Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പി ഭരണം ജനാധിപത്യത്തിനും ഭരണഘടനക്കും ഭീഷണിയാകുമ്പോൾ 

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 400 ൽ അധികം (ബിജെപി 370+ സഖ്യകക്ഷികൾ 30) സീറ്റുകൾ നേടുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത് ഏതെങ്കിലും തെരഞ്ഞെടുപ്പ് വിശകലനത്തിൻ്റെ അടിസ്ഥാനമില്ലാതെ രാഷ്ട്രീയ കാരണങ്ങൾക്ക് വേണ്ടി മാത്രം പ്രചരിപ്പിക്കപ്പെട്ടതാണ് എന്നതാണ് യാഥാർഥ്യം. 

ഇതിനെ ന്യായീകരിച്ചുകൊണ്ട് കർണാടകയിലെ ബി.ജെ.പി എം.പിയായ അനന്ത്കുമാർ ഹെഗ്‌ഡെ ഇത്തരമൊരു മേൽക്കോയ്മയുടെ ആവശ്യകത വിശദീകരിച്ച് രംഗത്ത് വന്നിരുന്നു. 2/3 ഭൂരിപക്ഷം നേടി ഭരണഘടന മാറ്റാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടന മാറ്റാൻ പാർട്ടിക്ക് 400 സീറ്റുകൾ വേണമെന്ന് ഒരു പൊതുയോഗത്തിൽ വെച്ച് അദ്ദേഹം പ്രസ്താവിച്ചു. “കോൺഗ്രസ് ഭരണഘടനയെ അടിസ്ഥാനപരമായി വളച്ചൊടിച്ച് അതിൽ അനാവശ്യമായ കാര്യങ്ങൾ (മതേതരത്വം, സോഷ്യലിസം) അടിച്ചേൽപ്പിക്കുകയും ഹിന്ദു സമൂഹത്തെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ കൊണ്ടുവരുകയും ചെയ്തതിനാൽ ഇതെല്ലാം മാറ്റി ഭരണഘടന ഭേദഗതി ചെയ്യാൻ നിലവിലെ ഭൂരിപക്ഷത്തിന് സാധ്യമല്ല”.

സിറ്റിംഗ് എം.പിയുടെ ഈ പ്രസ്താവനയെ ബി.ജെ.പി  ശരിക്കും അംഗീകരിച്ച് രംഗത്ത് വന്നിട്ടില്ല. ഈ പ്രസ്താവനയെ തുടർന്ന് അദ്ദേഹത്തിന് പാർലമെന്റിൽ ഇത്തവണ മത്സരിക്കാനുള്ള അവസരം നിഷേധിച്ചേക്കുമെന്ന് ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത്തവണ അദ്ദേഹത്തിന് അവസരം നിഷേധിച്ചാലും ഇല്ലെങ്കിലും ഇത്തരം പ്രസ്താവനകളോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്ന കാര്യം ഉറപ്പാണ്. 2017 ൽ ബി.ജെ.പി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നപ്പോഴും ഈ എം.പി ഇതേ കാര്യം പറഞ്ഞിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുകയും ചെയ്തു.

ഹെഗ്‌ഡെ  400 എന്ന കണക്കിനെ കൃത്യമായി വിശദീകരിക്കുന്നതായി രാഹുൽ ഗാന്ധിയും കോൺഗ്രസ് എം.പിമാരും മറ്റ് പലരും കരുതുന്നുണ്ട്. “ഭരണഘടന മാറ്റാൻ തനിക്ക് 400 സീറ്റുകൾ വേണമെന്ന ബി.ജെ.പി എം.പിയുടെ പ്രസ്താവന നരേന്ദ്ര മോദിയുടെയും സംഘ്പരിവാറിന്റെയും ഹിഡൻ അജണ്ടയുടെ പരസ്യ പ്രഖ്യാപനമാണ്. നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും ആത്യന്തിക ലക്ഷ്യം ബാബാ സാഹിബിൻ്റെ ഭരണഘടന തകർക്കുക എന്നതാണ്. കാരണം അവർ നീതി, സമത്വം, പൗരാവകാശം, ജനാധിപത്യം എന്നിവയെ വെറുക്കുന്നു”, രാഹുൽ ഗാന്ധി  ട്വിറ്ററിൽ കുറിച്ചു.

സമൂഹത്തെ വിഭജിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയും സ്വതന്ത്ര സ്ഥാപനങ്ങളെ തളർത്തിയും പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെ സങ്കുചിത സ്വേച്ഛാധിപത്യമാക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നുവെന്നും മുൻ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധി ആരോപിച്ചു.

നമ്മുടെ ഭരണഘടനയുടെ സമത്വ മൂല്യങ്ങളായ ജനാധിപത്യ മൂല്യങ്ങളെ തകർക്കാനുള്ള ഇരട്ട തന്ത്രമാണ് ബി.ജെ.പിക്കുള്ളത്. അതിൻ്റെ മാതൃസംഘടനയായ ആർ.എസ്.എസ് തുടക്കം മുതൽ തന്നെ ഭരണഘടനയെ എതിർത്തത് അതിന് തെളിവാണ്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന് ശേഷം ആർ.എസ്.എസ് അനൗദ്യോഗിക മുഖപത്രമായ ഓർഗനൈസർ എഴുതി, “നമ്മുടെ ഭരണഘടനയിൽ, പ്രാചീന ഭാരതത്തിലെ സവിശേഷമായ ഭരണഘടന വികസനത്തെക്കുറിച്ച് പരാമർശിക്കുന്നില്ല. മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ ഇന്നും ലോകത്തിൻ്റെ പ്രശംസയെ ഉത്തേജിപ്പിക്കുകയും സ്വതസിദ്ധമായ വിധേയത്വവും അനുവർത്തനവും ഉളവാക്കുന്നു. എന്നാൽ നമ്മുടെ ഭരണഘടനാ പണ്ഡിതന്മാർ അതൊന്നും അർത്ഥമാക്കുന്നില്ല.

1998 ൽ ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ ആദ്യം ചെയ്തത് ഭരണഘടന പുനഃപരിശോധിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കുക എന്നതായിരുന്നു. എന്നാൽ നമ്മുടെ ഭരണഘടനയെ അട്ടിമറിക്കുന്നതിനെതിരെ കടുത്ത എതിർപ്പ് ഉണ്ടായിരുന്നത് കാരണം ഈ കമ്മീഷന്റെ (വെങ്കാച്ചല്യ കമ്മീഷൻ) റിപ്പോർട്ട് ഏറ്റെടുത്ത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ബി.ജെ.പി അധികാരത്തിൽ വന്ന 2014 മുതൽ നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ നീക്കം ചെയ്തുകൊണ്ട് ആ റിപ്പോർട്ട് നടപ്പാക്കാൻ തുടങ്ങി.

ഇതിനുമുമ്പ് 2000-ൽ കെ.സുദർശൻ ആർ.എസ്.എസ് മേധാവിയായപ്പോൾ ഇന്ത്യൻ ഭരണഘടന പാശ്ചാത്യമൂല്യങ്ങളിൽ അധിഷ്‌ഠിതമാണെന്നും അതിനാൽ ഇന്ത്യൻ വിശുദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭരണഘടന കൊണ്ടുവരണമെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. 1935 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഭരണഘടന രാജ്യത്തെ ജനങ്ങൾക്ക് ഉപയോഗപ്രദമല്ലെന്നും സുദർശൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി മേധാവി ഡോ. വിവേക് ​​ദെബ്രോയ് 2023 ഓഗസ്റ്റ് 15 ന് ലൈവ്മിൻ്റിലെ ഒരു പ്രധാന ലേഖനത്തിൽ ഭരണഘടന മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ബി.ജെ.പി സംഘടനയിൽ നിന്നും സംസ്ഥാന ഉദ്യോഗസ്ഥരിൽ നിന്നും വലിയ ശബ്ദങ്ങൾ ഉയർന്നുവരുന്നുണ്ട്. ഔദ്യോഗികമായി ബി.ജെ.പി.യും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റും ഇത്തരം പ്രസ്താവനകളിൽ നിന്ന് സ്വയം അകന്നുനിൽക്കുന്നതായി കാണിക്കുമ്പോഴും അത്തരം ശബ്ദങ്ങൾ ഉയർത്തുന്നത് തുടരുകയാണ്.

കഴിഞ്ഞ ഒരു ദശാബ്ദമായി  അധികാരത്തിലിരിക്കുന്ന ബി.ജെ.പി ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ ജനാധിപത്യത്തെയും സമത്വഭാവനയെയും എന്താണ് ചെയ്തത്? ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യ ഭരണകൂടത്തിൻ്റെ എല്ലാ സ്തംഭങ്ങളും, ഭരണഘടനാ സ്ഥാപനങ്ങളായ ഇ.ഡി,സി.ബി.ഐ, ഐ.ടി, ഇ.സി എന്നിവയെല്ലാം എക്സിക്യൂട്ടീവാണ് നിയന്ത്രിക്കുന്നത്. അതെ എക്സിക്യൂട്ടീവ് തന്നെ ഒരു വ്യക്തിക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വിവിധ സംവിധാനങ്ങളാൽ വിവിധ തലങ്ങളിലുള്ള ജുഡീഷ്യറി ദുർബലമായിരിക്കുന്നു. ഉമർ ഖാലിദിനെ തടങ്കലിൽ വയ്ക്കുന്നതും കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ കേൾക്കാൻ വിസമ്മതിച്ചതും നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ്.

നിലവിൽ ആവിഷ്‌കാരസ്വാതന്ത്ര്യം കുപ്പത്തൊട്ടിയിലാണ്. കോർപ്പറേറ്റിൻ്റെ വലയത്തിന് കീഴിലായ മുഖ്യധാരാ മാധ്യമങ്ങൾ പ്രധാന ടി.വി ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും സംപ്രേഷണം ചെയ്യുന്നത് ഭരിക്കുന്ന ഗവൺമെൻ്റിൻ്റെ ശബ്ദമാണിത്. സ്വതന്ത്ര ശബ്ദങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പരിമിതമായ ഇടമേ ഉള്ളൂ. ഒരു ജനാധിപത്യ സമൂഹത്തിൻ്റെ പ്രധാന സ്തംഭമായ ആവിഷ്കാര സ്വാതന്ത്ര്യം നാമമാത്രമായി.

പല അന്താരാഷ്ട്ര സൂചികകളിലും മതസ്വാതന്ത്ര്യം കുറഞ്ഞു വരികയാണ്. ‘ഇന്ത്യ ഒരു പ്രത്യേക പരിഗണനയുള്ള രാജ്യമാണ്,’ എന്നതാണ് യു.എസിൻ്റെ മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന സംഘടനയുടെ മുദ്രാവാക്യം. നൈജറിനും ഐവറി കോസ്റ്റിനും ഇടയിലുള്ള ജനാധിപത്യ സൂചികയിൽ  ഇന്ത്യ 104-ാം സ്ഥാനത്താണ്! ജനാധിപത്യ സൂചികയിൽ ഇത്രയും വലിയ തകർച്ചയിലേക്ക് നയിക്കുന്ന എക്സിക്യൂട്ടീവ് നടപടികളിലൂടെ ജനാധിപത്യ സ്വാതന്ത്ര്യത്തെ പ്രായോഗികമായി അപകീർത്തിപ്പെടുത്തുക- കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംഭവിച്ചത് ഇതാണ്.

ഇന്ത്യ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് ജീവിക്കുന്നതെന്ന് ലാൽ കൃഷ്ണ അദ്വാനി പറഞ്ഞിരുന്നു. ഭരണകൂട ഉദ്യോഗസ്ഥർ ഒഴികെയുള്ള ഹിന്ദു ദേശീയവാദികളുടെ കാലാളുകളിലൂടെ സ്വാതന്ത്ര്യത്തിൻ്റെ എല്ലാ ഘടകങ്ങളും അടിച്ചമർത്തപ്പെട്ടിരിക്കുന്നു. ഭരിക്കുന്ന ഗവൺമെൻ്റുകൾ സന്തോഷത്തോടെ ജീവിക്കുമ്പോൾ ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ  ഈ ഭരണകൂടം പൂർണ്ണമായും ലംഘിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

അതുപോലെ ഓരോ ‘മത ദേശീയവാദ’ സംഘടനകൾക്കും ജനാധിപത്യ സ്വാതന്ത്ര്യത്തോട് വിമുഖതയുണ്ട്. അവർ തങ്ങളുടെ ഭരണഘടനയെ അതിനായി അവലംബിക്കുകയും അവരുടെ താഴേത്തട്ടിലുള്ള പ്രവർത്തകർ ഭിന്നിപ്പിക്കുന്നതും അടിച്ചമർത്തുന്നതുമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാനോ ശ്രീലങ്കയോ പോലെയുള്ള ജനാധിപത്യത്തെ അടിച്ചമർത്തുന്നവരുടെ കൂട്ടത്തിൽ  ഇന്ത്യയും പങ്കുചേരുകയാണ്. ഒരു വശത്ത് ഭരണഘടന മാറ്റാനും മറുവശത്ത് പ്രായോഗികമായി അതിനെ തുരങ്കം വയ്ക്കാനും ലക്ഷ്യമിട്ടുള്ള ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് ബി.ജെ.പി അവലംബിക്കുന്നത്!

 

വിവർത്തനം: അബ്ദുള്ള പറമ്പിൽ

അവലംബം: https://muslimmirror.com/

 

Related Articles