Current Date

Search
Close this search box.
Search
Close this search box.

‘കശ്മീര്‍ വാല’യുടെ വിലക്ക്; ഇന്ത്യയുടെ ക്രൂരമായ ഇന്റര്‍നെറ്റ് നിരോധനത്തെയാണ് അടിവരയിടുന്നത്

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്ന്, സ്വതന്ത്ര വാര്‍ത്താ സ്ഥാപനമായ കശ്മീര്‍ വാലയുടെ വെബ്സൈറ്റും ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളും ആഗസ്റ്റ് 20 മുതല്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ അറിയിപ്പുകളോ ഉത്തരവുകളോ ഒന്നും തന്നെ കശ്മീര്‍ വാലയ്ക്ക് നല്‍കാത്തതിനാല്‍ സ്ഥാപനം തങ്ങളുടെ ഓണ്‍ലൈന്‍ സെര്‍വര്‍ ദാതാവിനെ ബന്ധപ്പെട്ടപ്പോഴാണ് 2000ലെ ഐ.ടി ആക്ട് പ്രകാരം കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് സൈറ്റ് ബ്ലോക്ക് ചെയ്തതെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

അക്കൗണ്ടിന്റെയോ ഉള്ളടക്കത്തിന്റെയോ ഉടമയെ ഈ വിവരം അറിയിക്കുന്നത് ഉള്‍പ്പെടെ ഓണ്‍ലൈന്‍ ഉള്ളടക്കം തടയുന്നതിന് സര്‍ക്കാര്‍ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം ഈ നിയമ വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ജൂണ്‍ മാസത്തിലെ കര്‍ണാടക ഹൈക്കോടതി ഉത്തരവ് ഈ സുരക്ഷാ മുന്‍കരുതലുകളില്‍ ചിലത് അസാധുവാക്കി, ഓണ്‍ലൈന്‍ ഉള്ളടക്കം സെന്‍സര്‍ ചെയ്യാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായിരുന്നു അത്.

2023ല്‍ പാര്‍ലമെന്റില്‍ പാസാക്കുകയും ഓഗസ്റ്റ് 11-ന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്ത ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ ദുര്‍ബലമായ കാരണങ്ങളാല്‍ വരെ വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യാന്‍ സര്‍ക്കാരിനെ കൂടുതല്‍ അധികാരപ്പെടുത്തുന്നതാണ്.

വിയോജിപ്പുള്ളതും വിമര്‍ശനത്തിന് എതിരായള്ളതും വിമര്‍ശനാത്മകവുമായ അഭിപ്രായങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ വര്‍ദ്ധിച്ചുവരുന്ന ശത്രുതയുടെ പരിതസ്ഥിതിയില്‍, അവര്‍ പത്രസ്വാതന്ത്ര്യത്തിനും ഓണ്‍ലൈനിലെ സ്വതന്ത്രമായ സംസാരത്തിനും എതിരെ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി.

ഓണ്‍ലൈന്‍ ഉള്ളടക്കം തടയുന്നതിനുള്ള വ്യവസ്ഥകള്‍

ഐ.ടി നിയമത്തിലെ സെക്ഷന്‍ 69 എ, ഏതെങ്കിലും ഓണ്‍ലൈന്‍ ഉള്ളടക്കം തടയാന്‍ ഉത്തരവിടാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ്.
ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, ദേശീയ സുരക്ഷ, പ്രതിരോധം, അന്താരാഷ്ട്ര ബന്ധങ്ങള്‍, പൊതു ക്രമം, അല്ലെങ്കില്‍ ഈ കാരണങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടുള്ളൂ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(2)ലെ സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും നിയന്ത്രിക്കുന്നതിനുള്ള അടിസ്ഥാനങ്ങളുമായി ഇവ വിശാലമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത്തരമൊരു തടയല്‍ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടിക്രമം വിവരസാങ്കേതികവിദ്യ (പൊതുജനങ്ങള്‍ക്കുള്ള വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള നടപടിക്രമവും സുരക്ഷയും) റൂള്‍സ്, 2009-ല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിയമങ്ങള്‍ അനുസരിച്ച്, ഏതെങ്കിലും ഓണ്‍ലൈന്‍ ഉള്ളടക്കം തടയുന്നത് സംബന്ധിച്ച് ആര്‍ക്കും കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പിന് പരാതി നല്‍കാം. വകുപ്പ്, 69 എ പ്രകാരം പരാതിയുടെ ന്യായങ്ങളില്‍ തൃപ്തിയുണ്ടെങ്കില്‍, കേന്ദ്രം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് പരാതി കൈമാറും.

നിയുക്ത ഉദ്യോഗസ്ഥന്‍ ചെയര്‍മാനായുള്ള ഒരു സമിതിയാണ് ഈ പരാതി പരിശോധിക്കുന്നത്, കേന്ദ്ര നിയമ-നീതി, ആഭ്യന്തര, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ്, എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുമാണ് ഈ സമിതിയില്‍ അംഗങ്ങള്‍.

ഈ പരിശോധനയുടെ ഭാഗമായി, ‘വ്യക്തിയെയോ ഇടനിലക്കാരനെയോ (ഹോസ്റ്റിംഗ്) വിവരം അറിയിക്കാന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു, തുടര്‍ന്ന് ഈ അറിയിപ്പ് ലഭിച്ചാല്‍, അവര്‍ പരാതിയോട് പ്രതികരിക്കാന്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണം. തുടര്‍ന്ന് കമ്മിറ്റി, ഇക്കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം, വിവര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി വകുപ്പിന് രേഖാമൂലമുള്ള ശുപാര്‍ശ അയയ്ക്കുന്നു. ബ്ലോക്ക് ചെയ്യാനുള്ള ശുപാര്‍ശ ഈ വകുപ്പ് അംഗീകരിക്കുകയാണെങ്കില്‍, ഉള്ളടക്കം ബ്ലോക്ക് ചെയ്യാന്‍ നിയുക്ത ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട സംസ്ഥാന ഏജന്‍സിയെയോ ഓണ്‍ലൈന്‍ സെര്‍വര്‍ അല്ലെങ്കില്‍ വെബ് ഹോസ്റ്റിനെയോ പോലുള്ള ഓണ്‍ലൈന്‍ ഇടനിലക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

എന്നിരുന്നാലും, അടിയന്തിര സാഹചര്യങ്ങളില്‍ ചില ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ തടയേണ്ടത് അത്യാവശ്യമോ കാലതാമസമോ ഇല്ലാതെ തടയാന്‍ നിയുക്ത ഉദ്യോഗസ്ഥന് ഉടന്‍ തന്നെ വിവര സാങ്കേതിക വകുപ്പിനോട് ശുപാര്‍ശ ചെയ്യാം. ശുപാര്‍ശ വകുപ്പ് അംഗീകരിക്കുകയാണെങ്കില്‍, ഉള്ളടക്കം തടയാന്‍ ഓണ്‍ലൈന്‍ ഇടനിലക്കാരന് ഇടക്കാല ഉത്തരവ് നല്‍കും. അടിയന്തര സാഹചര്യം എന്തായിരിക്കണമെന്ന് വിവര സാങ്കേതിക നിയമങ്ങളില്‍ കൂടുതല്‍ വ്യക്തതയില്ല. ഇത്തരത്തില്‍ ഇടക്കാല തടയല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന്, ഓണ്‍ലൈന്‍ ഇടനിലക്കാരനെയോ വെബ്സൈറ്റിന്റെ ഉടമയെയോ അറിയിക്കുകയോ കേള്‍ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.

എന്നിരുന്നാലും, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ചട്ടങ്ങള്‍ അനുസരിച്ച്, ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് 48 മണിക്കൂറിനുള്ളില്‍, പരാതി പരിഹാര സമിതി ഈ ഉത്തരവ് വിലയിരുത്തേണ്ടതുണ്ട്. തടയല്‍ ഉത്തരവ് നടപ്പിലാക്കിയ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ഉടമയെ സമിതി അറിയിക്കുകയും കേള്‍ക്കുകയും ചെയ്യും. ഈ പരിശോധനയെ അടിസ്ഥാനമാക്കിയാണ് ഉള്ളടക്കം തടയുന്നത് സംബന്ധിച്ച് കമ്മിറ്റി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഒന്നുകില്‍ നിരോധനം അത് സ്ഥിരീകരിക്കുകയോ അലെലങ്കില്‍ അസാധുവാക്കുകയോ ചെയ്യും. തുടര്‍ന്ന് അത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി വകുപ്പിന് കൈമാറും. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, ഐ.ടി മന്ത്രാലയം ഉള്ളടക്കം തടയുന്നത് തുടരും അല്ലെങ്കില്‍ അണ്‍ബ്ലോക്ക് ചെയ്യുന്നു.

ഈ ചട്ടങ്ങള്‍ക്ക് കീഴില്‍ അപ്പീലോ പുനഃപരിശോധനാ വ്യവസ്ഥയോ ഇല്ലാത്തതിനാല്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹൈക്കോടതിയുടെ മുമ്പാകെയാണ് തടയല്‍ ഉത്തരവിനെ ചോദ്യം ചെയ്യാനുള്ള ഏക മാര്‍ഗം. ആര്‍ട്ടിക്കിള്‍ 226 ഹൈക്കോടതികളുടെ റിട്ട് അധികാരപരിധിയെ പ്രതിപാദിക്കുന്നു.

2015ല്‍ സെക്ഷന്‍ 69 എ, 2008 ചട്ടങ്ങള്‍ സുപ്രീം കോടതി ശരിവച്ചു

2015ല്‍, ഐ.ടി നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരായ വെല്ലുവിളികളില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.അത് തടയല്‍ അധികാരം വിനിയോഗിക്കുന്നതിന് പ്രത്യേക സുരക്ഷാ മാര്‍ഗങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 69 എയും 2009 ലെ ചട്ടങ്ങളും ഉയര്‍ത്തിപ്പിടിച്ചു. എന്നിരുന്നാലും, സെക്ഷന്‍ 69 എ പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതിന് മൂന്ന് വ്യവസ്ഥകള്‍ കോടതി ആവര്‍ത്തിച്ചു:

1. ഉള്ളടക്കം ബ്ലോക്ക് ചെയ്യേണ്ടത് ആവശ്യമാണെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടാല്‍ മാത്രമേ അത് തടയാവൂ

2. ഈ ആവശ്യകതയെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(2) ന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. ആര്‍ട്ടിക്കിള്‍ 19(1)(എ) ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള മൗലികാവകാശം പരിമിതപ്പെടുത്തുന്നതിനുള്ള അടിസ്ഥാനം നല്‍കുന്നു.

3. ഉത്തരവുകള്‍ ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ ഒരു ഹൈക്കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്, തടയല്‍ ഉത്തരവുകള്‍ അങ്ങനെ ചെയ്യുന്നതിനുള്ള കാരണങ്ങള്‍ രേഖാമൂലം നല്‍കണം.

ഹൈക്കോടതി സെന്‍സര്‍ഷിപ്പ് അധികാരങ്ങള്‍ വിപുലീകരിക്കുന്നു

തങ്ങളുടെ ചില ട്വീറ്റുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയ കമ്പനിയായ ട്വിറ്റര്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ ജൂണില്‍ കര്‍ണാടക ഹൈക്കോടതി ഒരു വിധി പുറപ്പെടുവിച്ചു. ഈ തടയല്‍ ഉത്തരവുകള്‍ സെക്ഷന്‍ 69 എയില്‍ പറഞ്ഞിരിക്കുന്ന അടിസ്ഥാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ട്വിറ്റര്‍ കോടതിയില്‍ വാദിച്ചിരുന്നു.

ചില ട്വീറ്റുകള്‍ക്ക് മാത്രമല്ല, പ്ലാറ്റ്ഫോമിലെ മുഴുവന്‍ അക്കൗണ്ടുകള്‍ക്കും തടയല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം തടയല്‍ ഉത്തരവുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സര്‍ക്കാരിന് കഴിയുമെന്നും ഇത് സ്ഥിരീകരിച്ചു.

കൂടാതെ, തടയല്‍ ഉത്തരവിനെക്കുറിച്ച് ഉള്ളടക്കത്തിന്റെ ഉപയോക്താവിനെയോ ഉടമയെയോ അറിയിക്കാന്‍ കേന്ദ്രത്തിന് നിയമപരമായി ആവശ്യമില്ലെന്നും ഓണ്‍ലൈന്‍ ഇടനിലക്കാരനെ മാത്രം അറിയിച്ചാല്‍ മതിയെന്നും വിധിച്ചു.

ഇത്തരം അറിയിപ്പ് കൂടാതെ, ബ്ലോക്ക് ചെയ്ത വെബ്സൈറ്റിന്റെയോ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെയോ ഉടമയ്ക്ക് അവ ബ്ലോക്ക് ചെയ്തത് എന്തുകൊണ്ടാണെന്ന് അറിയാനും അത്തരം ഉത്തരവുകളെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനും കഴിയില്ല. ഒരു പരിശോധനയും കൂടാതെ സോഷ്യല്‍ മീഡിയയിലെ നിര്‍ണായക ഉള്ളടക്കം തടയാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ ഈ വിധി ശക്തിപ്പെടുത്തിയതായി അഭിഭാഷകരും ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടിരുന്നു.

പുതിയ നിയമത്തിലും ആശ്വാസമില്ല

2023ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലില്‍ ഈ അധികാരങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചിട്ടുണ്ട്. ബില്ലിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു പത്രപ്രവര്‍ത്തകനോ വാര്‍ത്താ സ്ഥാപനത്തിനോ എതിരെ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഒരു ഡാറ്റാ വിശ്വസ്തന്‍ (മറ്റൊരാളുടെ ഡാറ്റയിലേക്ക് ആക്സസ് ഉള്ള സ്ഥാപനം)എന്ന നിലക്ക് കേന്ദ്ര സര്‍ക്കാരിന് ‘പൊതുജന താല്‍പര്യം’ മുന്‍ നിര്‍ത്തി ഉള്ളടക്കത്തിലേക്കുള്ള പൊതു പ്രവേശനം തടയാന്‍ അധികാരമുണ്ട്.എന്നാല്‍ ഇതിലെ ഭാഷ അവ്യക്തമാണെന്നാണ് നിരവധി മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പരാതിപ്പെട്ടത്. കേന്ദ്രം നിയമിക്കുന്ന അംഗങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ഒരു സര്‍ക്കാര്‍ ബോര്‍ഡിനാമ് ഈ വ്യവസ്ഥ നടപ്പിലാക്കാന്‍ അധികാരമുള്ളത്.
അതിനാല്‍ തന്നെ സര്‍ക്കാര്‍ വിപുലമായ സെന്‍സര്‍ഷിപ്പ് അധികാരങ്ങള്‍ ആയുധമാക്കിയിരിക്കുന്നതിനാല്‍, വാര്‍ത്താ മാധ്യമ സ്ഥാപനങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും വിമര്‍ശനാത്മകമോ വിയോജിപ്പുള്ളതോ ആയ ഉള്ളടക്കത്തില്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുകയോ അനിയന്ത്രിതമായ നീക്കം ചെയ്യുകയോ ചെയ്‌തേക്കാം.

Related Articles