Current Date

Search
Close this search box.
Search
Close this search box.

ബാങ്ക് സമയ ഏകീകരണം ; ആര്‍ മുന്‍കയ്യെടുക്കും?

മലബാര്‍ ഭാഗത്ത് മഗ്‌രിബ് ബാങ്കിന്റെ സമയത്തില്‍ വിവിധ വിഭാഗങ്ങള്‍ നടത്തുന്ന പള്ളികളില്‍ വളരെ പ്രകടമായ വ്യത്യാസമുണ്ട്. റമാദന്‍ മാസത്തിലാണ് ഇത് പ്രകടമായി അനുഭവപ്പെടുക. ഒരേ വീട്ടിലും ഒരേ സദസ്സിലും ചിലര്‍ നോമ്പ് അവസാനിപ്പിച്ച് ഭക്ഷണം കഴിക്കുമ്പോഴും മറ്റു ചിലര്‍ സമയമാകാന്‍ കാത്തിരിക്കുന്ന സ്ഥിതിയാണുള്ളത്.

എല്ലാവരും ഇന്ന് നമസ്‌ക്കാരസമയം നിശ്ചയിക്കാന്‍ അവലംബിക്കുന്നത് ശാസ്ത്രീയ രീതിയാണ്. പ്രവാചകന്റെ കാലത്ത് വാച്ചും ഘടികാരവും മിനിറ്റും സെക്കന്റുമൊന്നും കണക്കാക്കുന്ന രീതി ഉണ്ടായിരുന്നില്ലല്ലോ. സൂര്യസ്തമയം വളരെ ശാസ്ത്രീയമായിത്തന്നെ ഇന്ന് മനസിലാക്കാന്‍ സാധിക്കും. അക്കാര്യത്തില്‍ സൂക്ഷമമായ അറിവുളളവരെ സമീപിച്ചാല്‍ മതി. ഇവ്വിധം ബാങ്ക് സമയം ഏകീകരിക്കുകയെന്ന ആശയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തിലെ മുസ്‌ലിം സംഘടനാ നേതാക്കളുടെ മുമ്പില്‍ സമര്‍പ്പിക്കുകയുണ്ടായി. ബഹുമാന്യനായ പാണക്കാട് ഹൈദരലി ശിഹാബ്, സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എ പി അബ്ദുല്‍ ഖാദര്‍ മൗലവി, കുഞ്ഞി മുഹമ്മദ് പറപ്പൂര്‍, ടി പി അബ്ദുല്ലക്കോയ മദനി, ഹുസൈന്‍ മടവൂര്‍, ഡോക്ടര്‍ ഇ കെ അഹമദ് കുട്ടി തുടങ്ങിയ എല്ലാവരും അതിനോട് പൂര്‍ണ്ണമായ യോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്.

ഈയാവശ്യാര്‍ത്ഥം ചില സുമസ്സുകള്‍ കോഴിക്കോട്ട് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുകയും ബാങ്ക് സമയം ഏകീകരിക്കണമെന്ന ആശയം അംഗീകരിക്കുകയും ചെയ്തു.

ഇങ്ങനെയൊക്കെയാണെങ്കിലും ഇതേവരെ ഇത് പ്രായോഗികവല്‍ക്കരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഈ വര്‍ഷവും നോമ്പുതുറയുടെ സമയ വ്യത്യാസവും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും തുടരുന്നു.

അടുത്ത വര്‍ഷത്തെ കലണ്ടര്‍ ഉണ്ടാക്കുന്നതുനു മുമ്പായി എല്ലാ മുസ്‌ലിം സംഘടനകളെയും കൂട്ടിയിണക്കാന്‍ കഴിയുന്ന ആരെങ്കിലും മുന്‍കയ്യെടുത്ത് ബാങ്ക് സമയത്തിന്റെ ഏകീകരണത്തിന് ശ്രമിച്ചാല്‍ അത് വളരെയേറെ ഗുണകരമായിരിക്കും. മഹത്തായ സല്‍ക്കര്‍മ്മവും.

Related Articles