Current Date

Search
Close this search box.
Search
Close this search box.

Views

ഒമാന്‍ ഉള്‍ക്കടല്‍ ആക്രമണം: തമ്മിലടിപ്പിച്ച് ചോരകുടിക്കാന്‍ കാത്തിരിക്കുന്നവര്‍?

കഴിഞ്ഞ ചൊവ്വാഴ്ച, ലോകത്തിലെ സുപ്രധാന കപ്പല്‍പാതയായ ഒമാന്‍ ഉള്‍ക്കടലിലെ ഹുര്‍മുസ് കടലിടുക്കില്‍ വെച്ച് ഫ്രണ്ട് അല്‍റ്റയര്‍, കൊക്കുവ കറേജിയസ് എന്നീ കപ്പലുകള്‍ക്കു നേരെ ആക്രമണം നടന്നതിന്‍റെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവരികയുണ്ടായി. ഏകദേശം ഒരുമാസം മുന്‍പ് യു.എ.ഇയിലെ ഫുജൈറ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നാലു കപ്പലുകള്‍ക്കു നേരെയും ആക്രമണം നടത്തിരുന്നു. ആക്രമണം നടത്തിയത് തങ്ങളുടെ പ്രാദേശിക വൈരികളായ ഇറാന്‍ ആണെന്നായിരുന്നു യു.എ.ഇയുടെയും സൗദി അറേബ്യയുടെയും പ്രാഥമിക ആരോപണം.

അന്നു മുതല്‍ക്കു തന്നെ, നിലവില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള നയതന്ത്രനീക്കങ്ങള്‍ക്ക് ഖത്തര്‍, ജപ്പാന്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ തുടക്കംകുറിക്കുകയും ചെയ്തിരുന്നു.

ഇറാനും ഗള്‍ഫ് അയല്‍രാഷ്ട്രങ്ങളും തമ്മില്‍ ഉടലെടുത്തിരിക്കുന്ന അപകടകരമായ ഈ സംഘര്‍ഷ സാഹചര്യത്തിലെ മുഖ്യ ശ്രദ്ധാകേന്ദ്രം ട്രംപ് ഭരണകൂടം തന്നെയാണ്. ഇറാനെ അവരുടെ ആണവപദ്ധതിയില്‍ നിന്നും കൂടുതല്‍ പിന്നോട്ടടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘പരമാവധി സമ്മര്‍ദ്ദം’ ചെലുത്തലാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന നയനിലപാട്.

അമേരിക്കയും യു.എ.ഇയും സൗദി അറേബ്യയും ഇസ്രായേലും ഒരുമിച്ചു നിന്ന് ഒരുവര്‍ഷത്തോളം ഇറാനെതിരെ നടത്തിയ സായുധ വെല്ലുവിളികളുടെ ഫലമായി, ഇറാനെ വീണ്ടും ഒത്തുതീര്‍പ്പു ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു ട്രംപ് ഭരണകൂടം കരുതിയത്. പക്ഷേ, ഇറാനുമായി ഉണ്ടാക്കിയിരുന്ന ആണവകരാറില്‍ നിന്നും പിന്‍വാങ്ങുകയും ഉപരോധം വീണ്ടും അടിച്ചേല്‍പ്പിക്കുകയും ചെയ്തതോടെ, ട്രംപ് ഭരണകൂടത്തിന്‍റെ “പരമാവധി സമ്മര്‍ദ്ദ” തന്ത്രം അസ്ഥാനത്താവുകയാണ് ഉണ്ടായത്.

ഇതൊക്കെ കാരണമാണ്, ഗള്‍ഫിലെ അമേരിക്കന്‍ സഖ്യകക്ഷികളുടെ കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ തന്നെയാണെന്ന നിഗമനത്തിലേക്ക് എല്ലാവരും പെട്ടെന്നെത്തിയത്. എന്നാല്‍, ഫുജൈറയിലും ഒമാന്‍ ഉള്‍ക്കടലിലും നടന്ന ആക്രമണവുമായി ബന്ധപ്പെട്ടു പുറത്തുവിടപ്പെട്ട “തെളിവുകള്‍” എല്ലാം തന്നെ വളരെയധികം രാഷ്ട്രീയപ്രേരിതമായതും സംശയങ്ങള്‍ ഉളവാക്കുന്നതുമാണ്.

മെയ് 12നു നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാന്‍ തന്നെയാണെന്ന് ഒരു നോര്‍വീജിയന്‍ ഇന്‍ഷൂറന്‍സ് കമ്പനി മേധാവി ആരോപിക്കുകയുണ്ടായി, കാരണം ആക്രമണത്തെ തുടര്‍ന്നുണ്ടായ കഷ്ടനഷ്ടങ്ങള്‍ ‘മുന്‍കൂട്ടി കാണാന്‍ കഴിയാത്ത സാഹചര്യങ്ങളുടെ’ (force majeure ) ഗണത്തില്‍ പെടുത്തിയാല്‍ അവര്‍ക്കു ഇന്‍ഷൂറന്‍സ് തുക നല്‍കാതെ തടിയൂരാന്‍ കഴിയും.

മെയ് 12നു നടന്ന ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ലായെന്നത് ഒരു ചോദ്യങ്ങള്‍ക്കു വഴിവെക്കുന്നുണ്ട്. യു.എ.ഇയുടെ സമുദ്രപരിധിയില്‍ വിവിധയിടങ്ങളിലായി നങ്കൂരമിട്ടിരുന്ന വ്യത്യസ്ത കപ്പലുകളെ ഇറാന്‍ എന്തിന് ആക്രമിക്കണം? എന്തുകൊണ്ടാണ് അടുത്തുണ്ടായിരുന്ന കപ്പല്‍ ജീവനക്കാര്‍ ഒന്നും തന്നെ എന്തെങ്കിലും തരത്തിലുള്ള സ്ഫോടനശബ്ദമോ കാഴ്ചയോ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്? യു.എ.ഇയുടെ അത്യന്തം സുരക്ഷാപ്രാധാന്യമുള്ള മേഖലയെ സംരക്ഷിക്കാനുള്ള സുരക്ഷാസംവിധാനങ്ങള്‍ യു.എ.ഇയുടെ കൈവശം ഇല്ലായെന്നാണോ ഇതു അര്‍ത്ഥമാക്കുന്നത്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് അത്തരമൊരു ആക്രമണം പ്രതിരോധിക്കാന്‍ യു.എ.ഇ നാവികസേനക്കു കഴിയാതെ പോയത്?

ഇപ്പോള്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുള്ള ഈ തന്ത്രപ്രധാന ജലപാതകളിലൂടെയുള്ള വ്യാപാര ചരക്കുനീക്കത്തിനു എന്തെങ്കിലും തരത്തില്‍ തടസ്സം സംഭവിച്ചാല്‍ അതില്‍ നിന്നും ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന ചുരുക്കം ചിലര്‍ തിരശ്ശീലക്കു പിന്നില്‍ ഉണ്ടെന്ന് ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാവും. അമേരിക്കയുടെ ആജ്ഞാനുവര്‍ത്തികളായി യു.എ.ഇയും സൗദി അറേബ്യയും തങ്ങളുടെ ഇറാന്‍ വിരുദ്ധ നിലപാട് കടുപ്പിക്കുമ്പോഴും, ഇറാന്‍റെ ബാലിസ്റ്റ് മിസൈലുകളുടെ പ്രഹരശേഷി താങ്ങാനുള്ള ശേഷി യു.എ.ഇക്കും സൗദി അറേബ്യക്കും ഇല്ലെന്നതാണ് വസ്തുത. കൂടാതെ, ഗള്‍ഫിലുടനീളം ഇന്‍ഷൂറന്‍സ് പ്രീമിയം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ഏതുതരത്തിലുള്ള അസ്ഥിരതയും സാമ്പത്തികരംഗത്തെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും.

നിലവിലെ പ്രതിസന്ധി പരമാവധി ചൂഷണം ചെയ്ത് കോണ്‍ഗ്രസ് മുഖാന്തിരം തങ്ങളുടെ ഗള്‍ഫ് സഖ്യകക്ഷികളുമായി വന്‍ ആയുധ കച്ചവട ഇടപാട് നടത്താനുള്ള സാധ്യതകള്‍ തേടുമ്പോഴും, ഇറാനുമായി ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങളൊന്നും തന്നെ ട്രംപ് ഭരണകൂടം തുടങ്ങിയിട്ടില്ല. ദശാബ്ദങ്ങളായി അമേരിക്കക്കെതിരെ ഒരു സായുധ സംഘട്ടനത്തിനു ഒരുങ്ങിയിരിക്കുമ്പോഴും, ഇപ്പോള്‍ തന്നെ മുട്ടിലിരിക്കുന്ന ഒരു രാഷ്ട്രത്തെ അത്തരമൊരു യുദ്ധം തകര്‍ത്തു കളയുമെന്നും ഇറാന്‍ സര്‍ക്കാറിന് നന്നായിട്ടറിയാം.

ഒരുഭാഗത്ത്, ഇറാന്‍ എന്ന രാഷ്ട്രം മേഖലയിലെ സമാധാനത്തിനു ഭീഷണിയായ “ആന്‍റി-ക്രൈസ്റ്റ്” ആണെന്ന തരത്തിലുള്ള ഒരു പ്രചാരണകുരിശുയുദ്ധം, ഇറാന്‍ വിരുദ്ധ അമേരിക്കന്‍ സൈദ്ധാന്തിക സംഘങ്ങള്‍ നടത്തിവരുന്നുണ്ട്. ഈ പ്രചാരണയുദ്ധത്തില്‍ സൗദി അറേബ്യയും യു.എ.ഇയും ഇസ്രായേലും ഒരുമിച്ചാണ് നിലകൊള്ളുന്നത്. ഇറാനെ ആക്രമിക്കുന്നതിന് ആവശ്യമായ എല്ലാവിധ സാഹചര്യവും അനുകൂലാഭിപ്രായവും വ്യാജമായി നിര്‍മിച്ചെടുക്കുക എന്നതാണ് ഈ കുരിശുയുദ്ധക്കാരുടെ സുപ്രധാന ദൗത്യം.

അതേസമയം മറുവശത്ത്, ഒരു യുദ്ധം ഒഴിവാക്കാനായി ആത്മാര്‍ഥമായി പണിയെടുക്കുന്ന ഇറാന്‍റെ ഡീപ് സ്റ്റേറ്റായ ഐ.ആര്‍.ജി.സി (ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ്) നെറ്റ് വര്‍ക്കുകളും ഉണ്ട്. ഇറാന്‍റെ പരമോന്നത നേതാവിനു മാത്രം നേരിട്ട് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ഐ.ആര്‍.ജി.സിക്ക് അമേരിക്കയുടെ മര്‍മ്മത്തിനുമേല്‍ പ്രഹരമേല്‍പ്പിക്കാനുള്ള ശേഷിയും ഉദ്ദേശവും ഉണ്ട്.

മേഖലയിലുടനീളം വ്യാപകമായ പ്രവര്‍ത്തന ശൃംഖലകള്‍ ഉള്ള റെവല്യൂഷനറി ഗാര്‍ഡിന്, വായു, കടല്‍, കര മാര്‍ഗേണ ആക്രമണം നടത്താന്‍ നിഷ്പ്രയാസം സാധിക്കും. ഐ.ആര്‍.ജി.എസ് സ്പീഡ് ബോട്ടുകള്‍ ഉള്‍ക്കടലിലൂടെ പോകുന്ന കപ്പലുകളെ സമീപിച്ച് അവയില്‍ കാന്തിക സ്ഫോടന ഉപകരണങ്ങള്‍ ഘടിപ്പിക്കാനുള്ള സാധ്യത ഒരിക്കലും തള്ളികളയാന്‍ കഴിയില്ല.

അതേസമയം, പ്രസ്തുത ആക്രമണത്തില്‍ ഇറാന് പങ്കുണ്ടെന്നതിന് കൃത്യമായ തെളിവുകള്‍ ഒന്നും തന്നെ ലഭ്യമല്ലായെന്നിരിക്കെ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമാധാനശ്രമങ്ങള്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

അമേരിക്ക, സൗദി അറേബ്യ, യു.എ.ഇ, ഇസ്രായേല്‍, ഇറാന്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയ സൈദ്ധാന്തികരെ സംബന്ധിച്ചിടത്തോളം, ഒരു നിയന്ത്രിത സൈനിക നീക്കം ഉണ്ടാവുക എന്നത് അവര്‍ പടച്ചുവിടുന്ന ശത്രുതയേറ്റുന്ന ആഖ്യാനങ്ങള്‍ക്കു ബലം നല്‍കാന്‍ മാത്രമല്ല, അവരുടെ വയറ്റിപിഴപ്പിനും കൂടി അത് അത്യാന്താപേക്ഷിതമാണ്. അതിനു വേണ്ടി മേഖലയില്‍ മൊത്തം തീ ആളിക്കത്തിക്കാനും അവര്‍ മടിക്കില്ല.

 

  • കിംഗ്സ് കോളേജ് ലണ്ടനിലെ ഡിഫന്‍സ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്‍റ് അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകന്‍. മിഡിലീസ്റ്റിലെ വിവിധ രാജ്യങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും വേണ്ടി സ്ട്രാറ്റജിക് റിസ്ക് കണ്‍സള്‍ട്ടന്‍റായും സേവനമനുഷ്ടിക്കുന്നുണ്ട്.

മൊഴിമാറ്റം : ഇര്‍ഷാദ്
അവലംബം : middleeasteye

Related Articles