Current Date

Search
Close this search box.
Search
Close this search box.

ഗസ്സ കൂട്ടക്കൊലയില്‍ കുറ്റബോധം: യു.എസ് ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ രാജിവെച്ചു

വാഷിങ്ടണ്‍: ഗസ്സക്കെതിരായി യു.എസ് പിന്തുണയോടെ നടക്കുന്ന കൂട്ട വംശഹത്യയില്‍ പ്രതിഷേധം അറിയിച്ച് യു.എസ് സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥന്‍ രാജിവെച്ചു. സൈനിക മേജര്‍ ആയ ഹാരിസണ്‍ മാന്‍ ആണ് തിങ്കളാഴ്ച ഗസ്സ വംഹത്യയില്‍ കുറ്റബോധം കൊണ്ട് രാജിക്കത്ത് നല്‍കിയത്. ഫലസ്തീന്‍ സാധാരണക്കാരെ കൊന്നുതള്ളുന്ന ഇസ്രായേലിനുള്ള തന്റെ രാജ്യത്തിന്റെ പിന്തുണ ചൂണ്ടിക്കാട്ടിയാണ് യുഎസ് സൈന്യത്തിലെ ഉയര്‍ന്ന റാങ്കിലുള്ള അമേരിക്കന്‍ സൈനികന്‍ രാജിവെച്ചത്. ഇദ്ദേഹത്തിന് പുറമെ നിരവധി സിവിലിയന്‍ ഉദ്യോഗസ്ഥരും രാജിവച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഗസ്സയിലെ ഇസ്രയേലിന്റെ യുദ്ധത്തിനും നാശനഷ്ടത്തിനും അമേരിക്ക നല്‍കിയ പിന്തുണയില്‍ നിന്നുമുണ്ടായ ‘ധാര്‍മ്മിക പരിക്ക്’ മൂലമാണ് തന്റെ രാജിയെന്ന് സൈനിക മേജറായ ഹാരിസണ്‍ മാന്‍ തിങ്കളാഴ്ച ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡിഐഎ)യിലെ തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ മുന്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് അപ്രതീക്ഷിതമായ പിന്തുണ ലഭിച്ചതിന് ശേഷമാണ് തന്റെ കത്ത് പരസ്യമായി പങ്കിടാന്‍ തീരുമാനിച്ചതെന്നും മാന്‍ പറഞ്ഞു.

”അവിടുന്ന് വരുന്ന ചിത്രങ്ങളും ഇവിടെയുള്ള എന്റെ കടമകളും തമ്മിലുള്ള ബന്ധം അവഗണിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇത് എന്നില്‍ നിന്ദ്യയും കുറ്റബോധവും ഉണ്ടാക്കി, ചില ഘട്ടത്തില്‍ എന്തുതന്നെ ന്യായീകരിച്ചാലും നിങ്ങള്‍ കുട്ടികളെ കൂട്ട പട്ടിണിയിലേക്ക് തള്ളിവിടുന്ന ഒരു നയവുമായി മുന്നോട്ടുപോകുകയാണ്, യൂറോപ്യന്‍ ജൂതന്മാരുടെ പിന്‍ഗാമിയെന്ന നിലയില്‍, വംശീയ ഉന്മൂലനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന വിഷയത്തില്‍ ക്ഷമ പാലിക്കാത്ത ധാര്‍മ്മിക അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നു വന്നതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ മാന്‍ പുറത്തുവിട്ട കത്തില്‍ പറയുന്നു.

സമാനമായ കുറ്റബോധം കൊണ്ട് ആത്മത്യ ചെയ്ത യു.എസ് സൈനികന്‍ ആരോണ്‍ ബുഷ്‌നലിന്റെ ആത്മഹത്യയും ആഗോളതലത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇസ്രായേലിന് യു.എസ് സൈന്യം നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് യു.എസിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ വെച്ചാണ് ആരോണ്‍ ബുഷ്‌നല്‍ എന്ന യു.എസ് സൈനികന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നത്.

Related Articles