Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ ഇസ്രായേലിൽ നിന്ന് പഠിക്കുന്ന മുസ്ലിം വിദ്വേഷ പാഠങ്ങൾ

ഉത്തരേന്ത്യയിൽ മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലെ പ്രമുഖ സംസ്ഥാനമാണ് ഹരിയാന. ഹരിയാനയിലെ ബിജെപി ഭരണകൂടം മുസ്ലിം ഭൂരിക്ഷമുള്ള ഏക ജില്ലയായ നുഹിൽ മുസ്ലീങ്ങളുടെ 300 ലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തത് ലോകം ഭീതിയോടെയാണ് വീക്ഷിച്ചത്.

ഹരിയാനയിലുണ്ടായ അക്രമത്തെ തുടർന്ന് ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ മുസ്ലീംകൾ നടത്തുന്ന ബിസിനസുകൾ ബഹിഷ്കരിക്കാനും ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകളിൽ നിന്ന് മുസ്ലീം ജീവനക്കാരെ പിരിച്ചുവിടാനും ആഹ്വാനം ചെയ്തു. മുസ്ലിം വീടുകൾ പൊളിച്ചു നീക്കുന്നതിന് മുമ്പ് തീവ്ര വലതുപക്ഷ ഹിന്ദു സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്ര നൂഹിയെലിത്തിയതോടെയാണ് ജില്ലയിൽ ഹിന്ദു മുസ്ലീം ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായത്.

ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന ഭരണകൂടത്തിന് കീഴിൽ നടമാടുന്ന വിദ്വേഷ പ്രചരണങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഇന്ത്യ നിരന്തരം വേദിയായി കൊണ്ടിരിക്കുകയാണ്.

നൂറ്റാണ്ടുകളായി മുസ്ലിം സമുദായം ജീവിക്കുന്ന നൂഹ് പോലെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീം വീടുകളും സ്വത്തുക്കളും വൻതോതിൽ നശിപ്പിച്ചത് അതിലും മോശമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. രാജ്യത്ത് അതിവസിക്കുന്ന മുസ്ലീംകളെയും അവരുടെ പാരമ്പര്യത്തിന്റെയും എല്ലാ തെളിവുകളും മായ്‌ക്കാനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നത്. ഒരു സമ്പൂർണ്ണ വംശഹത്യയുടെ ആദ്യപടിയാണോ ഈ അതിക്രമമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ഇസ്രായേൽ നൽകുന്ന പാഠങ്ങൾ
ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിൽ വന്നത് മുതൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിട്ടുണ്ട്. ഫലസ്തീനികളോടുള്ള ഇസ്രയേലിന്റെ സമീപനത്തിന് സമാനമായ സ്വഭാവം ഇന്ത്യൻ മുസ്ലിംകളോട് പ്രകടിപ്പിക്കലാണ് ഹിന്ദു വലതുപക്ഷത്തിന്റെ ആഗ്രഹമെന്നത് ഇതിനകം വ്യക്തമായിട്ടുണ്ട്.

ഫലസ്തീൻ ചരിത്രവും പാരമ്പര്യവും സംസ്കാരവും വ്യവസ്ഥാപിതമായി മായ്ച്ചുകളയാനുള്ള ഇസ്രായേൽ ശ്രമങ്ങളിൽ നിന്ന് അവർ പ്രചോദനം ഉൾക്കൊണ്ടിരുക്കുകയാണ്. 1948 ൽ നടന്ന നക്ബ കലാപത്തിന്റെ കാലത്തും അതിനു ശേഷ 530 ലധികം ഫലസ്തീൻ ഗ്രാമങ്ങൾ ആസൂത്രിതമായി നശിപ്പിച്ചതും, വെസ്റ്റ് ബാങ്കിലും ജറുസലമിലുമുള്ള ഫലസ്തീൻ വീടുകൾ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് മുദ്രകുത്തി ഇസ്രായേലിന് കയ്യേറാൻ വഴിയൊരുക്കിയതുമായ അരാജകത്വ പ്രവണതകളിൽ ഹിന്ദുത്വം പാഠം ഉൾകൊണ്ടിട്ടുണ്ട്.

ഫലസ്തീൻ ജനതയെ അവരുടെ വീടുകളിൽ നിന്ന് നിർബന്ധിച്ച് ഇറക്കിവിട്ട് അവരുടെ വീടുകൾ തകർത്ത സ്ഥലത്താണ് ഇസ്രയേലിന്റെ ബെൻ ഗുറിയോൺ വിമാനത്താവളം നിർമ്മച്ചത്. അതിന് സമാനമായാണ് 1992 ഡിസംബറിൽ ഹിന്ദുത്വ തീവ്രവാദികൾ ഒത്തുകൂടി ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ് തകർത്ത് ഹിന്ദു ദൈവമായ രാമന്റെ ഒരു പുതിയ ക്ഷേത്രം നിർമ്മിച്ചത്.

ഫലസ്തീൻ ജനതയുടെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിഞ്ഞ് ഒരു വേദിയിലും അവരെ പരാമർശിക്കാൻ തയ്യാറാകാതെ അവർ ഒരു വ്യതിരിക്ത ദേശീയ സമൂഹമാണെന്ന നിലയിൽ അവരുടെ അസ്തിത്വത്തിന് മുന്നിൽ നിസ്സംഗത പുലർത്തുന്ന ഇസ്രായേൽ മനോഭാവമാണ് ഹിന്ദുത്വം ഇന്ന് ഇന്ത്യയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

പൂർവികരുടെ വീടും ഭൂമിയും നഷ്ടപ്പെട്ടതിൽ വിലപിക്കുന്നതിനും അവ തിരിച്ചുപിടിക്കാനുമുള്ള അവകാശം പോലും ഫലസ്തീനികൾക്ക് നിഷേധിക്കുന്ന നിയമങ്ങളാണ് ഇസ്രയേലിൽ നിലവിലുള്ളത്. നക്ബയുടെ അനുസ്മരണം കുറ്റകരമാക്കുന്ന ബജറ്റ് ഫൗണ്ടേഷൻ നിയമത്തിലെ 40-ാം ഭേദഗതി ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്.

ഇസ്രായേൽ “ജൂത ജനതയുടെ രാഷ്ട്രം” ആണെന്നും “ഇസ്രായേൽ രാഷ്ട്രത്തിലെ സ്വയം നിർണ്ണയാവകാശം അദ്വിതീയമാണെ”ന്നും വ്യക്തമാക്കുന്ന ജൂത രാഷ്ട്ര-സംസ്ഥാന നിയമം 2018-ൽ നെസെറ്റ് പാസാക്കിയിരുന്നു. ഫലസ്തീനികളുടെ വിമോചനത്തിനും ഇസ്രായേൽ രാഷ്ട്രത്തിലെ തങ്ങളുടെ ഭൂമിയുടെ അവകാശത്തിന് വേണ്ടി വാദിക്കാൻ ഫലസ്തീനികൾക്കുള്ള അശക്തതയെയുമാണ് ഈ നിയമം വെളിച്ചത്ത് കൊണ്ടു വന്നത്. ഈ കാര്യങ്ങളിലെല്ലാം ഇന്ത്യ ഇസ്രായേലിൽ നിന്ന് പാഠം ഉൾക്കൊള്ളുകയാണ്.

ശിഥിലമാകുന്ന മുസ്ലീം ഭൂതകാലവും വർത്തമാനകാലവും
ഇസ്രായേലിലെന്നപോലെ ഇന്ത്യയിലും ബിജെപി ഭരണകൂടം സ്വതാത്പര്യത്തിൽ നിർമ്മിച്ച നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങളും കലാപകാരികളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ അധികാരികൾ തറപ്പിച്ചുപറയുന്നതും ഇക്കാരണം കൊണ്ടാണ്.

പക്ഷെ നിയമവിരുദ്ധമാണെന്ന അവകാശവാദങ്ങൾ നമമാത്രമാകുന്ന കാഴ്ചയാണ് നൂഹിലും മറ്റിടങ്ങളിലും കാണാൻ കഴിഞ്ഞത്. കാരണം ബിൽഡിംഗുകൾ പൊളിച്ച് നീക്കിയത് പൂർണ്ണമായും മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് മാത്രം ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധങ്ങൾ ഉയർന്നതോടെ 2020 ൽ ന്യൂഡൽഹിയിലെ മുസ്ലീം സ്വത്തുക്കൾ ആസൂത്രിതമായി തകർക്കുകയായിരുന്നു.

രോഷാകുലരായ ഹൈന്ദവ വിഭാഗം മത മുദ്രാവാക്യങ്ങൾ മുഴക്കി ആയുധങ്ങളും പെട്രോൾ ബോംബുകളും ഉപയോഗിച്ച് സമീപപ്രദേശങ്ങളിലൂടെ മാർച്ച് ചെയ്യുകയും ചെയ്തു. അവരുടെ വീടുകൾ ഇപ്പോഴും യാതൊരു കേടുപാടുകൾ കൂടാതെയാണ് നിലനിൽക്കുന്നത്.

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ (ഡിഎംസി) പറയുന്നതനുസരിച്ച് ആൾക്കൂട്ടം മുസ്ലീം വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ, പള്ളികൾ, മദ്രസകൾ, ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ എന്നിവ തകർത്ത് തരിപ്പണമാക്കി. സി‌എ‌എ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചൊതുക്കാൻ “പ്രതികാര പദ്ധതി”യുമായി വന്ന ഹിന്ദു ജനവിഭാഗം ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയോടെയാണ് അക്രമങ്ങൾ ആവിഷ്‌കരിച്ചതെന്ന് ഡിഎംസി കൂട്ടിച്ചേർത്തു. അത്തരം അരാജകത്വങ്ങൾ നടപ്പിലാക്കിയത് ഒറ്റയടിക്ക് ആയിരുന്നില്ല.

2022 ഏപ്രിലിൽ മധ്യപ്രദേശിലെ ഖാർഗാവ് സിറ്റിയിൽ ഹിന്ദു ഭക്തർ രാം നമവി ആഘോഷിക്കുന്നതിന്റെ ഭാഗമായി മുസ്ലീങ്ങൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന സംഗീതം ആലപിച്ച് മുസ്ലീം സമീപപ്രദേശങ്ങളിലും പള്ളികളിലും മാർച്ച് നടത്തിയതിനെ തുടർന്നാണ് അവർക്കിടയിൽ സംഘർഷമുണ്ടായത്. ഹിന്ദു ഭക്തർക്ക് നേരെ കല്ലെറിഞ്ഞ മുസ്ലീങ്ങൾക്കെതിരെയുള്ള പ്രതികാരമെന്നോണമാണ് അധികാരികൾ സമീപപ്രദേശങ്ങളിലെ വീടുകൾ ഉഴുതുമറിക്കാൻ ബുൾഡോസർ അയച്ചത്.

2022 ജൂണിൽ ബിജെപി നേതാക്കൾ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചപ്പോഴും ഉത്തർപ്രദേശ് സർക്കാർ സമാനമായ രീതിയിൽ പ്രതികരിക്കുകയും അവരുടെ വീടുകൾ തകർക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഒരു വീട് പൊളിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തത് വിദ്വേശത്തിന്റെ തനിപകർപ്പായിരുന്നു.

അതിനിടെ സ്‌കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് രാജ്യത്തിന്റെ ഇസ്‌ലാമിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന അധ്യായങ്ങൾ നീക്കം ചെയ്തു. ഇന്ത്യയിലെ മുസ്‌ലിം സാന്നിധ്യവും പൈതൃകവും ഭരണകൂടം വ്യക്തമായ അജണ്ടയിലൂടെ നിഷ്കാസനം ചെയ്യുന്ന അനീതിയുടെ ആരവങ്ങളാണ് ഇന്ത്യയിൽ അരങ്ങ് വാഴുന്നത്.

ഇന്ത്യയിൽ അരങ്ങുവാഴുന്ന വംശഹത്യ
മുസ്ലിം ജീവിതത്തെ നാശത്തിലേക്ക് നയിച്ചേക്കാവുന്ന ഇന്ത്യൻ സാഹചര്യങ്ങളും മുസ്ലിം വീടുകൾ, ബിസിനസ്സുകൾ മന:പൂർവ്വം തകർക്കുന്നതും ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച മുസ്‌ലിംകളോടുള്ള വംശഹത്യയുടെ ഭാഗമായാണെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വ്യക്തമായിട്ടുണ്ട്.

വംശഹത്യയുലൂടെ അവരെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഓരോ ഗ്രൂപ്പിനെയും അവർ ലക്ഷ്യമിടുന്നത്. പക്ഷെ അത് തെളിയിക്കാൻ വളരെ പ്രയാസമായിരിക്കും. കാരണം ഹിന്ദു ദേശീയ പ്രസ്ഥാനം നടത്തുന്ന ഇസ്‌ലാമോഫോബിയയുടെ പ്രവർത്തനങ്ങൾ തെളിയിക്കൽ അൽപം പ്രയാസകരമാണ്.

സമീപ വർഷങ്ങളിൽ ഹിന്ദു ദേശീയ നേതാക്കൾ പൊതുവേദികളിൽ വെച്ച് മുസ്‌ലിംകൾക്കെതിരെ അക്രമത്തിനും വിവേചന സമീപനത്തിനും പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2022 ഒക്ടോബറിൽ ഡൽഹിയിൽ നടന്ന “വിരാട് ഹിന്ദു സഭ” പരിപാടിയിൽ, 2020 ലെ ഡൽഹി കലാപത്തിൽ അണിനിരന്ന ഹിന്ദു ഗ്രൂപ്പുകളെ ബിജെപി നിയമസഭാംഗം നന്ദ് കിഷോർ ഗുർജാർ അഭിനന്ദിച്ചിരുന്നു. “ഞങ്ങൾ ജിഹാദികളെ കൊല്ലും, ഞങ്ങൾ എപ്പോഴും ജിഹാദികളെ കൊന്നുകൊണ്ടിരിക്കും” എന്ന് പരിപാടിയിൽ പങ്കെടുത്ത 2500 പേരോട് അദ്ദേഹം പ്രഖ്യാപിച്ചു.

മറ്റൊരു ബിജെപി നേതാവും പാർലമെന്റ് അംഗവുമായ പർവേഷ് വർമയും ചടങ്ങിൽ പങ്കെടുത്തിരുന്നു. “നിങ്ങൾ അവരെ (മുസ്‌ലിംകളെ) എവിടെ കണ്ടാലും പൂർണ്ണമായും ബഹിഷ്‌കരിക്കണമെന്ന് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു” എന്ന് വർമ്മ തന്റെ പ്രസംഗത്തിൽ പറഞ്ഞു. അവരുടെ കടകളിൽ നിന്ന് ഞങ്ങൾ ഒന്നും വാങ്ങില്ലെന്നും അവർക്ക് ഒരു ജോലിയും നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥാണ് മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗത്തിൽ മുൻനിരയിലുണ്ടാവാറുള്ളത്.

ഇതെല്ലാം ബിജെപിയുടെയും മറ്റ് പല ഹിന്ദു ദേശീയവാദ സംഘടനകളുടെയും പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ തത്ത്വചിന്തയിൽ ആഴത്തിൽ വേരൂന്നിയ മുസ്ലീം വിരുദ്ധ ആശയങ്ങളുടെ ഒരു നീണ്ട ചരിത്രത്തിന്റെ അനുരണനമാണ്.

ഇന്ത്യയിൽ വംശഹത്യ വരുംകാലങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ചില വിദഗ്ധർ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1989-ൽ റുവാണ്ടയിൽ വംശഹത്യ വരാനിരിരിക്കുന്നുവെന്ന് പ്രവചിച്ച ഗ്രിഗറി സ്റ്റാന്റൺ ഇന്ത്യയിലും സമാനമായ ഒരു പ്രക്രിയ നടക്കുമെന്ന് ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദു ദേശീയ പ്രസ്ഥാനം ഇന്ത്യയിലെ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സർവ്വ മേഖലകളിലും സ്വേച്ഛാധിപത്യപരമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവരുടെ വംശഹത്യ അജണ്ട ഉയർത്തിപ്പിടിക്കാൻ വളരെ കുറച്ച് ഓപ്ഷനുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.

എന്നാൽ മുസ്ലിംകൾക്കെതിരെ നടക്കുന്ന ഇത്തരം പ്രക്രിയകൾ പൂർണ്ണമായും തടയാനാവില്ല. നൂഹിലും മറ്റിടങ്ങളിലും അരങ്ങുവാഴുന്ന വംശീയ ക്രൂരതകൾ ഇന്ത്യൻ മുസ്‌ലിംകളുടെ സ്വത്വത്തെ തുടച്ചുനീക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്ന് തിരിച്ചറിയുന്നത് ഈ അജണ്ടയ്‌ക്കെതിരായ പ്രതിരോധം കെട്ടിപ്പടുക്കുന്നതിന് നിർണായകമാണ്.

വിവ : നിയാസ് പാലക്കൽ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles