Current Date

Search
Close this search box.
Search
Close this search box.

ഹമാസ്; വയലൻസിന്റെ നൈതികതയെ ആലോചിക്കുമ്പോൾ

വയലൻസിന്റെ (ഹിംസ ) നൈതികതയെ കുറിച്ച ആലോചന എന്ന് പറയുമ്പോൾ ചില ചോദ്യങ്ങൾ പ്രധാനമാണെന്ന് കരുതുന്നു. വയലൻസ് നൈതികമായൊരു കാര്യമാണോ എന്നതാണ് ഒന്ന്, അല്ല എന്നാണ് ഉത്തരമെങ്കിൽ യുദ്ധം പോലുളള പ്രവാചക നടപടികളെ മനസ്സിലാക്കാൻ കഴിയാതെ വരും. വയലൻസ് നൈതികമാവുന്ന സന്ദർഭങ്ങളും ഉണ്ട് എന്നതാണ് ഉത്തരമെങ്കിൽ ആർക്കാണ് അത് ചെയ്യാനുള്ള അധികാരം എന്നതാണ് അടുത്ത ചോദ്യം. ഏത് തരം അല്ലെങ്കിൽ ആരുടെ വയലൻസാണ് നൈതികമാവുന്നത്? തലാൽ അസദ് തന്റെ ‘on Suicide bombing’ എന്ന പുസ്തകത്തിൽ ഉന്നയിക്കുന്ന ഒരു കാര്യമുണ്ട്:

“യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രമല്ല, യൂറോപ്പിലും ഇസ്രായേലിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ചിലതരം സമകാലിക അക്രമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ‘തീവ്രവാദം’ എന്ന പദം ഇന്ന് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? യൂറോപ്പിലെ മുൻകാലത്തെ വയലന്റ് ഗ്രൂപ്പുകളെല്ലാം ദേശരാഷ്ട്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്നവരാണെന്നും അതിനാൽ അവർ അകത്തുള്ളവരാണെന്നുമുള്ള ഒരാശയമുണ്ട്. നിലവിലെ എതിരാളികൾ (മുസ്ലിം ഭീകരർ) പുറത്തുനിന്നുള്ളവരാണ്-അവർ ലിബറൽ ഡെമോക്രാറ്റിക് സ്റ്റേറ്റിന്റെ പൗരന്മാരോ അത് ഭരിക്കുന്ന പ്രദേശങ്ങളിലെ നിവാസികളോ ആണെങ്കിൽ പോലും. മറുവശത്ത്, ലിബറലുകൾക്ക് അത് എത്ര അപലപനീയമായ അക്രമമായിരുന്നാലും, മാർക്സിസ്റ്റുകളുടെയും ദേശീയവാദികളുടെയും വയലൻസ് പുരോഗമന-മതേതര ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാൽ ഇസ്ലാമിക ഗ്രൂപ്പുകളുടെ വയലൻസ് പലർക്കും മനസ്സിലാക്കാൻ കഴിയില്ല, കാരണം അത് ചരിത്രാഖ്യാനത്തിൽ ഉൾക്കൊള്ളാവുന്നതല്ല – ചരിത്രം അതിന്റെ ‘ശരിയായ’ അർത്ഥത്തിൽ. ജനാധിപത്യ രാഷ്ട്രീയത്തോട് ശത്രുത പുലർത്തുന്ന സമഗ്രാധിപത്യ മതപാരമ്പര്യം എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന അക്രമം എന്ന നിലയിൽ, അത് യുക്തിരഹിതവും അന്തർദേശീയ ഭീഷണിയുമാണ്”.

ഇവിടെ ‘ശരിയായ’ ചരിത്രത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ‘സാധുവായ’ ആ വയലൻസ് ഏതാണ്? ആധുനിക ദേശരാഷ്ട്രത്തിന്റെ പൗരർ എന്ന നിലയിൽ ദേശരാഷ്ട്രത്തിന് ‘സാധുവായ’ ആ വയലൻസ് നടത്താം എന്ന് നിർബന്ധിതമായോ അല്ലാതെയോ സമ്മതിക്കുന്നവരാണ് നമ്മൾ. യുദ്ധം, വംശഹത്യ, പ്രത്യാക്രമണം, കലാപം, പ്രതിരോധം എന്നിങ്ങനെ ആരാണ് വ്യത്യസ്ത തരം വയലൻസുകൾക്ക് നാമകരണം ചെയ്യുന്നത് എന്ന് മഹ്‌മൂദ് മംദാനി തന്റെ ‘Saviors and survivors’ എന്ന പുസ്തകത്തിൽ അന്വേഷിക്കുന്നുണ്ട്. ‘പൊളിറ്റിക്സ് ഓഫ് നെയിമിംങ്’ എന്നാണ് അദ്ദേഹം ഈ വ്യവഹാരത്തെ വിളിക്കുന്നത്. അമേരിക്ക തങ്ങളുടെ അഫ്‍ഗാൻ അധിനിവേശത്തെ ‘മാനവിക ഇടപെടൽ’ (Humanitarian intervention) എന്ന് വിളിച്ചതിനെ അദ്ദേഹം ഇവിടെ പ്രശ്‍നവൽക്കരിക്കുന്നുണ്ട്. വയലൻസിനെക്കുറച്ചുള്ള മറ്റൊരു നൈതിക വ്യവഹാരം ഇത് ആവശ്യപ്പെടുന്നുണ്ട്.

‘നന്മ കൽപ്പിക്കുക തിന്മ വിരോധിക്കുക’ എന്നത് മുസ്ലിം ഉമ്മത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമായി ഖുർആൻ പഠിപ്പിക്കുന്നുണ്ട് (ഖുർആൻ : 3:104). തിന്മ വിരോധിക്കുന്നതിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട് നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസിന്റെ സാരം ഇങ്ങനെയാണ്:
നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: “നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ തൻ്റെ കൈ കൊണ്ട് അത് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ അവൻ്റെ നാവ് കൊണ്ട്. അതിനും സാധിച്ചില്ലെങ്കിൽ അവൻ്റെ ഹൃദയം കൊണ്ട്. അതാകുന്നു ഈമാനിൻ്റെ ഏറ്റവും ദുർബലമായ സ്ഥിതി”.

ഹൃദയത്തിൽ അമർഷം സൂക്ഷിക്കൽ ഈമാനിന്റെ ദുർബലമായ അവസ്ഥയെ കുറിക്കുന്നുവെങ്കിൽ കൈ കൊണ്ട് അഥവാ അധികാരവും ബലപ്രയോഗവും ഉപയോഗിക്കൽ ഈമാനിന്റെ ഉന്നതമായ തലത്തെ ക്കുറിക്കുന്നു. അത് വലിയ ധീരത ആവശ്യപ്പെടുന്നുണ്ട്. അവിടെയാണ് ഫലസ്തീൻ പോരാളികളെ അദബ് പഠിപ്പിക്കുന്ന, ആസിം ഖുറൈശിയുടെ ഭാഷയിൽ പറഞ്ഞാൽ ‘അദബ് പോലീസിംങ്’ നടത്തുന്നവരെ നമുക്ക് ചോദ്യം ചെയ്യേണ്ടി വരുന്നത്. ഹാതിം ബാസിയാൻ എഴുതിയത് പോലെ “ഒരു വംശഹത്യയുടെ പശ്ചാത്തലത്തിൽ, അത് തടയാൻ ഒരാളുടെ കഴിവിൽ എന്തും പറയുകയും ചെയ്യുകയുമാണ് അദബ് എന്ന് നിസ്സംശയം പറയാം. മിനിമം ഇസ്‌ലാമിക പാരമ്പര്യങ്ങളുടെ സ്വയം തിരഞ്ഞെടുത്ത വായനകളുടെ തെറ്റായ വിന്യാസത്തിലൂടെ ഫലസ്തീനികളുടെ വേദനയും കഷ്ടപ്പാടും കൂട്ടാതിരിക്കുക എന്നതെങ്കിലും ഒരാൾക്ക് ചെയ്യനാവണം”. ‘Israel fears you’ എന്ന പോഡ്‍കാസ്റ്റിൽ സാമി ഹംദി സൂചിപ്പിക്കുന്ന ഒരു കാര്യം ഇവിടെ പ്രധാനമാണെന്ന് തോന്നുന്നു. ഫലസ്തീൻ പ്രശ്നത്തിൽ വാക്കു കൊണ്ടെങ്കിലും പ്രതികരിക്കുന്നവരും ഇസ്രയേലിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നവരും തങ്ങളുടെ ഈമാനിന്റെ രണ്ടാമത്തെ പദവിയിലേക്ക് ഉയർന്നിരിക്കുന്നു എന്നാണ് ഉപരിസൂചിത ഹദീസിനെ മുൻ നിർത്തി അദ്ദേഹം പറയുന്നത്.

അക്രമിയായ ഭരണാധികാരിയോട് സത്യത്തിന്റെ വാക്കുച്ചരിക്കലാണ് ശ്രേഷ്ഠമായ ജിഹാദ് എന്നത് വിശ്രുതമായ പ്രവാചക ﷺ പാഠമാണല്ലോ! അവിടെ ആത്മീയത നീതിയോട് രാജിയാകലല്ല എന്ന് വരുന്നു. അത് അറിയാതെയാണെങ്കിൽ പോലും അനീതിയോട് സന്ധിയാകുന്നുണ്ടോ എന്ന ജാഗ്രതയായി മാറുന്നു. അവിടെ കുടിയേറ്റ കൊളോണിയലിസത്തോടുള്ള (Settler colonialism) നിലപാട് വയലൻസിന്റേതാണ്. അവിടെ നൈതികമാവുക എന്നതിനർത്ഥം വയലന്റാവുക എന്നതാണ്. ഉസ്താദ് യൂസുഫുൽ ഖറദാവി പറഞ്ഞത് പോലെ “ജിഹാദും ചെറുത്തു നിൽപ്പുമില്ലാതെ ഫലസ്തീനെ രക്ഷപ്പെടുത്താനാവില്ല. ബലം പ്രയോഗിച്ച് പിടിച്ചെടുത്തത് ബലം പ്രയോഗിച്ചല്ലാതെ തിരിച്ചുപിടിക്കാനാവില്ല”. അപ്രകാരം കേവല സമാധനത്തിനപ്പുറം നീതിയുടെ ചോദ്യങ്ങൾ പ്രധാനമാവുന്ന വ്യവഹാരത്തിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. നീതിയില്ലാതെയുളള സമാധാന ശ്രമങ്ങളെയാണത് പ്രതിസ്ഥാനത്ത് നിർത്തുന്നത്. അത്തരത്തിലുളള സമാധാനത്തിന്റെ ‘അസാധ്യത’ യെയാണ് ഹമാസിന്റെ വയലൻസിനെ പ്രതിയുള്ള നൈതിക വ്യവഹാരം കാണിച്ചു തരുന്നത്.

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

 

Related Articles