Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളെ കൊന്നൊടുക്കാന്‍ പുതുവഴികള്‍ തേടുന്ന ഇസ്രായേല്‍

അവസാനമായി ഇസ്രായേലില്‍ ഒരാളെ വധ ശിക്ഷക്ക് വിധിച്ചിട്ടു 50 വര്‍ഷത്തില്‍ ഏറെയായി. അഡോള്‍ഫ് ഇഖ്മന്‍ എന്ന കുപ്രസിദ്ധ നാസി സേന നേതാവിനെയാണ് അന്ന് കൊലക്കു വിധിച്ചത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍, ജൂതന്മാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നീ 15 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ അന്ന് ചാര്‍ത്തിയത്. അതിനു ശേഷം ആ നിയമം ഇസ്രായേല്‍ സെനറ്റ് എടുത്തു കളഞ്ഞു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, ജൂതന്മാര്‍ക്കെതിരായ കുറ്റങ്ങള്‍ എന്നിവക്കു മാത്രമായി ഈ നിയമം ചുരുക്കി. ബ്രിട്ടീഷ് നിയമമാണ് ഒരു പരിധിവരെ ഇസ്രായേല്‍ തുടരുന്നതെങ്കിലും വധ ശിക്ഷ എന്നത് അവരുടെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് നടന്നത്.

പ്രത്യേക സാഹചര്യങ്ങളില്‍ അതിതീവ്രമായ കുറ്റകൃത്യങ്ങള്‍ക്ക് വധ ശിക്ഷ നടപ്പാക്കണം എന്ന് വരികില്‍ അതിനു പാനലിലുള്ള മൂന്നു ജഡ്ജിമാരുടെ അംഗീകാരം വേണം എന്നാണ് അവിടുത്തെ നിയമം. എന്നാല്‍ അടുത്തിടെ ഫലസ്തീനിയന്‍ തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഈ നിയമം വീണ്ടും പൊടി തട്ടി കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. തീവ്ര വലതു പാര്‍ട്ടികളുടെ സമ്മര്‍ദ്ദം കാരണം അത്തരം നിയമം തിരിച്ചു കൊണ്ട് വരും എന്ന് തന്നെയാണ് വാര്‍ത്താ മാധ്യമങ്ങള്‍ പറയുന്നതും. അത്തരത്തിലുള്ള ഒരു ബില്‍ അടുത്ത് തന്നെ സെനറ്റില്‍ വരും എന്നുറപ്പാണ്. അതിനു പിന്തുണ കിട്ടാന്‍ വലിയ ബുദ്ധിമുട്ട് കാണില്ല.

ഈ നിയമം നിലവില്‍ വന്നാല്‍ ഇപ്പോള്‍ വെസ്റ്റ് ബാങ്കിലും പടിഞ്ഞാറന്‍ ജറൂസലേമിലും ഭീകരരായി വിധിക്കപ്പെട്ട പലരെയും ഇല്ലാതാക്കാന്‍ ഈ നിയമത്തിനു കഴിയും. മൂന്ന് ജഡ്ജിമാരുടെ പിന്തുണ എന്നത് മാറ്റി നേരിയ അനുമതി മാത്രമാക്കി നിയമം ചുരുക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ ഭേദഗതി വധശിക്ഷയുടെ ഉപയോഗം ആവശ്യപ്പെടാന്‍ സൈനിക പ്രോസിക്യൂഷന് ഒരു ഗ്രീന്‍ ലൈറ്റ് നല്‍കുക മാത്രമല്ല, അത് അസാധാരണമായ സാഹചര്യങ്ങള്‍ക്കു പുറത്ത് ഉപയോഗപ്പെടുത്തുകയും ചെയ്യും. ‘ഭീകരവാദ’ ആക്രമണങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരെ തടയാനാണ് ഈ ബില്ല് എന്ന് പറയുമ്പോഴും വാസ്തവത്തില്‍ ഈ ബില്‍ ഫലസ്തീനിയന്‍ രാഷ്ട്രീയ തടവുകാരെ ആക്രമിക്കുന്നതും അധിനിവേശത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിനുമാണ്.

നാസി കുറ്റവാളികളെ പോലെ ഫലസ്തീന്‍ വിമോചന പോരാളികളെയും പരിഗണിക്കണം എന്നതാണ് ഇസ്രായേല്‍ നിലപാട്. ഒരു ജനതയെ ഇല്ലാതാക്കാന്‍ നിയമം നിര്‍മിച്ചു നടപ്പാക്കിയ നാസികളായും സ്വന്തം നാട്ടില്‍ സയണിസം അധിനിവേശം നടത്തുമ്പോള്‍ അതിനെതിരെ ചെറുത്തു നില്‍പ്പ് നടത്തുന്നവരും ഒരേപോലെ എന്ന കണ്ടത്തല്‍ പലരിലും അത്ഭുതം വിതച്ചിരിക്കുന്നു. അധിനിവേശ ഭൂമിയില്‍ സ്വന്തം നാടിന്റെ നിയമം നടപ്പാക്കാന്‍ പാടില്ല എന്നിരിക്കെ ഇത്തരത്തില്‍ നിലവില്‍ വരുന്ന കോടതികള്‍ തന്നെ നിയമവിരുദ്ധമാണ്.

ഈ പശ്ചാത്തലത്തില്‍, ഇസ്രായേല്‍ സൈനിക കോടതികള്‍ക്കു ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ വധശിക്ഷ നടപ്പാക്കാനുള്ള അധികാരം നല്‍കാന്‍ ചര്‍ച്ചചെയ്യുന്നുണ്ടെങ്കിലും അതാരെയും അതിശയിപ്പിക്കുന്നതേയില്ല. ഇസ്രയേലിന്റെ കൊളോണിയല്‍ ഭരണകൂടം വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ഫാസിസത്തിന്റെയും ആഗോള ഉയര്‍ച്ചയെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഇത്തരം ദുരന്തങ്ങളെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിയമപരമായി തന്നെ പലസ്തീന്‍ ജനതയെ കൊന്നു തീര്‍ക്കാനുള്ള നിയമമാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. മനുഷ്യാവകാശത്തിന്റെ പ്രാഥമിക മര്യാദകളെ പോലും തകര്‍ത്ത് കളയുന്നതാണ് ഈ നിയമം എന്ന് പറയാതിരിക്കാന്‍ കഴിയില്ല. മനുഷ്യത്വം ഈ വഴിക്കും തിരിയേണ്ടതുണ്ട് എന്ന് കൂടി പറഞ്ഞു വെക്കണം.

മൊഴിമാറ്റം: അബൂ ആദില്‍
അവലംബം: അല്‍ജസീറ

Related Articles