Current Date

Search
Close this search box.
Search
Close this search box.

‘തൂഫാനുല്‍ അഖ്‌സ’ ഇസ്‌റായേലിന്റെ ഒടുക്കത്തിന്റെ തുടക്കമാണ്

ഗസ്സയുടെ മുഖച്ഛായ മാറ്റികൊണ്ടിരിക്കുന്ന തൂഫാനുല്‍ അഖ്സ 133 ദിവസങ്ങള്‍ പിന്നിടുകയാണ്. 2023 ഒക്ടോബര്‍ 7 ന്റെ പുലരി ആധുനിക ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അധിനിവേശത്തിന്റെ ഒടുക്കത്തിന്റെ തുടക്കമായിരുന്നു. അവര്‍ പരാജയം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തൂഫാനുല്‍ അഖ്സക്ക് കൃത്യമായ ലക്ഷ്യവും പദ്ധതിയുമുണ്ട്. അല്ലാഹുവിന്റെ പ്രവാചകന്‍ രാപ്രയാണം നടത്തിയ മണ്ണിന്റെ വിമോചനമാണത്. അക്രമവും അനീതിയും ഇല്ലാതാക്കാനുള്ള ഓരോ ശ്രമങ്ങളും തൂഫാനുല്‍ അഖ്സയിലൂടെ ഇനിയും പിറവികൊള്ളും.

ജനങ്ങളേ, ഹമാസിന്റെ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഏതാണ്ട് അഞ്ച് മാസമാവുകയാണ്. സയണിസ്റ്റുകളും അമേരിക്കന്‍ വന്‍ശക്തികളും നിശ്ചയദാര്‍ഢ്യം ഉള്ള നമ്മുടെ ജനതക്ക് മുന്നില്‍ പരാജിതരായിരിക്കുകയാണ്. കൂട്ടക്കൊലകളും വംശഹത്യങ്ങളും നമ്മള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍, നമ്മളെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലെങ്കിലും ധീരതയുടെ പാഠങ്ങള്‍ മുതിര്‍ന്നവരെ പഠിപ്പിക്കുന്ന കുട്ടികളുള്ള ഒരു ജനതയുടെ മുന്നില്‍ അവര്‍ എങ്ങനെ തോല്‍ക്കാതിരിക്കും? പോരാളികളുടെ തലമുറക്ക് ജന്മം നല്‍കുന്ന ‘ഖന്‍സാഉ’മാരുള്ള ഒരു ജനതയെ അവര്‍ എന്തു ചെയ്യാനാണ്? ഗസ്സയുടെ പ്രതിരോധം അത്രമേല്‍ ഐതിഹാസികവും വീരോചിതവും ആണ്.

ജന്മനാ തന്നെ പ്രതിരോധം സ്വായത്തമാക്കിയ ഒരു സമൂഹത്തെ അവര്‍ എങ്ങനെ അതിജയിക്കാനാണ്? ഈ ജനത, വേദനയോടൊപ്പം പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ പാതയില്‍ ഏറ്റവും പ്രിയങ്കരമായ പലതും ത്യജിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാളികളെ സമര്‍പ്പിക്കുകയും ചെയ്യുന്നു.

അല്‍ ഖസ്സാമിന്റെ പോരാളികള്‍ ഏറ്റുമുട്ടുന്നത് ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ക്രൂരന്മാരും വംശവെറിയന്മാരുമായ ഒരു സൈന്യത്തോടാണ്. അതുകൊണ്ടുതന്നെ സമാനതകളില്ലാത്ത തിരിച്ചടിയും അവര്‍ക്ക് നാം കൊടുത്തിട്ടുണ്ട്. അവരുടെ ആയുധങ്ങളും വെടിക്കോപ്പുകളും ടാങ്കുകളും പോര്‍വിമാനങ്ങളും ഖസ്സാം ബ്രിഗേഡ്സിന്റെ പോരാളികള്‍ തകര്‍ത്തു. ശത്രുവിന്റെ താവളങ്ങളില്‍ ചെന്ന് അവരെ പിടികൂടുകയും പ്രൊഫഷനല്‍ സ്നൈപ്പിങ് ഓപ്പറേഷനിലൂടെ അവരുടെ പടക്കോപ്പുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പോയിന്റ് ബ്ലാങ്കില്‍ വെച്ചാണ് ശത്രു സൈന്യത്തിലെ ഓരോരുത്തരെയും നാം വക വരുത്തുന്നത്. സര്‍വ്വ സന്നാഹങ്ങളോടു കൂടിയ സുരക്ഷിതമായ സ്ഥലത്താണ് തങ്ങള്‍ കഴിയുന്നത് എന്ന് അവര്‍ വിചാരിച്ചപ്പോള്‍ വളരെ അപ്രതീക്ഷിതമായി നമ്മുടെ പോരാളികള്‍ അവരെ പിടിച്ച് പുറത്തിടുകയായിരുന്നു. തീര്‍ച്ചയായും നമ്മുടെ പോരാട്ടം എല്ലായിടത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

ഖസ്സാം ബ്രിഗേഡ്സിന്റെ ഓപ്പറേഷനുകളെ പര്‍വ്വതീകരിക്കാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമില്ല. അത് ഞങ്ങള്‍ നേരത്തെ പറഞ്ഞതുമാണ്. നമ്മുടെ പോരാളികള്‍ യുദ്ധഭൂമിയില്‍ സജീവമായി നിലകൊള്ളുകയാണ്. വളരെ സുപ്രധാനമായ ചില അറിയിപ്പുകള്‍ ഇനിയും ഞങ്ങള്‍ക്ക് പുറത്തുവിടാനുണ്ട്. ഇപ്പോള്‍ നിങ്ങള്‍ കാണുന്ന കാഴ്ചകളും കേള്‍ക്കുന്ന വാര്‍ത്തകളും യുദ്ധഭൂമിയിലെ ഞങ്ങളുടെ പോരാളികള്‍ ചെയ്യുന്നതിന്റെ ഒരു ഭാഗം മാത്രമാണ്.

തൂഫാനുല്‍ അഖ്സ 133 ആം ദിവസം പിന്നിടുമ്പോള്‍ ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുകയാണ്:

ഒന്ന്, ഹമാസിന്റെ പോരാളികള്‍ സര്‍വ്വായുധ സജ്ജരായി ശത്രുവിന്റെ തട്ടകത്തില്‍ സജീവമായി നിലയുറപ്പിച്ചിരിക്കുകയാണ്. ശത്രുവിന് കനത്ത നാശനഷ്ടം വരുത്തിവെക്കുന്ന രീതിയില്‍ ആയുധങ്ങളുമേന്തി കൃത്യമായ ആസൂത്രണത്തോടുകൂടിയാണ് നമ്മുടെ പോരാളികള്‍ യുദ്ധം ചെയ്യുന്നത്. ഈയൊരു പ്രതിരോധ മുന്നേറ്റം ഗസ്സയില്‍ നിന്ന് അവസാന സയണിസ്റ്റും പുറത്താവുന്നത് വരെ തുടരും. അധിനിവേശത്തിന്റെ കടന്നുകയറ്റത്തെ ചെറുത്തു തോല്‍പ്പിക്കുന്നിടത്ത് ശക്തമായ നാശനഷ്ടങ്ങളാണ് ശത്രു സൈന്യങ്ങള്‍ക്ക് നാം വരുത്തിവെച്ചത്. ആയിരക്കണക്കിന് വരുന്ന നമ്മുടെ പോരാളികള്‍ സജീവരായി കര്‍മ്മപഥത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പരിപാവനമായ ഈ മണ്ണിനുവേണ്ടിയുള്ള വിശുദ്ധ യുദ്ധത്തില്‍ കുടിപ്പകയും ക്രൂരതയും മാത്രം കൈമുതലാക്കിയ ശത്രുവിനെതിരെ ഹമാസിന്റെ പോരാളികള്‍ ശക്തമായ പോരാട്ടത്തിലാണ് .

രണ്ട്, ശത്രു സൈന്യം പറഞ്ഞുപരത്തുന്ന അവരുടെ സൈനിക നീക്കത്തെ കുറിച്ചുള്ള പ്രചരണങ്ങള്‍ ഞങ്ങള്‍ പരിഗണിക്കുന്നതേയില്ല. രക്തദാഹിയായ ഈ ശത്രു സൈന്യത്തെ അവരുടെ ആളുകള്‍ പോലും വിശ്വസിക്കുന്നില്ല. ലക്ഷ്യം നേടാന്‍ വേണ്ടി എന്തു നുണയും പ്രചരിപ്പിക്കുന്ന ആളുകളാണ് ഇവര്‍. ഇവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കണക്കുകളും എണ്ണങ്ങളും എല്ലാം തെറ്റായ റിപ്പോര്‍ട്ടുകള്‍ ആണെന്ന് മാത്രമേ ഞങ്ങള്‍ക്ക് പറയാനുള്ളൂ. അവരുടെ സ്ഥാപിത താല്പര്യങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ടി ഇല്ലാത്ത കഥകളും വാര്‍ത്തകളും ഓരോന്നായി പടച്ചുവിടുകയാണ്. അവര്‍ അവര്‍ക്ക് തോന്നിയത് പറയട്ടെ. തങ്ങളുടെ നേതാക്കള്‍ നുണ പറയുകയായിരുന്നു എന്ന് ഒരിക്കല്‍ ആ ജനത തിരിച്ചറിയും. പോര്‍മുഖം തുറന്നു തന്നെയാണ് കിടക്കുന്നത്. വസ്തുതകളെല്ലാം കൃത്യവുമാണ്. ശത്രുക്കള്‍ പ്രചരിപ്പിച്ചതെല്ലാം അടിസ്ഥാനരഹിതമാണെന്ന് വിദൂരമല്ലാത്ത ഭാവിയില്‍ മനസ്സിലാവും. വംശഹത്യകള്‍ നടത്തിയും കല്ലുവെച്ച നുണകള്‍ പ്രചരിപ്പിച്ചും ഇവര്‍ നേടിയെടുത്ത വിലകുറഞ്ഞ രാഷ്ട്രീയം അവരെ കനത്ത അധഃപതനത്തിലേക്കാണ് നയിക്കുന്നത്.

മൂന്ന്, ശത്രുപാളയത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. ബന്ദികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളടക്കം കാര്യങ്ങള്‍ ഈയൊരു അവസ്ഥയിലേക്ക് എത്തണമെന്ന് ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചതല്ല. കഴിഞ്ഞ നാളുകളിലത്രയും ഞങ്ങളുടെ അടുത്തുള്ള തടവുകാര്‍ക്ക് മാനുഷികമായ പരിരക്ഷയും സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. അതിലൂടെ ലക്ഷ്യം വെക്കുന്നത് പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഞങ്ങളുടെ ബന്ദികളുടെ മോചനമാണ്. യുദ്ധം ആരംഭിച്ചത് മുതല്‍ ബന്ദികള്‍ക്ക് സംഭവിച്ചേക്കാവുന്ന പ്രയാസങ്ങളെ കുറിച്ച് പലപ്രാവശ്യം ഞങ്ങള്‍ പറഞ്ഞതാണ്. പക്ഷേ ശത്രുസേന അത് കാര്യമായി എടുത്തില്ല. ഇപ്പോള്‍ അവര്‍ സ്വന്തം ബന്ദികളെ വരെ കൊന്നുകളഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ പലരും രോഗികളായും അംഗവൈകല്യം സംഭവിച്ചവരായും ഏറെ കഷ്ടപ്പെടുന്നുണ്ട്. മരുന്നുകളുടെ അപര്യാപ്തത, പട്ടിണി തുടങ്ങി ഗസ്സയിലെ ആളുകള്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും ശത്രു സൈന്യത്തിന്റെ ബന്ദികളും അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദിത്വം ഇവരുടെ നേതൃത്വത്തിനു മാത്രമാണ്. കാലം എല്ലാം തെളിയിക്കുക തന്നെ ചെയ്യും. ഇതൊരു മുന്നറിയിപ്പ് മാത്രമാണ്.

അവസാനമായി, പ്രിയപ്പെട്ടവരേ അല്ലാഹുവും സകല വേദഗ്രന്ഥങ്ങളും ശപിച്ചിട്ടുള്ള ഈ ശത്രുവിനെതിരെ പോരാടി ഈ മണ്ണില്‍ തന്നെ ജീവിക്കണമെന്നാണ് അല്ലാഹു നമ്മോട് പറഞ്ഞിട്ടുള്ളത്. അതിനാല്‍ നാം ഇവിടെ തന്നെ നിലകൊള്ളും. ശത്രുവിനെതിരെ നാം കരുത്തോടെ പടപൊരുതും. നമ്മില്‍ നിന്നുമാണ് അല്ലാഹു രക്തസാക്ഷികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ അടുത്തുതന്നെ വിജയമായി മാറുക തന്നെ ചെയ്യും.

അക്രമകാരികളായ, വിറളി പൂണ്ട സൈന്യത്തിനെതിരെ പ്രതികാരത്തിന്റെ കൃത്യമായ കണക്കുകള്‍ തയ്യാറാക്കി പോരടിച്ച് രക്തസാക്ഷിത്വം പുല്‍കിയ രണധീരരെ, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.

വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാന്‍ കഴിയാത്ത വിധം സര്‍വ്വതും സമര്‍പ്പിച്ച പ്രിയ ഫലസ്തീനികളേ, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ശുഹദാക്കളുടെ മാര്‍ഗത്തില്‍ നാം ഇനിയും നിലകൊള്ളും.

‘അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല’.

ഇതൊരു ജിഹാദാണ്. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം. അസ്സലാമു അലൈക്കും.

വിവ: മുഖ്താര്‍ നജീബ്.

Related Articles