Current Date

Search
Close this search box.
Search
Close this search box.

സ്റ്റാർബക്ക്സ് മുതൽ മക്ഡോണൾഡ്സ് വരെ; ബഹിഷ്കരണം എന്ന പ്രതിരോധ മാർഗം 

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ, ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ വീണ്ടും ശക്തമായി പ്രത്യക്ഷപ്പെട്ടു, ഇസ്രായേൽ അക്രമത്തിന്റെ തീവ്രതയും ഇരകളുടെ എണ്ണവും വർധിച്ചതോടെ,  മിഡിൽ ഈസ്റ്റിൽ മാത്രമല്ല, ലോകത്തൊട്ടാകെ ബഹിഷ്കരണ പ്രസ്ഥാനത്തിന്റെ കരുത്തും സ്വാധീനവും അധികരിച്ചു. ഫലസ്തീൻ പ്രശ്നത്തെക്കുറിച്ചുള്ള അവബോധവും ഇസ്രയേലി കുറ്റകൃത്യങ്ങൾക്ക് അഭൂതപൂർവവും നഗ്നവുമായ മറ നൽകുന്ന പാശ്ചാത്യ ഇരട്ടത്താപ്പുകളോടുള്ള ജനകീയ രോഷവും ബഹിഷ്കരണ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചു.

ബഹിഷ്‌കരണം എന്നാൽ ഒരു കൂട്ടായ പ്രസ്ഥാനത്തിന്റെ സ്വാധീനം ഉപയോഗിച്ച്, ഒരു പ്രത്യേക കമ്പനിയുടെ/ പാർട്ടിയുടെ/ രാജ്യത്തിന്റെ ഉൽപന്നങ്ങൾ ക്രയവിക്രയങ്ങൾ നടത്താൻ വിസമ്മതിക്കുന്നതാണ്. കാര്യമായ പർച്ചേസിങ് പവറുള്ള (ഉൽപന്നങ്ങൾ വാങ്ങാനുള്ള കഴിവ്) മേഖലകളിലാണ് ബഹിഷ്‌കരണ കാമ്പയിനുകൾ പ്രസക്തമാവുന്നത്. ഇത്തരം മേഖലകളിൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്നതിലൂടെ, ഭീമമായ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് കമ്പനികൾക്കുണ്ടാവുന്നത്. ഈ കമ്പനികൾ  എത്രത്തോളം അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നുവോ, അത്രയധികം അവർ ഇത്തരം പ്രദേശങ്ങളിലെ ബഹിഷ്‌കരണത്തിന് പാത്രമാവുന്നു .

ബഹിഷ്‌കരണത്തിന്റെ ആഘാതവും ശക്തിയും അതിന്റെ വിൽപനയെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച്, അതിന്റെ ജനസമ്മതിയെയും ബ്രാൻഡിങ്ങിനെയും കൂടിയാണ്. കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലെ മാനേജ്‌മെന്റ് ആൻഡ് ഓർഗനൈസേഷൻ ഡിപ്പാർട്ട്‌മെന്റ് അംഗം ബ്രെയ്‌ഡൻ കിംഗ് ഈ വിഷയത്തിൽ നടത്തിയ ഒരു പഠനമനുസരിച്ച്, വിൽപനയിൽ ഇടിവുണ്ടായ കമ്പനികളെക്കാൾ പൊതുജനങ്ങളുടെ മതിപ്പിൽ കുറവു വന്ന കമ്പനികളെയാണ് ബഹിഷ്കരണം സാരമായി ബാധിച്ചത്. മാധ്യമശ്രദ്ധ വർധിക്കുന്നതിനനുസരിച്ചാണ് ബഹിഷ്കരണങ്ങൾ കൂടുതൽ ഫലപ്രദമായി തീരുന്നതെന്നും കിംഗ് പറയുന്നു.

സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ബഹിഷ്‌കരണം, കമ്പനികളുടെ പൊതു പ്രതിച്ഛായയിലുണ്ടാക്കുന്ന ആഘാതവുമായി താരതമ്യപ്പെടുത്തുമ്പോൾ, വിൽപനയിൽ ഉണ്ടാകുന്ന ഇടിവ്  വളരെ ചെറുതാണ് എന്ന് കിംഗിന്റെ പഠനം സൂചിപ്പിക്കുന്നു, ഇതിനെയാണ് ബഹിഷ്‌കരണ പ്രസ്ഥാനങ്ങളുടെ യഥാർത്ഥ ശക്തിയായി പഠനം വീക്ഷിക്കുന്നത്. കമ്പനികൾ, ബഹിഷ്കരണ കാമ്പയിനുകളെ അവരുടെ ജനസമ്മതിക്ക് ഗുരുതരമായ ഭീഷണിയായി കാണുന്നു. ബഹിഷ്കരണത്തിന് ഏത് തരത്തിലുള്ള കമ്പനികളെ തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ കിംഗിന്റെ പഠനം ഇത്തരം മൂവിമെൻ്റുകൾക്ക് ഉപകാരപ്രദമായ ഒരുപാട് തന്ത്രങ്ങൾ നിർദേശിക്കുന്നുണ്ട്. ജനസമ്മതിയിൽ പ്രതിസന്ധി അനുഭവിക്കുന്നവയെ തിരഞ്ഞെടുക്കാനാണ് കിംഗ് നിർദേശിക്കുന്നത്. കൂടാതെ തുടക്കം മുതൽ മാധ്യമങ്ങളെയും സോഷ്യൽ മീഡിയയെയും ഉൾപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി വികസിപ്പിക്കാനും പഠനം ശുപാർശ ചെയ്യുന്നു.

ബഹിഷ്കരണത്തിന്റെ സ്വാധീനം

കൻസാസ് യൂണിവേഴ്‌സിറ്റി കമ്മ്യൂണിറ്റി ടൂൾബോക്‌സിന്റെ ഗൈഡ് ടു എഫക്‌റ്റീവ് അഡ്വക്കസി 1991-ൽ യു.കെയിൽ നടത്തിയ ഒരു സർവേ ഉദ്ധരിക്കുന്നുണ്ട്, ബിസിനസ്സുകാർ പ്രഷർ കാമ്പയിനുകളെയും ക്ലാസ് ആക്ഷനുകളെയുമല്ല, മറിച്ച് ബഹിഷ്കരണങ്ങളെയാണ് അവരുടെ രീതികൾ പരിഷ്കരിക്കാനും അവരെ മാറ്റി ചിന്തിപ്പിക്കാനും പര്യാപ്തമായവയായി കാണുന്നത്. ഹ്രസ്വകാലത്തേക്ക് നേടാനുള്ള ലക്ഷ്യങ്ങൾക്കൊപ്പം പ്രായോഗികമായ ദീർഘകാല ലക്ഷ്യങ്ങൾ  സജ്ജീകരിക്കേണ്ടതിന്റെ പ്രാധാന്യവും ഗൈഡ് ചൂണ്ടിക്കാണിക്കുന്നു.

1960 കളിൽ കാലിഫോർണിയയിലെ മുന്തിരി കർഷകർക്കെതിരായ ബഹിഷ്‌കരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ സീസർ ഷാവേസിന്റെ അഭിപ്രായത്തിൽ, ഒരു ബഹിഷ്‌കരണം വിജയിക്കാൻ (കമ്പനിക്ക് ആഘാതമേൽപ്പിക്കാൻ) ഏകദേശം 5% ഉപഭോക്താക്കളെയെങ്കിലും സംഘടിത ബഹിഷ്‌കരണത്തിൽ പങ്കെടുപ്പിക്കണം, എന്നാൽ അത് 10% ഉപഭോക്താക്കൾ ആയാൽ കമ്പനിക്ക് വലിയ  ആഘാതം തന്നെ ഉണ്ടായേക്കാം. എന്നാൽ മുമ്പ് ചൂണ്ടിക്കാണിച്ചതുപോലെ, കിംഗിന്റെ പഠനമനുസരിച്ച്, ഒരു ബഹിഷ്കരണം എല്ലായിപ്പോഴും വിൽപ്പനയിൽ ഇടിവുണ്ടാക്കണെന്നില്ല. ബഹിഷ്‌കരണം വിജയകരമാവാൻ ചിലപ്പോൾ ജനസമ്മതിയും ബിസിനസും നഷ്ടപ്പെടുമെന്ന ഭീഷണി തന്നെ മതിയാകും.

സുസ്ഥിരവും ദീർഘകാലവുമായ രീതിയിൽ ബഹിഷ്‌കരണം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, ഉപഭോക്താക്കൾക്ക് അനുയോജ്യമായ ബദലുകൾ വാഗ്ദാനം ചെയ്യേണ്ടത് അനിവാര്യമാണ്. ഗുണമേന്മയിലും,വിലയിലും വലിയ വ്യത്യാസമില്ലാത്ത എളുപ്പത്തിൽ ലഭ്യമാവുന്ന തരത്തിലുള്ള ബദലുകൾ. പ്രത്യേകിച്ച് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള കാമ്പയിനുകളിൽ, ഉപഭോക്താക്കൾ പലപ്പോഴും പ്രാദേശിക ബദലുകളിലേക്ക് മാറുന്നു. അതിനാൽ, ബഹിഷ്‌കരണം ആഗ്രഹിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പുറമേ, പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും ഇത് അനുകൂല സ്വാധീനങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, ഈജിപ്തിലെ ബഹിഷ്കരണ പ്രസ്ഥാനം വിവിധ സമുദായങ്ങളും സാമൂഹിക വിഭാഗങ്ങളും അടങ്ങിയ ഈജിപ്ഷ്യൻ ജനതക്കിടയിൽ നടത്തിയ വമ്പിച്ച മുന്നേറ്റം, നിരവധി പ്രാദേശിക ഉൽപ്പന്നങ്ങളുടെ അഭിവൃദ്ധിയിലേക്ക് നയിക്കുകയും. ഒരുപാട് പേരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തു.

ഈ ട്രെന്റിനൊപ്പം വിവിധ മേഖലകളിൽ പ്രാദേശിക ബദലുകൾ പരിചയപ്പെടുത്തുന്നതിൽ നിരവധി ഇൻഫ്ലുവൻസേഴ്സും സജീവമാണ്. ഒരു വശത്ത് ബഹിഷ്‌കരണത്തെ എതിർക്കുന്നവർ സാധാരണയായി തൊഴിൽ മേഖലയിലും വിതരണ ശൃംഖലയിലും അതിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിക്കുന്നുണ്ടെങ്കിലും, ദീർഘകാല സാമ്പത്തിക ബഹിഷ്‌കരണം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ ഉത്തേജനം നൽകുമെന്നതാണ് യാഥാർത്ഥ്യം. ഇതുവഴി പ്രാദേശിക ബദലുകളുടെ ആവശ്യകത വർദ്ധിക്കുകയാണ് ചെയ്യുക. എന്നാൽ, അത് സാക്ഷാത്കരിക്കുന്നതിന് ദീർഘമായ കാലത്തെ തുടർച്ചയായ പരിശ്രമങ്ങൾ അനിവാര്യമാണ്. 

മക്ഡോണൾഡ്സ് മുതൽ പ്യൂമ വരെ

ജനകീയ ബഹിഷ്‌കരണത്തിന്റെ സ്വാധീനം മക്ഡോണൾഡ്സ് മുതൽ പ്യൂമ വരെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിൽ പ്രകടമായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണം പ്രശസ്തമായ സ്റ്റാർബക്‌സ് കോഫി കമ്പനിയാണ്. പത്ര വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കഴിഞ്ഞ ഡിസംബർ ആദ്യവാരം, സ്റ്റാർബക്‌സിന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ തുടർച്ചയായ 12 സെഷനുകളിൽ ഓഹരികളിൽ ഇടിവുണ്ടാവുകയും ഏകദേശം പതിനൊന്ന് ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. കമ്പനിയുടെ മൊത്തം വിപണി മൂല്യത്തിന്റെ 10% ത്തോളം വരുമിത്. സ്റ്റാർബക്ക്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ദൈർഘ്യമേറിയ ഓഹരി ഇടിവു പരമ്പര. 1992-ൽ കമ്പനി പബ്ലിക് ആയതിന് ശേഷം റെക്കോർഡ് ചെയ്തതിൽ വെച്ച് ഏറ്റവും വലുതാണിത്.

ബഹിഷ്കരണ കാമ്പയിൻ ആരംഭിക്കുന്നത് സ്റ്റാർബക്സ് അതിന്റെ സ്റ്റോർ ശൃംഖലയിലെ തൊഴിലാളികളെ നിയന്ത്രിക്കുന്ന യുണൈറ്റഡ് വർക്കേഴ്സ് യൂണിയനെതിരെ ഒരു കേസ് ഫയൽ ചെയ്തതിന് ശേഷമാണ്. അവർ സോഷ്യൽ മീഡിയയിൽ ഫലസ്തീനോട് ഐക്യദാർഢ്യം പുലർത്തുന്ന ഹാഷ്ടാഗുകൾ പോസ്റ്റ് ചെയ്തിരുന്നു. (ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു). സ്റ്റാർബക്ക്സ് ഇത് തങ്ങളുടെ റെപ്പ്യൂട്ടേഷനെ ബാധിക്കുന്നതാണ് എന്ന പ്രസ്താവനയുമായി രംഗത്തു വന്നു. എന്നാൽ ഈ നീക്കം സ്റ്റാർബക്ക്സിന് വൻ തിരിച്ചടിയായി മാറി. #boycottstarbucks എന്ന സോഷ്യൽ മീഡിയ ഹാഷ്ടാഗ് മില്ല്യൺ കണക്കിന് ജനങ്ങളാണ് ഏറ്റെടുത്തത്. കമ്പനിയുടെ ഉത്പന്നങ്ങളും കഫേകളും വ്യാപകമായി ബഹിഷ്കരിക്കപ്പെട്ടു.

മക്‌ഡൊണാൾഡ്‌സ് റെസ്റ്റോറന്റ് ശൃംഖലയിലും ഇതുതന്നെ സംഭവിച്ചു. ഒക്‌ടോബർ 19 ന് ഇസ്രായേലിലെ മക്‌ഡൊണാൾഡ്സ് ഇസ്രായേലി അധിനിവേശ സേനയ്‌ക്ക് സൗജന്യ ഭക്ഷണം നൽകിയതായി പ്രഖ്യാപിച്ചു. ഇത് വലിയ ജനരോഷത്തിന് കാരണമാവുകയും ശൃംഖലയുടെ ശാഖകൾ വ്യാപകമായ ബഹിഷ്‌കരണത്തിന് വിധേയമാവുകയും ചെയ്തു. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലെ മക്‌ഡൊണാൾഡ്സിന്റെ ബ്രാഞ്ചുകൾ തങ്ങളുടെ സ്വാതന്ത്ര്യവും ഈ തീരുമാനത്തോടുള്ള വിയോജിപ്പും സ്ഥിരീകരിച്ചു കൊണ്ട് പ്രസ്താവനകൾ പുറപ്പെടുവിച്ചു. ചില ബ്രാഞ്ചുകൾ ബഹുജന രോഷത്തിന്റെ തീവ്രത കുറക്കാൻ തങ്ങളുടെ ലാഭത്തിന്റെ ഒരു ഭാഗം ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

പക്ഷേ, വിവിധ അറബ് രാജ്യങ്ങളിലെ മക്‌ഡൊണാൾഡ്സിന്റെ ശാഖകളിൽ ഇപ്പോഴും തിരക്ക് കുറവായതിനാൽ ഈ ന്യായീകരണങ്ങൾ വിഴുങ്ങാൻ ജനങ്ങൾ തയ്യാറല്ലായിരുന്നു എന്ന് മനസ്സിലാക്കാം. ബഹിഷ്‌കരണത്തിന്റെ വേദനാജനകമായ ആഘാതം മക്‌ഡൊണാൾഡ്‌സ് സി.ഇ.ഒ ക്രിസ്കെംപിൻസ്‌കിയുടെ ഒരു  ലിങ്ക്ഡ്ഇൻ പോസ്റ്റിലും പ്രകടമായിരുന്നു.  യുദ്ധവും തെറ്റായ വിവരങ്ങളും കാരണം മിഡിൽ ഈസ്റ്റിലെയും മറ്റുരാജ്യങ്ങളിലെയും വിപണികൾ അനുഭവിക്കുന്ന മൂർച്ചയുള്ളതും നിരാശാജനകവുമായ ആഘാതത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അദ്ദേഹം പറഞ്ഞതുപോലെ തന്നെ, മക്ഡൊണാൾഡ്സിനെ ബഹിഷ്കരണം വല്ലാതെ ആഘാതമേല്പിച്ചിട്ടുണ്ട്.

ഫാഷൻ രംഗത്തെ പ്രമുഖ ബ്രാൻഡുകളിലൊന്നായ സാറ, ബഹിഷ്‌കരണത്തിന് വിധേയമായ കമ്പനികളിലൊന്നാണ്. ലോകമെമ്പാടുമുള്ള അതിന്റെ വിവിധ ബ്രാഞ്ചുകളിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും അരങ്ങേറി. ഒരു പരസ്യചിത്രം പുറത്തിറക്കിയതിനെ തുടർന്ന് യു.കെ അഡ്വടൈസിംഗ് റെഗുലേറ്ററി അതോറിറ്റിയിലും അവർക്കെതിരെ പരാതികൾ വന്നിരുന്നു. ഗസ്സയെ അനുകരിച്ചു കൊണ്ട് പാറകളുടെയും ശവപ്പെട്ടികളുടെയും കഫൻപുടവകളുടെയും പശ്ചാത്തലത്തിൽ മോഡലുകളെ കാണിക്കുന്ന പരസ്യം, ഫലസ്തീനികളുടെ കഷ്ടപ്പാടുകളെ പരിഹസിക്കുന്നതായി ആരോപിക്കപ്പെട്ടു. കമ്പനി പരസ്യ പോസ്റ്റുകൾ പെട്ടെന്ന് തന്നെ പിൻവലിക്കുകയും ‘തെറ്റിദ്ധാരണ’ യാണെന്നു പറഞ്ഞ് തടി തപ്പുകയും ചെയ്തു.

മാർക്‌സ് ആൻഡ് സ്പെൻസറിന്റെ വിവാദ ഫോട്ടോ ഫാഷൻ മേഖലയിലെ മറ്റൊരു ഉദാഹരണമാണ്. ക്രിസ്മസ് ആഘോഷത്തിനിടെ ഫലസ്തീൻ പതാകയുടെ നിറത്തിൽ കത്തുന്ന തൊപ്പിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ച ഇവർക്ക് കനത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ഈ പരസ്യത്തെക്കുറിച്ച് 116 പരാതികൾ ലഭിച്ചതായി അഡ്വടൈസിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി (എ.എസ്.എ) അറിയിച്ചു, തുടർന്ന് ഇത് നീക്കം ചെയ്യാനും മാപ്പ് പറയാനും കമ്പനി നിർബന്ധിതരായി. എന്നാൽ സയണിസ്റ്റ് സംഘടനകൾക്കുള്ള ദീർഘകാല പിന്തുണ കാരണം നിരവധി വർഷങ്ങളായി ബഹിഷ്‌ക്കരണ പട്ടികയിലെ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നാണ് ഇത് എന്ന വസ്തുതയെ ഈ ക്ഷമാപണം നിഷേധിക്കുന്നില്ല.

കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ സംഭവങ്ങൾക്കു മുമ്പെ തന്നെ ആരംഭിച്ച ബഹിഷ്‌കരണ പ്രസ്ഥാനത്തിന്റെ ദീർഘകാല പ്രയത്നങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളിലൊന്നാണ് കഴിഞ്ഞ ഡിസംബറിൽ, സ്പോർട്സ് വെയർ കമ്പനിയായ പ്യൂമയുടെ വക്താവ് 2024 ലെ ഇസ്രായേൽ ദേശീയ ഫുട്ബോൾ ടീമുമായുള്ള സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. 

സാങ്കേതിക വിദ്യയും സോഷ്യൽ മീഡിയയും ഉപയോഗിച്ചു കൊണ്ട് ബഹിഷ്‌കരണ പ്രസ്ഥാനത്തിന് പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയും വ്യാപനവും വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഇന്ന്, ടാർഗെറ്റുചെയ്‌ത സാധനങ്ങളും അവയുടെ ബദലുകളും തിരിച്ചറിയാൻ നിരവധി വെബ്‌സൈറ്റുകൾ ഉണ്ട്, കൂടാതെ ഫോണുകൾക്കായി പ്രത്യേക ആപ്ലിക്കേഷനുകളും ഉണ്ട്. സ്റ്റോറുകളിൽ സാധനങ്ങൾ ബഹിഷ്‌ക്കരണത്തിന്റെ ഭാഗമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ സാധനങ്ങളുടെ ബാർകോഡ് സ്കാൻ ചെയ്താൽ മതി.

ഈ മുന്നേറ്റം, 2000-ങ്ങളുടെ തുടക്കത്തിൽ, അമേരിക്കൻ ബ്രാൻഡുകൾ ബഹിഷ്‌കരിച്ചു കൊണ്ടുള്ള കാമ്പയിനെ ഓർമ്മിപ്പിക്കുന്നു, അന്ന് രണ്ടാം ഇൻതിഫാദയും ഇറാഖിലെ അമേരിക്കൻ അധിനിവേശവും ബഹിഷ്കരണത്തിന് ഗതിവേഗം പകർന്നു. ഗാർഡിയന്റെ ഒരു റിപ്പോർട്ട് പ്രകാരം, അന്നത്തെ ബഹിഷ്കരണം ബ്രാൻഡുകളുടെ വിൽപ്പനയിൽ 25-40% വരെയുള്ള ഇടിവ് വരുത്തി.

ബ്രാൻഡുകൾ സാധാരണയായി ബഹിഷ്‌കരണ കാമ്പയിനുകളെ നേരിടുന്നതിനും അവയുടെ ആഘാതം കുറയ്ക്കുന്നതിനുമായി ചില നയങ്ങൾ സ്വീകരിക്കാറുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് കൈ കഴുകാനും അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും വേണ്ടി സംഭാവനകൾ വാഗ്ദാനം ചെയ്യുന്നതാണ്. ബഹിഷ്കരണത്തിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള ഭയവും സംശയങ്ങളും ഉയർത്തുന്നതും ഒരു രീതിയാണ്. പ്രാദേശിക സംസ്‌കാരത്തിലേക്കും ദേശീയ സ്വത്വത്തിലേക്കും സമന്വയിപ്പിച്ചു കൊണ്ട് ഉൽപന്നങ്ങളെ അവതരിപ്പിക്കാൻ ഉള്ള ശ്രമമാണ് അവരുടെ മറ്റൊരു രീതി. 2001-ൽ മക്‌ഡൊണാൾഡ്‌സ് ഈജിപ്ഷ്യൻ ബ്രാഞ്ചുകളിൽ മക്‌ഫാൽവില്ലെ സാൻഡ്‌വിച്ച് ആരംഭിച്ചതുപോലെ.

ബഹിഷ്കരണം; ചരിത്രത്തിലൂടെ

ഇംഗ്ലീഷ് ഭാഷയിൽ ബഹിഷ്‌കരണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന “ബോയ്‌കോട്ട്” എന്ന പദത്തിന്റെ ഉത്ഭവം 1880-ലേക്ക് മടങ്ങുന്നതാണ്. ഐറിഷ് തൊഴിലാളികൾ ഇംഗ്ലീഷ് ഭൂമി ഏജന്റായ ചാൾസ് കണ്ണിംഗ്ഹാം ബോയ്‌കോട്ടുമായി സഹകരിക്കാൻ വിസമ്മതിച്ചതാണ് ഈ വാക്ക് ഉടലെടുക്കാനുണ്ടായ പശ്ചാത്തലം. പിന്നീട് കൂട്ടായ ബഹിഷ്കരണ ശ്രമങ്ങളെയെല്ലാം ഈ പേരിനാൽ വിശേഷിപ്പിക്കാൻ തുടങ്ങി. ഇതേ വർഷം നവംബറിൽ തന്നെ ടൈം മാഗസിനിലെ ഒരു ലേഖനത്തിലാണ് ആദ്യമായി സംഘടിത ബഹിഷ്കരണത്തെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിച്ചത്.  

എന്നാൽ ബഹിഷ്കരത്തിന്റെ ചരിത്രം അതിനേക്കാൾ എത്രയോ പുറകോട്ടു പോകുന്നു. ഉദാഹരണത്തിന്, 1791-ൽ അടിമത്ത നിയമം അസാധുവാക്കാൻ പാർലമെന്റ് വിസമ്മതിച്ച സന്ദർഭത്തിൽ ഇംഗ്ലണ്ടിലെ അടിമകൾ സംഘടിപ്പിച്ച പഞ്ചസാര ബഹിഷ്‌ക്കരണം വൻ വിജയമായിത്തീർന്നു. മാത്രമല്ല, ഇംഗ്ലണ്ടിലെ അടിമത്തം നിർത്തലാക്കുന്നതിലേക്ക് നയിച്ച പ്രക്ഷോഭങ്ങൾക്കും ബഹിഷ്കരണങ്ങൾക്കും തുടക്കമിട്ടത് ഈ ബഹിഷ്കരണമായിരുന്നു.

1890-ൽ ഇറാനിൽ നടന്ന പുകയില വിപ്ലവമാണ് ചരിത്രപരമായി വിജയിച്ച ഏറ്റവും പ്രശസ്തമായ ബഹിഷ്‌കരണങ്ങളിലൊന്ന്, ഒരു ബ്രിട്ടീഷ് കമ്പനിയുടെ ഇംഗിതത്തിനനുസരിച്ച് ഷാ (ഇറാനിലെ ഭരണാധികാരി) പുകയിലയുടെ വിപണനം നിയന്ത്രിക്കാൻ ശ്രമിച്ചു, എന്നാൽ അക്കാലത്തെ മതനേതാക്കൾ പുകയില നിരോധിച്ചുകൊണ്ട് ഫത്‍വ പുറപ്പെടുവിച്ചു. അങ്ങനെ ജനങ്ങൾ പുകയില വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ഇടപാട് പൂർണ്ണമായും പരാജയപ്പെടുകയും ചെയ്തു.

1912-ൽ ടുണീഷ്യയിൽ, ഒരു ഫ്രഞ്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടുണീഷ്യൻ ട്രാംവേ ബഹിഷ്കരിച്ചു കൊണ്ട് ഒരു പ്രസ്ഥാനം രൂപപ്പെട്ടത് ഒരു ടുണീഷ്യൻ ബാലന്റെ മേൽ വണ്ടി കേറിയിറങ്ങിയപ്പോഴാണ്. 1920-കളിൽ, മഹാത്മാഗാന്ധി ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ഒരു പ്രധാന ഘടകമായി ബഹിഷ്‌കരണ പ്രസ്ഥാനത്തെ ഉപയോഗിച്ചു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു “നിങ്ങൾ ഉത്പാദിപ്പിക്കുന്നതെന്തോ അത് കഴിക്കുക, നിങ്ങൾ നെയ്യുന്നതെന്തോ അത് ധരിക്കുക, ശത്രുവിന്റെ സാധനങ്ങൾ ബഹിഷ്‌കരിക്കുക. നിങ്ങളുടെ ചർക്കകൾ എടുത്ത് എന്നെ പിന്തുടരുക”. ബ്രിട്ടന് ഈ ബഹിഷ്കരണം മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ പിന്നീട് കൊളോണിയലിസം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ച പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായിരുന്നു.

1950-കളുടെ മധ്യത്തിൽ മോണ്ട്‌ഗോമറി ബസ് ബഹിഷ്‌കരണം അമേരിക്കയിൽ പൗരാവകാശ പ്രസ്ഥാനം ആരംഭിക്കുന്നതിൽ വിജയിച്ചതുപോലെ, 1960 കളുടെ അവസാനത്തിൽ അമേരിക്കയിലെ തന്നെ മുന്തിരി ഫാം തൊഴിലാളികളുടെ ബഹിഷ്‌കരണം തൊഴിലാളികളുടെ അവകാശങ്ങളോട് പ്രതികരിക്കാൻ ഫാം ഉടമകളെ സമ്മർദ്ദത്തിലാക്കിയതുപോലെ, ചരിത്രത്തിലുടനീളം, മർദ്ദക സ്വഭാവമുള്ളതും അടിച്ചമർത്തുന്നതുമായ അധികാരവ്യവസ്ഥകളോട് മർദ്ദിതർക്കും അടിച്ചമർത്തലിന് വിധേയമായവർക്കുമുള്ള ഫലപ്രദമായ ആയുധമാണ് ബഹിഷ്‌കരണം. 

അതിന്റെ സാമ്പത്തിക ആഘാതങ്ങൾ എന്തു തന്നെയായാലും, അധിനിവേശ രാഷ്ട്രത്തെയും അതിന്റെ നയങ്ങളെയും പിന്തുണക്കുന്ന ഏതൊരു കമ്പനിയെയും ബഹിഷ്കരിക്കുക എന്നത് ഇന്ന്, മനുഷ്യനായി പിറന്ന ഏതൊരുവന്റെയും ധാർമിക ബാധ്യതയാണ്. പ്രത്യേകിച്ചും ഈ ബാധ്യത നിർവ്വഹിക്കാൻ ഒരാൾ ചെയ്യേണ്ടത് ഒരു കപ്പ് കാപ്പിയോ, ഒരു സോഡയോ ബർഗറോ ഉപേക്ഷിക്കുക മാത്രമാണെന്നിരിക്കേ…

 

വിവ: അജ്‍മൽ വല്ലപ്പുഴ

Related Articles