Current Date

Search
Close this search box.
Search
Close this search box.

ഹമാസും ശിയാക്കളും

ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റ് “ഹമാസ്” ഒരു സലഫി – സുന്നി – ജിഹാദീ ഇസ്ലാമിക പ്രസ്ഥാനമാണ്. ആരു സമ്മതിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ ഈ വാക്കുകൾ പറയുന്നത് കച്ചവട താത്പര്യം കൊണ്ടോ ആരുമായും അടുക്കാനോ മുഖസ്തുതി പറയാനോ അല്ല. ദൈവത്തിൻ്റെ പ്രീതി മോഹിച്ചും സത്യം വ്യക്തമാക്കാനും അനുഗ്രഹീത ഭൂമിയിൽ പോരാടുന്ന, ചെറുത്തു നില്പു നടത്തുന്ന ധീര മുജാഹിദുകളെക്കുറിച്ചുള്ള സംശയങ്ങൾ അകറ്റാനുമുള്ള ആഗ്രഹം കൊണ്ടു മാത്രമാണ്.

ഹമാസ് ഫലസ്തീനിൻ്റെ അകത്തു തന്നെ രൂപം കൊള്ളയും മസ്ജിദുകളിലൂടെ പ്രചരിക്കുകയും ചെയ്ത പ്രസ്ഥാനമാണ്. ഏതെങ്കിലും അറബ് ഭരണകൂടങ്ങളുടെ സൃഷ്ടിയല്ല. അതിനാൽ തന്നെയാണ് ഹമാസിന് മുമ്പുള്ള പല സംഘടനകളും നേടാത്തത് അതിനു നേടാൻ കഴിയുന്നതും. മറ്റുള്ളവരെപ്പോലെ ഹമാസ് തങ്ങളുടെ സമരം ഫലസ്തീന് പുറത്തേക്ക് മാറ്റിയിട്ടില്ല. അന്യായമായി ഫലസ്തീൻ ഭൂമി കയ്യടക്കി അധിനിവേശം തുടരുന്ന സയണിസ്റ്റ് ജൂതന്മാർക്ക് എതിരാണ് ഹമാസിൻ്റെ പോരാട്ടം. ഇത് ഒരു രാഷ്ട്രീയ തന്ത്രമല്ല. സംസ്ഥാപനത്തിൻ്റെ തുടക്കം മുതൽ സ്വീകരിച്ചിട്ടുള്ള സുചിന്തിതവും സുസ്ഥിരവുമായ നിലപാടാണ്. ഇതെല്ലാവർക്കും ബോധ്യപ്പെട്ടതുമാണ്.

പലസ്തീൻ ജനതയുടെ താൽപ്പര്യത്തിനും അവരുടെ ന്യായമായ ലക്ഷ്യത്തിന്റെ തത്വങ്ങൾക്കും അനുസൃതമായി എല്ലാ അറബ്, അറബേതര ഭരണകൂടങ്ങളോടും സന്തുലിതമായി ബന്ധങ്ങളുണ്ടാക്കിയിട്ടുണ്ട് ഹമാസ്. ഏത് സാഹചര്യത്തിലും ഏത് ഭരണകൂടത്തിനും വഴങ്ങുന്നത് ശക്തമായി നിരസിക്കുകയും വിസമ്മതിക്കുകയും ചെയ്യുന്നു. പ്രാദേശികവും അന്തർദേശീയവുമായ ഓഫറുകൾ എല്ലാ ഘട്ടങ്ങളിലും – ഹമാസ് നേതാക്കളെ ടാർഗററുചെയ്യുകയില്ലെന്ന ഉറപ്പുപോലും നൽകിയിട്ടും – അതെല്ലാം നിരാകരിച്ച ചരിത്രമാണ് ഹമാസിൻ്റേത്.

ആദർശപരമായ ഔന്നത്യം ഉയർത്തിപ്പിടിച്ച ഹമാസ് ദൈവത്തിനുവേണ്ടി അതിന്റെ സ്ഥാപകന്റെയും നേതാക്കളുടെയും ജീവനുകൾ ബലിയർപ്പിച്ചു. ഫലസ്തീൻ പ്രശ്നം ഇസ്‌ലാമിക ലോകത്തിന്റെയും മുസ്ലിം ജനതയുടെയും താക്കോലാണെന്ന് പല ഭരണകൂടങ്ങളും മനസ്സിലാക്കുന്നു. അതിനാൽ ദേശസ്‌നേഹികളായ ഫലസ്തീനികളുമായി അടുക്കാനും ബന്ധത്തിനും അവർക്ക് താൽപ്പര്യമുണ്ട്. ഈ നിലപാടിൽ നിന്ന് അവർ ഹമാസുമായും മറ്റുള്ളവരുമായും ബന്ധം സ്ഥാപിച്ചു. ഹമാസ് അതിൻ്റെ നിലപാടിൽ ഉറച്ച് നിന്ന് കൊണ്ടു തന്നെ ആ ബന്ധങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഭരണകൂടങ്ങളുടെയോ പാർട്ടികളുടെയോ കാഴ്ചപ്പാടുകളല്ല, ഫലസ്തീൻ ലക്ഷ്യത്തിന്റെ താൽപ്പര്യങ്ങളും തത്വങ്ങളും പരിഗണിച്ചു കൊണ്ടുള്ള വ്യവഹാരങ്ങളാണിത്.

ഹമാസിന്റെ ചില നേതാക്കൾ ഇറാൻ സന്ദർശിച്ചതുകൊണ്ടുമാത്രം ഹമാസിനെ ശീയിസ്റ്റുകളെന്നോ ശിയാക്കളോട് കൂറുള്ളവരെന്നോ ആരോപിക്കുന്നവർ നാളെ അവരെ കമ്മ്യൂണിസ്റ്റുകളെന്നും കുറ്റപ്പെടുത്തിയേക്കാം. അതിലെ ചില നേതാക്കൾ അവരുടെ ന്യായമായ പ്രശ്നത്തിനത്തോടൊപ്പം നിൽക്കുന്ന റഷ്യയും മറ്റു രാജ്യങ്ങളും സന്ദർശിച്ചു പിന്തുണ തേടിയേക്കാം.

ഹമാസിനെ കുറ്റപ്പെടുത്തുന്നവർക്ക്, അതിന്റെ മുഖത്ത് വാതിലുകൾ അടച്ചവർക്ക്, പിന്തുണയ്ക്കാതെ വിട്ടുനിൽക്കുന്നവർക്ക് ഒരു നാണക്കേടും ഉത്തരവാദിത്തവുമില്ലേ? ഹമാസ് അവരുടെ കൺമുമ്പിൽ ആത്മഹത്യ ചെയ്യുന്നത് കണ്ടാൽ മാത്രമേ അവർ തൃപ്തരാവുകയുള്ളൂ?

വിശ്വാസികളോട്‌ മാത്രമല്ല വേദക്കാരും ബഹുദൈവാരാധകരുമായ അമുസ്‌ലിംകളോട് പോലും ഇടപെടുന്നതിലും ഇടപഴകുന്നതിലുമുളള ഇസ്‌ലാമിക കാഴ്ചപ്പാടിനെപ്പറ്റി ഇവർക്കൊട്ടും വിവരമില്ലേ? വിശ്വാസത്തിനു വിരുദ്ധമല്ലാത്ത മൈത്രീബന്ധം സ്ഥാപിക്കുന്നതിൽ വിരോധമില്ലെന്ന് ഇവർ മനസ്സിലാക്കിയിട്ടില്ലേ?

ആക്രമണകാരികളായ കുരിശുയുദ്ധക്കാരോടുള്ള ബന്ധത്തിനും സഹകരണത്തിനും മൗനാംഗീകാരം നൽകിയ ഇവരുടെ നിലപാട് അതിശയിപ്പിക്കുന്നതാണ്. ഈ വ്യക്തമായ വിപത്തിനെ നിഷേധിക്കുന്ന ഒരു വാക്ക് പോലും നാം അവരിൽ നിന്ന് കേട്ടിട്ടില്ല;വായിച്ചിട്ടുമില്ല. എന്താ ഇക്കൂട്ടർക്ക് തീരെ നാണമില്ലേ..? ഈ പ്രതികൂല സാഹചര്യങ്ങളിലും അവരുടെ പകയും അന്ധമായ വെറുപ്പും നീക്കാനായിട്ടില്ലേ?അവർ ദൈവത്തെ ഭയപ്പെടുന്നില്ലേ?ജൂതന്മാർ തങ്ങളുടെ സഹോദരങ്ങളുടെ മേൽ മിസൈലുകളും ബോബുകളും വർഷിക്കുന്ന സന്നിഗ്ദ ഘട്ടത്തിൽ അവർ തങ്ങളുടെ നാവുകൊണ്ട് അവരെ ദ്രോഹിക്കുകയാണ്. പടിഞ്ഞാറും കിഴക്കുമുള്ള ജനസമൂഹങ്ങൾ ഫലസ്തീനിലെ അടിച്ചമർത്തപ്പെട്ടവർക്ക് പിന്തുണ നൽകുന്നത് അവർ കാണുന്നില്ലേ?എന്നിട്ടും അവർ കാഴ്ചക്കാരായി ആഹ്ലാദത്തിൽ അഭിരമിക്കുന്നു!ഏതാണ് ഇവരുടെ മതവും അഖീദ:യുമെന്ന് അറിയാൻ ആഗ്രഹമുണ്ട്.

ഇറാനുമായുള്ള ഇടപാടുകളിൽ നിന്ന് ഭൗതിക നേട്ടമാണ് ഹമാസിൻ്റെ താത്പര്യമെങ്കിൽ, അമേരിക്കയും യൂറോപ്പുമായി അടുക്കുന്നതല്ലെ അതിനുള്ള കുറുക്കുവഴി? സ്വന്തം ജനങ്ങളുടെ താൽപ്പര്യങ്ങളും നിയമാനുസൃതമായ അവകാശങ്ങളും നേടിയെടുക്കുക, സർവ്വ സർവ്വശക്തനായ ദൈവത്തിന്റെ സംതൃപ്തി കൈവരിക്കുക – അത് മാത്രമേ ഹമാസ് ആഗ്രഹിക്കുന്നുള്ളൂ. അത് ഉയർത്തിപ്പിടിക്കുന്ന മൗലിക തത്ത്വങ്ങളെ ബാധിക്കാത്തിടത്തോളം തങ്ങളുമായി സഹകരിക്കുന്നവരോട് ചേർന്നു നിൽക്കാൻ അത് സന്നദ്ധവുമാണ്..

സുന്നികൾ വാതിൽ തുറന്ന് തന്ന ശേഷവും ഹമാസ് മറ്റുള്ളവരുടെ അടുത്തേക്ക് പോയാൽ നിങ്ങളുടെ കുറ്റപ്പെടുത്തൽ ശരിയാകും. പക്ഷെ പലതവണ സഹായം ചോദിച്ചിട്ടും സുന്നി ഭരണാധികാരികൾ പ്രതികരിച്ചിട്ടില്ലെന്ന് ഹമാസ് നേതാക്കന്മാർ പറഞ്ഞത് നിങ്ങൾ കേട്ടിട്ടില്ലേ? ഹമാസ് നായകൻ ഇസ്മാഈൽ ഹനിയ്യ ശിയാക്കളുടെ നമസ്കാര രീതി പിന്തുടരാൻ വിസമ്മതിച്ച ദൃശ്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു നിങ്ങൾ കണ്ടില്ലേ? അറിയാവുന്നതെല്ലാം പറഞ്ഞു മറ്റുള്ളവരുടെ ശത്രുത ക്ഷണിച്ചു വരുത്തുന്നത് ബുദ്ധിയും വിവേകവുമുള്ളവർക്ക് ഭൂഷണമല്ല.

നാളെ ഹമാസ് വിജയിച്ചാൽ – ദൈവം ഇച്ഛിച്ചാൽ – ഇറാൻ ആണ് പിന്തുണച്ചത്, അവരാണ് കൂടെ നിന്നത്, അതിനാൽ മുസ്‌ലിംകളെ പ്രതിനിധീകരിക്കാൻ അർഹതയുള്ളതും അവകാശമുള്ളതും ഇറാന് ആണെന്ന് മുസ്‌ലിംകൾ പറയുന്നത് ഇക്കൂട്ടരെ സന്തോഷിപ്പിക്കുമോ?

ഹുദൈബിയാ ഉടമ്പടിയിൽ അമുസ്ലിം ഗോത്രമായ ഖുസാഅയെ തൻ്റെ സംഖ്യകക്ഷിയായി പ്രവാചകൻ അംഗീകരിച്ചില്ലെ? സാധ്യമാകും വിധം ശത്രുപക്ഷ മുന്നണിയെ ദുർബലമാക്കുകയായിരുന്നു ഉദ്ദേശ്യം.”ശർഹ് അൽസ്സിയർ അൽ-കബീറിൽ (4/1422-1423) ഇങ്ങനെ പ്രസ്താവിച്ചു: “മുസ്ലിംകൾ ബഹുദൈവാരാധകർക്കെതിരെ ബഹുദൈവാരാധകരോട് സഹായം തേടുന്നതിൽ ഒരു കുഴപ്പവുമില്ല, ഇസ്‌ലാമിന്റെ വിധിക്ക് അവർ വിധേയരായാൽ… ഇതിനെക്കുറിച്ച് ദൈവദൂതൻ പരാമർശിച്ചു: ” മരണാനന്തര ജീവിതത്തിൽ ഒരു പങ്കും ഇല്ലാത്ത ആളുകളെക്കൊണ്ടും അല്ലാഹു അവൻ്റെ ദീനിനെ ശക്തിപ്പെടുത്തും.” (ബുഖാരി, മുസ്ലിം)

നബി (സ) ബഹുദൈവാരാധകനായിരുന്ന അൽ മുഅ്‌തിം ബിൻ അദിയ്യിൻ്റെ സംരക്ഷണം സ്വീകരിച്ചില്ലെ? തൻ്റെ ഉമ്മത്തിന് ഒരു ഗുണപാഠമെന്നോണം മുത്വ്ഇമിനെ ബദ്‌റിലെ തടവുകാരെ വിട്ടുകൊടുക്കുന്ന സന്ദർഭത്തിൽ പ്രവാചകൻ അനുസ്മരിച്ചു: ‘”അൽ-മുതിം ബിൻ അദിയ്യു ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഈ ദുഷ്ടരെപ്പറ്റി എന്നോട് സംസാരിക്കുകയാണെങ്കിൽ ഞാൻ അവരെ അദ്ദേഹത്തിന് വിട്ടുകൊടുക്കുമായിരുന്നു.” (ബുഖാരി) പ്രവാചകൻ്റെ ഈ മാതൃകയോടും ഇവർക്ക് വെറുപ്പും വിയോജിപ്പുമാണോ?

രാജ്യങ്ങളെ മിതവാദികളെന്നും ഭീകര- തീവ്രവാദികളെന്നും തരം തിരിക്കുന്ന കുരിശുയുദ്ധക്കാരുടെയും അവരുടെ അനുയായികളുടെയും വിഭജനം എത്ര വിചിത്രകരമാണ്!സുന്നി സംഘടനയായ ഹമാസിനെ ഷിയാ ഇറാനുമായി കൂട്ടികെട്ടുന്നതാണ് അതിവിചിത്രം! മുസ്ലിം സമൂഹത്തിലെ ചിലർ ഈ വിഭജനത്തെ ശരിവെക്കുകയും തദടിസ്ഥാനത്തിൽ തങ്ങളുടെ സഹോദരങ്ങളോട് നിലപാട് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സയണിസ്റ്റ് വിദേശകാര്യ മന്ത്രി ലിവ്‌നി ആക്രമണത്തിന്റെ തുടക്കത്തിൽ സയണിസ്റ്റ് നെസെറ്റിൽ ഒരു പ്രസംഗം നടത്തുന്നത് നമ്മൾ കേട്ടു: “ഇറാൻ്റെയും ഹമാസിൻ്റെയും ആക്രമണത്തിൽ നിന്ന് ഞങ്ങൾ അറബ് രാജ്യങ്ങളെ പ്രതിരോധിക്കുന്നു!”

ഇവരാണ് അറബ് രാജ്യങ്ങൾക്കും ഇസ്‌ലാമിക സമൂഹങ്ങൾക്കും ശത്രുക്കളെ നിർവചിച്ചു കൊടുക്കുകയും അതിൻ്റെ മാനദണ്ഡം നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നത്. ചില അറബ് പത്രങ്ങൾ ആ അമേരിക്കൻ – സയണിസ്റ്റ് ആരോപണങ്ങൾ അക്ഷരം പ്രതി ആവർത്തിക്കുന്നത് ആശ്ചര്യകരമാണ്, ആ വിഭജനത്തെ അടിസ്ഥാനമാക്കി സയണിസ്റ്റ് ഇസ്രയേലിൻ്റെ സ്ഥാനം മിതവാദികളുടെ പട്ടികയിലാണു എന്നത് കൂടുതൽ വിചിത്രകരമാണ്.

സർവ്വശക്തനായ അല്ലാഹുവിൻ്റെ വചനങ്ങളെ എങ്ങനെയാണ് ഇവർ മനസ്സിലാക്കുന്നത്? ‘നിങ്ങളുടെ എതിരാളികളെപ്പറ്റി നന്നായറിയുന്നവന്‍ അല്ലാഹുവാണ്. രക്ഷകനായി നിങ്ങള്‍ക്ക് അല്ലാഹു മതി. തുണയായും അല്ലാഹുതന്നെ മതി’ (അന്നിസാഅ് : 45 ) ശത്രുക്കൾ ആരാണെന്ന് അവൻ നമുക്ക് വിശദീകരിച്ചു: “മനുഷ്യരില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം “.(അല്‍മാഇദ : 82)

ചെറുത്തുനിൽപും പോരാട്ടവും നടത്തുന്നവർ പൂർണ്ണമായും സുന്നികളാണെങ്കിലും അവരെ ശിയാ – തീവ്രവാദ മുന്നണിയിലേക്ക് ചേർത്ത് വെക്കുകയാണിവർ. എന്നിട്ട് ഇറാനിയൻ അജണ്ടയിൽ നിന്ന് മാറിനിൽക്കാൻ അവർ ഹമാസിനെ ഉപദേശിക്കുന്നു. മേഖലയിലെ ഏറ്റവും വലിയ സൈനിക ശക്തിയായ സയണിസ്റ്റ് രാഷ്ട്രത്തെ മിസൈലുകൾ വിക്ഷേപിച്ച് പ്രകോപിപ്പിക്കരുതെന്നും. ഇത് ഒരിക്കലും തുല്യശക്തികൾ തമ്മിലുള്ള യുദ്ധമല്ല എന്നും മുന്നറിയിപ്പു നൽകുന്നു.

ഫലസ്തീൻ ജനതയോടുള്ള അനുകമ്പയുടെയും അവരുടെ താൽപ്പര്യങ്ങളോടുള്ള കരുതലിന്റെയും മറവിൽ പൊതിഞ്ഞതായിരിക്കാം ഈ ഉപദേശം. വാസ്തവത്തിൽ ഇത് “ന്യൂ മിഡിൽ ഈസ്റ്റ്”പദ്ധതിക്ക് കീഴടങ്ങാനും സ്വയം നാശത്തിൽ നിപതിക്കാനുള്ള ആഹ്വാനമാണ്. അബു അയ്യൂബ് അൽ -അൻസാരി (റ) നമ്മോട് പറഞ്ഞു: “സ്വയം കൈകൊണ്ട് നാശത്തിലേക്ക് വലിച്ചെറിയുക എന്നാൽ സമ്പത്തും സന്താനങ്ങളുമായി കഴിഞ്ഞുകൂടി ജിഹാദ് ഉപേക്ഷിക്കലാണ്.”

ഇവരോട് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ചോദ്യം ചോദിക്കുകയാണ്: നിങ്ങൾ ഫലസ്തീൻ ജനതയുടെ കല്ലും കവണയും ഉപയോഗിച്ചുള്ള ജിഹാദിനെ കുറ്റപ്പെടുത്തി. അത് ആത്മഹത്യയാണെന്ന് പറഞ്ഞു. ഇപ്പോൾ നിങ്ങൾ മിസൈലുകളെ കുറ്റപ്പെടുത്തി പറയുന്നു: അത് പ്രാകൃതവും പ്രാദേശികവും ആണെന്ന്. അവർ ചൈനീസ്- റഷ്യൻ നിർമ്മിത മിസൈലുകൾ ഉപയോഗിക്കുമ്പോൾ അവരെ ആക്ഷേപിക്കുന്നതെന്തിന്? ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പ് ഇറാനുമായോ അതോ സയണിസ്റ്റ് അധിനിവേശവുമായോ ബന്ധപ്പെട്ടിരുക്കുന്നത്?

പലസ്തീൻ ജനതയ്ക്ക് ജിഹാദിന്റെയും ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും പാതയിലേക്ക് നയിക്കാനും ആജ്ഞാപിക്കാനും ആരുടെയെങ്കിലും ആവശ്യമുണ്ടോ? അതോ നമ്മുടെ വിശ്വാസവും നമ്മുടെ ചരിത്രവും നമ്മുടെ ജീവിതയാഥാർത്ഥ്യവും ശത്രുവിന്റെ കുറ്റകൃത്യങ്ങളുമാണ് നമ്മെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നത്? അല്ലാഹു പറഞ്ഞു: പ്രവാചകന്‍ പറഞ്ഞു: ”എന്റെ നാഥാ; നീ സത്യംപോലെ വിധി കല്‍പിക്കുക. ഞങ്ങളുടെ നാഥന്‍ പരമകാരുണികനാണ്. നിങ്ങള്‍ പറഞ്ഞുപരത്തുന്നതിനെതിരെ ഞങ്ങള്‍ക്ക് സഹായത്തിന് ആശ്രയിക്കാവുന്നവനും.” (അല്‍അമ്പിയാഅ് : 112)

( ഫലസ്തീൻ സ്വദേശിയാണ് ലേഖകൻ. സുഊദി അറേബ്യയിലെ സലഫീ വെബ് സൈറ്റ് saaid.org ൽ നിന്ന്)

വിവ:എം.ബി.അബ്ദുർ റഷീദ് അന്തമാൻ 

Related Articles