Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ വംശഹത്യ: മാധ്യമ പ്രവർത്തകർ മുഖ്യധാരാ ആഖ്യാനങ്ങളെ അപകോളനീകരിക്കേണ്ടതുണ്ട്

മുഖ്യധാരാ മാധ്യമങ്ങളിലെ മനസാക്ഷിയുള്ള മാധ്യമപ്രവർത്തകർക്കുള്ള സന്ദേശമാണിത്.  ഞാൻ എപ്പോഴും എഴുതാൻ ആഗ്രഹിച്ച കാര്യങ്ങൾ.

ഇസ്രായേലിന്റെ വംശീയ ഉന്മൂലനത്തിന്റെയും ഫലസ്തീനികളുടെ കൂട്ടക്കൊലകളുടെയും മറ്റൊരു ഘട്ടത്തിനാണ് ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ലോകം സാക്ഷ്യം വഹിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതിനെ തന്ത്രപരമായി ‘സംഘർഷം’ എന്നാണ് വിളിക്കുന്നത്.  ഞാനിത് എഴുതുന്ന സമയത്ത് കുറഞ്ഞത് 6,546 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട് (അവർ വെറുതെ ‘മരിച്ചതല്ല’), അവരിൽ 70 ശതമാനം കുട്ടികളും (2,704), സ്ത്രീകളും (1,584) വൃദ്ധരും (295) ആയിരുന്നു.  17,400-ലധികം പേർക്ക് പരിക്കേറ്റു; 1,600-ലധികം ആളുകളെ കാണാതായി, തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിലാണ് അവരെന്ന് അനുമാനിക്കപ്പെടുന്നു;  ഗസ്സ മുനമ്പിലെ ജനസംഖ്യയുടെ 70 ശതമാനവും തങ്ങളുടെ നാട് വിട്ട് പലായനം ചെയ്തു.

കൊളോണിയൽ മർദ്ദക ശക്തികളെയും കോളനിവൽക്കരിക്കപ്പെട്ട് അടിച്ചമർത്തലുകൾ നേരിടുന്ന ജനങ്ങളെയും സമീകരിക്കുന്ന  കപടമായ ആഖ്യാനത്തെ ചെറുക്കൽ പത്രപ്രവർത്തകർ എന്ന നിലയിൽ നമ്മുടെ കടമയാണ്.  ഫീൽഡിലും ന്യൂസ്റൂമിലും ഓൺ എയറിലും എഡിറ്റോറിയൽ മീറ്റിംഗുകളിലും ഇമെയിലുകൾ വഴിയും ഭാഷാ പ്രയോഗത്തിലും ചിത്രങ്ങളിലും ഫൂട്ടേജുകളിലും തുടങ്ങി വിവിധ രീതികളിലും സ്ഥലങ്ങളിലും ഈ പ്രതിരോധം തീർക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. ഇസ്രായേലിന്റെ വംശീയ ഭരണത്തിനു കീഴിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെയും അധിനിവേശം വിതച്ച കഷ്ടപ്പാടുകളുടെയും ചരിത്രവും സന്ദർഭവും വിശദീകരിച്ചുകൊണ്ട് നമുക്ക് ഈ ചെറുത്തുനിൽപ് നടപ്പിലാക്കാം.

ചെറുത്തുനിൽക്കാൻ നിങ്ങൾ കഠിനമായി ശ്രമിച്ചു പരാജയപ്പെട്ട്, ഒരു ശതമാനം പോലും മാറ്റം വരുത്താൻ നിങ്ങൾക്ക് കഴിയാതെ വന്നെങ്കിൽ;  നിങ്ങൾ നിശബ്ദരായിരിക്കാൻ നിർബന്ധിതനാകുകയാണെങ്കിൽ;  സത്യത്തെ വളച്ചൊടിക്കാൻ നിങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തപ്പെടുകയാണെങ്കിൽ;  അല്ലെങ്കിൽ കൃത്യമായ ആഖ്യാനത്തിന് യാതൊരു സംഭാവനയും നൽകാൻ കഴിയാത്ത കേവലം ഒരു പത്രപ്രവർത്തകൻ മാത്രമായി  ഒതുക്കപ്പെടുകയാണെങ്കിൽ; നിങ്ങൾ ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഇരയാണെങ്കിൽ, കൂട്ടക്കൊലകളെ പിന്തുണയ്‌ക്കുന്നതിന് പൊതുജനങ്ങളുടെ സമ്മതം നേടാനും അത്തരം ആഖ്യാനങ്ങൾ നിർമ്മിക്കാനും കഴിയുന്ന മുഖ്യധാരാ മാധ്യമ മെഷീൻ ഗണ്ണിൽ ഒരു ബുള്ളറ്റായി മാറാതിരിക്കാൻ നിങ്ങളുടെ കരിയർ തിരഞ്ഞെടുപ്പുകളെയും തൊഴിലുടമയെയും കുറിച്ച് നിങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

അധിനിവേശ സൈന്യത്തിന്റെ പ്രചാരണ യന്ത്രത്തിലെ ഒരു ഉപകരണമല്ല നിങ്ങൾ; സത്യം ആളുകളെ അറിയിക്കാനും നീതിക്ക് വേണ്ടി നിലകൊള്ളാനും ദൗത്യമേറ്റെടുത്ത ഒരു പത്രപ്രവർത്തകനാണ്. എന്നാൽ നിങ്ങളുടെ സംസാരം ഏറ്റവും കൂടുതൽ അനിവാര്യമായ സമയത്തുള്ള നിങ്ങളുടെ നാണംകെട്ട നിശ്ശബ്ദത മൂലം യഥാർഥത്തിൽ നിങ്ങൾ ആ ഉപകരണമാകുകയാണ്. ഇത്തരം സാഹചര്യത്തിൽ നിശബ്ദതയെന്നാൽ കുറ്റത്തില്‍ പങ്കുചേരലാണ്, നിഷ്പക്ഷതയല്ല. UNRWA യുടെ കണക്കനുസരിച്ച്, 551 കുട്ടികളും 299 സ്ത്രീകളും കൊല്ലപ്പെട്ട 2014 ലെ ഇസ്രായേലിന്റെ ഗസ്സയിലെ യുദ്ധത്തെക്കുറിച്ചുള്ള വാർത്താ കവറേജിന് ശേഷം ബി.ബി.സി വിട്ടതിൽ ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല. എല്ലാം മറക്കുന്നതുപോലെ ആ കൂട്ടക്കൊലയെ ആളുകൾ മറന്നു, പക്ഷേ അതിന്റെ അനന്തരഫലങ്ങൾക്കൊപ്പം ജീവിക്കുന്ന ഫലസ്തീനികൾ അതൊരിക്കലും മറക്കില്ല.

ഇപ്പോഴിതാ, യുദ്ധക്കുറ്റങ്ങളുടെ അകമ്പടിയോടെയുള്ള മറ്റൊരു നവ കൊളോണിയൽ പദ്ധതിക്ക് അന്താരാഷ്ട്ര സമൂഹം എന്ന് വിളിക്കപ്പെടുന്നവർ ഫലസ്തീനിൽ പച്ചക്കൊടി കാട്ടുകയാണ്.  മാധ്യമ വ്യവഹാരങ്ങളിലും രാഷ്ട്രീയ പ്രഭാഷണങ്ങളിലും ഫലസ്തീനികളെ അപമാനവീകരിക്കുന്നത് അവരുടെ ജീവിതത്തിൽ മാത്രമല്ല അനന്തരഫലമുണ്ടാക്കുന്നത്, ലോകമെമ്പാടുമുള്ള അറബികളെയും മുസ്ലീങ്ങളെയും കുറിച്ചുള്ള ഇസ്ലാമോഫോബിക്, നവ-ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളുമായി അത് കൂടിച്ചേരുകയും അവരെ പൈശാചികവൽക്കരിക്കുകയും വിദ്വേഷ കുറ്റകൃത്യങ്ങളുടെ വർദ്ധനവിന് ഇത് കാരണമാവുകയും ചെയ്യുന്നു.

പത്രപ്രവർത്തകരെന്ന നിലയിൽ ഒരു മാറ്റം കൊണ്ടുവരണമെങ്കിൽ, ആദ്യം നമ്മുടെ ചിന്താഗതിയെ അപകോളനീകരിക്കേണ്ടതുണ്ട്.  എങ്കിൽ മാത്രമേ മുഖ്യധാരാ ആഖ്യാനത്തെ അപകോളനീകരിക്കാൻ നമുക്ക് സാധിക്കൂ.

വിവ: ഹിറ പുത്തലത്ത്

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles