Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ ‘സമത്വ’ത്തെ എതിര്‍ക്കുന്നത്

മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ സമീപകാല പരാമര്‍ശങ്ങള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ ഭയന്നുകൊണ്ടുള്ളതാണ് എന്നാണ് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രപരമായ മാറ്റമാണിത്. വര്‍ഗീയ വികാരങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി മുതലെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമായി ഈ മാറ്റം ദൃശ്യമാകുന്നു, ഇത് അവരുടെ നിരാശാബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതേസമയം, കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ സമത്വത്തിന് ഊന്നല്‍ നല്‍കുന്നതില്‍ ഹിന്ദുത്വ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിക്കുകയും നീതിയുടെ തത്വങ്ങളോട് അവര്‍ക്കുള്ള വിമുഖത വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

മനുവാദത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണ സംവിധാനം സ്ഥാപിക്കാനുള്ള ആഗ്രഹത്തില്‍ വേരൂന്നിയ ഹിന്ദുത്വ അജണ്ട, ‘ഇക്വിറ്റി’ എന്ന ആശയത്തെ ശക്തമായി എതിര്‍ക്കുന്നു. ഈ നിലപാട് ഭരണഘടനയെ ഭേദഗതി ചെയ്യുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ ഉള്ള അവരുടെ വിശാലമായ അജണ്ടയെ സൂചിപ്പിക്കുന്നതാണ്. വിവേചനത്തിനെതിരെ, സമത്വത്തിനും സാമൂഹ്യനീതിക്കുമുള്ള പ്രത്യേകിച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് നിലനില്‍ക്കുന്ന ചരിത്രപരമായ അനീതികള്‍ തിരുത്താന്‍ ലക്ഷ്യമിട്ടുള്ള ഭരണഘടനയുടെ പ്രതിബദ്ധതയാമ് സംവരണം പോലുള്ള വ്യവസ്ഥകള്‍.
ഇത്തരം നടപടികളോടുള്ള ഹിന്ദുത്വ ക്യാമ്പിന്റെ ശത്രുത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണത്തോടുള്ള അവരുടെ ചെറുത്തുനില്‍പ്പിനെയും വിവേചനപരമായ ഒരു സാമൂഹിക ചട്ടക്കൂടുണ്ടാക്കാനുള്ള അവരുടെ മുന്‍ഗണനയെയുമാണ് അടിവരയിടുന്നത്.

സമത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് മാനിഫെസ്റ്റോ പറയുന്നത്

കോണ്‍ഗ്രസ് പ്രകടനപത്രിക സമത്വത്തിന് വേണ്ടി ശക്തമായി വാദിക്കുകയും വിവേചനം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. ”കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി പിന്നാക്കക്കാരുടെയും അടിച്ചമര്‍ത്തപ്പെട്ട ജാതികളുടെയും പുരോഗതിക്കായി ഏറ്റവും ശബ്ദവും സജീവവുമായ യോദ്ധാവ് കോണ്‍ഗ്രസാണ്. എങ്കിലും, ജാതി വിവേചനം ഇപ്പോഴും ഒരു യാഥാര്‍ത്ഥ്യമായി തുടരുന്നു. എസ്സി, എസ്ടി, ഒ.ബി.സി വിഭാഗങ്ങള്‍ ബാക്കിയുള്ളവരുടെ അടുത്ത് ഇതുവരെ എത്തിയിട്ടില്ല, അവര്‍ പിന്നാക്കം നില്‍ക്കുന്നു. അവര്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്നുണ്ടെങ്കിലും, ഉയര്‍ന്ന റാങ്കിലുള്ള തൊഴിലുകളിലും സേവനങ്ങളിലും ബിസിനസ്സുകളിലും അവരുടെ പ്രാതിനിധ്യം അനുപാതം വളരെ കുറവാണ്. തുല്യ അവസരങ്ങള്‍ നിഷേധിക്കുന്നതിലേക്ക് നയിക്കുന്ന ഇത്തരം അസമത്വമോ വംശപരമ്പരയെ അടിസ്ഥാനമാക്കിയുള്ള വിവേചനമോ ഒരു പുരോഗമന സമൂഹവും വെച്ചുപൊറുപ്പിക്കരുത്.” അതില്‍ പറയുന്നു,

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കുള്ള വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക അവസരങ്ങള്‍ എന്നിവയിലെ വിടവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള ചരിത്രപരമായ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് പ്രകടനപത്രികയില്‍ പറയുന്നത്. ഓരോ വ്യക്തിക്കും അവരുടെ പശ്ചാത്തലം പരിഗണിക്കാതെ തന്നെ ന്യായമായ അവസരമുള്ള കൂടുതല്‍ സമ്പൂര്‍ണ്ണവും സമത്വവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും അതില്‍ ഊന്നിപ്പറയുന്നുണ്ട്.

എന്തുകൊണ്ടാണ് ബി.ജെ.പി സമത്വത്തെ എതിര്‍ക്കുന്നത് ?

ആര്‍എസ്എസ് ബ്രാഹ്‌മണിസത്തെ പ്രോത്സാഹിപ്പിക്കുകയും വംശീയ മേധാവിത്വത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്നുവെന്നത് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിന്റെ സ്ഥാപകരും സാഹിത്യവും മേധാവിത്വ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പേരുകേട്ട ഹിറ്റ്ലറെയും മുസ്സോളിനിയെയും പോലുള്ള വ്യക്തികളെ പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ ഭരണഘടനയെ പരസ്യമായി വിമര്‍ശിക്കുകയും സംവരണം നിര്‍ത്തലാക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ജാതികളുടെയും ഉപജാതികളുടെയും സാമൂഹിക-സാമ്പത്തിക നില വിലയിരുത്താന്‍ രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് നിര്‍ദ്ദേശിച്ച കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്കെതിരായ അവരുടെ ക്ഷോഭം ഇതാണ് നമ്മോട് പറയുന്നത്.

ആര്‍.എസ്.എസ്, മനുസ്മൃതി, ഇന്ത്യന്‍ ഭരണഘടന

മനുസ്മൃതിയെ സവര്‍ക്കര്‍ ‘വേദങ്ങള്‍ കഴിഞ്ഞാല്‍ ആരാധനക്ക് യോഗ്യമായ ഗ്രന്ഥം’ എന്നാണ് വിശേഷിപ്പിച്ചത്. അത് രാജ്യത്തിന്റെ ആത്മീയവും ദൈവികവുമായ പുരോഗതിക്ക് അടിസ്ഥാനമാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ, ഗോള്‍വാള്‍ക്കര്‍ മനുവിനെ ‘മനുഷ്യരാശിയുടെ ഏറ്റവും വലിയ, ജ്ഞാനിയായ നീതികര്‍ത്താവ്്’ എന്നാണ് വാഴ്ത്തിയത്.

മനുസ്മൃതിയോടുള്ള ബഹുമാനത്തില്‍, ആര്‍.എസ്.എസ് ഇന്ത്യന്‍ ഭരണഘടനയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചു. 1949 നവംബര്‍ 30-ന് തങ്ങളുടെ പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ ”മനുവിന്റെ നിയമങ്ങള്‍ സ്പാര്‍ട്ടയിലെ ലൈക്കര്‍ഗസ് അല്ലെങ്കില്‍ പേര്‍ഷ്യയിലെ സോളോണിന്റെ നിയമങ്ങള്‍ക്ക് മുമ്പുള്ളതാണ്. എന്നിട്ടും, നമ്മുടെ ഭരണഘടനാ വിദഗ്ധര്‍ ഈ വസ്തുത അവഗണിക്കുന്നു. മനുസ്മൃതിയോടുള്ള അംബേദ്കറുടെ എതിര്‍പ്പിനെ ഇതായിരിക്കാം സ്വാധീനിച്ചത്. 1927-ല്‍ അദ്ദേഹം അത് കത്തിച്ചിരുന്നു.

ബുദ്ധമതത്തോടും ജൈനമതത്തോടുമുള്ള ആര്‍.എസ്.എസിന്റെ അനിഷ്ടം

സമത്വ തത്വങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനാല്‍ ബുദ്ധമതത്തോടും ജൈനമതത്തോടും ആര്‍എസ്എസ് ശക്തമായ വെറുപ്പ് പുലര്‍ത്തി പോരുന്നുണ്ട്. ബുദ്ധമതം ‘മാതൃസമൂഹത്തെയും മതത്തെയും ഒറ്റിക്കൊടുത്തു’ എന്നും അത് അടിസ്ഥാനപരമായി അതിന്റെ വേരുകളില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടുവെന്നും ഗോള്‍വാള്‍ക്കര്‍ പറഞ്ഞിരുന്നു. ബുദ്ധമതത്തിന് കാര്യമായ സ്ഥാനമൊന്നുമില്ലാത്ത ഒരു ഇന്ത്യയെക്കുറിച്ചുള്ള ആര്‍എസ്എസിന്റെ കാഴ്ചപ്പാടിനാണ് ഈ വീക്ഷണം അടിവരയിടുന്നത്.

സ്ത്രീകളുടെ തുല്യതയ്ക്കെതിരായ ഹിന്ദുത്വ നിലപാട്

മോഹന്‍ ഭാഗവതിന്റെ പ്രസംഗങ്ങള്‍ പലപ്പോഴും സ്ത്രീകളുടെ വേഷങ്ങള്‍ നിയന്ത്രിക്കാനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതാണ്. എന്നാല്‍ ഈ ഒരു വികാരം അദ്ദേഹത്തില്‍ മാത്രം ഒതുങ്ങുന്നില്ല; മുഴുവന്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും അത്തരം വീക്ഷണങ്ങളുടെ ചരിത്രമുണ്ട്. ചില ഹിന്ദുത്വ വ്യക്തികള്‍ സതി പോലുള്ള ആചാരങ്ങളെ പോലും പിന്തുണച്ചിട്ടുണ്ട്. ‘സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ചിതയില്‍ സ്വയം ചാടി തീകൊളുത്തുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ്’ 1999-ല്‍ വി.എച്ച്.പിയുടെ മുതിര്‍ന്ന നേതാവ് ഗിരിരാജ് കിഷോര്‍ അഭിപ്രായപ്പെട്ടത്.

ഹിന്ദു സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കുന്നതിനെ എതിര്‍ത്ത തിലകിനെപ്പോലുള്ള വ്യക്തികളില്‍ നിന്ന് വിനായക് ചതുര്‍വേദിയും ഇത്തരം നിലപാട് പിന്തുടരുന്നുണ്ട്. സ്ത്രീകള്‍ വിദ്യ തേടുന്നത് ‘അധാര്‍മ്മികത’യിലേക്കും ‘അനുസരണക്കേടിലേക്കും’ നയിക്കുമെന്നും അത് പരമ്പരാഗത ഹിന്ദു ആചാരങ്ങളെ വെല്ലുവിളിക്കുന്നു എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതെല്ലാം ഹിന്ദുത്വ സംഘത്തിന്റെ സ്ത്രീ ശാക്തീകരണത്തിനെതിരായ ചെറുത്തുനില്‍പ്പിലേക്കും സ്ത്രീകളുടെ അവകാശങ്ങളെയും അവസരങ്ങളെയും പരിമിതപ്പെടുത്തുന്ന പുരുഷാധിപത്യ ഘടനകള്‍ നിലനിര്‍ത്തുന്നതിനുള്ള അതിന്റെ മുന്‍ഗണനകളിലേക്കുമാണ് വെളിച്ചം വീശുന്നത്.

ഇസ്ലാമിന്റെ വ്യാപനത്തിന് കാരണം വര്‍ണ്ണ സമ്പ്രദായമാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്

ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക അനീതികളാണ് ഇന്ത്യന്‍ ജനതയെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്ന് പല ചരിത്രകാരന്മാരും പറയുന്നുണ്ട്. ‘The Rise of Islam and the Bengal Frontier, 1204-1760’ എന്ന തന്റെ പുസ്തകത്തില്‍ ചരിത്രകാരനായ ഈറ്റണ്‍ ബംഗാളില്‍ ഇസ്ലാമിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിലയേറിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്. വ്യാപാര ശൃംഖലകള്‍, സൂഫി പരമ്പരയുടെ സ്വാധീനം, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവയാണ് ഇസ്ലാമിന്റെ വികാസത്തിന്റെ നിര്‍ണായക ചാലകങ്ങളായി ഈറ്റന്റെ വിശകലനത്തില്‍ എടുത്തുപറയുന്നത്. ഇസ്ലാമിന്റെ വ്യാപനത്തിന് അധിനിവേശം മാത്രമാണ് കാരണമെന്ന ധാരണയെ ഇത് പൊളിക്കുന്നുണ്ട്.

അംബേദ്കറിനോട് ഇസ്ലാം മതം തിരഞ്ഞെടുക്കാന്‍ പെരിയാര്‍ നിര്‍ദേശിച്ചിരുന്നു

15 മിനിറ്റിനുള്ളില്‍ ജാതി ഉന്മൂലനം ചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കണമെങ്കില്‍ ഇസ്ലാം മാത്രമാണ് പരിഹാരമെന്ന് യുക്തിവാദിയായ തന്തൈ പെരിയാര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. വിമോചനത്തിനുള്ള മതമായി ഇസ്ലാമിനെ തിരഞ്ഞെടുക്കാന്‍ പെരിയാര്‍ ബാബാസാഹേബ് അംബേദ്കറോടും നിര്‍ദ്ദേശിച്ചിരുന്നു. ‘ദലിത് ക്യാമറ അസൈന്‍മെന്റുകളിലൂടെയും കഴിഞ്ഞ 14 വര്‍ഷമായി ജാതിയെക്കുറിച്ചുള്ള എന്റെ ഗവേഷണത്തിലൂടെയും ദലിത് പ്രസ്ഥാനവുമായുള്ള എന്റെ എട്ട് വര്‍ഷത്തെ അനുഭവത്തില്‍ ഞാന്‍ ഒരു കാര്യം പഠിച്ചു. ഹിന്ദുമതം ഉപേക്ഷിക്കുകയാണ് ജാതിക്കെതിരെ പോരാടാനുള്ള ഏക മാര്‍ഗമെന്ന് ബാബാസാഹെബ് അംബേദ്കര്‍ പറഞ്ഞത് ശരിയാണെന്ന്. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന്, 2020 ജനുവരി 30-ന് കേരളത്തിലെ തൃശൂര്‍ ജില്ലയിലെ ചരിത്രനഗരമായ കൊടുങ്ങല്ലൂരിലെ ഇന്ത്യയിലെ ആദ്യത്തെ മസ്ജിദ് വെച്ച് ഞാന്‍ ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചു.’ രവിചന്ദ്രന്‍ ബത്രന്‍ എന്നറിയപ്പെട്ടിരുന്നു റഈസ് മുഹമ്മദ് പറയുന്നു.

ഇന്ത്യയില്‍ ജീവിക്കുന്ന ദളിത്, ആദിവാസി, ബഹുജന്‍ ജനവിഭാഗങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും വീക്ഷണകോണില്‍ നിന്ന് ജീവിതം രേഖപ്പെടുത്തുന്ന ദളിത് ക്യാമറ വാര്‍ത്താ വെബ്‌സൈറ്റിന്റെ സ്ഥാപക എഡിറ്ററാണ് റഈസ്.

 

അവലംബം: മുസ്ലിം മിറര്‍

വിവ: പി.കെ സഹീര്‍ അഹ്‌മദ്

Related Articles