഭീകരമായ കൂട്ടക്കൊലകൾ നടത്തിയിട്ടുണ്ട് ഇവർ. ദെയർ യാസീൻ, സാബ്റ, ശാതില, ഖാൻ യൂനിസ്, ബനീ സുഹൈല.. ഉദ്ധരിക്കാൻ ഇങ്ങനെ നൂറുക്കണക്കിന് ഗ്രാമങ്ങളുണ്ട്! കൊന്നൊടുക്കിയത് പതിനായിരങ്ങളെയും അഭയാർഥികളാക്കിയത് ലക്ഷങ്ങളെയുമാണ്. ആദ്യകാല സയണിസ്റ്റ് നയം രൂപവൽക്കരിച്ചത് മെ നാച്ചം ബെഗിൻ, ഏരിയൽ ഷാരോൺ, യിത് സ്ഹാഖ് ഷമീർ എന്നീ മൂന്നു പേരാണ്. യുദ്ധക്കുറ്റവാളികളായ മൂവരിൽ ബെഗിനാണ് കൊടും ക്രൂരൻ. ബെഗിനെപറ്റി ബെൻഗൂറിയൻ പോലും പറഞ്ഞത് ‘ശരിക്കും ഹിറ്റ്ലറെപ്പോലൊരാൾ’ എന്നത്രെ. (അധ്യായം: ഔദ്യോഗിക ഭീകരവാദം) വാഗ്ദത്ത ഭൂമി, തെരഞ്ഞെടുത്ത ജനത തുടങ്ങിയ ബൈബിൾ സംജ്ഞകളെ രാഷ്ടീയ മുതലെടുപ്പിന് ദുർവ്യാഖ്യാനം ചെയ്യുന്നതിനെയും ഗരോദി വിചാരണ ചെയ്യുന്നുണ്ട്.

യഥാർത്ഥത്തിൽ യഹൂദർ പീഡിപ്പിക്കപ്പെട്ടത് അറബ് – ഏഷ്യൻ രാജ്യങ്ങളിലല്ല, യൂറോപ്പിലാണ്. എന്നാൽ അവർക്ക് ഒരു രാഷ്ട്രം വേണമെന്ന ആവശ്യം വന്നപ്പോൾ യൂറോപ്പ് മുഖം തിരിച്ചു. ‘ഹോളോകാസ്റ്റ്’ എന്ന ജൂതായിസ പദനിർമിതിക്കു പിന്നിലെ ഹിഡൻ അജണ്ടയെ ഗ്രന്ഥകർത്താവ് ചോദ്യം ചെയ്യുന്നുണ്ട്. അദ്ദേഹത്തിൻ്റെ വാക്കുകൾ: “നാസിസം / ഫാസിസം മറ്റ് പലരോടും ചെയ്തത് പോലെ തന്നെ യഹൂദരോടും ചെയ്ത കുറ്റകൃത്യങ്ങൾ പടിഞ്ഞാറൻ സാമ്രാജ്യത്വത്തിൻ്റെ മൊത്തം കുറ്റകൃത്യങ്ങളുടെ തുടർച്ചയാണ്. ലക്ഷക്കണക്കിന് അമേരിക്കൻ ഇന്ത്യക്കാരെയും കോടിക്കണക്കിന് ആഫ്രിക്കൻ നീഗ്രോകളെയും കൊന്നൊടുക്കിയതിൻ്റെ തുടർച്ച. അതായത് ഹിറ്റ്ലർ നടത്തിയ കൂട്ടക്കൊല (ഹോളോകാസ്റ്റ്) സാമ്രാജ്യത്വത്തിൻ്റെ ആദ്യത്തെ തെറ്റല്ല! ഏറ്റവും കൂടുതൽ ബലിയാടുകളെ സൃഷ്ടിച്ച നരമേധവുമല്ല അത്. ഹോളോകാസ്റ്റ് എന്നു പറഞ്ഞ് യഹൂദന്മാരുടെ നേരെ മാത്രം സവിശേഷമായ സഹാനുഭൂതി പുലർത്തി അവരെ വേർതിരിച്ചു കാണുന്നത് മേൽപ്പറഞ്ഞ കൂട്ടക്കുരുതികളുടെ യഥാർഥ കാരണങ്ങൾ മറച്ചുവെക്കുന്നതിനു തുല്യമാണ്”. (പേജ്: 84 )

പലപ്പോഴും ശ്വാസം അടക്കിപ്പിടിച്ചു മാത്രം വായിക്കേണ്ടി വരുന്ന ഈ പുസ്തകത്തിൻ്റെ പ്രസാധകർ ഐ.പി.എച്ച് ആണ്. ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രചുര പ്രചാരം നേടിയ ഇതേ പേരിലുള്ള കൃതി മലയാളത്തിലേക്ക് മൊഴി മാറ്റിയത് പ്രശസ്ത എഴുത്തുകാരൻ എ.പി കുഞ്ഞാമു.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles