Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുയിസത്തിന്റെ മുഖം മാറുന്നുവോ?

rss-with.jpg

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് മുതിര്‍ന്ന നിയമജ്ഞനും ഭരണഘടനാ വിദഗ്ദനുമായ ഫാലി എസ് നരിമാന്‍ ഈയടുത്ത് ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. അദ്ദേഹം പറയുന്നു: ‘ഇന്ത്യയിലെ എല്ലാ വിശ്വാസങ്ങളോടും ഹിന്ദുമതം പരമ്പരാഗതമായി ഏറ്റവുമധികം സഹിഷ്ണുത കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന മത സംഘര്‍ഷങ്ങളും വ്യാപകമായ മതഭ്രാന്തും വിദ്വേഷ പ്രസംഗങ്ങളും ഹിന്ദു പൈതൃകത്തിന്റെ സഹിഷ്ണുതക്ക് മങ്ങലേല്‍പിക്കുന്നതായിട്ടാണ് കാണിക്കുന്നത്. എങ്ങിനെയൊക്കെയോ ഹിന്ദുമതത്തിന് അതിന്റെ സൗമ്യതയുടെ മുഖം നഷ്ടമാകുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.’

ആര്‍.എസ്.എസിന്റെ ആശയങ്ങളെ പിന്തുടരുന്ന ചില സംഘടനകളില്‍ നിന്നും സംവിധാനങ്ങളില്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളോടുള്ള പ്രതികരണമാണ് നരിമാന്റെ നിരീക്ഷണമെന്നതില്‍ സംശയമില്ല. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന, അല്ലെങ്കില്‍ ഒരു ഹിന്ദുരാഷ്ട്രം അനിവാര്യമെന്ന് കരുതുന്ന തീവ്രഹിന്ദുത്വ ആശയത്തെ കുറിച്ച് അദ്ദേഹം ശ്രദ്ധാലുവാണ്.

ഹിന്ദു (Hindusim) ഒരു മതമാണ്, അതേസമയം ഹിന്ദുത്വം ഒരു രാഷ്ട്രീയ ദര്‍ശനമാണ്. ഹിന്ദുത്വത്തിന്റെ സ്വയംകല്‍പിത വീരപുരുഷന്‍മാരുടെ അസംഖ്യം വിദ്വേഷ പ്രസംഗങ്ങളിലൂടെ നാമതിന് സാക്ഷ്യം വഹിച്ചവരാണ്. ‘ലൗ ജിഹാദ്’ മുതല്‍ ‘നാമെല്ലാം ഹിന്ദുക്കളാണ്’ എന്നത് വരെയുള്ള പ്രചരണങ്ങളെല്ലാം അതിന്റെ ഭാഗമാണ്. ഉദാര ഹിന്ദുത്വത്തിനെതിരെയും അവര്‍ ആക്രമണം അഴിച്ചു വിടുന്നുണ്ട്. ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ച സൂഫിയായ ശിര്‍ദി സായിബാബയെ ദൈവമായി സ്വീകരിച്ച ഹിന്ദുക്കളോട് നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് അവര്‍ പറയുന്നു.

വ്യാപകമായ അവരുടെ ആക്രമണത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മതന്യൂനപക്ഷങ്ങളെ അവര്‍ ടാര്‍ജറ്റ് ചെയ്യുന്നു. ആര്‍.എസ്.എസ് സഹചാരികളില്‍ നിന്ന് പുറത്തു വരുന്ന ശബ്ദങ്ങള്‍ യഥാര്‍ത്ഥ ഹിന്ദു മതത്തെയാണോ പ്രതിനിധീകരിക്കുന്നത് എന്ന അടിസ്ഥാന പരമായ ചോദ്യമാണ് നാം ഉന്നയിക്കുന്നത്. അല്ലെങ്കില്‍ ഹിന്ദു മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണോ അവര്‍ ചെയ്യുന്നത്? ഇസ്‌ലാമിന്റെ പേരില്‍ നിരപരാധികള്‍ക്കെതിരെ ആക്രമണം നടത്തുന്ന അല്‍-ഖാഇദയെയും ഐ.എസ്.ഐ.എസിനെയും പോലുള്ള ഗ്രൂപ്പുകളെ നാം കാണുന്ന പശ്ചാത്തലത്തില്‍ ഈ ചോദ്യം ഏറെ പ്രസക്തമാണ്.

സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തില്‍ നമുക്ക് ഗാന്ധിയെയും മൗലാനാ ആസാദിനെയും പോലുള്ളവരെ കാണാം. തങ്ങളുടെ മതങ്ങളില്‍ ആഴ്ന്നിറങ്ങിയതോടൊപ്പം തന്നെ മുന്നോട്ട് വന്ന് രാഷ്ട്രീയ പ്രസ്ഥാനത്തെ ചലിപ്പിച്ചവരായിരുന്നു അവര്‍. തികച്ചും മതനിരപേക്ഷമായിരുന്നു അത്. ഇക്കാലത്ത് ജിന്നയെയും സവര്‍ക്കറെയും പോലുള്ളവരെയാണ് നാം കാണുന്നത്. മതത്തെ യഥാര്‍ത്ഥ സത്തയില്‍ ഉള്‍ക്കൊണ്ടവരായിരുന്നില്ല അവര്‍. എന്നാല്‍ ഇസ്‌ലാമിന്റെയും ഹിന്ദുമതത്തിന്റെയും പേരില്‍ രാഷ്ട്രീയം കളിക്കുകയാണവര്‍ ചെയ്തത്.

ഹിന്ദു മതത്തിന്റെ ഏറ്റവും സങ്കുചിത വീക്ഷണമാണ് അല്ലെങ്കില്‍ ബ്രാഹ്മണിസമാണ് ആര്‍.എസ്.എസ് സഹകാരികള്‍ ഹിന്ദുമതമായി പരിചയപ്പെടുത്തുന്നത്. ഏതെങ്കിലും ഒരു ഗ്രന്ഥത്തെയോ പ്രവാചകനെയോ ആചാര്യനെയോ അടിസ്ഥാനമാക്കിയുള്ളതല്ല ഹിന്ദുമതം. ബഹുദൈവത്വം അടിസ്ഥാനമായിട്ടുള്ള അതിന് നിരവധി വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളും ഒട്ടേറെ വേദപുസ്തകങ്ങളുമുണ്ട്.

സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യന്‍ ദേശീയതക്ക് അടിത്തറ പാകിയപ്പോള്‍ ഗാന്ധി പിന്തുടര്‍ന്നിരുന്നത് ഹിന്ദുമതത്തിന്റെ ഉദാര പാരമ്പര്യത്തെയായിരുന്നു. മതത്തെ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നവരെന്ന് വാദിക്കുന്ന ഹിന്ദുമഹാസഭയും ആര്‍.എസ്.എസും അവരുടെ പോഷകസംഘടനകളും ഉയര്‍ത്തുന്ന ഹിന്ദു ദേശീയത വളരെ സങ്കുചിതവും അസഹിഷ്ണുത നിറഞ്ഞതുമാണെന്ന് അവരണ്ടിനുമിടയിലെ താരതമ്യം വ്യക്തമാക്കും.

ഗാന്ധിയുടെ ഹിന്ദുമതം പിന്തുടരുന്നവരായ വലിയൊരു വിഭാഗം ആളുകള്‍ക്കും ആര്‍.എസ്.എസ് വിപണനം ചെയ്യുന്ന ഹിന്ദുമതത്തിനും ഇടയില്‍ നേരത്തെ അതിര്‍ വരമ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍, രാമക്ഷേത്ര പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ ഹിന്ദു ദേശീയവാദികള്‍ നേതൃത്വം നല്‍കിയ ‘അപരനെ’ അസഹിഷ്ണുതയോടെ കാണാനുള്ള രാഷ്ട്രീയ കാമ്പയിനുകള്‍ പ്രകടമായി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തിയ പുതിയ സാഹചര്യത്തില്‍ ഭരണകക്ഷിയായ ഹിന്ദു ദേശീയ പാര്‍ട്ടിയുടെ നേതാക്കള്‍ക്കും അവയുടെ പോഷകഘടകങ്ങള്‍ക്കും ഭരണകൂടത്തിന്റെ പരിരക്ഷ കൂടി ലഭിച്ചു. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങളെ ഇത് ശക്തിപ്പെടുത്താന്‍ ഇതവരെ സഹായിച്ചു.

തങ്ങളുടെ രാഷ്ട്രീയത്തെയും ഭരണത്തെയും അംഗീകരിക്കാത്തവരെ വിരട്ടുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് അവരുടെ വാക്കുകള്‍. ആര്‍.എസ്.എസ് രാഷ്ട്രീയം ‘അപരനെ’ വിരട്ടുക എന്നത് മാത്രമല്ല, ഉദാരഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നത് കൂടിയാണ്. മതത്തെ രാഷ്ട്രീയത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയപ്പോള്‍ സമൂഹത്തില്‍ അസഹിഷ്ണുതയുടെ അളവും ഉയര്‍ന്നു. മതത്തിന്റെ പേരില്‍ നടക്കുന്ന രാഷ്ട്രീയത്തെ മതത്തില്‍ നിന്ന് വേര്‍തിരിച്ച് മനസ്സിലാക്കുക എന്നതാണ് ഇക്കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി.

ആര്‍.എസ്.എസ് സഹചാരികളുടെ ഹിന്ദുത്വ രാഷ്ട്രീയം ജനാധിപത്യ തത്വങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളിയിലുള്ള നിരാശയാണ് പ്രമുഖ നിയമജ്ഞന്‍ നരിമാന്റെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്. വര്‍ഗീയത നിറഞ്ഞ നിരവധി മെയിലുകള്‍ നിരന്തരം എനിക്ക് വരാറുണ്ട്. ഹിന്ദു മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നതിനെ, അല്ലെങ്കില്‍ മറ്റേതെങ്കിലും മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നതിനെ വിമര്‍ശിക്കുന്ന എന്റെ ലേഖനങ്ങളുടെ പേരിലാണത്. ആര്‍.എസ്.എസിനെയും ഹിന്ദു ദേശീയതയെയും കുറിച്ചുള്ള ലേഖനം എനിക്ക് വരുന്ന വിദ്വേഷ സന്ദേശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എനിക്കറിയാം.

വിവ : നസീഫ്

Related Articles