Current Date

Search
Close this search box.
Search
Close this search box.

രണ്ടു നിറങ്ങളുള്ള ഉത്തരേന്ത്യന്‍ പെരുന്നാള്‍

കൊടുങ്ങല്ലൂരിലെ കുട്ടിക്കാലം നനവുള്ള ഓര്‍മകളാണിന്ന് അതില്‍ ആഹ്ലാദപൂര്‍വകമായ പെരുന്നാളുകളുടെ തക്ബീര്‍ വിളി മുഴങ്ങുന്നുണ്ട്. പുത്തനുടുപ്പിട്ട് അത്തറുപൂശി പള്ളിയിലേക്കുള്ള ഈദ് ദിനയാത്രകള്‍ ഇന്നും കുളിരുപകരുന്ന ഓര്‍മകളാണ്. എന്നാല്‍ പുതിയ കാലത്തെ പൊലിമയാര്‍ന്ന പെരുന്നാളിന് പകരം വെക്കാന്‍ രുചിയേറിയ ഭക്ഷണങ്ങള്‍ മാത്രമാണന്നുള്ളത്.

ഈദ്ഗാഹുകള്‍ അപരിചിതമായിരുന്ന കാലം. പള്ളികളില്‍ ആഘോഷത്തിന്റെ തക്ബീര്‍ വിളിയുയരും. പെരുന്നാല്‍ ദിനം ഫിത്ര്‍ സകാത്ത് സ്വീകരിക്കാന്‍ ആളുകള്‍ പള്ളിയിലെത്തും. സകാത്ത് സംഘടിതമായി ശേഖരിച്ച് വിതരണം ചെയ്യുന്ന അവസ്ഥയായിരുന്നില്ല.

സ്വന്തം സ്വന്തമായാണ് ആഘോഷങ്ങളൊക്കെ. കുടുംബങ്ങള്‍ ഒത്തുചേരുകയും ചാര്‍ച്ചകള്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇന്നത്തെ പോലെ മറ്റു മതവിഭാഗങ്ങളിലെ സഹോദരങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള സൗഹൃദസംഗമങ്ങളൊന്നുമില്ലെങ്കിലും എല്ലാ വിഭാഗങ്ങളുമായും നല്ല ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. സ്പര്‍ദ്ദയും പകയും സമൂഹങ്ങളെ ഇഴപിരിച്ചിരുന്നില്ല.

ദാരിദ്ര്യത്തിന്റെ കാലമാണല്ലോ അത്. ഒരു നേരത്തെ ആഹാരത്തിനും പോലും വകയില്ലാത്തവര്‍ എങ്ങനെയാണ് പെരുന്നാള്‍ ആഘോഷിക്കുക? ചെറിയ കുട്ടികള്‍ക്ക് പുത്തനുടുപ്പിടാനും അത്തറുപൂശാനും എങ്ങനെ സാധിക്കും? അതൊക്കെ സ്വപ്‌നം മാത്രമായിരുന്നു വലിയൊരു വിഭാഗത്തിന്. കടുത്ത പട്ടിണിയും ദാരിദ്യവും അന്യം നില്‍ക്കുന്ന ഈ കാലത്ത് അതൊക്കെ ഓര്‍ക്കുക പോലും അസാധ്യമാവും പുതുതലമുറക്ക്. സാമൂഹികവും സാമുദായികവുമായ കൂട്ടായ്മകളും സംഘടനകളും സജീവമായതോടെ പ്രയാസമനുഭവിക്കുന്ന ചെറിയ വിഭാഗങ്ങള്‍ക്ക് പോലും ഇന്ന് ഏറെ ആശ്വാസം ലഭിക്കുന്നുണ്ട്.

പെരുന്നാളുകള്‍ വിശ്വാസികളെ ഒരുമിപ്പിക്കുകയും പരസ്പര സ്‌നേഹത്തിലും സൗഹൃദത്തിലും കോര്‍ത്തിണക്കുകയും ചെയ്യേണ്ട ആഘോഷമാണ്. വിവിധ ദിവസങ്ങളില്‍ പെരുന്നാളുകള്‍ കൊണ്ടാടുന്ന അവസ്ഥ സംജാതമായിരുന്നു. ഏറെ വേദനയുണ്ടാക്കുന്ന കാര്യമായിരുന്നു അത്. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലെത്തിയ സമയത്ത് സമുദായത്തിലെ ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ ഇല്ലായ്മ ചെയ്യുന്നതിന് പരമാവധി ശ്രമിക്കുകയുണ്ടായി. ഒരളവു വരെ അത്തരം ശ്രമങ്ങള്‍ വിജയം കാണുകയും ചെയ്തു. പെരുന്നാളിന് മാത്രമമല്ല സംഘടനകള്‍ പരസ്പരം ക്ഷണിച്ചു കൊണ്ട് ഇഫ്താറുകള്‍ നടത്തുന്നതിലേക്ക് ആ ബന്ധം ഇന്ന് വളര്‍ന്നിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന അത്തരം ആനന്ദദായകമായ അനുഭവമാണ്. എന്നാല്‍ അത്തരം കൂട്ടായ്മകളുടെ സന്ദേശം താഴെതട്ടിലെത്തിക്കാനും ജനവിഭാഗങ്ങള്‍ തമ്മിലെ  സ്‌നേഹബന്ധങ്ങള്‍  ഊട്ടിയുറപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. കേരളത്തില്‍  ജമാഅത്ത് നേതൃത്വത്തിലായിരിക്കെ ഇതര സംഘടനാ നേതൃത്വങ്ങളുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്നതിന് പരമാവധി ശ്രദ്ധ പുലര്‍ത്തിയിരുന്നു.

പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏതാനും വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നത്. ഉത്തരേന്ത്യ തികച്ചും വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്. രണ്ട് തരം പെരുന്നാളുകളും അവിടെ നേരില്‍ കാണാന്‍ സാധിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളും മന്ത്രിമാരും സംഘടിപ്പിക്കുന്ന ആര്‍ഭാടപൂര്‍വമായ പെരുന്നാള്‍ ആഘോഷം. അതില്‍ ചിലതിലെങ്കിലും പങ്കെടുക്കാനവസരം ലഭിച്ചിട്ടുണ്ട്. മനപ്രയാസത്തോടെയാണ് അത്തരം ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നത്. സമൂഹത്തിലെ ഊന്നതര്‍ മാത്രം ഒത്തുകൂടുന്ന പരിപാടികളാണവയെല്ലാം. ഗ്രാമങ്ങളിലെ സാധാരണക്കാരന്റെ പെരുന്നാളാഘോഷമാണ് രണ്ടാമത്തേത്. ഇല്ലായ്മകളുടെ പെരുന്നാളുകളായിരുന്നു അവ. തികച്ചും വ്യത്യസ്തമായ ചിത്രം. ഒരു കഷ്ണം മാംസമോ ഒരു പുത്തനുടുപ്പോ പെരുന്നാള്‍ ദിനത്തില്‍ പോലും സ്വപ്‌നമായി അവശേഷിക്കുന്ന വലിയൊരു ജനത ഇന്നും അവിടങ്ങളില്‍ അധിവസിക്കുന്നുണ്ട്.

വിഷന്‍2016- ന്റെ ഭാഗമായി ഇത്തരം ജനവിഭാഗങ്ങളെ കരകയറ്റുന്നതിന് ഞങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന എളിയ പരിശ്രമങ്ങളോട് സഹകരിച്ച മലയാള മണ്ണിലെ സഹോദരങ്ങള്‍ക്ക് ഇത്തരുണത്തല്‍ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.

ആ രംഗത്ത് എല്ലാവരും മത്സരിച്ച മത്സരിച്ച് മുന്നോട്ടുവന്നു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു.

വിഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറുകളെ കൂടി സഹകരിപ്പിച്ചു കൊണ്ടാണ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. എന്നാല്‍ പുതിയ സര്‍ക്കാറിന്റെ കാലത്ത് അവയുടെ ഭാവി എന്താകുമെന്ന് കണ്ടറിയണം. മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റില്‍ ചില അപകട ഭീഷണികളുണ്ട്. വിദേശസഹായം സ്വീകരിക്കരുതെന്ന കര്‍ശന നിബന്ധനകള്‍, ഒരു സമുദായത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള അവകാശം സര്‍ക്കാറിന് നല്‍കുന്ന വ്യവസ്ഥകള്‍ എന്നിവ ആശങ്കയുളവാക്കുന്ന കാര്യങ്ങളാണ്. വിഷനാവട്ടെ അതോടനുബന്ധിച്ചുള്ള എന്‍.ജി.ഒകളാവട്ടെ ഒരു സമൂദായത്തിന് വേണ്ടി മാത്രം അതിന്റെ സേവനങ്ങള്‍ പരിമിതപ്പെടുത്തുന്നില്ല. അത്തരം കാര്യങ്ങള്‍ പുതിയ ഭരണകൂടം പരിഗണിക്കുമോ എന്ന്  കണ്ടറിയണം.

നാം ഏറെ ആഹ്ലാദപൂര്‍വം പെരുന്നാളാഘോഷിക്കുമ്പോള്‍ ഗസ്സയിലും ലോകത്തെമ്പാടും നമ്മുടെ സഹോദരങ്ങള്‍ കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുകയാണ്. സഹോദരങ്ങള്‍ എന്ന നിലക്ക് അവരെ ഓര്‍ക്കുവാനും നമ്മുടെ പെരുന്നാളുകള്‍  ആവുന്നത്ര ലളിതമാക്കാനും മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും നമുക്ക് സാധിക്കണം.

പെരുന്നാള്‍ ആഘോഷങ്ങള്‍ സമുദായത്തിന്റെ ഒന്നാക്കി  പരിമിതപ്പെടുത്തേണ്ടതില്ല. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍  ഒന്നാണ്. ഒരേ മാതാപിതാക്കളുടെ മക്കളുടെ മക്കളെന്ന നിലക്ക് നമ്മുടെ പെരുന്നാള്‍ അവര്‍ക്കുകൂടി അനുഭവിക്കാന്‍ കഴിയുന്നതാവണം. എല്ലാവര്‍ക്കും ഹൃദ്യവും ഊഷ്മളവുമായ ഈദുല്‍ ഫിത്ര്‍ ആശംസകള്‍…

തയ്യാറാക്കിയത് : വി.ടി. അനീസ് അഹ്മദ്‌

Related Articles