Current Date

Search
Close this search box.
Search
Close this search box.

മരവിപ്പിക്കപ്പെടുന്ന നീതി

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വാര്‍ത്താ മാധ്യമങ്ങളെല്ലാം ഏറെ പ്രാധാന്യത്തോടെ, ഒന്നും വിട്ടുപോവാതെ റിപോര്‍ട്ട് ചെയ്ത ഒന്നായിരുന്നു സിനിമാതാരം സല്‍മാന്‍ ഖാന് എതിരെയുള്ള കേസിന്റെ വിധിയും അതിന്റെ തുടര്‍നീക്കങ്ങളും. 2002 സെപ്റ്റംബര്‍ 28 നടന്ന സംഭവത്തില്‍ വിധി പറയാന്‍ പതിമൂന്ന് വര്‍ഷമെടുത്തെങ്കിലും നീതിന്യായ വ്യവസ്ഥയിലുള്ള പൗരന്‍മാരുടെ വിശ്വാസം പൂര്‍ണമായി ഇല്ലാതാക്കാത്ത വിധിയായിരുന്നു മുംബൈ അഡീഷണല്‍ സെഷന്‍ കോടതി വിധിച്ചത്. കേസ് അട്ടിറിക്കാനുള്ള നീക്കങ്ങളെയെല്ലാം അതീജീവിച്ച് ഇത്തരം ഒരു വിധിയുണ്ടായി എന്നത് ആശ്വാസ്യകരമാണ്. എന്നാല്‍ അതിന്റെ ആയുസ്സ് മണിക്കൂറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഞെട്ടലുണ്ടാക്കേണ്ട കാര്യമാണ്. ശിക്ഷാവിധിക്ക് തൊട്ടുപുറകെ തന്നെ രണ്ടു ദിവസത്തെ ജാമ്യവും അതിനെ തുടര്‍ന്ന് ശിക്ഷമരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവും എത്തിയിരിക്കുന്നു.

നിരവധി നിരപരാധികള്‍ വിചാരണ കാത്ത് വര്‍ഷങ്ങളോളും ജയിലില്‍ കഴിയുന്ന രാജ്യത്ത് വി.ഐ.പികള്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ പോലും എങ്ങനെ ശിക്ഷയില്‍ നിന്നും ഊരിപോകുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്. ബോളിവുഡില്‍ കോടികളുടെ മൂല്യമുള്ള താരം അഴിക്കുള്ളിയാല്‍ സിനിമാ വ്യവസായത്തിനുണ്ടാകുന്ന നഷ്ടത്തെ കുറിച്ചോര്‍ത്താണ് ഏവര്‍ക്കും വേവലാതി. താരത്തിന്റെ കാര്‍ കയറി കൊല്ലപ്പെട്ടവന്റെ കുടുംബത്തെ കുറിച്ചോ പരിക്കേറ്റവരെ കുറിച്ചോ ഉള്ള വേവലാതി ഇല്ലെന്ന് മാത്രമല്ല, തെരുവില്‍ കിടന്നവരാണ് കുറ്റക്കാര്‍ എന്ന തരത്തില്‍ ന്യായീകരിക്കാന്‍ പോലും ചില പ്രമുഖര്‍ സോഷ്യല്‍ മീഡിയകളെ ഉപയോഗിച്ചു. മണിക്കൂറിന് കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ നാട്ടില്‍ തന്നെ തലചായ്ക്കാനിടമില്ലാതെ എന്തുകൊണ്ട് ആളുകള്‍ തെരുവില്‍ കിടക്കേണ്ടി വരുന്നു എന്നതിനെ കുറിച്ച് ആലോചിക്കാന്‍ അവരുടെ പൊതുബോധം അനുവദിക്കുന്നില്ലായിരിക്കാം.

നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത് എന്ന പോലെ തന്നെ പ്രധാനമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നുള്ളതും. പണത്തിന്റെയും സ്വാധീനത്തിന്റെയും പിന്‍ബലം ന്യായവും അന്യായവും നിശ്ചയിക്കുന്ന ഈ സാഹചര്യം മാറേണ്ടതുണ്ട്. അഞ്ചുവര്‍ഷം തടവ് വിധിച്ചപ്പോള്‍ സല്‍മാന് പിന്തുണയുമായി സോഷ്യല്‍ മീഡിയകളില്‍ രംഗത്തുവന്നവരില്‍ എത്ര പേര്‍ നിരപരാധികളായ വിചാരണത്തടവുകാര്‍ക്ക് വേണ്ടി വിരലനക്കിയിട്ടുണ്ട് എന്നത് അവരുടെ ഇരട്ടത്താപ്പാണ് കാണിച്ചു തരുന്നത്. ഒരു താരം കുറ്റവാളിയായി മുദ്രകുത്തി ജയിലലടക്കപ്പെടുമ്പോള്‍ സിനിമാ വ്യവസായത്തിന് കോടികളുടെ നഷ്ടം വരുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഒരു സാധാരണക്കാരന്‍ ജയിലലടക്കപ്പെടുമ്പോള്‍ അവന്റെ കുടുംബം പട്ടിണിയാവുന്നുണ്ടെന്നതും, ചുമത്തപ്പെടുന്നത് തീവ്രവാദ കേസുകളാകുമ്പോള്‍ ആ കുടുംബം സമൂഹത്തില്‍ ബഹിഷ്‌കരിക്കപ്പെടുന്നുണ്ടെന്നതും അതിലേറെ വലിയ ശരികളാണെന്നത് നാം മറക്കരുത്. അന്യായമായ തടവുകള്‍ക്കെതിരെ ശബ്ദിക്കുന്നത് പോലെ ന്യായമായ തടവിന് വേണ്ടിയും ശബ്ദിക്കേണ്ട സമയമായിരിക്കുന്നു എന്ന ഓര്‍മപ്പെടുത്തലാണിത് നല്‍കുന്നത്.

Related Articles