Current Date

Search
Close this search box.
Search
Close this search box.

Opinion

ലിബിയൻ വിദേശകാര്യ മന്ത്രിയാണ് ഇസ്രായേൽ ചാരന്മാരുടെ ഏറ്റവും പുതിയ ഇര

ഒരു ഡിസ്റ്റോപ്പിയൻ നോവലും മുൻകരുതൽ കഥപറയുന്ന Nineteen Eighty-Four ന്റെ രചയിതാവ് ജോർജ്ജ് ഓർവെൽ ഒരിക്കൽ പറഞ്ഞു: “നിങ്ങൾക്ക് ഒരു രഹസ്യം സൂക്ഷിക്കണമെങ്കിൽ, അത് നിങ്ങളിൽ നിന്ന് മറയ്ക്കണം.” അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ എഴുതിയത് “മൂന്നാളുകളിലെ രണ്ടുപേർ മരിച്ചാൽ ഒരു കാര്യം രഹസ്യമായി സൂക്ഷിക്കാം” എന്നാണ്.

ലിബിയയിലെ അബ്ദുൾ ഹമീദ് ദബീബയുടെ ദേശീയ ഐക്യ സർക്കാരിലെ മുൻ വിദേശകാര്യ മന്ത്രിയായ നജ്‌ല അൽ-മംഗൂഷിന് ( Najla Al-Mangoush) ഈ കാര്യം ബോധ്യപ്പെടാത്തത് എന്തൊരു ദയനീയമാണ്. 2021 മാർച്ചിൽ നിയമിതയായ അവർ അറബ് ലോകത്ത് വിദേശകാര്യ മന്ത്രി സ്ഥാനം വഹിക്കുന്ന അഞ്ചാമത്തെ വനിതയായിരുന്നു. ഇന്ന് രാജ്യത്തെ ഉയർന്ന സ്ഥാനം അവരോധിക്കുന്നതിന് പകരം റോമിൽ വെച്ച് എലി കോഹനുമായി ഒരു രഹസ്യ കൂടിക്കാഴ്ച നടത്തിയതിന് അപമാനിതയായി അവർ സർക്കാരിൽ നിന്ന് പുറത്താക്കപ്പെട്ടു.

കൂടിക്കാഴ്ച രഹസ്യമായി തുടരുമെന്ന് അവർ എങ്ങനെയാണ് സങ്കൽപ്പിച്ചത്? ടെൽ അവീവ് സുഹൃത്തിനും ശത്രുവിനും ഒരുപോലെ ദോഷം വരുത്തുന്ന വിവരങ്ങൾ ചോർത്തുന്നത് ആസ്വദിക്കുകയാണ്. ജൂണിൽ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ (Jake Sullivan) യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രായേൽ മാധ്യമങ്ങൾക്ക് ചോർത്തുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു എന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തത് ഇതിനുദാഹരണമാണ്. മൂന്ന് യുഎസ്, ഇസ്രായേൽ ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ച് രംഗത്ത് വന്നു. അന്താരാഷ്ട്ര സമൂഹത്തിൽ ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയും സംരക്ഷകനുമാണ് അമേരിക്ക എന്നത് മറക്കരുത്.

അതുകൊണ്ട് തന്നെ റോമിലെ രഹസ്യ യോഗം ഇസ്രായേലിന്റെ ഇദിയോത്ത് അഹ്‌റോനോത്ത് ( Yedioth Ahronoth) പത്രം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടില്ല. ഇസ്രായേലി ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റോമിലെ കൂടിക്കാഴ്ച യഥാർത്ഥത്തിൽ നടന്നതാണെന്ന് അവർ വെളിപ്പെടുത്തി. പ്രത്യക്ഷത്തിൽ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെ ഫലമാണ്. കാരണം ഇത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും ലിബിയൻ പ്രധാനമന്ത്രി ദബീബെയുടെയും അറിവോടെയാണ് നടന്നത്.

ലിബിയ ഇസ്രയേലിനെ അംഗീകരിക്കുന്നില്ലെന്നും ടെൽ അവീവുമായി നയതന്ത്ര ബന്ധമില്ലെന്നും അൽ-മംഗൂഷ് ഉൾപ്പെടെ എല്ലാവർക്കും അറിയാം. വടക്കേ ആഫ്രിക്കൻ രാജ്യത്ത് അത്തരം ബന്ധങ്ങൾ നിയമം മൂലം നിരോധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ അവർ എന്തായിരിക്കും ചിന്തിച്ചത് എന്ന ചോദ്യം പ്രസക്തമാണ്. ഇസ്രായേൽ വിശദാംശങ്ങൾ ചോർത്തിയത് എന്തിനാണെന്ന് ഊഹിക്കാൻ മാത്രമേ കഴിയൂ.

ബ്രിട്ടനിലെ ആദ്യത്തെ രണ്ട് ഏഷ്യൻ വനിതാ എംപിമാരിൽ ഒരാളായ മുൻ ബ്രിട്ടീഷ് ഗവൺമെന്റ് മന്ത്രി പ്രീതി പട്ടേൽ ടെൽ അവീവുമായി ഒരു രഹസ്യ കൂടിക്കാഴ്‌ചയൊന്നും നടന്നിട്ടില്ലെന്ന് സ്വന്തം അന്വേഷണത്തിലൂടെ കണ്ടെത്തി. ഇസ്രായേലിന്റെ പ്രമുഖ രാഷ്ട്രീയ നേതാവിനോട് കൂടെ വിദേശകാര്യ ഓഫീസിനോട് പറയാതെ അവർ ഇസ്രായേലിൽ വെച്ച് രഹസ്യമായി മീറ്റിംഗുകൾ നടത്തി. 2017 ഓഗസ്റ്റിൽ അവർ ഇസ്രായേലിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നേതാവിനെ കാണുകയും ഔദ്യോഗിക ഭരണ വകുപ്പിൽ വെച്ച് ബിസിനസ്സ് ചർച്ച ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സംഘടനകൾ സന്ദർശിക്കുകയും ചെയ്തു. ലണ്ടനിലെ ഇസ്രായേൽ അംബാസഡറുടെ നിർദ്ദേശപ്രകാരമാണ് കുറഞ്ഞത് ഒരു മീറ്റിംഗെങ്കിലും നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇത് കേൾക്കുമ്പോഴും ഞാൻ അൽപ്പം പോലും ആശ്ചര്യപ്പെടുന്നില്ല. കാരണം 2017-ൽ ഒരു ഇസ്രായേൽ എംബസി ഉദ്യോഗസ്ഥൻ അക്കാലത്ത് മുതിർന്ന വിദേശകാര്യ മന്ത്രിയായിരുന്ന സർ അലൻ ഡങ്കൻ ( Sir Alan Duncan) എംപിയെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ പോകുന്നുവെന്ന് പരസ്യമായി പ്രസ്താവിച്ചിരുന്നു.

പട്ടേലിന്റെ രഹസ്യ സന്ദർശനത്തെക്കുറിച്ച് ഇസ്രയേലിലെ ബ്രിട്ടീഷ് നയതന്ത്രജ്ഞരെ അറിയിച്ചിരുന്നില്ലെങ്കിലും വിദേശത്ത് പ്രവർത്തിക്കുന്ന ഏതെങ്കിലും ഔദ്യോഗിക ബിസിനസ്സ് വിദേശകാര്യ ഓഫീസിനെ അറിയിക്കൽ അനിവാര്യമായിരുന്നു. ഡൗണിംഗ് സ്ട്രീറ്റ് പറയുന്നതനുസരിച്ച് അന്ന് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് സെക്രട്ടറി ഒരു സ്വകാര്യ അവധിയിലായിരുന്നു. അവർ സ്വന്തം ചെലവിലാണ് ഇസ്രായേൽ സന്ദർശിച്ചത്. അന്ന് അവർക്ക് വിവിധ ആളുകളെ കാണാൻ അവസരം ലഭിച്ചു.

സിറിയൻ അധിനിവേശ ഭൂമിയായ ഗോലാനിലെ മാനുഷിക പ്രവർത്തനങ്ങൾക്കായി ഇസ്രായേൽ സൈന്യത്തിന് യുകെ സഹായധനം അയക്കുന്നത് സാധ്യമാണോ എന്ന് അന്വേഷിക്കാൻ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരോട് പട്ടേൽ ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. അതോട് കൂടി പട്ടേലിന്റെ “വിശ്വാസം തകർന്നു” എന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഗാർഡിയൻ പറയുന്നതനുസരിച്ച് ഇസ്രായേൽ പത്രമായ ഹാരെറ്റ്‌സിൽ ( Haaretz ) പട്ടേൽ ഒരു ഇസ്രായേലി ഫീൽഡ് ഹോസ്പിറ്റൽ സന്ദർശിച്ചിരുന്നു എന്ന വാർത്ത വന്നിരുന്നു. നിർഭാഗ്യവശാൽ തർക്ക പ്രദേശമായ ഗോലാൻ ഹൈറ്റ്‌സിന് യുകെയുടെ അംഗീകാരമില്ലാത്തതിനാൽ സഹായധനം പ്രഖ്യാപിക്കുന്നതിൽ പരാജയപ്പെട്ടു” എന്ന് ഗാർഡിയൻ തന്നെ റിപ്പോർട്ട് ചെയ്തു. ആ സന്ദർശനത്തിന്റെ വിശദാംശങ്ങൾ ഇസ്രായേലി സർക്കാരോ സൈനിക മേധാവികളോ ഹാരെറ്റ്സിലേക്ക് ചോർത്തിയെന്ന് അനുമാനിക്കുന്നതിൽ അതിശയോക്തി ഇല്ല. ഈ ആരോപണം ഉയർന്നതോടെ 2017 നവംബറോടെ പട്ടേൽ രാജിവെക്കാൻ നിർബന്ധിതരായി.

ലിബിയയിലെന്നപോലെ പട്ടേലിന്റെ രഹസ്യയോഗങ്ങൾ എല്ലാത്തരം കിംവദന്തികൾക്കും ഊഹാപോഹങ്ങൾക്കും ആക്കം കൂട്ടി. ഇസ്രായേലിന്റെ ക്രൂരമായ സൈനിക അധിനിവേശത്തിനെതിരായ ഫലസ്തീൻ പോരാട്ടത്തിന് തന്റെ ഗവൺമെന്റിന്റെ പിന്തുണ ആവർത്തിച്ച് ഉറപ്പ് നൽകി ട്രിപ്പോളിയിലെ പലസ്തീൻ എംബസിയിൽ പ്രധാനമന്ത്രി ഡിബെയ്ബ ( Dbeibeh ) വളരെ പരസ്യമായി സന്ദർശനം നടത്തിയതിന് ശേഷം ലിബിയയിൽ ശാന്തത പുനഃസ്ഥാപിതമായി.

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ വിസമ്മതിച്ചതിന് ഫലസ്തീൻ തിങ്കളാഴ്ച ലിബിയയോട് നന്ദി പറഞ്ഞു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ പൂർണ്ണമായി വീണ്ടെടുക്കുന്നതിനും ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള അവരുടെ നിയമാനുസൃതമായ അന്വേഷണത്തിൽ ഡിബെയ്ബ തന്റെ പൂർണ പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചുവെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. “ഡിബെയ്ബ പ്രകടിപ്പിച്ച നിലപാടുകളും എംബസിയിലെ അദ്ദേഹത്തിന്റെ ഇടപടലും ഞങ്ങൾ അഭിനന്ദിക്കുന്നു” എന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

എന്നിരുന്നാലും, അൽ-മംഗൂഷ് കോഹനുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യം ഡിബെയ്ബക്ക് അറിയാമായിരുന്നു എന്ന ആരോപണത്തെക്കുറിച്ച് മന്ത്രാലയം എന്താണ് ചിന്തിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. ലിബിയൻ പ്രധാനമന്ത്രി ഇസ്രയേലുമായി സാധ്യമായ സമരസത്തിനായി ശ്രമിക്കുകയാണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ഇതുവരെ ആറ് അറബ് രാജ്യങ്ങളാണ് ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്. 1979 ൽ ഈജിപ്ത്, 1994 ൽ ജോർദാൻ, 2020 ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ എന്നിവരാണ് ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിലുള്ളത്.

ഈ കൂട്ടത്തിൽ സൗദി ഉടൻ ചേരുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള നിരവധി കിംവദന്തികൾ ഇതിനോടകം പ്രചരിച്ചിരുന്നു.

വ്യക്തിപരമായി ഇതിനെക്കുറിച്ച് എനിക്ക് ഇപ്പോഴും സംശയമുണ്ട്. കാരണം അറബ് ലീഗിനെയും 2002 ലെ അറബ് പീസ് ഇനീഷ്യേറ്റീവിനേയും പിന്താങ്ങുക എന്നതായിരുന്നു സൗദിയുടെ ഔദ്യോഗിക നിലപാട്. ഫലസ്തീനുമായി രാഷ്ട്രീയ കരാറുകൾ ഉണ്ടാകുമ്പോഴും ഇസ്രായേലുമായി സാധാരണ ബന്ധങ്ങൾ മാത്രമാണ് ഉണ്ടാകാൻ സാധ്യതയുള്ളത്. നെതന്യാഹുവോ അദ്ദേഹത്തിന്റെ ഏതെങ്കിലും മന്ത്രിമാരോ ബിൻ സൽമാനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിൽ അതിന്റെ ഫോട്ടോഗ്രാഫുകളും വീഡിയോ ചിത്രങ്ങളും പ്രചരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. കാരണം അങ്ങനെയാണ് ഇസ്രായേലികളുടെ പ്രവർത്തനം. നജ്‌ല അൽ മംഗൂഷിനോട് തന്നെ ചോദിക്കൂ ഇപ്പോൾ ടെൽ അവീവിന്റെ തന്ത്രങ്ങളെക്കുറിച്ച് ക്രിത്യമായി അറിയുന്നത് അവർക്കാണ്.

വിവ : നിയാസ് പാലക്കൽ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles