Current Date

Search
Close this search box.
Search
Close this search box.

അബൂ ഉബൈദ; കപടചിത്രങ്ങളുടെ കാലത്ത് നേരിൻറെ ഉറച്ച ശബ്‍ദം

കേവല പ്രസിദ്ധിയുടെ പിന്നാലെ ആളുകൾ പരക്കം പായുന്ന കാലത്ത്, വെറുമൊരു മുഖം മൂടിക്കുള്ളിൽ രണ്ടു കണ്ണുകൾ കൊണ്ട് മാത്രം സ്റ്റാർഡം തീർത്ത മനുഷ്യൻ , അത്ഭുതകരമാം വിധം ജനകീയാടിത്തറ നേടിക്കഴിഞ്ഞ പോരാളി, ഹമാസിൻറെ നേതൃത്വങ്ങളിൽ ചിലർക്കൊഴികെ ഇയാളുടെ യഥാർത്ഥ മുഖം എങ്ങനെയെന്ന് പോലും അറിയാൻ ഒട്ടും സാധ്യതയുമില്ല. ചിലപ്പോളയാൾ ഗസ്സയുടെ തെരുവോരങ്ങളിലൂടെ ആരുമറിയാതെ കടന്നുപോകുന്നുണ്ടാവാം. അയാളെപ്പോലെ തൻ്റെ യഥാർത്ഥ സ്വത്വം മറച്ചുവെച്ച് അധിനിവേശകർക്കെതിരെ നിർബാധം പോരാടുന്ന ഒരുപാട് സൂപ്പർ ഹീറോകൾക്ക് ഫലസ്തീനിന്റെ മണ്ണ് സാക്ഷിയാണ്.

അബൂ ഉബൈദ; അൽ ഖസ്സാം ബ്രിഗേഡ്സിന്റെ ഔദ്യോഗിക വക്താവ്. ഹമാസിന്റെ പ്രധാന സൈന്യാധിപനായ അദ്ദേഹത്തെ കേൾക്കാൻ അറബ് ജനതയിൽ വലിയൊരു വിഭാഗം ആളുകൾ കാത്തിരിക്കുകയാണ്. അബൂ ഉബൈദയുടെ താര പദവിയും ഒപ്പം ആളുകൾക്ക് അദ്ദേഹത്തോടുള്ള വൈകാരിക ബന്ധവും നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. 2023 ഒക്ടോബർ 7ന് ഉണ്ടായ തൂഫാനുൽ അഖ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സക്കു ശേഷം യുദ്ധത്തിന്റെ പ്രധാന ഐക്കണായി അബൂ ഉബൈദ മാറിയിരിക്കുകയാണ്.

ഈജിപ്തിൽ അബൂ ഉബൈദക്ക് വേണ്ടി ഗാനങ്ങൾ രചിക്കപ്പെടുന്നു, ഒമാനിലെ ആളുകൾ ജിംനേഷ്യങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ പാട്ടുകൾക്ക് പകരം ഇദ്ദേഹത്തെയാണ് കേൾക്കുന്നത്. അവിടുത്തെ പള്ളികളിൽ ഉച്ചഭാഷിണികളിൽ അബൂ ഉബൈദയുടെ പ്രസംഗം കേൾപ്പിക്കുന്നു. ലബനാനിൽ , പരീക്ഷകളിൽ അബൂ ഉബൈദയെക്കുറിച്ച് ചോദിക്കുന്നു, ബൈറൂത്തിലെ ചില കവലകളിൽ അദ്ദേഹത്തിൻ്റെ ചിത്രത്തിനു താഴെ ‘ഉമ്മത്തിന്റെ വക്താവ്’ എന്ന് ആലേഖനം ചെയ്യപ്പെട്ടതായി കാണാം. അവിടെയുള്ള ചില കുട്ടികൾ അവരുടെ കളിയിലും നാടകങ്ങളിലുമെല്ലാം അബൂ ഉബൈദയെ അനുകരിക്കാറുണ്ട്. അദ്ദേഹത്തെ അനുകരിക്കുന്ന വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജരാനരകളുടെ വിവശത മറന്ന് ആവേശത്തോടെ അബൂ ഉബൈദയുടെ പ്രഭാഷണം ശ്രവിക്കുന്ന വൃദ്ധരായ ആളുകളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.

2021 ലെ ‘സൈഫുൽ ഖുദ്‍സ്’ ഓപ്പറേഷനു ശേഷമാണ് സാംസ്കാരിക ലോകത്ത് അബൂ ഉബൈദ ഇടം നേടിയതെങ്കിലും ഇന്ന് കാണുന്ന രീതിയിൽ തന്റേതായ സ്ഥാനമുറപ്പിക്കുന്നത് തൂഫാനുൽ അഖ്സക്കു ശേഷമാണ് . അതോടുകൂടി അബൂ ഉബൈദ യുദ്ധത്തിന്റെ ഗതിവിഗതികൾ പറയുന്ന ഖസ്സാം ബ്രിഗേഡ്സിന്റെ സ്പോക്ക്പേഴ്സൺ എന്നതിനപ്പുറം ഒരു ദേശത്തിന്റെ ഉജ്ജ്വലനായ നേതാവായി മാറുകയായിരുന്നു.

2006-ൽ ഗിലാത് , ശാലിത് എന്നീ ഇസ്രയേൽ സൈനികരെ ബന്ദികളാക്കി പിടിച്ചപ്പോഴാണ് ആദ്യമായി അബൂ ഉബൈദ സ്ക്രീനിന് മുമ്പിൽ വന്നത് എന്നാണ് പലരും കരുതുന്നത്. എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല. 2005ൽ ഇസ്രയേൽ സൈന്യം ഫലസ്തീനിൽ നിന്നും പിൻവാങ്ങിയത് മുതൽ ഖസ്സാം ബ്രിഗേഡ്സിന്റെ ഔദ്യോഗിക വക്താവായി ചുമതലയേറ്റിരുന്നു. 2005ൽ അൽ ജസീറ ചാനൽ പുറത്തിറക്കിയ ഒരു വീഡിയോയിൽ അബൂ ഉബൈദ പ്രത്യക്ഷപ്പെട്ടിരുന്നു. പലകാരണങ്ങളാൽ പിന്നീട് 2014 ലാണ് ആ വീഡിയോ പുറത്തുവന്നത്. ഇന്ന് അദ്ദേഹം കൈവരിച്ചിട്ടുള്ള പ്രസംഗ ശൈലിയായിരുന്നു പ്രസ്തുത വീഡിയോയുടെ ഉള്ളടക്കം. ശത്രുക്കൾക്കെതിരെ തുരങ്കം വഴിയുള്ള ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഉള്ളടക്കമായിരുന്നു അദ്ദേഹത്തിൻറെ ആദ്യ പ്രഭാഷണങ്ങൾ.

പ്രസ്തുത വീഡിയോയിൽ ഇതുവരെ എത്ര യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്ന് അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ ചോദിക്കുമ്പോൾ അല്പനേരം ആലോചിച്ചിട്ട് അബൂ ഉബൈദ കൃത്യമായി ഓർമ്മയില്ല എന്ന് പറയുന്നത് കാണാം. റിപ്പോർട്ടർ വീണ്ടും പത്തിലധികമാണോ നൂറിൽപരമാണോ എന്ന് ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ‘പത്തിലധികം’ എന്ന് അദ്ദേഹം മറുപടി നൽകുന്നുണ്ട്. പൊതുജനങ്ങളെ ബഹുമാനിക്കാനും കഴിയുന്നത്ര കൃത്യമായി വിവരങ്ങൾ കൈമാറാനുമുള്ള അബു ഉബൈദയുടെ വ്യഗ്രത, അദ്ദേഹത്തിനും ജനങ്ങൾക്കും ഇടയിൽ നല്ലൊരു ബന്ധം വളർത്തിയെടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.

2006 ജൂണിൽ നടന്ന ക്രോസ് ബോർഡർ ആക്രമണത്തിലൂടെയാണ് അബൂ ഉബൈദ സജീവമാകുന്നത്. ആ ആക്രമണത്തിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെടുകയും മറ്റു രണ്ടുപേർക്ക് പരിക്കേൽക്കുകയും സൈനികരായ ഗിലാദ്, ശാലിത് എന്നിവരെ തടവിലാക്കുകയും ചെയ്തു. ഉപ്പയും ഉമ്മയും അടക്കം 5 സഹോദരങ്ങൾ ഇസ്രയേലിന്റെ ആക്രമണത്തിൽ രക്തസാക്ഷികളായപ്പോൾ ആ മൃതദേഹങ്ങളുടെ ഇടയിൽ കിടന്ന് ഉപ്പയെ വിളിച്ച് തേങ്ങിക്കരയുന്ന ഹുദ എന്ന പെൺകുട്ടിയുടെ വീഡിയോ പുറത്തുവന്നതിനുശേഷം അബൂ ഉബൈദ നടത്തിയ പ്രഭാഷണത്തിൽ അറബികളുടെ ആത്മാഭിമാനം ആരുടെ മുന്നിലും പണയം വെച്ചിട്ടില്ലെന്നും അധിനിവേശകർക്കെതിരെയുള്ള തങ്ങളുടെ പോരാട്ടം വിജയം കാണുമെന്നും പറയുന്നുണ്ട്.

ഇസ്രയേലിന്റെ ഹിറ്റ്‍ലിസ്റ്റിൽ പെട്ട ഖസ്സാം ബ്രിഗേഡ്സിന്റെ ചീഫ് കമാൻഡറായ മുഹമ്മദ് ളയ്‍ഫിന്റെ ചെറുപ്പകാലത്തുള്ള ഫോട്ടോ എങ്കിലും ലഭ്യമാണ്. എന്നാൽ അബൂ ഉബൈദയെ സംബന്ധിച്ചുള്ള ഒരു വിവരവും ആർക്കും ലഭ്യമല്ല. അബൂ ഉബൈദയുടെ ജനപിന്തുണ വർദ്ധിക്കുന്തോറും ഇസ്രായേൽ ആശയക്കുഴപ്പത്തിലാവുകയാണ്. അദ്ദേഹം നിരന്തരമായി നയിക്കുന്ന മനശാസ്ത്ര യുദ്ധത്തിലൂടെ ഇസ്രയേലിന്റെ ഭീകര പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് അബൂ ഉബൈദ. തെൽ അവീവിലെ മാധ്യമപ്രവർത്തകർ അബൂ ഉബൈദയെ കുറിച്ച്, പേരും രൂപവും എല്ലാം തങ്ങൾക്ക് അറിയാമെന്നും മറ്റും അപസർപ്പക കഥകൾ മെനഞ്ഞുണ്ടാക്കാൻ തുടങ്ങി.2008, 2012, 2014 തുടങ്ങിയ വർഷങ്ങളിൽ അബൂ ഉബൈദയുടെ വാസസ്ഥലത്തിനു നേരെ നിരവധിതവണ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.

1948 ഇസ്രയേൽ അധിനിവേശം നടത്തിയ ‘നിഅലിയാ’ എന്ന ഗ്രാമത്തിലാണ് അബൂ ഉബൈദ ഉള്ളതെന്നും കുടുംബം ഗസ്സയിലെ ജബാലിയ എന്ന സ്ഥലത്തേക്ക് ചേക്കേറുകയും ചെയ്തു എന്ന് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. മറ്റൊരു ഇസ്രയേലി പത്രം 2014 ൽ അബു ഉബൈദയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്, “ഖസ്സാം ബ്രിഗേഡ്സിൽ ചെറിയ രൂപത്തിൽ സൈനിക സേവനമനുഷ്ഠിക്കുകയും ഗസ്സയിലെ അൽ ജാമിഅ അൽ ഇസ്‌ലാമിയ യൂണിവേഴ്സിറ്റിയിൽ ഉസൂലുദ്ദീൻ വിഭാഗത്തിൽ ‘പുണ്യഭൂമി: ഇസ്‌ലാമിക്- ജൂത – ക്രൈസ്തവ കാഴ്ചപ്പാടിലൂടെ’ എന്ന വിഷയത്തിൽ റിസർച്ച് ചെയ്യുന്ന ഒരാളുണ്ട്” എന്നായിരുന്നു. ഇതൊന്നും പക്ഷേ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വാർത്തയല്ല. ഒരു പക്ഷേ ഫലസ്തീനികളെ കുറിച്ച് ഇസ്രയേലി പത്രങ്ങൾ പടച്ചുവിടുന്ന വാർത്തകളാവാം.

2005 മുതൽ ഹമാസ് മാധ്യമപ്രവർത്തനത്തിന് കൂടുതൽ ഊന്നൽ നൽകി. സൈനിക സംബന്ധിയായ കാര്യങ്ങൾ നേരത്തെ തന്നെ ഖസ്സാം ബ്രിഗേഡ്സ് ചെയ്തു പോന്നിരുന്നു. കൂടാതെ അതിന്റെ സാങ്കേതികമായ കാര്യങ്ങളിലും വാർത്തകളുടെ ഉള്ളടക്കത്തിലും ചിത്രീകരണത്തിലുമെല്ലാം കൃത്യമായ മുന്നേറ്റം നടത്തി. അൽ ഖസ്സാം തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തുന്ന സൈനികമായ വിവരണങ്ങളിൽ കൃത്യമായ അവധാനതയും സൂക്ഷ്മതയും പുലർത്തി. അതുകൊണ്ടുതന്നെ ആവശ്യമില്ലാതെ അബൂ ഉബൈദ വീഡിയോയിലൂടെ പ്രത്യക്ഷപ്പെടില്ലെന്ന് ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.

എന്നിരുന്നാലും അബൂ ഉബൈദ നേടിയെടുത്ത വൻ ജനപ്രീതി വീഡിയോയിലൂടെയുള്ള സംസാരത്തിലൂടെയാണെന്ന് മാത്രം പറയാനൊക്കില്ല. ‘തൂഫാനുൽ അഖ്‍സ’ അറബ് ജനതയ്ക്കിടയിൽ വമ്പിച്ച അലയൊലികളാണ് ഉണ്ടാക്കിയത്. അങ്ങനെ അവർ അവരുടെ കാര്യങ്ങളും മറ്റും പോരാളികളെ അറിയിക്കാൻ ഒരു ദൂതനെ കാത്തിരിക്കുകയായിരുന്നു. അങ്ങനെ അബൂ ഉബൈദ വന്നപ്പോൾ അദ്ദേഹത്തോട് എന്തെന്നില്ലാത്ത സ്നേഹവും ആദരവുമുണ്ടായി.

അബൂ ഉബൈദയുടെ പങ്ക് ഇതിലൊന്നും ഒതുങ്ങുന്നതായിരുന്നില്ല. അൽ ഖസ്സാമിന്റെ സന്ദേശങ്ങൾ കൈമാറുന്നതിനപ്പുറം മാധ്യമ തലത്തിൽ സജീവമായ പങ്കുവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഗസ്സയെ കുറിച്ചുള്ള ഇസ്രായേൽ വൃത്തങ്ങളുടെ അവഹേളനപരമായ വാർത്തകൾ നിരന്തരം തുടർന്നപ്പോൾ ആളുകൾ അബൂ ഉബൈദയെ രക്ഷകനായി അവരോധിച്ചു. അധിനിവേശത്തിന്റെ നോവനുഭവങ്ങൾ ആവർത്തിക്കുമ്പോഴും ആളുകളോട് വൈകാരികമായി ചേർന്നുനിൽക്കാനും സ്ഫുടമായ ഭാഷയിൽ സംവദിക്കാനും അബൂ ഉബൈദക്ക് കഴിഞ്ഞു. സത്യസന്ധതയുടെയും വൈകാരികതയുടെയും സമജ്ഞ സമ്മേളനം! വെറുമൊരു മുഖംമൂടി ധാരിയും തെരുവിലെ ജനങ്ങളും തമ്മിലുണ്ടായ ഊഷ്മളമായ ബന്ധത്തിന് വല്ലാത്തൊരു അപൂർവതയാണ്.

ആളുകൾക്ക് അവരുടെ നേതാക്കളുടെ പ്രഭാഷണം പണ്ടേ കേട്ടുകേൾവിയുള്ളതാണ്. അതാവട്ടെ പലതും അതിശയോക്തി കലർന്നതാണ് താനും. എന്നാൽ അബൂ ഉബൈദയുടെ പ്രഭാഷണം വ്യത്യസ്തമാവുന്നത്, അത് സത്യസന്ധവും കൃത്യവും സൂക്ഷ്മവുമാണ് എന്നതിനാലാണ്. 2012 ൽ അബൂ ഉബൈദയോട് നിങ്ങളുടെ പ്രതിരോധ മുന്നണി ഇസ്രായേൽ സൈന്യത്തോളം വരുമോ എന്ന ചോദ്യത്തിന് ഗസ്സയിൽ വെച്ചുള്ള സൈനിക മുന്നേറ്റത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നുണ്ട്.

അബൂ ഉബൈദയുടെ പ്രഭാഷണങ്ങളിൽ അദ്ദേഹം ഉപയോഗിക്കുന്ന ആലങ്കാരിക പ്രയോഗങ്ങളും ഇസ്രയേൽ സൈന്യത്തെ കുറിച്ചുള്ള ആക്ഷേപഹാസ്യങ്ങളും ഏറെ ശ്രദ്ധേയമാണ്. “അറബ് മുസ്‌ലിം ഭരണാധികാരികളോട് ഞങ്ങൾക്ക് പറയാനുള്ളത്, ഞങ്ങൾ യുദ്ധമുഖത്താണ്. നിങ്ങൾ സ്ക്രീനുകളിലൂടെ ഇവിടുത്തെ അവസ്ഥ കാണുന്നുണ്ടാവും. ഞങ്ങളൊരിക്കലും നിങ്ങളോട് നിങ്ങളുടെ സന്നാഹങ്ങൾ ഉപയോഗിച്ച് ഗസ്സയിലെ മക്കളെ പ്രതിരോധിക്കാനോ സംരക്ഷിക്കാനോ ആവശ്യപ്പെടുന്നില്ല. ആ ഒരവസ്ഥ അല്ലാഹു വരുത്താതിരിക്കട്ടെ! നിങ്ങളുടെ ‘പവിത്രമായ’ കൈകൾ മലിനമാവാതിരിക്കട്ടെ! ” .

നിരീക്ഷകർ പറയുന്നത് പോലെ, മറ്റു നേതാക്കന്മാരെ പോലെ അബൂ ഉബൈദ തന്റെ പ്രഭാഷണങ്ങളിൽ ഒട്ടും അതിശയോക്തി കലർത്താറില്ല. എത്രത്തോളമെന്നാൽ, ഇസ്രയേൽ സൈന്യം അവരുടെ വൃത്തങ്ങളെക്കാൾ അബൂ ഉബൈദയുടെ പ്രഭാഷണങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇന്ന് അബൂ ഉബൈദ അൽ-അഖ്സ ചാനലിലൂടെയും അദ്ദേഹത്തിന്റെ ടെലഗ്രാം ചാനലിലൂടെയും അറബ് ലോകത്തെ നിരന്തരമായി അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ, നിരന്തരം തുടരുന്ന ഗസ്സയിലെ പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും അംബാസിഡറായി മാറാൻ ആ മുഖംമൂടി ധാരിക്ക് കഴിഞ്ഞു.

 

വിവ: മുഖ്താര്‍ നജീബ്

 

Related Articles