Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പ് കാലത്തെ പ്രൊപഗണ്ട സിനിമകൾ

സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നെഗറ്റീവായും പോസിറ്റീവായും പൊതുജനങ്ങളുടെ അഭിപ്രായത്തെയും മാനസികാവസ്ഥയെയും അവരുടെ ഓർമ്മകളെയും  സ്വാധീനിക്കാൻ കഴിവുള്ള വളരെ ശക്തമായ ഒരു മീഡിയം ആണത്. ലോക സിനിമകൾ എക്കാലത്തും രാഷ്ട്രീയ ചർച്ചകളുടെ ഇടങ്ങൾ കൂടിയാണ്.  ഇന്ത്യൻ സിനിമകളും  രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ  കാഴ്ചപ്പാടുകളെ  പ്രതിഫലിപ്പിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നതിൽ ഒട്ടും പിറകിലല്ല.

അടുത്ത കാലത്ത്, സംഘ്പരിവാർ  സർക്കാർ നിരവധി പ്രൊപഗണ്ട സിനിമകളാണ്  ‘മാസ്സീവായി’ പുറത്തിറക്കിയിട്ടുള്ളത്. അവയിൽ പലതും 2024 ൽ രാജ്യം അടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് മുന്നോടിയായി റിലീസ് ചെയ്യാനുള്ളവയാണ്. മോദി ഗവണ്‍മെൻ്റ്  രണ്ടാമതും അധികാരത്തിൽ വന്ന 2019 ലെ ഇലക്ഷൻ  കാലയളവിലും ഇതിനു സമാനമായ ‘മാസ്സ് പ്രൊഡക്ഷൻ’ ഹിന്ദി സിനിമ മേഘലയിൽ നടന്നിരുന്നു എന്നത് ഓർക്കേണ്ട വസ്തുതയാണ്. 

ജനമനസ്സുകളെ  നയിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള  വളരെ ഫലപ്രദമായ മാർഗമായി വ്യാപകമായി അംഗീകരിക്കപ്പെട്ട ഒന്നാണ് വിഷ്വൽ മീഡിയ. സിനിമയെ അതിൻ്റെ പ്രേക്ഷകരിൽ അവബോധം വളർത്താനും പ്രശ്നങ്ങളും വെല്ലുവിളികളും സെൻസിറ്റീവായി ചിത്രീകരിക്കാനുമൊക്കെ  ഉപയോഗിക്കുന്നതിനേക്കാൾ കൂടുതലായി ഐഡിയോളോജിക്കൽ അജണ്ടകൾ സമൂഹത്തിൽ  വേരുപിടിപ്പിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്.അതാണ് നിലവിൽ ബോളിവുഡ് സിനിമകളിൽ സംഭവിക്കുന്നത്. 

അടുത്തിടെ പ്രത്യേകമായി കമ്മീഷൻ ചെയ്‌ത കൊമേർഷ്യൽ  ബോളിവുഡ് പ്രോജക്‌റ്റുകൾ അത് ചർച്ചയാക്കുന്ന മറ്റേത് അജണ്ടയ്ക്കും അതീതമായി, കമ്മ്യൂണിറ്റിയിൽ മാരകമായ വെറുപ്പും വിദ്വേഷവും സൃഷ്‌ടിക്കാൻ ശക്തിയുള്ളവയാണെന്ന് സിനിമ നിരൂപകർ ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനകം റിലീസ് ചെയ്യപ്പെട്ട സിനിമകൾക്ക് പുറമെ നിലവിൽ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൻ്റെ മുമ്പും ശേഷവുമൊക്കെയായി റിലീസ് ചെയ്യാൻ ലിസ്റ്റ് ചെയ്യപ്പെട്ട ഒരു വലിയ നിര തന്നെയുണ്ട്. 2014 ന് ശേഷമുള്ള  നിരവധി പബ്ലിക് കാമ്പയിനിങ്ങുകളിൽ നിന്ന് ദൃശ്യമാകുന്നതുപോലെ ഇവ ഇസ്ലാമും മുസ്‍ലിംകളുമായും ബന്ധപ്പെട്ട എല്ലാത്തിനെയും ലക്ഷ്യമിടുന്നതാണ്.

ഇന്ത്യയുടെ പൊതുമണ്ഡലം വിദ്വേഷം നിറഞ്ഞതാണ്. പ്രകോപനപരവും വെറുപ്പും നിറഞ്ഞ  പ്രസ്താവനകളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുമൊക്കെ നിറഞ്ഞ  ഒരു പൊതുമണ്ഡലമാണ് മോദി ഭരണകൂടം രാജ്യത്തിന് സംഭാവന നൽകിയിട്ടുള്ളത്. അങ്ങനെയൊരു സന്ദർഭത്തിൽ പോസിറ്റീവും നെഗറ്റീവും ആയ വിവരങ്ങളുടെ ഉറവിടമാകുമെന്ന നിലയിൽ  സിനിമകൾക്ക് ആളുകളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനമുണ്ട്. 

ഒരു കലാസൃഷ്‍ടിയും അതിൻ്റെ സ്രഷ്ടാവിൻ്റെ രാഷ്ട്രീയ വീക്ഷണങ്ങളിൽ നിന്ന് പൂർണ്ണമായി വേർപെടുത്താൻ കഴിയുന്ന സ്വതന്ത്രമായ അസ്തിത്വമുള്ള ഒന്നല്ല എന്നത് വസ്തുതയാണ്. ഇന്ത്യയിലെ ചലച്ചിത്ര വ്യവസായത്തിനും ഇത് ബാധകമാണ്. സംവിധായകർ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതും, അഭിനേതാക്കൾ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതും, എഴുത്തുകാരുടെ കാഴ്ചപ്പാടും കഥയെക്കുറിച്ചുള്ള ധാരണയുമൊക്കെ പരമപ്രധാനമാണ്. ഒരു ചരിത്രസംഭവത്തെയോ നമ്മുടെ വർത്തമാനകാലത്തിൽ അഗാധമായ സ്വാധീനം ചെലുത്തിയ വ്യക്തിയെയോ സംഭവങ്ങളെയോ പുനർനിർമ്മിക്കാനും ചിത്രീകരിക്കാനും ഒരു സിനിമ ലക്ഷ്യമിടുന്നുവെങ്കിൽ ഈ ഘടകങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

അത്തരം സന്ദർഭങ്ങളിൽ ‘ചരിത്രം’ അവതരിപ്പിക്കുന്നതും ഒരു നിശ്ചിത അജണ്ട പ്രചരിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാനാകാത്ത  വിധത്തിൽ  മിക്കപ്പോഴും ബോധപൂർവ്വം തന്നെ നേർത്തതായി തീരുന്നുണ്ട്. ഈ വസ്തുത പലപ്പോഴും അത്തരം സിനിമകളുടെ സ്വീകർത്താക്കളായ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോകുന്നു.

പക്ഷെ യഥാർത്ഥത്തിൽ ഇത് സാങ്കൽപ്പിക വിവരണങ്ങളിലൂടെ പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയും ചരിത്രത്തെ പുനർനിർമ്മിക്കുകയും ചെയ്യുന്നുണ്ട്. മതന്യൂനപക്ഷങ്ങൾക്കെതിരെയും മുസ്‍ലിംകൾക്കെതിരെ സവിശേഷമായും നടക്കുന്ന ഹിന്ദുത്വ ആൾക്കൂട്ട ആക്രമണങ്ങളുടെ രൂപത്തിൽ അതിൻ്റെ സ്വാധീനം സമീപ വർഷങ്ങളിൽ പ്രകടമാണ്. 2019 മുതൽ ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ഭൂരിഭാഗം സിനിമകളും ഇന്ത്യയിൽ പലവിധ അതിക്രമങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്.

1990 കളിലും 2000 ങ്ങളിലുമൊക്കെയായി ബോസ്നിയ-ഹെർസഗോവിനയിലും റുവാണ്ടയിലുമൊക്കെ സെൻസേഷണലിസ്റ്റ് മാസ് മീഡിയയുടെ സ്വാധീനത്താൽ  സമാനമായ അക്രമങ്ങൾ നടന്നത് ഇവിടെ ശ്രദ്ധേയമാണ്. രണ്ട് ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഹിറ്റ്ലറുടെ നേത്രത്വത്തിലുള്ള നാസി ജർമ്മനി തങ്ങളുടെ പ്രൊപഗണ്ട മുന്നോട്ട് കൊണ്ടുപോകാൻ ‘മാസ് എൻ്റർടൈൻമെൻ്റ് സിനിമകൾ’ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയിരുന്നു. റേഡിയോയിലൂടെയും സിനിമയിലൂടെയും  പത്രവായനക്കാർ പോലുമല്ലാത്തവരുൾപ്പെടെയുള്ള വലിയ പ്രേക്ഷകരോട് ഫലപ്രദമായി ആശയവിനിമയം നടത്താൻ ഹിറ്റ്ലർ ഭരണകൂടത്തിന് കഴിഞ്ഞു. അങ്ങനെയാണ് പൊതുജനങ്ങളെ ഉപയോഗിച്ച് അവർ ആ അതിക്രമങ്ങളെ വഴിതിരിച്ചു വിടുകയും അവരെ തങ്ങൾക്കനുകൂലമാക്കി മാറ്റുകയും ചെയ്തത്

ഒരു രാജ്യത്തിൻ്റെ ഭാവി ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്ന ശക്തമായ രാഷ്ട്രീയ ഉപകരണങ്ങളാണ് പ്രൊപഗണ്ട സിനിമകൾ. തത്ത്വചിന്തകനായ ലൂയിസ് അൽത്തൂസറിൻ്റെ ‘ഐഡിയോളജിക്കൽ സ്റ്റേറ്റ് അപ്പാരറ്റസ്’ സിദ്ധാന്തം അനുസരിച്ച് സിനിമകൾ ഉൾപ്പെടെയുള്ള കലാരൂപങ്ങൾ സ്റ്റേറ്റ് അതിന്റെ നിലവിലെ അവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഒരു അനുകൂല പ്രത്യയശാസ്ത്രം സ്ഥാപിക്കാൻ ഉപയോഗിക്കുന്നുണ്ട്. സമീപ വർഷങ്ങളിൽ ഗവൺമെൻ്റ്  സ്‌പോൺസേർഡ് പ്രൊപഗണ്ട സിനിമകളുടെ കുതിച്ചുചാട്ടത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ സിനിമകൾ പലപ്പോഴും രാഷ്ട്രത്തിന് നേരെയുള്ള മുസ്‍ലിം ഭീഷണി കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയും ഭൂരിപക്ഷ രാഷ്ട്രീയത്തെയും വിശ്വാസങ്ങളെയും മഹത്വവൽക്കരിക്കുകയും ചെയ്തുകൊണ്ട് പൊതു ധാരണകളെ രൂപീകരിക്കുന്നു. ഇതിൽ ഭൂരിഭാഗം സിനിമകളും വംശീയ കലാപങ്ങൾക്ക് പ്രേരണ നൽകുന്നതായും കാണാനാകും.

ഇന്ത്യയിലെ ഹിന്ദു വലതുപക്ഷം ജനപ്രിയ ഹിന്ദി സിനിമയെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കാൻ, 1947 ൽ രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷം ഭരണകൂട വിഷയങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിച്ച സിനിമകളുടെ ചരിത്രം പരിശോധിക്കേണ്ടത് പ്രധാനമാണ്. രാഷ്ട്രനിർമ്മാണത്തിനുള്ള ഉപകരണമെന്ന നിലയിൽ ജനപ്രിയ സിനിമയുടെ – ബോളിവുഡ് – പ്രാധാന്യം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തിരിച്ചറിഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് 1949 ൽ അദ്ദേഹം ഭരണഘടനാ അസംബ്ലിയിലെ അംഗമായ എസ്.കെ പാട്ടീലിൻ്റെ അധ്യക്ഷതയിൽ ചലച്ചിത്ര അന്വേഷണ സമിതി രൂപീകരിച്ചത്. രാജ്യത്തെ സിനിമ മേഖലയെ  വിലയിരുത്തുന്നതിനും അഭികാമ്യമായ മുന്നേറ്റങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനുമായിരുന്നു അത്.

ഗവണ്മെൻ്റ് പോളിസികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി നെഹ്റുവിന്റെ കാലത്ത് ഒരുപാടു സിനിമകൾ നിർമ്മിക്കപ്പെട്ടിരുന്നു. അതായിരുന്നു തുടക്കത്തിൽ  ഇന്ത്യൻ സിനിമകളിലെ ഭരണകൂട പ്രതിനിധാനം. ശ്യാം ബെനഗലിന്റെ  നേതൃത്വത്തിൽ ഇത്തരത്തിലുള്ള ഒരുപാടു സിനിമകൾ രാജ്യം പിന്നീട് കണ്ടു. രാഷ്ട്രീയ പാർട്ടികളുടെയും ഗവണ്മെൻ്റിൻ്റെയും നിലപാടുകളെയും പ്രവർത്തനങ്ങളെയും വിമർശനാത്മകമായി ഫിക്ഷനൽ ആയി ചിത്രീകരിക്കുന്ന സിനിമകളും വൈകാതെ തന്നെ ഉരുത്തിരിഞ്ഞു  വന്നു.

പക്ഷെ നിലവിലെ ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് ബോളിവുഡിൽ ഒരു ഷിഫ്റ്റ് സംഭവിച്ചതായി നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും. വളരെ മാസ്സീവ് ആയി ഹിസ്റ്റോറിക്കൽ എപിക്കുകളും ബയോപിക്കുകളും ബോളിവുഡിൽ ആധിപത്യം സ്ഥാപിക്കുന്നുണ്ട്. രാഷ്ട്രീയ വ്യക്തിത്വങ്ങളും വിഷയങ്ങളും വെള്ളിത്തിരയിൽ സാധാരണയായി ചിത്രീകരിക്കപ്പെടുന്നു. ഇതൊക്കെയും പക്ഷപാതപരമായതും ഗുരുതരമായതും തെറ്റായതുമായ വിവരങ്ങളെയാണ് ഉൾക്കൊള്ളുന്നത് എന്നതാണ് കാര്യങ്ങളുടെ ഗൗരവം കൂട്ടുന്നത്. മാത്രമല്ല, ഇത് ഗവണ്മെൻ്റ് സ്പോണ്‍സർഷിപ്പോടു കൂടിയാണ് പുരോഗമിക്കുന്നത് എന്നത് ഇതിൻ്റെ അജണ്ടകളെ വ്യക്തമാക്കുന്നു. 

ഇന്ത്യയിൽ, പ്രത്യേകിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പ്രാധാന്യമുള്ള സിനിമകൾ പുറത്തിറങ്ങുന്നത് അസാധാരണമല്ല. നരേന്ദ്ര മോദി രണ്ടാമതും അധികാരത്തിൽ വന്ന 2019 ലെ ഇലക്ഷൻ  കാലയളവിലും  ഇത്തരത്തിലുള്ള സിനിമകൾ റിലീസ് ചെയ്യപ്പെട്ടതായി നമുക്ക് കാണാനാകും. ആ  സിനിമകളിൽ ചിലത് ബി.ജെ.പിയുടെ ജനപ്രീതി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളവയായിരുന്നുവെങ്കിൽ മറ്റു ചിലത് മറ്റു പാർട്ടിയെയും അവരുടെ നയങ്ങളെയും വിമർശിക്കുന്നവയായിരുന്നു.

ഉദാഹരണത്തിന് ‘ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്’ എന്ന സിനിമ 2016 ൽ ഉറിയിലെ ഇന്ത്യൻ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാൻ നിയന്ത്രിത കശ്മീരിൽ ഇന്ത്യ നടത്തിയ സൈനിക നീക്കങ്ങളെ വേദിയാക്കി നിർമിക്കപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങളോട് കൂടി അവസാനിക്കുന്ന സിനിമ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നുവെങ്കിലും വലിയ സ്വീകാര്യത കൈവരിച്ചു. ‘ദി ആക്‌സിഡൻ്റൽ പ്രൈംമിനിസ്റ്റർ’ എന്ന ടൈറ്റിലോടു കൂടി ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ നെഗറ്റീവായി  ചിത്രീകരിച്ച സിനിമയും ഈ കാലയളവിൽ നിർമ്മിക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് രണ്ട് സിനിമകളും റിലീസ് ചെയ്തത്.

നിലവിൽ പുറത്തിറങ്ങുന്ന സിനിമകൾക്കൊക്കെയും ഒരു പുതിയ ഫോക്കസ് വന്നതായി ചലച്ചിത്ര നിരൂപകർ അഭിപ്രായപ്പെടുന്നുണ്ട്. 2019 ലെ പ്രൊപഗണ്ട സിനിമകളുടെ പാറ്റേണും 2020 മുതൽ പുറത്തിറങ്ങുന്ന സിനിമകളുടെ പാറ്റേണും വ്യത്യസ്തമാണെന്ന് ചെറിയ അവലോകനത്തിൽ തന്നെ വ്യക്തമാകും. 2019 ൽ രാജ്യ സംരക്ഷകരായി അവതരിക്കുന്ന ഹിന്ദു പട്ടാളക്കാരും, ഹിന്ദു രാജാക്കന്മാരുമൊക്കെ നിറഞ്ഞാടിയ വെള്ളിത്തിര 2024 ലേക്കെത്തുമ്പോൾ ഹിന്ദു സമൂഹത്തെ ഇരകളാക്കി അവതരിപ്പിക്കുന്നത് കാണാനാകും. അതായത്, അതുവരെ രാജ്യ സ്നേഹ കണ്ടൻ്റുകൾ കൊണ്ട് പ്രേക്ഷകരെ പുളകം കൊള്ളിച്ച അതെ സംവിധായകർ, പിന്നീട് ശ്രമിക്കുന്നത് ഹിന്ദു പ്രേക്ഷകരെ വേദനകളിൽ ഒരുമിപ്പിക്കാനാണ്. ഇതാണ്  സുദിപ്തോ സെന്നിന്റെ ‘കേരള സ്റ്റോറി’യിലൂടെയും ‘കാശ്മീരി ഫൈലി’ലൂടെയും ‘72 ഹൂറിയാൻ’ എന്ന സഞ്ജയ് പുരാണിന്റെ സിനിമയിലൂടെയുമൊക്കെ ഇന്ത്യൻ തിയേറ്ററുകൾ കണ്ടത്.

ഭാരതം കൈയടക്കാൻ വന്ന രാജാക്കന്മാരൊക്കെയും ഇത്തരം സിനിമകളിൽ മുസ്‍ലിംകളായതു പോലെ തന്നെ, ഹിന്ദു സ്ത്രീകളെ ക്രൂരമായി ദുരുപയോഗം ചെയ്യുന്ന പുരുഷന്മാരെയൊക്കെയും മുസ്‍ലിംകളാക്കികൊണ്ടാണ് രണ്ടാം തരംഗത്തിൽ ഹിന്ദു വികാരത്തെ ഇത്തരം പ്രൊപഗണ്ട സിനിമകൾ പ്രോകോപിപ്പിച്ചിട്ടുള്ളത്.  അതെ സമയം, മുസ്‍ലിം സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച ഒരൊറ്റ സംഭവം പോലും ഇത്തരം സിനിമകളിൽ വരാതെ അവർ സൂക്ഷിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. 

രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന്റെ രണ്ടു  ദിവസങ്ങൾക് മുമ്പ് പുറത്തിറങ്ങാൻ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, ‘ആക്സിഡന്റൽ ഓർ കോൺസ്പിരസി: ഗോധ്ര’ എന്ന ഗുജറാത്ത് കലാപം ചർച്ച ചെയ്യുന്നു എന്നവകാശപ്പെടുന്ന  എം.കെ ശിവകാശിന്റെ ചിത്രം ബിൽകീസ് ബാനുവിനെ എവിടെയും  കൊണ്ടുവരാതെ അഡ്ജസ്റ്റ് ചെയ്യുന്നത് ഇതിൻ്റെ ഭാഗമാണ്. ഇവിടെ യഥാർത്ഥത്തിൽ പ്രേക്ഷകരുടെ ഒരു വേർതിരിവും കാണപ്പെടുന്നുണ്ട്. അതായത്, ഹിന്ദു സ്ത്രീകളെ ഈ സിനിമകൾ പ്രധാന ലക്ഷ്യമാക്കുന്നതായി കാണാം. മുസ്‍ലിം പുരുഷനെ ക്രൂരനായ ബാർബേറിയനാക്കി മാറ്റുന്നതിലൂടെ, ബി.ജെ.പി യുടെ ‘ലൗ ജിഹാദ്’ ചർച്ചകൾക്കാണ് ഈ സിനിമകൾ ഊന്നൽ നൽകുന്നത്.

ആഖ്യാന വിഷയങ്ങൾക്കപ്പുറം  ഇത്തരം പ്രൊപഗണ്ട സിനിമകൾക്ക് വേറെയും പ്രാധാന്യം ഇവർ നൽകുന്നതായി നമുക്ക് കാണാനാകും. ചരിത്രപരമായ പ്രാധാന്യം ഉള്ള തീയതികളാണ് ഈ സിനിമകൾ പുറത്തിറക്കാൻ ഉപയോഗിക്കുന്നത് എന്നതാണ് ഒരു കാര്യം. അതാണ് ‘രൺദീപ് ഹൂഡ തിരക്കഥയും പ്രധാന കഥാപാത്രവും കൈകാര്യം ചെയ്ത ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തെ നിരീക്ഷിക്കുമ്പോൾ നമുക്ക് മനസ്സിലാകുക. സവർക്കറുടെ ജനന ദിവസവും പുതിയ പാർലമെൻ്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ദിവസവും കൂടിയായ സന്ദർഭത്തിലാണ് ചിത്രത്തിന്റെ ടീസർ ഹൂഡ പുറത്തു വിടുന്നത്.

ചരിത്രത്തെ വളച്ചൊടിച്ച് വളരെ വ്യാപകമായി വിതരണം ചെയ്യുകയാണ് ഇവർ ഇത്തരം ചിത്രങ്ങളിലൂടെ ചെയ്യുന്ന മറ്റൊരു കാര്യം. അങ്ങനെയാണ് വീർ സവർക്കറൊക്കെ സെൻസർ ബോർഡിൻറെ ഒരു വിലക്കുമില്ലാതെ പുറത്തിറക്കപ്പെടുന്നത്. യഥാർത്ഥ ചരിത്രം പുറത്തു വരുന്നു എന്ന ട്വീറ്റോടു കൂട്ടിയാണ് ഹൂഡ റിലീസ് വിവരം അംനൗൺസ്‌ ചെയ്യുന്നത് എന്നതാണ് മറ്റൊരു വൈരുധ്യം. ഇത്തരം സിനിമകളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ പഠന വിധേയമാക്കേണ്ട ഒന്നാണ്. കാരണം, ഇങ്ങനെയുള്ള സിനിമകൾ കാരണം ഇന്ത്യയിൽ ഉണ്ടായിട്ടുള്ള അക്രമ പരമ്പരകളെ പോലെ തന്നെയോ അല്ലെങ്കിൽ അതിനു കാരണമാകുന്ന രീതിയിലോ ആണ് അവയുടെ നിലനിൽപ്. അത് വർത്തമാനകാലത്തിൽ മാത്രം ഒതുങ്ങില്ല എന്നതാണ് ഈ കണ്ടൻ്റുകൾ ഡിജിറ്റൽ ലോകത്തേക്ക് പ്രവേശിക്കുന്നതിലൂടെ സംഭവിക്കുന്നത്.

ടീസറുകളിൽ ഇത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതും മറ്റൊരു പ്രധാന കാര്യമാണ്. അതാണ് ‘ടിപ്പു’ എന്ന സിനിമയുടെ കാര്യത്തിൽ നമുക്ക് കാണാനാവുക. 8000 അമ്പലങ്ങളും ഒരു ലക്ഷത്തിലധികം ഹിന്ദു കുടുംബങ്ങളും തുടച്ചു നീക്കിയ രാജാവ് എന്നാണ് ദക്ഷിണേന്ത്യ കണ്ട ധീരനായ ഭരണാധികാരിയെ കുറിച്ച് ടീസർ സംസാരിക്കുന്നത്. തെളിഞ്ഞു വരുന്ന ടിപ്പുവിന്റെ ചിത്രത്തിലേക്ക് കരി വാരിയൊഴിക്കുന്ന രംഗം മറ്റൊരു വിശദീകരണത്തിന്റെയും ആവശ്യം വരാത്ത വിധം ചിത്രം ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

നിലവിൽ നിറഞ്ഞു നിൽക്കുന്ന ഇത്തരത്തിലുള്ള സിനിമകളുടെ മറ്റൊരു പ്രത്യേകതയാണ് ‘ ബേസ്ഡ് ഓൺ ട്രൂ ഇവെൻ്റ്സ്’ ടൈറ്റിൽ. ആർട്ടിക്കിൾ 370, കേരള സ്റ്റോറി, കാശ്മീർ ഫയൽസ്, ഗോധ്ര തുടങ്ങിയ ചിത്രങ്ങളിൽ നമുക്കിത് കാണാനാകും. ഇങ്ങനെയൊരു ടാഗ്‌ലൈനോടു കൂടി ചരിത്രപരമായ കാര്യങ്ങളെ തെറ്റായി അവതരിപ്പിക്കുന്നതുകൊണ്ടുള്ള പ്രത്യാഘാതം രാജ്യം ഇനിയുമേറെ നേരിടാൻ പോകുന്നതേയുള്ളു.

ഇതിലൊക്കെ പുറമെ, ഭരണപക്ഷ രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയുമൊക്കെയാണ് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിൽ കാണാനാകുന്നത് എന്നതും പ്രധാനമാണ്. 2019  പൊതുതെരഞ്ഞെടുപ്പിന്  മുമ്പ് ‘ഇനി നമുക്ക് പനിപതിൽ കാണാം’ എന്ന സിനിമ ഡയലോഗായിരുന്നു അമിത് ഷാഹ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വിളിച്ചു പറഞ്ഞിരുന്നത്. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിന് തൊട്ടുടനെയുള്ള പ്രധാന മന്ത്രിയുടെ കശ്മീർ സന്ദർശന വേളയിൽ തന്റെ മുൻപിൽ കൂടി നിൽക്കുന്ന അനുയായികളോടും  ജനങ്ങളോടും “നിങ്ങളെല്ലാവരും ആ സിനിമ കാണണം, അത് സത്യം തുറന്നു കാണിക്കുന്നുണ്ട്” എന്ന്  ആർട്ടിക്കിൾ 370 സിനിമയെ പരിചയപ്പെടുത്തികൊണ്ട്  നരേന്ദ്ര മോദി പറയുന്നുണ്ട്.  

ഉറി റിലീസായപ്പോൾ അന്നത്തെ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ബംഗളൂരുവിലെ ഒരു സിനിമാ തിയറ്ററിൽ നിന്ന് സദസ്സിൽ ചിലർ ദേശീയ പതാക വീശി ഇന്ത്യൻ സൈന്യത്തെ പുകഴ്ത്തുന്ന വീഡിയോകൾ ട്വീറ്റ് ചെയ്തിരുന്നു.  അടുത്തിടെ, മുതിർന്ന ബി.ജെ.പി അംഗവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ പുഷ്‌കർ സിംഗ് ധാമിയും നിരവധി കാബിനറ്റ് അംഗങ്ങളും ആർട്ടിക്കിൾ 370 ഒരുമിച്ചു പോയി കാണുകയും ശേഷം  മാധ്യമങ്ങളോട്  “പണ്ട് ജമ്മു കശ്മീരിൽ നടന്ന രാഷ്ട്രീയ തെറ്റുകൾ” ഈ സിനിമ അഭിസംബോധന ചെയ്യുന്നുവെന്നും അതൊരു നല്ല സിനിമയാണെന്നും എല്ലാവരും കാണണമെന്നുമൊക്കെ പങ്കുവെക്കുകയും ചെയ്തു. ഇത്തരത്തിൽ, പുറത്തുവന്നു കൊണ്ടിരിക്കുന്ന പ്രൊപഗണ്ട സിനിമകൾ സത്യം ഉൾക്കൊള്ളുന്നതാണെന്ന് രാഷ്ട്രീയമായും സാംസ്കാരികമായുമൊക്കെ രാജ്യത്ത് സ്വാധീനമുള്ള സംഘ് പരിവാർ അനുകൂലികളിലൂടെ  ജങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട് എന്നതാണ് ഗൌരവപ്പെട്ട മറ്റൊരു കാര്യം. 

ഏതായാലും  ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന ഈ പ്രൊപഗണ്ട സിനിമകളുടെ ആഘാതങ്ങൾ ഇന്ത്യ വൈകാതെ അഭിമുഖീകരിക്കുക തന്നെ ചെയ്യും എന്നത് തീർച്ചയാണ്. നിലവിലെ ഭരണകൂടത്തിന്റെ ഇസ്ലാമോഫോബിക് ആയ മറ്റെല്ലാ നിലപാടുകളെയും പ്രവർത്തനങ്ങളെയും പോലെ -ഒരു പക്ഷെ അതിലും വലിയ തോതിൽ- ഇത് ഇന്ത്യൻ മുസ്‍ലിംകളെ ബാധിക്കും എന്നതിലും  ഈ സിനിമകൾ  അതിനായാണ് നിർമ്മിക്കപ്പെടുന്നത് എന്ന കാര്യത്തിലും സംശയമില്ല! ഒരു സ്റ്റാൻഡപ് കൊമേഡിയൻ പറഞ്ഞത് പോലെ, “നിങ്ങൾ പറയുന്നു അച്ഛാ ദിൻ ആയേഗാ എന്ന്, പക്ഷെ ബായ്, ഒരു ദിവസം കൊണ്ടൊക്കെ ശെരിയാവാനുള്ള പ്രശ്നങ്ങളല്ലല്ലോ നിങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്നത്” !!!

Related Articles