Current Date

Search
Close this search box.
Search
Close this search box.

രാജകീയ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ദമസ്‌കസ് ഗേറ്റ്

രാജകീയ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന, ചെറിയ സ്തൂപങ്ങളോട് കൂടിയ ഡമാസ്കസ് ഗേറ്റിൻ്റെ മതിൽകെട്ടുകൾ ജെറുസലേം നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. പലസ്തീൻ ജനത ബാബ് അൽ അമൂദ് എന്ന് വിളിക്കുന്ന ഈ കവാടം ഹീബ്രുവിൽ ശ ആറ് ശഖ്മ് (നബ് ലസ് ഗേറ്റ്) എന്നറിയപ്പെടുന്നു. ഈ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളെ സംബന്ധിച്ചെടുത്തോളം സാംസ്കാരിക, രാഷ്ട്രീയ പ്രാധാന്യമുളള ഒരു പ്രതീകമാണ് ഈ നിർമിതി. പലസ്തീനുകാർ അവരുടെ ഓൾഡ് സിറ്റിയിലേക്കുളള പ്രവേശന കവാടമായി കാണുന്ന ഈ മേഖല ജറുസലേമിലെ പലസ്തീനിയൻ ജീവിതത്തിന്റെ അതിപ്രധാനഘടകമാണ്.

പലസ്തീനികൾ വൈകുന്നേരങ്ങളിൽ കോഫി കുടിക്കുന്നതും തെരുവു കച്ചവടക്കാർ ഉന്തുവണ്ടിയിൽ വഴി നീളെ നടന്ന് സാധങ്ങൾ വിൽക്കുന്നതും നാട്ടുകാർ ഒരുമിച്ച് കൂടി പരമ്പരാഗത ഗാനങ്ങൾ ആലപിക്കുന്നതും രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പ്രതിഷേധങ്ങൾ ഉയർത്തുന്നതുമെല്ലാം ഗേറ്റിൽ നിന്ന് രക്ത ധമനികൾ പോലെ കെട്ടിപ്പിണഞ്ഞ് കിടക്കുന്ന ഇടുങ്ങിയ തെരുവുകളിലാണ്. ചരിത്രപ്രസിദ്ധമായ ജറുസലേമും അതിലെ അനേകം മതപരമായ സ്ഥലങ്ങളും സന്ദർശിക്കുന്ന വിനോദസഞ്ചാരികളാൽ നിറഞ്ഞ ഈ പ്രദേശത്ത് അൽ-അഖ്സ മസ്ജിദ് സന്ദർശിക്കുന്ന ഫലസ്തീനികളും മുസ്‌ലിം തീർത്ഥാടകരും ധാരാളമുണ്ട്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ദേശീയവും ആത്മീയവുമായ ചിഹ്നങ്ങളിലൊന്നാണ് അൽ-അഖ്സ മസ്ജിദ്.

പല ജൂത കുടിയേറ്റക്കാരും അവരുടെ വാഗ്ദത്ത ഭൂമിയാണെന്ന വിശ്വാസത്തിൽ മസ്ജിദിൻ്റെയും ഡമാസ്കസ് ഗേറ്റ് ഉൾപ്പെടുന്ന പരിസര പ്രദേശങ്ങളുടെയും ഉടമസ്ഥാവകാശം വാദിക്കുന്നത് കൊണ്ട് ഈ പ്രദേശങ്ങൾ അനവധി പ്രതിഷേധങ്ങളുടെയും ഇടയ്‌ക്കിടെയുള്ള ആക്രമണങ്ങളുടെയും ഭൂമിയായി മാറിയിട്ടുണ്ട്. ഫലസ്തീനികളുടെ പ്രതിഷേധം ഇസ്രായേൽ സൈന്യം അടിച്ചമർത്തുകയാണല്ലോ.

ഈ ചരിത്ര പ്രദേശത്തെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണിവിടെ.

ഡമസ്‌കസ്‌ ഗേറ്റ് എവിടെയാണിത് സ്ഥിതിചെയ്യുന്നത്? അതിന്റെ പേര് പ്രതീകവൽകരിക്കുന്നതെന്തിനെയാണ്?

ഓൾട് സിറ്റിയുടെ വടക്ക് വശത്ത് ചരിത്രപരമായി അതുമായീ ബന്ധപ്പെട്ടു കിടക്കുന്ന മതിൽ കെട്ടുകളുടെ മധ്യഭാഗത്തായാണ് ഡമാസ്കസ് ഗേറ്റ് സ്ഥിതി ചെയ്യുന്നത്.

ഔദ്യോഗിക രേഖകൾ പ്രകാരം കിഴക്കൻ ജറുസലേമിലെ ഇസ്രായേൽ സൈനികർ കൈവശപ്പെടുത്തിയ ഫലസ്തീൻ പ്രദേശമാണിത്.
ഈ ഗേറ്റിലൂടെയുള്ള ഓരോ ചുവടുകളിലും നഗരത്തിന്റെ ഹൃദയത്തിലേക്കാണ് നിങ്ങൾ നടന്നുകയറുന്നത്. സുവനീർ ഷോപ്പുകൾ, ഭക്ഷണശാലകൾ, കഫേകൾ എന്നിവയുടെ ഒരു വിസ്മയ നഗരിയാണവിടം.

റോമൻ-ബൈസന്റൈൻ കാലഘട്ടത്തിൽ അതിന്റെ മുറ്റത്ത് മധ്യഭാഗത്തായി ഉണ്ടായിരുന്ന ഹാഡ്രിയൻ ചക്രവർത്തിയുടെ പ്രതിമ ഉൾക്കൊള്ളുന്ന സ്തംഭത്തിൽ നിന്നാണ് ഗേറ്റിന് ‘ബാബ് അൽ-അമൂദ്’ എന്ന അറബി നാമം ലഭിച്ചത്.

A map of the Jerusalem’s Old City shows the different gates

ഇസ്രായേൽ സ്ഥാപിതമാകുന്നതിന് മുമ്പ് സിറിയൻ തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർക്കുള്ള എക്സിറ്റ് പോയിന്റ് ആയിരുന്നു ഇവിടം. ഈയൊരു സംഭവത്തിലേക്കാണ് ഡമാസ്കസ് ഗേറ്റ് എന്ന പേര് സൂചിപ്പിക്കുന്നത്.

കുരിശുവാഹകർ ഈ ഗേറ്റിനെ സെന്റ് സ്റ്റീഫൻസ് ഗേറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. സെന്റ് സ്റ്റീഫൻ രക്തസാക്ഷിത്വം വരിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് അവരിങ്ങനെ വിളിക്കുന്നത്.

ഓൾഡ് സിറ്റിക്ക് ചുറ്റുമുള്ള കവാടങ്ങൾക്കിടയിൽ, ഏകദേശം പത്താം നൂറ്റാണ്ട് മുതൽ ഒരേ പേരിൽ തന്നെ വിളിക്കപ്പെട്ടത് ബാബ് അൽ-അമൂദ് മാത്രമായിരിക്കും. ചരിത്രപരമായി, ബാബ് അൽ-നസ്ർ (വിജയത്തിന്റെ കവാടം) എന്ന പേരും ഈ ശിൽപത്തിന് ഉപയോഗികപ്പെട്ടിരുന്നു.

ഇന്ന്, ഗേറ്റിൽ ഇടതടവില്ലാതെ ഇസ്രായേൽ പോലീസിന്റെ പട്രോളിംഗുണ്ട്. അവർ ചിലപ്പോൾ കുതിരപ്പുറത്തേറി വരും, ചിലപ്പോൾ ഇരുമ്പു പരിചയുമേന്തി അവിടെ നിൽപ്പുണ്ടാകും. യഹൂദ വിശ്വാസികളും ഈ ഗേറ്റിന്റെ ഉപയുക്താക്കളാണ്. വെസ്റ്റേൺ വാളിലേക്കുള്ള വഴിയാണത്, അതിന് പുറമേ സമീപത്തെ ഒരു ലൈറ്റ് റെയിൽ സ്റ്റേഷൻ ഈ പ്രദേശത്തെ ജെറുസലേമിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്.

ജൂതരെ സംബന്ധിച്ചിടത്തോളം, വെസ്റ്റേൺ വാൾ റോമൻ കാലഘട്ടത്തിൽ നശിപ്പിക്കപ്പെട്ട രണ്ടാമത്തെ ക്ഷേത്രത്തിന്റെ അവശിഷ്ടമാണെന്നാണ് വിശ്വാസം.

യഹൂദ തീർത്ഥാടകർക്ക് ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണിത്. പ്രതിവർഷം പതിനായിരക്കണക്കിന് വിശ്വാസികൾ അവിടെ ഒരുമിച്ച്കൂടി പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിടുകയും ദൈവത്തിനോടുള്ള അഭ്യർത്ഥനകളെഴുതി അതിന്റെ വിടവുകളിൽ വെക്കുകയും ചെയ്യുന്നു.

എപ്പോഴാണ് ഇത് നിർമ്മിചക്കപ്പെട്ടത്?

41CE-ൽ ഹെറോദ് അഗ്രിപ്പാ ഒന്നാമനാണ് ഈ കവാടം ആദ്യം നിർമ്മിച്ചതെന്നും, പിന്നീട് ഹാഡ്രിയൻ ചക്രവർത്തി തന്റെ ഭരണകാലത്ത് പുനർനിർമ്മിച്ചതായും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.

1537-ൽ ഒട്ടോമൻ സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിസെന്റിന്റെ ഭരണകാലത്ത് ഈ നിർമ്മിതി വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു.

ജറുസലേമിലൂടെ കടന്നുപോകുന്ന നോർത്ത് സൗത്ത് റോഡുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോമാക്കാർ ആദ്യം ഗേറ്റ് നിർമ്മിച്ചത്.

മുമ്പ് ഈ ശിൽപത്തിന് മൂന്ന് കമാനങ്ങളുള്ള സ്വതന്ത്രമായി നിൽക്കുന്ന ഒരു വിജയകവാടം ഉണ്ടായിരുന്നു. ഇന്ന്, താരതമ്യേന ചെറുതായ കിഴക്കൻ കമാനം മാത്രമാണ് അവശേഷിക്കുന്നത്.

ഗേറ്റിന്റെ പ്രധാന സവിശേഷതകൾ ?

ഗേറ്റിൽ അകത്തു നിന്ന് വെടിയുതിർക്കാൻ പാകത്തിൽ ത്രികോണാകൃതിയിലുള്ള പഴുതുകളുണ്ട്. ഈ പഴുതുകളാണ് കെട്ടിടത്തിൻ്റെ മുകളിൽ ഒരു കിരീടത്തിന്റെ ദൃശ്യം നൽകാൻ സഹായിക്കുന്നത്.

Damascus Gate leads to the Muslim Quarter where there are plenty of shops and cafes

ഓൾഡ് സിറ്റിലേക്കുള്ള മറ്റു ഗേറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഡമാസ്കസ് ഗേറ്റിന് മുകളിൽ നിന്ന് താഴേക്ക് ഇറങ്ങാവുന്ന പടികളും ഓട്ടോമൻ ശൈലിയിൽ കൊത്തിയെടുത്ത കൂർത്ത കമാനങ്ങളുമുണ്ട്.

1967-വരെ ഗേറ്റിന് മുകളിൽ ഒരു ഗോപുരം ഉണ്ടായിരുന്നു.1967-ൽ നടന്ന അറബ്-ഇസ്രാഈൽ ആറു ദിന യുദ്ധത്തിൽ (Six-Day War) ഈ ഗോപുരം തകർന്നടിഞ്ഞു.
ജെറുസലേമിലെ ഓൾഡ് സിറ്റിയും അതിന്റെ മതിലുകളും മൂന്ന് ഇബ്റാഹീമീ മതങ്ങളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി unesco വിശേഷിപ്പിച്ചിട്ടുണ്ട്.
ചരിത്ര വശങ്ങളെ അവഗണിച്ചു കൊണ്ട് ഗേറ്റിന് ചുറ്റും ഇസ്രായേൽ സൈനിക സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.
സമീപത്ത് സൗണ്ട് ഡിറ്റക്ടറുകളടങ്ങിയ ഒരു വാച്ച് ടവറും സ്ഥാപിച്ചിട്ടുണ്ട്.

ഗേറ്റിന്റെ പ്രതീകാത്മക പ്രാധാന്യം ?

കാലക്രമേണ ഗേറ്റ് പലസ്തീൻ ജനതയുടെ ഒരു സാംസ്കാരിക കേന്ദ്രമായി മാറി. അൽ അഖ്സ പരിസരത്തേക്കുള്ള പ്രവേശന കവാടം എന്നതിലുപരി ഇസ്രായേൽ അധിനിവേശവുമായി ബന്ധപ്പെട്ട സമരഭൂമികയും കൂടിയാണത്.

ജറുസലേമിലെ പലസ്തീൻ ജീവിതത്തിന്മേലുള്ള നിയന്ത്രണങ്ങൾക്കും പൊതുവെ ഇസ്രായേൽ അധിനിവേശത്തിനുമെതിരെ ഒത്തുകൂടാനും സംഘടിക്കാനും കഴിയുന്ന ഇടമായാണ് ഫലസ്തീനികൾ ഗേറ്റിനെ കാണുന്നത്

പലസ്തീനിയൻ സാഹിത്യത്തിലെയും നാടോടിക്കഥകളിലെയും പ്രധാന പ്രമേയവും ജറുസലേമിന്റെ നിരവധി ചിത്രങ്ങളുടെയും ചിത്രീകരണങ്ങളുടെയും പശ്ചാത്തലമായി ഡമാസ്കസ് ഗേറ്റ് മാറിയിരിക്കുന്നു.

Damascus Gate is an important gathering point for Palestinians

മതിലിന് സമീപമുള്ള തിരക്കേറിയ ചന്തകളുടെയും അതിന് ചുറ്റിപ്പറ്റി നടക്കുന്ന കെഫിയ ധരിച്ച പുരുഷന്മാരുടെയും ചിത്രങ്ങളിൽ പലസ്തീനികളുടെ മനോവികാരം സ്ഫുരിക്കുന്നുണ്ട്.

ഇസ്‌ലാമിക വിശ്വാസ പ്രകാരം പുണ്യ മാസമായ റമദാനിൽ അൽ-അഖ്‌സയിൽ പ്രാർത്ഥിക്കുന്നതിനും നഗരത്തിലെ കുടുംബത്തെ സന്ദർശിക്കുന്നതിനുമായി ആയിരക്കണക്കിന് ആളുകൾ പ്രദേശത്തേക്ക് വരുന്നതിനാൽ, ഇവിടം പ്രത്യേക തിരക്കനുഭവപ്പെടാറുണ്ട്.

ഇന്ന്, ജറുസലേമിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും അൽ-അഖ്സ പള്ളി ലക്ഷ്യമാക്കി വരുന്ന മിക്ക മുസ്‌ലിംകളും ബാബ് അൽ-അമൂദ് വഴിയാണ് പ്രവേശിക്കുന്നത്.

ഏത് തരത്തിലുള്ള സംഘർഷങ്ങളാണ് ഉണ്ടായിട്ടുള്ളത്?

ഓൾഡ് സിറ്റിയിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ ഫലസ്തീനികൾ പതിവായി നിയന്ത്രണങ്ങൾക്ക് വിധേയരാകാറുണ്ട്, പ്രത്യേകിച്ച് രാഷ്ട്രീയ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിൽ ആർക്കൊക്കെ പ്രവേശിക്കാം എന്നതിന് ഇസ്രായേലി സൈന്യം പ്രായവും ലിംഗഭേദവും അടിസ്ഥാനമാക്കിയുള്ള പരിധികളും ഏർപ്പെടുത്താറുണ്ട്.

ഈ നിയന്ത്രണങ്ങൾ പലപ്പോഴും പലസ്തീനികളുടെ പ്രതിഷേധത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇസ്രായേലികൾ ഇത് നിഷ്കരുണം അടിച്ചമർത്തുകയും റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്യുന്നു.

ഗേറ്റിലൂടെ പോകുമ്പോൾ അവർ നേരിടുന്ന പരിശോധനകളാണ് പലസ്തീനികളുടെ രോഷത്തിന്റെ മറ്റൊരു കാരണം.
ഹദർ കോഹെൻ, ഹദാസ് മൽക്ക എന്നീ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടതിന് ശേഷം 2020-ൽ, ഇസ്രായേൽ പോലീസ് ഡമാസ്‌കസ് ഗേറ്റ് പടവുകളുടെ പേര് ഹദർ, ഹദാസ് സ്റ്റെപ്സ് എന്നാക്കി. ജറുസലേമിന്റെ പലസ്തീനിയൻ പൈതൃകവും പാരമ്പര്യവും മായ്‌ക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് പാലസ്തീനികൾ വിശ്വസിക്കുന്നു.

“ഡമാസ്കസ് ഗേറ്റിന്റെ പടികൾക്ക് മറ്റൊരു പേരിടുന്നത് ഡമാസ്കസ് ഗേറ്റിന്റെ സ്മാരകത്തെ അതിന്റെ വാസ്തുവിദ്യാപരമായ ചരിത്രത്തിൽ നിന്ന്  അടർത്തിയെടുക്കാനുള്ള ശ്രമമാണ്,” അൽ-ഖുദ്സ് സർവകലാശാലയിലെ വാസ്തുവിദ്യാ ചരിത്രകാരനായ യൂസഫ് നറ്റ്ഷെ പറയുന്നു.
“ഇത് ആത്മാവാണ്, ഇത് നമ്മുടേ ഇടമാണ്, ഇതാണ് ഡമാസ്കസ് ഗേറ്റിന്റെ അതിർത്തി. ഒരു ആത്മാവും ശരീരവും തമ്മിൽ നിങ്ങൾ എങ്ങനെയാണ് വേർപെടുത്താൻ ശ്രമിക്കുന്നത്?”

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Related Articles