Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ബോംബിങ്; ഇസ്രായേലിന് വലിയ ‘വില’ നല്‍കേണ്ടി വരും

ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണത്തോട് ഇസ്രയേല്‍ നടത്തിയ ആദ്യ പ്രതികരണം തങ്ങള്‍ ഗസ്സയില്‍ ബോംബിടാന്‍ വ്യോമസേനയെ അയക്കുന്നു എന്നതായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ, തങ്ങളുടെ ലക്ഷ്യങ്ങളുടെ ഒരു വലിയ പട്ടിക ഇസ്രായേല്‍ വ്യോമസേനയ്ക്ക് നല്‍കിയിട്ടുണ്ട്. ഇസ്രായേല്‍ തകര്‍ന്നിട്ടില്ലെന്നും തങ്ങള്‍ക്ക ശക്തവും ക്രൂരവുമായ പ്രതികരണം നടത്താന്‍ കഴിയുമെന്ന് ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും ഒരുപോലെ കാണിച്ചുകൊടുക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ യുക്തി.

ഇസ്രായേല്‍ ആദ്യം നടത്തിയ വ്യോമാക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു, എന്നാല്‍, അവര്‍ തകര്‍ത്ത എതിരാളികളുടെ കേന്ദ്രങ്ങളുടെ എണ്ണം പറയുന്നതിന് പകരം ആയിരക്കണക്കിന് തവണ ഗസ്സയില്‍ ബോംബാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്നത് മോശം പി.ആര്‍ വര്‍കിന്റെ പ്രവണതയാണ് അവര്‍ കാണിച്ചത്.

തങ്ങള്‍ 12,000 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായി അവകാശപ്പെടുന്ന കണക്ക് ഏകദേശം ഒരാഴ്ച മുമ്പാണ് പുറത്തുവന്നത്. എന്നാല്‍, അവര്‍ എങ്ങനെ തകര്‍ത്തു, എന്ത് മാര്‍ഗങ്ങള്‍ ഉപയോഗിച്ചു എന്നതൊന്നൂം പറയാതെ തകര്‍ത്തവയുടെ എണ്ണം മാത്രമാണ് പറയുന്നത്. എന്നാല്‍ ആകെ ഉപയോഗിച്ച ബോംബുകളുടെ എണ്ണത്തില്‍ നിന്ന് നമുക്ക് പലതും മനസ്സിലാക്കാം. ഗസ്സയില്‍ 18,000 ടണ്‍ ബോംബുകള്‍ വര്‍ഷിച്ചതായി കഴിഞ്ഞ ആഴ്ച ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഫലസ്തീന്‍ ഭൂമിയിലെ നാശനഷ്ടങ്ങള്‍ ഈ കണക്കുമായി പൊരുത്തപ്പെടുന്നുണ്ട്.

വിയറ്റ്‌നാം യുദ്ധം മുതല്‍ പ്രചാരത്തിലുള്ള യു.എസ് രൂപകല്പന ചെയ്ത എം.കെ 80 പരമ്പരയില്‍പ്പെട്ടവയാണ് മിക്കവാറും എല്ലാ ബോംബുകളും. പരമ്പരാഗത ഫ്രീ-ഫാള്‍ ആയുധങ്ങള്‍ അല്ലെങ്കില്‍ ‘ഡംബ് ബോംബുകള്‍’ ആയി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇവയെ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ‘സ്മാര്‍ട്ട് ബോംബുകള്‍’ ആക്കി മാറ്റി നിരന്തരം നവീകരിച്ചിട്ടുണ്ട്. 120 കിലോ, 250 കിലോ, 500 കിലോ, 1,000 കിലോ എന്നിങ്ങനെ ആയുധത്തിന്റെ ആകെ ഭാരമനുസരിച്ച് തരംതിരിച്ചിരിക്കുന്ന വിവിധ വലുപ്പങ്ങളിലാണ് ഈ ബോംബുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇസ്രായേലി വ്യോമസേന പ്രധാനമായും മൂന്ന് തരം ഫിക്‌സഡ് വിംഗ് വിമാനങ്ങളാണ് ബോംബിങ്ങിനായി ഉപയോഗിക്കുന്നത്. എല്ലാം യു.എസ് നിര്‍മ്മിതമാണ്. എഫ്-15 പോര്‍ വിമാനങ്ങളുടെ പ്രധാന സവിശേഷത ആകാശത്ത് നിന്നും വളരെ കൃത്യമായും സുരക്ഷിതമായും ഫൈറ്റര്‍ ബോംബ് ഇടാനുള്ള മേന്മ ഉറപ്പാക്കും എന്നതാണ്.

നൂതന സാങ്കേതികതികവിലുള്ള പുതിയ 75 എഫ്-35 യുദ്ധവിമാനങ്ങള്‍ക്ക് ഇസ്രായേല്‍ ഓര്‍ഡര്‍ നല്‍കി. ഇതുവരെയായി ഇതില്‍ 40 എണ്ണം ലഭിച്ചിട്ടുണ്ട്. ഈ വിമാനങ്ങള്‍,ഒരു പക്ഷേ ഗസ്സയില്‍ ബോംബിടാന്‍ ഉപയോഗിക്കാന്‍ സാധ്യതയില്ല, എന്നാല്‍ ഏത് ഭീഷണിയെയും നേരിടാന്‍ ഇവ ആകാശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച, യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് വിക്ഷേപിച്ച ഹൂതി ക്രൂയിസ് മിസൈലിനെ എഫ്-35 വിമാനം വെടിവച്ചു വീഴ്ത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

പഴയതും ഈ മേഖലയില്‍ പയറ്റിത്തെളിഞ്ഞതുമായ പോര്‍ വിമാനമായ എഫ്-16 ആണ് ഗസ്സ ബോംബിംഗ് കാമ്പയിനിനായി ഇസ്രായേല്‍ പ്രധാനമായും ഉപയോഗിച്ചത്. കൃത്യമായി ആയുധങ്ങള്‍ നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇസ്രായേല്‍ അതിന്റെ തന്ത്രങ്ങള്‍ക്ക് അനുയോജ്യമായ യുദ്ധ വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് നിര്‍മ്മിച്ചത്. ഇത്തരത്തില്‍ നൂറോളം വിമാനങ്ങള്‍ ഇപ്പോള്‍ യുദ്ധമുഖത്തുണ്ട്. ഓരോന്നിനും 7 ടണ്‍ ഭാരം വഹിക്കാന്‍ കഴിയുമെങ്കിലും, പ്രായോഗിക ആവശ്യങ്ങള്‍ക്കായി, എഫ്-16 വിമാനങ്ങള്‍ നാല് ബോംബുകളുമായി പറന്നുയരുമെന്നാണ് നിഗമനം.

നാല് ബോംബുകളും 1,000 കിലോഗ്രാമിന്റേതാണെങ്കില്‍ 18,000 ടണ്‍ ബോംബുകള്‍ നിക്ഷേപിക്കാന്‍ 4,500 വിമാനങ്ങള്‍ വേണ്ടിവരും.
എന്നാല്‍ ഉപയോഗിച്ച എല്ലാ ബോംബുകളും ഏറ്റവും ഭാരമേറിയവയല്ല, അതിനാല്‍ ഗസ്സയ്ക്ക് മുകളിലൂടെയുള്ള ബോംബിംഗ് വിമാനങ്ങളുടെ എണ്ണം 6,000-ന് അടുത്തായിരിക്കാം.

ഇസ്രായേല്‍ വ്യോമസേനയുടെ എല്ലാ പതിപ്പുകളിലുമായി ഏകദേശം 170 എഫ്-16 വിമാനങ്ങളുണ്ട്. എല്ലാ വ്യോമസേനകളിലും, 20 ശതമാനം വിമാനങ്ങളും പതിവ് അറ്റകുറ്റപ്പണികള്‍ക്കോ നവീകരണത്തിനോ വേണ്ടി മാറ്റിവെച്ചതിനാല്‍ ഇവയെല്ലാം എല്ലാ സമയത്തും സേവനത്തിലുണ്ടാകില്ല. പ്രൊഫഷണല്‍, വേഗത എന്നിവയിലുള്ള യുദ്ധ വിമാനങ്ങള്‍ക്ക് പേരുകേട്ടതാണ് ഇസ്രായേല്‍. അതിനാല്‍ ഏകദേശം 150 എഫ് 16 വിമാനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. വ്യോമാക്രമണ പരമ്പര തുടരുന്നതിനനുസരിച്ച്, തുടര്‍ച്ചയായ ഉപയോഗം മൂലം കേടുവന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികളും മറ്റും ആവശ്യമായി വരുന്നതിനാല്‍ ഈ എണ്ണം പതിയെ കുറയാന്‍ തുടങ്ങും. എന്നാല്‍, 100-ലധികം എഫ് 16 വിമാനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഇറക്കാന്‍ പറ്റുന്ന അവസ്ഥയില്‍ സൂക്ഷിക്കാന്‍ ഇസ്രായേലിന് കഴിയും.

അങ്ങനെ, എഫ് 16 വിമാനങ്ങള്‍ പ്രതിദിനം ശരാശരി 1.5 യുദ്ധ ദൗത്യങ്ങള്‍ നടത്തുന്നു. ഗസ്സയില്‍ നിന്ന് 50 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ പരിധിക്കുള്ളില്‍, ഏഴില്‍ കുറയാത്ത ഇസ്രായേലി എയര്‍ബേസുകളുള്ള യുദ്ധക്കളത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍, വിമാനത്തിന്റെ പറക്കലിന് ചെറിയ സമയമേ ആവശ്യം വരുന്നുള്ളൂ. അതിനാല്‍ പൈലറ്റുമാര്‍ക്ക് ക്ഷീണത്തെക്കുറിച്ച് ആകുലപ്പെടാതെ വിമാനം പറപ്പിക്കാന്‍ കഴിയും. ഒരു വിമാനത്തില്‍ കുറഞ്ഞത് രണ്ടോ മൂന്നോ ജീവനക്കാര്‍ ആണ് ഉണ്ടാവുക. എന്നാല്‍ കൃത്യമായ എണ്ണം എല്ലായിപ്പോഴും രഹസ്യമാക്കിവെക്കലാണ് പതിവ്. എങ്കിലും, ഇസ്രായേല്‍ വ്യോമസേനയ്ക്ക് മതിയായതും സജീവമായതുമായ പൈലറ്റുമാരും പരിശീലനം ലഭിച്ച സഹ ജീവനക്കാരും ഉണ്ട്.

വ്യോമാക്രമണങ്ങള്‍ക്ക് സൈനികരുടെ ക്ഷാമത്തെക്കുറിച്ച് ഇസ്രായേല്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും, പടക്കോപ്പുകളുടെയും ബോംബിംഗ് കാമ്പയ്നിന്റെ സാമ്പത്തികവും പരിഗണിക്കേണ്ടതുണ്ട്. പ്രതിദിനം 600 ടണ്‍ ബോംബുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ കൊണ്ടുപോകാന്‍ മാത്രം 30 വലിയ ലോറികള്‍ ആവശ്യമാണ്. ഇതിന്റെ ചെലവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു: 1,000 കിലോഗ്രാം ബോംബിന് യു.എസ് വ്യോമസേനയ്ക്ക് 16,000 ഡോളര്‍ ചിലവു വരും.

ഇസ്രായേല്‍ പോലെയുള്ള വളരെ ചെറിയ ഒരു വിദേശ ഉപഭോക്താവ് ഒരു ടണ്ണിന് 25,000 ഡോളര്‍ എന്ന ഉയര്‍ന്ന വില നല്‍കേണ്ടി വരും, അത്യാധുനികവും പലപ്പോഴും കൂടുതല്‍ ചെലവേറിയതുമായ ഇലക്ട്രോണിക്‌സും ഹാര്‍ഡ്വെയറും ചേര്‍ക്കുന്നതിനുള്ള ചെലവുകളും കൂടാതെയാണിത്. അടിസ്ഥാന ബോംബിന് പ്രതിദിനം 15 മില്യണിലധികം ഡോളര്‍ വില വരും. ബാക്കി ചെലവുകള്‍ കൂടെ കൂട്ടി ഈ കണക്ക് പ്രതിദിനം കുറഞ്ഞത് 25 മില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നാണ് അനുമാനിക്കുന്നത്.

ഈ കണക്ക് പ്രകാരം, ഗസ്സയിലെ ആക്രമണ ക്യാംപയ്നിന് ഇതുവരെ ബോംബുകള്‍ക്കായി മാത്രം ഇസ്രായേലിന് കുറഞ്ഞത് 750 മില്യണ്‍ ഡോളര്‍ ചിലവായി. ഇതു കൂടാതെ നിരവധി അധിക ചെലവുകളുമുണ്ട്. എഫ് 16 വിമാനത്തിന് മാത്രം മണിക്കൂറിന് 8,000 ഡോളര്‍ ചിലവ് വരും. പ്രതിദിനം വിമാനം പറക്കാന്‍ കുറഞ്ഞത് 300 മണിക്കൂര്‍ കണക്കാക്കിയാല്‍ പ്രതിദിനം പറക്കലിന് മാത്രം 2.5 മില്യണ്‍ ഡോളര്‍ ചിലവ് വരും. അതിനാല്‍ ഇതുവരെ 75 മില്യണ്‍ ഡോളര്‍ ചിലവായിട്ടുണ്ടാകും.

ബോംബിംഗ് നിലനിര്‍ത്താന്‍ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍, രഹസ്യാന്വേഷണ സംവിധാനം, ഇലക്ട്രോണിക് യുദ്ധം, വായുവിലൂടെയുള്ള മുന്‍കൂര്‍ മുന്നറിയിപ്പ്, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ എന്നിവ പോലെ, മുഴുവന്‍ ആകാശ സംവിധാന ചെലവുകള്‍ കൂടി കൂട്ടുമ്പോള്‍ ഇത് കുതിച്ചുയരും. ഗസ്സയില്‍ ബോംബിടാന്‍ ഇസ്രായേല്‍ ഇതുവരെ കുറഞ്ഞത് 2 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ടാകാം, ചിലപ്പോള്‍ ഇതിലും കൂടുതലായിരിക്കാം.

കരയുദ്ധത്തിനു വേണ്ടി 3,60,000 റിസര്‍വ് സൈന്യത്തെ സര്‍വായുധങ്ങളുമായി അണിനിരത്തുതിനുള്ള ചെലവ് കൂടാതെയാണിത്. അതെല്ലാം വളരെ സംശയാസ്പദമും അവ്യക്തവുമാണ്. എന്നാല്‍, ഈ ഇസ്രായേല്‍ ബോംബുകളുടെ മറ്റേ അറ്റത്ത് ഇതിനെ എതിരേല്‍ക്കുന്നത് പ്രധാനമായും സിവിലിയന്‍മാരും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയുമാണെന്ന് വ്യക്തമാണ്.

ഒരു പഴയ സൈനിക പഴഞ്ചൊല്ല് അനുസരിച്ച്, യുദ്ധങ്ങള്‍ ജയിക്കുന്നത് പുരുഷന്‍മാരിലൂടെയും വിഭവങ്ങളിലൂടെയുമാണ്. എന്നാല്‍ ഇസ്രായേലി വീക്ഷണകോണില്‍ നിന്നുള്ള ഫലങ്ങളിലൂടെ ഈ യുദ്ധത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍, ഇസ്രായേല്‍ നേതാക്കള്‍ ഒരു ഭാഗത്ത് ഈ യുദ്ധത്തില്‍ ഒരു കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കുകൂട്ടുന്നുണ്ടാകും എന്നും വ്യക്തമാണ്.

 

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ അഹ്‌മദ്

Related Articles