Current Date

Search
Close this search box.
Search
Close this search box.

ജറൂസേലം; നിശബ്ദ വംശഹത്യക്കിരയാകുന്ന നഗരം

ജറൂസലേമിന്റെ കിഴക്കൻ ഭാഗം സാങ്കേതികമായി വെസ്റ്റ് ബാങ്കിന്റെ ഭാഗമാണെങ്കിലും, 1967ലെ യുദ്ധത്തിൽ പിടിച്ചെടുക്കുന്നത് വരേക്കും കിഴക്കുഭാഗത്തെ ഇസ്രായേൽ അത്തരത്തിൽ പരിഗണിച്ചിരുന്നില്ല. “ശാശ്വത തലസ്ഥാനം” അവസാനം വെസ്റ്റ് ബാങ്കുമായി ഒന്നിച്ചു എന്നായിരുന്നു ഇസ്രായേലിന്റെ വാദം. 1948ലായിരുന്നു ഇസ്രായേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തത്. 1980ലാണ് കിഴക്കൻ ജറൂസലേം ഔദ്യോഗികമായി കൂട്ടിച്ചേർക്കപ്പെടുന്നത്. ഈ കൂട്ടിച്ചേർക്കൽ, തീർച്ചയായും, നിയമവിരുദ്ധമായിരുന്നു, ഡൊണാൾഡ് ട്രംപിന് കീഴിലെ അമേരിക്ക പോലെയുള്ള ചില അപവാദങ്ങൾ ഒഴിച്ചു നിർത്തിയാൽ, ആഗോള സമൂഹം ഇതിനെ അംഗീകരിച്ചിട്ടില്ല.

ജറൂസലേം ഏകീകരിക്കപ്പെട്ടു എന്നാണ് ഇസ്രായേലിന്റെ വാദമെങ്കിലും, ഇത് മിക്കവാറും പ്രോപഗണ്ടയുടെയും വാചാടോപത്തിന്റെയും ഭാഗം മാത്രമാണ്. ഭൂരിപക്ഷ ഫലസ്തീൻ ജനതയെ പ്രത്യേകമായി ലക്ഷ്യംവെക്കുന്ന നിരവധി നിയമങ്ങൾ, നടപടിക്രമങ്ങൾ എന്നിവ കിഴക്കൻ ജറൂസലേമിൽ നിലവിലുണ്ട്. പലപ്പോഴും ഏറ്റവും നിസ്സാരമായ കാരണങ്ങളാൽ റദ്ദാക്കപ്പെടുന്ന ഒരു പ്രത്യേക “റെസിഡൻസ്” പെർമിറ്റാണ് ഫലസ്തീനികൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന്, വിദേശത്ത് പഠിക്കാനോ അല്ലെങ്കിൽ ജറൂസലേമിന് പുറത്ത് പോകാനോ നിങ്ങൾ തീരുമാനിച്ചാൽ, അതുമാത്രം മതി നിങ്ങളുടെ റെസിഡൻസ് പെർമിറ്റ് റദ്ദു ചെയ്യപ്പെടാൻ, ഇത് നിങ്ങളെ വെസ്റ്റ് ബാങ്കിൽ തന്നെ ജീവിതം തുടരാൻ നിർബന്ധിതരാക്കും.

ഫലസ്തീനിലെ മറ്റെല്ലാ മേഖലകളിലെയും പോലെ, കിഴക്കൻ ജറൂസലേം ഗുരുതരമായ കോളനിവത്ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, കോളനികൾ സ്ഥാപിക്കപ്പെട്ടു കൊണ്ടിരിക്കുന്നു, ജറൂസലേം 74 ശതമാനം ജൂത ജനസംഖ്യയുള്ള പ്രദേശമാക്കി മാറ്റുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി ഈ കോളനികളിലേക്ക് ജൂതകുടിയേറ്റക്കാരെ മാറ്റുകയും ചെയ്യുന്നുണ്ട്. ഇതിനു വേണ്ടി, ഫലസ്തീനികളെ നീക്കം ചെയ്യുന്നതിനെ ന്യായീകരിക്കുന്ന തരത്തിലുള്ള വിവേചനപരമായ നിയമങ്ങളും നടപ്പാക്കപ്പെടുന്നുണ്ട്. പതിറ്റാണ്ടുകളായി ആയിരക്കണക്കിന് ഫലസ്തീൻ കുടുംബങ്ങൾക്കാണ് ജറൂസലേമിൽ ജീവിക്കാനുള്ള അവകാശം നഷ്ടമായത്, നിശബ്ദ വംശഹത്യ എന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ. ഇതോടൊപ്പം പരമ്പരാഗത ഫലസ്തീൻ പേരുകളും സ്ഥലനാമങ്ങളും മായ്ച്ചു കളഞ്ഞ് പകരം ഇസ്രായേലി, ജൂത പേരുകൾ കൊണ്ടുവരുന്ന പ്രക്രിയയും നടക്കുന്നുണ്ട്.

സർക്കാർ സേവനങ്ങൾ, വിഭവ വിതരണം, ധനസഹായം എന്നിവയിലെ കൊടിയ വിവേചനം ഒരു സാധാരണ കാര്യം മാത്രമാണ്. അറ്റകുറ്റപ്പണികൾ നടക്കാത്ത, ദരിദ്രവും വൃത്തിഹീനവുമായ ചുറ്റുപാടിലാണ് ഫലസ്തീനികൾ ജീവിക്കുന്നത്. ജറൂസലേം മുനിസിപ്പാലിറ്റിയുടെ ബജറ്റിലും, സർക്കാർ പദ്ധതികളിലും ഫലസ്തീൻ പൗരൻമാരോടുള്ള വിവേചനം മറയില്ലാതെ തെളിഞ്ഞു കാണാൻ കഴിയും. അതേസമയം ജറൂസലേമിലെ ജൂതൻമാരെ സംബന്ധിച്ച് ഇത്തരത്തിലുള്ള യാതൊന്നിനെ കുറിച്ചോ, വീട് നഷ്ടപ്പെടുന്നതിനെ കുറിച്ചോ ഭയപ്പെടേണ്ട കാര്യമില്ല. ( തുടരും )

Related Articles