Current Date

Search
Close this search box.
Search
Close this search box.

ഗസ്സയും റമദാനിലെ പോരാട്ടങ്ങളും

റമാദാന്‍ മാസത്തെ വരവേല്‍ക്കുന്നതിനെ കുറിച്ചും അതിന്റെ മാഹാത്മ്യവും വിശുദ്ധ മാസത്തിനു വേണ്ടി തയ്യാറെടുക്കുന്നതിനെ കുറിച്ചുമെല്ലാം നാം നിരന്തരം കേള്‍ക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഗസ്സയും റമദാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. കാരണം ഗസ്സയും ഫലസ്തീനിലെ പോരാട്ടങ്ങളും മുസ്‌ലിം സമുദായം ഒരിക്കലും മറക്കാന്‍ പാടില്ലാത്ത പ്രശ്‌നമാണ്. അതിനെ കുറിച്ച് അശ്രദ്ധമാവുകയെന്നത് കൊടിയ വഞ്ചനയുമാണ്.

റമദാനും ജിഹാദും

നോമ്പും പോരാട്ടവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ‘കുതിബ അലൈക്കുമുസ്സ്വിയാമു’ (നോമ്പ് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു), ‘കുതിബ അലൈക്കുമുല്‍ ഖിതാലു’ (യുദ്ധം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു) എന്നിങ്ങനെ നോമ്പും ജിഹാദും നിര്‍ബന്ധമാണെന്ന് ഖുര്‍ആന്‍ പറയുന്നത് ഒരേ ശൈലി ഉപയോഗിച്ചു കൊണ്ടാണ്. രണ്ടും ഹിജ്‌റ രണ്ടാം വര്‍ഷമാണ് പ്രാബല്യത്തില്‍ വരുന്നതും. മേലെയുള്ള രണ്ട് ആയത്തുകളിലും ‘കുതിബ’ എന്ന വാക്ക് ഉപയോഗിച്ചതായി കാണാം. ഒരു പ്രവൃത്തി ചെയ്യുന്നതിലൂടെ ചെയ്യുന്നയാള്‍ക്ക് ബുദ്ധിമുട്ടുകളും വിഷമതകളും ഉണ്ട് എന്നതാണ് ആ പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ രണ്ട് ആരാധനകളിലും കാഠിന്യതയും വൈഷമ്യതയും കാണാനാവും.

നോമ്പ് തഖ്‌വ യിലേക്കുള്ള വഴിയാണെങ്കില്‍ ജിഹാദ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലെ രക്തസാക്ഷിത്വത്തിലേക്കുള്ള വഴിയാണ്. മാത്രമല്ല, നോമ്പ് സ്വന്തത്തോടുള്ള പോരാട്ടമാണ്. അനുവദനീയവും ആസ്വാദ്യകരവുമായ പലതില്‍ നിന്നും ശരീരത്തെ തടഞ്ഞുവെക്കലാണ്. ശരീരം കൊണ്ടും സമ്പത്ത് കൊണ്ടുമുള്ള ജിഹാദിനെ നിര്‍ബന്ധമാക്കിയതും നോമ്പുകാലത്ത് തന്നെയാണ്. ബഹുദൈവാരാധകരുടെ മേല്‍ മുസ്‌ലിംകള്‍ നേടിയ ആദ്യ വിജയമായ ബദ്ര്‍ യുദ്ധം നടന്നതും ഹിജ്‌റ രണ്ടാം വര്‍ഷം നിര്‍ബന്ധമാക്കപ്പെട്ട റമാദന്‍ മാസത്തിലാണ്. മറ്റൊരു റമദാന്‍ ഏഴിനാണ് ‘സൈഫുല്‍ ബഹ്ര്‍’ എന്ന പേരില്‍ ഹംസ(റ) ന്റെ നേതൃത്വത്തില്‍ മുസ്‌ലികള്‍ പങ്കെടുത്ത ആദ്യ രഹസ്യാന്വേഷണ വിഭാഗം രൂപീകരിക്കപ്പെട്ടത്. ഇങ്ങനെ റമദാന്‍ മാസം ഒരേ സമയം ശരീരത്തോടും ശത്രുക്കള്‍ക്കെതിരെയുമുള്ള പോരാട്ടവുമാവുന്നു.

വിജയങ്ങളുടെ മാസമാണ് റമദാന്‍

ബദ്ര്‍ യുദ്ധം, ഹിജ്‌റ എട്ടാം വര്‍ഷം നടന്ന മുസ്‌ലിംകള്‍ക്ക് അറേബ്യന്‍ ഉപദ്വീപില്‍ ആധികാരികമായ വിജയം നേടിക്കൊടുത്ത മക്കാ വിജയം, പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിനെതിരെ സഅദ് ബിന്‍ അബീ വഖാസ് (റ) ന്റെ കാര്‍മികത്വത്തില്‍ വമ്പിച്ച വിജയം നേടുകയും പേര്‍ഷ്യ ഇസ്‌ലാമിന്റെ ആധിപത്യത്തിന് കീഴിലാവുകയും ചെയ്ത ഖാദിസിയ്യാ യുദ്ധം തുടങ്ങി ശത്രുക്കളുടെ മേല്‍ ഇസ്‌ലാമിക സൈന്യം കൊയ്‌തെടുത്ത ഒരുപാട് വിജങ്ങളാല്‍ സമ്പന്നമാണ് പരിശുദ്ധ റമദാന്‍ മാസം.

അന്ദുലുസിന്റെ വിജയം, സലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ ഹിജ്‌റ 584 ല്‍ കുരിശുയുദ്ധ സൈന്യത്തെ തോല്‍പിച്ച ഹിത്വീന്‍ യുദ്ധം, സൈഫുദ്ദീന്‍ ഖുതുസിന്റെ നേതൃത്വത്തില്‍ ഹിജ് റ 685 ല്‍ മംഗോളിയന്മാരെ നിലംപരിശാക്കിയ ഐന്‍ ജാലൂത്ത് യുദ്ധം, ഉഥ്മാനിയാക്കളുടെ കൈകളിലൂടെ ഇസ്‌ലാമിന്റെ അന്തസ്സും ആഭിജാത്യവും തിരിച്ചുപിടിച്ചത്, എന്നിങ്ങനെ മുസ്‌ലിം നേതൃത്വം കൈവശപ്പെടുത്തിയ അനേകം വിജയ സന്ദര്‍ങ്ങള്‍ സംജാതമായത് റമദാനിലായിരുന്നു. മുസ്‌ലിംകള്‍ക്കുണ്ടായ ഈ വിജയങ്ങളും പരിശുദ്ധ റമദാന്‍ മാസവും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. പ്രാര്‍ഥനയിലൂടെയാണ് അല്ലാഹുവിന്റെ സഹായമുണ്ടാവുക. പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടാനുള്ള സമയമാണല്ലോ നോമ്പുകാലം. അതിനാല്‍ തന്നെ റമദാനിലെ യുദ്ധങ്ങളില്‍ അല്ലാഹുവിന്റെ സഹായമുണ്ടാവുന്നു.

ഗസ്സയും റമദാനും

ഐന്‍ ജാലൂത്ത് യുദ്ധത്തില്‍ മുസ്‌ലിംകള്‍ കൈവരിച്ച അഭൂതപൂര്‍ണ്ണമായ ജയത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നുവല്ലോ. യഥാര്‍ത്ഥത്തില്‍ തങ്ങളുടെ മുന്നില്‍ ഇനി ആരുമില്ലെന്നും ആരാലും തോല്‍പ്പിക്കപ്പെടാത്ത ശക്തികളാണ് തങ്ങളെന്ന് മംഗോളിയന്മാര്‍ കരുതിയിടത്താണ് അവര്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. മുസ്‌ലിംകളുള്ള അവസാനത്തെ ഇടവും നശിപ്പിച്ച് കൂട്ടവംശഹത്യയായിരുന്നു താര്‍ത്താരികളുടെ പദ്ധതി. എന്നാല്‍ അവിടെ അല്ലാഹുവിന്റെ സഹായം വന്നണയുകയായിരുന്നു.

ഗസ്സയിലെ സാഹചര്യവും ഭിന്നമല്ല. സയണിസ്റ്റുകള്‍ ഇസ്‌ലാമിക ലോകത്ത് സാമ്പത്തികമായും രാഷ്ട്രീയമായും മേല്‍കൈ നേടുകയും അവിടുത്തെ ഭരണാധികാരികളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിച്ചും അധിനിവേശം നടത്തി തങ്ങള്‍ വന്‍ശക്തിയാണെന്ന് കരുതുകയും ചെയ്തിരുന്നു. ഫലസ്തീനില്‍ കൈയേറ്റം നടത്തി ഗസ്സ നിവാസികളെ പുറത്താക്കാനും മസ്ജിദുല്‍ അഖ്‌സ തകര്‍ക്കാനും സയണിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നു. അവിടെയാണ് അടുത്ത കാലത്ത് സയണിസ്റ്റുകള്‍ വമ്പിച്ച പരാജയം ഏറ്റുവാങ്ങിയ ‘തൂഫാനുല്‍ അഖ്‌സ’ സംഭവിച്ചത്. അതവരെ നിന്ദ്യരാക്കി, സകല കുതന്ത്രങ്ങളും പൊളിഞ്ഞു, അല്ലാഹുവിന്റെ അപാരമായ സഹായത്താല്‍ പലവിധത്തിലുള്ള ശിക്ഷകളാണ് ഇസ്രായേലില്‍ കഴിഞ്ഞ അഞ്ച് മാസമായി പെയ്തിറങ്ങുന്നത്.  മുമ്പ് തന്നെ സയണിസ്റ്റുകള്‍ പരാജയപ്പെട്ടിരിക്കെ വിജയങ്ങളുടെ മാസമെന്ന് വിശേഷിപ്പിക്കപ്പെട്ട റമദാനില്‍ ഇനി യുദ്ധവും കൂടി വരുമ്പോഴുള്ള സ്ഥിതിയെന്താവും!

റമദാനിലെ തൂഫാനുല്‍ അഖ്‌സ

നേരത്തെ സൂചിപ്പിച്ചത് പോലെ പരിശുദ്ധ റമദാനില്‍ യുദ്ധം തുടര്‍ന്നാല്‍ അല്ലാഹു മുസ്‌ലികള്‍ക്ക് വിജയം നല്‍കുമെന്ന ചരിത്രപരമായ വസ്തുത സയണിസ്റ്റുകള്‍ക്കും അവരുടെ സില്‍ബന്ധികള്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് യുദ്ധം കുറച്ചുനേരത്തെ നിര്‍ത്താന്‍ അവരാഗ്രഹിച്ചു. എന്നാല്‍ അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. അങ്ങനെ മധ്യസ്ഥ ചര്‍ച്ചകളൊക്കെ വഴിമുട്ടി റമദാനിലും പോരാട്ടം തുടരുമെന്നായി. മാലാഖമാര്‍ സാക്ഷ്യം വഹിക്കുന്ന, വിശ്വാസികള്‍ക്ക് സ്വാന്തനമേകുന്ന, പിശാച് ബന്ധിക്കപ്പെടുന്ന മാസമാണ് റമദാന്‍. ഫലസ്തീനിലെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളാല്‍ മസ്ജിദുകളും തെരുവുകളും മുഖരിതമാവുന്ന മാസം. റമദാനിനു മുന്നേ തന്നെ ഗസ്സക്കാര്‍ വിജയിച്ചിരിക്കെ വിജയങ്ങളുടെ മാസമായ പരിശുദ്ധ റമദാനില്‍ അവര്‍ പോരാട്ടം തുടരുമ്പോള്‍ അതെന്തുമാത്രം ഉജ്ജ്വലമാവും!

ഈ യുദ്ധത്തില്‍ ഉമ്മത്തിന്റെ പങ്ക്

ഗസ്സയുടെ വിജയമാവണം ഇസ്‌ലാമിക സമൂഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. റമദാനാണ് വന്നിരിക്കുന്നത്; ഗസ്സയിലെ പോരാളികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാവുന്ന ഒരവസരവും പാഴാക്കാതിരിക്കുക. അഞ്ച് നേര നമസ്‌കാരങ്ങളില്‍ ഖുനൂത്ത് ഉള്‍പ്പെടുത്തുക. അത്താഴത്തിന്റെയും ഇഫ്ത്വാറിന്റെയും നേരങ്ങളിലുള്ള ഇഖ്‌ലാസോടെയുള്ള പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും. പ്രാര്‍ഥന തന്നെയാണ് വിശ്വാസിയുടെ ഒരിക്കലും പിഴക്കാത്ത ആയുധം. അതിനാല്‍ നിങ്ങളുടെ ‘ആയുധങ്ങള്‍’ നിങ്ങളുടെ സഹോദരങ്ങളുടെ വിമോചനത്തിനായി ഉപയോഗിക്കുക.

അല്ലാഹുവേ, ഫലസ്തീനില്‍ പോരാടുന്ന മുജാഹിദുകളായ നിന്റെ ദാസന്മാരെ ഉജ്ജ്വലമായ വിജയം പ്രദാനം ചെയ്ത് നീ സഹായിക്കേണമേ.

 

വിവ: മുഖ്താര്‍ നജീബ്

Related Articles