Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

കഴിഞ്ഞാഴ്ച രണ്ട് അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി. ആ അഭ്യൂഹങ്ങൾ ശരിയാകാനും സാധ്യതയുണ്ട്. ഒരു പക്ഷെ അത് പ്രതികരണം എന്താവും എന്നറിയാനുള്ള ടെസ്റ്റ് ഡോസാവാം. അല്ലെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാവാം. ആദ്യത്തെ അഭ്യൂഹം ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമൂൻ എന്ന സംഘടനയെക്കുറിച്ചും രണ്ടാമത്തേത് ഫലസ്തീനിലെ ഹമാസ് എന്ന സംഘടനയെക്കുറിച്ചുമാണ്. രണ്ട് സംഘടനകളും അഭ്യൂഹം വ്യക്തമായി സ്ഥിരീകരിക്കുകയോ പൂർണ്ണമായി തള്ളുകയോ ചെയ്തിട്ടില്ല.

ഇഖ് വാനെക്കുറിച്ച പരാമർശം വന്നത് വലിയൊരളവോളം വിശ്വാസ്യതയും സത്യസന്ധതയും പുലർത്തുന്ന ഒരു സൈറ്റിലാണ്. ഇഖ് വാന്റെയും ഈജിപ്ത് ഭരണാധികാരി സീസിയുടെയും ഇടക്ക് മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നു എന്നാണ് അതിലുള്ളത്. വർഷങ്ങൾക്ക് ശേഷം ഹമാസ് സിറിയൻ ഭരണകൂടവുമായി ബന്ധങ്ങൾ പുനസ്ഥാപിക്കാനൊരുങ്ങുന്നു എന്നതാണ് രണ്ടാമത്തേത്. സിറിയൻ ഭരണകൂടവുമായി ബന്ധങ്ങൾ മോശമായതിനെ തുടർന്നാണ് ഹമാസിന് സിറിയൻ മണ്ണ് വിടേണ്ടി വന്നത്.

വാർത്ത ശരിയോ തെറ്റോ എന്ന കാര്യമല്ല ഞാനിവിടെ ചർച്ചക്കെടുക്കുന്നത്. വാർത്ത ശരിയെങ്കിൽ അതിനോട് ഉണ്ടായേക്കാവുന്ന പ്രതികരണങ്ങളാണ് എന്റെ വിഷയം. അത് പോലെ ഇസ്ലാമിക പ്രസ്ഥാനങ്ങൾ എടുക്കുന്ന വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളും തീരുമാനങ്ങളുമാണ് ചർച്ചയാക്കുന്നത്. ഉദാഹരണത്തിന് അറബ് ലോകത്ത് പ്രവർത്തിക്കുന്ന ഇഖ് വാനുൽ മുസ്ലിമൂൻ. ഓരോ നാട്ടിലും പല പേരിലാണെങ്കിലും അതിന്റെ ശൈലി ഒന്നാണ്. അതേസമയം ഒരേ പ്രശ്നത്തിൽ തന്നെ വിവിധ നാടുകളിലെ ഈ ഇസ്ലാമിക പ്രസ്ഥാനം സ്വീകരിക്കുന്ന നിലപാടുകൾ തീർത്തും വ്യത്യസ്തവുമാകാറുണ്ട്.

യമനിലെ ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ച് പറയാം. സഊദി അറേബ്യയുമായി വളരെ ശക്‌തവും ആഴത്തിലുള്ളതുമായ ബന്ധമുണ്ട് അവർക്ക്. ഈജിപ്തിൽ ഇഖ് വാനെ അട്ടിമറിച്ച് സീസി അധികാരം പിടിച്ചത് സഊദിയുടെ കൂടി സഹായത്തോടെയാണ് എന്നത് അവർക്ക് പ്രശ്നമല്ല. ഈജിപ്ഷ്യൻ പൗരൻമാരോട് കടുത്ത നിലപാട് സ്വീകരിക്കുന്ന സഊദി സീസിക്ക് അവരെ കൈമാറുകയും ചെയ്യുന്നുണ്ട്. സഊദി ജയിലുകളിൽ ഹമാസിന്റെ ആളുകളുണ്ട്. സിറിയയിലെ ഇഖ് വാനും അവിടത്തെ ഭരണകൂടവും തമ്മിൽ കടുത്ത ശത്രുതയിലാണ്. സിറിയൻ ഭരണകൂടവുമായി ഇടഞ്ഞ മുൻ സിറിയൻ വൈസ് പ്രസിഡന്റ് അബ്ദുൽ ഹലീം ഖദ്ദാമിനെപ്പോലുള്ളവരുടെ സഹായവും ഇഖ് വാൻ തേടിയിരുന്നു.

ഇഖ് വാനോട് കടുത്ത ശത്രുത പുലർത്തുന്ന സിറിയൻ ഭരണകൂടവുമായി ഹമാസ് ബന്ധങ്ങൾ സ്ഥാപിച്ചതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ഇഖ് വാൻ ഭരണകൂടത്തെ അട്ടിമറിച്ച സീസിയുമായി ഹമാസിന്റെ ബന്ധങ്ങൾ ചിലപ്പോൾ നന്നാകും; ചിലപ്പോൾ മോശമാകും. പ്രശ്നമെന്താണെന്ന് വെച്ചാൽ ഗസ്സക്കാർക്ക് പുറത്ത് കടക്കാനുള്ള പ്രധാന ചെക്ക് പോയന്റ് ഉള്ളത് ഈജിപ്ഷ്യൻ അതിർത്തിയിലാണ്. ഇനി ഹമാസിന് ഇറാനുമായുള്ള ബന്ധം നോക്കുക. സിറിയയിലും ഇറാഖിലും ലബനാനിലുമൊക്കെ ഇറാന്റെ നയം എന്താണെന്ന് എല്ലാവർക്കുമറിയാം. ഇതൊന്നും അതത് നാടുകളിൽ ഇഖ് വാന്റെ താൽപര്യങ്ങൾക്ക് അനുഗുണമല്ല.

ഇത് പോലുള്ള സംഭവങ്ങൾ ഈജിപ്തിലെ ഇഖ് വാന്റെ ചരിത്രത്തിലും കാണാം. ഫാറൂഖ് രാജാവ് ഭരിച്ചു കൊണ്ടിരുന്നപ്പോഴാണ് പ്രസ്ഥാന സ്ഥാപകൻ ഹസനുൽ ബന്ന വധിക്കപ്പെടുന്നത്. ആ വധത്തിന് രാജാവിന്റെ ആശീർവാദവും സഹായവും ഉണ്ടായിരുന്നു എന്ന് എല്ലാവർക്കുമറിയാം. ഇതിന് ശേഷം, ഇഖ് വാന്റെ രണ്ടാമത്തെ സാരഥി ഹസൻ ഹുളൈബി ഫാറൂഖ് രാജാവിനെ സന്ദർശിക്കാൻ ചെല്ലുന്നുണ്ട്. രാജകൊട്ടാരത്തിൽ സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ ഹുളൈബിയോട് പ്രതികരണം ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: മാന്യനായ രാജാവിനെ മാന്യമായ നിലയിൽ സന്ദർശിച്ചു.

1952 – ൽ വിപ്ളവം നടത്തി അബ്ദുന്നാസ്വിർ ഈജിപ്തിൽ അധികാരം പിടിച്ചപ്പോൾ ഇഖ് വാന്റെ പല നേതാക്കളെയും വിചാരണ നടത്തുകയും തൂക്കിലേറ്റുകയും ചെയ്തു. നാസ്വിർ ഭരണകാലത്ത് 1954 – ൽ അതിന് നേതൃത്വം കൊടുത്ത ആളായിരുന്നു പിന്നീട് പ്രസിഡന്റായിത്തീർന്ന അൻവർ സാദാത്ത്. അദ്ദേഹവുമായി ഇഖ് വാൻ പിന്നീട് സന്ധിയാവുകയാണുണ്ടായത്. പഴയ ചരിത്രമൊന്നും അവർ ഓർമിച്ചതേയില്ല. ഇങ്ങനെ ഒത്തിരി ഉദാഹരണങ്ങളുണ്ട് ഹുസ്നി മുബാറകിന്റെ കാലത്തും അതിന് ശേഷവും.

ഇങ്ങനെ പലതരം നിലപാടുകൾ. ഒരേ നിലപാട് ഒരു നാട്ടിൽ ഹറാം, മറ്റേ നാട്ടിൽ അനുവദനീയം. പലരുമതിനെ കാണുക വൈരുധ്യങ്ങളായിട്ടാണ്. ഒരേ ആശയവും പ്രവർത്തനരീതിയുമുള്ള ഈ സംഘടനകൾ തമ്മിൽ അടിസ്ഥാന നിലപാടുകളിൽ ഇത്ര കടുത്ത ഭിന്നതകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് ?

എന്റെ കാഴ്ചയിൽ, ഈ ഭിന്നതകൾ ഉണ്ടാകുന്നത് അവയൊക്കെയും രാഷ്ട്രീയ പ്രശ്നങ്ങൾ ആയത് കൊണ്ടാണ്. ചിലപ്പോഴത് രാഷ്ട്രീയ കൂട്ടുകെട്ടുകളായിരിക്കും, അല്ലെങ്കിൽ തെരഞ്ഞെടുപ്പുകളായിരിക്കും, അതുമല്ലെങ്കിൽ ഭരണകൂടവുമായുള്ള ബന്ധങ്ങളായിരിക്കും. ഒരു നാട്ടിലുള്ളവർ അടിയുറച്ച നയങ്ങൾ (ഥവാബിത് )എന്ന് കരുതുന്നത് മറുനാട്ടിലുള്ളവർക്ക് സാധ്യതകളുടെ കളരിയായിരിക്കും. രാഷ്ട്രീയത്തിന്റെ ഒരു നിർവചനം തന്നെ സാധ്യതകളുടെ കല എന്നാണല്ലോ. ഈയൊരു പ്രതലത്തിലാണ് രാഷ്ട്രീയക്കാരന്റെ സഞ്ചാരം.

അറബ് ലോകത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അണികൾ ചിലപ്പോൾ വിചിത്രമായ നിലപാടുകളിൽ എത്തിപ്പെടാറുണ്ട്. ഒരേ കാര്യം ഫലസ്തീനിലെ ഹമാസ് ചെയ്താൽ അവർ സ്വീകരിക്കും; ഈജിപ്തിലെ ഇഖ് വാൻ ചെയ്താൽ സ്വീകരിക്കില്ല. തുർക്കിയിലെ ഇസ്ലാമിസ്റ്റിന് ചെയ്യാം, ഹമാസിലെ ഇസ്ലാമിസ്റ്റിന് ചെയ്തു കൂടാ എന്നായിരിക്കും മറ്റു ചിലപ്പോൾ. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സീസിയുമായോ ബശ്ശാറുമായോ രാഷ്ട്രീയ അനുരഞ്ജനത്തിന് ഇറങ്ങിപ്പുറപ്പെട്ടാൽ സിറിയയിലെയും ഈജിപ്തിലെയും ഇസ്ലാമിസ്റ്റുകൾ അതിന് ഒഴികഴിവുകളും ന്യായീകരണങ്ങളും അന്വേഷിക്കുന്നത് കാണാറുണ്ട്. അത് രാഷ്ട്രീയ സാമർഥ്യമായും വിവേകമായും വിലയിരുത്തപ്പെടും. ഇതേ കാര്യം ഹമാസോ ഇഖ് വാനോ ചെയ്താൽ അതിന്റെ അണികൾക്കത് രസിക്കില്ല. ശക്തമായി പ്രതിഷേധിക്കുകയും ചെയ്യും. ഞാനിവിടെ ഏതെങ്കിലും പക്ഷത്തെ തള്ളുകയോ കൊള്ളുകയോ അല്ല. ഒരേ വിഷയത്തിൽ ചെയ്യുന്ന ആൾ മാറുമ്പോഴുണ്ടാരുന്ന പ്രതികരണ വ്യത്യാസം ചൂണ്ടിക്കാട്ടുക മാത്രമാണ്.

പ്രസ്ഥാന ഫഖീഹ് അണികളുടെ ഈ വിരുദ്ധ നിലപാടുകളിൽ പരിഭ്രമിക്കുക സ്വാഭാവികം. തന്നിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന നിലപാട് എന്ത് എന്നതിലും അയാൾക്ക് ആശയക്കുഴപ്പമുണ്ടായേക്കാം. ഇത്തരം രാഷ്ട്രീയ ചുഴിമറികളെക്കുറിച്ചൊന്നും അധിക പ്രാസ്ഥാനിക ഫുഖഹാഇനും കാര്യമായ ധാരണകൾ ഉണ്ടാകില്ല എന്നത് മറ്റൊരു പ്രശ്നം. രാഷ്ടീയം വളരെയേറെ കുഴഞ്ഞുമറിഞ്ഞത് തന്നെ. സർവത്ര വിഘ്നങ്ങളും പ്രതിസന്ധികളും. ഇസ്ലാമിക പ്രസ്ഥാനങ്ങൾ സ്ഥിരമായവ (ഥവാബിത് )ഏത് , മാറുന്നവ (മുതഗയ്യിറാത്ത്) ഏത് എന്ന് പഠിച്ചും ചിന്തിച്ചും വ്യവസ്ഥപ്പെടുത്തി ആ സംസ്കാരം പ്രസ്ഥാന അണികൾക്ക് കൈമാറണം. എങ്കിലേ സുചിന്തിതമല്ലാത്ത നിലപാടുകളിൽ നിന്നും പ്രതികരണങ്ങളിൽ നിന്നും അണികളെ രക്ഷപ്പെടുത്താനാവൂ.

ഇസ്ലാമിക പ്രസ്ഥാനങ്ങൾ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് വിഷയങ്ങൾ കൂലങ്കുഷമായി പഠിക്കണം. പഠനം അകത്ത് മാത്രം ഉണ്ടായാൽ പോരാ. പുറത്തും ഉണ്ടാവണം. പുറത്ത് നിന്നുള്ള പഠനങ്ങളാണ് കൂടുതൽ പ്രധാനം. അകത്ത് നിന്ന് നോക്കുന്നത് പോലെയല്ലല്ലോ പുറത്ത് നിന്ന് നോക്കുന്നത്. പുറമെ നിന്ന് പ്രസ്ഥാനത്തെ പഠിക്കുന്നതായിരിക്കും കൂടുതൽ നിഷ്പക്ഷമാവുക. അണികളുടെ സ്വാധീനത്തിൽ നിന്ന് അത് മുക്തവുമായിരിക്കും. അത്തരം ഗവേഷകർക്ക് വിവരങ്ങൾ നൽകുന്നതോടൊപ്പം സൗകര്യങ്ങൾ ചെയ്തു കൊടുക്കുക. നിഗമനങ്ങളിൽ അവർ തന്നെ എത്തട്ടെ. ഒരു നിലപാടെടുക്കുന്നതിന് അത്തരം സ്വതന്ത്ര പഠനങ്ങൾ സഹായകമാവും. സ്പെഷ്യലിസ്റ്റുകളെ വെച്ച് ഇത്തരം പഠനങ്ങൾ നടത്തിയ ശേഷം പ്രസ്ഥാനത്തിനകത്തും പുറത്തും പ്രമുഖർക്കിടയിലും പൊതുജനത്തിനിടയിലും അത് തുറന്ന ചർച്ചക്ക് വെച്ചാൽ ശരിയായ നിഗമനങ്ങളിലെത്തിച്ചേരാനായേക്കും.

(പ്രബോധകനും ഗവേഷകനും ഡോ.യൂസുഫുൽ ഖറദാവിയുടെ ശിഷ്യനുമാണ് ലേഖകൻ )

വിവ : അശ്റഫ് കീഴുപറമ്പ്

Related Articles