Current Date

Search
Close this search box.
Search
Close this search box.

ലൗ ജിഹാദും വളരുന്ന ഇസ്‌ലാമോഫോബിയയും

ഏകദേശം ഒരു മാസം മുമ്പ് മുസ്‌ലിം ആക്ടിവിസ്റ്റുകളുടെയും പണ്ഡിതന്‍മാരുടെയും ഒരു സംഘം വിവിധ നഗരങ്ങളില്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഐ.എസ്.ഐ.എസ് നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ അപലപിക്കുന്ന ഒരു പ്രസ്താവനയും അവര്‍ വിതരണം ചെയ്തു. ആ പ്രസ്താവന പറയുന്നു : ‘ഇറാഖിലെയും സിറിയയിലെയും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഐ.സ്.ഐ.എസ് നടത്തുന്ന ക്രൂരമായ പീഡനങ്ങളെ ഇന്ത്യന്‍ മുസ്‌ലിംകള്‍ അപലപിക്കുന്നു. മതങ്ങളോട് പുലര്‍ത്തുന്ന അസഹിഷ്ണുതയെയും ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങളെയും ആക്രമണങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്നു.’ ഞാന്‍ ഈ പ്രസ്താവന പലരിലേക്കും എത്തിച്ചു. ‘ഇസ്‌ലാം സമാധാനമാണ്’ എന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നായിരുന്നു അതിലൊരാള്‍ എനിക്ക് മറുപടിയായി എഴുതിയത്. അതേസമയത്ത് തന്നെയാണ് ഇന്ത്യയില്‍ ലൗ ജിഹാദിനെ കുറിച്ച് വര്‍ഗീയ ശക്തികളുടെ പ്രചാരണം കാട്ടു തീ പോലെ പരക്കുന്നതും. അപൂര്‍വമായ വളരെ ചുരുക്കം കേസുകളിലാണ് വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം നടക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെ അപ്പാടെ അവഗണിച്ചു കൊണ്ടാണ് ഈ പ്രചരണം. വഞ്ചനയിലൂടെ ഹിന്ദു പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിന്റെ ഉദാഹരണമായിട്ടാണ് അവയെ എടുത്തു കാട്ടുന്നത്. മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദു പുരുഷന്‍മാര്‍ വിവാഹം ചെയ്തതിന് ഒരു നൂറ് സംഭവങ്ങളെങ്കിലും കാണിച്ചു തരാന്‍ എനിക്ക് കഴിയുമോ എന്ന് ഒരു സുഹൃത്ത് എന്നോട് ചോദിച്ചിരുന്നു. ഭാഗ്യവശാല്‍ നൂറിലേറെ പേരുടെ ഒരു ലിസ്റ്റിന് പുറമെ ഗൂഗ്ള്‍ സെര്‍ച്ചില്‍ നിന്ന് ഹിന്ദു പുരുഷന്‍മാരുടെ മുസ്‌ലിം ഭാര്യമാരെ സംബന്ധിച്ച തിരിച്ചുള്ള ‘ലൗ ജിഹാദിന്റെ’ മനോഹരമായ പല കഥകളും എനിക്ക് ലഭിച്ചു.

മതത്തിന്റെ യുക്തികളെ സംബന്ധിച്ചും മതത്തെ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി താറടിക്കുന്നതിനെ കുറിച്ചും സംസാരിക്കുക എന്നത് ഏറെ കഠിനമാക്കുംവിധം സാമൂഹ്യ പൊതുബോധം ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കുമെതിരെ കനത്തിരിക്കുകയാണ്. മതങ്ങളെല്ലാം ധാര്‍മികതക്കും സമാധാനത്തിനുമാണെങ്കിലും ഇസ്‌ലാം മാത്രം അങ്ങനെയല്ലെന്നാണ് പൊതു കാഴ്ചപാട്.  മുസ്‌ലിംകളെ കുറിച്ച് വസ്തുതക്ക് നിരക്കാത്തതും ലോകസമാധാനത്തിന് ഗുണം ചെയ്യാത്തതുമായ ഒരു ചിത്രംരൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ഏറെയും. മുസ്‌ലിം ക്രിമിനലുകളെ ഉദാരഹണമായി സ്വീകരിച്ച് എല്ലാ മുസ്‌ലിംകളും അത്തരക്കാരാണെന്ന് അവതരിപ്പിക്കപ്പെടുകയാണ്. ഇസ്‌ലാമെന്ന പേരില്‍ ഉയര്‍ത്തി കാട്ടപ്പെടുന്നത് ഇസ്‌ലാമിന്റെ അസഹിഷ്ണുത രൂപമാണ്. കഴിഞ്ഞ ഏതാനും ദശകത്തിനിടയില്‍ വ്യാപകമായ ഈ മുന്‍ധാരണ ശക്തിപ്പെട്ടിട്ടുണ്ട്.

പാകിസ്താനില്‍ സ്ഥാപിച്ച മദ്‌റസകളിലൂടെ അമേരിക്കയും ഐസ.ഐസ്.ഐയും പരിശീലനം നല്‍കി വളര്‍ത്തിയെടുത്ത അല്‍-ഖാഇദയുടെ ശാഖയാണ് ഐ.എസ്.ഐ.എസ്. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണത്തിനായി അമേരിക്ക തയ്യാറാക്കിയ പദ്ധതികളെ കുറിച്ച് പറഞ്ഞു തരുന്ന നിരവധി നല്ല സ്രോതസ്സുകളുണ്ട്. ‘തദ്ദേശീയരുടെ നിയന്ത്രണത്തിന് വിട്ടുകൊടുക്കാന്‍ പറ്റാത്തവണ്ണം വിലപ്പെട്ടതാണ് എണ്ണ’ എന്നതാണ് അമേരിക്കയുടെ പ്രമാണം. അമേരിക്കയുടെ ഈ നയം മനസ്സിലാക്കുന്നതിന് വലിയ പുസ്തകങ്ങളും പഠനങ്ങളും വായിച്ച് സമയം കളയേണ്ടതില്ല. ഹിലാരി ക്ലിന്റന്റെ ചെറിയ ഒരു വീഡിയോ ക്ലിപ്പിലൂടെ അത് എളുപ്പത്തില്‍ മനസ്സിലാക്കാം. മുസ്‌ലിം യുവാക്കളില്‍ തെറ്റായ ചിന്തകള്‍ കുത്തിവെക്കുന്നതിന് അമേരിക്ക തന്നെ നിര്‍മിച്ചതാണ് അല്‍-ഖാഇദയെ എന്ന് അവര്‍ ആര്‍ജ്ജവത്തോടെ അതില്‍ പറയുന്നു. ഇസ്‌ലാമിന്റെ വികൃതമായ ചിത്രം ഉപയോഗിച്ചാണ് ഈ ആശയത്തിന്റെ കുത്തിവെപ്പ് നടത്തിയതെന്ന് പ്രദേശത്തിന്റെ ചരിത്രത്തിലൂടെ ഒന്നു കണ്ണുപായിച്ചാല്‍ മനസ്സിലാക്കാം.

അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തെ നേരിടാന്‍ അമേരിക്ക തന്നെയാണ് സമ്പത്തും ആയുധവും നല്‍കി അല്‍-ഖാഇദയെ പടച്ചത്. 2001 സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷമാണ് അല്‍-ഖാഇദയുടെ ക്രൂരതകള്‍ വ്യക്തമാക്കാന്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക് ടെററിസം’ എന്ന വാക്ക് കണ്ടുപിടിച്ചത്. വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും 9/11 ന് മുമ്പ് അവയെ മതവുമായി ബന്ധിപ്പിച്ചിരുന്നില്ല. മഹാത്മാ ഗാന്ധിയുടെ വധം മുതല്‍, ഇന്ദിരാ ഗാന്ധി വധം, രാജീവ് ഗാന്ധി വധം, തായ്‌ലാന്റിലും മ്യാന്‍മറിലും ശ്രീലങ്കയിലും ബുദ്ധ സന്യാസിമാര്‍ നടത്തിയ ഭീകര പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നോര്‍വേയിലെ ആന്‍ഡേഴ്‌സ് ബ്രെവിക് വരെയുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വ്യത്യസ്ത മതത്തില്‍ വിശ്വസിച്ചിരുന്ന അവരെ അതിലേക്ക് എത്തിച്ചത് വിവിധ രാഷ്ട്രീയ കാരണങ്ങളിരുന്നു. എന്നാല്‍ 9/11 ന് ശേഷം ഭീകരപ്രവര്‍ത്തനം ഇസ്‌ലാമുമായി മാത്രം ബന്ധപ്പെട്ട ഒന്നായി മാറിയിരിക്കുന്നു.

മുന്‍ കൊളോണിയല്‍ ശക്തികളെ പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രീതിയാണ് അമേരിക്കയും തുടരുന്നത്. ഇന്ത്യയില്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിത്തുകള്‍ പാകിയത് കൊളോണിയല്‍ ശക്തികളാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം കഴിഞ്ഞ ഏതാനും ദശകങ്ങളായി പശ്ചിമേഷ്യയില്‍ ശിയ- സുന്നി- കുര്‍ദ് പോരാട്ടങ്ങള്‍ക്ക് പോഷണം നല്‍കി ചെറിയ ചെറിയ വിഭാഗീയ രാഷ്ട്രങ്ങള്‍ രൂപീകരിക്കലാണ് അമേരിക്കന്‍ സാമ്രാജ്യത്വം ലക്ഷ്യം വെക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്നതിന്റെ എറ്റവും മൂര്‍ത്തമായ രൂപത്തോടൊപ്പം തന്നെ അല്‍-ഖാഇദയെയും ഐ.എസിനെയും പോലുള്ള സംഘങ്ങളുടെ പൈശാചിക പ്രവൃര്‍ത്തികളുടെ പേരില്‍ ഇസ്‌ലാമോ ഫോബിയയുടെ പേരില്‍ ലോക മുസ്‌ലിംകളെ ഒന്നടങ്കം ഭീകരരാക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ഇന്ത്യയില്‍ വിവിധ വിഷയങ്ങളെ വര്‍ഗീയ വത്കരിച്ചു കൊണ്ട് ‘അപരനെ വെറുക്കുക’ എന്ന കാമ്പയിന്‍ മുന്നോട്ടു പോയികൊണ്ടിരിക്കുന്നതാണ് കാണുന്നത്. അത്തരം വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രാമ ക്ഷേത്രം. രാമ ക്ഷേത്രമെന്ന വിഷയത്തിന്റെ പ്രതിഫലനങ്ങള്‍ ഇല്ലാതായി തുടങ്ങിയപ്പോഴേക്കും ‘ലൗ ജിഹാദ്’ എന്ന പുതിയ വിഷയം ഉയര്‍ന്ന് വന്നിരിക്കുകയാണ്. മതം മാറ്റി മുസ്‌ലിം ജനസംഖ്യ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുസ്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വശീകരിച്ച് വിവാഹം കഴിക്കുന്നു എന്നാണ് പ്രചരണം. പൈശാചിക ബുദ്ധി നിര്‍മിച്ചെടുത്ത ലൗ ജിഹാദെന്ന പദം എല്ലാത്തരത്തിലും ചിരിക്ക് ഏറെ വകനല്‍കുന്നതാണ്. ഒരാളുടെ മതം മറ്റൊരാള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് സ്‌നേഹത്തിനോ ജിഹാദിനോ സാധിക്കില്ല. നിഷ്‌കളങ്കരായ അമുസ്‌ലിം പെണ്‍കുട്ടികളെ വശീകരിച്ച് ഇസ്‌ലാം വ്യാപിപ്പിക്കാന്‍ ആഗോള മുസ്‌ലിംകള്‍ കാമ്പയിന്‍ നടത്തുന്നു എന്ന തരത്തിലാണ് ലൗ ജിഹാദ് കാമ്പയിന്‍ അവതരിപ്പിക്കപ്പെടുന്നത്. മുസ്‌ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ച ശേഷം ഉണ്ടാകുന്ന ഒറ്റപ്പെട്ട പ്രശ്‌നങ്ങളെ മത സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിഷവിത്തുകള്‍ പാകാന്‍ ഉപയോഗപ്പെടുത്തുകയാണിവിടെ ചെയ്യുന്നത്. അതേസമയം തന്നെ പെണ്‍കുട്ടികള്‍ക്ക് മേലുള്ള പുരുഷ മേധാവിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പുരുഷമേധാവിത്വവും ജാതി അസ്വമത്വവും ഉള്‍ച്ചേര്‍ന്നിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയം തന്നെയാണിതിന് പിന്നില്‍. ലൗ ജിഹാദ് എന്ന മിഥ്യയുടെ പ്രചരണത്തിലൂടെ ഒരു വെടിക്ക് രണ്ട് പക്ഷികളാണ് വര്‍ഗീയ ശക്തികള്‍ കൊല്ലുന്നത്. ഒരു വശത്ത് വിഭാഗീയ സംഘര്‍ഷങ്ങളുടെ വിത്തുകള്‍ പാകി വര്‍ഗീയ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നു. അതോടൊപ്പം തന്നെ സ്ത്രീ ജീവിതവും ലൈംഗികതയും പുരുഷ കേന്ദ്രീകൃതമാക്കി നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനും സാധിക്കുന്നു. വര്‍ഗീയ രാഷ്ട്രീയ ശക്തികളുടെ മുഖ്യ അജണ്ടകളിലൊന്നാണിത്.

മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അപകീര്‍ത്തിപ്പെടുത്തി ഒരു മതസമുദായത്തെ ഭീകരവത്കരിക്കന്ന തത്പരകക്ഷികള്‍ വാഴുന്ന സമൂഹചിന്തയില്‍ വിവേകത്തെ സ്ഥാപിക്കുകയെന്നത് എളുപ്പത്തില്‍ കഴിയുന്ന ഒന്നല്ല. സമൂഹത്തില്‍ സമാധാനവും ക്ഷേമവും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഇത്തരം വെല്ലുവിളികളെ ഗൗരവത്തില്‍ തന്നെ കാണേണ്ടതുണ്ട്.

സംഗ്രഹം : നസീഫ്

Related Articles