Current Date

Search
Close this search box.
Search
Close this search box.

മൗലാനാ ആസാദിന്റെ ജീവിതം ഓരോ ഇന്ത്യക്കാരനും മാതൃകയാകട്ടെ

നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമുന്നത നേതാവുമായ മൗലാനാ അബുല്‍ കലാം ആസാദിനോടുള്ള ആദര സൂചകമായാണ്  ഈ ദിനം ആചരിക്കുന്നത്. അദ്ദേഹത്തിന്റെ  ജീവിതത്തെക്കുറിച്ചും, രാജ്യത്തെ പൗരന്മാരുടെ വൈജ്ഞാനിക പുരോഗതിക്കു വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും പഠിക്കാനും അവയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും ഈ ദിനം രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്യുന്നു.  

1888 നവംബര്‍ 11 ന് മക്കയിലാണ് അബുല്‍ കലാം ആസാദ് ജനിച്ചത്. അബുല്‍കലാം ഗുലാം മുഹ്‌യുദ്ദീന്‍ എന്നാണ് മൗലാനാ ആസാദിന്റെ യഥാര്‍ത്ഥ പേര്. ആദ്യ മുഗള്‍ ഭരണാധികാരിയായ ബാബറിന്റെ കാലത്ത് പേര്‍ഷ്യയിലെ ഹറാത്തില്‍ നിന്നും  ഇന്ത്യയില്‍ വന്ന പണ്ഡിത കുടുംബമാണ് അദ്ദേഹത്തിന്റേത്.  പിതാവ് മൗലാനാ ഖൈറുദ്ദീന്‍ എഴുത്തുകാരനും പണ്ഡിതനുമാണ്.  മദീനയിലെ മുഫ്തി ശൈഖ് മുഹമ്മദ് സ്വഗീറിന്റെ മകള്‍ ആലിയയാണ് ആസാദിന്റ മാതാവ്.  ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ മതപണ്ഡിതനാണ് മൗലാനാ. തര്‍ജുമാനുല്‍ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. അറബിക്, ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, പേര്‍ഷ്യന്‍, ബംഗാളി തുടങ്ങിയ ഭാഷകള്‍ അദ്ദേഹത്തിന് വശമുണ്ട്. അബുല്‍ കലാം എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം നല്ല ഒരു തര്‍ക്കശാസ്ത്ര വിദ്വാന്‍ കൂടിയാണ് അദ്ദേഹം. ‘ആസാദ്’ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമാണ്.

ഒരു കുട്ടിയുടെ പ്രഥമ കരിക്കുലം വീടാണ്’  എന്ന ചൊല്ലിനെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ വ്യക്തിയാണ് മൗലാനാ ആസാദ്. തത്വശാസ്ത്രം, ജ്യാമിതി, കണക്ക്, ആള്‍ജിബ്ര തുടങ്ങിയ വിജ്ഞാനീയങ്ങള്‍ അദ്ദേഹം വീട്ടില്‍ നിന്നു തന്നെ കരഗതമാക്കി. പിതാവും കഴിവുറ്റ അധ്യാപകരും അദ്ദേഹത്തിന് വിജ്ഞാനം പകര്‍ന്നു നല്‍കി. എന്നാല്‍ ആഗോള ഭാഷ എന്ന നിലക്ക് ഇംഗ്ലീഷിന്റെ പ്രാധാന്യം പിന്നീട് തിരിച്ചറിയുകയും അദ്ദേഹം അത് സ്വയം പഠിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലീഷില്‍ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് അദ്ദേഹം കരസ്ഥമാക്കി. സര്‍സയ്യിദ് അഹ്മദ് ഖാന്റെ എഴുത്തുകള്‍ അദ്ദേഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പത്രക്കാരനാകാന്‍ ആഗ്രഹിച്ച അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ എഴുതിത്തുടങ്ങി.’സുന്നി വിഭാഗമായ ‘അഹ്‌ലെ ഹദീസ്’ ഗ്രൂപ്പിന്റെ അനുയായിയായിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ശേഷവും ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഐക്യം സാധ്യമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു.

സ്വാതന്ത്രാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലെ പുനരുദ്ധാരണങ്ങള്‍ക്കും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു.  ഈ ആവശ്യാര്‍ത്ഥം  നിരവധി വിദ്യാഭ്യാസ കമ്മീഷനുകളെ നിയമിച്ചു. 1946-ല്‍ നിലവില്‍വന്ന ഇടക്കാല മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി.  1958 ല്‍ മരണം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. സെക്കന്ററി, സര്‍വ്വകലാശാല വിദ്യാഭ്യാസം പുനസംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കി. ശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസ പുരോഗതിക്കും മികച്ച സംഭാവനകള്‍ നല്‍കി. 1948 ജനുവരി 16 ന് അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനത്തില്‍ സംസാരിക്കവെ മൗലാനാ ആസാദ് പറഞ്ഞു: ‘അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും കരഗതമാവുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും ജന്മാവകാശമാണെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. രാജ്യത്തെ പൗരനെന്ന നിലക്കുള്ള കടമകളുടെ പൂര്‍ത്തീകരണം ഇത് കൂടാതെ ആര്‍ക്കും സാധ്യമല്ല’ . ഗ്രാമീണരായ ദരിദ്രജനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു.  പ്രായപൂര്‍ത്തിയായവരുടെ സാക്ഷരതയെക്കുറിച്ചും, 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ചും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും അദ്ദേഹം  സൂചിപ്പിച്ചു.

ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉറ്റ സുഹൃത്തായ മൗലാനയെക്കുറിച്ച് നെഹ്‌റു തന്നെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ഇന്ദിരാ ഗാന്ധിക്കയച്ച കത്തില്‍ അദ്ദേഹം എഴുതുന്നു: ‘അദ്ദേഹത്തിന്റെ ഓര്‍മശക്തി അത്ഭുതകരമാണ്. വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള അറിവ് വിശ്വവിജ്ഞാന കോശത്തിനു സമാനമാണ്…. മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്‌ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തില്‍ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലാറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിന്റെ വിരല്‍ തുമ്പുകളിലാണ്’

ഇന്ന് ഇന്ത്യയില്‍ കാണുന്ന വിദ്യാഭ്യാസ പുരോഗതിയുടെ മുഖ്യകാരണക്കാരനെ സ്മരിക്കാനും അദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ പ്രചോദനമുള്‍ക്കൊള്ളാനും നമുക്ക് സാധിക്കേണ്ടതുണ്ട്. ദേശസ്‌നേഹം വാക്കുകളിലൊതുക്കുന്നതിനു പകരം ഓരോരുത്തരുടെയും  പ്രായോഗിക ജീവിതത്തില്‍ പ്രതിഫലിക്കണം. മൗലാനാ ആസാദിന്റെ ജീവിതം ഇക്കാര്യത്തില്‍ നമുക്ക് മാതൃകയാകട്ടെ.

Related Articles