Current Date

Search
Close this search box.
Search
Close this search box.

നക്ബക്ക് മുമ്പുള്ള ഫലസ്തീൻ ഗ്രാമങ്ങൾ: ചിത്രങ്ങളിലൂടെ

ഇസ്രായേൽ സ്ഥാപിതമാവുന്നതിന് തൊട്ടുമുമ്പ്, പുതിയ രാഷ്ട്രനിർമ്മാണത്തിനായി സയണിസ്റ്റുകൾ ഫലസ്തീൻ ഭൂമി കയ്ക്കലാക്കിയത് തുടക്കഘട്ടത്തിൽ വാങ്ങിയും പിന്നീട് ബലപ്രയോഗത്തിലൂടെയുമായിരുന്നു. പ്രത്യേകിച്ച് ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള വർഷം, ഈ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ പല സന്ദർഭങ്ങളിലും തദ്ദേശീയരായ ഫലസ്തീനികളെ പുറത്താക്കൽ വ്യാപകമായി. പലപ്പോഴും ഈ ആളുകൾ താമസിച്ചിരുന്ന ഗ്രാമങ്ങളിൽ പുതിയ യഹൂദ കുടിയേറ്റക്കാർ സ്ഥിരതാമസമാക്കുകയും മറ്റുള്ളവ അവർ ഇടിച്ചു നിരത്തി പുതിയ കേന്ദ്രങ്ങൾ നിർമ്മിക്കുകയുമായിരുന്നു. നക്ബയ്ക്ക് മുമ്പുള്ള പലസ്തീനിലെ ജില്ലകളിലുടനീളം ചരിത്ര പ്രാധാന്യമുള്ള ചില ഗ്രാമങ്ങളിലൂടെയുള്ള പര്യവേക്ഷണമാണ് ഈ ഫോട്ടോ വിവരണം.

1- അയ്ൻ കരീം
1934-ൽ ജറുസലേം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമവും മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങൾ സമ്മിശ്രിമായി മൂവായിരത്തിലധികം ഫലസ്തീനികൾ താമസിക്കുന്നതുമായ അയ്ൻ കരീമിന്റെ ചിത്രമാണിത്.

Ayn Karim

ക്രൈസ്തവ നേതാവായ ജോൺ സ്നാപകൻ(John the Baptist) ജനിച്ചത് ഇന്നത്തെ അയ്ൻ കരീമിൽ ആണെന്നും അതിനാൽ ഈ ഗ്രാമത്തിന് ബൈബിളിൽ പ്രാധാന്യമുണ്ടെന്നും പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്.ചർച്ച് ഓഫ് ജോൺ ദി ബാപ്റ്റിസ്റ്റ് ഗ്രാമത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നും മുഖ്യ തീർത്ഥാടനകേന്ദ്രവുമാണ്. ഇസ്‌ലാമിലെ രണ്ടാം ഖലീഫയായ ഉമർ ഇബ്നു ഖത്താബിന്റെ പേരിൽ ഒരു പള്ളിയും അയ്ൻ കരീമിൽ ഉണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിൽ മുസ്ലികൾ ജറുസലേം പിടിച്ചടക്കിയ സമയത്ത് അദ്ദേഹം ഈ ഗ്രാമത്തിലൂടെ കടന്നുപോകുകയും അവിടെ പ്രാർത്ഥിക്കുകയും ചെയ്തതിന്റെ സ്മരണാർത്ഥമായിരുന്നു ഇത്.

 

 

 

 

 

2-ഇന്ദുർ

Indore-Village-palestine
Indore-Village-palestine

1948-ന് മുമ്പ് 600-ലധികം പലസ്തീനികൾ വസിച്ചിരുന്ന നസ്രത്ത് ജില്ലയിലെ ഒരു പലസ്തീനിയൻ ഗ്രാമമായിരുന്നു ഇന്ദുർ. ഈ ഗ്രാമത്തിന് ബൈബിൾ കാലഘട്ടത്തിലേക്കുള്ള പുരാതന വേരുകളുണ്ട്. ഫലസ്തീനികളോട് യുദ്ധം ചെയ്യുന്നതിനുമുമ്പ് സോൾ രാജാവ് ഒരു ജ്യോത്സ്യനുമായി സംവദിച്ചതായി ബൈബിളിൽ പരാമർശിക്കുന്ന കെയ്‌നനൻ പട്ടണമായ അയ്ൻ ദുറിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. ഉത്ഭവിച്ചത് 1936-നും 1939-നും ഇടയിലെ പലസ്തീൻ കലാപത്തിന്റെ നേതാക്കളിലൊരാളായ ഷെയ്ഖ് തൗഫീഖ് ഇബ്രാഹിമിന്റെ വാസസ്ഥലവും ഇൻദുറായിരുന്നു .

3- സഫൂരിയ

Saffuriya-village-palestine

നസറെത്തിന്റെയും ഗലീലിയുടെയും പ്രാന്തപ്രദേശത്തുള്ള ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് സഫൂരിയ.4,000-ലധികം ഫലസ്തീനികൾ ഇവിടെ സ്ഥിരതാമസക്കാരായിരുന്നു.പുരാതന കാലം മുതൽ സഫൂരിയയ്ക്ക് വലിയപ്രാധാന്യമുണ്ട്. റോമക്കാർ പലസ്തീൻ കീഴടക്കുമ്പോൾ ഗലീലി പ്രദേശത്തിന്റെ ഭരണ കേന്ദ്രമായി തിരഞ്ഞെടുത്തത് സഫൂരിയയായിരുന്നു. കുരിശുയുദ്ധക്കാർ ഇവിടെ ഒരു കോട്ട പണിയുകയും പിന്നീട് സലാഹുദ്ദീൻ ഫലസ്തീൻ കീഴടക്കിയപ്പോൾ അവരുടെ അധീനതയിലാക്കുകയും ചെയ്തു. ഇബ്‌നുൽ-ഇമാദ് അൽ-ഹമ്പലിയെപ്പോലുള്ള പല പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരും സഫൂരിയയെക്കുറിച്ച് പരാമർശങ്ങൾ നടത്തുകയും അതിന്റെ ആദരണീയമായ പദവിയെ ഉദാഹരിക്കുകയും ചെയ്തിട്ടുണ്ട്. മുകളിലുള്ള ചിത്രവും ഈ ഫോട്ടോ വിവരണത്തിലെ മുകളിലുള്ള ചിത്രവും സഫൂരിയയിൽ നിന്ന് എടുത്തതാണ്.

4- യിബ്ന

Yibne-1900

അൽ-റംലയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള ഒരു കുന്നിൻ മുകളിൽ കല്ലുകൊണ്ട് നിർമ്മിച്ച ഒരു വലിയ ഗ്രാമമാണ് യിബ്ന. പുരാതന കാലം മുതൽ ആരംഭിച്ച ആഴത്തിലുള്ള ചരിത്രം യിബ്ന ഗ്രാമത്തിനുണ്ട്. പലസ്തീനിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായി നിരവധി അറബ് ഭൂമിശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. 1948-ന് മുമ്പ് 5,400-ലധികം ഫലസ്തീനികൾ താമസിച്ചിരുന്ന സ്ഥലമായിരുന്നു യിബ്ന. മുകളിലെ ചിത്രം 1914 നും 1916 നും ഇടയിലുള്ള യിബ്നയെ ചിത്രീകരിക്കുന്നു.

5-അൽ-നബി റൂബിൻ

ഫലസ്തീനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര ഗ്രാമങ്ങളിലൊന്നാണ് അൽ-നബി റൂബിൻ. പ്രവാചകൻ യഅഖൂബിന്റെ മകൻ റൂബന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. പലസ്തീനിലെ ഒരു വാർഷിക തീർത്ഥാടനകേന്ദ്രമായതിനാൽ ഈ ദേവാലയത്തിനു വലിയ ആദരവ് കൽപ്പിക്കുന്നുണ്ട്. ഈ തീർഥാടന സമയത്ത് വലിയ ആഘോഷങ്ങൾ നടക്കുകയും ചുറ്റുമുള്ള പ്രദേശങ്ങളിലെ ഫലസ്തീനികൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഗ്രാമത്തിലേക്ക് ഒഴുകുകയും ചെയ്യും.

Nebi-Ruben-Palestine

ഡബ്ക, മാജിക് ഷോകൾ, കുതിരപ്പന്തയം, ജനപ്രിയ ഗാനങ്ങൾ, പ്രസംഗകരുടെയും കവികളുടെയും സംഗമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. തീർത്ഥാടകർ കൂടാരങ്ങളിൽ ക്യാമ്പ് ചെയ്യുകയും ഗ്രാമത്തിലുടനീളം അവർക്കായി താൽക്കാലിക കഫേകളും ഭക്ഷണശാലകളും കടകളും സജ്ജീകരിച്ചിരുന്നു. പലസ്തീനിലെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക പരിപാടികളിലൊന്നായ നബി റൂബിൻ തീർത്ഥാടനത്തിനു അതിഥ്യമരുളുന്നതിനാൽ ഫലസ്തീനികളുടെ ചരിത്രപരവും മതപരവും സാംസ്കാരികവുമായ ഒരു പ്രധാന സ്ഥലമായി ഈ ഗ്രാമം പ്രവർത്തിച്ചു.1930-ലെ അൽ-നബി റൂബിനിലെ തീർത്ഥാടകരാണ് ചിത്രത്തിലുള്ളത്.

6- ഹത്തിൻ

Hattin-1934

തിബീരിയാസിന്റെ പ്രാന്തപ്രദേശത്താണ് ചരിത്രപ്രാധാന്യമേറിയ ഹത്തിൻ സ്ഥിതി ചെയ്യുന്നത്.1187-ൽ നടന്ന ഹാത്തിൻ യുദ്ധത്തിന്റെ പേരിൽ ഈ പ്രദേശം വളരെപ്രസിദ്ധമാണ്. പ്രസ്തുത യുദ്ധത്തിൽ സലാഹുദ്ദീൻ കുരിശുയുദ്ധസേനയെ പരാജയപ്പെടുത്തുകയും ഗലീലിയുടെ മുഴുവൻ പ്രദേശവും സുരക്ഷിതമാക്കുകയും ചെയ്തു. ദുറൂസ് വിശ്വാസികൾ വിശുദ്ധമായി കാണുന്ന ഷുഐബ് പ്രവാചകന്റെ ആരാധനാലയമാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വിശേഷണങ്ങളിലൊന്ന്.ഇവിടേക്ക് എല്ലാ വർഷവും വിശ്വാസികൾ തീർത്ഥാടനം നടത്തിയിരുന്നു. 1934-ലെ ഹാത്തിനു ചുറ്റുമുള്ള പ്രദേശമാണ് ചിത്രത്തിലുള്ളത്.

7- ഖാഖുൻ

Qaqun-1911

തുൽക്കറമിൽ നിന്ന് 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഫലസ്തീനിലെ ഒരു ഗ്രാമമാണ് ഖാഖുൻ. ദൂരെ നിന്ന് കാണാൻ കഴിയുന്ന ഒരു മംലൂക്ക് പള്ളിക്ക് പുറമേ ഇവിടെ നിർമ്മിച്ച കുരിശുയുദ്ധ കോട്ട ഖാഖുനിലെ ഒരു പ്രധാന ചരിത്ര സ്ഥലമായി കണക്കാക്കപ്പെടുന്നു. മുകളിലുള്ള ചിത്രം 1911-ൽ ഖാഖൂനെ ചിത്രീകരിക്കുന്നതാണ്.

8- സിറിൻ

Zirin-palestine-1900

ജെനിനിൽ നിന്ന് 11 കിലോമീറ്റർ വടക്കുള്ള പലസ്തീൻ ഗ്രാമമാണ് സിറിൻ. 1936-ലെ കലാപ നേതാവ് മഹമ്മൂദ് സലിമിന്റെ ജന്മസ്ഥലം കൂടിയാണ് ഈ ഗ്രാമം. 1,400 ഫലസ്തീനികൾ താമസിച്ചിരുന്ന ഒരുചെറിയ ഗ്രാമമായിരുന്നു സിറിൻ. അതിടെയുള്ള വീടുകൾ മണ്ണുകൊണ്ടായിരുന്നു നിർമ്മിച്ചത്. ഗ്രാമത്തിൽ ഒരു ചെറിയ ചന്തയും ഒരു ഓട്ടോമൻ സ്കൂളും ഒരു ചെറിയ പള്ളിയുമുണ്ടായിരുന്നു. ഈ സൈറ്റ് ചരിത്രപരമായി പ്രാധാന്യമുള്ളതും മധ്യകാലഘട്ടത്തിലെ വിവിധ പുരാവസ്തുക്കളും ഉൾക്കൊള്ളുന്നതുമാണ്.

9- ജുബ്ബ് യൂസഫ്

Jubb-Yusuf

ചരിത്രപരമായി പ്രാധാന്യമുള്ളതും അറബ്, പാശ്ചാത്യ സഞ്ചാരികളുടെ ഇടത്താവളമായി അറിയപ്പെട്ടിരുന്നതുമാണ് ജുബ്ബ് യൂസഫ് ഗ്രാമം. ഗ്രാമത്തിലെ ചരിത്രപ്രസിദ്ധമായ ട്രാവൽ ലോഡ്ജുകളാണ് മുകളിലെ ചിത്രത്തിലുള്ളത്. ഹാത്തിൻ യുദ്ധത്തിൽ കുരിശുയുദ്ധക്കാരുമായി യുദ്ധം ചെയ്യാനുള്ള വഴിയിൽ സലാഹുദ്ദീൻ അവിടെ സൈന്യത്തെ നിർത്തിയതായി പറയപ്പെടുന്നു. യുസുഫ് പ്രവാചകനെ സഹോദരങ്ങൾ തള്ളിയിട്ട കിണറിന് അടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഈ ഗ്രാമത്തിനു ഇങ്ങനെ നാമകരണം ചെയ്തിട്ടുള്ളത്. 1948-ൽ 200 ഫലസ്തീനികൾ ഈ ചെറിയ ഗ്രാമത്തിൽ താമസിച്ചിരുന്നു.

10- ഖിസര്യ

Qisarya-palestine-1938

മഹാനായ ഹെരോദാവ് പണികഴിപ്പിച്ച പുരാതന നഗരമായ സിസേറിയ മാരിറ്റിമയുടെ അറബീകരിച്ച രൂപമാണ് ഖിസര്യ. 1884-ൽ ബോസ്‌നിയൻ മുസ്‌ലിംകൾ ഈ പുരാതന നഗരത്തിൽ സ്ഥിരതാമസമാക്കുകയും ഓസ്‌ട്രോ-ഹംഗേറിയൻ അധിനിവേശത്തിൽ നിന്ന് 1878-ൽ ബോസ്‌നിയ ആൻഡ് ഹെർസഗോവിനയിൽ നിന്ന് പലായനം ചെയ്ത ശേഷം ഒരു ചെറിയ മത്സ്യബന്ധന ഗ്രാമം സ്ഥാപിക്കുകയും ചെയ്തു. മുകളിലെ ചിത്രം 1938-ൽ എടുത്തതാണ്.

അവലംബം-middleeasteye.net

Related Articles